കോവിഡ് സൃഷ്ടിച്ച സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധി ലോകത്തെ പലവിധത്തില്‍ ബാധിച്ചിരിക്കുന്നു.
കോവിഡ് സൃഷ്ടിച്ച സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധി ലോകത്തെ പലവിധത്തില്‍ ബാധിച്ചിരിക്കുന്നു. ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ്. യു.എന്‍.എഫ്.പി.എ(യുനൈറ്റഡ് നാഷന്‍സ് ഫണ്ട് ഫോര്‍ പോപ്പുലേഷന്‍ ആക്ടിവിറ്റീസ്)യുടെ ഈ വര്‍ഷത്തെ 'വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ട് - 2020' പ്രകാരം തൊഴില്‍ സുരക്ഷയില്ലാതെ അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്ന ലോകത്തെ 60 ശതമാനം സ്ത്രീകള്‍ കടുത്ത ദാരിദ്യത്തിലേക്ക് നീങ്ങുകയാണ്.
വരുമാനം ലഭിച്ചിരുന്ന തൊഴില്‍ കോവിഡ് കാലത്ത് നഷ്ടപ്പെട്ടത്, അനൗപചാരിക സമ്പദ് മേഖലയില്‍ (Informal Economy) ദൈനംദിന ഉപജീവനമാര്‍ഗത്തിനായി പണിയെടുക്കുന്ന സ്ത്രീകളെ സാരമായി ബാധിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് സ്‌കൂളുകള്‍ അടച്ചതും കുട്ടികള്‍, വയോജനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കുടുംബാംഗങ്ങളുടെ പരിപാലന ആവശ്യങ്ങള്‍ കൂടിയതും സ്ത്രീകളുടെ വേതനമില്ലാത്ത വീട്ടുജോലികള്‍ വര്‍ധിപ്പിച്ചു. ഇത് അവരുടെ പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമാക്കി. ആരോഗ്യ സംവിധാനങ്ങളുടെ കൂടുതല്‍ ശ്രദ്ധ കോവിഡ് പ്രതിരോധ രംഗത്ത് കേന്ദ്രീകരിക്കപ്പെട്ടതിനാല്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യ- ചികിത്സാ സേവനങ്ങള്‍ അവഗണിക്കപ്പെട്ടു. ലോകത്ത് ആരോഗ്യ പ്രവര്‍ത്തകരായി മുഖ്യധാരയിലുള്ള വനിതകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ഈ കാലയളവില്‍ കൂടിയിട്ടുണ്ട്.
'വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ട് -2020' പ്രകാരം 19 കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുകയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് മനുഷ്യാവകാശ ലംഘനങ്ങള്‍ സ്ത്രീ സുരക്ഷക്കും ലിംഗനീതിക്കും കനത്ത വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. സ്ത്രീകളോടും പെണ്‍മക്കളോടുമുള്ള വിവേചനവും അതിക്രമങ്ങളും ശൈശവ വിവാഹം, സ്ത്രീകളിലെ ചേലാകര്‍മം (ഫീമെയില്‍ ജനിറ്റല്‍ മ്യൂട്ടിലേഷന്‍ - എഫ്.ജി.എം) എന്നിവയാണ് അവ.
കന്യകാത്വ പരിശോധന മുതല്‍ സ്തനങ്ങളില്‍ ഇസ്തിരിയിടുന്നത് വരെയുള്ള കൊടും ക്രൂരതകള്‍ക്കാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ഇരകളാകുന്നത്.
ബ്രസ്റ്റ് അയണിംഗ്
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ പെണ്‍കുട്ടികള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രൂരമായ അനാചാരമാണ് ബ്രെസ്റ്റ് അയണിങ് (Breast Ironing) അഥവാ സ്തനങ്ങള്‍ ഇസ്തിരിയിടല്‍. അടുപ്പില്‍ വെച്ച് തീയില്‍ ചൂടാക്കി എടുക്കുന്ന കല്ലോ ചട്ടുകമോ അമ്മിക്കല്ലോ കൊണ്ട് കൗമാരക്കാരായ പെണ്‍കുട്ടികളുടെ മാറിടങ്ങള്‍ അമര്‍ത്തിയും ഉരുട്ടിയും മറ്റും പരത്തിയെടുക്കുന്ന ദുരാചാരമാണ് ബ്രെസ്റ്റ് ഫ്‌ളാറ്റനിങ് എന്ന് കൂടി പറയുന്ന ഈ പ്രവൃത്തി.
പെണ്‍കുട്ടികളില്‍ കൗമാര ഘട്ടത്തില്‍ ഉണ്ടാകുന്ന സ്വാഭാവികമായ സ്തനവളര്‍ച്ച തടയുന്നതിനാണ് ഈ ക്രൂരത. പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നതിന് മുമ്പ് സ്തന വളര്‍ച്ച കണ്ട് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളില്‍ ലൈംഗികമായി ആകൃഷ്ടരാകാതിരിക്കാനും അത് വഴി വിവാഹപൂര്‍വ ലൈംഗികബന്ധം തടയുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ഇത് ചെയ്യുന്നവരുടെ അവകാശവാദം. പെണ്‍കുട്ടികള്‍ കൗമാരത്തില്‍ എത്തുമ്പോള്‍ 11-നും 15-നും വയസ്സിനിടയില്‍ ആണ് ഈ ക്രൂരത അരങ്ങേറുന്നത്. മിക്കവാറും അമ്മമാര്‍ തന്നെയാണ് പെണ്‍മക്കളോട് ഈ ക്രൂരത ചെയ്യുന്നത്.
നൈജീരിയയിലെ ക്രോസ് റിവര്‍ സ്റ്റേറ്റിലെ ഒഗോജ എന്ന കാമറോണ്‍ അഭയാര്‍ഥി മേഖലയില്‍ താമസിക്കുന്ന മിറാബെല്‍ എന്ന കൗമാരക്കാരി നേരിട്ട പീഡനങ്ങള്‍ ലോകം മാധ്യമങ്ങള്‍ വഴി ഇതിനകം അറിഞ്ഞതാണ്. അടുപ്പില്‍ വെച്ച് ചൂടാക്കിയെടുത്ത കല്ല് കൊണ്ട് അമ്മ മകളുടെ കുഞ്ഞ് മാറിടത്തില്‍ ശക്തിയായി അമര്‍ത്തുമ്പോള്‍ വേദന സഹിക്കാന്‍ കഴിയാതെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അവളെ പിടിച്ചുവെക്കുന്നത് അയല്‍ക്കാരിയായ സ്ത്രീയാണ്. മകളുടെ മാറിടം അമിതമായി വളര്‍ന്ന് സ്ഥലത്തെ പുരുഷന്മാര്‍ നോട്ടമിടാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത് എന്നാണ് മിറാബെലിന്റെ അമ്മ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഏതാണ്ട് 35 ലക്ഷം ആഫ്രിക്കന്‍ പെണ്‍കുട്ടികള്‍ ഈ ക്രൂരതക്ക് വിധേയരായിട്ടുണ്ട് എന്നാണ് ഐക്യരാഷ്ട്രസഭയുടെ പഠനം പറയുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ കാമറൂണ്‍, ഗിനിയ ബിസാവു, ഛാഡ്, ടോഗോ, ബെനിന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് വ്യാപകമായി നടക്കുന്നത്.
ബ്രിട്ടനില്‍ താമസിക്കുന്ന വെസ്റ്റ് ആഫിക്കന്‍ ജനവിഭാഗങ്ങള്‍ക്കിടയിലും ഈ അനാചാരം വ്യാപകമാണ്. 'കേം വുമണ്‍ ആന്റ് ഗേള്‍സ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍' (Cawogido) എന്ന സംഘടനയുടെ തലവയും ബ്രെസ്റ്റ് അയണിങ് അതിജീവിച്ച വനിതയുമായ മാര്‍ഗരറ്റ് ന്യൂഡ്‌സെവിറയുടെ അഭിപ്രായത്തില്‍ ആയിരത്തിലധികം സ്ത്രീകള്‍ ബ്രിട്ടനില്‍ ഈ പൈശാചിക കൃത്യത്തിന് വിധേയരായിട്ടുണ്ട്.
അതിക്രൂരമായ ഈ അനാചാരം പെണ്‍കുട്ടികളില്‍ ശാരീരികവും മാനസികവുമായ നിരവധി പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. മാറിടങ്ങളില്‍ മുഴകള്‍, പൊള്ളല്‍, അണുബാധ എന്നിവക്ക് ഇത് കാരണമാകുന്നു. ചില സ്ത്രീകളില്‍ അര്‍ബുദത്തിലേക്ക് വരെ ഇത് നയിക്കുന്നുണ്ട്. മാറിടങ്ങളിലെ ശരീര കോശങ്ങളുടെ സ്വാഭാവികമായ വളര്‍ച്ച പൊള്ളലേല്‍പ്പിച്ച് തടയുമ്പോള്‍ ഉണ്ടാകുന്ന മറ്റ് ശാരീരിക പ്രശ്‌നങ്ങളും നിരവധിയാണ്.
മുലക്കണ്ണുകള്‍ യഥാവിധി വളരാത്തത് മൂലം കുഞ്ഞുങ്ങളെ മുലയൂട്ടാനും ചെറുപ്പത്തില്‍ ഈ ക്രൂരതക്ക് വിധേയരായ സ്ത്രീകള്‍ക്ക് കഴിയുന്നില്ല.
ലോകത്ത് 1970-ല്‍ കാണാതായ സ്ത്രീകളുടെ എണ്ണം 6.1 കോടി ആയിരുന്നു. എന്നാല്‍ 50 വര്‍ഷം കൊണ്ട് ഇത് ഇരട്ടിയിലധികമായി വര്‍ധിച്ചിരിക്കുന്നു. 50 വര്‍ഷത്തിനിടയില്‍ ലോകത്ത് കാണാതായത് 14.2 കോടി സ്ത്രീകളെയാണ്. 2003 -17 കാലയളവില്‍ ജനനസമയത്ത് കാണാതായ പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം 1.2 ദശലക്ഷമാണ്.
കാണാതായ സ്ത്രീകളില്‍ മൂന്നില്‍ ര് പേരെയും ഇല്ലാതാക്കിയത് ഭ്രൂണഹത്യയിലൂടെയാണ്. ബാക്കി മൂന്നിലൊന്ന് പേര്‍ പെണ്‍ ശിശുഹത്യയിലൂടെയും.
ആണ്‍മക്കളോടുള്ള പ്രതിപത്തിയും പെണ്‍മക്കളോടുള്ള അവഗണനയും കാരണം പെണ്‍ ഭ്രൂണഹത്യയും പെണ്‍ ശിശുഹത്യയും വര്‍ധിച്ചതാണ് ഈ കാണാതാകലിനു പിന്നിലെ കാരണം എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ കുറവുള്ള മേഖലകളിലേക്ക് പെണ്‍കുട്ടികളെ കടത്തുന്ന മനഷ്യക്കടത്ത് സംഘങ്ങള്‍ സജീവമായിട്ടുണ്ട്. തല്‍ഫലമായി പെണ്‍കുട്ടികള്‍ കുറഞ്ഞ പ്രദേശങ്ങളിലെ പുരുഷന്മാര്‍ക്ക് കല്യാണം കഴിക്കുന്നതിനു വേണ്ടിയും ശൈശവ വിവാഹത്തിനുമായി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോകുന്ന 'വധൂവാണിഭം' (ബ്രൈഡ് ട്രാഫിക്കിങ്) വര്‍ധിച്ചിരിക്കുന്നു. ചൈനയിലെ ചില പ്രദേശങ്ങളും ഇന്ത്യയില്‍ ഹരിയാനയും ഇക്കാര്യത്തില്‍ ഇതിനകം കുപ്രസിദ്ധി നേടിക്കഴിഞ്ഞിട്ടുണ്ട്.
ഗാര്‍ഹിക പീഡനം
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകത്ത് ഗാര്‍ഹികപീഡനവും വര്‍ധിച്ചിട്ടുണ്ട്.
ലോക്ക് ഡൗണ്‍, ക്വാറന്റയിന്‍ എന്നിവ മൂലം ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്ക് സഹായം അഭ്യര്‍ഥിക്കാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ പല രാജ്യങ്ങളിലുമുണ്ട്. ഫ്രാന്‍സില്‍ മാത്രം 20000 ഹോട്ടല്‍ മുറികളാണ് പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്കായി ഒരുക്കിയിട്ടുള്ളത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും പരിഹരിക്കാനും എല്ലാ സര്‍ക്കാരുകളും പ്രഥമ പരിഗണന നല്‍കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ലോക രാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഇഷ്ടമില്ലാത്ത ഗര്‍ഭധാരണവും അതുവഴി സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രവും ലോകത്ത് വര്‍ധിക്കുകയാണ്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 7.4 കോടി സ്ത്രീകള്‍ ഓരോ വര്‍ഷവും ഇഷ്ടമില്ലാതെ ഗര്‍ഭിണികളാകുന്നുണ്ട്. ഇഷ്ടമില്ലാത്ത ഗര്‍ഭധാരണം മൂലം 2.5 കോടി സ്ത്രീകള്‍ പ്രതിവര്‍ഷം അനവസരത്തിലുള്ളതും സുരക്ഷിതമല്ലാത്തതുമായ ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നു. ഇത് 47,000 മാതൃ-മരണങ്ങള്‍ക്ക് കാരണമാകുന്നു.
പെണ്‍കുട്ടികളുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുന്ന ശൈശവ വിവാഹം എന്ന വിപത്തും ലോകത്ത് വര്‍ധിക്കുകയാണ്. പ്രതിദിനം 18 വയസ്സില്‍ താഴെയുള്ള ഏതാണ്ട് 33,000 പെണ്‍കുട്ടികള്‍ മുതിര്‍ന്ന പുരുഷന്മാരുടെ ഭാര്യമാരാകാന്‍ വിധിക്കപ്പെടുന്നു. കോവിഡ് കാലത്ത് പല സംവിധാനങ്ങളും ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതിനാല്‍, 2030 ആകുന്നതോടെ 1.3 കോടി പെണ്‍കുട്ടികള്‍ നിര്‍ബന്ധിത വിവാഹത്തിന് വിധേയരാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ശൈശവ വിവാഹത്തിന് ഇഷ്ടമില്ലാതെ വിധേയരാകേണ്ടിവരുന്ന പെണ്‍കുട്ടികളില്‍ 32 ശതമാനവും ഭര്‍ത്താക്കന്മാരില്‍നിന്ന് ശാരീരികവും ലൈംഗികവുമായ പീഡനം അനുഭവിക്കുന്നു. എങ്കിലും ഇന്ത്യ ഉള്‍പ്പെടുന്ന സൗത്ത് ഏഷ്യയില്‍ ശൈശവ വിവാഹം കുറഞ്ഞുവരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സ്ത്രീകളിലെ ചേലാകര്‍മം
സ്ത്രീകളില്‍ നടക്കുന്ന ചേലാകര്‍മമാണ് സ്ത്രീസമൂഹത്തിനെതിരെയുള്ള മറ്റൊരു മനുഷ്യാവകാശ ലംഘനം.
ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം, വൈദ്യശാസ്ത്രപരമല്ലാത്ത കാരണങ്ങളാല്‍ സ്ത്രീയുടെ ബാഹ്യ ജനനേന്ദ്രിയം ഭാഗികമായോ പൂര്‍ണമായോ നീക്കംചെയ്യലോ സ്ത്രീയുടെ ജനനാവയവങ്ങള്‍ക്ക് വരുത്തുന്ന മുറിവോ ആണ് സ്ത്രീകളിലെ ചേലാകര്‍മമെന്നും ജനനേന്ദ്രിയ ഛേദനമെന്നും പറയാറുള്ള ഫീമെയില്‍ ജനിറ്റല്‍ മ്യൂട്ടിലേഷന്‍ (എഫ്.ജി.എം).
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഈ പ്രാകൃതമായ സമ്പ്രദായം ഇപ്പോഴും തുടരുകയാണ്. 2020-ല്‍ മാത്രം 4.1 ദശലക്ഷം സ്ത്രീകള്‍ ചേലാകര്‍മത്തിന് ഇരകളാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മൂത്രവും ആര്‍ത്തവ രക്തവും പോകുന്നതിന് ഒരു ദ്വാരം മാത്രം വിട്ടുള്ള ടൈപ്പ് - 3 എഫ്.ജി.എം ചില രാജ്യങ്ങളില്‍ നടക്കുന്നുണ്ട്. യോനിയിലെ രോഗാണുബാധ, സ്ഥിരം വേദന, ഗര്‍ഭാശയ മുഴകള്‍, ഗര്‍ഭം ധരിക്കാനുള്ള ശേഷിയില്ലായ്മ, മൂത്രത്തിലെ പഴുപ്പ്, മരണത്തിന് വരെ കാരണമാകുന്ന പ്രസവസമയത്തെ സങ്കീര്‍ണതകള്‍, മാരകമായ രക്തസ്രാവം, ലൈംഗിക വേഴ്ചയില്‍ വേദന, ലൈംഗിക സംതൃപ്തിക്കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ മരണം തുടങ്ങി ഗുരുതരമായ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ചേലാകര്‍മം സ്ത്രീകളില്‍ ഉണ്ടാക്കുന്നത്.
ഇന്ത്യയിലെ സ്ത്രീ അവസ്ഥ
ലോകത്ത് കാണാതാവുന്ന മൂന്നില്‍ ഒരു സ്ത്രീ ഇന്ത്യയില്‍നിന്നാണ്. 50 വര്‍ഷത്തിനിടയില്‍ കാണാതായ 14.2 കോടി സ്ത്രീകളില്‍ 4.6 കോടി പേര്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്. ഉയര്‍ന്ന നിരക്കില്‍ അമ്മമാരുടെ മരണം സംഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. ആയിരത്തിന് 13.5 എന്നതാണ് ഇന്ത്യയിലെ മാതൃമരണനിരക്ക്.
ലോകത്തേറ്റവുമധികം ജനനങ്ങള്‍ നടക്കുന്ന ചൈനയിലും ഇന്ത്യയിലുമാണ് ഏറ്റവുമധികം പെണ്‍കുട്ടികളെ കാണാതാകുന്നത്. ആണ്‍കുട്ടികളോടുള്ള അമിത താല്‍പര്യവും പെണ്‍കുട്ടികളോടുള്ള അവഗണനയും മൂലം 5 വയസ്സില്‍ താഴെ മരിക്കുന്ന പെണ്‍കുട്ടികളില്‍ 9-ല്‍ ഒരാള്‍ ഇന്ത്യയില്‍ ആണ്. ഇന്ത്യയില്‍ 2013-നും 2017-നും ഇടയില്‍ ഏതാണ്ട് നാലുലക്ഷത്തി അറുപതിനായിരം പെണ്‍കുഞ്ഞുങ്ങളെ ജനനസമയത്തു തന്നെ കാണാതായിട്ടുണ്ട്. പ്രതിവര്‍ഷം ശിശുഹത്യക്ക് ഇരകളാകുന്ന 12 ലക്ഷം പെണ്‍കുട്ടികളില്‍ 40 ശതമാനവും ഇന്ത്യയിലാണ്.
2015-2016 നാഷ്‌നല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം നാലില്‍ ഒരു സ്ത്രീ എന്ന കണക്കിന് (26.8 ശതമാനം) ശൈശവ വിവാഹത്തിന് ഇരകളാകുന്നുണ്ട്. ദാരിദ്ര്യം, നിരക്ഷരത, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, ഗ്രാമ-നഗര വ്യത്യാസങ്ങള്‍ തുടങ്ങിവയാണ് ഇന്ത്യയില്‍ ശൈശവ വിവാഹത്തിന് മുഖ്യ കാരണങ്ങള്‍.
കോവിഡ് കാലത്ത് ഇന്ത്യയിലും ഗാര്‍ഹിക പീഡനങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചതായി ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് പരിഹാരം?
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുന്നതിന് സര്‍ക്കാറുകളും പൊതുസമൂഹവും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. സ്ത്രീവിവേചന മനോഭാവം മാറ്റി ഓരോ വ്യക്തിയും സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കേണ്ടതുണ്ട്. സ്ത്രീ സംരക്ഷണ നിയമങ്ങള്‍ കര്‍ശനമായി നിര്‍വഹിക്കപ്പെടണം. സ്ത്രീവിവേചന നിരോധന ഉടമ്പടി (CEDAW), കുട്ടികളുടെ അവകാശ ഉടമ്പടി തുടങ്ങിയ അന്താരാഷ്ട്ര ഉടമ്പടികളിലും ഉച്ചകോടികളിലും വ്യവസ്ഥ ചെയ്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഭരണകൂടങ്ങള്‍ തയാറാകണം.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വിഭാവനം ചെയ്തതുപോലെ 2030-ഓടെ സ്ത്രീകളോടുള്ള അതിക്രമങ്ങളും വിവേചനവും അവസാനിപ്പിക്കുന്നതിനുള്ള നടപടികളുമായി മിക്ക രാഷ്ട്രങ്ങളും ഒരുപാട് മുന്നോട്ടുപോയെങ്കിലും, കോവിഡ് പ്രതിസന്ധി ഈ മേഖലയിലെ പുരോഗതിക്ക് തടസ്സം സൃഷ്ടിച്ചിരിക്കുകയാണെന്ന് യു.എന്‍.എഫ്.പി.എ വിലയിരുത്തുന്നുണ്ട്. എങ്കിലും ലോകരാഷ്ട്രങ്ങള്‍ ശ്രദ്ധിച്ചാല്‍ ശൈശവ വിവാഹവും ചേലാകര്‍മവും ലോകത്ത് പത്തുകൊല്ലം കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയും എന്നാണ് ഐക്യരാഷ്ട്രസഭ പ്രതീക്ഷിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസവും ജീവിത നൈപുണ്യ പരിശീലനവും ഉറപ്പു വരുത്തിയാല്‍ പല പ്രശ്‌നങ്ങളും പരിഹരിക്കാം. പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും സ്ത്രീകളോടുള്ള മനോഭാവത്തില്‍ കാതലായ മാറ്റം വരുത്താന്‍ ശ്രമങ്ങള്‍ ഉണ്ടാകണം. ദാരിദ്ര്യനിര്‍മാര്‍ജനം, സ്ത്രീശാക്തീകരണം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, അതിക്രമങ്ങള്‍ അതിജീവിക്കുന്നവരുടെ പുനരധിവാസം, നിയമ നിര്‍വഹണം തുടങ്ങിയ സ്ത്രീപക്ഷ മേഖലകളില്‍ 2030 വരെ 3.4 ബില്യന്‍ ഡോളര്‍ ചെലവഴിച്ചാല്‍ ഈ സമ്പ്രദായങ്ങള്‍ മാറ്റിക്കൊണ്ടുവരാനും അതുവഴി 8.4 കോടി പെണ്‍കുട്ടികളെ രക്ഷിക്കാനും കഴിയുമെന്നും ഈ വര്‍ഷത്തെ വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ട് ലോകരാഷ്ട്രങ്ങളെ ഓര്‍മിപ്പിക്കുന്നു.