നോമ്പ് നമ്മളറിയേണ്ടത്

കെ.കെ. ഫാത്തിമ സുഹറ No image

      പരിശുദ്ധ റമദാന്‍ അടുത്തു വരികയാണല്ലോ? അതിനാല്‍ നോമ്പുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ അല്‍പം വിശദീകരണം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
റമദാനിലെ നോമ്പ് ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ്. മന:പൂര്‍വം ഒരാള്‍ റമദാനിലെ ഒരു നോമ്പുപേക്ഷിച്ചാല്‍ കൊല്ലം മുഴുവനും നോമ്പു നോറ്റാലും അതിനു പകരമാവില്ല. നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു. ''അല്ലാഹു അനുവദിച്ച ഇളവിന്റെ അടിസ്ഥാനത്തിലല്ലാതെ ആരെങ്കിലും റമദാനില്‍ ഒരു ദിവസത്തെ നോമ്പുപേക്ഷിക്കുന്ന പക്ഷം ഒരു കൊല്ലം മുഴുവന്‍ നോമ്പെടുത്താലും അതിനു പകരമാവുകയില്ല.'' (അബൂദാവൂദ്, ഇബ്‌നുമാജ, തിര്‍മുദി)
ഭ്രാന്തന്‍, കുട്ടി, രോഗി, യാത്രക്കാരന്‍, ഋതുമതി, പ്രസവരക്തമുള്ളവള്‍, വയോവൃദ്ധര്‍, ഗര്‍ഭിണി, മുലയൂട്ടുന്നവള്‍ എന്നിവരൊഴികെയുള്ള ബുദ്ധിയുള്ളവരും പ്രായപൂര്‍ത്തിയായവരും സ്ഥിരതാമസക്കാരും ആരോഗ്യമുള്ളവരുമായ എല്ലാ മുസ്‌ലിം സ്ത്രീ പുരുഷന്മാര്‍ക്കും നോമ്പ് നിര്‍ബന്ധമാണ്.
ഭ്രാന്തന് നോമ്പ് തീരെ ബാധകമല്ല. കുട്ടിക്ക് നോമ്പ് നിര്‍ബന്ധമില്ലെങ്കിലും നോമ്പെടുക്കാന്‍ ശക്തനായി തുടങ്ങുന്നത് മുതല്‍ നോമ്പ് ശീലിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. നബി (സ)യുടെ കാലത്ത് കുട്ടികളെ നോമ്പെടുത്ത് ശീലിപ്പിക്കാറുണ്ടായിരുന്നുവെന്നും അവര്‍ കരയുമ്പോള്‍ പാവ കൊടുത്ത് അവരെ സമാധാനിപ്പിച്ചിരുന്നുവെന്നും ഹദീസില്‍ വന്നിട്ടുണ്ട്.
വയോവൃദ്ധര്‍, സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗി, ഉപജീവനത്തിന് മറ്റു മാര്‍ഗങ്ങളില്ലാത്ത ക്ലേശകരമായ ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ എന്നിവര്‍ക്ക് നോമ്പെടുക്കാന്‍ പ്രയാസം നേരിടുകയാണെങ്കില്‍ നോമ്പ് ഉപേക്ഷിക്കുവാന്‍ അനുവാദമുണ്ട്. എന്നാല്‍ ഓരോ നോമ്പിന്നും പ്രായശ്ചിത്തമായി ഒരഗതിക്ക് ആഹാരം നല്‍കണം. സാധനങ്ങളുടെ വില കണക്കാക്കി സാഹചര്യത്തിനനുസരിച്ച് സംഖ്യ കണക്കാക്കിയാല്‍ മതി. ഇന്നത്തെ വിലനിലവാരമനുസരിച്ച് ഏകദേശം 70, 80 രൂപ എന്ന് കണക്കാക്കാം.
ഇത്്് റമദാന്‍ കഴിഞ്ഞയുടന്‍ തന്നെ നല്‍കണമെന്നില്ല. സൗകര്യാനുസാരം നല്‍കാവുന്നതാണ്. അവര്‍ക്ക് പിന്നെ നോമ്പ് നോറ്റു വീട്ടേണ്ടതില്ല. ഇബ്‌നു അബ്ബാസ് (റ) പറയുന്നു. ''വയോവൃദ്ധര്‍ നോമ്പുപേക്ഷിച്ച ഓരോ ദിവസത്തിനു പകരം ഒരു സാധുവിന് ആഹാരം നല്‍കാന്‍ ഇളവ് നല്‍കപ്പെട്ടിരിക്കുന്നു. അയാള്‍ അത് പിന്നീട് നോറ്റു വീട്ടേണ്ടതില്ല.'' വൃദ്ധന്മാര്‍, അസുഖം ഭേദമാവുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികള്‍ പോലുള്ള നോമ്പെടുക്കാന്‍ പ്രയാസമുള്ളവര്‍ പകരം ഫിദ്‌യ നല്‍കണമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് എന്ന് ഇബ്‌നു അബ്ബാസ് (റ) വ്യക്തമാക്കി.
ശമനം പ്രതീക്ഷിക്കുന്ന രോഗിക്ക് രോഗം ഭേദമായാല്‍ നോമ്പ് നോറ്റു വീട്ടിയാല്‍ മതിയാവുന്നതാണ്. യാത്രക്കാരനും സൗകര്യാനുസാരം നോറ്റുവീട്ടിയാല്‍ മതി. അല്ലാഹു പറയുന്നു: ''നിങ്ങളില്‍ ഒരാള്‍ യാത്രക്കാരനോ രോഗിയോ ആയാല്‍ മറ്റു ദിവസങ്ങളില്‍ അത്രയും നോമ്പ് നോറ്റു വീട്ടണം.'' രോഗപ്രതിരോധാര്‍ഥം കുത്തിവെപ്പ് നടത്തുന്നത് നോമ്പിനെ ദുര്‍ബലപ്പെടുത്തുമോ എന്ന ആശങ്ക ചിലര്‍ക്കുണ്ട്. എന്നാല്‍ സാധാരണ കുത്തിവെപ്പ്്് നോമ്പിനെ ദുര്‍ബലപ്പെടുത്തുകയില്ല എന്നാണ് പണ്ഡിതമതം. ഡോക്ടര്‍ യൂസുഫുല്‍ ഖറദാവി ഈ വിഷയകമായി പറഞ്ഞതെത്ര വ്യക്തം. 'കുത്തിവെപ്പ് പലവിധമുണ്ട് ചിലത് രോഗ ചികിത്സാര്‍ഥമുള്ള ഔഷധങ്ങളുടെ കുത്തിവെപ്പാണ്. അത് പേശിയിലോ തൊലിക്ക് താഴെയോ ആവാം. ഈ കുത്തിവെപ്പ്് നോമ്പിനെ ദുര്‍ബലപ്പെടുത്തുകയില്ല എന്ന കാര്യത്തില്‍ അഭിപ്രായഭേദമില്ല. അത് ആമാശയത്തിലേക്കെത്തുകയോ ഭക്ഷണമായിത്തീരുകയോ ഇല്ല. അതുകൊണ്ടു അത്തരം കുത്തിവെപ്പുകള്‍ നോമ്പിന് ദോഷവും ചെയ്യുന്നതല്ല. മറ്റൊരു തരം കുത്തിവെപ്പുണ്ട്. ഗ്ലൂക്കോസ് കുത്തിവെപ്പ് പോലെ ശരീരത്തില്‍ ആഹാരത്തിന്റെ രീതിയില്‍ പ്രവര്‍ത്തിക്കുന്നവ. ഇത്തരം കുത്തിവെപ്പ്് അനുവദനീയമാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. റമദാനിലെ പകലില്‍ അതൊഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. അസ്തമയത്തിനു ശേഷവും അതിനു സമയമുണ്ടല്ലോ (ഖറദാവിയുടെ ഫത്‌വകള്‍ പേജ് :290) ഋതുമതിയും പ്രസവരക്തക്കാരിയും നോമ്പ് ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണ്. സൂര്യാസ്തമനത്തിന്റെ തൊട്ടുമുമ്പാണ് ഋതുമതിയാവുന്നതെങ്കില്‍പോലും അവരുടെ നോമ്പ് അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുകയില്ല. എന്നാല്‍ അവര്‍ പകരം നോമ്പ് നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. ആയിശ (റ) പറയുന്നു, ''നബി (സ)യുടെ കാലത്ത് ഞങ്ങള്‍ ഋതുമതികളാവാറുണ്ടായിരുന്നു. അപ്പോള്‍ നോമ്പ് ഖളാ വീട്ടാന്‍ ഞങ്ങളോടാജ്ഞാപിക്കുമായിരുന്നു. എന്നാല്‍ നമസ്‌കാരം ഖളാഅ് വീട്ടാന്‍ ഞങ്ങളോട് കല്‍പിക്കാറുണ്ടായിരുന്നില്ല.
തങ്ങളെക്കുറിച്ചോ തങ്ങളുടെ കുട്ടികളെക്കുറിച്ചോ ആശങ്കയുള്ള ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും നോമ്പുപേക്ഷിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. അവര്‍ പ്രായശ്ചിത്തം നല്‍കണമെന്നും മറ്റു ദിവസങ്ങളില്‍ പകരം നോമ്പനുഷ്ഠിക്കേണ്ടതില്ലെന്നുമത്രെ ഇബ്‌നു ഉമറിന്റെയും ഇബ്‌നു അബ്ബാസിന്റെയും അഭിപ്രായം.'' യാത്രക്കാരന് നോമ്പും നമസ്‌കാരത്തിന്റെ പകുതിയും ഗര്‍ഭിണിക്കും മുലയൂട്ടുന്നവള്‍ക്കും നോമ്പും അല്ലാഹു വിട്ടു കൊടുത്തിരിക്കുന്നുവെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഹനഫികളുടെ അഭിപ്രായത്തില്‍ ഗര്‍ഭിണിയും മുലയൂട്ടുന്നവളും നോമ്പ് ഖളാ വീട്ടിയാല്‍ മതി. ഫിദ്‌യ നല്‍കേണ്ടതില്ല. എന്നാല്‍ ഗര്‍ഭിണികളും മുലയൂട്ടുന്നവരും കുട്ടിയെ സംബന്ധിച്ച ആശങ്കയുടെ പേരില്‍ നോമ്പുപേക്ഷിച്ചാല്‍ അവര്‍ പകരം നോമ്പനുഷ്ഠിക്കുകയും പ്രായശ്ചിത്തം നല്‍കുകയും വേണമെന്നാണ് ഇമാം ശാഫിഈയുടെയും ഇമാം അഹ്്മദിന്റെയും പക്ഷം. ഇനി സ്വദേഹത്തെക്കുറിച്ച് മാത്രമോ അല്ലെങ്കില്‍ കുട്ടിയെയും സ്വദേഹത്തെയും സംബന്ധിച്ചോ ഉള്ള ആശങ്കയിലാണ് നോമ്പ് ഉപേക്ഷിക്കുന്നതെങ്കില്‍ അവര്‍ പകരം നോമ്പനുഷ്ഠിച്ചാല്‍ മതി. പ്രായശ്ചിത്തം വേണ്ടതില്ല എന്നും അവര്‍ അഭിപ്രായപ്പെടുന്നു.
ഈ വിഷയകമായി ഖറദാവിയുടെ അഭിപ്രായം താഴെ കൊടുക്കുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെയോ പാല്‍ കുടിക്കുന്ന കുട്ടിയുടെയോ കാര്യത്തിലാണ് ആശങ്കയെങ്കില്‍ അവര്‍ക്ക് നോമ്പുപേക്ഷിക്കാമെന്ന് ഏകകണ്ഠമായി സമ്മതിക്കുന്ന പണ്ഡിതര്‍ അവരത് നോറ്റുവീട്ടേണ്ടതുണ്ടോ അതോ അഗതിക്ക് ആഹാരം നല്‍കിയാല്‍ മതിയോ അതോ രണ്ടും വേണമോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായം പുലര്‍ത്തുന്നു. ഇബ്‌നു ഉമര്‍, ഇബ്‌നു അബ്ബാസ് തുടങ്ങിയവര്‍ അഗതിക്ക് ആഹാരം നല്‍കിയാല്‍ മതിയെന്ന് അഭിപ്രായമുള്ളവരാണ്. എന്നാല്‍ ഭൂരിപക്ഷവും നോറ്റുവീട്ടുകയാണു വേണ്ടത് എന്ന് കരുതുന്നു. രണ്ടും വേണമെന്ന് വാദിക്കുന്ന ഒരു വിഭാഗം പണ്ഡിതന്മാരുണ്ട്. എന്റെ അഭിപ്രായത്തില്‍ ഗര്‍ഭവും മുലയൂട്ടലും തുടരെത്തുടരെയുണ്ടാവുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അഗതിക്ക് ആഹാരം നല്‍കിയാല്‍ മാത്രം മതിയാകും. കാരണം നോറ്റുവീട്ടാനുള്ള അവസരം അവര്‍ക്കുണ്ടാവില്ല. ഗര്‍ഭധാരണം, മുലയൂട്ടല്‍ രണ്ടും തുടരെത്തുടരെയുണ്ടാവുന്ന ഒരു സ്ത്രീക്ക് നോമ്പ് നോറ്റുവീട്ടുക ക്ലേശകരമാണ്. ഗര്‍ഭധാരണവും മുലയൂട്ടലും നിലച്ച ശേഷം വര്‍ഷങ്ങളോളം നോമ്പ് ഖദാഅ് വീട്ടേണ്ടി വരും. അതും ക്ലേശകരമാണ്. അല്ലാഹു തന്റെ ദാസന്മാര്‍ക്ക് ക്ലേശമുണ്ടാക്കാനുദ്ദേശിക്കുന്നില്ല. (ഖറദാവിയുടെ ഫത്‌വകള്‍ : പേജ് നമ്പര്‍ 287)
നോമ്പ് നിര്‍ബന്ധമാവുന്ന മുസ്‌ലിംസ്ത്രീ പുരുഷന്മാര്‍ താഴെ പറയുന്ന അതിന്റെ റുക്‌നുകള്‍ അഥവാ അടിസ്ഥാന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
1. നിയ്യത്ത്: നോമ്പെടുക്കാനുദ്ദേശിക്കുന്നുവെന്ന് മനസ്സില്‍ കരുതുകയാണ് നിയ്യത്ത്. വാക്കാല്‍ ഉച്ചരിക്കണമെന്നില്ല. നോമ്പുദ്ദേശിച്ച് ഒരാള്‍ അത്താഴമുണ്ടാല്‍ അത് നിയ്യത്താണ്. ''പ്രഭാതത്തിന് മുമ്പായി നോമ്പെടുക്കാന്‍ തീരുമാനമെടുക്കാത്തവന് നോമ്പില്ല എന്ന നബി തിരുമേനിയുടെ തിരുവചന പ്രകാരം റമദാനിലെ ഓരോ രാത്രിയും പ്രഭാതത്തിനു മുമ്പായി നിയ്യത്ത് നിര്‍ബന്ധമാണെന്ന് ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. റമദാനിന്റെ ആദ്യരാത്രിയില്‍ റമദാന്‍ മാസം മുഴുവന്‍ നോമ്പെടുക്കാന്‍ തീരുമാനമെടുക്കാമെന്നാണ് മാലികികളുടെ അഭിപ്രായം. നോമ്പെടുക്കുന്നുവെന്ന് മനസ്സില്‍ നിയ്യത്തുണ്ടാവല്‍ നിര്‍ബന്ധമാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. നോമ്പിനെയും പട്ടിണിയെയും തമ്മില്‍ വേര്‍തിരിക്കുന്ന അടിസ്ഥാന ഘടകം നിയ്യത്താണ്.
2. പ്രഭാതോദയം മുതല്‍ സൂര്യാസ്തമനം വരെ നോമ്പിനെ ദുര്‍ബലപ്പെടുത്തുന്ന താഴെ കൊടുത്ത കാര്യങ്ങള്‍ വര്‍ജിക്കണം.
നോമ്പ് ദുര്‍ബലപ്പെടുത്തുകയും ഖദാഅ് മാത്രം നിര്‍ബന്ധമാവുകയും ചെയ്യുന്ന കാര്യങ്ങള്‍ ബോധപൂര്‍വം തിന്നുക, കുടിക്കുക, മന:പൂര്‍വം ഛര്‍ദിക്കുക, ഋതുരക്തവും പ്രസവരക്തവും പുറത്തു വരിക, ചുംബനം കൊണ്ടോ കരസ്പര്‍ശം കൊണ്ടോ ശുക്ലസ്ഖലനം സംഭവിക്കുക, ശരീരത്തിലുള്ള ഏതെങ്കിലും പ്രവേശന മാര്‍ഗങ്ങളിലൂടെ ഭക്ഷണ വസ്തുക്കള്‍ അകത്ത് പ്രവേശിക്കുക. സൂര്യാസ്തമനത്തിനു മുമ്പോ പ്രഭാതോദയത്തിനു ശേഷമോ സമയമായെന്ന് ധരിച്ച് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുക എന്നിവയാണ്.
എന്നാല്‍ നോമ്പ് ദുര്‍ബലപ്പെടുത്തുകയും പകരം നോമ്പനുഷ്ഠിക്കലും പ്രായശ്ചിത്തവും നിര്‍ബന്ധമാവുകയും ചെയ്യുന്ന ഒരേയൊരു കാര്യം റമദാനില്‍ പകല്‍സമയത്ത് സംഭോഗത്തിലേര്‍പ്പെടുക മാത്രമാണെന്നാണ് ഭൂരിപക്ഷ പണ്ഡിതമതം. അതിന്റെ കാര്യത്തില്‍ തികഞ്ഞ ജാഗ്രത ആവശ്യമാണ്. അബൂഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാള്‍ നബി (സ)യുടെ അടുത്തു വന്ന് പറഞ്ഞു. ''അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ നശിച്ചു.'' നബി(സ) ചോദിച്ചു. ''നിന്നെ നശിപ്പിച്ചത് എന്താണ്?'' അദ്ദേഹം പറഞ്ഞു. ''റമദാനില്‍ എന്റെ ഭാര്യയുമായി ഞാന്‍ സംഭോഗത്തിലേര്‍പ്പെട്ടു''. നബി (സ) ചോദിച്ചു ''നിനക്ക് ഒരടിമയെ മോചിപ്പിക്കാനുള്ള കഴിവുണ്ടോ?'' അയാള്‍ പറഞ്ഞു. ''ഇല്ല'' നബി (സ) ചോദിച്ചു ''രണ്ടു മാസം തുടരെ നോമ്പനുഷ്ഠിക്കുവാന്‍ കഴിയുമോ?'' ''ഇല്ല'' നബി ചോദിച്ചു ''അറുപത് സാധുക്കള്‍ക്ക് ആഹാരം നല്‍കാനാകുമോ?'' ''ഇല്ല'' അദ്ദേഹം പറഞ്ഞു. നബി (സ) യുടെ അടുക്കല്‍ ഒരു കുട്ട കാരക്ക ആരോ കൊണ്ടുവന്നു. നബി (സ) അതു കൊണ്ടുപോയി സാധുക്കള്‍ക്ക് വിതരണം ചെയ്യാനാവശ്യപ്പെട്ടു. ഞങ്ങളേക്കാള്‍ സാധുക്കള്‍ക്കോ? മദീനയുടെ രണ്ടു ഭാഗത്തുമുള്ള ചരല്‍ഭൂമികള്‍ക്കിടയില്‍ ഞങ്ങളേക്കാള്‍ ഇതിനാവശ്യമുള്ള ഒരു വീട്ടുകാരുമില്ല. നബി (സ) ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ നീ ഇതുകൊണ്ടുപോയി നിന്റെ വീട്ടുകാരെ ഭക്ഷിപ്പിക്കുക.
ഇതില്‍നിന്ന് റമദാനില്‍ സംഭോഗം ചെയ്യുന്നത് ഗൗരവാവഹമായ കാര്യമാണെന്ന് മനസ്സിലാക്കാം.

നോമ്പിന്റെ മര്യാദകള്‍
1. അത്താഴം കഴിക്കുക.
നോമ്പനുഷ്ഠിക്കാന്‍ ഉദ്ദേശിക്കുന്നവന്‍ അത്താഴം കഴിക്കുന്നത് സുന്നത്താണ്. അഥവാ വല്ലവനും അത്താഴം കഴിക്കാതിരുന്നാല്‍ അതുകൊണ്ട് നോമ്പിന്റെ സാധുതക്ക് ഒരു കോട്ടവും തട്ടില്ല. അത് വര്‍ജിക്കുന്നത് പാപവുമല്ല എന്ന കാര്യത്തില്‍ മുസ്‌ലിം സമുദായത്തില്‍ ഒരാള്‍ക്കും ഭിന്നാഭിപ്രായമില്ല. 'നിങ്ങള്‍ അത്താഴം കഴിക്കുക. നിശ്ചയമായും അത്താഴത്തില്‍ ദൈവാനുഗ്രഹമുണ്ട്.'' എന്ന് നബിതിരുമേനി പറഞ്ഞതായി കാണാം. ഒരിറക്ക് വെള്ളമോ ഒരു കാരക്കയോ എന്തെങ്കിലും കൊണ്ട് അത്താഴം കഴിക്കുന്നത് പ്രവാചക ചര്യയാണ്. അത്താഴം വൈകിക്കുന്നതാണുത്തമം. അത്താഴത്തിന്റെയും സുബ്ഹി നമസ്‌കാരത്തിന്റെയുമിടയില്‍ 50 ആയത്തുകളോതുന്ന സമയമാണുണ്ടായിരുന്നതെന്ന് സഹാബികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരെങ്കിലും ഉണരാന്‍ വൈകി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുബ്ഹി ബാങ്ക് കൊടുത്താല്‍ അയാള്‍ക്ക് വളരെ പെട്ടെന്ന് ആവശ്യത്തിന് എന്തെങ്കിലുമൊക്കെ ഭക്ഷിക്കാവുന്നതാണ്. നബിതിരുമേനി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ''പാത്രം കൈയിലിരിക്കെ ബാങ്കുവിളി കേട്ടാല്‍ തന്റെ ആവശ്യം പൂര്‍ത്തീകരിക്കുന്നതു വരെ പാത്രം താഴെ വെക്കേണ്ടതില്ല.'' അതിന്റെ കാര്യത്തില്‍ അനാവശ്യമായ വസ്‌വാസ് ഒഴിവാക്കണം. എന്നാല്‍ ബാങ്ക് കൊടുത്തിട്ടും അവധാനത കൈകൊള്ളുന്നതും ശരിയല്ല.
നോമ്പു തുറക്കല്‍
നോമ്പു തുറക്കാന്‍ സമയമായാല്‍ ഒട്ടും വൈകാതെ അതിവേഗം നോമ്പുതുറക്കുന്നത് സുന്നത്താണ്. ജനങ്ങള്‍ നോമ്പ്തുറക്കല്‍ വേഗമാക്കും കാലമ്ര്രതയും നന്മയിലായിരിക്കും' എന്ന് നബിതിരുമേനി പറഞ്ഞിട്ടുണ്ട്. നബി (സ) തിരുമേനി മഗ്‌രിബ് നമസ്‌കാരത്തിനു മുമ്പ് ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുമായിരുന്നു. ഈത്തപ്പഴം ഇല്ലെങ്കില്‍ കാരക്ക, അതില്ലെങ്കില്‍ വെള്ളം. നോമ്പു തുറക്കാന്‍ ഏറ്റവും നല്ലത് അതാണ്. നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ഥന ഒരിക്കലും തള്ളപ്പെടുകയില്ല. 'അല്ലാഹുമ്മ ലക സുംതു വ അലാ രിസ്‌കിക്ക അഫ്തര്‍തു.' അല്ലാഹുവേ, നിനക്കു വേണ്ടി നോമ്പെടുത്തു, നിന്റെ ഭക്ഷണം കൊണ്ട് നോമ്പ് തുറന്നു. ശേഷം 'ദഹബള്ളമഅു, വബ്തല്ലത്തില്‍ ഉറൂഖു വസബതല്‍ അജ്‌റു ഇന്‍ശാഅ് അല്ലാഹ്.' ദാഹം പോയി. ഞരമ്പുകള്‍ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി'' എന്നും പറയുന്നത് സുന്നത്താണ്.
മറ്റാരെങ്കിലും നോമ്പ് തുറക്കാന്‍ ക്ഷണിച്ചാല്‍ താഴെ പറയും പ്രകാരം പ്രാര്‍ഥിക്കാവുന്നതാണ്. 'അഫ്ത്വറ ഇന്‍ദകുമുസ്വാഇമൂന്‍, വ അകലത്വആമുകുമുല്‍ അബ്‌റാര്‍ വസ്വല്ലത്ത് അലൈകുമുല്‍ മലാഇക'' 'നോമ്പുകാര്‍ നിങ്ങളുടെ അടുക്കല്‍ നോമ്പുതുറന്നു. നല്ലവര്‍ നിങ്ങളുടെ ഭക്ഷണം ഭക്ഷിച്ചു. മലക്കുകള്‍ നിങ്ങള്‍ക്ക് ദൈവാനുഗ്രഹത്തിനായി പ്രാര്‍ഥിച്ചിരിക്കുന്നു.'

അനാവശ്യ കാര്യങ്ങള്‍ വര്‍ജിക്കുക:
അന്നപാനീയങ്ങള്‍ വര്‍ജിച്ചതു കൊണ്ടു മാത്രം നോമ്പാവില്ല. അസത്യമായ വാക്കും പ്രവര്‍ത്തിയും ഒഴിവാക്കിയാലേ നോമ്പ് സ്വീകാര്യമാവൂ. ഒരാള്‍ വ്യര്‍ഥമായ വാക്കും പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ അന്ന പാനീയങ്ങള്‍ ഒഴിവാക്കണമെന്ന് അല്ലാഹുവിന് യാതൊരാവശ്യവുമില്ല.'' എന്ന് നബി തിരുമേനി (സ) അരുളിയിരിക്കുന്നു: നോമ്പ് കാലത്ത് പകല്‍ സമയം ടെലിവിഷന്‍ പ്രക്ഷേപണം ചെയ്യുന്ന വൃത്തികെട്ട പരിപാടികള്‍ കാണുന്നത് ഈ ഗണത്തില്‍ പെടുന്നു. മറ്റു മാസങ്ങളിലെന്നപോലെ അസഭ്യം പറയുന്നതും പരദൂഷണം പറയുന്നതും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ദന്തശുദ്ധി വരുത്തല്‍
നോമ്പുകാലത്ത് പല്ലു വൃത്തിയാക്കുന്നത് സുന്നത്താകുന്നു. നബി (സ) അറാക്കിന്റെ കൊള്ളി ഉപയോഗിച്ചു എന്നതിനാല്‍ ബ്രഷും പേയ്സ്റ്റും ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. ഉച്ചക്ക് ശേഷം പേയ്സ്റ്റ് ഒഴിവാക്കാവുന്നതാണ് ഉത്തമമെന്ന് ഖറദാവി അഭിപ്രായപ്പെടുന്നു.

ഖുര്‍ആന്‍ പാരായണവും ദിക്റ് ദുആകളും
ദാനധര്‍മ്മങ്ങളും ഖുര്‍ആന്‍ പരായാണവും റമദാനില്‍ പ്രത്യേകം പുണ്യമുള്ള കാര്യങ്ങളാണ്. അതുപോലെ ദിക്്‌റുകള്‍ വര്‍ധിപ്പിക്കുന്നതും സുന്നത്താണ്. പ്രത്യേകിച്ചും റമദാന്‍ മാസത്തിലെ ഓരോ പത്തിലും പ്രവാചകന്‍(സ) ചൊല്ലാന്‍ പഠിപ്പിച്ച ദിക്‌റ് ദുആകള്‍. ഖുര്‍ആന്‍ കേവല പാരായണത്തിലൊതുക്കാതെ ആശയം മനസ്സിലാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഖുര്‍ആന്‍ പരിഭാഷകളും അര്‍ഥസഹിതമുള്ള വീഡിയോകളും സുലഭമായ ഇക്കാലത്ത്് ഖുര്‍ആന്‍ ആശയം മനസ്സിലാക്കാതിരിക്കുന്നതിന് ന്യായീകരണമില്ല. റമദാനിലെ പകലില്‍ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയിട്ട് രാത്രി ക്ഷീണം തീര്‍ക്കാന്‍ കൂര്‍ക്കം വലിച്ചുറങ്ങുകയും ചെയ്യുന്നത് തീരാനഷ്ടമായിരിക്കും.

തറാവീഹ്
നോമ്പിന്റെ വളരെ പ്രബലമായിട്ടുള്ള ഒരു സുന്നത്താണ് തറാവീഹ് നമസ്‌കാരം. വിത്‌റ് മൂന്ന് അടക്കം 11 എന്നും 23 എന്നും ആളുകള്‍ വിവിധ എണ്ണം റക്് അത്തുകള്‍ നമസ്‌കരിക്കാറുണ്ട്. നമസ്‌കാരത്തിന്റെ എണ്ണത്തിലല്ല, ഭയഭക്തിയിലും ഏകാഗ്രതയിലുമാണ് അതിന്റെ പ്രസക്തി. എന്നാല്‍ നബി (സ) 11 റക്അത്തില്‍ കൂടുതല്‍ നോമ്പിലും അല്ലാത്തപ്പോഴും നമസ്‌കരിച്ചിട്ടില്ലായെന്ന് പ്രബലമായ ഹദീസ് ഉണ്ട്.
പള്ളികളില്‍ നടത്തപ്പെടുന്ന തറാവീഹ് നമസ്‌കാരത്തില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം. അതിന് സൗകര്യമില്ലാത്തവര്‍ വീടുകളില്‍ വെച്ചെങ്കിലും അത് ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. നബി (സ) തിരുമേനി പറഞ്ഞു: 'വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി ഒരാള്‍ രാത്രി നിന്ന് നമസ്‌കരിച്ചാല്‍ എല്ലാ പാപങ്ങളും പൊറുക്കപ്പെടും.'
ഇഅ്തികാഫ്
റമദാനിന്റെ അവസാനത്തെ പത്തില്‍ നബി (സ) തിരുമേനി പുണ്യം പ്രതീക്ഷിച്ച് ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനകളിലും മുഴുകി പള്ളിയില്‍ ഭജനമിരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പത്‌നിമാരും ഇഅ്തികാഫ് ഇരുന്നുവെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. അതിനാല്‍ സൗകര്യപ്പെടുന്നവര്‍ക്ക് അവസാനത്തെ പത്ത് മുഴുവന്‍ ഇഅ്തികാഫ് ഇരിക്കുന്നത് പുണ്യകരമാണ്. പത്ത് ദിവസം മുഴുവന്‍ ഇരിക്കാന്‍ സൗകര്യമില്ലെങ്കില്‍ കഴിയുന്നത്ര ദിവസം ഇഅ്തികാഫ് ഇരിക്കാം. സ്ത്രീകള്‍ക്കും സൗകര്യാനുസാരം ഇഅ്തികാഫ് ഇരിക്കുന്നതും അഭിലഷണീയമാണ്.

ശരീരശുദ്ധി
റമദാനില്‍ ശരീരശുദ്ധി വരുത്തണം. കുളത്തില്‍ മുങ്ങിക്കുളിക്കുന്നതുകൊണ്ട് നോമ്പ് മുറിയുകയില്ല. രാത്രി കാലത്ത് ഭാര്യാഭര്‍തൃ സംഭോഗം നടന്നാല്‍ അത്താഴം കഴിഞ്ഞ് സുബ്ഹിബാങ്കിന് ശേഷം ശുദ്ധിവരുത്തിയാലും മതിയാവുന്നതാണ്. നബി (സ) ജനാബത്തുകാരനായിരിക്കെ പ്രഭാതമാവാറുണ്ട്. അങ്ങനെ അദ്ദേഹം കുളിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു. അഥവാ നോമ്പ് തുടങ്ങിയ ശേഷം കുളിച്ചാല്‍ മതി. ഋതുമതിക്കും ഈ വിധി ബാധകമാണ്. സുബ്ഹി ബാങ്കിനു ശേഷം കുളിച്ച് നമസ്‌കരിച്ച് നോമ്പില്‍ പ്രവേശിക്കേണ്ടതാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top