ഉന്നത വിദ്യാഭ്യാസം ആണ്‍കുട്ടികളെ കാണ്‍മാനില്ല

ഡോ. ഇസഡ്.എ അഷ്റഫ് /ലേഖനം
2015 ജൂണ്‍
തൊണ്ണൂറുകളുടെ അവസാനം വരെ കേരളത്തിലെ ഉന്നത പഠനകേന്ദ്രങ്ങളായ സര്‍വകലാശാലകളിലും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലും

      തൊണ്ണൂറുകളുടെ അവസാനം വരെ കേരളത്തിലെ ഉന്നത പഠനകേന്ദ്രങ്ങളായ സര്‍വകലാശാലകളിലും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അനുപാതം ഏറെക്കുറെ തുല്യമായിരുന്നു. സര്‍വകലാശാലകളിലെ ചില ഡിപ്പാര്‍ട്ടുമെന്റുകളിലും എഞ്ചിനീയറിംഗ് കോളജുകള്‍, പോളിടെക്‌നിക്ക് കോളജുകള്‍ തുടങ്ങിയ പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും ആണ്‍കുട്ടികളുടെ എണ്ണം പെണ്‍കുട്ടികളെക്കാള്‍ കൂടുതലായിരുന്നു. പിന്നീട് ഈ ട്രെന്റ് മാറിവരുന്നതായാണ് കാണപ്പെട്ടത്. മാറിവന്നു എന്നുമാത്രമല്ല, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെ പല ക്ലാസ് മുറികളില്‍നിന്നും ആണ്‍കുട്ടികള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷരാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഇന്ന് കോളേജുകളിലെ ആണ്‍-പെണ്‍ ശരാശരി അനുപാതം 20:80 എന്നതാണ്. അതായത് നാല് പെണ്‍കുട്ടികള്‍ ബിരുദം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു ആണ്‍കുട്ടിയാണ് ബിരുദധാരിയാകുന്നത്. കേരളത്തില്‍ എല്ലാ ജില്ലകളിലും ഇതേ പ്രവണത കാണാമെങ്കിലും കൂടുതല്‍ അന്തരം നിലനില്‍ക്കുന്നത് വടക്കന്‍ കേരളത്തിലാണ്.
എന്തുകൊണ്ട് ആണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തില്‍ വിമുഖത കാണിക്കുന്നു?
വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. ചിലര്‍ പറയുന്നത് ആണ്‍കുട്ടികള്‍ എഞ്ചിനീയറിംഗ് പോലുള്ള മേഖലക്ക് പ്രാധാന്യം നല്‍കുന്നതിനാലാണ് മെഡിക്കല്‍/ പാരാമെഡിക്കല്‍ രംഗത്തും ആര്‍ട്‌സ് ആന്റ് സയന്‍സ് രംഗത്തും കുറയുന്നത് എന്നാണ്. പക്ഷേ, എഞ്ചിനീയറിംഗ് കോളജുകളിലെ ആണ്‍-പെണ്‍ അനുപാതം ഈ ഉത്തരം തൃപ്തികരമല്ലയെന്ന മറുപടിയാണ് നല്‍കുന്നത്. അപ്പോള്‍ ചിലര്‍ പറയുന്നു, ആണ്‍കുട്ടികള്‍ short term technical course കള്‍ക്ക് പോകുന്നുവെന്ന.് ശരിയാണ്. മൊബൈല്‍ റിപ്പയറിംഗ് പോലുള്ള പ്രത്യേകിച്ച് മെനക്കേടില്ലാത്ത, എളുപ്പം എന്തെങ്കിലും ജോലി ലഭിക്കുന്ന കോഴ്‌സുകളോട് ആണ്‍കുട്ടികളില്‍ ഏറെ പേര്‍ താല്‍പര്യം കാണിക്കാറുണ്ട്. പുതിയ തലമുറയുടെ ഒരു മനോഭാവം ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. വിദ്യാഭ്യാസം തൊഴില്‍ നേടാന്‍ മാത്രമുള്ളതാണെന്നും ഏറ്റവും പെട്ടെന്ന് എന്തെങ്കിലും ജോലി ലഭിക്കാന്‍ പറ്റുന്നതാണ് ഏറ്റവും നല്ല വിദ്യാഭ്യാസമെന്നുമുള്ള കാഴ്ചപ്പാട്.
കൂടുതല്‍ കാലം പഠിക്കാനുള്ള താല്‍പര്യക്കുറവ്, എങ്ങനെയെങ്കിലും പെട്ടെന്ന് പണമുണ്ടാക്കണമെന്നുള്ള അമിതാഗ്രഹം. ഇതൊക്കെയാണ് ഇന്നത്തെ ആണ്‍കുട്ടികളുടെ ചിന്ത. ഇതുകൊണ്ടാണ് മണല്‍കടത്തിലും ബൈക്ക് മോഷണത്തിലും മറ്റും സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന കാഴ്ച നാം കാണുന്നത്.
ആണ്‍കുട്ടികള്‍ ഉന്നത പഠന-ഗവേഷണ രംഗത്ത് കുറഞ്ഞുവരുന്നതിന്റെ കാരണങ്ങളെക്കുറിച്ച് പഠനം നടത്താന്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു എന്‍.ജി.ഒ സര്‍വേ നടത്തിവരുന്നുണ്ട്. ഈ പഠനത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലെ വിവിധ ഷോപ്പുകളില്‍ സെയില്‍സ്മാന്‍ ആയി ജോലിചെയ്യുന്ന പഠനം ഉപേക്ഷിച്ച ചെറുപ്പക്കാരെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ അവരില്‍ ഏറെ പേരും വീട്ടിലെ ദാരിദ്ര്യമോ സാമ്പത്തിക പ്രയാസമോ കാരണം ഈ തൊഴില്‍ തെരഞ്ഞെടുത്തതല്ല. മറിച്ച്, ചെത്തിനടക്കാന്‍ ഒരു ബൈക്കും ഏറ്റവും നല്ല സ്മാര്‍ട്ട് ഫോണും, പിന്നെ അടിച്ചുപൊളിക്കാന്‍ ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ നേടാന്‍ അവസരവും ലഭിക്കുന്നു എന്നതിനാല്‍ ഈ രംഗത്തേക്ക് വന്നവരാണ്.
ആണ്‍-പെണ്‍ വ്യത്യാസത്തിന്റെ പരിണിത ഫലങ്ങള്‍
പഠനരംഗത്ത് ആണ്‍-പെണ്‍ വ്യത്യാസം ചര്‍ച്ചചെയ്യുമ്പോള്‍ ചിലര്‍ ചോദിക്കുന്ന ചോദ്യമുണ്ട്. 'പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ടല്ലോ. ആണ്‍കുട്ടികള്‍ പഠനമുപേക്ഷിച്ച് തൊഴില്‍ രംഗത്തേക്ക് പോകുന്നതില്‍ പിന്നെ എന്തിന് വേവലാതിപ്പെടണം?''
പഠനരംഗത്തെ Gender difterence ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് ഈ ചോദ്യം ഉയരുന്നത്.
ഇന്ന് അധ്യാപന രംഗത്ത് ആണ്‍ സാന്നിധ്യം ഏറെക്കുറെ അപ്രത്യക്ഷമാവുന്നതില്‍ ഈ പ്രവണതക്ക് നല്ല പങ്കുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഒരുപക്ഷെ അത്രയേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലായെങ്കിലും ഉന്നത വിദ്യാഭ്യാസ- ഗവേഷണ രംഗത്ത് പുരുഷന്മാര്‍ ഇല്ലാതാവുന്നത് ഗുണനിലവാരത്തെ ബാധിക്കുമെന്നതില്‍ രണ്ട് പക്ഷമുണ്ടാവാന്‍ സാധ്യതയില്ല.
ഏറ്റവും ഗുരുതരമായ പ്രത്യാഘാതം വിവാഹ-കുടുംബ കാര്യങ്ങളിലാണ്. പഠിച്ച പെണ്‍കുട്ടികള്‍ക്ക് അനുയോജ്യരായ വരനെ കിട്ടുന്നില്ല എന്നതാണ് ഒരു പ്രശ്‌നം. എത്രയോ കുടുംബങ്ങള്‍ ഈ പ്രശ്‌നത്തിന്റെ തീക്ഷ്ണത അനുഭവിക്കുന്നു. പ്ലസ്ടുക്കാരന്‍ ബിരുദ-ബിരുദാനന്തര യോഗ്യതയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്തിന്റെ പേരിലുള്ള കുടുംബ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. വിവാഹമോചനം വര്‍ധിച്ചുവരുന്നതിന്റെ പല കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ഈ 'പൊരുത്ത' മില്ലായ്മയാണ്. പെണ്‍കുട്ടിയുടെ സുപ്പീരിയോറിറ്റി കോംപ്ലക്‌സും ആണ്‍കുട്ടിയുടെ ഇന്‍ഫീരിയോറിറ്റി കോംപ്ലക്‌സും ഏറ്റുമുട്ടുമ്പോള്‍ സൈക്കോളജിസ്റ്റിന്റെ അടുത്ത് എത്തിപ്പെടുക സ്വാഭാവികം മാത്രം. ഇതൊക്കെ കാരണം പെണ്‍കുട്ടികളെ ഉന്നത പഠനത്തിന് വിടാന്‍ മടിക്കുന്ന രക്ഷിതാക്കളും നിരവധിയാണ്.
എന്തുണ്ട് പരിഹാരം?
സന്തോഷകരമായ ഒരു കാര്യം ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി ചില സംഘടനകളും കൂട്ടായ്മകളും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട് എന്നതാണ്. ശക്തമായ പ്രചാരണമാണ് മാധ്യമങ്ങളും സംഘടനകളും ഏറ്റെടുത്ത് നടപ്പിലാക്കേണ്ടത്. വിദ്യാഭ്യാസം എന്നാല്‍ കേവലം ഏതെങ്കിലും ഒരു തൊഴില്‍ ലഭിക്കാന്‍ പര്യാപ്തമാകുന്ന ഒന്നല്ലായെന്നും, അവരവരുടെ കഴിവുകള്‍ക്കനുസരിച്ച് എത്തിപ്പെടാന്‍ പറ്റുന്നതിന്റെ പാരമ്യത്തില്‍ എത്തിക്കുക എന്നതാണെന്നും ബോധവല്‍ക്കരിക്കേണ്ടതുണ്ട്. പഠിക്കാന്‍ കഴിവുള്ള വിദ്യാര്‍ഥികളെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണത്തിലൂടെ മികച്ച മേഖലകളിലേക്ക് ആകര്‍ഷിക്കേണ്ടതുണ്ട്.
പഠനം പാതിവഴിയില്‍ നിര്‍ത്തിക്കളയുന്ന ആണ്‍കുട്ടികളെ പ്രകോപിപ്പിക്കാന്‍ പെണ്‍കൂട്ടായ്മകള്‍ക്ക് ക്രിയേറ്റീവായ മാര്‍ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. ഉദാഹരണമായി, ബിരുദധാരികളല്ലാത്ത ആണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ ഞങ്ങള്‍ സന്നദ്ധരല്ല എന്ന് വിദ്യാസമ്പന്നരായ പെണ്‍കൂട്ടങ്ങള്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ആണ്‍കുട്ടികളുടെ ചിന്തയില്‍ പഠനം അനിവാര്യമാണെന്ന ബോധമുണ്ടാക്കാന്‍ സാധിക്കും.
ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഒരു ഇടപെടലിന് നേരമായിരിക്കുന്നു. പഠനത്തെക്കുറിച്ചുള്ള ആണ്‍കുട്ടികളുടെ ബോധമണ്ഡലത്തില്‍ ഒരു തിരുത്തിനായുള്ള ഒരു ഇടപെടല്‍.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media