ഇളങ്കാറ്റിലാടുന്ന കരിമ്പനയുടെ താളലയങ്ങളില്‍ പൂവിട്ട സംഗീതം 61-ാം വയസ്സില്‍ പൂര്‍ണത പ്രാപിച്ചപ്പോള്‍ ദേവകി അറിയാതെ പാടിത്തുടങ്ങിയപ്പോള്‍ അക്ഷരങ്ങള്‍ കാവ്യമായി ഉതിര്‍ന്നുവീണു. വിസ്മയച്ചെപ്പില്‍നിന്നും ഗാനവീചികള്‍ ചുറ്റും നിറഞ്ഞൊഴുകിയപ്പോള്‍ ദേവകിയെന്ന ഗായികയെ ലോകം തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു.
മലപ്പുറം അരിമണല്‍ നീലാഞ്ചേരി സ്വദേശിനി ബാലന്‍പടിയില്‍ പട്ടകപറമ്പ് വീട്ടിലെ ദേവകി എഴുതിയ 'കൊറോണയും മനുഷ്യനും' എന്ന കവിത നവമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു. അതില്‍ ശ്രദ്ധേയം ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡെന്ന മഹാമാരിയെകുറിച്ചുള്ള ഹൃദയസ്പൃക്കായ വരികള്‍. ഏഴ് മിനിറ്റോളം നീളുന്ന കവിത ദേവകിതന്നെയാണ് എഴുതി അവതരിപ്പിച്ചത്. ഇത് പലരുടെയും ഉള്ളുലച്ചു.
പ്രളയവും നിപയും ഓഖിയും ഉണ്ടാക്കിയ ഭീതിയും നഷ്ടവും നേരിട്ട രീതികള്‍ പറഞ്ഞാണ് കോവിഡ് വൈറസിനെ കവിതയിലൂടെ വിവരിക്കുന്നത്. കോവിഡ് കാലത്തെ സര്‍ക്കാരിന്റെ കരുതലും ലോക്ക് ഡൗണ്‍, ശുചീകരണം, കൃഷിയിലേക്കുള്ള മടക്കം, ഊണ്‍മേശയിലേക്ക് തിരിച്ചെത്തിയ ചക്കയും മാങ്ങയുമെല്ലാം ഹൃദ്യമായ ശൈലിയില്‍ കവിതയുടെ ഭാഗമായപ്പോള്‍ ദേവകിയുടെ പാട്ടിന് വന്‍ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.
'ഇന്നുമീ നമ്മള്‍ ഓര്‍മിച്ചിടുന്നു പോയകാലത്തിന്റെ പ്രളയദിനം' എന്ന് തുടങ്ങുന്ന കവിതയിലൂടെ പ്രളയത്തെയും നിപയെയും അതിജീവിച്ച മലയാളിക്ക് കോവിഡെന്ന മഹാമാരിയെയും മറികടക്കാനാവുമെന്നും സോപ്പിട്ട് കൊറോണയെ വരുതിയിലാക്കാമെന്നും ഉണര്‍ത്തുന്നു. കൊറോണാ വൈറസിന്റെ പേരില്‍ ആളുകള്‍ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളും കവിതയില്‍ വിവരിക്കുന്നുണ്ട്.
കൊറോണ വന്നതിനു ശേഷമുള്ള ആളുകളുടെ മനോഭാവത്തെയും കവിത സ്പര്‍ശിക്കുന്നു. ഇക്കാലത്ത് നാം എന്തൊക്കെ നേടി, നാം എന്തെല്ലാം ചെയ്തുവെന്ന വീണ്ടുവിചാരം ഈ കാലം നല്‍കിയെന്ന് കവിതയില്‍ പറയുന്നു.
ആണത്ത അഹന്തയില്‍ ഭരണം നടത്തിയിരുന്ന ആണുങ്ങള്‍ ചൂലെടുത്ത് ഈ കാലത്ത് അടിച്ചുവാരാന്‍ തുടങ്ങിയെന്നും, കൈകൊണ്ട് മണ്ണ് തൊടാത്ത തലമുറ കൈക്കോട്ടെടുത്ത് നിലം കിളച്ചുവെന്നും, ചിക്കനില്ലാതെ ഭക്ഷണം കഴിക്കാന്‍ മടിച്ചിരുന്ന ആളുകള്‍ ചക്കക്കുരുകൊണ്ട് തൃപ്തിയടയാന്‍ തുടങ്ങിയെന്നുമെല്ലാമുള്ള സാമൂഹികമായ മാറ്റങ്ങളെ ദേവകി തന്റെ കവിതയില്‍ അവതരിപ്പിക്കുന്നുണ്ട്. നിരവധി ആളുകള്‍ ഈ കവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയുണ്ടായി.
അയല്‍വാസിയും മുന്‍പഞ്ചായത്ത് അംഗവുമായ സുരേഷ് എന്ന കുട്ടന്റെ മൊബൈല്‍ ഫോണിലൂടെ ചിത്രീകരിക്കപ്പെട്ട കോവിഡ് ഗാനമാണ് എഫ്.ബി ലൈവിലൂടെ നിരവധി പേരുടെ മുമ്പിലെത്തിയത്.
അപ്പോഴൊന്നും തന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് ഒരു വലിയ ജനസഞ്ചയം പുറത്തുണ്ടാവുമെന്ന് ഈ അറുപത്തിയൊന്നുകാരി കരുതിയില്ല. സമൂഹ മാധ്യമങ്ങളില്‍ ദേവകി സ്വയം ചിട്ടപ്പെടുത്തിയ വരികള്‍ ആലപിച്ചതു കേട്ട് നിരവധി പേര്‍ ബാലന്‍പടിയിലെ വീട്ടിലേക്ക് എത്തി. ആസ്ത്രേലിയയില്‍നിന്നുപോലും ദേവകിക്ക് സഹായം എത്തി. കാളികാവിലെ തനിമ കലാസാഹിത്യവേദി പ്രവര്‍ത്തകരും കൂട്ടത്തില്‍ അനുമോദനവുമായി എത്തി.
അവരെയെല്ലാം ചെത്തിത്തേയ്ക്കാത്ത തന്റെ കൊച്ചുവീട്ടില്‍ ദേവകി ചിരിച്ചുകൊണ്ട് സ്വീകരിച്ചു.
തൊഴിലുറപ്പ് ജോലിക്കിടയിലെ ഒഴിവുവേളകളിലാണ് ദേവകി കവിതകള്‍ കുറിക്കുന്നത്. ജോലിയുടെ ഒരിടവേളയില്‍ തുണ്ട് കടലാസുകളില്‍ പകര്‍ത്തിയ കവിതകളെല്ലാം പിന്നീട് ഈണത്തില്‍ ആലപിക്കുകയും ചെയ്യും.
പ്രളയകാലത്ത് ദേവകി രചിച്ച കവിതയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മലപ്പുറം ജില്ലാ കലക്ടറായിരുന്ന ജാഫര്‍ മലിക് അന്ന് ദേവകിയെ കളക്ടറേറ്റിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചു. സമ്മാനമായി ആയിരം രൂപയും പ്രശംസാപത്രവും നല്‍കി. കവിതകള്‍ കുറിച്ചുവെക്കാന്‍ പുസ്തകവും പേനയും കൂടി കലക്ടര്‍ സമ്മാനിച്ചു.
പാണന്‍ പാട്ടുകള്‍ പാടിനടന്ന പിതാവ് അയ്യപ്പനില്‍നിന്നും പിതൃദാനമായി ലഭിച്ച വാക്കുകളും ഈണങ്ങളുമാണ് രചനക്കു പിന്നിലെന്ന് ദേവകി പറയുന്നു.
പാലക്കാട് ഭീമനാടാണ് ജന്മസ്ഥലം. അമ്മ അമ്മിണി. തുവ്വൂരിലേക്ക് വിവാഹം ചെയ്ത് കൊണ്ടുവന്നതാണ്. ഭര്‍ത്താവ് തട്ടകപ്പറമ്പില്‍ കേലുണ്ണി അഞ്ചുവര്‍ഷം മുമ്പ് മരണപ്പെട്ടു. മൂന്ന് പെണ്‍മക്കളും ഒരാണും.
വീട്ടിലെ ദാരിദ്ര്യവും തൊട്ടടുത്തൊന്നും സ്‌കൂളും ഇല്ലാത്തതിനാല്‍ അഞ്ചാം ക്ലാസ് വരെ മാത്രമേ പഠിക്കാനായുള്ളു. ചെറുപ്പത്തില്‍ റേഡിയോയില്‍ പ്രക്ഷേപണം ചെയ്യാറുള്ള സംഗീതപരിപാടികള്‍ ശ്രദ്ധയോടെ കേള്‍ക്കും. ഒപ്പം പാടുകയും ചെയ്യും. കുടുംബവും ജീവിത പ്രാരാബ്ധവുമൊക്കെയായതോടെ ഒന്നിനും നേരമില്ലാതായി. ഇതിനിടയിലും ഉള്ളില്‍ ആരോപാകിയ സംഗീതത്തിന്റെ വിത്തുകള്‍ മെല്ലെ കിളിര്‍ത്തു.
ഒപ്പം മക്കളടെയും പിന്നീട് പേരമക്കളുടെയും പാഠപുസ്തകങ്ങളിലെ പദ്യങ്ങളും കവിതകളും വാശിയോടെ ചൊല്ലിപ്പഠിച്ചുകൊണ്ടേയിരുന്നു.
ജീവിതപ്പാച്ചിലിനിടയിലെപ്പോഴോ അവക്ക് സംഗീതത്തിന്റെ താളവും ലയവും ഉള്‍ച്ചേര്‍ന്നു. കവിത്രയങ്ങളായ ഉള്ളൂരും വള്ളത്തോളും ചെറുശ്ശേരിയും പെയ്തെറിഞ്ഞുപോയ കവിതകളുടെ ചില്ലുനാമ്പുകളില്‍നിന്നും ഇത്തിരിയൊക്കെ തൊട്ടെടുത്തു. ചങ്ങമ്പുഴയും പിന്നെ കടമ്മനിട്ടയും ഒ.എന്‍.വിയുമെല്ലാം നിറഞ്ഞാടിയ ആധുനിക കവിതാ ലോകത്തേക്കും എത്തിനോക്കി. അവ സ്വന്തം മനോവ്യാപാരങ്ങളുമായി സമന്വയിപ്പിക്കാന്‍ വൃഥാ ശ്രമിച്ചു.
പക്ഷേ ജീവിതായോധന സഞ്ചാരത്തിന്റെ കനല്‍വഴികളില്‍ അവയെല്ലാം വാടിക്കരിഞ്ഞു. അപ്പോഴും സര്‍ഗാത്മകതയെ നെഞ്ചകത്തിട്ട് താലോലിച്ചിരുന്നു. അടുത്തിടെ യാദൃഛികമായി അതിന് വീണ്ടും ചിറകു മുളച്ചു തുടങ്ങിയതോടെയാണ് ദേവകിയെന്ന ഗായികയെയും കവിയത്രിയെയും നാടറിഞ്ഞുതുടങ്ങുന്നത്. അതില്‍ 12 കവിതകള്‍ അടുത്ത് ഒരു പുസ്തകമായിറങ്ങാന്‍ പോവുന്നു.