'പെങ്ങള്‍' പറയുന്നത്....

മുംതാസ്. സി /ബുക് റിവ്യൂ No image

      രചനാശൈലിക്കും പ്രമേയത്തിനുമപ്പുറം രചയിതാവിന്റെ പ്രശസ്തിയാണ് പലപ്പോഴും രചനകളുടെ സ്വീകാര്യതക്ക് മാനദണ്ഡമാവുന്നത്. സൃഷ്ടാവ് പ്രസിദ്ധനല്ലാത്തതിനാല്‍ മികച്ച എത്രയോ കൃതികള്‍ക്ക് അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോയിട്ടുണ്ട്. ഈയൊരു കാരണത്താല്‍ തിരസ്‌കരണത്തിന്റെ കഥ പല ഈടുറ്റ രചനകള്‍ക്കും പറയാനുണ്ട്.
ഇങ്ങനെ, അതിപ്രശസ്തനായൊരു എഴുത്തുകാരന്റെ പിതൃത്വം അവകാശപ്പെടാനില്ലാത്തതിനാല്‍ മാത്രം അനുവാചക ശ്രദ്ധയും അവാര്‍ഡുകളും അപ്രാപ്യമായിത്തീര്‍ന്ന, രചനകളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വളര്‍ന്ന വേദികളില്‍ അനുവാദമാരായാതെ കടന്നുചെന്നിരിക്കാന്‍ അര്‍ഹതയുള്ളൊരു കവിതയാണ് ഹാരിസ് എടവനയുടെ 'പെങ്ങള്‍'.
നിസ്സഹായനും നിര്‍ഭാഗ്യവാനുമായൊരു ആങ്ങളയുടെ ഹൃദയം മുറിഞ്ഞൊഴുകുന്ന പച്ചച്ചോരയുടെ ചൂടും ചൂരുമുണ്ട് 'പെങ്ങളി'ലെ ഓരോ അക്ഷരത്തിനും. തത്തമ്മച്ചുണ്ടിന്റെയും കലമാന്‍ മിഴികളുടെയും മുല്ലപ്പൂ നിറത്തിന്റെയും സമന്വയമായിരുന്നില്ല അവന്റെ 'പെങ്ങള്‍.' കേശവദേവിന്റെ ദീനാമ്മയെയും എം.ടിയുടെ കുട്ട്യേടത്തിയെയും പോലെ വൈരൂപ്യത്തിന്റെ അവതാരമായിരുന്നു അവള്‍. അതുകൊണ്ടു തന്നെ അവളെ പെണ്ണുകാണാനെത്തിയവരൊക്കെ ആ അത്തര്‍മണക്കുന്ന കിനാക്കളെ ചെരിപ്പിട്ടു ചവിട്ടിമെതിച്ച് വെറുപ്പില്‍ മുഖംതിരിച്ച് അകന്നുപോയി.
'മൊഞ്ചില്ലാത്തവര്‍
പെണ്ണായി പിറക്കരുതെന്ന്
കാണാന്‍ വന്നവരൊക്കെ
പെങ്ങളെ ഓര്‍മിപ്പിച്ചു.'
എന്ന ഒരൊറ്റ വാചകത്തില്‍ പെങ്ങളുടെ ഈ ദുരിതാവസ്ഥയെ കാച്ചിക്കുറുക്കിയവതരിപ്പിച്ചിരിക്കുന്നു. വിരലിലെണ്ണാവുന്ന പദങ്ങള്‍ മാത്രമുള്‍ക്കൊള്ളുന്ന ഈ വാചകം അനുവാചകരിലുണര്‍ത്തുന്ന നോവിനാവട്ടെ, എത്രതന്നെ കാച്ചിയാലും കുറുകിപ്പോവാത്തത്ര വലുപ്പമുണ്ട്. വിവാഹമെന്നത് വിലപേശലുയരുന്ന വിപണിയായി മാറുമ്പോള്‍ മക്കളുടെ വളര്‍ച്ചക്കനുസൃതമായി ഉമ്മയുടെ നെഞ്ചില്‍ വളരുന്ന ആധി തികച്ചും ന്യായം. പെങ്ങള്‍ക്ക് വിലപറഞ്ഞ് വില്‍പനയുറപ്പിക്കാനെത്തിക്കുന്നവരിലെല്ലാം ഒടുവിലുയരുന്നത് വിസമ്മതത്തിന്റെ വിസ്‌ഫോടനമാണെങ്കിലും വയറു നിറയെ പലഹാരങ്ങളേകണം. പറ്റുപുസ്തകത്തില്‍ പെറ്റുപെരുകിയ കടത്തിന്‍ കണക്കുകള്‍ മറന്ന് ഉമ്മയിനി ഏത് കടയിലാണ് കടം പറയുക? നിത്യരോഗിയായ ഉപ്പയും പെങ്ങളെച്ചൊല്ലി ഖിന്നനാണ്. അദ്ദേഹം ചുമച്ചുചുമച്ചു തുപ്പുന്ന കഫത്തില്‍ ചോര്‍ന്നൊലിക്കുന്ന ആ ഖല്‍ബ് തന്നെയുണ്ടെന്ന് പറയാന്‍ കവി ധൈര്യപ്പെടുന്നു.
ഒത്തിരി പെണ്ണുകാണലുകള്‍ക്കും വിലപേശലുകള്‍ക്കുമൊടുവിലൊരു ദിനം മഴവില്‍ നിറങ്ങളുള്ള കിനാക്കള്‍ മുറുകെപ്പിടിച്ച് പെങ്ങള്‍ മയ്യിത്ത് കട്ടിലിലേറിപ്പോയി. മണവാട്ടിപ്പെണ്ണായ് ആരും കൂടെകൂട്ടാത്തതിനാല്‍ ആ കൈയില്‍ മൈലാഞ്ചിച്ചോപ്പുണ്ടായിരുന്നില്ല. ചന്ദത്തിരിയുടെയും കുന്തിരിക്കത്തിന്റെയും സുഗന്ധമസ്തമിച്ചപ്പോള്‍ പെങ്ങളുടെ പൊന്നാങ്ങളയെ അരികില്‍ വിളിച്ച് ഉപ്പ കാതില്‍ പറഞ്ഞത്.
ഏത് ശിലാഹൃദയത്തെയും മഞ്ഞുകട്ടയായലിയിക്കുന്ന ഒന്നാണ്
'അഴകും പൊന്നും പണവും
വേണ്ടാത്തിടത്തേക്ക്
പെങ്ങള്‍ മണവാട്ടിയായപ്പോഴാണ്
ഉപ്പയൊരു സ്വകാര്യം പറഞ്ഞത്
'ഓളെ ഖബറിന്‍ പുറത്തെങ്കിലും
ഒരു മൈലാഞ്ചിച്ചെടി നടണം''
എന്ന് ഹൃത്തില്‍ തറച്ച് ചോരയൊലിപ്പിക്കുന്ന വാങ്മയാസ്ത്രമായി രാകിമിനുക്കിയെടുത്തിരിക്കുന്നു ഹാരിസ്.
ആകാരവലിപ്പമില്ലെങ്കിലും ആശയവലുപ്പമുള്ള ഈ കവിത അകശ്ശാന്തിയുടെ അലകും പിടിയുമിളകിയ ആത്മാക്കള്‍ക്ക് അരങ്ങിലിടം നല്‍കുന്നു. തൊലിമിനുപ്പും പണക്കൊഴുപ്പും കുറഞ്ഞുപോയതിനാല്‍ ആജീവനാന്തം അവിവാഹിതകളായി കഴിയേണ്ടിവരുന്ന അസംഖ്യം പെണ്‍കൊടിമാരുടെ പ്രതിനിധിയാണ് പെങ്ങള്‍. 'പുകയേറ്റു/ മച്ചിലെ തേങ്ങപോലെ / ഉണങ്ങിപ്പോയ' എന്ന വിശേഷണത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന ഉമ്മയും അനേകരിലൊരാള്‍ മാത്രമാണ്. ഒരുപാട് പിതാക്കള്‍ ഹൃദയത്തില്‍ കെട്ടിപ്പൊതിഞ്ഞെടുത്തുവെച്ച വേദനപുരണ്ട മോഹം 'ഓളെ ഖബറിന്‍ പുറത്തെങ്കിലും/ ഒരു മൈലാഞ്ചിച്ചെടി നടണം'' എന്ന സ്വകാര്യം പറച്ചിലിലൂടെ അനാവൃതമാകുന്നു.
'പെങ്ങള്‍' എല്ലാവര്‍ക്കുമുള്ളതല്ല. വാട്‌സ് ആപ്പിനും ജീന്‍സ് പാന്റിനും കുഴിമന്തിക്കുമപ്പുറത്തുള്ള കണ്ണീരും കദനവും മണക്കുന്ന ജീവിതങ്ങളിലേക്കൊന്നുറ്റുനോക്കി നെടുവീര്‍പ്പിട്ടാല്‍ 'സ്റ്റാറ്റസ്' കുറഞ്ഞുപോകില്ലെന്നുറപ്പുള്ളവര്‍ മാത്രം ഈ കവിത വായിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top