ഒടുവിലവസാന കല്ലും
ഇളക്കിയെടുക്കുമ്പോഴാണറിഞ്ഞത്
അതിലൊരല്‍പം ജീവന്‍
അവശേഷിച്ചിരുന്നു.
അതിനിടക്കാരോ,
വിളിച്ചു പറഞ്ഞു;
'ജീവനുണ്ട്'.
കേട്ട പാതി, കേള്‍ക്കാത്ത പാതി
മഴുവെടുത്തൊരാള്‍ ആഞ്ഞു വെട്ടി.
വീടു മരിച്ചു....
കൊലപാതകമാണെന്ന്
കണ്ടു നിന്നവര്‍ അടക്കം പറഞ്ഞു.
* * * *
വീടെന്നും ചിരിക്കാറുണ്ടായിരുന്നു
പൊട്ടിച്ചിരികളിലെല്ലാം
ഒറ്റപ്പെട്ട് കേട്ടതും
അതിന്റെ ചിരിയായിരുന്നു.
കലഹങ്ങള്‍ക്കിടയില്‍ പലതും
എറിഞ്ഞുടയ്ക്കപ്പെട്ടപ്പോള്‍,
ചില്ലുകള്‍ തറഞ്ഞു കയറിയതും
അതിന്റെ ഹൃത്തിലായിരുന്നു.
അറിഞ്ഞിരുന്നില്ലാരും
വീടിന് ജീവനുണ്ടെന്നത്,
അത് ചിരിക്കാറുണ്ടെന്നത്,
കരയാറുണ്ടെന്നത്
രാത്രി നിശ്ശബ്ദതയില്‍
അലയടിച്ചതത്രയും
അതിന്റെ തേങ്ങലായിരുന്നു.
അറിഞ്ഞുകാണില്ലാരും
ഒറ്റപ്പെട്ട്,
വിഷാദത്തിന്റെ
പടുകുഴിയിലേക്കിടയ്ക്കെങ്കിലും
ആ വീടും വീണു പോയത്.
* * * *
കുഞ്ഞുങ്ങള്‍ക്ക് മുതിര്‍ന്നവര്‍
പറഞ്ഞു കൊടുക്കുന്ന കഥകള്‍ കേട്ടു കേട്ടാണ്
വീടും ഉറങ്ങിയിരുന്നത്.
കഥകളിലെ സൂപ്പര്‍മാന്‍ താനാണെന്നിടക്കിടെ
വീട് ഊറ്റം കൊള്ളാറുണ്ടായിരുന്നു.
ഇടിയും മിന്നലുമേല്‍ക്കാതെ,
മഴയും വെയിലും കൊള്ളിക്കാതെ,
താനല്ലേ ഇവരെ
കാത്തുകൊള്ളുന്നതെന്നോര്‍ത്താവണം.
ശരിക്കും,
വീടൊരു സൂപ്പര്‍മാന്‍ തന്നെയായിരുന്നു.
* * * *
കുറ്റിയടിക്കുമ്പോള്‍,
ഒരു നാള്‍
താനൊരു കൂടാരമാവുമെന്ന്
വീട് സ്വപ്നം കണ്ടു.
അടിത്തറകെട്ടി തുടങ്ങുമ്പോള്‍,
കൗതുകമാണതിന് തോന്നിയത്.
വേദനിക്കുമെങ്കിലും വീടത്
ആസ്വദിച്ചിരുന്നു.
പടവുകളോരോന്നായി കെട്ടിപ്പടുക്കുമ്പോഴും
വീട് സ്വപ്നങ്ങള്‍ നെയ്തുകൂട്ടുകയായിരുന്നു.
വാര്‍പ്പിന്റെ അന്നാവണം വീടൊന്ന്
ശ്വാസം വിട്ടത്.
പാലു കാച്ചലിന്, പാല്‍ തിളച്ചുപൊങ്ങുമ്പോള്‍
അതിലുമുയരത്തില്‍ തിളച്ചുപൊങ്ങിയതതിന്റെ
സന്തോഷമായിരുന്നു.
ആളും ബഹളവുമാവുമ്പോഴെല്ലാം
വീടിന് അഹങ്കാരമായിരുന്നു.
'എന്റുള്ളം' നിറയെ സന്തോഷമാണെന്നത്
തന്നോടു തന്നെ പലവുരി മന്ത്രിച്ചിട്ടുണ്ടാകും.
* * * *
വിവാഹം കഴിഞ്ഞാ വീട്ടിലെ പെണ്‍കുട്ടി പടിയിറങ്ങുമ്പോള്‍
കൂടെ പൊട്ടിക്കരഞ്ഞതും വീടായിരുന്നു.
അവള്‍ പിച്ചവെച്ചു തുടങ്ങിയതെന്റെ
മാറിലായിരുന്നെന്ന്...
കൊലുസ്സിന്റെ കിലുക്കമെന്‍ നെഞ്ചിന്റെ താളമായിരുന്നെന്ന്..
മറ്റാരേക്കാളും പറയാന്‍ അവകാശവും ആ വീടിനായിരുന്നു..
അവളുടെ സ്വപ്നങ്ങള്‍ക്ക്
രാത്രികളില്‍ കാവലിരുന്നത്,
ചിത്രങ്ങള്‍ക്കായി ഭിത്തി കാണിച്ചുകൊടുത്തത്,
അവളുടെ ചുവടുകള്‍ ഒപ്പിയെടുത്തത്,
കവിതകള്‍ കേട്ട് വിമര്‍ശിച്ചത്...
തകര്‍ന്ന പ്രണയങ്ങളെക്കുറിച്ചോര്‍ത്തവള്‍
തകര്‍ന്നിരുന്നപ്പോള്‍
നെഞ്ചോടു ചേര്‍ത്തവളെ ആശ്വസിപ്പിച്ചത്
ആ വീടായിരുന്നു.
അത്,
അവളെങ്കിലും മറക്കാനിടയില്ല.
അതുകൊണ്ടാണിടക്കിടെയവള്‍
അവധിയെടുത്തോടി വന്നത്,
ഇടയ്‌ക്കൊന്ന് വെള്ളപൂശിയതിന്റെ
മോടി കൂട്ടിക്കൊടുത്തത്.
പക്ഷേ, തറവാടെന്നും ഭാഗംവെപ്പെന്നും പറഞ്ഞാരൊക്കെയോ അടിയുണ്ടാക്കിയിട്ടാവണം;
ഒടുവിലത് പൊളിക്കാന്‍ തീരുമാനിച്ചത്.
* * * *
ഒടുവിലവസാന കല്ലും ഇളക്കിയെടുക്കുമ്പോഴാണറിഞ്ഞത്;
അതിലൊരല്‍പം ജീവനവശേഷിച്ചിരുന്നു,
കല്ലില്‍ ചോര പൊടിഞ്ഞിരുന്നു...!
അതേ, വീടിനു ജീവനുണ്ടായിരുന്നു......