ദിവ്യബോധനം ഏറ്റുവാങ്ങിയ ഭാഗ്യവതികള്‍

ശൈഖ് മുഹമ്മദ് കാരകുന്ന് /ഖുര്‍ആനിലെ സ്ത്രീ - 5 No image

      പരിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയവരും അല്ലാത്തവരുമായ മുഴുവന്‍ പ്രവാചകന്മാരും പുരുഷന്മാരാണല്ലോ. പെണ്ണ് പ്രാവചകയാകാത്തതെന്തുകൊണ്ടാണെന്ന് പലരും ചോദിക്കാറുണ്ട്.
പ്രപഞ്ചനാഥനില്‍നിന്ന് സന്ദേശം സ്വീകരിച്ച് സമൂഹത്തിന് സമര്‍പ്പിക്കുന്നവരാണ് പ്രവാചകന്മാര്‍. അതിന്റെ കര്‍മമാതൃകയും പ്രായോഗിക രൂപവും സ്വന്തം ജീവിതത്തിലൂടെ ജനത്തെ പരിചയപ്പെടുത്തുന്നവരും അവര്‍ തന്നെ. അതിനാല്‍ ജീവിതത്തിന്റെ മുഴു മേഖലയിലും നേതൃത്വപരമായി പങ്കുവഹിക്കാന്‍ കഴിവും കരുത്തും സാധ്യതയും സൗകര്യവുമുള്ളവരായിരിക്കണം പ്രവാചകന്മാര്‍.
മാസത്തില്‍ നിര്‍ണിത നാളുകളില്‍ ആര്‍ത്തവത്തിന്റെ അശുദ്ധി ഉണ്ടാവുന്നതിനാല്‍ സ്ത്രീകള്‍ക്ക് അക്കാലത്ത് ദിവ്യബോധനം ഏറ്റുവാങ്ങാന്‍ സാധിക്കാതെ വരുന്നു. ശാരീരികമെന്നപോലെ മാനസികമായും പ്രയാസമനുഭവിക്കുന്ന കാലമാണല്ലോ അത്. ആ കാലങ്ങളില്‍ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ അവക്ക് നേതൃത്വം നല്‍കാനും സാധിക്കുകയില്ല. ഗര്‍ഭകാലം, പ്രസവം, കുട്ടികള്‍ക്ക് മുലകൊടുക്കല്‍ സമയം പോലുള്ള ഘട്ടങ്ങളിലും അവര്‍ പൊതുജീവിതത്തില്‍നിന്ന് മാറിനില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നു. കൂടാതെ യുദ്ധം, സന്ധി പോലുള്ള പല കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ പറ്റുന്ന പ്രകൃതമല്ല സ്ത്രീയുടേത്. സര്‍വോപരി പ്രവാചകത്വമെന്നത് ഒരലങ്കാരമോ പദവിയോ അല്ല. വളരെ ഭാരിച്ച ബാധ്യതയും കഠിനമായ പീഡനങ്ങളും കൊടിയ ത്യാഗങ്ങളും ഏറ്റുവാങ്ങേണ്ടിവരുന്ന വലിയ ഉത്തരവാദിത്തമാണ്. അത്തരമൊരു ഭാരിച്ച ബാധ്യത വഹിക്കാതിരിക്കുക വഴി അല്ലാഹു സ്ത്രീകളെ അവമതിക്കുകയോ, തരംതാഴ്ത്തുകയോ അല്ല. മറിച്ച്, അവരോട് കാരുണ്യവും ഇളവും സൗമനസ്യവും കാണിക്കുകയാണ് ചെയ്തിരിക്കുന്നത്.
പ്രവാചകന്മാരായി നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിലും ഒന്നിലേറെ സ്ത്രീകള്‍ക്ക് അല്ലാഹു ബോധനം നല്‍കിയതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അവരിലൊന്ന് മൂസാ നബിയുടെ മാതാവാണ്.
ഈജിപ്ത് സംസ്‌കാരത്തിന് പേരുകേട്ട നാടാണ്. ലോകത്തിലേറ്റം പഴക്കമുള്ള നാഗരികതയുടെ നാടായാണത് അറിയപ്പെടുന്നത്. നൈല്‍ നദിയാണ് ഈജിപ്തിന്റെ സമസ്ത നേട്ടങ്ങള്‍ക്കും കാരണം. അത് അത്യന്തം മനോഹരമാണ്. അതിന്റെ അലകള്‍ അനേകം കവികളെ പ്രചോദിപ്പിച്ചിട്ടുണ്ട്. നിരവധി സാഹിത്യ കൃതികളില്‍ നൈല്‍ നദി കടന്നുവരുന്നുണ്ട്. അതിന്റെ തീരങ്ങളില്‍ അതിപുരാതന കാലം തൊട്ടേ ജനം പാര്‍ത്തുപോന്നിട്ടുണ്ട്.
എന്നാല്‍ നൈല്‍ നദി ചരിത്രത്തില്‍ നിര്‍വഹിച്ച ഏറ്റവും മഹത്തായ നിയോഗം കാലംകണ്ട മഹാനായ മനുഷ്യ മോചകന്റെ രക്ഷക്കെത്തിയെന്നതാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അതിന്റെ അലകള്‍ മൂന്നുമാസം മാത്രം പ്രായമുള്ള ഒരു കൊച്ചു കുഞ്ഞിനുള്ള താരാട്ടുപാട്ടായി. ഒരു മാതൃഹൃദയത്തിന്റെ വിഹ്വലതകള്‍ ഏറ്റുവാങ്ങി അവരുടെ പിഞ്ചോമനയുടെ രക്ഷാകവചമായി മാറാന്‍ അതിനു ഭാഗ്യം സിദ്ധിച്ചു.
ഹസ്‌റത്ത് യൂസുഫ് നബിയുടെ കാലശേഷം നൂറ് വര്‍ഷത്തോളം ഇസ്രായേല്യരായിരുന്നു ഈജിപ്തിന്റെ ഭരണാധികാരികള്‍. പിന്നീട് അവരുടെ ശക്തി ക്ഷയിച്ചു. അതോടൊപ്പം കോപ്റ്റു-ഖിബ്ത്വി- കളുടെ വംശീയ വികാരവും ദേശീയ ചിന്തയും ശക്തി പ്രാപിച്ചു. ഇസ്രായേല്യരില്‍നിന്ന് അവര്‍ അധികാരം പിടിച്ചെടുത്തു. അതോടെ ഖിബ്ത്വികള്‍ ഇസ്രായീല്യരെ മര്‍ദിച്ചൊതുക്കാന്‍ തുടങ്ങി. അവരുടെ ഭൂമിയും സ്വത്തുക്കളും പിടിച്ചടക്കി. അവരെ നിന്ദ്യരും നീചരുമായി പ്രഖ്യാപിച്ചു. അടിച്ചമര്‍ത്തി അടിമകളാക്കി.
കോപ്റ്റ് ഭരണാധികാരികള്‍ ഫറവോന്മാരായാണ് അറിയപ്പെട്ടിരുന്നത്. അവരിലെ അതിക്രൂരനായ ഭരണാധികാരിയായിരുന്നു റംസിസ് രണ്ടാമന്‍. തങ്ങള്‍ മര്‍ദിച്ചൊതുക്കിയ ഇസ്രായേല്യര്‍ തങ്ങള്‍ക്കെതിരെ തിരിയുമോയെന്ന് ഫറവോനും കൂട്ടരും ഭയന്നു. അതിനാല്‍ ഇസ്രായേല്യരുടെ വംശവര്‍ധനവ് തടയാന്‍ പരിപാടി ആസൂത്രണം ചെയ്തു.
ബൈബിള്‍ പഴയനിയമം പറയുന്നത്: 'യോസേഫിനെ അറിയാത്ത പുതിയ രാജാവ് മിസ്രായിമീല്‍ അധികാരമേറ്റു. അവന്‍ തന്റെ ജനത്തോട് പറഞ്ഞു: ഇസ്രായേല്‍ ജനം നമ്മെക്കാള്‍ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു. അവര്‍ പെരുകീട്ട് ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോട് ചേര്‍ന്ന് നമ്മോട് പൊരുതി ഈ രാജ്യം വിട്ടുപോയിക്കളയാന്‍ സംഗതി വരാതിരിക്കേണ്ടതിന് അവരുടെ മേല്‍ കങ്കാണികളെ ഏര്‍പ്പെടുത്തി. അവര്‍ ഹത്തോം, റംസേസ് എന്നീ സംഭരണശാലാ നഗരങ്ങള്‍ ഫറവോന്നു പണിതു. എന്നാല്‍ പീഡിപ്പിക്കപ്പെടുന്തോറും ജനം പെരുകി വര്‍ധിച്ചു. അതുകൊണ്ട് അവര്‍ ഇസ്രായേല്‍ മക്കള്‍ നിമിത്തം പേടിച്ചു. മിസ്രായീല്യര്‍ ഇസ്രായേല്‍ മക്കളെക്കൊണ്ട് കഠിനവേല ചെയ്യിച്ചു. കളിമണ്ണിനാലും ഇഷ്ടികയാലും കൊണ്ടുള്ള കഠിനാധ്വാനത്താലും വയലിലെ സകലവിധ വേലകളാലും മിസ്രായീല്യര്‍ ഇസ്രായേല്യരുടെ ജീവിതം കയ്പുറ്റതാക്കി. എന്നാല്‍ മിസ്രയീം രാജാവ് എബ്രായ സൂതികര്‍മിണികളോട് കല്‍പിച്ചു. എബ്രായ സ്ത്രീകളുടെ അടുക്കല്‍ നിങ്ങള്‍ സൂതികര്‍മത്തിനു ചെന്ന് പ്രസവശയ്യയില്‍ അവരെ കാണുമ്പോള്‍ കുട്ടി ആണാകുന്നുവെങ്കില്‍ നിങ്ങള്‍ അതിനെ കൊല്ലണം. പെണ്ണാകുന്നുവെങ്കില്‍ ജീവനോടെ ഇരിക്കട്ടെ' (പുറപ്പാട് 1:8-16).
ഇതേക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: 'ഫറോവ നാട്ടില്‍ അഹങ്കരിച്ചുനടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ പറ്റെ ദുര്‍ബലരാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്‍കുട്ടികളെ ജീവിക്കാന്‍ വിട്ടു. അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു, തീര്‍ച്ച' (28:4).
എന്നാല്‍ ഈ മര്‍ദനത്തിനും ക്രൂരതക്കും അറുതിയുണ്ടാക്കണമെന്നതായിരുന്നു അല്ലാഹുവിന്റെ തീരുമാനം; അങ്ങനെ മര്‍ദിതര്‍ മോചിതരാവുകയും മര്‍ദകര്‍ നശിക്കുകയും വേണമെന്നും. അല്ലാഹു തന്നെ ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നു: 'എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് ആഗ്രഹിച്ചു; അവരെ നേതാക്കളും ഭൂമിയുടെ അവകാശികളും ആക്കണമെന്നും. അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കണമെന്നും അങ്ങനെ ഫറവോനും ഹാമാനും അവരുടെ സൈന്യത്തിനും അവര്‍ ആശങ്കിച്ചുകൊണ്ടിരുന്നതെന്തോ അതുകാണിച്ചുകൊടുക്കണമെന്നും'' (28:5,6).
അല്ലാഹുവിന്റെ ഈ തീരുമാനം നടപ്പാക്കേണ്ടതുണ്ടായിരുന്നു. അതിനായി അല്ലാഹു ഒരു ഇസ്രായേലീ സ്ത്രീയെ തെരഞ്ഞെടുത്തു. അവരില്‍ ഒരു കുഞ്ഞു ജനിച്ചു. പരിശുദ്ധ ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശിച്ച പേരിന്റെ ഉടമയാണ് ആ കുട്ടി. ബൈബിളിന്റെയും തല്‍മൂദിന്റെയും വിവരണമനുസരിച്ച് മൂസാ നബിയുടെ കുടുംബം യഅ്ഖൂബ് നബിയുടെ മകന്‍ ലാവിയുടെ സന്താന പരമ്പരകളില്‍ പെട്ടതാണ്. ഹസ്രത്ത് മൂസായുടെ പിതാവിനെ ആ രണ്ടു ഗ്രന്ഥങ്ങളും 'അംനം' എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഖുര്‍ആന്‍ 'ഇംറാന്‍' എന്ന പേരിലാണ് മൂസായുടെ പിതാവിനെ പരിചയപ്പെട്ടുത്തുന്നത്.
മൂസാ നബി ജനിക്കുന്നതിനു മുമ്പുതന്നെ അവര്‍ക്ക് രണ്ടു മക്കളുണ്ടായിരുന്നു. മൂത്തത് മര്‍യം എന്ന പെണ്‍കുട്ടി. ഈ കുട്ടിയെ സംബന്ധിച്ച പരാമര്‍ശം ഖുര്‍ആനിലുണ്ട്. രണ്ടാമത്തേത് അവരുടെ അവരുടെ സഹോദരന്‍ ഹാറൂണ്‍. അദ്ദേഹത്തെപ്പറ്റി പരിശുദ്ധ ഖുര്‍ആന്‍ പല സ്ഥലങ്ങളിലും പേരെടുത്ത് പറഞ്ഞുകൊണ്ടുതന്നെ പരാമര്‍ശിക്കുന്നു. ഇസ്രായേല്യരില്‍ ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെ കൊല്ലുക എന്ന നയം നടപ്പിലാക്കുന്നതിന് മുമ്പായിരുന്നു ഹാറൂണ്‍ നബിയുടെ ജനനമെന്ന് കരുതപ്പെടുന്നു.
മൂസ പിറന്നതോടെ അദ്ദേഹത്തിന്റെ മാതാവിന്റെ അകം അശാന്തമായി. കുഞ്ഞ് കൊല്ലപ്പെടുമോ എന്ന ആശങ്ക അവരെ അലട്ടിക്കൊണ്ടിരുന്നു. ഈ ഘട്ടത്തില്‍ കുട്ടിയുടെ സംരക്ഷണത്തിനും അവരുടെ മനശ്ശാന്തിക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പ്രപഞ്ചനാഥനായ അല്ലാഹുതന്നെ നല്‍കുകയായിരുന്നു.
കുട്ടി പിടികൂടപ്പെടുമെന്ന പേടിയില്ലാത്തിടത്തോളം കാലം അതിനെ മുലയൂട്ടാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചു. പിന്നീട് അവന്റെ കരച്ചില്‍ കേട്ട് ശത്രുക്കളാരെങ്കിലും വിവരമറിയുമെന്നോ ഇസ്രായേല്യരില്‍ പെട്ട ഏതെങ്കിലും ദുഷ്ടന്മാര്‍ ഭരണാധികാരികളുടെ പ്രീതിനേടാന്‍ രഹസ്യം വെളിപ്പെടുത്തുമെന്നോ ആശങ്ക തോന്നിയാല്‍ കുട്ടിയെ ഒരു പെട്ടിയിലാക്കി നദിയിലൊഴുക്കാനും അല്ലാഹു അവരോടാവശ്യപ്പെട്ടു. അതോടൊപ്പം കുട്ടിയെ തിരിച്ചുകിട്ടുമെന്ന ശുഭവാര്‍ത്ത അറിയിക്കുകയും ചെയ്തു. ഇക്കാര്യം അല്ലാഹു തന്നെ നമ്മെ ഇങ്ങനെ അറിയിക്കുന്നു: 'മൂസായുടെ മാതാവിന് നാം ബോധനം നല്‍കി, അവനെ മുലയൂട്ടുക. അഥവാ അവന്റെ കാര്യത്തില്‍ നിനക്ക് ആശങ്ക തോന്നുന്നുവെങ്കില്‍ അവനെ പുഴയിലെറിയുക. പേടിക്കേണ്ട. ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും നാമവനെ നിന്റെയടുത്ത് തിരിച്ചെത്തിക്കും. അവനെ ദൈവദൂതന്മാരിലൊരുവനാക്കുകയും ചെയ്യും'' (28:7).
മൂസാനബിയെ സംബോധന ചെയ്തുകൊണ്ട് ഇക്കാര്യം മറ്റൊരു ഭാഷയില്‍ അല്ലാഹു അറിയിക്കുന്നു: 'മറ്റൊരിക്കലും നിന്നോടു നാം ഔദാര്യം ചെയ്തിട്ടുണ്ട്. ദിവ്യബോധനത്തിലൂടെ നല്‍കപ്പെടുന്ന കാര്യം നാം നിന്റെ മാതാവിന് ബോധനം നല്‍കിയപ്പോഴാണത്. അതിതായിരുന്നു. നീ ആ ശിശുവെ പെട്ടിയിലടക്കം ചെയ്യുക. എന്നിട്ട് പെട്ടി നദിയിലൊഴുക്കുക. നദി അതിനെ കരയിലെത്തിക്കും. എന്റെയും ശിശുവിന്റെയും ശത്രു അതെടുക്കും' (20:38,39).
അങ്ങനെ ദിവ്യബോധനം ഏറ്റുവാങ്ങാനും അല്ലാഹുവില്‍നിന്ന് നേര്‍ക്കുനേരെ ലഭിച്ച സന്ദേശം നടപ്പാക്കാനും അവന്റെ സമാശ്വാസ വചനങ്ങള്‍ സ്വീകരിക്കാനും മൂസാനബിയുടെ ഉമ്മാക്ക് സൗഭാഗ്യം ലഭിച്ചു.
ബൈബിള്‍ പറയുന്നതനുസരിച്ച് മൂസാനബിയുടെ മാതാവ് മൂന്നുമാസം മുലയൂട്ടി. അക്കാലത്ത് ഫറവോന്‍ ചാരസ്ത്രീകളെ നിയോഗിച്ചിരുന്നുവെന്നും അവര്‍ ഇസ്രായേലീ വീടുകളില്‍ ഒളിപ്പിച്ചുവളര്‍ത്തിയിരുന്ന കുട്ടികളെ കണ്ടെത്താന്‍ ചില തന്ത്രങ്ങള്‍ പ്രയോഗിച്ചിരുന്നുവെന്നും തല്‍മൂദും വ്യക്തമാക്കുന്നു. ആ ചാരസ്ത്രീകള്‍ കൊച്ചുകുട്ടികളെയുമെടുത്ത് ഇസ്രായേലീ വീടുകളില്‍ ചെല്ലുമായിരുന്നു. അവരവിടെ തങ്ങളുടെ കുട്ടികളെ കരയിപ്പിക്കും. ആ ശിശുക്കളുടെ കരച്ചില്‍ കേട്ടാല്‍ വീടുകളില്‍ കൊച്ചുകുട്ടികളുണ്ടെങ്കില്‍ അവരും കരയും. അങ്ങനെ രഹസ്യം കണ്ടുപിടിക്കും. ഈ ചാരപ്പണി മൂസാനബിയുടെ ഉമ്മയെ പരിഭ്രാന്തയാക്കി. അതിനാലവര്‍ മൂന്നുമാസം കുട്ടിയെ മുലയൂട്ടിയ ശേഷം കുട്ടിയെ കുട്ടപോലുള്ള പെട്ടിയിലാക്കി നദിയില്‍ കൊണ്ടുപോയിട്ടു. അതിലൂടെ അവര്‍ അല്ലാഹു നല്‍കിയ നിര്‍ദ്ദേശം നടപ്പാക്കുകയായിരുന്നു.
അങ്ങനെ പെട്ടി നദിയിലൂടെ ഒഴുകിനടന്നു. ഫറവോന്റെ കൊട്ടാരത്തിനടുത്തെത്തിയപ്പോള്‍ രാജാവിന്റെ ആള്‍ക്കാര്‍ അത് പൊക്കിയെടുത്തു. അവരത് രാജാവിന്റെയും രാജ്ഞിയുടെയും മുമ്പില്‍ സമര്‍പ്പിച്ചു. അവരിരുവരും അവനെ പുത്രനായി സ്വീകരിച്ച് അവന്റെ സംരക്ഷണം ഏറ്റെടുത്തു. ഫറോവോന്റെ പത്‌നിയാണ് ഇതിന് മുന്‍കൈയെടുത്തത്. ഇക്കാര്യം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു:
'അങ്ങനെ ഫറവോന്റെ ആള്‍ക്കാര്‍ ആ കുട്ടിയെ കണ്ടെടുത്തു; അവസാനം അവന്‍ അവരുടെ ശത്രുവും ദുഃഖ കാരണവുമാകാന്‍. ഫറവോനും ഹാമാനും അവരുടെ പട്ടാളക്കാരും തീര്‍ത്തും വഴികേടിലായിരുന്നു, തീര്‍ച്ച.''
'ഫറോവോന്റെ പത്‌നി പറഞ്ഞു: എന്റെയും നിങ്ങളുടെയും കണ്ണിന് കുളിര്‍മയാണിവന്‍. അതിനാല്‍ നിങ്ങളിവനെ കൊല്ലരുത്. നമുക്ക് ഇവന്‍ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ നമുക്കിവനെ നമ്മുടെ മകനാക്കാമല്ലോ. അവര്‍ ആ കുട്ടിയുടെ നിജസ്ഥിതി അറിഞ്ഞിരുന്നില്ല' (28:8,9).
കുട്ടിയെ നദിയിലൊഴുക്കിയ മാതാവ് അവന് വല്ലതും സംഭവിക്കുമോയെന്ന ആശങ്കയിലായിരുന്നു. അതിനാല്‍ മകളെ ആ പേടകം നിരീക്ഷിക്കാന്‍ നിയോഗിച്ചു. കുട്ടിയെ നിരിക്ഷിക്കുകയാണെന്ന കാര്യം ശത്രുക്കളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രത്യേകം നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഇസ്രായേലീ വിശ്വാസമനുസരിച്ച് അക്കാലത്ത് മൂസയുടെ സഹോദരിയുടെ വയസ്സ് പതിനൊന്നിന്നും പന്ത്രണ്ടിനുമിടയിലായിരുന്നു. വളരെ സമര്‍ഥയായിരുന്ന അവള്‍ തന്റെ കൊച്ചനിയന്‍ രാജകൊട്ടാരത്തിലെത്തിയെന്ന് ഉറപ്പാകുംവരെ അവനെ പിന്തുടര്‍ന്നു.
രാജ്ഞി കുഞ്ഞിന് മുലകൊടുക്കാന്‍ പല സ്ത്രീകളെയും വിളിച്ചുവരുത്തി. എങ്കിലും അവരുടെയൊന്നും മുലകുടിക്കാന്‍ കുഞ്ഞ് സന്നദ്ധനായില്ല. ഇക്കാര്യം അന്വേഷിച്ചറിഞ്ഞ മൂസാനബിയുടെ സഹോദരി അവിടെ കടന്നുചെന്നു. മുലയൂട്ടാന്‍ അനുയോജ്യയായ ഒരാളെ സംബന്ധിച്ച് അവരുമായി സംസാരിച്ചു. അത്യധികം സംതൃപ്തയായ രാജ്ഞിയും അവരുടെ ഭര്‍ത്താവും കുഞ്ഞിനെ മുലയൂട്ടാന്‍ അവര്‍ നിര്‍ദ്ദേശിച്ച ആ സ്ത്രീയെ തന്നെ ഏല്‍പ്പിച്ചു. അത് മൂസാനബിയുടെ മാതാവല്ലാതെ മറ്റാരുമായിരുന്നില്ല. ഇക്കാര്യം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു:
'മൂസായുടെ മാതാവിന്റെ മനസ്സ് അസ്വസ്ഥമായി. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്റെ കാര്യം അവള്‍ വെളിപ്പെടുത്തുമായിരുന്നു. അവള്‍ സത്യവിശ്വാസികളില്‍ പെട്ടവളാകാനാണ് നാമങ്ങനെ ചെയ്തത്.
'അവള്‍ ആ കുട്ടിയുടെ സഹോദരിയോട് പറഞ്ഞു: 'നീ അവന്റെ പിറകെ പോയി അന്വേഷിച്ചുനോക്കുക. അങ്ങനെ അവള്‍ അവനെ അകലെ നിന്നു വീക്ഷിച്ചു. അതൊന്നും അവരറിയുന്നുണ്ടായിരുന്നില്ല.'
'ആ കുട്ടിക്ക് മുലയൂട്ടുകാരികള്‍ മുലകൊടുക്കുന്നത് നാം മുമ്പേ വിലക്കിയിട്ടുണ്ടായിരുന്നു. അപ്പോള്‍ മൂസയുടെ സഹോദരി പറഞ്ഞു: 'നിങ്ങള്‍ക്ക് ഞാനൊരു വീട്ടുകാരിയെ പരിചയപ്പടുത്തിത്തരട്ടെയോ? നിങ്ങള്‍ക്കുവേണ്ടി അവര്‍ ആ കുട്ടിയെ നന്നായി സംരക്ഷിച്ചുകൊള്ളും. അവര്‍ കുട്ടിയോട് ഗുണാകാംക്ഷ പുലര്‍ത്തുകയും ചെയ്യും.''
'ഇങ്ങനെ നാം മൂസയെ അവന്റെ മാതാവിന് തിരിച്ചേല്‍പ്പിച്ചു. അവളുടെ കണ്ണ് കുളിര്‍ക്കാന്‍. അവള്‍ ദുഃഖിക്കാതിരിക്കാനും. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് അവരറിയാനും'' (28:10-13).
ഇങ്ങനെ അല്ലാഹുവിന്റെ സന്ദേശം നേര്‍ക്കുനേരെ ഏറ്റുവാങ്ങാനും അതു നടപ്പാക്കാനും അല്ലാഹുവില്‍ നിന്നുള്ള വാഗ്ദാനം സ്വീകരിക്കാനും അതിന്റെ പ്രയോഗവല്‍ക്കരണം അനുഭവിച്ചറിയാനും സൗഭാഗ്യം ലഭിച്ച ഈജിപ്ഷ്യന്‍ വനിതയാണ് മൂസാനബിയുടെ മാതാവ്.
(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top