ഒരുങ്ങാം... ആദ്യപാഠശാലയിലേക്ക്
സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ ആദ്യവാരത്തിലെ ഒരു ഉച്ചയൂണാണ് സന്ദര്‍ഭം. ആദ്യമായി സ്‌കൂള്‍ പടി കയറിവരുന്ന കുട്ടികള്‍.
സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ ആദ്യവാരത്തിലെ ഒരു ഉച്ചയൂണാണ് സന്ദര്‍ഭം. ആദ്യമായി സ്‌കൂള്‍ പടി കയറിവരുന്ന കുട്ടികള്‍. അപരിചിതര്‍ക്കിടയില്‍ പെട്ടതിന്റെ കൂട്ടക്കരച്ചിലും കലപിലയും ഓടിപ്പോകലും അവരെ നിയന്ത്രിക്കാന്‍ പാടുപെടുന്ന അധ്യാപകരും ആയമാരും. ഭക്ഷണമുറിയിലെ നിരത്തിയിട്ട കസേരയില്‍ ഓരോരുത്തരെയായി പിടിച്ചിരുത്തുകയാണ്. 'എന്റെ ചോറു പോയി. എന്റെ പാത്രം കാണാനില്ല. ഞാനിവിടിരിക്കില്ല' പരാതികളും യഥേഷ്ടം. അതിനിടയില്‍ ഒരു ഗുണ്ടുമണി മോള് വലിയൊരു കിറ്റും താങ്ങിപ്പിടിച്ച് ഒരു കസേരയില്‍ വന്നിരുന്നു. കിറ്റിന്റെ വലിപ്പവും ആളുടെ വലിപ്പക്കുറവും കാരണം ഒരുവശത്തേക്ക് ചരിഞ്ഞായിരുന്നു നടപ്പ്. കിറ്റുതുറന്ന് പാത്രങ്ങളെടുത്തുവെച്ച ആയ അന്തംവിട്ടുപോയി. ചോറുപാത്രത്തിനൊപ്പം അഞ്ചാറു കുഞ്ഞു കുഞ്ഞു പാത്രങ്ങള്‍. ഓരോന്നായി തുറന്നുകൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് അവര്‍ പറഞ്ഞു: 'ഓണസദ്യേം കൊണ്ടാ വന്നിരിക്കണെ. ഇതിന്റുമ്മാക്ക് പണിയൊന്നുമില്ലാന്നു കരുതി. ഈ കുട്ടി ഇപ്പൊ ഇതൊക്കെ തിന്നതുതന്നെ.' ഇതൊന്നും കേള്‍ക്കാത്ത മട്ടില്‍ അവള്‍ ബിന്‍ എടുത്ത് കഴുത്തില്‍ കെട്ടി കറിയെടുത്ത് ചോറിലൊഴിച്ച് കുഞ്ഞുകൈകൊണ്ട് കുഴച്ച് കഴിക്കാന്‍ തുടങ്ങി. അടുത്ത പാത്രത്തീന്ന് മുട്ടപൊരിച്ചതെടുത്ത് കൂട്ടി, പപ്പടവും തൈരും ഉപ്പേരിയും ഇടക്കിടെ വാരിയിട്ട് അല്‍പംപോലും കളയാതെ വളരെ മനോഹരമായിട്ട് ആസ്വദിച്ച് ചോറ് മുഴുവന്‍ കഴിച്ചു. ശേഷം ബാക്കിവന്ന ഉപ്പേരി മുഴുവന്‍ കടല കൊറിക്കുന്നതുപോലെ ചവച്ചോണ്ട്, ഉരുട്ടിക്കൊടുത്തും ഭീഷണിപ്പെടുത്തിയും എടുത്തോണ്ടു നടന്നും തീറ്റിക്കുന്ന തന്റെ സഹപാഠികളെ സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. ശേഷം ബാക്കി തൈരെടുത്തു കുടിച്ച് കുപ്പിയില്‍നിന്ന് വെള്ളവും വേണ്ടത്ര കുടിച്ച് ഇടത്തേ കൈകൊണ്ട് ഓരോ പാത്രവും അടച്ചുവെച്ചു. എഴുന്നേറ്റ് കൈ കഴുകിവന്ന് പാത്രങ്ങള്‍ കിറ്റിലിട്ട് ഒന്നും സംഭവിക്കാത്തമട്ടില്‍ സംതൃപ്തിയോടെ ക്ലാസിലേക്ക് നടന്നുപോയി. എത്ര സുന്ദരമായിട്ടാണാ കുട്ടി ഭക്ഷണം കഴിച്ചത്. നോക്കിനിന്ന ഞങ്ങള്‍ ആശ്ചര്യപ്പെട്ടു. 'ആ കുട്ടീടെ അമ്മക്ക് കൊടുക്കണം സമ്മാനം.' കൂട്ടത്തിലെ ഒരു ടീച്ചര്‍ അടക്കാനാവാത്ത സന്തോഷത്തോടെ പറഞ്ഞു.
ആദ്യപാഠശാലയിലേക്ക് പ്രവേശനം നേടി ജൂണിനായുള്ള കാത്തിരിപ്പിലാണ് നമ്മളില്‍ പല രക്ഷിതാക്കളും. മുറ്റത്തും അകത്തും പിച്ചവെച്ചു നടക്കുന്ന പൊന്നിന്‍കുടങ്ങളെ സ്‌കൂളിലേക്കയക്കുന്നതിനെക്കുറിച്ച് ആകുലതകളേറെ. ഇത്രനാളും അമ്മയുടെ ചൂടും ബന്ധുക്കളുടെ സ്‌നേഹവും പറ്റിനടന്ന കുട്ടി പെട്ടൊന്നൊരു ദിവസം അപരിചിതമായൊരു ലോകത്ത് എത്തിപ്പെടുമ്പോള്‍ ആകെ പകച്ചുപോകും. എന്നാല്‍ ജീവിതത്തില്‍ ഒരല്‍പം ശ്രദ്ധയും ചിട്ടയുമുണ്ടായാല്‍ നമ്മുടെ കുട്ടികളും സമര്‍ഥരായി വളരും. 'കുട്ടികള്‍ കൊശവന്റെ കൈയിലെ കളിമണ്ണ് പോലെയാണെന്ന്' കേട്ടിട്ടില്ലേ. അതിന് ആദ്യം അവരെ പരാശ്രയത്തില്‍നിന്നും സ്വശ്രയശീലത്തിലേക്ക് കൊണ്ടുവരണം. പരിശീലിപ്പിക്കാം.
1. രാത്രി നേരത്തെ കുട്ടിയെ ഉറക്കുക. രാവിലെ കൃത്യമായ ഒരു സമയത്ത് എണീക്കാന്‍ ശീലിപ്പിക്കുക. ഇതിനായി ഭംഗിയുള്ള ഒരു ചെറിയ അലാറം ക്ലോക്ക് കുട്ടിക്കായി വാങ്ങിക്കൊടുക്കാം. ഞാനൊറ്റക്കുണര്‍ന്നു എന്നഭിമാനിക്കുന്നതിനു പുറമെ കണ്ണുതുറക്കുമ്പോഴേ കേള്‍ക്കേണ്ടിവരുന്ന ശകാരങ്ങളും മല്‍പിടുത്തവും ഒഴിവായിക്കിട്ടും.
2. വൃത്തിയായി സ്വയം പല്ലുതേക്കാനും നാവു വടിക്കാനും ശീലിപ്പിക്കുക.
3. രാവിലെ തന്നെ ടോയ്‌ലറ്റില്‍ പോകാന്‍ ശീലിപ്പിക്കുക.
4. അസുഖമൊന്നുമില്ലെങ്കില്‍ രാവിലെയുള്ള കുളി പതിവാക്കുക. ഇതുമൂന്നും ഒന്നിച്ച് വണ്‍ ടൂ ത്രീ സിസ്റ്റമാക്കിയാല്‍ അവന്റെ ഭാവിജിവിതത്തിലേക്കു പകര്‍ന്നുകിട്ടുന്ന വളരെ നല്ല ഒരു ആരോഗ്യശീലമാകും. മാത്രമല്ല, സമയവും ലാഭിക്കാം.
5. ഞാനിരുന്നൂട്ടിയാലേ... ഉണ്ണാറുള്ളു എന്ന ശീലം മാറ്റിയെടുക്കുക. കുട്ടിയെ കൂടെയിരുത്തി തനിയെ ഭക്ഷണം കഴിക്കാന്‍, സ്പൂണ്‍ പിടിക്കാന്‍, ഗ്ലാസുപയോഗിച്ച് വെള്ളം കുടിക്കാന്‍ എല്ലാം പഠിപ്പിക്കാം. മോണ്ടിസോറി സ്‌കൂളിലേക്കാണ് കുട്ടിയെ അയക്കുന്നതെങ്കില്‍ തറയില്‍ ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കാന്‍ ശീലിപ്പിക്കണം. ഭക്ഷണം ദൈവം തന്ന സമ്മാനമാണെന്നും അത് ചിതറിക്കളയാതെ വൃത്തിയായി ചവച്ചരച്ച് കഴിക്കണമെന്നും കുട്ടിക്ക് മനസ്സിലാക്കിക്കൊടുക്കണം.
ഭക്ഷണത്തിനു മുമ്പും ശേഷവും വൃത്തിയായി കൈ കഴുകാന്‍ ശീലിപ്പിക്കാം. രണ്ടു കൈകൊണ്ടും ഉരച്ച് ചളികളഞ്ഞ് വൃത്തിയാക്കുന്നത് ചെയ്ത് കാണിച്ചുകൊടുക്കാം.
7. അധികം സ്‌കൂളുകളിലും ഇറച്ചിയും മീനും അനുവദനീയമല്ല. ഒന്നിച്ചിരുന്ന് കഴിക്കുമ്പോള്‍ മറ്റുകുഞ്ഞുങ്ങള്‍ക്ക് ആഗ്രഹം തോന്നുന്നതിനാലാണത്. അതിനാല്‍ പച്ചക്കറികളും തൈരും സാലഡുകളും മറ്റും കൂട്ടി ഉണ്ണാന്‍ ശീലിപ്പിക്കാം. സ്‌കൂളില്‍ നിന്നവര്‍ ഒന്നും കഴിക്കുന്നില്ല എന്ന സ്ഥിരം പരാതി ഒഴിവാക്കാനിതേ മാര്‍ഗമുള്ളൂ. കഴിയുമെങ്കില്‍ കുട്ടിക്കുള്ള ലഞ്ച്‌ബോക്‌സ് അല്‍പം നേരത്തെ വാങ്ങി അതില്‍ ചോറുതിന്ന് ശീലിക്കാം.
8. 'ടീച്ചറേ ഇതൊന്ന് ഇട്ട്തര്യോ' എന്നുപറഞ്ഞ് ഉടുപ്പും പൊക്കി, അല്ലെങ്കില്‍ ഷര്‍ട്ട് മാത്രമിട്ട് ഷഡീം ട്രൗസറും കൈയില്‍ തൂക്കിപ്പിടിച്ചോണ്ട് ടോയ്‌ലറ്റിന്ന് ക്ലാസിലേക്ക് വരുന്ന കുട്ടികള്‍ ആദ്യത്തെ മാസങ്ങളില്‍ പതിവുകാഴ്ചയാണ്. ചിലര്‍ക്ക് അത് അഴിക്കാനറിയാത്തതിനാല്‍ ടോയ്‌ലറ്റില്‍ അങ്ങനെ പോയിരിക്കും. ശരിയായ രീതിയില്‍ ഷഡി ഇടാന്‍ കുട്ടിയെ പഠിപ്പിക്കണം. ഷഡി കൈയിലെടുത്ത് വലിയഭാഗം പിറകിലും ചെറിയ വിഭാഗം മുന്നിലുമായി പിടിച്ച് ചുമരില്‍ ചാരിനിന്ന് ഇടാന്‍ പറഞ്ഞുകൊടുക്കാം.
9. റണ്ണിംഗ് നോസ് അഥവാ മൂക്കൊലിപ്പ് ആര്‍ക്കും ഒരല്‍പം അറപ്പുതോന്നുന്ന ഒരവസ്ഥയാണ്. കുഞ്ഞുപ്രായത്തില്‍ അടിക്കടി ജലദോഷം വരും. എന്നാല്‍ ശരിയായ രീതിയില്‍ ടവലുപയോഗിച്ച് മൂക്കുവൃത്തിയാക്കാന്‍ പഠിച്ച കുട്ടിക്ക് ഇതൊരു പ്രശ്‌നമാവില്ല. ഇടക്ക് വെള്ളമുപയോഗിച്ച് സ്വയം ചീറ്റിക്കളഞ്ഞ് കഴുകാനും തുടക്കാനുമെല്ലാം കുട്ടിക്ക് പരിശീലനം നല്‍കുക.
10. ഒരു പരിചയവുമില്ലാത്ത പത്തുമുപ്പത്തഞ്ചു കുട്ടികളെ ഒന്നിച്ചു കൈകാര്യം ചെയ്യേണ്ടിവരുന്ന അധ്യാപികയെക്കുറിച്ച് ആരും ഓര്‍ക്കാറുണ്ടാവില്ല. അവര്‍ക്ക് ഏറെ തലവേദനയുണ്ടാക്കുന്ന ഒരു കാര്യമാണ് ഓമനപ്പേര്. യൂണിഫോമിട്ട് മുന്നിലിരുന്നു കരയുന്ന മിക്ക കുട്ടികള്‍ക്കും ഏകദേശം സാമ്യം തോന്നും. ഇതിനിടയില്‍ തൊണ്ടപൊട്ടി വിളിച്ചാലും ചില പേരുകള്‍ക്ക് ഉടമസ്ഥനുണ്ടാവില്ല. മിണ്ടാതിരിക്കുന്നവരുടെ പേരുകള്‍ മിന്നു, പാച്ചു തുടങ്ങിയ വിളിപ്പേരുകളായിരിക്കും. അതിനാല്‍ നിര്‍ബന്ധമായും കുട്ടിയുടെ മുഴുവന്‍ പേരും ഇനീഷ്യലടക്കം പറഞ്ഞു പഠിപ്പിക്കണം. സ്ഥലപ്പേരും അറിഞ്ഞാല്‍ ഡ്രൈവര്‍മാര്‍ക്കും എളുപ്പമാകും.
11. ഒന്നാണേല്‍ ഉലക്കകൊണ്ടടിക്കണം എന്ന് പഴമക്കാര്‍ പറയുന്നത് അമിത ലാളനകൊണ്ട് കുട്ടിയെ വഷളാക്കരുത് എന്നുദേശിച്ചാണ്. ഇങ്ങനെയുള്ള കുട്ടികള്‍ വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ വളരെ പ്രയാസമാണ്. കുട്ടിയുടെ ഏതിഷ്ടവും സാധിച്ചുകൊടുക്കാന്‍, ചെയ്തുകൊടുക്കാന്‍ വെമ്പല്‍കൊള്ളുന്ന രക്ഷിതാക്കള്‍ കുട്ടിയെ വാശിയുള്ളവനാക്കി മാറ്റുകയാണെന്നറിയുന്നില്ല. ഇത്തരം ഒറ്റക്കുട്ടികളെ മറ്റു കുട്ടികളുമായി കൂട്ടുകൂടാനും കളിക്കാനും പരസ്പരം ഇടപഴകാനുമൊക്കെ ശീലിപ്പിക്കണം. മറ്റുള്ള കുട്ടികളെപ്പോലെത്തന്നെ സ്‌കൂളില്‍ പോയി പഠിക്കണമെന്നും അതിന്റെ ആവശ്യകതയെന്തെന്നുമെല്ലാം പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാം. അല്ലെങ്കില്‍ അകത്ത് കുട്ടിയുടെ ആര്‍ത്തനാദവും പുറത്ത് മദറിന്റെ വിങ്ങിപ്പൊട്ടലുമാകും കുറേ നാളത്തേക്ക്, ഏതാണ്ടൊരു ലേബര്‍റൂമിന്റെ മുന്നിലെ അവസ്ഥ.
12. ഒരു കാരണവശാലും സ്‌കൂളിനെയോ ടീച്ചറെയോ കുറിച്ച് പറഞ്ഞ് കുട്ടിയെ പേടിപ്പിക്കരുത്. പകരം അതിനെക്കുറിച്ചെല്ലാം കുട്ടിക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കാം.
13. അധ്യയനത്തിന്റെ തുടക്കം മഴക്കാലമായതിനാല്‍ ഷൂ നിര്‍ബന്ധമുണ്ടാവില്ല. കഴിയുന്നതും ഹവായ് മോഡലിലുള്ള വി സ്ട്രാപ് ചെരിപ്പുകളോ വെല്‍ക്രോ ഉപയോഗിച്ചുള്ള ഒട്ടിക്കുന്ന ചെരുപ്പുകളോ വാങ്ങാം. അത് കുട്ടിക്ക് സ്വയം ഉപയോഗിക്കാന്‍ കഴിയും.
14. കുട്ടിക്കായുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ പരസ്യത്തിനേക്കാളും പ്രസ്റ്റീജിനെക്കാളും കുട്ടിക്ക് മുന്‍ഗണന നല്‍കുക. എളുപ്പത്തില്‍ സുരക്ഷിതമായി ഉയോഗിക്കാന്‍ കഴിയുന്ന ചോറുപാത്രം, ബാഗ് തുടങ്ങിയവ തെരഞ്ഞെടുത്തുകൊടുക്കാം. എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നത് കുട്ടിയുടെ ആത്മവിശ്വാസം നശിപ്പിക്കും.
15. ഒരുവിധം കരച്ചിലും പ്രശ്‌നങ്ങളുമെല്ലാം അടങ്ങിയെന്നു സമാധാനിക്കുമ്പോഴായിരിക്കും പെട്ടെന്നു സ്‌കൂളില്‍ മടിയും കരച്ചിലും തുടങ്ങുന്നത്. ചിലപ്പോള്‍ ടീച്ചറെന്നെ ചീത്തപറഞ്ഞൂന്നാവും പരാതി. ഇതുവരെ ഒരു കുഴപ്പവുമില്ലാത്ത കുട്ടിയായിരുന്നെന്ന് കയര്‍ത്തുകൊണ്ട് ഓഫീസിലെത്താന്‍ വരട്ടെ. ഇവിടെ വില്ലന്‍ എഴുത്താണ്. ഒന്നുരണ്ടുമാസങ്ങള്‍ക്കു ശേഷമായിരിക്കും എഴുതാന്‍ തുടങ്ങുക. ശീലമില്ലാത്ത പെന്‍സില്‍ പിടിക്കുമ്പോള്‍ കൈ വേദനിക്കാനും മുഷിയാനുമൊക്കെ തുടങ്ങും. ഇതാണ് മടിയിലേക്ക് നയിക്കുന്നത്.
ക്രയോണ്‍സും പേപ്പറും ഉപയോഗിച്ച് കളറടിക്കുക, മുത്തുകോര്‍ക്കുക. സ്പൂണുപയോഗിച്ച് പയര്‍, കടല, മണല്‍ തുടങ്ങിയവ ചിരട്ടയിലോ പാത്രത്തിലോ വാരിയിട്ടു കളിക്കുക, സ്ലൈറ്റില്‍ വെറുതെ കുത്തിവരയുക തുടങ്ങി പേശീവികാസത്തിന് സഹായിക്കുന്ന പല കളികളിലൂടെയും കുട്ടിയെ എഴുത്തിനായി തയ്യാറെടുപ്പിക്കാം.
നമ്മുടെ കുട്ടികള്‍ ആത്മാഭിമാനമുള്ള ചുണക്കുട്ടികളായി മാറാനാദ്യം നമ്മള്‍ അവര്‍ക്കൊരു മാതൃകയാവണം. നല്ല ശീലങ്ങളും നല്ല പെരുമാറ്റവും കണ്ട് അവര്‍ വളരട്ടെ. കൂടെ നിരന്തരമായ പ്രാര്‍ഥനയും പതിവാകട്ടെ. ഓരോ കാര്യങ്ങളും എത്രപെട്ടെന്നാണ് അവര്‍ പഠിക്കുന്നതെന്നും ശീലിക്കുന്നതെന്നും ശീലിക്കുന്ന ചിട്ടകള്‍ തെറ്റാതെ ചെയ്യാന്‍ അവര്‍ കാണിക്കുന്ന ശുഷ്‌കാന്തിയും നിങ്ങള്‍ക്ക് അനുഭവിച്ചറിയാം. രണ്ടുമാസങ്ങള്‍ക്കു ശേഷം ടീച്ചറെ സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ അവര്‍ പറയും... 'മോന്‍/മോള്‍ മിടുക്കനാ. ഒരു പ്രശ്‌നവുമില്ല. എല്ലാ കാര്യത്തിലും ഉഷാറാ. ഒന്നും പേടിക്കണ്ടാട്ടോ.' ഹാവൂ... ആനന്ദലബ്ധിക്കിനി എന്തുവേണം.