വിശ്വാസത്തിന്റെ ആരോഗ്യമാനം
കുഞ്ഞിക്കണ്ണൻ വാണിമേൽ
2015 ജൂണ്‍
ഏതു കാര്യത്തിലായാലും വിശ്വാസമാണ് മനുഷ്യനെ നയിക്കേണ്ടത്. ആരോഗ്യ പരിപാലനത്തിലും വിശ്വാസ പരിപാലനത്തിന്
ഏതു കാര്യത്തിലായാലും വിശ്വാസമാണ് മനുഷ്യനെ നയിക്കേണ്ടത്. ആരോഗ്യ പരിപാലനത്തിലും വിശ്വാസ പരിപാലനത്തിന് വലിയ പങ്കുണ്ട്. മതം മനുഷ്യന്റെ നന്മയാണ് ആഗ്രഹിക്കുന്നത്. അവന്റെ ശാരീരികവും മാനസികവും സാമൂഹികപരവും രാഷ്്ട്രീയവുമായ മേഘലകളിലെല്ലാം നന്മ ആഗ്രഹിക്കുന്ന മതം സ്വാഭാവികമായും ആരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. പക്ഷേ, മനുഷ്യന്‍ അതേക്കുറിച്ച് വേണ്ടത്ര ബോധവാന്മാരാകുന്നില്ല. മതം കേവലം ആചാരങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്താനാണ് ഭൂരിപക്ഷം ആളുകളും ഇഷ്ടപ്പെടുന്നത്. മതനിഷ്ഠകള്‍ മാനസികവും ശാരീരികവുമായ നിലനില്‍പ്പില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. മതപരമായ ആചാരങ്ങളും. ഇസ്്‌ലാമിലാണെങ്കില്‍ നമസ്‌കാരം, ശാരീരികവും മാനസികവുമായ സംതൃപ്തി കൂടാതെ വ്യായാമമുറകള്‍ കൂടി നിര്‍വഹിക്കുന്നുണ്ടെന്നാണ് അതേപ്പറ്റി പഠിച്ചിട്ടുള്ളവര്‍ പറഞ്ഞിട്ടുള്ളത്. മറ്റു പല മതങ്ങളിലേയും ആരാധനാരീതികളും ശാരീരിക- മാനസിക ആരോഗ്യത്തില്‍ പ്രാധാന്യം നല്‍കുന്നവയാണ്.
ജീവിതത്തില്‍ പുലര്‍ത്തേണ്ടതായ ലാളിത്യം, മിതത്വം എന്നിവയൊക്കെ മതത്തിന്റെ സംഭാവനകളാണ്. ഏതൊരു മതവും അതൊക്കെ ആവശ്യപ്പെടുന്നുണ്ട്. ഡോക്ടര്‍മാര്‍ രോഗികളോട് ഇപ്പോള്‍ ആവശ്യപ്പെടുന്നത് പട്ടിണി കിടക്കാനാണ്. കാരണം അമിത ഭക്ഷണമാണ് മിക്ക രോഗങ്ങള്‍ക്കും ഇടയാകുന്നത്. എന്ന കണ്ടെത്തലിന് പ്രചാരം കൂടിവരികയാണ്. മതങ്ങള്‍ എത്രയോ മുമ്പ് ഭക്ഷണത്തിനായാലും മറ്റേത് കാര്യത്തിലായാലും മിതത്വം പാലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സകല പീഡകളില്‍ നിന്നും ശരീരം രക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബി (സ) ഒരിക്കലും വയര്‍ നിറച്ച് ഭക്ഷിച്ചിരുന്നില്ല. ഭക്ഷണം ലഭിക്കാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സമൃദ്ധമായി ഭക്ഷണം കിട്ടിയ അവസരങ്ങളിലും പാതിവയര്‍ ഭക്ഷണം കഴിച്ച് മാതൃക കാണിച്ചിട്ടുണ്ട്.
സൈബര്‍ സ്‌പേസിന്റെ ഗുരു എന്നറിയപ്പെടുന്ന ഡോ. ദീപക് ചോപ്രയുടെ 'ക്വാണ്ടം ഹീലിംഗ്' എന്ന പ്രശസ്തമായ പുസ്തകത്തില്‍ രോഗിയും രോഗവും തമ്മിലുള്ള ബന്ധത്തെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. രോഗം കഠിനമാകുന്നത് രോഗി രോഗത്തില്‍ പങ്കെടുക്കുന്നത് കൊണ്ടാണ്. അതുകൊണ്ടു തന്നെ രോഗം മാറാനുള്ള വഴി രോഗത്തില്‍നിന്ന് രോഗി പിന്മാറുകയാണ്. രോഗത്തെ അതിന്റെ പാട്ടിന് വിടുക. ശരീരത്തിന് സ്വയം ഭേദമാക്കാനുള്ള കഴിവില്‍ വിശ്വസിക്കുക. ഇങ്ങനെയാണ് രോഗി തന്നെ രോഗം ചികിത്സിക്കുന്നത്.
നമ്മുടെ ദൈവദൂതരും പ്രവാചകരും എല്ലാം മികച്ച ചികിത്സകര്‍ കൂടിയായിരുന്നു. വിശപ്പിന് മുമ്പില്‍ അപ്പമായി എന്നതുപോലെ മുറിവിനുമുമ്പില്‍ ശുശ്രൂഷയായല്ലാതെ പ്രത്യക്ഷപ്പെടാന്‍ ദൈവദൂതര്‍ക്ക് കഴിയില്ല. വ്രതാനുഷ്ഠാനങ്ങളിലും ഇത്തരം തത്വങ്ങളുണ്ട്. മനുഷ്യനെ സകല തെറ്റായ മാര്‍ഗങ്ങളില്‍നിന്നും ശരിയുടെ അല്ലെങ്കില്‍ ദൈവം ഇഛിക്കുന്ന വഴിയിലേക്ക് വിശ്വാസികളെ നയിക്കാന്‍ വ്രതാനുഷ്ഠാനത്തിന് സാധിക്കുന്നു. ആത്മശുദ്ധീകരണം നേടിയാല്‍ മാത്രമേ ദൈവഹിതത്തിലേക്ക് മനുഷ്യന് അടുത്തു നില്‍ക്കാന്‍ സാധിക്കൂ. എല്ലാ അര്‍ഥത്തിലും റമദാന്‍ വ്രതാനുഷ്ഠാനം നമുക്ക് നല്‍കുന്ന സന്ദേശവും ഇതുതന്നെയാണ്. മതപരമായ അറിവ് നേടിയെടുക്കുന്നതിലൂടെ ആരോഗ്യദായകമായ വിജ്ഞാനങ്ങളും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും വ്യക്തിജീവിതത്തിലെ വിശുദ്ധിയും ആരോഗ്യവുമൊക്കെ വ്രതാനുഷ്ഠാനത്തിലുടെ പാലിക്കാന്‍ സാധിക്കും സംശയമില്ല.