മക്കളെ താരതമ്യം ചെയ്തു തകര്‍ക്കരുത്
കെ.ടി സൈദലവി വിളയൂര്‍
സെപ്റ്റംബര്‍ 2020
നിങ്ങള്‍ നിങ്ങളുടെ മക്കളെ എപ്പോഴെങ്കിലും മറ്റുള്ളവരുമായി താരതമ്യം ചെയ്തിട്ടുണ്ടോ? ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ചാല്‍ ഉണ്ട് എന്നായിരിക്കും മിക്ക രക്ഷിതാക്കളുടെയും മറുപടി.
നിങ്ങള്‍ നിങ്ങളുടെ മക്കളെ എപ്പോഴെങ്കിലും മറ്റുള്ളവരുമായി താരതമ്യം ചെയ്തിട്ടുണ്ടോ? ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ചാല്‍ ഉണ്ട് എന്നായിരിക്കും മിക്ക രക്ഷിതാക്കളുടെയും മറുപടി. കാരണം അറിഞ്ഞോ അറിയാതെയോ മക്കളെ ഇങ്ങനെ മറ്റുള്ളവരുമായി ഒത്തുനോക്കുന്നവരാണ് രക്ഷിതാക്കളില്‍ അധികവും. പലര്‍ക്കും അതൊരു ഒഴിച്ചുകൂടാനാവാത്ത ജീവിതശീലത്തിന്റെ ഭാഗവുമാണ്. 'നീയാ അര്‍ശുവിനെ കണ്ട് പഠിക്ക്. പഠിക്കാന്‍ എന്തൊരു മിടുക്കനാണവന്‍. നീയൊന്നും അവന്റെ അടുത്ത് പോലും എത്തില്ല. അങ്ങനെ വേണം കുട്ടികള്‍'; 'ആ അസ്‌ലുക്കയുടെ മോളുണ്ടല്ലോ വീട്ടിലെ എല്ലാ പണികളും അവള്‍ ഒറ്റയ്ക്ക് ചെയ്യും. അടിച്ചുവാരും, പാത്രങ്ങള്‍ കഴുകി വൃത്തിയാക്കും, തുണികള്‍ അലക്കും, ഭക്ഷണം വരെ അവളാ ഉണ്ടാക്കുന്നത്. ഉമ്മാക്ക് ഒരു പണിയും എടുക്കേണ്ട. അവള്‍ വല്ലാത്ത മിടുക്കിപ്പെണ്ണ് തന്നെ. നിന്റത്രേം പ്രായമില്ല അവള്‍ക്ക്. നിനക്ക് ഒരു ചൂലു പോലും കൈയിലെടുക്കാനറിയില്ലല്ലോ. അവളാണ് മോള്‍.' രക്ഷിതാക്കളുടെ ഇത്തരം ഒത്തുനോക്കലുകളുടെയും ഇടിച്ചുതാഴ്ത്തലുകളുടെയും ശരങ്ങളേറ്റ് മനസ്സ് പിടയുന്നവരാണ് പല കുട്ടികളും. ഉള്ള ഊര്‍ജം പോലും നഷ്ടപ്പെടുത്തുന്ന ഇത്തരം പദപ്രയോഗങ്ങള്‍ നടത്തുക വഴി കുട്ടികളെ അക്ഷരാര്‍ഥത്തില്‍ തളര്‍ത്തുകയും തകര്‍ക്കുകയുമാണ് രക്ഷിതാക്കള്‍. വാങ്ങിക്കൊടുക്കലുകള്‍ക്കും ശിക്ഷാമുറകള്‍ക്കുമപ്പുറം എല്ലാ നിലക്കുമുള്ള ശ്രദ്ധയും പരിഗണനയുമാണ് സന്താന ശിക്ഷണത്തിന്റെ മര്‍മമെന്ന് ഇനിയും തിരിച്ചറിയാത്തവരാണീ രക്ഷിതാക്കള്‍.
നമ്മുടെ മക്കള്‍ നമ്മുടേതു മാത്രമാണ്. ആ ബോധം രക്ഷിതാക്കള്‍ക്ക് ഉണ്ടാവണം. ആ പരിഗണന അവര്‍ക്ക് എപ്പോഴും ലഭിക്കണം. അവര്‍ക്ക് അത് നല്‍കാന്‍ നമ്മള്‍ മാത്രമാണുള്ളത്. അന്യരുടെ മക്കളോട് നമ്മുടെ മക്കളെ ഏതു നേരവും താരതമ്യം ചെയ്യരുത്. കഴിവു കുറഞ്ഞതിന്റെ പേരില്‍ അവര്‍ ആക്ഷേപിക്കപ്പെടുകയും അവഗണിക്കപ്പെടുകയുമരുത്. അങ്ങനെ മക്കളെ മറ്റുള്ളവരോട് ഒത്തുനോക്കാതിരുന്നാല്‍ ചിലര്‍ക്ക് വലിയ പൊറുതികേടാണ്. അത്തരക്കാര്‍ കിട്ടുന്ന അവസരത്തിലെല്ലാം അത് പ്രകടിപ്പിക്കും. വീട്ടില്‍ വരുന്നവരോടൊക്കെയും മക്കളുടെ കഴിവുകേടിനെ കുറിച്ച് പറയണം. 'നിന്റെയൊക്കെ ഭാഗ്യം. നിന്റെ മക്കള്‍ക്ക് എന്തൊരു അനുസരണയാണ്. എല്ലാ കാര്യത്തിലും മിടുക്കരാ അവര്‍. എന്റെ മോനെ നോക്ക്. എന്തു പറഞ്ഞാലും അനുസരണയില്ല. മരമണ്ടനാ, ഒന്നും പഠിക്കുകയില്ല' - ഇങ്ങനെയൊക്കെയാണ് ചില രക്ഷിതാക്കളുടെ വര്‍ത്തമാനങ്ങള്‍. ഒരുപക്ഷേ ഈ മക്കള്‍ പഠനത്തിലും മറ്റെല്ലാ കാര്യങ്ങളിലും മറ്റുള്ളവരേക്കാള്‍ മുമ്പിലായിരിക്കും. എന്നാല്‍ അതൊന്നും വകവെച്ചുകൊടുക്കാനോ അംഗീകരിക്കാനോ ഇത്തരക്കാര്‍ തയാറല്ല. താരതമ്യ മനഃസ്ഥിതി വളര്‍ന്നുവലുതായാല്‍ അതൊരു മനോരോഗം വരെയായി തീരുമെന്നതില്‍ സംശയമില്ല. മറ്റുള്ളവര്‍ക്കുള്ളതെല്ലാം കണ്ണിമ വെട്ടാതെ ഇവര്‍ ശ്രദ്ധിക്കും. എന്നിട്ട് തങ്ങളുടേതുമായി ഒത്തുനോക്കും. ഏതു കാര്യത്തിലും അവര്‍ക്ക് പിറകിലാണ് നമ്മുടെ സ്ഥാനമെങ്കില്‍ മനസ്സ് അസ്വസ്ഥമാകും. അസംതൃപ്തിയുടലെടുക്കും. മകന്‍ പഠിക്കാന്‍ മോശമല്ല. പക്ഷേ പഠനത്തില്‍ ക്ലാസില്‍ ഒന്നാം സ്ഥാനം മറ്റൊരു കുട്ടിക്കാണ്. അതുമതി മനഃസമാധാനം നഷ്ടപ്പെടാന്‍. ഇങ്ങനെ ഏതു കാര്യത്തിലാണെങ്കിലും ഇതുതന്നെ അവസ്ഥ. എല്ലാറ്റിലും ഒന്നാമന്‍ എന്റെ മകനാവണം. അല്‍പം അതിരു വിട്ട ചിന്തയല്ലേ ഇത്? ഇങ്ങനെ വരുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മകനെ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ ചിലപ്പോള്‍ അടിച്ചും തൊഴിച്ചും പുറത്തിറങ്ങാനനുവദിക്കാതെ വീട്ടിലിരുത്തി പഠിപ്പിച്ചും പീഡിപ്പിക്കും. ഇതിനെ അസൂയയെന്ന് നമുക്ക് വിളിക്കാം. അല്‍പത്തമെന്നും പറയാം. അസൂയ വളരുമ്പോള്‍ മനഃസമാധാനം നഷ്ടപ്പെടും. അസൂയക്കാര്‍ സ്വയം ഉരുകിത്തീരുന്നതോടൊപ്പം പുരോഗതിയിലേക്കുള്ള വഴികള്‍ക്ക് വിലങ്ങുതടിയാവുകയും ചെയ്യുന്നു. വ്യക്തിയുടെ സര്‍വ നാശമായിരിക്കും അസൂയയുടെ ദുരന്തഫലം.
എല്ലാവരും ഒരുപോലെയല്ല. അവരുടെ കഴിവുകളും ഒന്നല്ല. ഓരോരുത്തര്‍ക്കും അവരുടേതായ വ്യക്തിത്വവും കഴിവുകളുമുണ്ട്. അത് അംഗീകരിക്കാനുള്ള മനസ്സാണ് രക്ഷിതാക്കള്‍ക്ക് ആദ്യം വേണ്ടത്. കുട്ടികളുടെ കഴിവുകളും നിലവാരവും വ്യത്യസ്തമാണ്. ഓരോരുത്തരിലുമുള്ള ഒരേ കഴിവുകളില്‍ തന്നെ ഏറ്റക്കുറച്ചിലുണ്ടാവാം. ചിലര്‍ നന്നായി പഠിക്കും. എന്നാല്‍ മറ്റു ചിലര്‍ അത്രത്തോളം വരില്ല. എന്നാല്‍ ചിലര്‍ നന്നായി കളിക്കും. പലര്‍ക്കും അത്രമാത്രം നന്നായി കളിക്കാനാവില്ല. ചിലര്‍ നന്നായി പഠിക്കുമ്പോള്‍ മറ്റു ചിലര്‍ നന്നായി പാടുന്നു. പഠനത്തില്‍ മിടുക്കു കാണിക്കുന്നവന് പാടാനറിഞ്ഞുകൊള്ളണമെന്നില്ല. പാടാനറിയുന്നവന് ഓടാനറിയണമെന്നില്ല. ചില കുട്ടികള്‍ ചടുലതയോടെ കാര്യങ്ങള്‍ പെട്ടെന്ന് നിര്‍വഹിക്കുമ്പോള്‍ മറ്റു ചിലര്‍ ഇഴഞ്ഞു നീങ്ങുന്നു. അപ്പോള്‍ അയല്‍പക്കത്തെ കുട്ടിയെ നോക്കി സ്വന്തം മകനെ വിലയിരുത്തുമ്പോള്‍ അളവുകോല്‍ ശരിയാവണമെന്നില്ല. അവനിലില്ലാത്ത മറ്റൊരു കഴിവ് തങ്ങളുടെ മക്കളിലുണ്ടാവും. മറ്റുള്ളവരിലുള്ള കഴിവുകള്‍ ഇല്ലാത്തതിന്റെ പേരില്‍ സ്വന്തം മക്കളെ അധിക്ഷേപിക്കുകയും ശിക്ഷിക്കുകയും പരിഹസിക്കുകയുമല്ല വേണ്ടത്. സ്വന്തം മക്കളിലുള്ള കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. 'അവനെ കണ്ടോ, ഇവനെ കണ്ടോ' എന്ന് പറയുന്നത് അവസാനിപ്പിച്ച് മക്കളുടെ കഴിവുകളെ പ്രശംസിക്കുക.
സഹപാഠി അല്ലെങ്കില്‍ കൂട്ടുകാരന്‍ അബദ്ധവശാല്‍ കുളത്തില്‍ വീണെന്ന് കരുതുക. അവന് നീന്തല്‍ വശമില്ല. അവന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നു. രണ്ട് പേരാണവിടെയുള്ളത്. ഒന്ന് നാം പറഞ്ഞ പഠനത്തിലെ മിടുക്കന്‍. രണ്ടാമന്‍ ഒന്നിനും കൊള്ളാത്ത 'മരമണ്ടന്‍.' മിടുക്കന്‍ നിസ്സംഗനായി നില്‍ക്കുന്നു. അല്ലെങ്കില്‍ ആര്‍ത്തു നിലവിളിക്കുന്നു. 'മരമണ്ടന്‍' മറ്റൊന്നും ചിന്തിക്കാതെ തന്റെ കൂട്ടുകാരനെ രക്ഷിക്കാന്‍ കുളത്തിലേക്ക് എടുത്തു ചാടുന്നു. കൂട്ടുകാരനെ ഒരുവിധം കരക്കടുപ്പിച്ച് ഒരു ദീര്‍ഘ നിശ്വാസമയക്കുമ്പോഴും മിടുക്കന് വലിയ അനക്കമൊന്നുമില്ല. സഹപാഠിയെ രക്ഷിച്ച 'മരമണ്ടന്‍' വലിയ വാര്‍ത്തയാവുന്നു. പത്രങ്ങള്‍ പ്രാധാന്യത്തോടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രപതിയുടെ ധീരതക്കുള്ള അവാര്‍ഡിന് വരെ നോമിനേറ്റ് ചെയ്യപ്പെടുന്നു. അവസാനം അവാര്‍ഡിനും അര്‍ഹനാവുന്നു. നാട്ടുകാര്‍ 'മരമണ്ടനെ' ശരിക്കും ആഘോഷമാക്കി. അയല്‍പക്കത്തെ മക്കള്‍ മിടുക്കരെന്നു പറഞ്ഞ് സ്വന്തം മകനെ മാറ്റിനിര്‍ത്തിയ ആ രക്ഷിതാക്കള്‍ക്ക് എല്ലാം കണ്ടും കേട്ടും ഇപ്പോഴും അന്ധാളിപ്പ് മാറിയിട്ടില്ല. കാരണം അവര്‍ സ്വപ്‌നങ്ങള്‍ കണ്ടതു പോലും തങ്ങളുടെ മകന്റെ കഴിവുകേടുകളാണ്. അവിശ്വസനീയമെങ്കിലും ഇപ്പോള്‍ മകനെ അഭിനന്ദിക്കുന്നതില്‍ മുമ്പില്‍ അവര്‍ തന്നെ.
പഠിപ്പ് മാത്രമല്ല കഴിവ്. അനിവാര്യമായ ഘട്ടത്തില്‍ പുറത്തെടുക്കേണ്ട പ്രായോഗികമായ ഒരു കഴിവ് 'പഠിപ്പിസ്റ്റി'ന് ഉണ്ടാവില്ല. അതുണ്ടായത് മാതാപിതാക്കള്‍ വരെ എഴുതിത്തള്ളിയ ആ കുട്ടിക്കാണ്. അതിനാണിവിടെ അംഗീകാരങ്ങള്‍ ലഭിച്ചത്. 'പഠിപ്പിസ്റ്റി'ന്റെ ബുദ്ധിശക്തിയേക്കാള്‍ പഠിക്കാത്തവന്റെ പ്രായോഗികതക്കാണ് സമൂഹത്തില്‍നിന്ന് നൂറില്‍ നൂറു മാര്‍ക്ക് കിട്ടിയത്. ഈ തിരിച്ചറിവാണ് രക്ഷിതാക്കള്‍ക്ക് വേണ്ടത്. എങ്കില്‍ മറ്റുള്ളവരുടെ കഴിവുകള്‍ മാത്രം നോക്കി സ്വന്തം മക്കളെ ഇകഴ്ത്താന്‍ ഒരു രക്ഷിതാവും തുനിയില്ല.
താരതമ്യം ചെയ്യുമ്പോള്‍ മക്കളുടെ മൈനസ് മാത്രമാണ് മിക്കപ്പോഴും എടുത്തു പറയുന്നത്. അപ്പോള്‍ താന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന ധാരണയാണ് അവരുടെ മനസ്സിലുറക്കുന്നത്. അതുമൂലം ഉള്ള കഴിവുകളെ തിരിച്ചറിയാനോ തിരിച്ചറിഞ്ഞാല്‍ തന്നെ അത് വളര്‍ത്താനോ അവര്‍ക്ക് ഉത്സാഹമുണ്ടാവില്ല. അത് അവരിലുള്ള ആത്മവിശ്വാസം കുറക്കുകയും ആത്മനിന്ദ വര്‍ധിപ്പിക്കുകയും ചെയ്യും. അതുവഴി അപകര്‍ഷ ബോധത്തിന്റെ ആഴിയിലാണ് അവര്‍ അകപ്പെടുന്നത്. കുറ്റങ്ങളും കുറവുകളുമൊക്കെ ഇഴ ചേര്‍ന്നതാണ് മനുഷ്യവ്യക്തിത്വം. കുട്ടികളുടേത് പ്രത്യേകിച്ചും. ഇവിടെ കുറവുകളെ പെരുപ്പിച്ചു കാണിക്കുന്ന രീതി ഒട്ടും അഭികാമ്യമല്ല. പ്ലസ് പോയിന്റുകള്‍ എടുത്തുകാണിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. അപ്പോഴേ അവരില്‍ ആത്മവിശ്വാസം വര്‍ധിക്കൂ. കഴിവുകളെ അഭിനന്ദിച്ചും പ്രോത്സാഹിപ്പിച്ചും മുന്നോട്ടു പോയില്ലെങ്കില്‍ അവരിലുള്ള കഴിവുകള്‍ മുരടിച്ചുപോകും. പിന്നെ അവ മിനുക്കിയെടുക്കുക ഏറെ പ്രയാസമായിരിക്കും. അഭിമാനമാണ് എല്ലാവര്‍ക്കും ഏറ്റവും വലുത്. അതിന് ക്ഷതം വരുത്തുന്ന ഒന്നും രക്ഷിതാക്കളില്‍നിന്നുണ്ടായിക്കൂടാ. അഭിമാനത്തിന് ഹാനി വരുത്തുന്ന രക്ഷിതാക്കളോട് മക്കള്‍ക്ക് വെറുപ്പും പകയും തോന്നുക സ്വാഭാവികം മാത്രം.