ശത്രുക്കളോടും സൗഹൃദം

സയ്യിദ ഹുമൈറ മൗദൂദി
സെപ്റ്റംബര്‍ 2020

പിതാവിന്റെ തണലില്‍- 10

എന്റെ മകള്‍ റാബിഅ(ജന. 1967 ജനു. 21)യോട് അബ്ബാജാന്ന് വലിയ ഇഷ്ടമായിരുന്നു. 1970-ല്‍ നടന്ന സംഭവമാണ്. മകളെയും കൂട്ടി ഞങ്ങള്‍ ചില സാധനങ്ങള്‍ വാങ്ങാന്‍ അനാര്‍ക്കലി മാര്‍ക്കറ്റില്‍ പോയതായിരുന്നു. അപ്പോള്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെ ഒരു പ്രകടനം ഞങ്ങളുടെ മുന്നിലൂടെ കടന്നുപോയി. പ്രകടനക്കാര്‍ അബ്ബാജാനെ തെറിപറഞ്ഞ് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. അതു കണ്ടതും ഞങ്ങള്‍ വേഗം വീട്ടിലേക്കു തന്നെ മടങ്ങി. ഉച്ചക്ക് അബ്ബാജാന്‍ ഊണു കഴിക്കാന്‍ വന്നപ്പോള്‍ റാബിമോള്‍ അബ്ബാജാന്റെ നേരെ എതിര്‍ വശത്തിട്ട കസേരയില്‍ അസ്സലായി ഇരുന്ന് അദ്ദേഹത്തിന്റെ മുഖത്ത് തന്നെ കണ്ണുംനട്ട് കൊണ്ട് ചോദിക്കാന്‍ തുടങ്ങി: ''വല്യുപ്പാ, നിങ്ങള്‍ തന്നെയാണോ മൗലാനാ മൗദൂദി?'' അപ്പോള്‍ അബ്ബാജാന്‍ പറഞ്ഞു: ''അതെ മോളേ, ഞാന്‍ തന്നെ. എന്തേയ്?''
അപ്പോള്‍ റാബിഅ പറഞ്ഞു: ''നാനാ അബ്ബാ, അനാര്‍ക്കലിയില്‍ മൗലാനാ മൗദൂദിയെ തെറിവിളിക്കുന്നുണ്ടായിരുന്നു.'' അത് കേട്ടതും അബ്ബാജാന്ന് രസം മൂത്ത് എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു: ''ശരി. മോള്‍ കേട്ടു, എന്നിട്ടോ?''
അന്നേരം ഞാന്‍ ചൊടിച്ചു കാട്ടി റാബിഅയെ നിശ്ശബ്ദയാക്കി; പിന്നെ അബ്ബാജാനോട് പറഞ്ഞു: ''തെറിയല്ല, നിങ്ങള്‍ക്കു കിട്ടിയത് നിധിയാണെന്ന പോലെയുണ്ടല്ലോ സന്തോഷം കണ്ടിട്ട്.'' എന്റെ വര്‍ത്തമാനം ശ്രദ്ധിച്ചു ഒരു നിമിഷം ഗൗരവത്തിലായ അബ്ബാജാന്‍ പറഞ്ഞു: ''ബേഠീ, എനിക്ക് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വെറും തെറിയല്ലേ സഹിക്കേണ്ടി വരുന്നുള്ളൂ. പ്രവാചകന്മാരും അല്ലാഹുവിന്റെ സജ്ജനങ്ങളുമൊക്കെ ഈ മാര്‍ഗത്തില്‍ കല്ലേറു കൊണ്ടവരാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഈ തെറികളുണ്ടല്ലോ. അതൊക്കെ പ്രവാചകന്മാരുടെ ജീവിതത്തിലെ നിത്യാനുഭവങ്ങളാണ്. അതിനുള്ള ഭാഗ്യം എല്ലാവര്‍ക്കും എപ്പോഴും കിട്ടിക്കൊള്ളണമെന്നില്ല.''
1968-ല്‍ ഭൂട്ടോ സാഹിബ് (ച. 1979 ഏപ്രില്‍) വിദ്യാര്‍ഥികളെ കോളേജുകളില്‍നിന്ന് തെരുവ് പ്രകടനത്തിനായി ഇറക്കിക്കൊണ്ടുവന്നു; അതുപോലെത്തന്നെ വ്യവസായ ശാലകളില്‍നിന്ന് തൊഴിലാളികളെയും. ഈ സ്ഥിതിവിശേഷത്തില്‍ മനംനൊന്ത് അബ്ബാജാന്‍ പറയുകയുണ്ടായി: ''വിദ്യാര്‍ഥികളെ ക്ലാസുകളില്‍നിന്ന് പുറത്തിറക്കി തെരുവില്‍ മുദ്രാവാക്യം വിളിപ്പിക്കുക എന്നത് എളുപ്പം കഴിയുന്ന പണിയാണ്. എന്നാല്‍ ഒരിക്കല്‍ അവരെ പുറത്തിറക്കിയാല്‍ പിന്നീട് ക്ലാസില്‍ തിരിച്ചുകയറ്റി തുടര്‍പഠനം നടത്തിക്കാന്‍ നിങ്ങള്‍ക്ക് എളുപ്പം കഴിഞ്ഞുകൊള്ളണമെന്നില്ല. കുപ്പിയില്‍നിന്ന് പുറത്തിറക്കുന്ന ഭൂതത്തെ എളുപ്പം കുപ്പിയില്‍ തിരിച്ചുകയറ്റാന്‍ കഴിയില്ല. അതുപോലെയാണ് തൊഴിലാളികളും. തെരുവില്‍ മുദ്രാവാക്യം വിളിക്കാന്‍ അവരെ പ്രകടനത്തിലിറക്കുന്നവര്‍ തിരിച്ച് അവരെ ഫാക്ടറിയിലേക്ക് തന്നെ കയറ്റാന്‍ പ്രയാസപ്പെടും.'' ദൈവത്തെ ഓര്‍ത്ത് ജനങ്ങളില്‍ ഹിറ്റ്‌ലറിസം വളര്‍ത്താതിരിക്കുക എന്ന് അബ്ബാജാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചു. അത് വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും ഉല്‍പാദനത്തിന്റെയും ശവമെടുക്കുന്നതിന് തുല്യമായിരിക്കും. പക്ഷേ, അക്കാലത്തേ ജനങ്ങളുടെ ഉള്ളില്‍ ഹിറ്റ്‌ലറിസം കുടിയിരുത്തപ്പെട്ടു. ഇന്ന് എല്ലാ ഭാഗത്തും അതാണ് കാണുന്നത്.
സമഗ്ര ശോഭയുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അബ്ബാജാന്‍. മറ്റുള്ളവര്‍ക്ക് ഭാരമേറിയതും മുഷിപ്പനുമായ വളരെ ഗൗരവ സ്വഭാവത്തോടു കൂടിയ ഒരു ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തിരുന്നത്. പക്ഷേ, ജീവിതത്തിലുടനീളം ഉല്ലാസഭരിതമായ വസന്ത പരിമളം അടിച്ചു വീശുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. എന്നെ സംബന്ധിച്ചേടത്തോളം എങ്ങനെ നോക്കിയാലും എന്റെ മാതൃകാ വ്യക്തിയായിരുന്നു അബ്ബാജാന്‍.
ശത്രുക്കളോടു പോലും അബ്ബാജാന്‍ സൗഹൃദത്തോടെയാണ് പെരുമാറിയിരുന്നത്. അബ്ബാജാനെ ജയിലിലിടാനും കഠിനമായി ശിക്ഷിക്കാനും ഉത്തരവാദിയായവര്‍പോലും പില്‍ക്കാലത്ത് സന്ദര്‍ശിക്കാന്‍ വന്നാല്‍ പ്രസന്നവദനനും വിശാലമനസ്‌കനുമായാണ് അവരോട് പെരുമാറിയിരുന്നത്. ഒരിക്കല്‍ പോലും വര്‍ത്തമാനത്തിനിടയില്‍ നിങ്ങളൊക്കെ മുമ്പ് എന്നോട് എങ്ങനെയാണ് പെരുമാറിയിരുന്നതെന്ന് സൂചിപ്പിക്കുക പോലും ചെയ്തിരുന്നില്ല.
ഒരിക്കല്‍ ഒരാള്‍ അബ്ബാജാന്റെ അടുത്ത് ഒരു ശിപാര്‍ശക്കത്തിനായി വന്നു. അപ്പോള്‍ അയാള്‍ ജോലിയില്‍നിന്ന് റിട്ടയര്‍ ചെയ്തുകഴിഞ്ഞിരുന്നു. കൈവശം അധികം കാശൊന്നുമില്ലാതെ സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. ദുബൈയിലോ അബൂദബിയിലോ പോയി എന്തെങ്കിലും സമ്പാദിക്കണമെന്നായിരുന്നു മോഹം. പതിവനുസരിച്ച് അബ്ബാജാന്‍ അയാള്‍ക്കും കൊടുത്തു ശിപാര്‍ശക്കത്ത്. അതയാള്‍ക്ക് നന്നായി പ്രയോജനപ്പെടുകയും ചെയ്തു. കത്തിന്റെ അടിസ്ഥാനത്തില്‍ അയാള്‍ക്ക് ഗള്‍ഫില്‍ നല്ലൊരു ജോലി തരമായി. ഇയാള്‍ ആരായിരുന്നുവെന്നല്ലേ? പട്ടാളത്തില്‍ സേവനമനുഷ്ഠിക്കെ മാര്‍ഷല്‍ ലോ കോര്‍ട്ടില്‍ ന്യായാധിപനായിരുന്നു ഇയാള്‍. അബ്ബാജാന് വധശിക്ഷ വിധിച്ച ജഡ്ജി. ഇംഗ്ലീഷിലെഴുതിയ വധശിക്ഷാ വിധിയില്‍ ഇപ്പോഴും അയാളുടെ കൈയൊപ്പ് പതിഞ്ഞു കിടക്കുന്നുണ്ട്. തൂക്കിക്കൊല്ലാന്‍ വിധിച്ച ആള്‍ക്ക് ശിപാര്‍ശക്കത്ത് കൊടുക്കുക. ഇത് അബ്ബാജാനെപ്പോലുള്ള ഒരാള്‍ക്ക് മാത്രം കഴിയുന്ന ഔദാര്യമായിരുന്നു.
അബ്ബാജാനെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്ത ജനറല്‍ മുഹമ്മദ് അഅ്‌സം ഖാന്‍ പലപ്പോഴും പില്‍ക്കാലത്ത് അബ്ബാജാനെ കാണാന്‍ വരാറുണ്ടായിരുന്നു. മിശിഹാ പറഞ്ഞ പോലെയായിരുന്നു അപ്പോള്‍ അബ്ബാജാന്റെ പ്രവൃത്തി: ''മീന്‍ പിടിക്കുന്നവരേ, വരൂ, നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചുതരാം. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും മനുഷ്യരെ പിടികൂടി അവരെ കര്‍ത്താവിന്റെ അടിമകളുടെ വലയിലാക്കൂ'' (നിങ്ങളുടെ വലയിലല്ല).
സല്‍സ്വഭാവം കൊണ്ട് അബ്ബാജാന്‍ ശത്രുക്കളെ കൂടി ഹൃദയത്തില്‍ കുടിയിരുത്തി. തനിക്കെതിരെ പരിഹാസവാക്കുകള്‍ എയ്തുവിടുന്ന ഭൂട്ടോ സാഹിബിനെക്കുറിച്ചു പോലും അബ്ബാജാന്‍ നല്ലതേ പറഞ്ഞിട്ടുള്ളൂ എന്നതിന് ഞങ്ങള്‍ സാക്ഷിയാണ്. എപ്പോഴും ആദരവോടെ മാത്രമേ അദ്ദേഹത്തിന്റെ പേര് അബ്ബാജാന്‍ പറയാറുണ്ടായിരുന്നുള്ളൂ. 'അല്ലാഹു അദ്ദേഹത്തിന് നേര്‍വഴി കാണിച്ചുകൊടുക്കട്ടെ. സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തി ഈ നാട്ടിനും ജനതക്കും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്താനിടവരുത്താതിരിക്കട്ടെ' - ഇങ്ങനെയാണ് പിതാവ് പറയാറുണ്ടായിരുന്നത്.
ശകാരത്തിന് പകരം ശകാരിക്കുകയില്ലെന്ന് മാത്രമല്ല, പരുഷവാക്ക് പോലും പറയുമായിരുന്നില്ല. ഒരു സംഭവം ഞാന്‍ നന്നായി ഓര്‍ക്കുന്നു. ഞങ്ങളുടെ കുട്ടിക്കാലത്ത് ഒരിക്കല്‍ അബ്ബാജാന്‍ ഇഛ്‌റയിലെ മസ്ജിദില്‍നിന്ന് ജുമുഅ നമസ്‌കരിച്ചു മടങ്ങുകയായിരുന്നു. ആ മസ്ജിദിലെ ഇമാം അബ്ബാജാന്റെ കടുത്ത എതിരാളിയായിരുന്നു. അദ്ദേഹം തന്റെ മുന്നിലിരിക്കുന്ന അബ്ബാജാനെ കണ്ണോടു കണ്ണ് നോക്കി ജുമുഅ ഖുത്വ്ബ തീര്‍ത്തും അബ്ബാജാന്നെതിരെയാണ് നിര്‍വഹിച്ചത്. ''ഇനി ഏതെങ്കിലും മൗദൂദി മരിച്ച് അയാളുടെ ഖബ്‌റിനരികെ ഒരു ഇലന്തവൃക്ഷം മുളച്ചു പൊന്തുകയും ആ വൃക്ഷത്തിന്റെ ഇല ഏതെങ്കിലും ആട് തിന്നാന്‍ ഇടയാവുകയും ചെയ്താല്‍ ആ ആടിന്റെ പാല്‍ കുടിക്കുന്നതും ഹറാമാണ്.'' ഇങ്ങനെയൊരു സമാനതയില്ലാത്ത യുക്തിയിലാണ് ഇമാം സാഹിബ് തന്റെ പ്രസംഗം ഉപസംഹരിച്ചത്. അബ്ബാജാന്റെ കൂടെ ജുമുഅ നമസ്‌കാരത്തിന് പോയ ഞങ്ങളുടെ ഒരു സഹോദരന്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഈ പ്രസംഗത്തിന്റെ കഥയും പറഞ്ഞ് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി. അപ്പോഴും അബ്ബാജാന്‍ ഒന്നും പറയാതെ ഗൗരവത്തില്‍ നിസ്സംഗനായിരിക്കുകയായിരുന്നു. ഞങ്ങള്‍ ചിരിച്ചു കുഴങ്ങിയപ്പോള്‍ ഇതില്‍ ഇത്ര ചിരിക്കാനെന്തിരിക്കുന്നുവെന്ന നിസ്സംഗഭാവത്തിലായിരുന്നു അബ്ബാജാന്‍.
ഇതുപോലെ മറ്റൊരിക്കല്‍ ജാമിഅ അശ്‌റഫിയ്യയിലെ ഒരു വലിയ മതപണ്ഡിതന്‍ അബ്ബാജാനോട് പറഞ്ഞു: ''മൗലാനാ അഹ്മദലി ലാഹോരി (ച. 1962 ഫെബ്രുവരി 22) താങ്കളെ വിമര്‍ശിക്കുകയുണ്ടായല്ലോ. അതിന് താങ്കള്‍ മറുപടിയൊന്നും പറഞ്ഞു കണ്ടില്ല. സംശയം ജനിപ്പിക്കുന്നതല്ലേ ഈ മൗനം?'' അബ്ബാജാന്റെ മറുപടി ഇങ്ങനെയായിരുന്നു: ''അകാരണമായി ആരെങ്കിലും എന്നെ വിമര്‍ശിച്ചാല്‍ അതെന്നെ ദുഃഖിപ്പിക്കുമെന്ന് തീര്‍ച്ച തന്നെ. എന്നാല്‍ ഈ വിഷയത്തില്‍ മൗലാനാ അഹ്മദലി സാഹിബിന്റെ കാര്യം തീര്‍ത്തും വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ അന്യായമായ വിമര്‍ശനത്തിന് 'സ്വദഖ'യായി അല്ലാഹു അത് പൊറുത്തുകൊടുക്കാന്‍ മാത്രം അത്രക്ക് അപാരമാണ് അദ്ദേഹത്തിന്റെ നന്മകളെന്ന് എനിക്കുറപ്പാണ്. എന്റെ പോരായ്മകളാണെങ്കില്‍ എന്റെ മൗനം അത് കുറക്കാന്‍ പര്യാപ്തമാവുകയും ചെയ്യും.''
ഭക്ഷ്യപേയങ്ങളില്‍ നല്ല നിയന്ത്രണമായിരുന്നു അബ്ബാജാന്. ഭക്ഷണത്തെ ഒരിക്കലും കുറ്റപ്പെടുത്താറുണ്ടായിരുന്നില്ല. പാചകക്കാരി അബദ്ധത്തില്‍ അല്‍പം ഉപ്പ് കൂടുതലിട്ടാലോ അല്ലെങ്കില്‍ ഉപ്പിടാന്‍ മറന്നുപോയാലോ അതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്താതെ ക്ഷമാപൂര്‍വം ആഹാരം കഴിക്കും. കുട്ടികളാരെങ്കിലും പരാതിയുമായി വാ തുറക്കാനൊരുങ്ങിയാല്‍ ഇങ്ങനെ പറയും: ''എല്ലാ ദിവസവും ഒരു കുറവുമില്ലാതെയാണല്ലോ പാകം ചെയ്യുന്നത്. എന്തെങ്കിലുമല്‍പം കുറവ് സംഭവിച്ചുപോയാല്‍ അതില്‍ ഇത്രമാത്രം നീരസമുണ്ടാകേണ്ട ആവശ്യമെന്താണ്?'' ഇതു കണ്ട ഞങ്ങള്‍ സഹോദരീസഹോദരന്മാരും പിന്നെ അധികമൊന്നും കുറവ് കണ്ടെത്താന്‍ മിനക്കെടുകയില്ല. ആരെങ്കിലും അറിയാതെ എന്തെങ്കിലും പറയാന്‍ തുനിഞ്ഞാല്‍ ദാദി അമ്മ അയാളുടെ നേരെ തിരിയും: ''ഇയാള്‍ അസ്സല്‍ സയ്യിദല്ലെന്നാണ് തോന്നുന്നത്. എന്ത് ചെയ്യാനാണ്! സ്വന്തം സമ്പ്രദായം വിടാന്‍ പ്രയാസമാകും!'' അതിനാല്‍ പേടിച്ചിട്ട് ആരും മിണ്ടില്ല. ദാദി അമ്മ മരിച്ചതില്‍ പിന്നെ, ആഹാരത്തില്‍ കുറവ് പറഞ്ഞാല്‍ അയാളെ കൃത്രിമ സയ്യിദ് എന്നൊക്കെ കളിയാക്കുക ഞങ്ങളുടെ ഒരു പതിവായി മാറി.

ഫലസ്ത്വീനികളുടെ സന്ദര്‍ശനം
ഇക്കാലത്തു തന്നെയാണ് ഒരു ഫലസ്ത്വീനീ പ്രതിനിധി സംഘം ലാഹോറിലെത്തിയത്. അവര്‍ അബ്ബാജാനെ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ അവരെ വൈകുന്നേരത്തെ ചായക്ക് ക്ഷണിച്ചു. അവര്‍ വീട്ടിലെത്തുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ക്കു മുമ്പാണ് സംഘത്തില്‍ വനിതകളുമുണ്ടെന്ന വിവരം ലഭിക്കുന്നത്. ഞങ്ങളുടെ വീട്ടില്‍ മിശ്ര സദസ്സ് പതിവില്ലാത്തതാണ്. അബ്ബാജാന്‍ ഉടനെ സ്ത്രീജനങ്ങള്‍ക്കായി വീട്ടിനകത്ത് ലാണ്‍ സജ്ജമാക്കി. വനിതാ അതിഥികളുടെ കാര്യം മുഴുവന്‍ ഞങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തു.
അതൊരു മഴക്കാലമായിരുന്നു. ടെന്റ് സര്‍വീസ്‌കാര്‍ മേശയൊക്കെ നിരത്തി ഒരുക്കുന്നതിനിടയില്‍ മാനത്ത് കറുത്തിരുണ്ട മേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങി. ആശങ്കാകുലരായ ഞങ്ങള്‍ അബ്ബാജാനോടു പറഞ്ഞു: ''പുറത്ത് അതിഥികളെ ഇരുത്തിയ ശേഷം മഴപെയ്യുകയാണെങ്കില്‍ എല്ലാം കുഴമാന്തിരമാകില്ലേ?'' അതിന് അബ്ബാജാന്റെ പ്രതികരണം ഇതായിരുന്നു; ''ഇല്ല. ഇന്‍ശാ അല്ലാഹ് മഴ പെയ്യില്ല.'' അപ്പോള്‍ മഴ പെയ്യാന്‍ ഓങ്ങി നില്‍ക്കുകയാണെന്ന് ഞങ്ങള്‍ ഓര്‍മിപ്പിച്ചു. അപ്പോഴും വലിയ ആത്മവിശ്വാസത്തോടെ അബ്ബാജാന്‍ കനപ്പിച്ചു പറഞ്ഞു: ''ഞാന്‍ പറഞ്ഞല്ലോ, ഇന്‍ശാ അല്ലാഹ് മഴ പെയ്യില്ല.'' പിന്നെ, കാണക്കാണെ ഉരുണ്ടുകൂടിയ മേഘങ്ങളൊക്കെ അപ്രത്യക്ഷമായി. നീലാകാശം തെളിഞ്ഞു. ഹൃദയം ത്രസിപ്പിക്കുന്ന ഇളംകാറ്റ് വീശാന്‍ തുടങ്ങി. അതിഥികള്‍ എത്തി. സാവകാശം അവിടെ ഇരുന്ന് ചായ കഴിച്ചു മടങ്ങിപ്പോയി. അതിഥികളൊക്കെ സ്ഥലം വിട്ടു, സാധനങ്ങളൊക്കെ തിരിച്ചുകൊണ്ടുപോയതും മേഘങ്ങള്‍ വീണ്ടും ഉരുണ്ടുകൂടാന്‍ തുടങ്ങി. രാത്രി മുഴുവന്‍ ഘോരഘോരം ധാരധാരയായി മഴ പെയ്തു.
അന്നേരം ഞങ്ങളുടെ അമ്മാജാന്‍ പറഞ്ഞു: ''കണ്ടോ? ഈ ഉമ്മയും മോനും (അബ്ബാജാനും ദാദിമായും) എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ അതപ്പടി ശരിയായിരിക്കും. അവര്‍ എന്തു പറഞ്ഞാലും മിണ്ടാതെ അനുസരിച്ചോളണം. അതിനെപ്പറ്റി പിന്നെ സംസാരമോ ചര്‍ച്ചയോ വേണ്ട. ഇവര്‍ എന്തു പറഞ്ഞാലും മിക്കപ്പോഴും അല്ലാഹു പൂര്‍ത്തീകരിച്ചുകൊടുക്കാറാണ് പതിവ്.'' പിന്നീട് അമ്മാജാന്‍ ഞങ്ങളെ രണ്ട് നബിവചനങ്ങള്‍ ഓര്‍മിപ്പിച്ചു:
1. ഹസ്രത്ത് അനസില്‍നിന്ന് പ്രവാചകന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു: അല്ലാഹുവിന് ചില അടിയാറുകളുണ്ട്. അവര്‍ എന്തെങ്കിലും സത്യം ചെയ്തു പറഞ്ഞാല്‍ അല്ലാഹു അത് സഫലമാക്കിക്കൊടുക്കാതിരിക്കില്ല.
2. നബി പറഞ്ഞതായി അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്യുന്നു: തലമുടി നേരെ നില്‍ക്കാതെ ചിതറിത്തെറിച്ച, വാതില്‍ തുറക്കപ്പെടാത്ത ഒട്ടനവധി ആളുകള്‍ ഉണ്ട്. അതുപോലെത്തന്നെ സത്യം ചെയ്താല്‍ അല്ലാഹു അത് സഫലമാക്കിക്കൊടുക്കുന്ന ഒട്ടനവധി ആളുകളുമുണ്ട്. ട

(തുടരും)

വിവ: വി.എ.കെ

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media