രാജ്യത്താകമാനമുള്ള വഖഫ് സ്വത്തുക്കളുടെ ഭരണം വ്യവസ്ഥാപിതമായ രീതിയില്‍ നടക്കുന്നുവെന്നും വഖഫിനു കീഴിലെ സ്വത്തും
രാജ്യത്താകമാനമുള്ള വഖഫ് സ്വത്തുക്കളുടെ ഭരണം വ്യവസ്ഥാപിതമായ രീതിയില്‍ നടക്കുന്നുവെന്നും വഖഫിനു കീഴിലെ സ്വത്തും പണവും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിനും വഖഫിനു കീഴിലെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടാല്‍ അതു തിരിച്ചെടുക്കുന്നതിനും ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ ബലത്തിലാണ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് അതിവിപുലമായ അധികാരങ്ങളാണ് കേന്ദ്ര നിയമം വഖഫ് ബോര്‍ഡുകള്‍ക്ക് നല്‍കിയിരിക്കുന്നത്. രജിറ്റര്‍ ചെയ്തിട്ടുള്ള വഖഫുകള്‍ക്ക് റെന്റ് കണ്‍ട്രോള്‍ ആക്ട്, ലാന്റ് റിഫോംസ് ആക്ട്, ലാന്റ് അക്യുഷന്‍ ആക്ട് തുടങ്ങിയ നിയമങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതാണ്. വഖഫ് സ്വത്ത് സമ്പന്ധമായുണ്ടാവുന്ന തര്‍ക്കങ്ങളിലും വ്യവഹാരങ്ങളിലും ബോര്‍ഡ് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മാത്രമേ നിയമത്തിന്റെ പരിരക്ഷ ലഭിക്കുകയുള്ളൂ. അതേപോലെ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മഹല്ലിലെ അംഗങ്ങള്‍ക്ക് മാത്രമേ ബോര്‍ഡ് നല്‍കുന്ന ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കൂ. ഇത്തരമൊരു അധികാര കേന്ദ്രങ്ങളിലേക്ക് നാളിതുവരെയായി സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ലായിരുന്നു. മഹല്ലു ഭരണരംഗത്തേക്കുള്ള സ്ത്രീ പ്രവേശനത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ മഹല്ലുകളെ നിയന്ത്രിക്കുന്ന വഖഫ് ഭരണ രംഗത്തേക്കുളള സ്ത്രീ പ്രാതിനിധ്യം പ്രതീക്ഷകള്‍ നല്‍കുന്നതാണ്. വഖഫ് ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഷമീമ ഇസ്‌ലാഹിയ ആരാമത്തോട് സംസാരിക്കുന്നു
കണ്ണൂര്‍ ജില്ലയിലെ ഇരിണാവില്‍ 1977 നവംബര്‍ 10-ന് പ്രൊഫസര്‍ അബ്ദുല്‍ ഹമീദിന്റെയും പടപ്പില്‍ ഖദീജയുടെയും മകളായി ജനിച്ചു. അറബിയില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ നേടി. വഖഫ് ബോര്‍ഡ് മെമ്പര്‍ സ്ഥാനം കൂടാതെ 2010 മുതല്‍ എം.ജി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി, കണ്ണൂര്‍ ജില്ല ഓര്‍ഫനേജ് ആന്റ് അദര്‍ ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ വൈസ് പ്രസിഡന്റ്, ഹോം ഫോര്‍ വിഡോസ് ആന്റ് ഓര്‍ഫന്‍സ് (അത്താണി), ഗേള്‍സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ (ഫീല്‍ അറ്റ് ഹോം) എന്നീ സ്ഥാപനങ്ങളുടെ ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. മയ്യില്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ ഖാലിദ് ഫാറൂഖിയാണ് ഭര്‍ത്താവ്. മക്കള്‍ അദീബ ഫര്‍ഹ, ഫിദ ഫര്‍ഹ, ദിയാന ഫര്‍ഹ, മുഹമ്മദ് ബിന്‍ ഖാലിദ്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലായി 25 ഖുര്‍ആന്‍ ലേണിംഗ് ക്ലാസ്സുകളിലായി ആയിരത്തോളം പഠിതാക്കള്‍ ഇവര്‍ക്ക് കീഴിലുണ്ട്. കൂടാതെ ആലംബഹീനരുടെ കണ്ണീരൊപ്പുക എന്ന നിസ്വാര്‍ഥ സേവനത്തിന്റെ പാഠമോതിക്കൊണ്ട് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന അത്താണിയെന്ന സ്ഥാപനത്തിന്റെ സാരഥി കൂടിയാണിവര്‍. ജീവിതത്തിന്റെ നിസ്സഹായതയില്‍ മക്കളും പേരമക്കളും കൈയ്യൊഴിഞ്ഞ 62 ഓളം അന്തേവാസികളെ ഇവിടെ ഇവര്‍ സംരക്ഷിച്ചുപോരുന്നു.
1. കേരള വഖഫ് സംവിധാനത്തിനു കീഴിലെ ആദ്യ വനിതാ അംഗമായ് താങ്കള്‍ എങ്ങനെയാണ് ഈ പദവിയെ കാണുന്നത്?
വഖഫ് ബോര്‍ഡിലേക്ക് രണ്ട് വനിതാ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന നിയമ നിര്‍മാണം 2014 മുതലാണ് പ്രാബല്യത്തില്‍ വന്നത്. ആദ്യ വനിതാ പ്രതിനിധി എന്ന നിലയില്‍ സമ്മിശ്ര വികാരമാണ് എന്നിലുളവാകുന്നത്. 24,000-ത്തിലധികം വരുന്ന വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും പുരോഗതിക്കും നേതൃത്വം വഹിക്കുക എന്നതാണ് വഖഫ് ബോര്‍ഡിന്റെ ഉത്തരവാദിത്വം. മാത്രമല്ല, അര്‍ധ ജുഡീഷ്യല്‍ പദവിയുള്ള ബോര്‍ഡ് എന്ന നിലയില്‍ വഖഫ് സ്വത്തുക്കളുടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ഉത്തരവാദിത്വവും ഉണ്ട്. ആദ്യ വനിതാ പ്രതിനിധി എന്ന സന്തോഷത്തേക്കാളുപരി ഉത്തരവാദിത്വ നിര്‍വഹണത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയാണ് കൂടുതല്‍.
2. വഖഫ് അംഗങ്ങളുടെ നിയമനവും വഖഫിനു കീഴിലെ ഭരണസംവിധാനവും എങ്ങനെയാണ്?
വഖഫ് ബോര്‍ഡിലേക്ക് അംഗങ്ങളെ നിയമിക്കുന്നത് വിവിധ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നാണ്. എം.പിമാരില്‍നിന്ന് ഒന്ന്, എം.എല്‍.എയില്‍ നിന്ന് രണ്ട്, മുതവല്ലിമാരില്‍നിന്ന് രണ്ടുപേര്, അഡ്വക്കറ്റ് വിഭാഗത്തില്‍നിന്ന് ഒന്ന്. സാമുദായിക സംഘടനാ പ്രതിനിധികളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്നു. ആകെ പത്ത് പേര്‍. ഇതില്‍ രണ്ടുപേര്‍ വനിതകളായിരിക്കണം.
3.വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുപോവുകയാണ്. രാഷ്ട്രീയപാര്‍ട്ടികളുടെയോ മതസംഘടനകളുടെയോ സ്വകാര്യവ്യക്തികളുടെയോ കൈയിലാണ് സ്വത്തുക്കളധികവും. ഇത് തിരിച്ചുപിടിക്കാന്‍ എന്താണ് ചെയ്യുന്നത്? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
കേരളത്തെ സംബന്ധിച്ച് ഇത് പൂര്‍ണ്ണമായി ശരിയല്ല. വഖഫ് സ്വത്തുക്കള്‍ മഹല്ല് സംവിധാനത്തിനു കീഴിലോ ട്രസ്റ്റുകള്‍ക്ക് കീഴിലോ കൈകാര്യം ചെയ്യപ്പെടുന്ന ഒരവസ്ഥയാണുള്ളത്. വഖഫ് ചെയ്യുന്ന ആള്‍ സ്വത്ത് സംബന്ധിച്ച് എഴുതിത്തയ്യാറാക്കിയ പ്രമാണത്തില്‍ കുടുംബത്തിലെ അംഗങ്ങളുടെ പരിരക്ഷ ഉറപ്പുവരത്തക്ക വാചകങ്ങള്‍ ഉള്ളതിനാലാണ് മിക്ക വഖഫ് സ്വത്തും സ്വകാര്യ വ്യക്തികള്‍ കൈകാര്യം ചെയ്യുന്നത്. വസ്വിയ്യത്തില്‍ പറഞ്ഞ പ്രകാരവും ഭരണഘടനയില്‍ പറയപ്പെട്ട പ്രകാരവും അല്ലാതെ വഖഫ് സ്വത്തുക്കള്‍ അനധികൃതമായി ആരെങ്കിലും കൈയടക്കിയെങ്കില്‍ അത് തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ എടുക്കുന്നതാണ്.
4. സ്വത്തുക്കള്‍ അന്യാധീനപ്പെടുമ്പോള്‍ അത് തിരിച്ചുപിടിക്കാനുള്ള സംവിധാനം മാത്രമായി വഖഫ് മാറിയോ? ആദ്യകാലത്ത് ധര്‍മ്മിഷ്ഠരായ ആളുകള്‍ തങ്ങളുടെ സമ്പാദ്യം വഖഫ് ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇപ്പോഴത് കുറഞ്ഞുവരുന്നതുപോലെ തോന്നുന്നു. ഇന്ന് കൂടുതലും അറബ് സംഭാവനയെയാണ് ആശ്രയിക്കുന്നത്. എന്താണിതിനു കാരണം?
എക്കാലത്തും ധര്‍മിഷ്ഠരായവര്‍ ധര്‍മ്മം ചെയ്യുന്നുണ്ട്. അറബ് സംഭാവന എന്നത് പള്ളി നിര്‍മ്മാണത്തില്‍ ധാരാളമായി കണ്ടുവരുന്നുണ്ട്. വിവിധ മത സാംസ്‌കാരിക സംഘടനകള്‍, പ്രത്യേകിച്ച് കേരളീയര്‍ സംഭാവനയിലൂടെ സ്വരൂപിക്കുന്ന സംഖ്യകൊണ്ടാണ് ഉയര്‍ന്നുനില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നത്.
5. സ്വത്തുക്കള്‍ വഖഫ് ചെയ്യുന്ന കാര്യത്തില്‍ സ്ത്രീകളും മുന്‍പന്തിയിലായിരുന്നു. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളുടെ ഇന്നത്തെ മനോഭാവം എങ്ങനെയാണ്?
ഇത്തരം വിഷയങ്ങളില്‍ എന്നും സ്ത്രീകള്‍ മുന്‍പന്തിയില്‍ തന്നെയാണ്. മതപ്രഭാഷണങ്ങള്‍ കേട്ട് സ്വര്‍ണ്ണാഭരണങ്ങള്‍ സംഭാവന നല്‍കുന്നതില്‍ സ്ത്രീകള്‍ ഇന്നും മുന്‍പന്തിയില്‍ തന്നെയാണ്. ഏതൊരു വഖഫ് സ്വത്തിനും പ്രതിഫലം നല്‍കുന്നവന്‍ അല്ലാഹുവാണ്. അല്ലാഹു മനുഷ്യന്റെ ഉദ്ദേശ്യശുദ്ധിയെയാണ് പരിഗണിക്കുന്നത്.
6. മുസ്‌ലിംകളുടെ ആദ്യ ഭരണസംവിധാനമാണ് മഹല്ലുകള്‍. മഹല്ലുകളെ നിയന്ത്രിക്കുന്നത് വഖഫ് ബോര്‍ഡുകളാണ്. സാമൂഹ്യരംഗത്ത് മുസ്‌ലിം സ്ത്രീകള്‍ സജീവമാകുന്ന ഇക്കാലത്തും എന്തുകൊണ്ടാണ് നമ്മുടെ സ്ത്രീകള്‍ മഹല്ലുകളിലെ അധികാര കേന്ദ്രങ്ങളിലേക്ക് എത്താത്തത്? ആരാണിതിനു തടസ്സം? ഈ പോരായ്മ നികത്താന്‍ വനിതാ അംഗമെന്ന നിലയില്‍ വല്ലതും ചെയ്യാനായോ?
സ്ത്രീകള്‍ മഹല്ലുഭരണത്തില്‍ സജീവമാകണം എന്നുപറയുമ്പോള്‍ പൗരോഹിത്യം അതിനെതിരെ വാളോങ്ങും. പള്ളിയിലെ ജീവനക്കാര്‍ക്ക് ഭക്ഷണം ഒരുക്കിക്കൊടുക്കാനും പാതിരാ പ്രസംഗങ്ങളിലെ ലേലം വിളികളില്‍ പങ്കാളികളാകാനും മാത്രമേ നല്ലപാതിയെ പറ്റൂ എന്ന് പൗരോഹിത്യം തീരുമാനിക്കുമ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. നമുക്ക് കാത്തിരുന്ന് കാണാം.
7. വിവാഹം, വിവാഹമോചനം എന്നീ കാര്യങ്ങള്‍ മഹല്ലു സംവിധാനത്തിന്റെ കൂടെത്തന്നെയാണ് കൈകാര്യം ചെയ്യുന്നത്. പലപ്പോഴും അത് ഇസ്‌ലാമിന്റെ മൗലിക തത്വങ്ങള്‍ വിസ്മരിച്ച് സ്ത്രീയെ ദോഷകരമായി ബാധിക്കുന്ന തരത്തിലുമാണ്. മഹല്ലുകള്‍ നിയന്ത്രിക്കുന്ന ഉന്നത ബോഡി എന്ന നിലയില്‍ ഇടപെടാനും സമൂഹത്തിന് ദിശാബോധം നല്‍കാനും എത്രത്തോളം സാധിക്കുന്നുണ്ട്?
വളരെയേറെ വിശദീകരിക്കേണ്ട ഒരു വിഷയമാണിത്. വീട്ടിലുള്ളതു പോലെ ചെറിയ ചെറിയ അധികാരങ്ങള്‍ മാത്രമാണ് മഹല്ല് ഭരണം. മുസ്‌ലിം സമൂഹത്തിലെ വിവാഹം, മരണം, മരണാനന്തരം തുടങ്ങിയ വളരെ ചെറിയ വിഷയങ്ങള്‍ മാത്രമാണ് മഹല്ല് കൈകാര്യം ചെയ്യുന്നത്. മഹല്ലുകളില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് വഖഫ് ബോര്‍ഡിന്റെ ചുമതല. വിവാഹം, വിവാഹമോചനം തുടങ്ങി മഹല്ല് കൈകാര്യംചെയ്യുന്ന വിഷയങ്ങളില്‍ പ്രാദേശികമായി കൈകാര്യം ചെയ്യുന്നതിലെ അപാകതകളാണ് ധാരാളമായി കണ്ടുവരുന്നത്. ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ തന്നെ മതിയായതാണ്.
8. സമുദായത്തിനു കീഴില്‍ ഒരുപാട് മദ്രസകളുണ്ട്. ദിവസവും അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം പ്രവര്‍ത്തിക്കുന്നവയാണ് ഈ കെട്ടിടങ്ങള്‍. ആധുനിക വിദ്യാഭ്യാസവും സാങ്കേതിക ജ്ഞാനവും നേടിയ നല്ലൊരു വിഭാഗം സ്ത്രീകള്‍ സമുദായത്തിന്റേതായി ഉണ്ട്. ഇത്തരം സ്ഥാപനങ്ങളിലൂടെ പ്രാദേശികമായി കിട്ടുന്ന തൊഴില്‍ശക്തിയെ അല്ലെങ്കില്‍ അവരുടെ ക്രിയാശേഷിയെ സമൂഹത്തിനും സമുദായത്തിനും ഗുണപരമായി തീരുന്ന തരത്തില്‍ കര്‍മ്മപദ്ധതികള്‍ എന്തുകൊണ്ട് നടപ്പാക്കപ്പെടുന്നില്ല (ഉദാ ടൈലറിംഗ്, പച്ചക്കറി, മറ്റ് കൈത്തൊഴിലുകള്‍, കമ്പ്യൂട്ടര്‍ സെന്റര്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവക്ക് ഈ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തിക്കൂടേ). ഒരു സ്ത്രീയെന്ന നിലയില്‍ താങ്കളുടെ അഭിപ്രായം എന്താണ്?
ഇത് സ്ത്രീ എന്ന നിലയില്‍ അഭിപ്രായം പറയേണ്ട വിഷയമല്ല. മദ്രസാ കെട്ടിടം തന്നെ ഇത്തരം സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് വേണമെന്നില്ല. വീടുകളും ആവാം. മദ്രസകള്‍ മറ്റാവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുമ്പോള്‍ വഖഫ് മാറ്റാമോ എന്ന് തുടങ്ങുന്ന ചര്‍ച്ചകള്‍ രൂപപ്പെടും.
ജന്‍ശിക്ഷക് സന്‍സ്ഥാന്‍ (Jss) പല ജില്ലകളിലും ഇത്തരം സ്വയംതൊഴില്‍ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. ഇത് ഏറെ ഉപകാരപ്പെടുന്നത് സ്ത്രീകള്‍ക്കായിരിക്കും.
9. വ്യക്തിയുടെ സ്വത്തില്‍ മൂന്നിലൊന്നാണ് വഖഫ് ചെയ്യപ്പെടുന്നത്. കാര്യക്ഷമമായി ചെയ്യുകയാണെങ്കില്‍ ഓരോ വ്യക്തിക്കും സ്വന്തം കുടുംബത്തിലെ അശണരായ ആളുകളെ സഹായിക്കാനുള്ള സംവിധാനമാണത്. ഉദാ:- പിതാമഹന്റെ സ്വത്തില്‍ പൗത്രന് അവകാശമില്ല. മറ്റുള്ളവര്‍ വിമര്‍ശനവിധേയമാക്കുന്ന ഈ കാര്യം മഹല്ല് സംവിധാനത്തിനു കീഴില്‍ വഖഫിലൂടെ കാര്യക്ഷമമായി കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ പറ്റും. ഇതില്‍ എത്രമാത്രം മുന്നോട്ട് നീങ്ങിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ വഖഫ് സംവിധാനം പരാജയപ്പെട്ടിട്ടില്ലേ?
അനന്തരാവകാശനിയമം കുറ്റമറ്റതാണ്. വിമര്‍ശകര്‍ ഇസ്‌ലാമിലെ അനന്തരാവകാശ നിയമം പഠിക്കാതെയാണ് വിമര്‍ശിക്കുന്നത്. വഖഫ് മറ്റൊന്നാണ്. മരണശേഷം വസിയ്യത്ത് ചെയ്യുന്നത് മറ്റൊരു സമ്പ്രദായമാണ്. മൂന്നില്‍ ഒന്ന് മാത്രമാണ് വസിയ്യത്ത് ചെയ്യുവാന്‍ പറ്റുന്നത്. സകാത്ത്, മറ്റ് ദാനധര്‍മങ്ങള്‍ എന്നിവ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ വിശ്വാസികള്‍ ശ്രദ്ധചെലുത്തിയാല്‍ സാമ്പത്തിക അച്ചടക്കമുള്ള സമൂഹം നിലവില്‍വരും. ഏറെക്കുറെ ദരിദ്രരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
10. പള്ളിക്കമ്മിറ്റികള്‍ക്കു കീഴില്‍ ഒരുപാട് അനാഥശാലകളുണ്ട്. തീര്‍ത്തും അനാഥരായവരല്ല ഇതിലുള്ളത്. മാതാവെങ്കിലും ജീവിച്ചിരിക്കുന്ന അനാഥമക്കളെ അനാഥശാലയിലേക്ക് അയച്ച് സംരക്ഷിക്കുന്നതിനു പകരം സ്വന്തം മാതാവിനോടൊപ്പം നിര്‍ത്തി സംരക്ഷിക്കുന്ന തരത്തില്‍ ഒരു സഹായനിധി വഖഫ് സംവിധാനത്തില്‍ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിച്ചുകൂടേ?
അനാഥരായവര്‍ക്കു വേണ്ടി ധാരാളം പദ്ധതികള്‍ സംസ്ഥാന വഖഫ് ബോര്‍ഡ് നടപ്പിലാക്കിവരുന്നുണ്ട്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ദത്തെടുക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണ്. അനാഥകളായ കുട്ടികളെ മാതാക്കള്‍ വളര്‍ത്തുന്നതിന് സഹായം ചെയ്യുക എന്നത് നല്ല കാര്യമാണ്. അനാഥശാല എന്ന പേരിനു പകരം കുട്ടികളുടെ വീട് എന്നാക്കണം എന്നൊക്കെ പറയുന്നത് ഉപരിപ്ലവമായി മാത്രമേ കാണാന്‍ കഴിയൂ. മാതാക്കള്‍ പ്രാപ്തയല്ലെങ്കില്‍ സാമ്പത്തിക സഹായംകൊണ്ട് അനാഥ സനാഥയാവില്ല. മികച്ച വിദ്യാഭ്യാസവും പരിചരണവും അച്ചടക്കവും നേടിയ ധാരാളം ആളുകള്‍ അനാഥാലയങ്ങളുടെ സംഭാവനയായി കേരളത്തില്‍ ഉണ്ട്. നിലവിലുള്ള യതീംഖാനകള്‍ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാം സ്ഥാനത്തുള്ളത് സാമ്പത്തിക പ്രയാസമല്ല എന്ന് പ്രത്യേകം ഓര്‍ക്കുക.
11. സമുദായത്തിലെ സ്ത്രീകളും പെണ്‍കുട്ടികളും വിദ്യാഭ്യാസത്തിനും ജോലിക്കുമായി ഒരുപാട് ദൂരം സഞ്ചരിക്കുകയും വീട്ടില്‍നിന്ന് മാറിത്താമസിക്കുകയും ചെയ്യേണ്ടി വരുന്നുണ്ട്. ഇവര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ പറ്റുന്ന ഹോസ്റ്റല്‍ സംവിധാനങ്ങള്‍ വഖഫിനു കീഴില്‍ ആരംഭിച്ചുകൂടെ.?
വഖഫ് ബോര്‍ഡ് മറ്റ് ബോര്‍ഡുകളെപ്പോലെ കൂടുതല്‍ വരുമാനമുള്ള ബോര്‍ഡല്ല. ഹോസ്റ്റല്‍ സംവിധാനങ്ങള്‍ നിലവിലുള്ള മതസംഘടനകള്‍ക്കു തന്നെ ചെയ്യാവുന്ന കാര്യങ്ങളാണ് താനും. എന്നിരുന്നാലും എല്ലാ നന്മകള്‍ക്കും നേതൃത്വം നല്‍കി സമൂഹത്തിനും നാട്ടിനും ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്നുതന്നെയാണ് ആഗ്രഹം. സര്‍വ്വശക്തന്‍ തുണക്കട്ടെ.
12. ദേവസ്വം ബോര്‍ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട.് വഖഫ് ബോര്‍ഡിനു കീഴില്‍ കോളേജുകളും സ്‌കൂളുകളും സ്ഥാപിച്ചുകൂടെ? ക്രിസ്ത്യന്‍ ഇടവക, എന്‍.എസ്.എസ് കരയോഗം എന്നിവ സാധിച്ചെടുക്കുന്ന സംഗതികള്‍ വഖഫ് ബോര്‍ഡിനും ആലോചിച്ചുകൂടെ? ഏറെ പുണ്യകരമായ സംഗതിയാണ് രോഗീപരിചരണം, വൃദ്ധപരിചരണം എന്നിവ. ഒരു പാലിയേറ്റീവ് സംവിധാനം വഖഫ് ബോര്‍ഡിനു കീഴില്‍ പ്രായോഗികമായി വളര്‍ത്തിക്കൊണ്ടുവന്നുകൂടേ?
ജുഡീഷ്യല്‍ പദവിയുള്ള ഒരു സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. പുതുതായി വല്ലതും നടപ്പാക്കാനുദ്ദേശിക്കുമ്പോള്‍ സര്‍ക്കാറിലേക്ക് പദ്ധതികള്‍ സമര്‍പ്പിച്ച് അംഗീകാരവും ഫണ്ടും സംഘടിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ വഖഫിനു നേരിട്ടു നടത്തുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പക്ഷേ, സമുദായ സംഘടനകളോ കൂട്ടായ്മകളോ ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കുകയാണെങ്കില്‍ ഇത്തരം ആവശ്യത്തിനു വേണ്ടി ഗ്രാന്റു നല്‍കുന്ന കാര്യം വഖഫ് ബോര്‍ഡ്് പരിഗണിക്കുന്നതാണ്. വഖഫിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് അതില്‍നിന്നുള്ള വരുമാനം ഉപയോഗിക്കുകയും ചെയ്യാം. ചെറിയ ശതമാനം തിരിച്ചടവ് വഖഫിലേക്ക് നടത്തുകയും വേണം. കോളേജുകള്‍ തുടങ്ങുന്ന കാര്യവും ഇതുപോലെ തന്നെയാണ്. ഏതെങ്കിലും സംഘടനകള്‍ ഇതേ ആവശ്യവുമായി വന്നാല്‍ കൂട്ടായി തീരുമാനിച്ച് സാധ്യമായതൊക്കെ ചെയ്യും. മത വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ഈ ആവശ്യവുമായി വഖഫിനെ സമീപിച്ചിരുന്നു.