ആത്മവിശ്വാസം വളര്‍ത്തൂ നേട്ടം കൊയ്യൂ
അസ്ലം ടി.കെ വാണിമേൽ /പാരന്റിംഗ്
2015 ജൂണ്‍
നിങ്ങള്‍ സ്വന്തമായി ഒരു ബിസിനസ് സ്ഥാപനം നടത്തുന്ന വ്യക്തിയാണ്. ഒരു സുപ്രഭാതത്തില്‍ നിങ്ങളുടെ വീട്ടിലേക്ക് രണ്ടുപേര്‍ വന്നു. കൈയില്‍
നിങ്ങള്‍ സ്വന്തമായി ഒരു ബിസിനസ് സ്ഥാപനം നടത്തുന്ന വ്യക്തിയാണ്. ഒരു സുപ്രഭാതത്തില്‍ നിങ്ങളുടെ വീട്ടിലേക്ക് രണ്ടുപേര്‍ വന്നു. കൈയില്‍ ഒരു ക്ഷണക്കത്തുണ്ട്. വന്നപാടെ അവര്‍ കാര്യം പറഞ്ഞു: 'ഞങ്ങളുടെ പ്രദേശത്തെ തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്കു വേണ്ടി ഒരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. സ്വയംതൊഴില്‍ സംരംഭങ്ങള്‍ എങ്ങനെ വിജയിപ്പിച്ചെടുക്കാമെന്ന വിഷയത്തില്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു ക്ലാസെടുക്കണം.' അവര്‍ പെട്ടെന്ന് വന്നകാര്യം പറഞ്ഞു. അവരെ ഇരുത്തി അവര്‍ക്കൊരു ചായ കൊടുത്തു. മനസ്സില്ലാമനസ്സോടെ പരിപാടിയില്‍ സംബന്ധിക്കാമെന്നേറ്റ് അവരെ പറഞ്ഞയച്ചു. അവര്‍ പോയതിനു ശേഷം നിങ്ങളുടെ മനസ്സില്‍ സ്വാഭാവികമായും രണ്ട് ആശങ്കകള്‍ ഉണ്ടാകാനിടയുണ്ട്. ഒന്ന് നിങ്ങളുടെ ആത്മവിശ്വാസവുമായി ബന്ധപ്പെട്ടതാണ്. പ്രസംഗത്തില്‍ മുന്‍പരിചയമില്ലാത്ത ഞാന്‍ പ്രസംഗിച്ചാല്‍ ശരിയാവുമോ? ഉദ്ദേശിക്കുന്നത് മുഴുവന്‍ പറയാന്‍ എനിക്ക് സാധിക്കുമോ? ഒരു മണിക്കൂര്‍ പ്രസംഗിക്കാന്‍ ഞാന്‍ ശക്തനാണോ?
രണ്ടാമത്തെ ആശങ്ക നിങ്ങളുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ടതാണ്. ആരാണ് ഇവരോട് എന്റെ പേര് നിര്‍ദ്ദേശിച്ചത്. ഇത്തരം പ്രസംഗം നടത്താന്‍ ഞാന്‍ യോഗ്യനാണോ?അവര്‍ക്ക് ആളുമാറിയതാകുമോ? മറ്റുള്ളവരെ പഠിപ്പിക്കാന്‍ മാത്രം ഞാന്‍ എന്റെ ബിസിനസില്‍ വിജയിച്ചിട്ടുണ്ടോ?
ക്ഷണിക്കാന്‍ വന്നവര്‍ നിങ്ങള്‍ ഇതുപോലെ ഒരു പരിപാടിക്ക് യോജിച്ച ആളാണ് എന്നുകരുതിയാണ് നിങ്ങളെത്തന്നെ തെരഞ്ഞെടുത്തത്. പക്ഷേ, ആ പരിപാടിയുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസവും ആത്മാഭിമാനവുമാണ്.
ആത്മവിശ്വാസവും ആത്മാഭിമാനവും
കുടുംബം, വിദ്യാലയം, സമൂഹം, ജോലിസ്ഥലം എന്നീ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റാനും കഴിവുകളെ പരിപോഷിപ്പിക്കാനും ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കാനും ജീവിത വിജയം നേടാനും അത്യന്താപേക്ഷിതമായ രണ്ട് ഗുണങ്ങളാണ് ആത്മവിശ്വാസവും ആത്മാഭിമാനവും.
ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആവശ്യകത
പ്രതിസന്ധികള്‍ തരണം ചെയ്ത് ജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ ആദ്യമായി വേണ്ടത് ആത്മവിശ്വാസമാണ്. ആത്മവിശ്വാസമുള്ള വ്യക്തി സ്വന്തം കഴിവിലും ഗുണത്തിലും വിശ്വാസം അര്‍പ്പിക്കുകയും സ്വന്തത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ത്യാഗങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നവരും സാഹസികത ആവശ്യപ്പെടുന്ന രംഗങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവരും ആത്മവിശ്വാസമുള്ളവരാണ്. ഇത് വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങള്‍ നേടാന്‍ ഇവരെ സഹായിക്കുന്നു.
അമിതമായ ആത്മവിശ്വാസവും ആത്മവിശ്വാസമില്ലായ്മയും ഒരുപോലെ ദോഷംചെയ്യും. ആത്മാഭിമാനം ഒരിക്കലും പൊങ്ങച്ചം പറച്ചിലല്ല. നിങ്ങള്‍ക്ക് എന്തൊക്കെ കാര്യത്തില്‍ കഴിവുണ്ടെന്നും ഏതൊക്കെ കാര്യത്തില്‍ കഴിവില്ല എന്നുമുള്ള തിരിച്ചറിവാണത്. നിങ്ങള്‍ എല്ലാം തികഞ്ഞ പൂര്‍ണനാണെന്ന ചിന്തയുമല്ല അത്. സമൂഹത്തില്‍ തലയുയര്‍ത്തി അന്തസ്സായി ജീവിക്കാന്‍ ആത്മാഭിമാനം നമ്മെ പ്രാപ്തരാക്കുന്നു. നിങ്ങള്‍ നിങ്ങളെ സ്വയം ബഹുമാനിക്കുമ്പോള്‍ സമൂഹവും നിങ്ങളെ ബഹുമാനിക്കും. വ്യക്തികളുടെ രൂപം, ഭാവം, വേഷം, വിശ്വാസം, വികാരങ്ങള്‍ എന്നിവയെല്ലാം ആത്മാഭിമാനത്തെ സ്വാധീനിക്കാറുണ്ട്. പരീക്ഷയില്‍ ലഭിച്ച ഗ്രേഡ്, മറ്റുള്ളവരില്‍നിന്ന് അനുഭവിക്കേണ്ടിവരുന്ന മോശമായ പെരുമാറ്റങ്ങള്‍, സ്‌നേഹബന്ധങ്ങളിലെ തകര്‍ച്ച തുടങ്ങിയവ നമ്മുടെ മനോഗതിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ആത്മാഭിമാനമുള്ള വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത്തരം സംഭവങ്ങള്‍ക്ക് താല്‍ക്കാലിക സ്വാധീനമേ ഉണ്ടാവൂ. ആത്മാഭിമാനം കുറഞ്ഞ വ്യക്തികളെ ഇത്തരം കാര്യങ്ങള്‍ ആഴത്തില്‍ സ്വാധീനിക്കും.
ഒരു കുഞ്ഞ് ജനിച്ചതുമുതല്‍ തന്നെ ആത്മാഭിമാനം വളരാന്‍ തുടങ്ങും. കുഞ്ഞ് തനിക്കാവശ്യമായ കാര്യങ്ങള്‍ നേടിയെടുക്കുന്നത് കരച്ചിലിലൂടെയാണ്.് കരയുന്ന സമയങ്ങളില്‍ അവന്റെ ആവശ്യം മനസ്സിലാക്കുകയും അത് പരിഗണിക്കുകയും ചെയ്യുമ്പോള്‍ കുഞ്ഞിന്റെ മനസ്സില്‍ ആത്മാഭിമാനത്തിന്റെ വിത്തുപാകുന്നു. പിന്നീടങ്ങോട്ട് ഇഴഞ്ഞുനീങ്ങുമ്പോഴും പിച്ചവെക്കുമ്പോഴും സംസാരിച്ചുതുടങ്ങുമ്പോഴും ആംഗ്യത്തിലൂടെയും കൈയടിയിലൂടെയും പുഞ്ചിരിയിലൂടെയും സ്‌നേഹപ്രകടനങ്ങളിലൂടെയും അവന് നല്‍കുന്ന പ്രോത്സാഹനങ്ങള്‍ ആത്മാഭിമാനത്തെ വര്‍ധിപ്പിക്കുന്നു. താന്‍ സ്‌നേഹിക്കപ്പെടുന്നുവെന്നും മറ്റുള്ളവര്‍ക്ക് വിലപ്പെട്ടവനാണെന്നുമുള്ള ബോധം കുഞ്ഞില്‍ ഉണ്ടാകുന്നു. പിന്നീട് വളര്‍ന്നു വരുന്തോറും ഓരോ ഘട്ടത്തിലും ആത്മവിശ്വാസവും ആത്മാഭിമാനവും വര്‍ധിപ്പിക്കാനുള്ള ധാരാളം അവസരങ്ങള്‍ വന്നുചേരുന്നു. ഒരു പ്രൊജക്ട് നന്നായി ചെയ്യുമ്പോഴും പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിക്കുമ്പോഴും മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടുമ്പോഴും നല്ല ജോലി ലഭിക്കുമ്പോഴും കുട്ടിയിലെ ആത്മവിശ്വാസവും ആത്മാഭിമാനവും ഉയരുന്നു.
ആത്മാഭിമാനം ഇല്ലാതാവുന്നത് എന്തുകൊണ്ട്?
കുഞ്ഞുങ്ങളില്‍ ആത്മാഭിമാനം ഇല്ലാതാകാന്‍ പ്രധാനകാരണം രക്ഷിതാക്കളുടെ സമീപനം തന്നെയാണ്. ഏറെ നേരം കരയുന്ന കുഞ്ഞിനെ ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ അവന്റെ ആവശ്യങ്ങള്‍ കണ്ടറിയുകയോ ചെയ്യാതെ തന്റേതായ ലോകത്ത് മുഴുകിയിരിക്കുന്ന രക്ഷിതാക്കള്‍ തന്നെയാണ് ഇതില്‍ ഒന്നാം പ്രതി. താന്‍ ആരാലും ശ്രദ്ധിക്കപ്പെടാത്തവനും അവഗണിക്കപ്പെടുന്നവനുമാണെന്ന ഒരു തോന്നല്‍ അറിയാതെ കുഞ്ഞിന്റെ മനസ്സില്‍ കടന്നുകൂടുകയും ചെയ്യുന്നു. പിന്നീട് കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ കുടുംബങ്ങളില്‍നിന്നും നേരിടേണ്ടിവരുന്ന മോശമായ പെരുമാറ്റങ്ങളും വാക്കുകളും പ്രവൃത്തികളും അവന്റെ ആത്മാഭിമാനവും ആത്മവിശ്വാസവും തകര്‍ക്കുന്നു. ദൈവത്തിന്റെ മഹത്തായ സമ്മാനമായ കുഞ്ഞുങ്ങളെ അവന്‍ നമുക്ക് നല്‍കുന്നത് ഒരു സ്ലേറ്റുപോലെയുള്ള മനസ്സുമായാണ്. നമുക്കതില്‍ ഏതുതരം ചിത്രങ്ങളും സന്ദേശങ്ങളും കോറിയിടാം. അതുകൊണ്ട് കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ അവന്റെ മനസ്സില്‍ ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അക്കൗണ്ട് തുറക്കേണ്ടതാണ്. പിന്നീട് ആ അക്കൗണ്ടില്‍ പോസിറ്റീവായ കാര്യങ്ങള്‍ നിറച്ചുകൊണ്ടുവരികയും നെഗറ്റീവായ കാര്യങ്ങള്‍കൊണ്ട് അക്കൗണ്ട് പൂജ്യത്തിലേക്ക് താണുപോകാതെ ശ്രദ്ധിക്കുകയും വേണം.
1. കുട്ടികളോട് സ്‌നേഹവും ബഹുമാനവും കാണിക്കുക
കുട്ടികളോട് ഇടപഴകുമ്പോള്‍ സ്‌നേഹവും ലാളനയും കാണിക്കുമെങ്കിലും കുട്ടികളെ ബഹുമാനിക്കുന്ന കാര്യത്തില്‍ പലരും വേണ്ടത്ര ശ്രദ്ധിക്കാറില്ല. കുട്ടികളോടുള്ള ബഹുമാനം മുതിര്‍ന്നവരെ ബഹുമാനിക്കുന്ന രീതിയിലല്ല വേണ്ടത്. അവരോട് സംസാരിക്കുമ്പോള്‍ സ്‌നേഹത്തോടെയും മാര്‍ദവത്തോടെയും സംസാരിക്കുക. വല്ല കാര്യവും അവരില്‍നിന്ന് ലഭിക്കേണ്ട അവസരത്തില്‍ വളരെ സ്‌നേഹത്തോടെ സംസാരിക്കുകയും അല്ലാത്ത സമയങ്ങളില്‍ കയര്‍ക്കുകയും ചെയ്യുന്ന രക്ഷിതാക്കളെ കാണാവുന്നതാണ്. ഈ രീതി അഭികാമ്യമല്ല. ദൈനംദിന കാര്യങ്ങളും സമകാലീന സംഭവങ്ങളും സ്‌കൂള്‍ വിശേഷങ്ങളും രാഷ്ട്രീയ കാര്യങ്ങളും വരെ നമുക്ക് അവരോട് സംസാരിക്കാം. അങ്ങനെയാവുമ്പോള്‍ ഞാന്‍ സ്‌നേഹിക്കപ്പെടുന്നുവെന്നും തന്റെ അഭിപ്രായങ്ങള്‍ മുതിര്‍ന്നവര്‍ കേള്‍ക്കാന്‍ തയ്യാറാണെന്നുമുള്ള ബോധം അവനില്‍ ആത്മവിശ്വാസവും ആത്മാഭിമാനവും ഉണ്ടാക്കുന്നു. വീട്ടില്‍ നടപ്പാക്കുന്ന കാര്യങ്ങളിലെല്ലാം അവന്റെ കൂടി അഭിപ്രായം തേടാവുന്നതാണ്. ഇത് കുട്ടിയില്‍ സ്വന്തം മതിപ്പു വര്‍ധിപ്പിക്കുന്നു.
2. കുട്ടികളെ അനുമോദിക്കുക
കുട്ടികളെ അനുമോദിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക. അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍, പരീക്ഷയിലും മറ്റ് മത്സരങ്ങളിലും ലഭിക്കുന്ന വിജയങ്ങള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവ പെട്ടെന്നുതന്നെ മനസ്സിലാക്കുകയും അകമറിഞ്ഞ് അവരെ അനുമോദിക്കുകയും ചെയ്യുക. 'ഞാന്‍ നിന്റെ കാര്യത്തില്‍ അഭിമാനിക്കുന്നു, വളരെ നന്നായിട്ടുണ്ട്' എന്നിങ്ങനെയുള്ള വാക്കുകള്‍ പറഞ്ഞും ഉചിതമായ സമ്മാനങ്ങള്‍ നല്‍കിയും അനുമോദിക്കാവുന്നതാണ്. ഈ അനുമോദനങ്ങള്‍ വിശ്വസനീയമായിരിക്കുകയും ആത്മാര്‍ഥമായിരിക്കുകയും വേണം. അതല്ലാതെ അതിശയോക്തി കലര്‍ന്ന രീതിയില്‍ കപടമായി അനുമോദിക്കരുത്. 'നീയാണ് ലോകത്തിലെ ഏറ്റവും നല്ലവന്‍, ഈ നാട്ടിലെ ഏറ്റവും ബുദ്ധിമാന്‍ നീയാണ്' എന്നീ രീതിയിലുള്ള അനുമോദനങ്ങള്‍ വിപരീതഫലം ചെയ്യും. ഇത് അമിതമായ ആത്മാഭിമാനം ഉണ്ടാകുന്നതിനും സുഹൃദ്ബന്ധത്തിലും മറ്റും വിള്ളല്‍ ഉണ്ടാകുന്നതിനും കാരണമാകും.
3. ലക്ഷ്യം നിര്‍ണയിച്ചുകൊടുക്കുക
കുട്ടികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്ന ലക്ഷ്യങ്ങള്‍ മാത്രം നിര്‍ണയിച്ചുകൊടുക്കുക. അതവന്റെ കഴിവിനും പ്രായത്തിനും യോജിച്ചതായിരിക്കണം. എസ്.എസ്.എല്‍.സി പരീക്ഷക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടാന്‍ കഴിയുന്ന ഒരു കുട്ടിക്ക് അവന്റെ ഹ്രസ്വകാല ലക്ഷ്യമായി അത് നിര്‍ണയിച്ചുകൊടുക്കാം. അതില്‍ അവനെ പരമാവധി സഹായിക്കുകയും ചെയ്യാം. ഭാവിയില്‍ അവന്റെ ദീര്‍ഘകാല ലക്ഷ്യം ഒരു സാമൂഹ്യ ശാസ്ത്രജ്ഞന്‍ ആകണമെന്നുള്ളതാണെങ്കില്‍ ആ ലക്ഷ്യം നേടാന്‍വേണ്ടി അവനെ സഹായിക്കുക. അതല്ലാതെ രക്ഷിതാവിന്റെ ലക്ഷ്യം ഒരു ഡോക്ടറാക്കണമെന്നുള്ളതാണെങ്കില്‍, അത് അവന്റെ കഴിവിനും താല്‍പര്യത്തിനും എതിരാണെങ്കില്‍, ഒരിക്കലും ആ ലക്ഷ്യം അവന് നിര്‍ണയിച്ചുകൊടുക്കരുത്. അതവനില്‍ ആത്മവിശ്വാസവും ആത്മാഭിമാനവും ഇല്ലാതെയാക്കും.
4. തെറ്റുമാത്രം വിമര്‍ശിക്കുക
തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോഴോ മോശമായ കൂട്ടുകെട്ടുകളില്‍ ചേരുമ്പോഴോ കുട്ടിയോട് കയര്‍ക്കുകയും നീ മോശക്കാരനാണ്, തെറ്റുകാരനാണ് എന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നതിനു പകരം സ്‌നേഹത്തോടെ അവന്റെ പ്രവൃത്തികളെ വിമര്‍ശിക്കുക. 'നീ വളരെ നല്ല കുട്ടിയാണെന്നും നിന്നില്‍നിന്നും അത്തരം പ്രവൃത്തികള്‍ ഉണ്ടാവാന്‍ പാടില്ല എന്നും നല്ല കുട്ടിയായ നീ വികൃതിക്കുട്ടികളുമായി കൂട്ടുകൂടാന്‍ പാടില്ല' എന്നും അവനോട് പറയുമ്പോള്‍ സ്വാഭാവികമായും അവരില്‍ സ്വന്തത്തോട് മതിപ്പ് തോന്നുകയും ആത്മാഭിമാനം വര്‍ധിക്കുകയും തെറ്റ് തിരുത്താന്‍ ശ്രമിക്കുകയും ചെയ്യും.
5. വികാരങ്ങള്‍ക്ക് വില കല്‍പ്പിക്കുക
കുട്ടിയുടെ വികാരങ്ങളെ എപ്പോഴെങ്കിലും വ്രണപ്പെടുത്തുകയും അവന്റെ ആത്മാഭിമാനം ക്ഷതപ്പെടുത്തുകയും ചെയ്താല്‍- സുഹൃത്തുക്കളുടെ പെരുമാറ്റം, അധ്യാപകരുടെ വിമര്‍ശങ്ങള്‍ മുതലായ കാരണത്താല്‍- അത് നാം മനസ്സിലാക്കണം. എന്നിട്ടവരോട് ഇങ്ങനെ പറയുകയും വേണം: 'ഇന്ന കാരണത്താല്‍ നിന്റെ മനസ്സ് വിഷമിച്ചിട്ടുണ്ട് എന്നു ഞാന്‍ മനസ്സിലാക്കുന്നു.' ഈയൊരു സംസാരം തന്നെ അവന്റെ മനസ്സില്‍ തന്റെ പ്രയാസത്തെ രക്ഷിതാവ് മനസ്സിലാക്കിയിരിക്കുന്നു എന്ന ബോധം ഉണ്ടാക്കുന്നു.
6. നല്ലത് സംസാരിക്കുക
കുട്ടികളെക്കുറിച്ച് മറ്റുള്ളവരുടെ മുമ്പില്‍വെച്ച് നല്ലത് മാത്രം സംസാരിക്കുകയും നന്നായി പെരുമാറുകയും ചെയ്യുക. അവര്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരുടെ മുമ്പില്‍ അവരുടെ ആത്മാഭിമാനം തകരുന്ന രീതിയില്‍ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്. വീട്ടില്‍ അതിഥിയായി വന്ന ഒരു കുട്ടിയുടെ കൈയില്‍നിന്നും ചായനിറച്ച ഗ്ലാസ് വീണുടഞ്ഞാല്‍ നമ്മള്‍ 'സാരമില്ല' എന്നു പറഞ്ഞുകൊണ്ട് പെട്ടെന്നുതന്നെ തറ വൃത്തിയാക്കുന്നു. എന്നാല്‍ അതേസമയം അതിഥികളുടെ മുമ്പില്‍വെച്ച് സ്വന്തം വീട്ടിലെ കുട്ടിയുടെ കൈയില്‍നിന്ന് ഗ്ലാസ് നിലത്തുവീണുടഞ്ഞാല്‍ നാം അവരോട് കയര്‍ക്കുന്നു. രണ്ടും കുട്ടികളാണെന്നും രണ്ടുപേരും കരുതിക്കൂട്ടി ചെയ്തതല്ലന്നും നമുക്കറിയാം. എങ്കില്‍ സ്വന്തം കുട്ടിയെ അതിഥികളുടെ മുന്നില്‍വെച്ച് കുറ്റപ്പെടുത്തുന്നത് ശരിയാണോ? അതവന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തില്ലേ. ഇതിനര്‍ഥം തെറ്റു കണ്ടാല്‍ തിരുത്തരുത് എന്നല്ല. അത് നേരത്തെ സൂചിപ്പിച്ചതുപോലെ പോസിറ്റീവായി അവരും നിങ്ങളും മാത്രമുള്ളപ്പോള്‍ തിരുത്താവുന്നതാണ്.
7. മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്
ഓരോ കുട്ടികള്‍ക്കും ഓരോ കഴിവുകളാണ് ദൈവം നല്‍കിയത്. അതൊരിക്കലും മറ്റുള്ളവരുമായി താരതമ്യം ചെയ്യാന്‍ സാധിക്കാത്തതാണ്. മനുഷ്യന്മാരുടെ മുഖം വ്യത്യസ്തമായതുപോലെ അവരുടെ കഴിവുകളും വ്യത്യസ്തമാണ്. അതിനാല്‍ത്തന്നെ പഠനത്തില്‍ പിന്നോട്ടാവുന്ന കുട്ടി സാമൂഹ്യ സേവനത്തില്‍ മികവ് പുലര്‍ത്തുന്നവനാകും. 'നീ എന്തുകൊണ്ട് അവനെപ്പോലെയായില്ല' എന്ന താരതമ്യത്തിന് യാതൊരു പ്രസക്തിയുമില്ല. ഇതവന്റെ ആത്മാഭിമാനം തകര്‍ക്കാനേ ഉപകരിക്കുകയുള്ളൂ.
8. കഴിവിനെക്കുറിച്ച് ബന്ധപ്പെട്ടവരോട് പറയുക
സ്‌കൂള്‍ തുറക്കുന്ന സമയത്ത് നമ്മുടെ മക്കളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ തന്നെ ബന്ധപ്പെട്ട അധ്യാപകരോട് കുട്ടികളുടെ കഴിവുകളെക്കുറിച്ചും കഴിവുകേടുകളെക്കുറിച്ചും മുന്‍കൂട്ടി പറയുക. ഇതിലൂടെ അധ്യാപകര്‍ക്ക് കുട്ടികളുടെ കഴിവുകളെ തിരിച്ചറിയാനും അത് പ്രോത്സാഹിപ്പിക്കാനും സാധിക്കും. ഈ മുന്‍ധാരണ പിന്നീടുള്ള സ്‌കൂള്‍ ജീവിതത്തില്‍ കുട്ടിക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും പകരാന്‍ അധ്യാപകര്‍ക്ക് സാധിക്കും. കഴിവുകേടുകളും ദൗര്‍ബല്യങ്ങളും മനസ്സിലാക്കിയതിനാല്‍ അത്തരം മേഖലകളില്‍നിന്ന് അവനെ മാറ്റിനിര്‍ത്താനും അധ്യാപകര്‍ക്ക് സാധിക്കും.
9. സ്‌നേഹം നിരുപാധികമെന്ന് ബോധ്യപ്പെടുത്തുക
നമ്മുടെ മക്കളെ നമ്മള്‍ സ്‌നേഹിക്കുന്നത് നിരുപാധികമാണെന്ന ബോധം അവര്‍ക്കുണ്ടാകണം. അവരില്‍നിന്ന് വരുന്ന ഏതെങ്കിലും പരാജയം കാരണമോ അതല്ലെങ്കില്‍ അവര്‍ ചെയ്യുന്ന ഏതെങ്കിലും ചെറിയ തെറ്റിന്റെ പേരിലോ അവര്‍ വെറുക്കപ്പെടുകയില്ല എന്നവരെ ബോധ്യപ്പെടുത്തുക. കാരണം, ഈയൊരു ബോധം ഇല്ലെങ്കില്‍ മാതാപിതാക്കളുടെ സ്‌നേഹവും പരിഗണനയും ഇല്ലാതായിപ്പോവുമോ എന്ന ഭയത്താല്‍ ഒരു പരീക്ഷണത്തിനും സാഹസത്തിനും അവര്‍ മുതിരില്ല. അത് അവരുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും ബാധിക്കും.
10. രക്ഷിതാക്കള്‍ ആത്മാഭിമാനമുള്ളവരാകുക
അവസാനമായി നാം രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യം, നാം ആത്മാഭിമാനികളും ആത്മവിശ്വാസവുമുള്ളവരുമായിരിക്കണം എന്നതാണ്. എങ്കില്‍ മാത്രമേ നമ്മുടെ മക്കളില്‍ ഈ ഗുണങ്ങള്‍ വളര്‍ത്താന്‍ സാധിക്കുകയുള്ളൂ. ജീവിതത്തില്‍ പോസിറ്റീവ് ചിന്താഗതികള്‍ വളര്‍ത്തുകയും അത് മക്കളിലേക്ക് പകരുകയും ചെയ്യുക. എങ്കിലേ അവരില്‍ നന്മയുടെ മൂല്യം വളര്‍ത്താന്‍ സാധിക്കുകയുള്ളൂ. മക്കളുടെ ആശയങ്ങളും അഭിപ്രായങ്ങളും ശ്രദ്ധിക്കുകയും അവര്‍ക്ക് പറയാനുള്ളത് പറയാന്‍ അവസരം കൊടുക്കുകയും ചെയ്യുന്നതിലൂടെ ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും.