കേരളത്തില്‍ പഠന സംവേദന മേഖലകളില്‍ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെക്കുകയും വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലക്ക് വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിക്കുകയും വിവിധ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസ
കേരളത്തില്‍ പഠന സംവേദന മേഖലകളില്‍ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെക്കുകയും വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലക്ക് വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിക്കുകയും വിവിധ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ മത വിദ്യാഭ്യാസ വിഭാഗമാണ് മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി. പ്രാഥമിക മദ്‌റസകള്‍, സ്‌കൂളുകള്‍, ഇസ്ലാമിയാ കോളേജുകള്‍ എന്നിവയുടെ മേല്‍നോട്ടത്തിനും പാഠ്യപദ്ധതിയുടെ ഏകീകരണത്തിനും വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കും വേണ്ടി 1979-ല്‍ സ്ഥാപിതമായതാണ് മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കേരള. മദ്‌റസാ വിദ്യാഭ്യാസത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വിപുലമാക്കുന്നതിനും മദ്‌റസ എജുക്കേഷന്‍ ബോര്‍ഡ് പ്രവര്‍ത്തിച്ചുവരുന്നു.
ആധുനിക വിദ്യാഭ്യാസ രീതികള്‍ പഠനവിധേയമാക്കാനും കാലാനുസൃതമായി മനഃശാസ്ത്ര സമീപനങ്ങളിലൂന്നിയ വലിയ മാറ്റങ്ങള്‍ വിദ്യാഭ്യാസരംഗത്ത് കൊണ്ടുവരാനും അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുന്ന മജ്‌ലിസ് മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡ് കാലത്തെ അറിഞ്ഞ് അതില്‍ മാറ്റം വരുത്തുകയാണ്.
ഓണ്‍ലൈന്‍ മദ്‌റസാ സംവിധാനം
കോവിഡ് സാഹചര്യത്തെ മുന്‍നിര്‍ത്തി വളരെ അടിയന്തര സ്വഭാവത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതെന്ന് മജ്ലിസ് എജുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ സുശീര്‍ ഹസന്‍ പറയുന്നു. ലോക്ക്ഡൗണിനു ശേഷം നിലവിലെ ഈയൊരു ഘട്ടം മുന്‍കൂട്ടിക്കണ്ട് ഓണ്‍ലൈന്‍ മദ്‌റസാ പഠനവുമായി ബന്ധപ്പെട്ട് ചിട്ടയായ നടപടിക്രമങ്ങള്‍ മജ്‌ലിസ് സ്വീകരിച്ചിരുന്നു. വെക്കേഷന്‍ സമയത്ത് തന്നെ കണ്ടന്റുകള്‍ ഉണ്ടാക്കാനുള്ള ജോലി ആരംഭിച്ചിരുന്നു. അതിനായി മജ്‌ലിസിന്റെ തന്നെ റിസോഴ്‌സ് പേഴ്‌സണ്‍സിനെ വിവിധ ടീമുകളാക്കി ഒരോ പാഠഭാഗത്തിനും ആവശ്യമായ ഉള്ളടക്കം തയാറാക്കി.
ജൂണ്‍-ജൂലൈ മാസത്തേക്കുള്ള കണ്ടന്റുകള്‍ വെക്കേഷന്‍ സമയത്തു തന്നെ പൂര്‍ത്തീകരിക്കാനായി.
ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം ആയി ഗൂഗ്ള്‍ ക്ലാസ്‌റൂം, വീഡിയോ സൊല്യൂഷന്‍- ഗൂഗ്ള്‍, വാട്‌സ്ആപ്പ് തുടങ്ങി ലഭ്യമായ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ആണ് ഉപയോഗപ്പെടുത്തുന്നത്.
ഓണ്‍ലൈന്‍ കണ്ടന്റുകളുടെ നിര്‍മാണം
ഓണ്‍ലൈന്‍ കണ്ടന്റുകളുടെ നിര്‍മാണം എല്ലാ അസോസിയേഷനുകളുടെയും അധ്യാപകരുടെയും സഹായത്തോടെ തന്നെ ഇതിനിടയില്‍ പൂര്‍ത്തീകരിച്ചു. രണ്ടു ഘട്ടങ്ങളായാണ് പ്രൊജക്റ്റ് പ്ലാന്‍ ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ സെപ്റ്റംബര്‍ വരെയുള്ള മജ്ലിസിന്റെ സിലബസ് അടിസ്ഥാനമാക്കിയുള്ള പാഠഭാഗങ്ങളുടെ വര്‍ക്കുകളാണ് നടക്കുന്നത്. ഓരോ 20 ദിവസം കൂടുമ്പോഴും ഒരു മാസക്കാലത്തെ സിലബസ് കണ്ടന്റുകള്‍ പൂര്‍ത്തീകരിക്കുക എന്ന രീതിയിലാണ് വര്‍ക്കുകള്‍ ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നത്. നിലവില്‍ മൂന്ന് മാസക്കാലത്തെ സിലബസ് അടിസ്ഥാനമാക്കിയുള്ള പാഠഭാഗങ്ങളുടെ വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
മുഴുവന്‍ ക്ലാസ്സുകളും വിഷയങ്ങളും അസോസിയേഷനുകള്‍ക്ക് റിസോഴ്‌സുകള്‍ പരിഗണിച്ച് വീതിച്ചുനല്‍കിയാണ് വര്‍ക്കുകള്‍ നടക്കുന്നത്.
ഒരു പാഠഭാഗവുമായി ബന്ധപ്പെട്ട് അതിന്റെ പി.പി.ടി, പി.ഡി.എഫ് അസെയ്ന്‍മെന്റ്, അസെസ്‌മെന്റ്, വീഡിയോ, ഓഡിയോ എന്നിവയാണ് തയാറാക്കേണ്ടത്.
നിലവില്‍ മുഴുവന്‍ അധ്യാപകര്‍ക്കും ഏഴു ഘട്ടങ്ങളിലായി എല്‍.എം.എസ് ട്രെയ്‌നിങ് നല്‍കി. വീഡിയോ പ്രൊഡക്ഷന്‍ ട്രെയ്‌നിങ് മൂന്ന് ഘട്ടങ്ങളിലായി 300 അധ്യാപകരിലേക്ക് എത്തിക്കുകയും കോഡിനേറ്റര്‍മാര്‍ക്കായി പ്രത്യേക വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുകയും ചെയ്തു. യൂനിറ്റുകളെ മൊഡ്യൂളുകളാക്കി തിരിച്ചുകൊണ്ടാണ് ടെക്സ്റ്റ് ബുക്ക്, പി.പി.ടി, അസെയ്ന്‍മെന്റ്, അസെസ്‌മെന്റ് ഷീറ്റ് എന്നിവ തയാറാക്കിക്കൊണ്ടിരിക്കുന്നത്. ആവശ്യാനുസരണം അധ്യാപകര്‍ സ്വന്തമായും കണ്ടന്റ് ഉണ്ടാക്കി ഉപയോഗിക്കുന്നു.
കാലം ആവശ്യപ്പെടുന്ന മാറ്റം ഉള്‍ക്കൊള്ളുന്നതിനുവേണ്ടി ഓണ്‍ലൈന്‍ കണ്ടന്റുകളുടെ നിര്‍മാണം മുതല്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ലോഡ് ചെയ്യുന്നതു വരെയുള്ള ഘട്ടങ്ങള്‍ ഏറ്റവും ആസൂത്രിതമായ അഞ്ച് സ്റ്റെപ്പുകളിലൂടെയാണ് നടപ്പിലാക്കി മതവിദ്യാഭ്യാസം കാലാനുസൃതവും രസകരവുമാക്കി ബോര്‍ഡ് മുന്നേറുന്നത്.
മൊഡ്യൂള്‍ നിര്‍മാണം, പാഠഭാഗ ആസൂത്രണം എന്നിവ അടങ്ങുന്നതാണ് ഒന്നാം ഘട്ടം. പി.പി.ടി നിര്‍മാണം, പി.ഡി.എഫിലേക്ക് കണ്‍വേര്‍ട്ട് ചെയ്യല്‍ എന്നിവ രണ്ടാം ഘട്ടത്തിലും വീഡിയോ നിര്‍മാണം, അസെസ്‌മെന്റ് എന്നിവ തയാറാക്കുന്നത് മൂന്നാം ഘട്ടത്തിലുമാണ്. കണ്ടന്റ് പുനഃപരിശോധനയും എല്‍.എം.എസ് മാനേജ്‌മെന്റിംഗും നാലും അഞ്ചും ഘട്ടങ്ങളിലായി നടക്കുന്നു.
മജ്‌ലിസ് എജുക്കേഷന്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റ് വഴിയാണ് എല്ലാ പഠനസങ്കേതങ്ങളും മെറ്റീരിയലുകളും കുട്ടികള്‍ക്ക് രക്ഷിതാക്കളിലൂടെ ലഭിക്കുന്നത്.
KMEB Online യൂട്യൂബ് ചാനല്‍
ഡിജിറ്റല്‍ പെഡഗോഗി ആസ്പദമാക്കിയാണ് കഴിഞ്ഞ രണ്ടു മാസമായി പഠനം മുന്നോട്ടു പോയത്. വിദ്യാര്‍ഥികേന്ദ്രീകൃതവും അധ്യാപകപ്രധാനവുമായ ഒരു പഠനരീതി ആയിരിക്കണം നമ്മുടെ മദ്‌റസകളില്‍ തുടരേണ്ടത് എന്നതിന്റെ അടിസ്ഥാനത്തില്‍ വീഡിയോ കേന്ദ്രീകൃതം അല്ലാത്ത സവിശേഷമായ ഒരു പഠന രീതിയാണ് ഇതുവരെ തുടര്‍ന്നുവന്നിരുന്നത് എന്ന് പറയുന്നു കഋഇക സി.ഇ.ഒ ഡോ. മുഹമ്മദ് ബദീഉസ്സമാന്‍.
സപ്ലിമെന്ററി മെറ്റീരിയല്‍സ് എന്ന തലത്തില്‍ ഇപ്പോള്‍ പുതുതായി അതിനു വേണ്ട വീഡിയോ മെറ്റീരിയല്‍ കൂടി നല്‍കാന്‍ ആരംഭിച്ചു. അതിനര്‍ഥം പൂര്‍ണമായും വീഡിയോ കേന്ദ്രീകൃതമായ ഒരു പഠന രീതിയിലേക്ക് മാറി എന്നതല്ല. നിലവില്‍ അധ്യാപകര്‍ വഴി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന പഠന സങ്കേതങ്ങള്‍ക്കൊപ്പം ഒരു സഹായി എന്ന തലത്തിലാണ് വീഡിയോ മെറ്റീരിയലുകള്‍ ലഭ്യമാക്കുന്നത്.
KMEB Online എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ മെറ്റീരിയലുകള്‍ പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നത്.
ഓണ്‍ലൈന്‍ മദ്‌റസാ പഠനം ഗള്‍ഫ് രാജ്യങ്ങളില്‍
മദ്‌റസാ വിദ്യാഭ്യാസം ചുറ്റുവട്ടത്തു മാത്രം ഒതുങ്ങുകയല്ല. യു.എ.ഇ, ഖത്തര്‍, സുഊദി അറേബ്യ, കുവൈത്ത്, മസ്‌കത്ത്, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങി എല്ലാ ഏഇഇകളിലും കേരളത്തിലേതിനു സമാന്തരമായി തന്നെ മജ്‌ലിസ് എജുക്കേഷന്‍ ബോര്‍ഡിന്റെ കീഴില്‍ ഓണ്‍ലൈന്‍ മദ്‌റസാ പഠനം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. അതിന്റെ മെത്തഡോളജി വിശദീകരിക്കുകയാണ് ലീഡ് ടീമിലെ അംഗം ഷമീര്‍ ബാബു.
വിവിധ ഏഇഇ-കളിലായി 62 മദ്‌റസകളും 580 അധ്യാപകരും 9225 വിദ്യാര്‍ഥികളുമാണുള്ളത്. മുഴുവന്‍ ക്ലാസ്സുകളും വിഷയങ്ങളും അസോസിയേഷനുകള്‍ക്ക് റിസോഴ്‌സുകള്‍ പരിഗണിച്ച് വീതിച്ചു നല്‍കിയാണ് വര്‍ക്കുകള്‍ നടക്കുന്നത്. അതിനായി ഓരോ റീജ്യനും നിശ്ചിത എണ്ണം വിഷയങ്ങള്‍ നല്‍കുന്നു.
ഗള്‍ഫിലും ഗൂഗ്ള്‍ ക്ലാസ് റൂം, സൂം തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തി തന്നെയാണ് പഠന മെറ്റീരിയലുകളുടെ വിതരണം സാധ്യമാക്കുന്നത്. കോവിഡ് സാമൂഹിക അതിരുകള്‍ ഭേദിച്ച് മുന്നേറി എല്ലാം വീട്ടിലേക്കൊതുക്കാന്‍ ശ്രമിക്കുമ്പോള്‍ അറിവിന്റെ വാതായനങ്ങള്‍ അടയരുതെന്ന വാശി ബന്ധപ്പെട്ടവര്‍ക്കുണ്ട്.
ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ ഇസ്‌ലാമിക വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്കു മാത്രമാണ് വ്യവസ്ഥാപിത ദീനീ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നത്. അത് നിര്‍ബന്ധിത സാഹചര്യത്തില്‍ സൂം, ഗൂഗ്ള്‍ മീറ്റ്, ഗൂഗ്ള്‍ ക്ലാസ് റൂം, വാട്‌സ്ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന്റെ പരിമിതികളെക്കുറിച്ച് എല്ലാവരും ബോധ്യമുള്ളവരാണ്. ഒരു യഥാര്‍ഥ ക്ലാസ് റൂം സാധ്യമാക്കുന്ന വ്യവഹാരങ്ങളും വിനിമയങ്ങളും ലഭ്യമാക്കുന്നതില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് പരിമിതികളുണ്ട്. ചരിത്രസംഭവങ്ങള്‍ കൂടുതല്‍ വിശദീകരണത്തോടെയുള്ള അവതരണം, കര്‍മശാസ്ത്ര പരിശീലനം എന്നിവ സാധ്യമാക്കുന്നതില്‍ ഓണ്‍ലൈനുകള്‍ക്ക് പരിമിതികളുണ്ടെന്ന് അധ്യാപകര്‍ മനസ്സിലാക്കുന്നു. സ്വയം ഓണ്‍ലൈന്‍ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നതും മറ്റു രീതികള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രീതികളിലൂടെ പഠനം നല്‍കുന്നതും രണ്ടും വ്യത്യസ്തമാണ്. സ്വയം തെരഞ്ഞെടുക്കുന്നവര്‍ക്ക് അതിന്റേതായ കാരണവും തെരഞ്ഞെടുക്കുന്ന രീതിയുടെ പരിമിതികളെയും ശക്തികളെയും കുറിച്ച് അറിവും ഉണ്ടാകും. എന്നാല്‍ പ്രാഥമിക കാരണങ്ങളാല്‍ ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെ പഠനം അവലംബിക്കേണ്ടിവരുന്നവര്‍ക്ക് ആ സാഹചര്യത്തെ സ്ഥിരമാക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിമുട്ട് ഉളവാക്കുന്ന സംഗതിയാണ്. ഇതിനെയെല്ലാം മറികടക്കാന്‍ ഓണ്‍ലൈനിലൂടെ സാമ്പ്രദായിക പഠനരീതി സാധ്യമാക്കാന്‍ തന്നെ അധ്യാപകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സാധാരണ മദ്‌റസകള്‍ ആരംഭിക്കുന്ന സമയത്തു തന്നെ ക്ലാസുകള്‍ തുടങ്ങി ഹാജര്‍ രേഖപ്പെടുത്തി ആരാധനാ കാര്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തി ഒരു യഥാര്‍ഥ ക്ലാസ് റൂം അന്തരീക്ഷം സൃഷ്ടിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട് എന്നു പറയുന്നു അധ്യാപികയായ സാബിറ ടീച്ചര്‍.
പാഠഭാഗങ്ങള്‍ക്ക് കൂടുതല്‍ ചരിത്രപരമായും മറ്റും വിശദീകരണങ്ങള്‍ നല്‍കാന്‍ സാധ്യമായ ഓണ്‍ലൈന്‍ ഉപാധികള്‍ ഉപയോഗപ്പെടുത്താന്‍ അധ്യാപകര്‍ ശ്രമിക്കുന്നുണ്ട് എന്നതോടൊപ്പം തന്നെ ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് അവ ലഭ്യമാക്കുന്നുണ്ടെന്ന് പറയുന്നു മജ്‌ലിസ് പി.ആറും അധ്യാപകനുമായ ഷമീം അലി.
കുട്ടികളെ സംബന്ധിച്ചേടത്തോളം അവര്‍ക്ക് സാധാരണ ഗതിയില്‍ ലഭ്യമാകുന്ന പഠന മെറ്റീരിയലുകള്‍ ഓണ്‍ലൈന്‍ വഴിയും ലഭ്യമാകുന്നു. പക്ഷേ മദ്‌റസാ സഹവാസത്തിലൂടെ സാധ്യമാകുന്ന പല അനുഭവങ്ങളും അവര്‍ക്ക് നഷ്ടം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് ഭൂരിഭാഗം കുട്ടികളും ക്ലാസുകളിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നത്. അതേസമയംതന്നെ വളരെ വ്യവസ്ഥാപിതവും ആസൂത്രിതവുമായ പഠനരീതി ആയതുകൊണ്ട് അക്കാദമികമായ വലിയ നഷ്ടങ്ങള്‍ ഒന്നും കുട്ടികള്‍ക്ക് സംഭവിക്കുന്നില്ല. രക്ഷിതാക്കളുടെ കൂടി ശക്തമായ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ പഠനം വിജയിക്കുകയുള്ളൂ എന്നത് വസ്തുതയാണ്.
പാഠപുസ്തക നിര്‍മാണം, അധ്യാപക പരിശീലനം, മോണിറ്ററിംഗ്, സിലബസ് തയാറാക്കല്‍, പരീക്ഷാ പേപ്പര്‍ നിര്‍മാണം, ഓരോ ജില്ലകളുടെയും മദ്‌റസകളുടെ കോഡിനേഷന്‍ തുടങ്ങി ഓരോന്നും ആസൂത്രിതമായി ചെയ്യുന്നതിനാവശ്യമായ റിസോഴ്‌സ് മജ്ലിസിന് കീഴിലുണ്ട്.
ഐ.ഇ.സി.ഐ ചെയര്‍മാന്‍ ഡോ. ആര്‍. യൂസഫ്, സി.ഇ.ഒ ഡോ. മുഹമ്മദ് ബദീഉസ്സമാന്‍, സി.എച്ച് മുഹമ്മദ് നജീബ്, ഡയറക്ടര്‍ സുശീര്‍ ഹസന്‍ എന്നിവരുടെ നേതൃത്വത്തില്‍ പി.കെ നൗഷാദ്, ഫസല്‍ എടവനക്കാട്, സിദ്ദീഖുല്‍ അക്ബര്‍, ഇംതിയാസ് കവിയൂര്‍, ഷമീര്‍ ബാബു, റഈസ്, ഇഅ്ജാസ് അസ്ലം എന്നിവരടങ്ങിയ ടീം ആണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.