നൊസ്റ്റാള്‍ജിക്.....
സ്‌കൂളടച്ചിരുന്നു എന്നുറപ്പായത് ജൂണ്‍ ഒന്നിനുതന്നെ സ്‌കൂള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ്. കുട്ടികള്‍ക്ക് പുതിയ
സ്‌കൂളടച്ചിരുന്നു എന്നുറപ്പായത് ജൂണ്‍ ഒന്നിനുതന്നെ സ്‌കൂള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ്. കുട്ടികള്‍ക്ക് പുതിയ ബാഗും ബുക്കും യൂനിഫോമും കുടയും വാങ്ങണമല്ലോ എന്നോര്‍ത്തപ്പോള്‍ എന്തോ, കുറെ ഓര്‍മകള്‍ ലാവ കണക്കെ തികട്ടി വന്നുകൊണ്ടിരുന്നു. ഓര്‍മകളെ എപ്പോഴും എനിക്കിഷ്ടമാണ്. പുതിയ കാര്യങ്ങളെക്കാള്‍ ഓര്‍മയില്‍ എപ്പോഴും വന്നുകൊണ്ടിരിക്കുന്നത് വളരെ പഴയ കാര്യങ്ങളാണെന്നു മാത്രം. അല്ലെങ്കിലും ഏതു സംഗതിയും ഓര്‍മയുടെ ഫയലിലേക്ക് കയറണമെങ്കില്‍ അത് ഇന്നലെകളില്‍ കഴിഞ്ഞതാവണമല്ലൊ...
സ്‌കൂള്‍ തുറക്കുന്ന ദിവസം കഴിഞ്ഞവര്‍ഷം എഴുതി പൂര്‍ത്തിയാകാത്ത ഒരു പുസ്തകവും പെന്നും മാത്രമെടുത്ത് പോയിരുന്നത് മറന്നിട്ടില്ല. അടുത്ത ദിവസംമുതല്‍ ക്ലാസ്സ് തുടങ്ങുമ്പോഴേക്കുള്ള പുസ്തകങ്ങള്‍ ഒരുക്കിയിരുന്നത് ഒഴിവുകാലത്തെ പ്രധാന പണിയായിരുന്നു. മേലെ ക്ലാസ്സിലെ കുട്ടികളോട് വാര്‍ഷികപ്പരീക്ഷയുടെ മുമ്പ് തന്നെ ചട്ടംകെട്ടിയിരിക്കും, പരീക്ഷ കഴിഞ്ഞ് റിസല്‍ട്ട് വന്നാല്‍ ടെക്സ്റ്റ് പുസ്തകങ്ങളൊക്കെ എനിക്കുതന്നെ തരണേ എന്ന്. ചില പൊട്ടിത്തെറി പിള്ളേരുടെ പുസ്തകത്തില്‍നിന്ന് ചിലപ്പോള്‍ കോപ്പിയടിക്കാന്‍ കീറിയെടുത്ത ഭാഗം ഒഴിഞ്ഞുകിടപ്പുണ്ടാകും. അവിടെ മറ്റൊരാളോട് പുസ്തകം വാങ്ങി ഒരു വെള്ളപ്പേപ്പറില്‍ അച്ചടിച്ചപോലെ വൃത്തിയാക്കി പകര്‍ത്തിയെടുത്ത് ഒട്ടിക്കാന്‍ മൈദ കലക്കിയത് ഇപ്പോഴും ഓര്‍മയിലുണ്ട്.
ഒരു പെന്നും മഷിയൊഴിഞ്ഞ് പുസ്തക സഞ്ചിയില്‍ വെറുതെ കിടക്കാറില്ല. പുതിയ റീഫില്ലര്‍ വാങ്ങിയിട്ടോ പൊട്ടിയ ഭാഗത്ത് റബ്ബറോ നൂലോകൊണ്ട് വൃത്തിയായി കെട്ടിവെച്ചോ അതിന് പുതുജീവന്‍ നല്‍കി എഴുതുന്ന ഓരോ എഴുത്തും പുസ്തകത്തിലല്ല മനസ്സിലായിരുന്നു പതിഞ്ഞിരുന്നത്. ഗള്‍ഫുകാരാരെങ്കിലും നാട്ടില്‍ വരുമ്പോള്‍ സമ്മാനിച്ചിരുന്ന പെന്‍ പവിത്രസമ്മാനമായി എടുത്തുവെച്ച് പരീക്ഷക്കോ കത്തെഴുതാനോ മാത്രമായി ഉപയോഗിക്കുമ്പോഴുള്ള മനസ്സുഖം ഇന്നെവിടെ പരതിയിട്ടും കിട്ടുന്നേയില്ല.
നോട്ടുപുസ്തകങ്ങള്‍ ഏതു കമ്പനിയുടേത് വേണമെന്ന് മക്കള്‍ പറയും. അത് നിറം കൂടുതലുള്ളതായാലും മിനുസം, കളര്‍ എന്നിവ കൂടുതലോ കുറവോ ഉളളതാണെങ്കിലും തേടിപ്പിടിച്ച് വാങ്ങിക്കൊടുത്തേ മതിയാവൂ എന്ന ഗതികേടാണിന്ന്. അന്നൊരിക്കല്‍ വീട്ടില്‍ ഒഴിവിനു പാര്‍ക്കാന്‍വന്ന എളാമയുടെ മോളാണ് പഴയ നോട്ടുബുക്കുകളില്‍നിന്ന് എഴുതാത്ത പേജുകള്‍ കീറിയെടുത്ത് വരയുള്ളതും വരയില്ലാത്തതും രണ്ടുവര കോപ്പിയും നാലുവര കോപ്പിയുമെല്ലാം വേര്‍തിരിച്ച് വെക്കാന്‍ സഹായിച്ചത്. അത് നേരത്തെ തന്നെ ബൈന്‍ഡ് ചെയ്യാന്‍ കൊടുത്താലല്ലേ സ്‌കൂള്‍ തുറക്കുമ്പോഴേക്കും ചിത്രമുള്ള പേപ്പറുകൊണ്ട് പൊതിയാനൊക്കെ സമയം കിട്ടുള്ളൂ എന്ന വേവലാതിയായിരുന്നു. ബൈന്‍ഡു ചെയ്യുന്ന കടയുടെ തൊട്ടടുത്ത് തന്നെ കുട നന്നാക്കുന്ന കട കൂടിയുള്ളതുകൊണ്ട് അതിന് വേറെയൊരു പോക്ക് ആവശ്യമേയില്ലായിരുന്നു. ഒരു കുടയില്‍ മൂന്നാള്‍ വരെ ചേര്‍ത്തുപിടിച്ച് പെരുംമഴയത്ത് നടക്കുമ്പോള്‍ നനഞ്ഞില്ലെങ്കിലായിരുന്നു പരിഭവം. ഒരുപാട് പ്രാവശ്യം തുന്നിച്ചേര്‍ത്ത ചെരിപ്പ് മഴയായാല്‍ പിന്നെ എത്ര പ്രാവശ്യമാണ് പിണങ്ങിപ്പൊട്ടുക. തേഞ്ഞുപോയതിനാല്‍ വീണ്ടും വീണ്ടും പരിധിവിട്ട് പുറത്താവുന്ന ചെരിപ്പിന്റെ വാര്‍ കൂട്ടുകാരി തിരുകിക്കയറ്റുന്നതുവരെ കുടപിടിച്ചുകൊടുത്ത നന്ദി ഇന്നും അവള്‍ക്കുണ്ട്.
ഈ വര്‍ഷവും യൂനിഫോം മാറുന്നുണ്ടെന്ന് മക്കള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ കൈമുട്ടില്‍ തടവിനോക്കി. ഡസ്‌കില്‍ കൈമുട്ട് കുത്തിയിരുന്നതിനാല്‍ കീറിയിട്ട് വീണ്ടും വീണ്ടും തുന്നിച്ചേര്‍ക്കുകയും പൊട്ടുകയും ചെയ്തിരുന്ന യൂനിഫോമിന്റെ ഓര്‍മപോലും കരി പിടിച്ചുപോയി. 'ജയ ജയ ജയ ജയഹേ'യോടൊപ്പം നീട്ടിയടിക്കുന്ന ബെല്ലിനെ കവച്ച് ആദ്യമെത്താനോടി ഒരുപാട് പ്രാവശ്യം വീണ് മുട്ടുകീറിയ പാന്റും നോക്കി ഓര്‍മയില്‍ തപ്പാന്‍ നേരമെവിടെ, മക്കള്‍ക്ക് യൂനിഫോം തുണി പെട്ടെന്ന് വാങ്ങിയില്ലെങ്കില്‍ പിന്നെ തയ്്ച്ചു കിട്ടാനും പണിയാവും എന്ന വേവലാതിയാണിപ്പോള്‍.
സ്‌കൂള്‍ബാഗും ബേബി കിറ്റും പൊങ്ങുന്നില്ലെങ്കിലും പൊക്കി സ്‌കൂളിലേക്കുള്ള വണ്ടി കാത്തുനില്‍ക്കുമ്പോള്‍ മക്കള്‍ വിചാരിക്കുന്നുണ്ടാവില്ല, കവറില്‍ പൊന്നുപോലെ എടുത്തുവെച്ച പുസ്തകം നെഞ്ചോടുചേര്‍ത്ത് നടന്നുതീര്‍ത്ത ഒരു കാലം ഉമ്മയോടൊപ്പം ഉണ്ടായിരുന്നെന്ന്. തൂക്കുപാത്രത്തില്‍ കൊണ്ടുപോയ നെല്ലുകുത്തരിയുടെ ചോറും പച്ചക്കായുപ്പേരിയും തുറക്കുമ്പോള്‍ പാത്രത്തിന്റെ അടപ്പില്‍ മാത്രം അപ്പം പോലെ പറ്റിപ്പിടിച്ചിരിക്കുന്നത് അടര്‍ത്തി കൂട്ടുകാര്‍ക്കെല്ലാം നുള്ളിയിട്ടുകൊടുത്ത് അവരോട് പകരംവാങ്ങിയത് വാക്കുകളാക്കി കൊടുത്തപ്പോള്‍ മോന്‍ അന്വേഷിച്ചത് അത് വാട്ട്‌സ് ആപ്പില്‍ വന്ന പുതിയ കഥയാണോ എന്നായിരുന്നു.