ജീരകം എന്ന പേര് കേള്‍ക്കാത്തവരുണ്ടാവില്ല. നല്ല ജീരകം എന്ന ഓമനപ്പേരുകൂടിയുണ്ടിതിന്. നിത്യജീവിതത്തില്‍ ഔഷധങ്ങളിലും
ജീരകം എന്ന പേര് കേള്‍ക്കാത്തവരുണ്ടാവില്ല. നല്ല ജീരകം എന്ന ഓമനപ്പേരുകൂടിയുണ്ടിതിന്. നിത്യജീവിതത്തില്‍ ഔഷധങ്ങളിലും കറികളിലും കുടിവെള്ളത്തിലും കുട്ടികള്‍ക്കുള്ള മിഠായിയില്‍ പോലും ഉപയോഗിച്ചുവരുന്നതുകൊണ്ടാകണം നല്ലത് എന്ന പേരുവരാന്‍ കാരണം. ജീരകത്തില്‍ വിറ്റാമിന്‍ B1, B2, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ എന്നിവയും ജലാശം 6.2 ശതമാനം, മാംസ്യം 17.7 ശതമാനം, കൊഴുപ്പ് 23.3 ശതമാനം, നാരുകള്‍ 9.1 ശതമാനം, കാല്‍സ്യം 0.9 ശതമാനം, ധാന്യകം 35.51, ഭാവകം 0.45 ശതമാനം, ഇരുമ്പ് 0.48 ശതമാനം, സോഡിയം 0.16 ശതമാനം, പൊട്ടാസ്യം 2.1 ശതമാനവും അടങ്ങിയിരിക്കുന്നു. സര്‍വ്വസാധാരണയായി കണ്ടുവരുന്ന സോഡിയം കുറവും കൊളസ്‌ട്രോളും പതിവായി ജീരകം കഴിച്ചാല്‍ നിയന്ത്രിക്കാന്‍ സാധിക്കും.
അംബലിഫറെ കുടുംബത്തിലാണ് ഇതിന്റെ ജനനം. നല്ലജീരകം, കരിഞ്ചീരകം, പെരിഞ്ചീരകം, കാട്ടുജീരകം എന്നിങ്ങനെ നാലു തരത്തില്‍ കണ്ടുവരുന്നു. നല്ലജീരകത്തില്‍ കാട്ടുജീരകം മായമായി ചേര്‍ക്കാറുണ്ട്. അപൂര്‍വമായി മറ്റു സ്ഥലങ്ങളിലും കൃഷിചെയ്യാറുണ്ടെങ്കിലും വ്യാപകമായി കൃഷിചെയ്യുന്നത് ഉത്തര്‍പ്രദേശിലും പഞ്ചാബിലും ഡക്കാനിലും ആണ്. തെക്കുകിഴക്കന്‍ യൂറോപ്പ്, ചൈന, പേര്‍ഷ്യ, വടക്കേ ആഫ്രിക്ക, മൊറോക്കോ, ഈജിപ്ത്, സിസിലി എന്നീ രാജ്യങ്ങളിലും കൃഷി ചെയ്യുന്നുണ്ട്.
ഭക്ഷണാനന്തരം ഹോട്ടലില്‍ ക്യാഷ് മേശക്കു മുകളില്‍ ചെറിയ പാത്രത്തില്‍ ജീരകം വെച്ചിട്ടുണ്ടാകും. ദഹനക്ഷയം മാറ്റി ശരീരത്തിന് വീര്യവും ഉണര്‍വും കിട്ടാന്‍ വേണ്ടിയാണിത്. എന്നാല്‍ അതില്‍ പതിഞ്ഞിരിക്കുന്ന അനാരോഗ്യത നാം മനസ്സിലാക്കിയിട്ടുണ്ടാകില്ല. ജീരകം കഴുകി ഉണക്കിയിട്ടുണ്ടാകില്ല. ചേറി വൃത്തിയാക്കിയിട്ടുണ്ടാവില്ല. വ്യത്യസ്ത പകര്‍ച്ചാവ്യാധികളുള്ളവര്‍ ഒരേപാത്രത്തില്‍ കൈയിട്ടാണെടുക്കുന്നത്. വൃത്തിയാക്കാതിരുന്നാല്‍ പലതരം കീടാണുക്കളുടെ കാഷ്ഠം അതിലുണ്ടായിരിക്കും. പിന്നെ സംഭരിക്കുന്ന സ്ഥലത്തുനിന്നുണ്ടാകാന്‍ സാധ്യതയുള്ള മാലിന്യങ്ങളും. അതുകൊണ്ടു തന്നെ ജീരകം കഴിക്കുമ്പോള്‍ വൃത്തിയാക്കിയതായിരിക്കണം.
കഫം, ഗുന്മം, അതിസാരം, ഗൃഹണി, അരുചി, ചുമ, ശ്വാസംമുട്ടല്‍, മൂത്രതടസ്സം, വയറ് എരിച്ചില്‍, ദഹനക്ഷയം, ദഹനസംബന്ധമായ മറ്റ് അസുഖങ്ങള്‍, ശൂല ഗര്‍ഭാശയ അശുദ്ധി, തലവേദന എന്നീ രോഗങ്ങള്‍ക്ക് ജീരകം തനിയെയും മറ്റു മരുന്നുകളോടുകൂടിയും ഉപയോഗിച്ചുവരുന്നു. ഭക്ഷണ ശേഷം സ്വല്‍പം നല്ലജീരകം വറുത്തു തിന്നുന്നത് ദഹനപ്രക്രിയക്ക് ആക്കം കൂട്ടും. അതോടൊപ്പം തന്നെ വായ്‌നാറ്റം, വായിലുണ്ടാകുന്ന മറ്റു രോഗങ്ങള്‍, പല്ലിനടിയില്‍ ഊനിന്മേല്‍ ഉണ്ടാകുന്ന പഴുപ്പ് എന്നിവക്കും നല്ലതാണ്.
നല്ലജീരകം വറുത്തുപൊടിച്ചതും ഉമിക്കരിയും കുരുമുളകുപൊടിയും ചേര്‍ത്തുണ്ടാക്കുന്ന പൊടികൊണ്ട് പല്ല് തേച്ചാല്‍ പല്ല് സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടും. വായ്‌നാറ്റം, വായില്‍ തനിയെ വെള്ളം ഊറുക, പല്ലുകളില്‍ ഉണ്ടാകുന്ന കൊഴുപ്പ് എന്നിവയും മാറും.
നല്ലജീരകം ആടലോടകത്തിന്റെ ഇലയും ചുക്കുപൊടിയും ശര്‍ക്കരയും കൂട്ടി ഇടിച്ച് ഉരുളയാക്കി സൂക്ഷിക്കാവുന്നതാണ്. നിലക്കാത്ത ചുമ, ശ്വാസംമുട്ടല്‍, കഫംകെട്ടല്‍ എന്നിവ ഇതുപയോഗിച്ചാല്‍ മാറിക്കിട്ടും. വീട്ടില്‍ സൂക്ഷിച്ചുവെക്കാവുന്ന ചെലവ് കുറഞ്ഞ ഔഷധമാണിത്.
ജീരകം ഉഷ്ണവീര്യമാണ്. ജീരകവെള്ളം ധാരാളം കുടിക്കുകയും നല്ലജീരകവും നന്നാറിയും ശതാവരിയും കൂട്ടി ഇളനീര്‍ വെള്ളത്തില്‍ അരച്ച് ശരീരത്തില്‍ തേച്ചുപിടിപ്പിക്കുകയുമാണെങ്കില്‍ നീറല്‍, പുകച്ചില്‍ എന്നിവ മാറിക്കിട്ടും.