കൊറോണാ കാലത്തെ ആഘോഷങ്ങള്‍

മുസ്ഫിറ കൊടുവള്ളി No image

'ഓര്‍മക്ക് പേരാണിതോണം
പൂര്‍വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാെനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം'
-മുരുകന്‍ കാട്ടാക്കട

ഇത്തവണത്തെ വിഷു, ഈസ്റ്റര്‍, പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പതിവുപോലെയുള്ള ആരവങ്ങളോ പൊലിമകളോ വര്‍ണപ്പകിട്ടുകളോ ഉണ്ടായിരുന്നില്ല. മുമ്പെങ്ങും പരിചയമില്ലാത്ത കൊറോണാ മഹാമാരി മനുഷ്യന്റെ മുഴുവന്‍ സങ്കല്‍പ്പങ്ങളെയുമാണ് തകിടം മറിച്ചിരിക്കുന്നത്. കൊറോണക്ക് മുമ്പില്‍ മാനവരാശി തലകുനിച്ചപ്പോള്‍ ആഹ്ലാദങ്ങളുടെ സുഗന്ധവും ഒഴുക്കും വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയി എന്നതാണ് സത്യം. ശാരീരിക അകലം സാമൂഹിക അകലത്തിലേക്കും മാനസിക അകലത്തിലേക്കും തെന്നിമാറി. അല്ലെങ്കിലും, ചുറ്റും ഭീതിയുടെ നിഴലുകള്‍ക്ക് കനം തൂങ്ങുമ്പോള്‍ എങ്ങനെയാണ് ആഘോഷങ്ങള്‍ ആഹ്ലാദകരമാവുക? ഒരുതരം നിസ്സംഗതയുടെ വര്‍ത്തമാനങ്ങളാണ്  നാട്ടിലെ കാരണവരായ കളത്തിങ്ങല്‍ മുഹമ്മദ്കാക്കും പ്രിയപ്പെട്ടവരായ താരക്കും ജയന്‍ കെ. രാജനും ആഘോഷങ്ങളെക്കുറിച്ച് പങ്കുവെക്കാനുള്ളത്.
ഈദുല്‍ ഫിത്വ്റും ഈദുല്‍ അദ്ഹായും തക്ബീര്‍ മുഴക്കലിന്റെയും സുഗന്ധം പൂശലിന്റെയും മൈലാഞ്ചി അണിയലിന്റെയും ആഘോഷങ്ങളാണ്. ഹസ്തദാനം ചെയ്തും കെട്ടിപ്പിടിച്ചും സൗഹൃദവും സാഹോദര്യവും പുതുക്കുന്നു പെരുന്നാളില്‍ വിശ്വാസികള്‍. എന്നാല്‍, നാട്ടുകാര്‍ സ്‌നേഹത്തോടെ സാഹിബ്ക്ക എന്നു വിളിക്കുന്ന കളത്തിങ്ങല്‍ മുഹമ്മദ്കാക്ക് കൊറോണാ കാലത്തെ പെരുന്നാളിനെക്കുറിച്ച് ഒത്തിരി വിശേഷങ്ങളുണ്ട്. തീര്‍ത്തും വ്യത്യസ്തമായിരുന്നുപോലും ഇത്തവണത്തെ പെരുന്നാള്‍ അനുഭവങ്ങള്‍. 
സാധാരണ മുഹമ്മദ്ക പെരുന്നാളിനെ വരവേല്‍ക്കാറുള്ളത് സ്വുബ്ഹിനു മുമ്പേ എഴുന്നേറ്റ് കുളിച്ചൊരുങ്ങിക്കൊണ്ടാണ്. സ്വുബ്ഹ് നമസ്‌കരിച്ച ശേഷം പ്രാതല്‍ കഴിച്ച് പുതുവസ്ത്രമണിഞ്ഞ് അത്തര്‍ പൂശി പേരമക്കളുടെ കൈയും പിടിച്ച്  കുടുംബാംഗങ്ങള്‍ക്കൊപ്പം ഈദ്ഗാഹ് മൈതാനിയിലേക്ക് പുറപ്പെടും. ഈദ്ഗാഹിലെത്തിയാല്‍ കുട്ടികള്‍ക്കൊപ്പമിരുന്ന് തക്ബീര്‍ ചൊല്ലും. ഈണത്തിലുള്ള തക്ബീര്‍ ധ്വനികള്‍ നല്ല രസമായിരിക്കും. വളരെ ഭംഗിയോടെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ആളുകൂടിയാണ് മുഹമ്മദ്ക. മുതിര്‍ന്നവരും കുട്ടികളും സ്ത്രീകളും ഈദ്ഗാഹില്‍ അണിനിരന്ന് നമസ്‌കരിക്കുന്നത് കാണാന്‍ എന്തൊരു ചന്തമാണ്! പെരുന്നാളിന്റെ പോരിശ അയവിറക്കുമ്പോള്‍ മുഹമ്മദ്കാന്റെ മുഖത്ത് സന്തോഷം വിടരുന്നുണ്ട്. 
എന്നാല്‍, ഇത്തവണത്തെ ഇരുപെരുന്നാളിലും അവയൊന്നുമുണ്ടായില്ല. പെരുന്നാളിന്റെ പോരിശയും പെരുമയും പേരില്‍ മാത്രം ഒതുങ്ങിപ്പോയി. 'വീട്ടില്‍ വെച്ചുതന്നെയായിരുന്നു എന്റെ പെരുന്നാള്‍ നമസ്‌കാരങ്ങള്‍. മൂത്ത മകനായിരുന്നു നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന്, വീട്ടില്‍ തയാര്‍ ചെയ്ത വിഭവങ്ങള്‍ കഴിച്ചു. ചെറിയ പെരുന്നാളിന് പരിമിതമായ തോതില്‍ അയല്‍പക്ക  സന്ദര്‍ശനവും കുടുംബ സന്ദര്‍ശനവുമാെക്കെ നടന്നു. കൊറോണ കൂടി വന്ന പശ്ചാത്തലത്തില്‍ വലിയ പെരുന്നാളിന് എങ്ങും പോയില്ല. വീട്ടില്‍ തന്നെ ഒതുങ്ങി എല്ലാം. വീടിന്റെ തൊട്ടപ്പുറത്ത് നടന്ന ബലികര്‍മത്തില്‍ മാത്രം പങ്കുകൊണ്ടു' - ഇത്രയും പറയുമ്പോള്‍ മുഹമ്മദ്കായുടെ മനസ്സില്‍ പെരുന്നാളിന്റെ സൗരഭ്യവും മാധുര്യവും ഇല്ലാത്തതിന്റെ പ്രയാസമുണ്ടായിരുന്നു. 
തന്റെ ജീവിത യാത്രയില്‍ മുഹമ്മദ്കാക്ക് സമാനാനുഭവങ്ങള്‍ ഉണ്ടെങ്കിലും, ഇത്തരമൊരനുഭവം ആദ്യമാണ്. ചെറുപ്പകാലത്ത് ചുറ്റുപാടും ഭീതിനിറച്ച മഹാമാരിയായിരുന്നു വസൂരി. രോഗം പകരുമെന്ന പേടിയില്‍ വസൂരി വന്ന വീട്ടിലേക്ക് അടുക്കാന്‍ കഴിയില്ലായിരുന്നു. രോഗം വന്ന കുടുംബം ഒറ്റപ്പെട്ട നിലയിലായിരുന്നു. എങ്കിലും, പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരങ്ങളും മറ്റു ചടങ്ങുകളും അക്കാലത്ത് നടന്നിരുന്നു. എന്നാല്‍, കൊറോണയെന്ന ഭീകര രൂപത്തിനു മുന്നില്‍ മനുഷ്യരാശി തന്നെ നിസ്സഹായരായിപ്പോയിരിക്കുന്നു. ഈ മഹാമാരി എപ്പോള്‍ പോകുമെന്ന് ഒരു നിശ്ചയവുമില്ല. എല്ലാം നാഥന്റെ നിശ്ചയമല്ലാതെ മറ്റെന്താണ്? മുഹമ്മദ്ക പറഞ്ഞുനിര്‍ത്തി.
 കൊന്നപ്പൂക്കളാല്‍ മനം കുളിരുന്ന ആഘോഷമാണ് വിഷു. കാര്‍ഷിക സമൃദ്ധിയുടെ സ്മരണകള്‍ പുതുക്കിയും കണികണ്ടും കൈനീട്ടം വിളമ്പിയും പടക്കം പൊട്ടിച്ചും തിരക്കിലമരുന്നു വിഷുവിന്റെ നാളുകളില്‍ നാടിന്റെ പരിസരവും ചുറ്റുപാടുകളും. എന്നാല്‍, കഴിഞ്ഞ വിഷു അങ്ങനെയായിരുന്നില്ലെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയായ താരക്ക് പറയാനുള്ളത്. വിഷുക്കാലം നിസ്സംഗതയോടെയും മൂകതയോടെയും കടന്നുപോയതായാണ് താരയുടെ അനുഭവം.
മെഡിക്കല്‍ കോളേജില്‍ സ്ഥിരമായി പോവുകയും തിരികെ വരികയും ചെയ്യുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നാണ് താരയുടെ കണിശമായ നിലപാട്. നിപാ വൈറസിന്റെ ഭീതി ഉണ്ടായപ്പോഴും ഈ സൂക്ഷ്മത പുലര്‍ത്തിയിരുന്നു. ഇനി മറ്റു ജോലിയാണെങ്കില്‍ പോലും, ഞാന്‍ കാരണം മറ്റൊരാള്‍ക്ക് രോഗം വരാന്‍ പാടില്ലല്ലോ. അതിനാല്‍, ശാരീരിക അകലം നന്നായി പാലിച്ചു. വിഷു ആഘോഷങ്ങളില്‍നിന്ന്  പൂര്‍ണമായും വിട്ടുനിന്നു. വിഷുവിന്റെ നാളുകളില്‍ അയല്‍പ്പക്കത്തുള്ളവരെയും മറ്റും വിരുന്നൂട്ടി സല്‍ക്കരിക്കുകയും സന്ദര്‍ശിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇത്തവണ അവയൊന്നും സാധിച്ചില്ല. വിഷു ഒട്ടും സന്തോഷത്തിന്റേതായി അനുഭവപ്പെട്ടില്ല. 
ഈസ്റ്റര്‍ ദിനങ്ങളെ ദുഃഖഭരിതമായ നിമിഷങ്ങളായാണ് വിദേശത്ത് ബിസിനസ്സ് നടത്തുന്ന ജയന്‍ കെ. രാജന്‍ ഓര്‍ക്കുന്നത്. ഓശാന ഞായറും പെസഹ വ്യാഴവും ദുഃഖ വെള്ളിയും ഉള്‍ക്കൊള്ളുന്ന ഈസ്റ്ററില്‍ അവസാനിക്കുന്ന നാല് ദിവസത്തെ ആഘോഷങ്ങള്‍. കൂടാതെ, അമ്പത്തൊന്ന് നോമ്പുകളുടെ കാലം കൂടിയാണത്. എല്ലാം ചടങ്ങുകളായാണ് കഴിച്ചുകൂട്ടിയത്. പള്ളിയില്‍ പോയി കര്‍മങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഈസ്റ്ററിന്റെ മുന്നോടിയായുള്ള ഓശാന ഞായറില്‍ പ്രദക്ഷിണം വെക്കാനോ, പെസഹ വ്യാഴാഴ്ച പുളിപ്പില്ലാത്ത അപ്പം കഴിക്കാനോ കയ്പുനീര്‍ കുടിച്ച് ചുരം കയറാനോ, ഈസ്റ്റര്‍ പ്രഭാതത്തില്‍ പള്ളിയില്‍ പോകാനോ സാധിച്ചില്ല. തറവാട്ടിലേക്കുള്ള സന്ദര്‍ശനമടക്കം ഒരു കുടുംബ സന്ദര്‍ശനവും നടന്നില്ല. കൊറോണ ആരെയും ബാധിക്കരുതെന്ന വലിയ നന്മ മുന്‍നിര്‍ത്തി അകലം പാലിച്ചും ആത്മധൈര്യം മുറുകെ പിടിച്ചും വിശ്വാസികള്‍ ദൃഢനിശ്ചയത്തോടെ മുന്നേറുകയാണ് ചെയ്തത്. ഇങ്ങനെയാണ് ജയന്‍ തന്റെ ആഘോഷാനുഭവങ്ങള്‍ പങ്കുവെക്കുന്നത്.
മറ്റുള്ളവര്‍ക്കില്ലാത്ത എന്ത് ആഘോഷം എന്നാണ് ജയന്‍ ചിന്തിക്കുന്നത്. തന്നെപോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്നാണല്ലോ ക്രിസ്തുവിന്റെ പ്രമാണം. അയല്‍പക്കത്തുള്ളവരും ചുറ്റുവട്ടത്തുള്ളവരും ദുരിതത്തിന്റെ കയ്പുനീര് കുടിക്കുമ്പോള്‍ എങ്ങനെയാണ് നമുക്ക് സന്തോഷത്തോടെ ആഘോഷിക്കാനാവുക? ജയന്റെ മുഖത്ത് സഹജീവിയോടുള്ള സ്നേഹം പ്രകടമാണ്.
കൊറോണ കാരണം ആഘോഷങ്ങളുടെ പൊലിമ കുറഞ്ഞുവെങ്കിലും, തെല്ല് നീറ്റലോടെയാണ് എല്ലാവരും പ്രതികരിച്ചതെങ്കിലും, പ്രത്യാശയുടെ കിരണങ്ങള്‍ മുഹമ്മദ് കായുടെയും താരയുടെയും ജയന്റെയും സംസാരങ്ങളില്‍ പ്രകാശം പരത്തി നിറഞ്ഞു നിന്നിരുന്നു. വിശ്വാസികള്‍ക്ക് അങ്ങനെയാവാനേ സാധിക്കുകയുള്ളൂവെന്ന് അവരെല്ലാം ദൃഢസ്വരത്തില്‍ പ്രഖ്യാപിക്കുന്നു.  
ചുറ്റുവട്ടം കൊറോണയുടെ ഭീതിയുടെ നിഴലില്‍ അമര്‍ന്നെങ്കിലും, വീടിന്റെ അകത്തളങ്ങളില്‍ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും മധുരമുള്ള പെരുന്നാളുകള്‍ ഞങ്ങള്‍ ആഘോഷിച്ചുവെന്ന് മുഹമ്മദ്ക. വീട്ടില്‍ കുട്ടികളിലൊരു വലിയ കുട്ടിയായി ഞാന്‍ മാറി. പേരക്കുട്ടികള്‍ക്കും  കുടുംബത്തിനുമൊപ്പം കഥപറഞ്ഞും പാട്ടുപാടിയും പെരുന്നാള്‍ ദിവസങ്ങള്‍ സാധ്യമാവുന്നത്ര സന്തോഷപ്രദമാക്കി. രീതി നാവിന് വഴങ്ങാത്തതിനാല്‍, എന്റെ ഭാഷയില്‍ പറഞ്ഞാല്‍ പാട്ട് 'ചൊല്ലിപെറുക്കി'യാണ് പാടിയത്. വിശ്വാസം പ്രത്യാശയുടെ തീരത്തേക്കാണ് നമ്മെ നയിക്കുന്നതെന്നും മുഹമ്മദ്കാ കൂട്ടിച്ചേര്‍ത്തു. 
അതിജീവനത്തിന്റെ  പാഠങ്ങളാണ് ഓരോ ആഘോഷത്തില്‍നിന്നും നാം ഉള്‍ക്കൊള്ളേണ്ടതെന്നാണ് താര പറഞ്ഞുവെക്കുന്നത്. മഹാ പ്രളയങ്ങളെ അതിജീവിച്ച നമുക്ക് അങ്ങനെയാവാനേ കഴിയൂ. വരുന്ന ഒരു വര്‍ഷത്തേക്ക് നല്ലതു മാത്രം  ഉണ്ടാവാന്‍ ആചരിക്കുന്ന വിഷുക്കണി നാളെയെ കുറിച്ച് കിനാവ് കാണാനുള്ള പ്രേരണയല്ലാതെ മറ്റെന്താണ്? താരയുടെ സംസാരത്തില്‍ ആത്മവിശ്വാസത്തിന്റെ നനവ് നിറഞ്ഞുനിന്നിരുന്നു. മരണത്തെയും അതിജീവിച്ച് കടന്നുപോകുന്ന യേശുവിന്റെ ഉയിര്‍പ്പുപോലെ കൊറോണാ കാലത്തെയും അതിജീവിച്ച് നമ്മള്‍ മുന്നോട്ടു പോവുമെന്ന കരുത്തുറ്റ വാക്കുകള്‍ തന്നെയാണ് ജയനും പറയാനുള്ളത്. പ്രാര്‍ഥനയോടെയും ദൃഢവിശ്വാസത്തോടെയും എല്ലാം ദൈവത്തിലര്‍പ്പിക്കുക നാം - ജയന്‍ പറയുന്നു.
ഓണാഘോഷത്തിന്റെ സന്ദര്‍ഭമാണല്ലോ ഇപ്പോള്‍. മലയാളികളെ മുഴുവന്‍ ഒന്നാക്കിത്തീര്‍ക്കുന്ന ആഘോഷം. നാടും പരിസരവും ആമോദത്താല്‍ ഉല്ലാസഭരിതമാവുന്നു ഈ നാളുകളില്‍. പ്രതീക്ഷയുടെയും പൊന്‍പുലരിയുടെയും  വര്‍ത്തമാനങ്ങള്‍ തന്നെയാണ് മറ്റു ആഘോഷങ്ങളെപ്പോലെ ഓണത്തിനും പറയാനുള്ളത്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍, ഓഫീസുകളിലും പള്ളിക്കൂടങ്ങളിലും തെരുവുകളിലും പൂക്കളം തീര്‍ക്കാനോ പായസം വിളമ്പാനോ സാധിച്ചെന്നു വരില്ല. എങ്കിലും, നിരാശയുടെയും നിസ്സംഗതയുടെയും മേലാപ്പുകളെ കീറിമുറിച്ച് കൊറോണയില്ലാത്ത ഒരു പുലരിയെ സ്വപ്നം കാണാന്‍ ഓണത്തിന്റെ ഈ ദിനങ്ങളില്‍ നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top