കുഞ്ഞു ഫായിസ് പറഞ്ഞ വലിയ പാഠം
നാം ആരെയോ കാത്തുനില്ക്കാറുണ്ട്; ജീവിതത്തിന്റെ പ്രതിസന്ധികളില്‍, പ്രയാസങ്ങളില്‍, ഒരു ആശ്വാസവാക്കുമായി അല്ലെങ്കില്‍ ആഗ്രഹിക്കുന്ന പരിഹാരവുമായി ആരെങ്കിലും എത്തിയെങ്കില്‍
നാം ആരെയോ കാത്തുനില്ക്കാറുണ്ട്; ജീവിതത്തിന്റെ പ്രതിസന്ധികളില്‍, പ്രയാസങ്ങളില്‍, ഒരു ആശ്വാസവാക്കുമായി അല്ലെങ്കില്‍ ആഗ്രഹിക്കുന്ന പരിഹാരവുമായി ആരെങ്കിലും എത്തിയെങ്കില്‍ എന്നാഗ്രഹിച്ച്. അല്ലെങ്കില്‍ ആശിച്ചതും ഇഷ്ടപ്പെട്ടതുമായവ നേടാനുള്ള വഴികളന്വേഷിച്ച്. അതുമല്ലെങ്കില്‍ ചെയ്യന്‍ പലതുമുണ്ട്, എങ്ങനെ ചെയ്യും, ഇനി ഞാനത് ചെയ്താല്‍ നന്നാവില്ലേ, എന്റെ പ്രവൃത്തി കണ്ടാല്‍ നാട്ടുകാരെന്തുപറയും എന്ന തോന്നലുമായി. അല്ലെങ്കില്‍ ചെയ്തതൊന്നും ശരിയാവുന്നില്ലല്ലോ, ഇനിയിപ്പോ എന്തു ചെയ്യും എന്ന ആധിയും വ്യാധിയുമായി. ആശകളെ കടിഞ്ഞാണില്ലാതെ വിട്ട് നിരാശയിലേക്കു പോകുന്നവരും അനവധി. ഇങ്ങനെ വ്യാകുലപ്പെടുന്ന മനസ്സിന്റെ പ്രയാസങ്ങള്‍ക്കു പരിഹാരമായി സാന്ത്വനങ്ങള്‍ തേടിയുള്ള അലച്ചിലുകളാണ് കുറേയായി നമ്മള് നടത്തിക്കൊണ്ടിരിക്കുന്നത്. ഉപദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മനസ്സംഘര്‍ഷം കുറക്കാന്‍ വല്ലാതെ കഴിഞ്ഞിട്ടുമില്ല. ഇവിടെയാണ് ഒരു മിനിറ്റ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ ഫായിസെന്ന കൊച്ചുമിടുക്കന് നമ്മോട് എന്തെല്ലാമോ പറഞ്ഞുതന്നത്. ആ മിടുക്കന് പെട്ടെന്നെല്ലാവരുടെയും അധ്യാപകനായതുപോല. ഒരു പെന്‍സിലും കടലാസും കത്രികയുമെടുത്ത് എങ്ങനെയാണ് പൂവുണ്ടാക്കേണ്ടതെന്ന് പറയാന്‍ ശ്രമിച്ച് മൊബൈല്‍ ക്യാമറക്കു മുന്നില്‍ നിന്ന് അതിനേക്കാള്‍ വലിയ സന്ദേശം ലോകത്തോട് നിഷ്കളങ്കമായി പറഞ്ഞു. ചെലോരത് റെഡ്യാവും, ചെലോരത് റെഡ്യാവൂല. എന്റെ റെഡിയായില്ല. ഞമ്മക്കൊരു കൊയപ്പോയില്ല.... ഒരു അധ്യാപകന് പഠിതാവിനോട് പറയുംപോലെ; അല്ലെങ്കില്‍ പറയേണ്ടപോലെ.
വല്ല കാര്യവും ചെയ്യണമെന്നുണ്ടെങ്കിലും അതിനെക്കുറിച്ചൊരു ലക്ഷ്യബോധമുണ്ടെങ്കില്‍ അതിനാവശ്യമായത് മുഴുവന്‍ ഒപ്പിച്ചെടുക്കണമെന്നില്ല. ഉള്ളതുകൊണ്ട് ലക്ഷ്യസാഫല്യം നേടാനാവുമെന്ന തിരിച്ചറിവ് തരുന്നു ഫായിസ്. ഉള്ളതുവെച്ച് കാര്യം നേടാന്‍ ശ്രമിക്കുമ്പോള്‍ എല്ലാവര്ക്കും പൂര്‍ണമായി ശരിയാകണമെന്നില്ലല്ലോ. കുറച്ചൊക്കെ പോരായ്മ വരും. പക്ഷേ ഇത്രകാലം ആ കുറഞ്ഞ പോരായ്മ ഓര്‍ത്ത് നമ്മളതില് നിരാശയിലായിരുന്നു. പക്ഷേ ഫായിസ് നമ്മോട് പറയുകയാണ്: പ്രയാസപ്പെടേണ്ട, എല്ലാവരുടേതും റെഡിയായീന്ന് വരില്ല, നിങ്ങളെന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എല്ലാവര്ക്കും എപ്പോഴും ശരിയാവണമെന്നില്ല. ഒന്നും ശരിയായില്ല എന്നല്ല അവന് നമ്മോട് പറഞ്ഞത്. ചെലോരത് വേറെ മോഡലാണന്നു പറയുമ്പോള്‍ അതില്‍ തൃപ്തിയും സന്തോഷവുമാണ് കണ്ടെത്തുന്നത്. പ്രത്യാശയുടെ, സ്വയം സാക്ഷാത്കാരത്തിന്റെ, ആത്മവിശ്വാസത്തിന്റെ, ലക്ഷ്യബോധത്തിന്റെ പാഠമാണ് കുഞ്ഞുമനസ്സ് വലിയ ലോകത്തോട് പറഞ്ഞത്.
പറഞ്ഞുവരുന്നത്, സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനമാണ്. ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വലിയ ഉത്തരവാദിത്തമാണ് അധ്യാപക സമൂഹത്തിനും വിദ്യാഭ്യാസ രീതിക്കുമുള്ളത്. വൈവിധ്യത്തിന്റെയും അന്വേഷണ ത്വരയുടെയും ക്രിയാത്മകതയുടെയും നല്ല പാഠം ഫായിസ് നല്കിയ അതേ മനോഭാവത്തോടെ തങ്ങള്‍ക്കരികിലേക്കെത്തിയ വിദ്യാര്‍ഥികളില്‍ പകരാന്‍ അധ്യാപകര്‍ക്കാവണം.
ഒന്നും ശരിയാവുന്നില്ല, ഒന്നും നേടാനാവുന്നില്ല, എന്നെക്കൊണ്ട് ഒന്നിനും കഴിയില്ല എന്ന ചിന്തയിലേക്ക് നയിക്കുന്ന മത്സരാധിഷ്ഠിത വിദ്യാഭ്യാസ രീതിയില്‍നിന്നും എന്നെക്കൊണ്ട് പലതും കഴിയുമെന്നും ഞാന്‍ മറ്റൊരാളെപ്പോലെയല്ല, മറ്റുള്ളവരുടെ കഴിവല്ല എനിക്കുള്ളതെന്നും എന്റെ കഴിവിനെ വളര്‍ത്തിയെടുക്കാനാണ് ഞാന്‍ ശ്രമിക്കേണ്ടതെന്നുമുള്ള ആത്മവിശ്വസവും ലക്ഷ്യബോധവുള്ളൊരു വിദ്യാര്‍ഥിക്കൂട്ടത്തെ വളര്‍ത്തിയെടുക്കാന്‍ അറിവു പകര്ന്നുകൊടുക്കുന്നവര്ക്കാവണം. തന്റെ ചുറ്റുമുള്ളതിനെ സത്യസന്ധമായി നിരീക്ഷിക്കാനും മറവിയിലാക്കപ്പെടുന്ന ചരിത്രത്തിലേക്ക് എത്തിനോക്കാനും വൈവിധ്യത്തെ അംഗീകരിക്കാനും ചെറിയൊരു സാധ്യതയില്‍നിന്ന് വലിയൊരു ഭാവിയിലേക്ക് വളരാനും അത് വിദ്യാര്‍ഥികള്‍ക്ക് കരുത്തു നല്‍കും.