ജയ്ഷ എ. നിലമ്പൂര്‍ ഏപ്രില്‍ ലക്കം എഴുതിയ ലേഖനം ശ്രദ്ധേയമായി. സ്ത്രീകള്‍ അവഗണിക്കപ്പെടുന്ന കാര്യങ്ങളില്‍ ഒന്നാണ്
ജയ്ഷ എ. നിലമ്പൂര്‍ ഏപ്രില്‍ ലക്കം എഴുതിയ ലേഖനം ശ്രദ്ധേയമായി. സ്ത്രീകള്‍ അവഗണിക്കപ്പെടുന്ന കാര്യങ്ങളില്‍ ഒന്നാണ് ആര്‍ത്തവ കാലം. എന്നാല്‍ പ്രകൃതിമതമായ ഇസ്‌ലാം ഋതുമതികളെ അവഗണിക്കുന്നില്ല എന്ന് വെളിപ്പെടുത്തുന്ന ഖുര്‍ആന്‍ വാക്യങ്ങളും ഹദീസുകളും ഉള്‍പ്പെടുത്തി സ്ത്രീകള്‍ അവഗണിക്കപ്പെടേണ്ടതില്ല എന്നും സ്ത്രീകള്‍ പരിഗണിക്കപ്പെടേണ്ടവള്‍ തന്നെയാണ് എന്നും വെളിപ്പെടുത്തിയത് വളരെയധികം നന്നായി. ഈ കാലഘട്ടത്തില്‍ ഇത്തരം ഒരു ലേഖനം കൂടുതല്‍ പ്രധാന്യം അര്‍ഹിക്കുന്നതു തന്നെയാണ്. സ്ത്രീ വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കൂടുതല്‍ കാര്യങ്ങള്‍ ആരാമത്തില്‍ ഉള്‍പ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു.
കുടുംബങ്ങളെ അകറ്റരുത്
കുടുംബബന്ധത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം കല്‍പിക്കുന്നുണ്ട്. വിവാഹശേഷം കുടുംബങ്ങളുമായി അകന്നുകഴിയുന്ന ചിലയാളുകളുണ്ട്. ബന്ധുക്കള്‍ തങ്ങളുടെ വീട്ടിലേക്ക് വരുന്നതു തന്നെ അവര്‍ക്കു വെറുപ്പാണ്. തനിക്ക് തന്റെ ഭാര്യ മതി എന്ന തോന്നലാണ് ചിലര്‍ക്ക്. ഇത്തരക്കാരെല്ലാം പിന്നീട് വലിയ ഖേദത്തില്‍ പെട്ടതായ അനുഭവങ്ങള്‍ ധാരാളമുണ്ട്. ഭാര്യവീട്ടുകാര്‍ സാമ്പത്തികമായി അല്‍പം താഴെയാണെങ്കില്‍ ഒരിക്കലും ഭാര്യയുടെ മുമ്പാകെ വെച്ച് അവരെ താഴ്ത്തിപ്പറയരുത്. അത് അവളുടെ മനസ്സില്‍ വിഷമവും അപകര്‍ഷതാബോധവും ഉണ്ടാക്കിത്തീര്‍ക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭാര്യവീട്ടുകാരെ കഴിയുംവിധം സഹായിക്കുന്നതും നല്ലതാണ്; അവര്‍ ഉത്തമരും സഹായത്തിന് അര്‍ഹരുമാണെങ്കില്‍. എന്നാല്‍ സ്വന്തം കുടുംബങ്ങളെ അവഗണിച്ചും പരിധിവിട്ടും അവരെ സഹായിക്കരുത്. ഒരു നല്ല ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കണം. ഒന്നും തിരിയാത്ത വിഡ്ഢിയെപ്പോലെ ഒരിക്കലും ഭാര്യയുടെ മുമ്പാകെ പെരുമാറരുത്. ഭാര്യയെ സംരക്ഷിക്കുക, അവള്‍ക്ക് ആവശ്യത്തിന് ആഹാരവും വസ്ത്രവും നല്‍കുക തുടങ്ങിയവ ഭര്‍ത്താവിന്റെ ബാധ്യതകളാണ്. ഇതിനു കഴിയാത്തവന്‍ വിവാഹം ചെയ്യാതെ മാറിനില്‍ക്കുകയാണ് വേണ്ടത്.
ജോലി ചെയ്ത് കിട്ടുന്ന പണം കൊണ്ട് ഹോട്ടലില്‍ കയറി വയറു നിറയെ ഭക്ഷണം കഴിക്കുകയും ഭാര്യക്ക് നാമമാത്രമായ ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന ചില ആളുകളുണ്ട്. ഹോട്ടലില്‍ കൊടുക്കുന്ന പണം മതിയാവും അവര്‍ക്ക് രണ്ടുപേര്‍ക്കും വയറു നിറയെ ഭക്ഷണം കഴിക്കാന്‍. ഭാര്യയെ ജോലിക്ക് പറഞ്ഞയച്ച് അവള്‍ കൊണ്ടുവരുന്ന പണം കൊണ്ട് ജീവിക്കുന്ന അലസരായ ചില ഭര്‍ത്താക്കന്മാരെയും കാണാന്‍ കഴിയും. ഭാര്യ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണംകൊണ്ട് മദ്യപിച്ച് അവളെ മര്‍ദിക്കുന്ന ഭര്‍ത്താക്കന്മാര്‍ പോലുമുണ്ട് എന്നതാണ് വസ്തുത. ഇതൊന്നും ഇസ്‌ലാം അംഗീകരിക്കുന്നതല്ല. വിവാഹം ചെയ്തുകൊണ്ടുവരുന്ന പെണ്ണിനെ തീറ്റിപ്പോറ്റേണ്ട ബാധ്യത പുരുഷനു തന്നെയാണ്. പണം ചെലവഴിക്കുന്ന കാര്യത്തില്‍ നാം വലിയ ശ്രദ്ധപുലര്‍ത്തണം.
ഭാര്യയെ ഒരു മുഴുസമയ ജോലിക്കാരിയായിട്ടാണ് പലരും കണക്കാക്കുന്നത്. വീട്ടിലെ ജോലികളും ഭര്‍ത്താവിന്റെ ജോലികളും മുഴുവന്‍ ഭാര്യ ചെയ്യണം എന്നാണവരുടെ ധാരണ. ഭക്ഷണം കഴിച്ചാല്‍ ആ പാത്രം നീക്കിവെക്കുന്നതുകൂടി ഭാര്യയുടെ ചുമതലയാണെന്ന് കരുതുന്നവരാണധികവും. ഈ ധാരണ ശരിയല്ല. ഭാര്യ പുരുഷന്റെ ജീവിത പങ്കാളി മാത്രമാണ്, വേലക്കാരിയല്ല. ഗാര്‍ഹിക ജോലികളില്‍ ഭാര്യക്കുള്ളതുപോലെ ഉത്തരവാദിത്വം ഭര്‍ത്താവിനുമുണ്ട്. അതുകൊണ്ട് ഗാര്‍ഹിക ജോലികളില്‍ ഭാര്യമാരെ പരമാവധി സഹായിക്കേണ്ടത് ഭര്‍ത്താക്കന്മാരുടെ ബാധ്യതയാണ്. ഗാര്‍ഹിക ജോലികള്‍ വേഗം ചെയ്തുകഴിഞ്ഞാല്‍ ബാക്കിയുള്ള സമയം അവര്‍ക്കൊരുമിച്ച് സന്തോഷപൂര്‍വം ചെലവഴിക്കാമല്ലോ. വീട്ടിനു പുറത്തുള്ള ജോലിയും ഉത്തരവാദിത്വങ്ങളും വിസ്മരിച്ച് ഭാര്യമാരെ ഗാര്‍ഹിക ജോലികളില്‍ സഹായിക്കണമെന്ന് ഈ പറഞ്ഞതിനര്‍ഥമില്ല. ഒഴിവുള്ള സമയങ്ങളില്‍ അവരെ പരമാവധി സഹായിക്കണമെന്നേ ഉദ്ദേശിക്കുന്നുള്ളൂ. ഇത് പുരുഷന്മാരുടെ ഔദാര്യമല്ല, ബാധ്യതയാണ്. നബിതിരുമേനി (സ) ഗാര്‍ഹിക ജോലികളില്‍ തന്റെ ഭാര്യമാരെ സഹായിച്ചിരുന്നതായി ഹദീസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാര്യയോ ഭര്‍ത്താവോ നിസ്സാരകാര്യത്തിന് ആവശ്യമില്ലാതെ വിശിപിടിക്കുന്നതുകൊണ്ട് പലപ്പോഴും വിവാഹബന്ധങ്ങള്‍ തകര്‍ന്ന അനുഭവങ്ങള്‍ ധാരാളമുണ്ട്. അതുകൊണ്ട് ഭാര്യാഭര്‍ത്താക്കന്മാര്‍ പൊതുവായും ഭര്‍ത്താവ് പ്രത്യേകിച്ചും ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളില്‍ കഴിവതും ഭാര്യയോട് വാശികാണിക്കരുത്. ഭാര്യയുടെ വാശിക്ക് വഴങ്ങുന്നതുകൊണ്ട് എന്തെങ്കിലും തകരാറുണ്ടാകുമെന്ന് തോന്നുന്നുവെങ്കില്‍ അക്കാര്യം ഭാര്യയെ ബോധ്യപ്പെടുത്തണം. തീര്‍ച്ചയായും അവള്‍ തന്റെ വാശി ഉപേക്ഷിച്ചുകൊള്ളും. അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഭാര്യമാരെ അലോസരപ്പെടുത്തുന്ന ചിലരുണ്ട്. ഒരു നല്ല ഭര്‍ത്താവിന് ചേര്‍ന്നതല്ല ഇത്. നിങ്ങള്‍ നിങ്ങളുടെ ഭാര്യമാരുടെ മേല്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്. അവരും നിങ്ങളെപ്പോലെ മനുഷ്യനാണെന്നും സാമൂഹ്യജീവിയാണെന്നും നിങ്ങള്‍ ഓര്‍ക്കണം. വീട്ടിലെ ജോലികള്‍ ചെയ്ത് മുഷിയുമ്പോള്‍ നിങ്ങളുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്കു ചെന്ന് കുറച്ചുനേരം ഇരുന്നെന്ന് വരും. തന്റെ സ്‌നേഹിതയെ കാണുമ്പോള്‍ അല്‍പനേരം വര്‍ത്തമാനം പറഞ്ഞ് നിന്നെന്നു വരും. ഇത്തരം നിസ്സാരമായ കാര്യങ്ങളുടെ പേരില്‍ ഭാര്യയെ വഴക്കുപറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ആളുകളുണ്ട്. മാന്യതയും സാംസ്‌കാരികബോധവും ഉള്ള വീട്ടിലാണ് അവള്‍ ചെന്നിരുന്ന് വര്‍ത്തമാനം പറയുന്നതെങ്കില്‍ അതിനെ വിലക്കേണ്ട കാര്യമില്ല. മാന്യതയുള്ളവരുമായി കുറച്ചുനേരം സംസാരിക്കുന്നതുമൂലം പുതിയ പല അറിവുകളും അവള്‍ക്ക് ലഭിക്കാനിടയുണ്ട്. അതേസമയം, മാന്യതയും സംസ്‌കാരബോധവും ഇല്ലാത്ത വീട്ടില്‍ ചെന്നിരുന്ന് വര്‍ത്തമാനം പറയുന്നതില്‍നിന്നും തീര്‍ച്ചയായും നിങ്ങളുടെ ഭാര്യയെ വിലക്കുക തന്നെ വേണം. ഇസ്‌ലാമിക പരിധി ലംഘിക്കാത്ത കാലത്തോളം നിസ്സാര കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താതിരിക്കാനാണ് ഒരു നല്ല ഭര്‍ത്താവ് ശ്രമിക്കേണ്ടത്. അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഭര്‍ത്താവിനു നേരെ ഭാര്യയുടെ മനസ്സില്‍ വെറുപ്പ് ഉടലെടുക്കാന്‍ ഇടയുണ്ട്.
യു.കെ സൗജത്ത്
ചൊക്ലി
വിവാഹത്തിനു മുമ്പ് കൗണ്‍സലിംഗ് വേണം
മനസ്സമാധാനവും സന്തോഷവും നിറഞ്ഞൊരു ജീവിതം കൈവരിക്കാനായിരിക്കണം വിവാഹം. അവിടെ രണ്ട് മനസ്സുകളുടെ കൂടിച്ചേരല്‍ മാത്രമല്ല നടക്കുന്നത്. രണ്ടു കുടുംബങ്ങള്‍, അവര്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടുകള്‍... എല്ലാറ്റിന്റെയും യോജിപ്പിലൂടെയേ മുന്നോട്ടുള്ള യാത്ര സുഗമമാവൂ. പലരീതിയിലും അന്വേഷണങ്ങള്‍ നടക്കുമെങ്കിലും പലപ്പോഴും വിഡ്ഢികളാവുന്നത് പെണ്‍കുട്ടികളുടെ വീട്ടുകാരും അവരുടെ ജീവിതവുമാണ്. വരന്റെ നാട്ടില്‍ ചെന്നന്വേഷിക്കുമ്പോള്‍ പലപ്പോഴും കിട്ടുന്ന മറുപടിയാണ് 'അവന്‍ തന്റേടിയാ. എന്ത് പണി ചെയ്തും കുടുംബം പോറ്റിക്കോളും' എന്നത്. ഇത് കേള്‍ക്കുമ്പോള്‍ തോന്നും എല്ലാം ഭംഗിയായെന്ന്. പക്ഷേ, ജീവിക്കാന്‍ തുടങ്ങുമ്പോഴായിരിക്കും താനകപ്പെട്ട ചതിക്കുഴിയുടെ ആഴം പെണ്ണിനു ബോധ്യമാവുന്നത്. എന്ത് ജോലിയും എന്നതില്‍ യാചനയും കട്ടെടുക്കലും ആളെപ്പറ്റിക്കലും എല്ലാം പെടുമെന്നറിയുമ്പോഴേക്കും ഒരുപാട് വൈകിയിരിക്കും. പലപ്പോഴും ഈ ദുഷ്ടതകള്‍ക്കൊക്കെ വരന്റെ മാതാവും കൂടപ്പിറപ്പുകളും പിന്തുണ നല്‍കുന്നുവെന്നത് പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തും. വിവാഹ സമയത്ത് കൈയില്‍ വെച്ചുകൊടുക്കുന്ന മഹ്‌റില്‍ പോലും കള്ളത്തരം ചാലിച്ച്, നല്ല സംസ്‌കാരത്തില്‍ മാത്രം വളര്‍ന്ന് പഠിച്ച പെണ്‍കുട്ടികളുടെ ജീവിതം ദുസ്സഹമാക്കുന്നവരും സമൂഹത്തില്‍ ഇല്ലാതില്ല.
തറവാടിന്റെ മഹത്വം കല്യാണാലോചനകളില്‍ മുഴച്ചുനില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ പേരുകേട്ട തറവാട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ മാത്രമാണ്, ഏതോ ഒരു കാരണവരുണ്ടാക്കിവെച്ച മഹത്വം പറഞ്ഞ് മുഖം വെളുപ്പിച്ച് നടക്കുന്നവരാണ് എല്ലാവരുമെന്ന് ബോധ്യമാവുക.
ഏതെങ്കിലുമൊരു മുസ്‌ലിം സംഘടനയുടെ കൊടിപിടിച്ച് മുന്നില്‍ നടന്ന് ആളുകളുടെ മുന്നില്‍ മാന്യന്മാരാവാന്‍ സമൂഹത്തില്‍ പലരും വിരുതന്മാരാണ്. ഇത്തരക്കാരുടെ ചെയ്തികള്‍ പുറത്തുനിന്ന് കേള്‍ക്കുന്ന ആര്‍ക്കും പിടികിട്ടുകയുമില്ല. നബി (സ)യുടെ കാലത്തെ കപട വിശ്വാസികളുടെ ആധുനിക പതിപ്പാണോ ഇവരെന്ന് ന്യായമായും നമുക്ക് സംശയിക്കാം. ദീനിലെ ഉന്നത നേതാക്കന്മാരോടും മറ്റുമൊക്കെ കൗശലപൂര്‍വം സൗഹൃദം സ്ഥാപിക്കാനും അതുവഴി ഈ ലോകത്ത് പല നേട്ടങ്ങളും ഉണ്ടാക്കിയെടുക്കാനും അത്തരക്കാര്‍ക്ക് മിടുക്ക് കൂടും. ഇങ്ങനെയൊരു കുടുംബത്തില്‍ ചെന്ന് കയറേണ്ടി വരുന്ന, ദീനിനെ മുറുകെപ്പിടിച്ച് അല്ലാഹുവിനെയും റസൂലിനെയും എല്ലാമെല്ലാമായി നെഞ്ചില്‍ കൊണ്ടുനടക്കാന്‍ മാത്രം പഠിച്ച പെണ്‍കുട്ടിയുടെ അവസ്ഥ ദയനീയമായിരിക്കും.
ഒരു സംഭവമിവിടെ ഓര്‍മ വരുകയാണ്. ഒരു കൂട്ടുകാരി. വിവാഹം കഴിഞ്ഞ് അവളെത്തിപ്പെട്ടത് അവള്‍ക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത വല്ലാത്തൊരു ചുറ്റുപാടിലാണ്. വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിയുന്നതിനു മുമ്പേ തന്നെ ഭര്‍തൃമാതാവും സഹോദരങ്ങളും ചേര്‍ന്ന് അവളുടെ മഹര്‍ അവളോടൊരു വാക്ക് ചോദിക്കാതെ എടുത്തുകൊണ്ടുപോയി. ഭര്‍ത്താവും അവരുടെ കൂടെക്കൂടി. പിന്നെ ഭംഗിയുള്ള കുറെ കഥകള്‍ അവളെ വിശ്വസിപ്പിച്ചു. ആഭരണങ്ങള്‍ ബാങ്കില്‍ വെച്ച് വീട്ടില്‍ ആഡംബരം കാണിക്കുന്നതും ബന്ധുക്കള്‍ ലോണെടുത്ത് വലിയ വീട് വെക്കുന്നതും വണ്ടി വാങ്ങിക്കുന്നതുമൊന്നും അവള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. പലിശക്കെതിരെ അവള്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ 'ഇതൊന്നും ചെയ്യാതിരുന്നാല്‍ ആവശ്യങ്ങള്‍ നടക്കോ?' എന്നായിരുന്നു മറുചോദ്യം.
ജുമുഅക്ക് പോവാതെ മറ്റ് പല കാര്യങ്ങള്‍ക്കായി ചുറ്റിത്തിരിയുന്ന ഭര്‍ത്താവ് നേര്‍വഴിക്ക് വരുന്നില്ലെന്ന് കണ്ട് ഭര്‍തൃമാതാവിനോട് പരാതിപ്പെട്ട അവള്‍ക്ക് കിട്ടിയത് രസകരമായ മറ്റൊരുത്തരം: 'അതവന്‍ മറന്നുപോയതായിരിക്കുമെടീ.''
'മുസ്‌ലിമായ ഒരു മനുഷ്യന്‍ വെള്ളിയാഴ്ച ദിനം മറക്കോ?'' വേദനയോടെയാണ് അവളെന്നോട് ഇതു ചോദിച്ചത്. ഈ മാതാവ് ഒരു മുസ്‌ലിം സംഘടനയുടെ ഖുര്‍ആന്‍ ക്ലാസുകള്‍ക്ക് എല്ലാ ആഴ്ചയും പങ്കെടുക്കുന്ന ആളാണെന്ന് ഇതിനോടൊപ്പം കൂട്ടിവായിക്കണം.
സമൂഹത്തില്‍ മാന്യന്മാരാണെന്ന് നമ്മള്‍ വിചാരിക്കുന്ന പലരും പൊങ്ങച്ചത്തിന് കൈയും കാലും വെച്ച് നടക്കുന്ന വൃത്തികെട്ട മനുഷ്യക്കോലങ്ങള്‍ മാത്രമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇവിടെ, പെണ്‍മക്കളെ ധൈര്യശാലികളാക്കി വളര്‍ത്തുകയേ വഴിയുള്ളൂ. തന്റേടികളായി കുടുംബത്തില്‍ തന്റെ നേര്‍ക്ക് നീളുന്ന അനീതികളെ നല്ല രീതിയില്‍ ചോദ്യംചെയ്യാന്‍ കഴിവുള്ളവരായി അവര്‍ വളരണം.
ഈ സംസാരങ്ങള്‍ക്കിടയിലൊക്കെ ബലിയാടുകളാവുന്നത് ആരെയും ചതിക്കാനോ ചൂഷണം ചെയ്യാനോ പഠിച്ചിട്ടില്ലാത്ത, ഈ ലോകം മുഴുവന്‍ നല്ലവരാണെന്ന് വിശ്വസിക്കുന്ന കളങ്കമറിയാത്ത പെണ്‍മക്കളാണ്. അതുകൊണ്ട് രക്ഷിതാക്കളായ നമ്മള്‍ മനസ്സിലാക്കേണ്ടത് ഈ ലോകമെന്താണെന്ന് മനസ്സിലാക്കി, അവര്‍ക്കു മുന്നില്‍ രൂപപ്പെടുന്ന ചതിക്കുഴികള്‍ തിരിച്ചറിയാന്‍ സഹായിക്കുക എന്നതാണ്. തങ്ങളുടെ കുടുംബത്തില്‍ വന്നുകയറിയിട്ട് ഈ കുടുംബം എന്താണവളോട് ചെയ്തതെന്ന് ആരെങ്കിലും പഠിക്കാന്‍ മെനക്കെടാറുണ്ടോ? വിദ്യാസമ്പന്നരായ ഭര്‍ത്താവിന്റെ കൂടപ്പിറപ്പുകളുടെ മുറിയില്‍നിന്നും അവരുപയോഗിച്ച കോണ്ടം വരെ പുറത്തുകൊണ്ടുപോയി കളയേണ്ട ഗതികേടിലേക്ക് അവളെ എത്തിച്ചത് ആ വീട്ടിലെ എന്ത് നിലപാടുകളാണെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ? അറിയാറുണ്ടോ? മറിച്ച്, തനിക്കും ജീവിക്കാന്‍ കഴിയുമെന്ന് സമൂഹത്തിന് കാണിച്ചുകൊടുത്ത് ഉയരങ്ങളിലേക്ക് പറന്നുയരാനുള്ള ആത്മവിശ്വാസവും ധൈര്യവുമവള്‍ക്ക് പകര്‍ന്നുനല്‍കണം. മാതാപിതാക്കള്‍ക്കു വേണ്ടി മാത്രം സകലതും സഹിച്ച് നീറിപ്പുകഞ്ഞിരുന്ന ജന്മങ്ങളെ നമുക്കൊന്നണച്ചുപിടിക്കാം. 'ഞാനുണ്ട് കുട്ടീ നിനക്ക്' എന്നൊന്ന് പറയാം. രണ്ട് ദിവസത്തേക്കുള്ള ഒരു കരാറല്ല, ഒരായുസ്സ് മുഴുവന്‍ പെയ്ത് നിറക്കാനുള്ള സ്‌നേഹത്തിന്റെ, പരിഗണനയുടെ, അംഗീകാരത്തിന്റെ, കടമകളുടെ, ഉത്തരവാദിത്വ പൂര്‍ത്തീകരണത്തിന്റെ നനുത്ത കുളിരായി പെയ്തിറങ്ങുന്ന മഴയാണ് തന്റെ മകള്‍ക്ക് വേണ്ടതെന്ന് സ്വന്തം പെണ്‍മക്കളെ കുരുതികൊടുക്കാനൊരുങ്ങുന്ന മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. പച്ചക്കള്ളങ്ങള്‍ പറഞ്ഞും ഇല്ലാത്തത് പെരുപ്പിച്ച് കാട്ടിയും ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാതിരിക്കുക. സഹനത്തിന്റെ അവസാനത്തെ കണ്ണിയും നശിക്കുന്നിടത്തുവെച്ച് ഈ ബന്ധങ്ങള്‍ തകരുമെന്നത് സത്യമാണ്.
ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വൈധവ്യം പേറേണ്ടിവരുന്ന ജന്മങ്ങള്‍, ബാപ്പ ജീവിച്ചിരുന്നിട്ടും യത്തീമുകളാവേണ്ടിവരുന്ന മക്കള്‍... ഇവരൊക്കെ നമുക്ക് നേരെ വിരല്‍ചൂണ്ടുന്ന നിമിഷത്തെക്കുറിച്ച് ആരെങ്കിലും സങ്കല്‍പിച്ചു നോക്കിയിട്ടുണ്ടോ? ഒരു പെണ്‍കുട്ടിയെ ഒരു കുടുംബത്തിലേക്ക് കയറ്റിക്കൊണ്ടുവരുമ്പോള്‍ അവളുടെ മാനസികവും ശാരീരികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നത് ആ കുടുംബത്തിന്റെ മുഴുവന്‍ കടമയാണ്. ഒറ്റപ്പെടുത്തുകയല്ല വേണ്ടത്.
പ്രശ്‌നത്തിന്റെ ശരിയായ വേരുകള്‍ അടിയില്‍ കിടക്കുമ്പോള്‍ വെറും കാടുകള്‍ വെട്ടിത്തെളിക്കുന്നത് പ്രയോജനം ചെയ്യില്ല. പ്രശ്‌നങ്ങളെ വേരോടെ പറിച്ചുകളയാന്‍ കഴിയണം.
തെറ്റുചെയ്തത് സ്വന്തം തറവാട്ടുകാരാണെങ്കിലും 'നിങ്ങള്‍ ചെയ്തത് തെറ്റായിരുന്നു' എന്ന് അവരോടുറക്കെപ്പറഞ്ഞ് സ്വന്തം തെറ്റുകള്‍ അവരെ ബോധ്യപ്പെടുത്താനുള്ള ആര്‍ജ്ജവമെങ്കിലും കാണിക്കണം. നല്ല ബന്ധങ്ങള്‍ വളര്‍ത്തുക എന്നിടത്ത് ബിരിയാണി കഴിക്കലും ഐസ്‌ക്രീം നുണയലും മാത്രമാവരുത് മുന്‍പന്തിയില്‍. ദൈവഭയമാണ് ഇവിടെ നമുക്ക് വേണ്ടത്. റബ്ബിനെ ഭയന്ന് ജീവിക്കുന്ന, ഉത്തരവാദിത്തബോധമെന്താണെന്ന് നന്നായറിയുന്ന, നബി (സ) പറഞ്ഞ പോലെ സല്‍സ്വഭാവിയായ ഒരാളെ കണ്ടെത്തിക്കഴിഞ്ഞാല്‍ തന്റെ കൈയിലുള്ള പടച്ചതമ്പുരാന്റെ അമാനത്ത് ആ കൈകളിലേല്‍പ്പിക്കുക. അയാള്‍ക്ക് പറയാനൊരു തറവാടില്ലായിരിക്കാം. ചൂണ്ടിക്കാണിക്കാനൊരു ഭംഗിയായി പെയ്ന്റടിച്ച വീടും പുല്ലും ചെടിയും നട്ടുവളര്‍ത്തി ഭംഗിയാക്കിയ മുറ്റവുമില്ലായിരിക്കാം. അധ്വാനിച്ച് ഹലാലായ ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും തന്റെ ഭാര്യക്കും മക്കള്‍ക്കുമായൊരുക്കുന്ന ഒരാള്‍ക്കുമേല്‍ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ മാലാഖമാര്‍ വട്ടമിട്ട് പറക്കും.
കെ.ടി ഷംല
തിരൂരങ്ങാടി