കനിവിന്റെ കുളിരുമായി മണലാരണ്യത്തിന്റെ നോമ്പ്

വാഹിദ സുബി No image

       രാവും പകലും പെട്ടെന്ന് മാറിവരുന്ന ഒരു വേനലിലേക്ക് ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും എണ്ണമറ്റ അനുഗ്രഹങ്ങളുടെയും പ്രതിഫലങ്ങളുടെയും കുളിരുമായി വിശ്വാസികളിലേക്ക് റമദാന്‍ വീണ്ടും വന്നണയുകയാണ്. ഓരോ വ്യക്തിയിലും നന്മയുടെ വിത്തുകള്‍ പാകി മാറ്റത്തിന്റെ അനുരണനങ്ങള്‍ സൃഷ്ടിക്കുക എന്നതിലൂടെ സമൂഹത്തെയാകമാനം സംസ്‌കരിച്ചെടുക്കുക എന്ന വലിയൊരു ചുമതലയുമായിട്ടാണ് ദൈവം റമദാനിനെ അയക്കുന്നത്. വര്‍ഷാവര്‍ഷങ്ങളായി റമദാന്‍ നടത്തിപ്പോരുന്നതും അതു തന്നെ. പക്ഷെ, ചുരുക്കം ചില ആളുകളിലല്ലാതെ അതിന്റെ ഫലങ്ങള്‍ നീണ്ടുനില്‍ക്കുന്നില്ല. ഒരു തവണ റമദാനിലൂടെ ആര്‍ജ്ജിച്ചെടുത്ത നന്മകള്‍ അടുത്ത വര്‍ഷം റമദാന്‍ എത്തുന്നതുവരെ സൂക്ഷിക്കാന്‍ കഴിയുന്നുണ്ടോ? ഓരോ തവണയും പാപങ്ങള്‍ കഴുകിക്കളഞ്ഞ് നിര്‍മ്മലമാക്കുന്ന ഹൃദയങ്ങളില്‍ എത്ര പെട്ടെന്നാണ് വീണ്ടും പാപത്തിന്റെ കറ പുരളുന്നത്. വര്‍ഷങ്ങള്‍ കടന്നുപോകുന്നു എന്ന ബോധം പലരിലും ഉണ്ടാക്കുന്നത് റമദാനിന്റെ വരവ് മാത്രമാണ്. അന്ന് പലരും കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞിരുന്നു. ദൈവം അനുഗ്രഹിച്ചരുളിയ കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും ചെപ്പുമായി ഇനിയും റമദാന്‍ വരുമ്പോള്‍ ഞങ്ങള്‍ ജീവിച്ചിരിക്കാന്‍ ഇടയുണ്ടാവില്ലെന്ന് ഓര്‍ത്തുകൊണ്ട്. മരണത്തെ ഉറപ്പിച്ച് ഇനി റമദാനിനെ കാണില്ലെന്നോര്‍ത്ത് പൊട്ടിക്കരഞ്ഞ പലരും ഈ വര്‍ഷവും റമദാനിനെ വരവേല്‍ക്കാന്‍ മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തുന്നുണ്ട്. വര്‍ഷവും ഉണ്ടാവും എന്ന് ഉറപ്പിച്ച പലരും ഇന്ന് ഹാജരില്ല. അവര്‍ക്കൊരു പക്ഷെ നഷ്ടം തോന്നിയിട്ടുണ്ടാവാം, റമദാന്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതില്‍. അടുത്ത വര്‍ഷം അങ്ങനെ നഷ്ടം തോന്നുന്നവരുടെ കൂട്ടത്തില്‍ ജീവിച്ചിരിക്കുന്ന ഒരാളും ഉണ്ടാകാന്‍ ഇടവരരുത്. കാരണം മരണം എന്ന അനിവാര്യത ആരെയും ഏത് രൂപത്തിലും തേടിയെത്തിയേക്കാം.
നനച്ചുകുളി എല്ലായിടത്തും...
എത്ര ആവേശത്തോടെയാണ് ഓരോ വിശ്വാസിയും റമദാനിനെ വരവേല്‍ക്കുന്നത്. മുന്നൊരുക്കമെന്ന നിലയില്‍ വീടും പരിസരവുമൊക്കെ വൃത്തിയാക്കി റമദാനിനെ സ്വാഗതം ചെയ്യാനായി നനച്ചുകുളി നടത്തും. അറേബ്യന്‍ നാടുകളിലും ഇത് അങ്ങനെതന്നെയാണ്. വീട്ടില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ മുഴുവനായും വാരിവലിച്ച് പുറത്തേക്കിടല്‍. അറബികള്‍ക്കിടയില്‍ അതൊരു ചടങ്ങ് മാത്രമായി തോന്നാറുണ്ട് പലപ്പോഴും. കാരണം, എത്രയോ ഉപകാരപ്രദമായ വീട്ടുപകരണങ്ങളാണ് അവര്‍ പുറത്തേക്ക് വലിച്ചെറിയുന്നത്. മാലിന്യനിക്ഷേപം കൊണ്ടുപോകാനെത്തുന്ന പല തൊഴിലാളികളും അവയില്‍നിന്ന് പാത്രങ്ങളും വസ്ത്രങ്ങളുമൊക്കെ ശേഖരിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നിപ്പോകും. സത്യത്തില്‍ പരിസരം വൃത്തിയാക്കുന്നതിനേക്കാള്‍ പരിഗണന മനസ്സ് വൃത്തിയാക്കുന്നതിന് കൊടുക്കേണ്ടതില്ലേ. ദൈവം ഓരോരുത്തരുടെയും മനസ്സിലേക്കല്ലേ നോക്കുന്നത്. ഓരോ വര്‍ഷങ്ങള്‍ റമദാനിലൂടെ കൊഴിഞ്ഞുപോകുമ്പോഴും മനസ്സിനും സ്വഭാവത്തിനും കാര്യമായ മാറ്റം സംഭവിച്ചില്ലെങ്കില്‍ അത് ഈ കര്‍മ്മങ്ങളെയൊക്കെ പാഴാക്കിക്കളയുകയല്ലേ ചെയ്യുന്നത് എന്ന് തോന്നിപ്പോകും ഈ ബാഹ്യമായ ചടങ്ങുകള്‍ കാണുമ്പോള്‍.
നന്മയുടെ വിത്തുകള്‍ മുളക്കപ്പെടുമ്പോള്‍....
റമദാനിനു മുന്നോടിയായി വൃത്തിയാക്കല്‍ ചടങ്ങുകളോടൊപ്പം പല സാമൂഹിക മാറ്റങ്ങളും എല്ലാ നാട്ടിലും പ്രത്യക്ഷപ്പെടും. അതിവിടെയും കാണാം.
പലരും പാവപ്പെട്ട അയല്‍വാസികള്‍ക്ക് റമദാനിന് വറുതി ഒഴിവാക്കാന്‍ ഭക്ഷണക്കിറ്റുകള്‍ സമ്മാനിക്കുന്നതിന്റെ തിരക്കിലാവും. അതൊരുപാട് സന്തോഷമുള്ള കാര്യമാണ്. തന്നെപ്പോലെ തന്റെ അയല്‍വാസിയും നോമ്പ് തുറക്കണമെന്ന മനസ്സ്. റമദാന്‍ എത്തുന്നതിന്റെ മുമ്പായി അറ്റുപോയ കുടുംബബന്ധങ്ങളും അയല്‍പക്കബന്ധങ്ങളും കൂട്ടിയിണക്കപ്പെടുന്നു.
വിശക്കുന്നവനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് റമദാന്‍ കടന്നുവരാറുള്ളത്. പലരും അത് മനോഹരമായി പാലിക്കാറുമുണ്ട്. എന്നാല്‍ പുതിയ പലഹാരങ്ങള്‍ പരീക്ഷിക്കാനുള്ള ഒരുമാസമായി ചിലര്‍ റമദാനിനെ കാണുന്നു. ചാനലുകള്‍ വരെ റമദാന്‍ ആഘോഷിക്കുന്നത് പലഹാരങ്ങളുടെയും ഭക്ഷ്യ വിഭവങ്ങളുടെയും മാസമായിട്ടാണല്ലോ. അറേബ്യന്‍ നാടുകളില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കിക്കളയുന്ന മാസമായിട്ടാണ് റമദാനിനെ തോന്നിപ്പിക്കുക. നോമ്പ് തുറപ്പിക്കുന്നത് നല്ലകാര്യമാണ്. പക്ഷെ, അവിടെയും റമദാന്‍ പരിഹസിക്കപ്പെടുന്നില്ലേ. ധൂര്‍ത്തും പൊങ്ങച്ചവും നിറഞ്ഞ വേദികളായി ഇഫ്താറുകള്‍ മാറിപ്പോകുന്നു.
കനിവിന്റെ മേല്‍ക്കൂരകള്‍..
ഗള്‍ഫുനാടുകളില്‍ റമദാന്‍ സ്വാഗതം ചെയ്യപ്പെടുമ്പോള്‍ പള്ളികളോടനുബന്ധിച്ച് തമ്പുകള്‍ ഉയര്‍ന്നുവരാറുണ്ട്. പാവപ്പെട്ട തൊഴിലാളികള്‍ക്കാണ് അവിടെ നല്ല ഭക്ഷണം ഒരുക്കപ്പെടുന്നത്. അവര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയുന്നതിനുമപ്പുറത്താണ് ആ ഭക്ഷണങ്ങള്‍. പതിനൊന്ന് മാസം അവര്‍ തിന്നുകൊണ്ടിരുന്ന കുബ്ബൂസില്‍നിന്നുമുള്ള ഒരു മോചനം കൂടിയാണ് ഈ തമ്പുകള്‍.
ചുട്ടുപൊള്ളുന്ന ചൂടില്‍ നോമ്പുകാരനായി ജലപാനമുപേക്ഷിച്ച് തുച്ഛവരുമാനത്തില്‍ ജോലിചെയ്യുന്ന അവരുടെ നോമ്പായിരിക്കണം വിശക്കുന്നവനോടുള്ള യഥാര്‍ത്ഥ ഐക്യദാര്‍ഢ്യം. അങ്ങനെയുളളവര്‍ക്ക് വലിയൊരാശ്വാസം തന്നെയാണ് ഇത്തരം തമ്പുകള്‍. നോമ്പ് തുറക്കേണ്ട സമയമാവുമ്പോള്‍ ലേബര്‍ക്യാമ്പുകളില്‍നിന്നും വാഹനങ്ങളില്‍ അവരെ പള്ളിയുടെ പരിസരത്ത് എത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നു എന്നതൊരു മഹത്കര്‍മ്മമാണ്. എന്നാല്‍ അവിടെയും എത്തിച്ചേരാന്‍ കഴിയാത്ത മരുഭൂമികളുടെ അകലങ്ങളില്‍ ലേബര്‍ക്യാമ്പുകളില്‍ കഴിയുന്നവരുമുണ്ട്. അവര്‍ക്കാശ്വാസം പകരാന്‍ മരുപ്പറമ്പിലെ മരുപ്പച്ച കണക്കെ കര്‍മ്മനിരതരാവുന്നത് സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും കീഴിലെ സേവന സന്നദ്ധതയുള്ള ചെറുപ്പക്കാരാണ്. ഭക്ഷണം പാക്ക് ചെയ്ത് സ്വന്തം വാഹനങ്ങളില്‍ കൂട്ടായി അവര്‍ക്കുള്ളത് എത്തിച്ചുകൊടുക്കുകയും അവരിലൊരാളായി അവരുടെ കൂടെ അന്ന് നോമ്പ് തുറക്കുകയും ചെയ്യുന്നു ജനസേവനം ദൈവാരാധനയായി കാണുന്ന ഒരു കൂട്ടം യുവത്വങ്ങള്‍.
വ്യത്യസ്തമാവുന്ന ഇഫ്താര്‍ സംഗമങ്ങള്‍ വേറെയും ഒരുപാടുണ്ട് പ്രവാസലോകത്ത്. ഓരോ സംഘടനകള്‍ക്കു കീഴിലും പ്രാദേശിക കൂട്ടായ്മകള്‍ക്കു കീഴിലും വരെ ഇഫ്താറുകള്‍ സംഘടിപ്പിക്കപ്പെടുന്നു. സഹോദര സമുദായാംഗങ്ങള്‍ വരെ ഇത്തരം സംഗമങ്ങളില്‍ അണിചേരും. വനിതകള്‍ വരെ സ്വന്തമായി മുന്‍കൈയെടുത്ത് വനിതകള്‍ക്കു മാത്രമായി ഇഫ്താറുകള്‍ സംഘടിപ്പിക്കാറുണ്ട്. സ്വന്തം കുടുംബത്തോടൊപ്പം മാത്രം നോമ്പ് തുറക്കുന്നവര്‍ക്ക് ഇത്തരം പങ്കുവെക്കലുകളുടെ നോമ്പുതുറകള്‍ ഒരുപാട് സന്തോഷം നല്‍കുന്നു.
മാറിമറിയുന്ന ജീവിതചര്യകള്‍..
നാട്ടിലായിരിക്കുമ്പോള്‍ റമദാന്‍ സാധാരണ ജീവിതത്തെ അത്ര മാറ്റിമറിക്കാറില്ല. പകല്‍സമയത്തെ ഭക്ഷണസമയങ്ങളില്‍ ഒരവധി. ബാക്കി എല്ലാം സാധാരണ ഗതിയിലാവും. നേരം വെളുക്കുന്നതോടു കൂടി നമ്മുടെ വീടകങ്ങളും പരിസരവുമെല്ലാം സാധാരണ പോലെ ബഹളമയമായിരിക്കും. എന്നാല്‍ പ്രവാസലോകത്ത് ഈ ഒരു മാസം വ്യത്യസ്തമാര്‍ന്നതാണ്. നീളം കൂടിയ പകലുകളായിരിക്കും റമദാനില്‍ ഗള്‍ഫ് നാടുകളില്‍. തെരുവുകളൊക്കെ സജീവമാകാന്‍ ഏകദേശം ഉച്ചതിരിയും. ജോലിയുള്ളവര്‍ മാത്രമേ രാവിലെ പുറത്തിറങ്ങുന്നുള്ളൂ. നോമ്പുതുറക്ക് ശേഷം സജീവമാകുന്ന തെരുവുകളും പള്ളികളും സുബ്ഹി വരെ നീണ്ടുനില്‍ക്കും. സുബ്ഹി നമസ്‌കാരം കഴിയുന്നതോടു കൂടിയാണ് എല്ലാവരും വീടകങ്ങളിലേക്ക് മടങ്ങുന്നത്. രാത്രിയില്‍ ഉറങ്ങുന്ന ആളുകള്‍ വളരെ ചുരുക്കമേ കാണുകയുള്ളൂ.
റമദാന്‍ എല്ലാവര്‍ക്കും..
റമദാനില്‍ പത്രങ്ങളില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട വിശേഷങ്ങളിലൊന്ന് സഹോദര സമുദായങ്ങളില്‍ പെട്ടവരുടെ റമദാന്‍ നോമ്പെടുക്കലും ഖുര്‍ആന്‍ പഠനവുമൊക്കെയാവും. പ്രവാസ ലോകത്തും ഈ സ്ഥിതി വ്യത്യസ്തമല്ല. തങ്ങളുടെ ജോലിസ്ഥലത്തെയും റൂമിലെയും മുസ്ലിം സഹോദരങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് വളരെ സന്തോഷത്തോടെ നോമ്പെടുക്കുന്ന പല ആളുകളും പ്രവാസികള്‍ക്കിടയിലും ഉണ്ട്. അത് അവര്‍ക്ക് മാനസികമായി വളരെയധികം സന്തോഷം നല്‍കാറുണ്ട് എന്ന് പലരുടെയും അനുഭവങ്ങളില്‍ പറയാറുണ്ട്.
റമദാനിന്റെ ഏറ്റവും വലിയ അനുഗ്രഹമായ, ആയിരം രാവുകളേക്കാള്‍ ശ്രേഷ്ഠം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന അവസാനത്തെ പത്ത് ദിവസങ്ങളില്‍ പള്ളികളില്‍ ഭജനമിരിക്കുന്നവര്‍ക്കുള്ള ഭക്ഷണമൊക്കെ മിക്ക പള്ളികളിലും ഒരുക്കിയിട്ടുണ്ടാവും. സ്ത്രീകളും പള്ളികളില്‍ ഭജനമിരിക്കുകയും ഭക്ഷണസാധനങ്ങള്‍ പരസ്പരം പങ്കുവെക്കുകയും ചെയ്യുന്നു.
ഇനിയെങ്കിലും മാറേണ്ടതില്ലേ..
റമദാനില്‍ മാത്രം കിട്ടുന്ന ഒരുപാട് അനുഗ്രഹങ്ങള്‍ ദൈവം നമുക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് ലഭിക്കണമെങ്കില്‍ കഠിനമായി പ്രയത്‌നിക്കേണ്ടത് അത്യാവശ്യമാണ്. മാനസികവും ശാരീരികവുമായ ഇച്ഛകളെ മുഴുവന്‍ അടക്കിനിര്‍ത്താനുളള ക്ഷമയാണ് നമുക്ക് ഈ ഒരു മാസം ആവശ്യമുള്ളത്. പക്ഷെ, പലരും ആ അനുഗ്രഹങ്ങള്‍ കൈവെള്ളയിലെത്തിയിട്ടും തട്ടിമാറ്റുന്നു. രാത്രിയിലെ നമസ്‌കാരവും വിലപ്പെട്ട സമയങ്ങളും വെറുതെ നഷ്ടപ്പെടുത്തുന്നു.
പകല്‍ മുഴുവന്‍ പട്ടിണി കിടന്ന വയറിനെ കുറച്ച് സമയം കൊണ്ട് താങ്ങാന്‍ പറ്റാവുന്നതിലേറെ ഭക്ഷണം കഴിച്ച് ശരീരത്തെ ക്ഷീണിപ്പിക്കുകയും അതുവഴി രാത്രി നമസ്‌കാരത്തില്‍ അലംഭാവം കാണിക്കുകയും ചെയ്യുന്നു. ലഘുവായ ഭക്ഷണംകൊണ്ട് നോമ്പുതുറക്കാനാണ് ശ്രമിക്കേണ്ടത്. അതായിരിക്കും ഏറെ പുണ്യമുള്ള രാത്രികാല ആരാധനകളെ സജീവമാക്കാന്‍ സഹായിക്കുക.
ഏറ്റവും പവിത്രമായ ദിവസങ്ങളില്‍ പെരുന്നാളിന്റെ പേരു പറഞ്ഞ് ഷോപ്പിംഗ് മാളുകളില്‍ അലയുന്നു. ആ ദിവസങ്ങളിലൂടെ കിട്ടാന്‍പോകുന്ന പുണ്യങ്ങളുടെ കാര്യഗൗരവം ശരിക്കും മനസ്സിലാക്കാത്തതു കൊണ്ടാണ പെരുന്നാള്‍ ഷോപ്പിംഗ് റമദാന്‍ എത്തുന്നതിന്റെ മുമ്പ് തീര്‍ക്കുന്നതാവും റമദാനിനെ ഉപയോഗപ്പെടുത്താന്‍ ഏറ്റവും നല്ലതെന്ന് തോന്നുന്നു. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇനിയെങ്കിലും മനോഹരമായി റമദാനിനെ ഉപയോഗപ്പെടുത്താന്‍ കഴിയേണ്ടതുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top