നാളേക്കുള്ള കരുതിവെപ്പാകട്ടെ റമദാന്‍!
അബ്ദുൽ ബാരി കടിയങ്ങാട്
2015 ജൂണ്‍
'സത്യവിശ്വാസികളെ നിങ്ങള്‍ തഖ്‌വ കൈക്കൊള്ളുക! നാളെക്കുവേണ്ടി എന്തു കുരുതിവെച്ചു എന്ന് ഓരോ മനുഷ്യനും
'സത്യവിശ്വാസികളെ നിങ്ങള്‍ തഖ്‌വ കൈക്കൊള്ളുക! നാളെക്കുവേണ്ടി എന്തു കുരുതിവെച്ചു എന്ന് ഓരോ മനുഷ്യനും ഗൗരവത്തില്‍ ആലോചിക്കട്ടെ! തഖ്‌വ കൈക്കൊള്ളുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായി അറിയുന്നവനാണ് അല്ലാഹു.'(അല്‍ ഹര്‍ശ്! 18)
നോമ്പിന്റെ ലക്ഷ്യമായി അല്ലാഹു നിശ്ചയിച്ച തഖ്‌വ കൈക്കൊള്ളാന്‍ ആവര്‍ത്തിച്ചാണയിട്ടുകൊണ്ട് അല്ലാഹു വിശ്വാസികളോട് ആവശ്യപ്പെടുന്നത് നാളേക്കുവേണ്ടി നിങ്ങള്‍ എന്തു കരുതിവെച്ചു എന്ന് ഗൗരവമായി ആലോചിക്കാനാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം കാണുമ്പോഴാണ് നമ്മുടെ റമദാനും നോമ്പിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങളും സാര്‍ഥകമാകുന്നത്.
സല്‍കര്‍മങ്ങളില്‍ മത്സരിച്ചുമുന്നേറാന്‍ അല്ലാഹു മനുഷ്യരോട് ആവശ്യപ്പെടുന്നുണ്ട്. കാരണം മനുഷ്യന് അല്‍പായുസ്സ് മാത്രമേയുള്ളൂ, ഈ അല്‍പായുസ്സിനുള്ളില്‍ നിരവധി ദൗര്‍ബല്യങ്ങളെ അവന്‍ തരണം ചെയ്യേണ്ടതുണ്ട്. ഏഴ് ദുര്‍ബലാവസ്ഥകള്‍ നിങ്ങളെ പിടികൂടുകയും അതിജയിക്കുകയും ചെയ്യുന്നതിന് മുമ്പ് സല്‍കര്‍മങ്ങളില്‍ മുന്നേറാന്‍ പ്രവാചകന്‍ നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ഈ ജീവിത കാലയളവില്‍ നാം എന്തുനേടി? എന്താണ് നാളേക്കുള്ള എന്റെ കരുതിവെപ്പ്? ദുര്‍ബലാവസ്ഥകളെ കാത്തിരിക്കാതെ മൂല്യവത്തായ സമയങ്ങളില്‍ കര്‍മോത്സുകരായി മുന്നേറാന്‍ വിശ്വാസികള്‍ക്ക് പ്രചോദനം നല്‍കുന്നത് ഈ ചോദ്യങ്ങളെക്കുറിച്ചുള്ള പുനരാലോചനകളാണ്. പ്രവാചകന്‍ ചോദിക്കുന്നു: 'എല്ലാറ്റില്‍ നിന്നും വിസ്മരിപ്പിച്ചുകളയുന്ന ദാരിദ്ര്യത്തെയാണോ നിങ്ങള്‍ കാത്തിരിക്കുന്നത്? അതല്ല! പരിധിവിടാന്‍ പ്രേരിപ്പിക്കുന്ന ഐശ്വര്യത്തെയോ! അല്ലെങ്കില്‍ നിങ്ങളുടെ പ്രതീക്ഷകളെ തകര്‍ത്തുകളയുന്ന മാരകമായ രോഗത്തെയോ!? മാനസികനില തന്നെ തെറ്റുന്ന വാര്‍ധക്യത്തെയാണോ! അതല്ല ആകസ്മികമായി പിടികൂടുന്ന മരണത്തെയോ! മറിച്ച് അന്ത്യനാളിന്റെ ഭീകരതയെയോ ദജ്ജാലിന്റെ പരീക്ഷണത്തെയോ?'
ഈ ദുര്‍ബലാവസ്ഥകള്‍ പിടികൂടിയാല്‍ നമുക്ക് യഥാവിധി സല്‍കര്‍മങ്ങളനുഷ്ഠിച്ചു മുന്നേറാന്‍ സാധിക്കുകയില്ല. അതിനാല്‍ കര്‍മങ്ങള്‍ക്ക് അനേകമിരട്ടി പ്രതിഫലമുള്ളതും നന്മയുടെ അന്തരീക്ഷം സൗരഭ്യം പരത്തുന്നതുമായ റമദാനെ പരമാവധി പ്രയോജനപ്രദമായി ഉപയോഗപ്പെടുത്തുകയാണ് ബുദ്ധിമാന്മാര്‍ ചെയ്യേണ്ടത്. ജീവിതത്തില്‍ ഏതു കാര്യവും വിജയകരമായി നേടിയെടുക്കണമെങ്കില്‍ നല്ല മുന്നൊരുക്കവും മികച്ച ആസൂത്രണവും അനിവാര്യമാണ്. റമദാന്‍ അനുകൂലമായി സാക്ഷിനില്‍ക്കണമെന്ന് പ്രാര്‍ഥിച്ചാല്‍ മാത്രം പോരാ! അത് അനുകൂലമാക്കി മാറ്റാനുള്ള മുന്നൊരുക്കങ്ങളിലും ആസൂത്രണത്തിലും നാം ഏര്‍പ്പെടുകയും ചെയ്യണം. റമദാനിലൂടെയുണ്ടാകുന്ന നന്മയും ജീവിതവിജയവും സ്വായത്തമാക്കണമെങ്കില്‍ ആസൂത്രണത്തോടെയുള്ള മുന്നൊരുക്കങ്ങള്‍ അനിവാര്യമാണ്.
ആത്മസംസ്‌കരണം എങ്ങനെ സാധ്യമാകും?
നോമ്പിന്റെ ലക്ഷ്യമായ ആത്മസംസ്‌കരണം നേടിയെടുക്കണമെങ്കില്‍ ചില മുന്നുപാധികള്‍ നാം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി തന്റെ 'ആത്മസംസ്‌കരണം' എന്ന പുസ്തകത്തില്‍ ആത്മസംസ്‌കരണം കൈവരിക്കണമെങ്കില്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെക്കുറിച്ച് ഗൗരവത്തില്‍ ഉണര്‍ത്തുന്നുണ്ട്.
ഒന്ന്: സംസ്‌കരണത്തിനും പരിവര്‍ത്തനത്തിനുമുള്ള ആത്മാര്‍ഥമായ ഉദ്ദേശ്യം ഉണ്ടായിരിക്കണം. ഉദ്ദേശ്യം സുദൃഢമല്ലാത്തവരുടെയും ഉദ്ദേശ്യം നടപ്പിലാക്കാത്തവരുടെയും കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച മാര്‍ഗദര്‍ശികള്‍ക്ക് പോലും ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. വിശുദ്ധ ഖുര്‍ആനെക്കാള്‍ മികച്ച ഒരു ഗ്രന്ഥം ഏതാണുള്ളത്?! പക്ഷെ. അതുപോലും പ്രയോജനപ്പെടുന്നത് അതിന്റെ മാര്‍ഗദര്‍ശനം നടപ്പിലാക്കാന്‍ ദൃഢനിശ്ചയം ചെയ്തവര്‍ക്കു മാത്രമാണ്. ഉദ്ദേശ്യവും ആഗ്രഹവും തമ്മില്‍ വലിയ അന്തരമുണ്ടെന്ന വസ്തുത കൂടി ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. ചിലര്‍ ആഗ്രഹത്തെയാണ് ഉദ്ദേശ്യം എന്നു പറയുന്നത്. ആഗ്രഹം, ഇഷ്ടപ്പെട്ട ഏത് കാര്യത്തെയും മോഹിക്കും. പക്ഷെ, അതിനു വേണ്ടി ത്യാഗവും കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറാവുകയില്ല. എന്നാല്‍ ഉദ്ദേശ്യം അങ്ങനെയല്ല, മോഹിച്ച കാര്യം നേടിയെടുക്കാന്‍ വേണ്ടി സകല തടസ്സങ്ങളെയും ദുര്‍ഘടങ്ങളെയും മറികടക്കാന്‍ അത് തയ്യാറാകും. നോമ്പിന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനും മോഹമല്ല, ഈ ഉദ്ദേശ്യമാണ് ആവശ്യം.
രണ്ട്; അല്ലാഹുവിനോട് നിരന്തരം സഹായം തേടിക്കൊണ്ടിരിക്കുക. അല്ലാഹുവിന്റെ മുമ്പില്‍ ആത്മസമര്‍പ്പണം നടത്താന്‍ ഉദ്ദേശിക്കുന്ന ഒരു വ്യക്തിക്ക്, അയാളുടെ ഉദ്ദേശ്യം ആത്മാര്‍ഥമാണോ അല്ലേ എന്ന കാര്യത്തില്‍ പരീക്ഷണത്തെ അടിക്കടി നേരിടേണ്ടി വരും. അല്ലാഹുവിന്റെ ഉതവിയും പിന്തുണയും ലഭിക്കുന്നവര്‍ക്കു മാത്രമേ ആ പരീക്ഷണങ്ങളില്‍ വിജയം നേടാന്‍ സാധിക്കുകയുള്ളൂ. ഫാത്തിഹ സൂറത്തില്‍ ' ഞങ്ങള്‍ നിനക്ക് മാത്രം വഴിപ്പെടുന്നു' എന്ന് പറഞ്ഞതിന്റെ കൂടെ 'നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന് പറയാന്‍ ആവശ്യപ്പെടുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ ഓരോ കാല്‍വെപ്പിലും അവന്റെ സഹായം തേടിക്കൊണ്ടിരിക്കണം എന്നതിനാലാണ്.
മൂന്ന്: സഹവാസം. ഈ മാര്‍ഗത്തില്‍ സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു സഹയാത്രികന്‍ ആവശ്യമാണ്, കൂട്ടുകാരും സഹചാരികളും മനുഷ്യന്റെ ശക്തിയും മനക്കരുത്തും വര്‍ധിപ്പിക്കും. ഗുരുവിന്റെയും മാര്‍ഗദര്‍ശിയുടെയും സഹായം സ്വീകരിക്കുന്നതു പോലെ സമാനാശയക്കാരായ കൂട്ടുകാരുടെ സഹവാസവും സ്വീകരിക്കാം. അങ്ങനെ ചെയ്താല്‍ ഏകാന്തതയും മനോദൗര്‍ബല്യവും ഒരിക്കലും അനുഭവപ്പെടുകയില്ല. സല്‍കര്‍മങ്ങളില്‍ നിന്ന് അവനെ പിന്നോട്ടടിപ്പിക്കുകയുമില്ല.
റമദാനിലൂടെ നാം നേടിയെടുക്കാനാഗ്രഹിക്കുന്ന ആത്മസംസ്‌കരണം സാധ്യമാകണമെങ്കില്‍ ആത്മാര്‍ഥമായ ഉദ്ദേശ്യവും അല്ലാഹുവിന്റെ പ്രത്യേക സഹായവും നന്മയില്‍ സഹകരിക്കുകയും പ്രചോദനമേകുകയും ചെയ്യുന്ന കരുത്തുറ്റ സൗഹൃദവും നമുക്ക് അനിവാര്യമാണ്.
റമദാന്‍ ഒരു പാഠശാല
അറബ് ലോകത്തെ പ്രശസ്ത സാഹിത്യകാരനായ മുസ്തഫ സ്വാദിഖ് റാഫി ഇപ്രകാരം എഴുതുകയുണ്ടായി :'റമദാന്‍ എന്തൊരത്ഭുതമാണ് ഹേ റമദാന്‍, ലോകം നിന്നെ യഥാവിധി മനസ്സിലാക്കിയിരുന്നെങ്കില്‍ മുപ്പത് ദിവസത്തെ പാഠശാല എന്ന് അവര്‍ നിന്നെ വിശേഷിപ്പിക്കുമായിരുന്നു'. ഇരുപത് ദിവസമോ അതില്‍ കൂടുതലോ സ്ഥിരമായി ഒരു കാര്യം ഒരാള്‍ ആവര്‍ത്തിച്ചു ചെയ്യുകയാണെങ്കില്‍ വര്‍ഷം മുഴുവന്‍ നൈരന്തര്യത്തോടെ അയാള്‍ക്കത് ചെയ്യാന്‍ സാധിക്കുമെന്ന് മനശ്ശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിശ്വാസികള്‍ക്കുള്ള യഥാര്‍ഥ പരിശീലനക്കളരിയാണ് റമദാന്‍ മാസം. അവന്റെ ജീവിത ശൈലി തന്നെ പൂര്‍ണമായും തിരുത്തിയെഴുതിക്കുന്നു. സാധാരണ എഴുന്നേല്‍ക്കുന്ന സമയത്തല്ല അവന്‍ നോമ്പുകാലത്ത് എഴുന്നേല്‍ക്കുന്നത്, ഭക്ഷണവും ഉറക്കവുമെല്ലാം അപ്രകാരം തന്നെ...വലിയ ഒരു മാറ്റത്തിനുള്ള എല്ലാ സാധ്യതകളും റമദാന്‍ നമുക്ക് മുമ്പില്‍ തുറന്നിടുന്നു. പ്രായോഗിക പരിശീലനത്തോടൊപ്പം തന്നെ പുതിയ കുറേ കാര്യങ്ങള്‍ പഠിക്കാനും മനനം ചെയ്യാനും റമദാനിനെ നാം ഉപയോഗപ്പെടുത്തണം. ദിവ്യസന്ദേശത്തിന്റെ പ്രഭ ലോകത്തെങ്ങും പരത്തിയ മാസമാണല്ലോ റമദാന്‍! അതിനാല്‍ വായിക്കുക എന്നാഹ്വാനം ചെയ്ത് അവതീര്‍ണമായ വിശുദ്ധഖുര്‍ആനോട് നീതി പുലര്‍ത്താന്‍ ഈ മാസത്തില്‍ നമുക്ക് കഴിയേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പഠന മനനങ്ങളിലേര്‍പ്പെടാനും ഇസ്‌ലാമിന്റെ ആദര്‍ശങ്ങളെ കുറിച്ച് അവഗാഹം നേടാനും ഈ മാസം നാം ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
സുന്നത്തിനെ ജീവിപ്പിക്കുക!
നമ്മുടെ ജീവിതത്തില്‍ പതിവില്ലാത്ത ഒരു പ്രധാന സുന്നത്തിനെ റമദാനിലൂടെ പുനരുജ്ജീവിപ്പിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഉദാഹരണമായി നമസ്‌കാരത്തിന് മുമ്പും ശേഷവുമുള്ള പ്രധാന റവാതിബ് സുന്നത്തുകള്‍ പതിവാക്കാത്ത ഒരു വ്യക്തിയാണെങ്കില്‍ റമദാനില്‍ അത് പരിശീലിക്കുകയും വര്‍ഷം മുഴുവന്‍ അത് സ്ഥിരമാക്കാനും ശ്രമിക്കുക. ദിവസവും ഖുര്‍ആന്‍ പാരായണം ചെയ്യാത്ത ഒരാള്‍ക്ക് അത് പതിവാക്കാം, അല്ലെങ്കില്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് വിത്ര്‍ നമസ്‌കാരം പതിവാക്കാന്‍ ശ്രമിക്കാം. ഇപ്രകാരം ഒരു നോമ്പിലൂടെ ഒരു സുന്നത്തിനെയെങ്കിലും പുനരുജ്ജീവിപ്പിക്കുകയാണെങ്കില്‍ പത്ത് റമദാനില്‍ ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തിക്ക് അനിവാര്യമായ പത്ത് സുന്നത്തുകളെങ്കിലും ജീവിതത്തില്‍ സഥിരമായി ചെയ്തുതീര്‍ക്കാന്‍ സാധിക്കും. ഇത് പ്രാവര്‍ത്തികമാകണമെങ്കില്‍ നല്ല ഉദ്ദേശ്യവും ബോധപൂര്‍വമായ ശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്.
കര്‍മോത്സുകതയുടെ മാസം
അലസതയുടെയും ഉറക്കത്തിന്റെയും കഥകളല്ല; മറിച്ച് പോരാട്ടത്തിന്റെയും കര്‍മോത്സുകതയുടെയും ചരിത്രമാണ് റമദാനിനുള്ളത്. ബദര്‍ അടക്കമുള്ള ഇസ്‌ലാമിലെ സുപ്രധാനമായ പോരാട്ടങ്ങള്‍ അരങ്ങേറിയത് റമദാനിലാണ്. മനുഷ്യന്റെ പരിവര്‍ത്തനത്തിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട്. റമദാന്‍ മാസം ആഗതമാകുന്നതോടെ 'നന്മ ഇഛിക്കുന്ന മനുഷ്യാ നീ മുന്നോട്ട് വരൂ! തിന്മയില്‍ അഭിരമിക്കുന്ന മനുഷ്യാ നീ പിന്തിരിയൂ' എന്ന് ആകാശലോകത്ത് നിന്ന് ഒരു വിളിയാളമുണ്ടാകുമെന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട്. പൈശാചികതക്ക് കടിഞ്ഞാണിടുകയും ധാര്‍മികബോധത്തിന് മേല്‍ക്കൈ ഉണ്ടാകുകയും ചെയ്യുന്ന ഒരന്തരീക്ഷം റമദാനില്‍ സംജാതമാകും. അതിനാല്‍ തന്നെ കൂടുതല്‍ ഊര്‍ജസ്വലതയോടെ കര്‍മമണ്ഡലങ്ങളില്‍ സജീവമാകാനും നന്മകളില്‍ മുന്നേറി അല്ലാഹുവിലേക്ക് അടുക്കാനും വിശ്വാസികളെ റമദാന്‍ പര്യാപ്തമാക്കുന്നു.
ഇസ്‌ലാമിലെ എല്ലാ ആരാധനകളെയും പോലെ അതിപ്രധാനമായ റമദാന്റെയും ചൈതന്യം അതിന്റെ മാനുഷിക മുഖമാണ്. വലിയ സാഹോദര്യത്തിന്റെ സന്ദേശം അത് മുഴക്കുന്നു. കാരുണ്യത്തിന്റെ വിളംബരമായാണ് റമദാദിന്റെ വരവ് തന്നെ. 'ഇത് സഹാനുഭൂതിയുടെ മാസമെന്നും വിശ്വാസിയുടെ ഭക്ഷണത്തില്‍ വര്‍ധനവുണ്ടാകുന്ന മാസമാണെന്നും പ്രവാചകന്‍(സ) വിവരിക്കുകയുണ്ടായി. സര്‍വനോമ്പുകാരും ഒരേ സമയം പട്ടിണിയുടെ രുചി അറിയുന്നു എന്നതു തന്നെ വലിയ കാര്യമാണല്ലോ! ഈ തിരിച്ചറിവ് കാരുണ്യത്തിന്റെ, സഹാനുഭൂതിയുടെ കൊച്ചരുവികളായി സകാത്ത്, സദഖകള്‍, ജനസേവനങ്ങള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയായി ഒഴുക്കുവാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നു. അത്തരത്തില്‍ ശാരീരികേഛകളുടെ മേല്‍ ധര്‍മബോധത്തിന് മേല്‍ക്കൈ നേടിയെടുക്കാനും വിശുദ്ധിയും ഭക്തിയും വര്‍ധിപ്പിക്കാനും വ്യക്തിത്വത്തെ ഊതിക്കാച്ചി കൂടുതല്‍ തിളക്കമുള്ളതാക്കാനും കഴിയുമ്പോഴാണ് നമ്മുടെ റമദാന്‍ സാര്‍ഥകമാകുന്നതും നാളേക്കുളള കരുതിവെപ്പായിത്തീരുന്നതും!