ആകാശത്ത് ചിതറിയ സ്വപ്നങ്ങള്‍ക്ക് കാവലായി
വി. മൈമൂന മാവൂര്‍
സെപ്റ്റംബര്‍ 2020
കര്‍ക്കിടകം കലിതുള്ളി ചോരാത്ത പേമാരിയൊഴുകുന്ന രാവും പകലും... പ്രളയത്തിന്റെ സംഹാര താണ്ഡവം കേരള മനസ്സാക്ഷിയെ മരവിപ്പിച്ചു കൊണ്ടിരുന്ന 2020 ആഗസ്റ്റ് 7 മഗ്രിബ് നമസ്‌കാരാനന്തരം വാര്‍ത്താ ചാനലില്‍
കര്‍ക്കിടകം കലിതുള്ളി ചോരാത്ത പേമാരിയൊഴുകുന്ന രാവും പകലും... പ്രളയത്തിന്റെ സംഹാര താണ്ഡവം കേരള മനസ്സാക്ഷിയെ മരവിപ്പിച്ചു കൊണ്ടിരുന്ന 2020 ആഗസ്റ്റ് 7 മഗ്രിബ് നമസ്‌കാരാനന്തരം വാര്‍ത്താ ചാനലില്‍ മിന്നല്‍ വാര്‍ത്തയായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ വിമാനം രണ്ടായി പിളര്‍ന്ന് വീണ നടുക്കുന്ന കാഴ്ച. ജനസേവനം ലഹരിയായ കോഴിക്കോട് 'ആമിന മന്‍സിലി'ല്‍ അഷ്റഫ് വെള്ളിപറമ്പ് താമസിച്ചില്ല, മെഡിക്കല്‍ കോളേജിലേക്ക് കുതിച്ചു. ചിതറിയ മനുഷ്യ ജീവന്റെ അവസാന തുടിപ്പും ദൈവത്തോട് പൊരുതി വാങ്ങാന്‍ കൊണ്ടോട്ടിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ അത്യാഹിത വിഭാഗത്തിലെത്തുമെന്ന നിഗമനമാണ് അഷ്റഫിനെ അങ്ങോട്ടെത്തിക്കുന്നത്. അപ്പോഴേക്കും മലപ്പുറത്തിന്റെ പച്ചയായ മനുഷ്യര്‍ വാരിയെടുത്ത പിടയുന്ന ജീവനുകളെയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സുകളും വാഹനങ്ങളും അവിടെ ചീറി ചൂളം വിളിച്ചെത്തിയിരുന്നു. കോവിഡ് പ്രതിരോധ വസ്ത്രങ്ങളണിഞ്ഞ ആരോഗ്യ പ്രവര്‍ത്തകര്‍ അതിജാഗ്രതയോടെ സ്ട്രെച്ചറുകളേറ്റുവാങ്ങുന്നു. കുട്ടികളെയും സ്ത്രീകളെയും വഹിച്ചുകൊണ്ടുള്ള സ്ട്രെച്ചറുകള്‍ അത്യാഹിത വിഭാഗത്തിന്റെ ചുവരുകളെ പ്രകമ്പനം കൊള്ളിച്ച് എത്താന്‍ തുടങ്ങിയത്. ഉറ്റവരും ഉടയവരുമില്ലാതെ ജീവന്മരണ പോരാട്ടം നടത്തി അത്യാസന്ന നിലയിലെത്തുന്ന സഹജീവികളെ രക്ഷാപ്രവര്‍ത്തകര്‍ വാരിയെടുത്തുവരുന്നു. അബോധാവസ്ഥയിലും അര്‍ധബോധാവസ്ഥയിലും അര്‍ധ നഗ്‌നാവസ്ഥയിലും ഉള്ളവര്‍.
അഷ്റഫ് അന്ധാളിച്ച് സമയം പാഴാക്കിയില്ല. കോവിഡ് അത്യാവശ്യമില്ലാത്ത ആരെയും ആശുപത്രിയിലേക്ക് അടുപ്പിക്കില്ല. കാത്തു നില്‍ക്കാതെ പെട്ടെന്നു തന്നെ പ്രിയതമ സിന്‍സിലിയെ വിളിച്ചു. വീട്ടിലുള്ളത് രോഗികളും വൃദ്ധരുമായ മാതാപിതാക്കളും മൂന്നും അഞ്ചും പന്ത്രണ്ടും വയസ്സുള്ള മൂന്നു കുട്ടികളും. ആശുപത്രിയിലുള്ളവരുടെ അവസ്ഥക്ക് മുന്നില്‍ നമ്മുടെ പരിമിതി ഒന്നുമല്ലല്ലോ... ഭര്‍ത്താവിന്റെ വിളിക്ക് കാത്തുനിന്ന പോലെ പത്തുമണിക്കു തന്നെ ഇരുചക്ര വാഹനത്തില്‍ പുറപ്പെടുകയായിരുന്നു സിന്‍സിലി. അതിശക്തമായ കാറ്റും മഴയും കോട്ടിനെയും ഭേദിച്ച് ശരീരത്തെ നനച്ചു കുളിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളേജിന്റെ ഗേറ്റിനടുത്ത് തന്നെ അഷ്റഫ് പി.പി.ഇ കിറ്റുകളുമായി കാത്തിരിക്കുകയായിരുന്നു. സിന്‍സിലിയോടൊപ്പം കുറ്റിക്കാട്ടൂരില്‍ നിന്നുമെത്തിയ ടീം വെല്‍ഫെയര്‍ നേതാക്കളായ ഷാഹുല്‍ ഹമീദും മുസ്ലിഹും ഞൊടിയിടകൊണ്ട് ആ വസ്ത്രം ധരിച്ചു.
'എന്നെ ഒരു കുഞ്ഞിന്റെ സ്‌ട്രെച്ചറിനടുത്തെത്തിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ ജസ മോള്‍ വേദന സഹിക്കാനാവാതെ 'ഉമ്മച്ചീ' എന്ന് നീട്ടി വിളിച്ച് കരയുന്ന രംഗം ഉള്ളുലക്കുന്നതായിരുന്നു. ചേര്‍ത്ത് പിടിക്കേണ്ട ഉമ്മ, കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. കഠിന വേദന കാരണം അപസ്മാര ലക്ഷണങ്ങള്‍ പ്രകടമാക്കിയ കുഞ്ഞിനെ തലോടി ഞാനെന്റെ മാറോടണച്ചു കഥ പറഞ്ഞാശ്വസിപ്പിച്ചു. സാവധാനം അവള്‍ ഉറക്കം പിടിച്ചു. ആ കുഞ്ഞിന്റെ ദയനീയ നോട്ടത്തിനു മുന്നില്‍ എന്ത് മഹാമാരി...
കൊറോണ പ്രതിരോധ വസ്ത്രങ്ങളണിഞ്ഞതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകരെയും തിരിച്ചറിയാനാകാത്ത അവസ്ഥ. എല്ലാവരും കൈയ്‌മെയ് മറന്ന് ജീവനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. ഒരു ഡോക്ടറെന്നോട് ചോദിച്ചു;
'നിങ്ങള്‍ കുട്ടിയുടെ ഉമ്മയാണോ? ബന്ധുവാണോ? '
'ഇവിടെ വരുന്നതുവരെ ആരുമല്ലായിരുന്നു.' സേവന പ്രവര്‍ത്തനത്തിനെത്തിയ ഒരാളെന്നത് അദ്ദേഹത്തില്‍ അത്ഭുതമുണ്ടാക്കി. ആശുപത്രിയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് സ്ത്രീകളെത്തുന്നത് പതിവില്ലല്ലോ, അതും രാത്രിയില്‍. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ട്രെച്ചര്‍ നീട്ടിയുന്തി ഇടുങ്ങിയ വരാന്തയിലൂടെ ഓടുമ്പോഴാണ് മറ്റൊരു സ്ത്രീയെ പുരുഷന്മാര്‍ എക്സ്റേ റൂമിനടുത്തേക്ക് കൊണ്ടുവരുന്നത് കണ്ടത്. വിമാനത്തിന്റെ ഇരിപ്പിടത്തില്‍ അമര്‍ന്നതാകാം അരക്ക് താഴോട്ടും കാലിനും സാരമായ പരിക്കുണ്ടവര്‍ക്ക്. പരസഹായം അനിവാര്യം. കൊണ്ടുവന്ന പുരുഷന്മാര്‍ക്കും പ്രയാസമുണ്ട്. അവരുടെ വസ്ത്രങ്ങള്‍ ശ്രദ്ധയോടെ മാറ്റി സ്‌കാനിംഗിനും മറ്റു പരിശോധനകള്‍ക്കും തയാറാക്കി. ജസയുടെ മുത്തമ്മ ജസീലയായിരുന്നു അത്.
മറ്റൊരു ഉമ്മ മകളെ സന്ദര്‍ശിച്ചു അക്കരെ നിന്ന് തിരിച്ചതായിരുന്നു. കാലവര്‍ഷത്തിന്റെ തണുപ്പിനെ അതിജീവിക്കാന്‍ ചുരിദാര്‍, മാക്സി, പര്‍ദ തുടങ്ങി അഞ്ചു വസ്ത്രങ്ങള്‍ മേല്‍ക്കു മേല്‍ ധരിച്ച് യാത്ര തുടങ്ങിയതാണ് അവര്‍. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കേവലം ഒരു ഷാള്‍ മാത്രം ധരിച്ചാണ് അവര്‍ ആശുപത്രിയിലെത്തിയത്. അവരുടെ പരിക്ക് പ്രത്യക്ഷത്തില്‍ സാരമുള്ളതല്ല. അപകടത്തിന്റെ വിഹ്വലത അവരെ തളര്‍ത്തുന്നതിലുപരി ഈ അവസ്ഥ അവരെ വല്ലാതെ തളര്‍ത്തിയിരുന്നു. അവര്‍ക്ക് ഉടനെ മാക്സിയെത്തിച്ചു അണിയിച്ചുകൊടുത്തു.
അപ്പോഴേക്കും ഇവരുടെ മൂന്ന് പേരുടെയും ബന്ധുക്കള്‍ ഓടിയെത്തിയിരുന്നു. മൂന്ന് പേരെയും ബന്ധുക്കളുടെ കൈയിലേല്‍പ്പിച്ചാണ് ദൈവത്തെ സ്തുതിച്ച് പി. പി. ഇ കിറ്റ് അഴിച്ചു മാറ്റിയത്. പുറത്തിറങ്ങി വണ്ടി എടുക്കാന്‍ നോക്കിയപ്പോഴാണ് ബൈക്ക് മോഷ്ടിക്കപ്പെട്ടത് അറിയുന്നത്. അതിന്റെ വിഷമത്തേക്കാള്‍ സന്തോഷം കുറച്ചുമുമ്പ് ആശുപത്രി വാര്‍ഡിലെ രോഗികളുടെ കണ്ണില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നല്ലോ.
ആതുരാലയങ്ങളില്‍ സേവനസന്നദ്ധരായ നിരവധി പുരുഷന്മാരെ ഒറ്റക്കും സംഘടനാ തലത്തിലും കാണാറുണ്ട്. അവിടങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം പരിമിതമായിരിക്കും. ഇത്തരം ആപല്‍ഘട്ടങ്ങളിലെങ്കിലും കര്‍മസജ്ജരാകുന്നതിന് ഒരു വനിതാ നിരക്ക് സാധ്യതയൊരുക്കുന്നത് കാലോചിതമായ സംഘടനാ മുന്നേറ്റമായിരിക്കും.'
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വന്‍ ദുരന്തവാര്‍ത്തയറിഞ്ഞ് സന്നദ്ധ സേവനത്തിനെത്തിയ പ്രഥമ വനിത ഒരുപക്ഷേ സിന്‍സിലി അഷ്റഫ് എന്ന ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകയായ ഈ മുപ്പത്തിനാലുകാരി തന്നെയായിരിക്കും. അനേകായിരങ്ങളുടെ ആകസ്മിക അന്ത്യശ്വാസങ്ങളും ദുരന്തങ്ങളുടെ ചോരക്കറയും ഏറ്റുവാങ്ങിയ ഏഷ്യയിലെ മികച്ച ഈ ആതുരാലയത്തിന്റെ അത്യാഹിത വിഭാഗത്തിലെ കൂട്ടിരിപ്പ് സ്ത്രീഹൃദയത്തിന് താങ്ങാനാവുന്നതിലും അപ്പുറമെന്ന് പറയാതെ വയ്യ. അവിടെ ഉള്‍ക്കരുത്താര്‍ജിച്ച് കാരുണ്യത്തിന്റെ മാലാഖയാവുക ഒരപൂര്‍വ സിദ്ധിയാണ്.
ആപത്തുകളിലും അപകടങ്ങളിലും അലമുറയിട്ട് അട്ടഹസിക്കുന്ന സ്ത്രീപ്രകൃതത്തിന് അപവാദമാവുകയാണ് സിന്‍സിലി. ആത്മധൈര്യത്തോടെ അവസരോചിതമായി ഇടപെടാനുള്ള പിന്തുണയും പ്രോത്സാഹനവും ലഭിച്ചത് ഭര്‍ത്താവ് അഷ്‌റഫില്‍ നിന്നു തന്നെയാണ്. സേവനപാതയില്‍ സ്വയം മറന്ന് പ്രവര്‍ത്തിക്കുന്ന അഷ്റഫ് വെള്ളിപറമ്പ് സകുടുംബം ഏഴു വര്‍ഷക്കാലം വിശുദ്ധ മക്കയില്‍ ഹറമിന് സമീപം താമസിക്കവെ തനിമ മക്കയെന്ന സേവന സംഘത്തിലൂടെ ഉംറ, ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള മുഴുസമയ സേവനത്തിനിടയില്‍ സ്ത്രീകളെ പരിചരിക്കുന്നതിന് സജ്ജമാക്കിയ പ്രഥമ വനിതാ സംഘത്തില്‍ പങ്കാളിയായാണ് തുടക്കം. വിവിധ ശാരീരികാസ്വാസ്ഥ്യമുള്ളവര്‍, എല്ലൊടിഞ്ഞ് പ്ലാസ്റ്ററിട്ട് ത്വവാഫിനും സഅ്യിനും പ്രയാസപ്പെടുന്നവര്‍... തുടങ്ങിയവര്‍ക്ക് ഫ്ളാസ്‌കില്‍ ചുക്കുകാപ്പിയുമായെത്തിയും വീല്‍ചെയര്‍ തള്ളി പ്രാഥമിക കര്‍മങ്ങള്‍ക്ക് വരെ സഹായിച്ചും ആശ്വാസത്തോടെ ഹജ്ജ് കര്‍മത്തിന് സഹായിച്ചുകൊണ്ട് പ്രവാസ ജീവിതം ധന്യമാക്കിയ ഇഴയടുപ്പുള്ള ഇണകളാണ് അഷ്റഫ് - സിന്‍സിലി കുടുംബം. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോള്‍ കഴിഞ്ഞ വരള്‍ച്ചാ കാലത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് റമദാനിലെ അത്താഴവും കഴിഞ്ഞു അതിരാവിലെ കുടിവെള്ള വിതരണത്തില്‍ വ്യാപൃതരായിരുന്ന ഈ കുടുംബം അസൂയാര്‍ഹമായ ആത്മസമര്‍പ്പണമാണ് നാടിന് സമര്‍പ്പിച്ചത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് അന്നംമുട്ടിയ വീടുകള്‍ കണ്ടെത്തി നിയമപാലകരുടെ പ്രത്യേക അനുമതിയോടെ ഭക്ഷണ സാധനങ്ങളെത്തിക്കുമ്പോള്‍ പിന്‍സീറ്റ് യാത്രാ നിരോധം ഇവര്‍ക്കായി ഭേദഗതി ചെയ്ത അനുഭവം ഹൃദ്യവും ആശ്ചര്യവും ഉളവാക്കിയതാണ്. ജനകീയ വികസന മുന്നണി പ്രവര്‍ത്തകയായിരിക്കെ ഭാര്യ ഡ്രൈവര്‍ ആയും ഭര്‍ത്താവ് അനൗണ്‍സറായും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതും നാട് അത്ഭുതത്തോടെയാണ് ഉറ്റുനോക്കിയത്.
പുരുഷന്റെ പിന്തുണയും പ്രോത്സാഹനവും സ്ത്രീയിലുണ്ടാക്കുന്ന അതിരുകളില്ലാത്ത ആത്മവിശ്വാസമാണ് സാമൂഹിക ഇടപെടലുകളില്‍ സ്ത്രീക്ക് നിര്‍ണായക ഇടം നല്‍കുന്നതെന്ന നല്ല പാഠം ഇവരുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീ ശാക്തീകരണം പ്രമേയമാക്കി പ്രബന്ധങ്ങളും പ്രസംഗങ്ങളും പ്രകടനങ്ങളൂം സംഘടിപ്പിക്കുന്നവര്‍ സ്വന്തം ഇണകളുടെ സാമൂഹിക ഇടപെടലുകളെ തടയാതെ തടയിടുന്ന പച്ചയായ യാഥാര്‍ഥ്യത്തിനു മുന്നില്‍ 'ജനസേവനം ദൈവാരാധന' എന്ന സ്റ്റിക്കര്‍ ഒട്ടിച്ച ഇരുചക്ര വാഹനമോടിച്ച് സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിക്കുന്ന ഈ കുടുംബം സമൂഹത്തിലും സ്വര്‍ഗത്തിലും ഉന്നത സ്ഥാനീയര്‍ തന്നെയാകട്ടെ.