സെപ്റ്റംബര്‍ 25 സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ 117-ാം ജന്മദിനമാണ്. മൗദൂദിയുടെ പുത്രനായ ലേഖകന്‍ മൗദൂദി എന്ന ഗൃഹനാഥനെ അനുസ്മരിക്കുന്നു.
ഞങ്ങളുടെ വീട് സാധാരണ വീടുകളില്‍നിന്ന് വ്യത്യസ്തമായിരുന്നു. മറ്റ് വീടുകളിലെ പോലെ പിതാവിന്റെ സാന്നിധ്യത്തില്‍ കുടുംബപ്രശ്‌നങ്ങളൊക്കെ ചര്‍ച്ച ചെയ്യുന്ന ഒരു പതിവ് ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. പിതാവിന്റെ സമയം മുഴുവന്‍ സംഘടനാ കാര്യങ്ങളില്‍ വ്യാപൃതമായിരുന്നു; പിന്നെ വായനയും എഴുത്തും. ഓഫീസ് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വീടും എന്ന പോലെയായിരുന്നു. ഡ്രോയിംഗ് റൂമും ബെഡ് റൂമുമൊക്കെ അതു തന്നെ. ആഹാരം കഴിക്കാനായിരുന്നു അദ്ദേഹം വീട്ടില്‍ വന്നിരുന്നത്. ചിലപ്പോള്‍ ഉച്ചഭക്ഷണത്തിനു ശേഷം ഒന്ന് വിശ്രമിച്ചെന്നു വരും. അദ്ദേഹത്തോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ഉച്ചഭക്ഷണ വേളയിലായിരുന്നു ഞങ്ങള്‍ പറഞ്ഞിരുന്നത്.
വീട്ടുകാര്യങ്ങള്‍ സംഘടനാ കാര്യങ്ങള്‍ക്ക് തടസ്സമാകാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല. ചിലപ്പോള്‍ സംഘടനാ കാര്യങ്ങള്‍ക്കായുള്ള പര്യടനങ്ങള്‍ ദിവസങ്ങളോളം നീണ്ടുപോകും. അന്ന് കിഴക്കന്‍ പാകിസ്താനും കൂടി പാകിസ്താനില്‍ ഉള്‍പ്പെട്ടിരുന്നുവല്ലോ.
ജയിലില്‍ പോകേണ്ടി വരുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ ദുഃഖാന്തരീക്ഷമൊന്നും ഉണ്ടാകാറില്ല. ഞങ്ങള്‍ ചെറിയ കുട്ടികളായിരുന്നെങ്കിലും ഉന്നതമായ ലക്ഷ്യത്തിനു വേണ്ടിയാണ് അദ്ദേഹം ജയിലില്‍ പോയിരുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു.
വളരെ വത്സലനായ പിതാവായിരുന്നു അദ്ദേഹം. ഞങ്ങളെ തല്ലുകയോ ഞങ്ങളോട് ദേഷ്യപ്പെടുകയോ ചെയ്യാറുണ്ടായിരുന്നില്ല. എന്തെങ്കിലും ധരിപ്പിക്കാനുണ്ടെങ്കില്‍ വളരെ മയത്തില്‍ പറഞ്ഞു മനസ്സിലാക്കിക്കും.
പ്രാതല്‍ കഴിഞ്ഞാല്‍ അദ്ദേഹം വായിക്കാനും എഴുതാനുമിരിക്കും. അതിനിടെ ആരെങ്കിലും അത്യാവശ്യത്തിന് വന്നാല്‍ അവരുമായി കൂടിക്കാണും. ആളുകളുടെ സന്ദര്‍ശനം ഒഴിവാക്കാന്‍ വേണ്ടിയാണ് അദ്ദേഹം അതിനായി സായാഹ്ന സദസ്സ് ഏര്‍പ്പാടാക്കിയത്. അസ്വ്ര്‍ നമസ്‌കാരശേഷം മഗ്‌രിബ് വരെ അതിനായി അദ്ദേഹം നീക്കിവെച്ചു. ആളുകള്‍ക്ക് എന്തെങ്കിലും ചോദിക്കാനും പറയാനുമുണ്ടെങ്കില്‍ ആ സമയം ഉപയോഗപ്പെടുത്താം. ഉച്ചഭക്ഷണശേഷം അല്‍പമൊന്ന് വിശ്രമിക്കും. അപ്പോഴും കിടന്ന്‌കൊണ്ട് വായിക്കുകയാണ് പതിവ്. സായാഹ്ന സദസ്സ് കഴിഞ്ഞ് മഗ്‌രിബ് നമസ്‌കാരത്തിനു ശേഷം വീണ്ടും പഠനത്തില്‍ മുഴുകും. ഇശാ നമസ്‌കാരാനന്തരം അത്താഴം കഴിച്ചു ഉറങ്ങാന്‍ പോകും. അവസാന കാലത്ത് അതായിരുന്നു പതിവ്. അതിന് മുമ്പൊക്കെ രാത്രി മുഴുക്കെ ഉറക്കമിളച്ച് വായനയിലും എഴുത്തിലും മുഴുകുമായിരുന്നു. എന്നിട്ട് ഫജ്ര്‍ നമസ്‌കാരാനന്തരം മൂന്നാല് മണിക്കൂര്‍ ഉറങ്ങും.
സാധാരണക്കാരില്‍നിന്ന് വ്യത്യസ്തമായിരുന്നു പിതാവിന്റെ ജീവിതരീതി. സാധാരണ ഗൃഹനാഥന്മാര്‍ പകല്‍ ജോലി കഴിഞ്ഞാല്‍ രാത്രി കുടുംബാംഗങ്ങളോടൊത്ത് വീട്ടുകാര്യങ്ങള്‍ സംസാരിക്കുകയും ഗാര്‍ഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാണല്ലോ ചെയ്യുക. കുടുംബ വഴക്കുകള്‍ പരിഹരിക്കാന്‍ ആരെങ്കിലും സമീപിച്ചാല്‍ കഴിയുന്നതും അതില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് പിതാവ് ശ്രമിച്ചിരുന്നത്. അതിന് പറ്റിയ ആളുകളിലേക്ക് അത്തരം പ്രശ്‌നങ്ങള്‍ നീക്കുകയാണ് ചെയ്യുക. അതിന് സ്വന്തം സമയം പാഴാക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. അതുപോലെ സ്വത്തും പണവും സമ്പാദിക്കാനും അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല.
പിതാവും മാതാവും പരുഷമായി സംസാരിക്കുന്നത് ഒരിക്കലും ഞാന്‍ കേട്ടിട്ടില്ല. മാതാവിനോടു ഒച്ചയിട്ടു സംസാരിക്കുന്നതും കണ്ടിട്ടില്ല. പരസ്പരം വഴക്കിടുന്ന പതിവും ഞങ്ങളുടെ കുടുംബത്തിലുണ്ടാകാറില്ല. അതിനാല്‍ വീട്ടില്‍ എല്ലാവരും ആദരവോടെയാണ് അദ്ദേഹത്തെ നോക്കിക്കണ്ടിരുന്നത്. വീട്ടിലെ ആഭ്യന്തര കാര്യങ്ങളൊക്കെ കൈകാര്യം ചെയ്തിരുന്നത് മാതാവായിരുന്നു. സംഘടനാ കാര്യങ്ങളൊന്നും വീട്ടിനകത്ത് അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നില്ല.
എത്ര വലിയ സംഭവമുണ്ടായാലും അതൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല. നല്ല കരുത്തനും സഹനശീലനുമായിരുന്നു. ഒരിക്കലും സിരാ മര്‍ദത്തിനടിപ്പെട്ടതായ അനുഭവമില്ല. വാക്കും പ്രവൃത്തിയും തമ്മില്‍ വൈരുധ്യം കാണില്ല. ഉള്ളും പുറവും ഒന്നായിരുന്നു. വിമര്‍ശന ഭീരുവായിരുന്നില്ല. എത്ര കഠിന വിമര്‍ശകനാണെങ്കിലും സന്ദര്‍ശിക്കാന്‍ വന്നാല്‍ അതീവ പ്രസന്നവദനനായാണ് സ്വീകരിച്ചിരുന്നത്.
ഭൂട്ടോയെ അട്ടിമറിച്ച ജന. സിയാഉല്‍ ഹഖ് ഒന്നു രണ്ട് ആഴ്ചക്കു ശേഷം പിതാവിനെ സന്ദര്‍ശിക്കാന്‍ വന്നിരുന്നു. മുന്‍കൂട്ടി ഒരു വിവരവും തരാതെ സിവില്‍ വേഷത്തില്‍ പൊടുന്നനെയായിരുന്നു സന്ദര്‍ശനം. ലാഹോര്‍ കോര്‍ കമാന്റര്‍ ജന. ഇഖ്ബാലും എ.ഡി.സി ക്യാപ്റ്റനും കൂടെ ഉണ്ടായിരുന്നു. ഞങ്ങള്‍ ക്യാപ്റ്റനോടൊപ്പം പുറത്തിരുന്നപ്പോള്‍ അവരിരുവരും പിതാവിന്റെ മുറിയിലേക്ക് പോയി. പെട്ടെന്ന് വിദ്യുഛക്തി നിലച്ചു. അതോ ബോധപൂര്‍വം കട്ട് ചെയ്തതാണോ എന്നറിയില്ല. അങ്ങനെ ഇരുട്ടിലായി അവരുടെ സംഭാഷണം. ഒന്നര മണിക്കൂര്‍ സംഭാഷണത്തിനു ശേഷം അവര്‍ പുറത്തിറങ്ങി. വാതില്‍ക്കലോളം വന്ന് പിതാവ് അവരെ യാത്രയയച്ചു. ഞാന്‍ പുറത്തു തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. വണ്ടിയില്‍ കയറിയിരുന്ന സിയാഉല്‍ ഹഖ് സാഹിബ് വീണ്ടും പുറത്തിറങ്ങി എനിക്ക് ഹസ്തദാനം നല്‍കി. മൗലാനയുടെ മകനാണ് അല്ലേ എന്ന് ചോദിച്ചു. ഞാന്‍ അതേ എന്ന് പ്രതികരിച്ചപ്പോള്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നോടു പറയാമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ നന്ദി പ്രകടിപ്പിച്ചു. പ്രത്യേകിച്ചാവശ്യമൊന്നുമില്ലെന്ന് പറഞ്ഞു. രാത്രി അത്താഴ സമയം സിയാഉല്‍ ഹഖ് എന്താണ് പറഞ്ഞതെന്ന് പിതാവ് എന്നോടു ചോദിച്ചു. ഞാന്‍ നടന്ന കാര്യം പറഞ്ഞപ്പോള്‍ പിതാവ് ഉണര്‍ത്തി: 'ഇങ്ങനെയാണ് ഇക്കൂട്ടര്‍ ആളുകളെ വലയിലാക്കുന്നത്.'
പിതാവ് മരിച്ചപ്പോള്‍ ഉമ്മ അസാമാന്യമായ ക്ഷമയവലംബിച്ചു. ഞങ്ങള്‍ക്കൊക്കെ ധൈര്യം പകര്‍ന്നു.
ലക്ഷ്യോന്മുഖമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ രചനകളെല്ലാം അതിനു വേണ്ടിയായിരുന്നു. അതുകൊണ്ടാണ് വിവിധ ലോക ഭാഷകളിലൊക്കെ ഇപ്പോഴും അവയുടെ വിവര്‍ത്തനങ്ങള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്.
വിവ: ഷഹ്‌നാസ് ബീഗം