മഴ- എനിക്കൊപ്പം വളര്‍ന്ന കൂട്ടുകാരി

അമീറ.വി.യു /ഓര്‍മ No image

      മഴ എന്ന രണ്ടക്ഷരം കരുതിവെക്കുന്ന ഗൃഹാതുരത്വം- ഒരുപക്ഷേ അത് ഏറ്റവും തീവ്രതയോടെ അനുഭവിക്കുന്നത് രണ്ട് കൂട്ടരാകാം. നാടിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഒരു ചില്ലുകൂട്ടിലടച്ച് ഓരോ നിമിഷവും അതിലേക്കു നോക്കി നെടുവീര്‍പ്പിടുന്ന പ്രവാസികളും അനിവാര്യമായ നാടുകടത്തലിന് ജന്മംകൊണ്ടേ വിധിക്കപ്പെട്ട പെണ്‍കിടാങ്ങളും.
എത്ര വായിച്ചാലും തീരാത്ത പുസ്തകം അല്ലെങ്കില്‍ എത്ര പറഞ്ഞാലും തീരാത്ത കഥയാണവര്‍ക്ക് മഴ. മഴയൊന്ന് ചാറിത്തുടങ്ങുമ്പോഴേ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും നിറയുന്ന മഴച്ചിത്രങ്ങള്‍ മലയാളിയുടെ മനസ്സിലെ ഈ നനഞ്ഞ ഓര്‍മകളെ തന്നെയാണ് ഒപ്പിയെടുക്കുന്നത്.
മണ്ണിനെയും വിണ്ണിനെയും കൂട്ടിയിണക്കുന്ന ഈ വെള്ളിനൂല്‍പാലം, കലര്‍പ്പില്ലാത്ത സ്‌നേഹത്തിനെ കാണിക്കുന്ന ഈ രണ്ടക്ഷരപ്പാലം മലയാളിയുടെ കാര്‍ഷിക സംസ്‌കൃതിയെ എപ്പോഴും താങ്ങിനിര്‍ത്തുന്നതാണ്. മാനം തെളിയുന്നതിനും കറുക്കുന്നതിനും അനുസരിച്ച് മനം തെളിയുകയും വാടുകയും ചെയ്യുന്ന കര്‍ഷകന്റെ മനസ്സ്, ഋതുപ്പകര്‍ച്ചയെ മാത്രം ആശ്രയിച്ചുകഴിയുന്ന കൃഷീവലന്റെ മനസ്സ്-അതെനിക്ക് അന്യമാണ്. 'കൊടും വറുതിച്ചൂടിലെ മിഥുന രാത്രിയില്‍ കാലവര്‍ഷം നല്‍കിയ മുത്തുമാലക്ക്' കൂപ്പുകൈയോടെ നന്ദി ചൊല്ലുന്ന കര്‍ഷകനേയും 'നിന്‍ കാരുണ്യത്താല്‍ ഇന്നുവരെ വിഷുക്കഞ്ഞി കുടിച്ചു ഞാന്‍, നിന്‍ ദയാവായ്പിനാല്‍ ചിങ്ങമാസപ്പൊന്നോണമുണ്ടു ഞാന്‍' എന്നു കൃതജ്ഞതയോടെ ഓര്‍ക്കുന്ന കര്‍ഷകനെയും പി. കുഞ്ഞിരാമന്‍ നായരുടെ കവിതയിലും വായിച്ചെടുത്തിട്ടുണ്ടാകാം എന്നല്ലാതെ മഴയില്ലാതെ വറുതിയിലായിപ്പോയവന്റെ ദുഃഖം ഞാന്‍ അറിഞ്ഞിട്ടില്ല. എനിക്കൊപ്പം വളര്‍ന്ന ഒരു കൂട്ടുകാരിയാണ് എനിക്ക് മഴ. എനിക്കൊപ്പം കരയുകയും ചിരിക്കുകയും ചെയ്ത പ്രിയസഖി. കടവല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലേക്ക് നടന്നുപോകുന്ന കാലം. സ്‌കൂള്‍ വിടുന്ന സമയം മഴക്കാര്‍ തീണ്ടുമ്പോള്‍ സന്തോഷിക്കുന്നത് ഇരുട്ടു നിറയുന്ന ക്ലാസ്‌റൂമില്‍ പറഞ്ഞ വിഷയം മുഴുമിപ്പിക്കാനാവാതെ ക്ലാസ് നിര്‍ത്തി സംസാരിച്ചിരിക്കുവാന്‍ ടീച്ചര്‍ അനുവാദം തരുന്നതുകൊണ്ട് മാത്രമല്ല. ചോരുന്ന ക്ലാസ്‌റൂമില്‍ ബെഞ്ചില്‍ വെള്ളം വീഴുമ്പോള്‍ വെറുതെ അതുപറഞ്ഞ് കലപില കൂട്ടാനുള്ള അവസരം കിട്ടുന്നതും കൊണ്ടല്ല. മറിച്ച്, പുതിയ വര്‍ണക്കുട തുറന്നുപിടിച്ച് ഗമയോടെ നടക്കാനും പാവാട പൊക്കിപ്പിടിച്ച് മുന്നില്‍ നടക്കുന്ന കൂട്ടുകാരുടെ ദേഹത്തേക്ക് സ്വാതന്ത്ര്യത്തോടെ ചെളിവെള്ളം തെറിപ്പിച്ച് നടക്കുവാനുമുള്ള ഒരവസരം കിട്ടുന്നതുകൊണ്ടു കൂടിയാണ്. ബാല്യത്തില്‍ കൊണ്ട മഴക്കുള്ള സൗന്ദര്യം പിന്നീടെന്തേ തോന്നാതിരുന്നത്. ഗതകാലത്തിലേക്ക് നോക്കി അതൊരു കാലമായിരുന്നേ എന്നു പറയുന്ന ഒരു കാരണവരെ പോലെ ഞാനും പഴമയില്‍ ഭ്രമിച്ചുപോയതാണ്. ഞാന്‍ ബാല്യത്തില്‍ വിട്ടുപോന്ന മഴക്ക് ഇപ്പോഴും ബാല്യം തന്നെ, മാറിയത് ഞാന്‍ മാത്രമാണ് എന്ന തിരിച്ചറിവ് ഉണ്ടാകാത്തതു കൊണ്ടാണല്ലോ ഇന്നത്തെ മഴക്ക് ഭംഗി പോരാ എന്നു തോന്നുന്നത്. പോക്കാച്ചിത്തവളകളുടെയും ചീവിടുകളുടെയും ഓര്‍ക്കസ്്്ട്രയും ഓട്ടിന്‍പുറത്ത് വീഴുന്ന മഴത്തുള്ളികളുടെ താരാട്ടും ചേമ്പിലയില്‍ തങ്ങിനില്‍ക്കുന്ന വെള്ളത്തുള്ളികളും തൂശനിലക്കുടയും മഴമറന്നുവെച്ചുപോകുന്ന പുല്‍ക്കൊടിത്തുമ്പിലെ തുള്ളികളും ഓലക്കുട ചൂടി പാടവരമ്പിലൂടെ നടക്കുന്ന കര്‍ഷകരും മഴവെള്ളത്തിലൂടെ ഉറുമ്പിനെ കയറ്റി ഒഴുകുന്ന കടലാസുവഞ്ചികളും തുണികള്‍ ഉണങ്ങാത്ത ഗ്രന്ഥവും തൂവാല വീശല്‍ നല്‍കുന്ന നനുത്ത സുഖവും മഴ വീശിത്തുടങ്ങുമ്പോഴേ ഒളിച്ചുകളി തുടങ്ങുന്ന വൈദ്യുതിയും. വട്ടപ്പാത്രത്തില്‍ വെള്ളത്തിനു നടുവില്‍ വിളക്ക് കത്തിച്ചുവെച്ച് ഈയാംപാറ്റകളെ പെടുത്തുന്നതും- ബാല്യകാല മഴയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇതൊന്നും ഓര്‍ക്കാതെ വയ്യ. അന്നത്തെ കുട പരസ്യങ്ങളുടെ ഓര്‍മ എത്തിനില്‍ക്കുന്നത് ദൂരദര്‍ശനിലൂടെ കാണുന്ന ബേബിശാമിലിയുടെ കൊഞ്ചുന്ന സംസാരത്തിലാണ്.

ഈ മഴ ബിംബങ്ങള്‍ എപ്പോഴോ രൂപവും ഭാവവും മാറി എന്റെയൊപ്പം വളര്‍ച്ച പ്രാപിച്ചതുകൊണ്ടാവാം യൂനിവേഴ്‌സിറ്റി ഹോസ്റ്റലിന്റെ നടുമുറ്റത്തെ മാവിന്റെ പെയ്ത്ത് കേട്ടുമറന്ന കഥകളിലെ ഗന്ധര്‍വന്റെ വരവിനെ അനുസ്മരിപ്പിച്ചത്. ബ്യൂട്ടീസ്‌പോട്ടിലെ റബര്‍മരക്കാടുകളിലെ മഴകൊണ്ടുനടക്കുന്ന വൈകുന്നേരങ്ങള്‍ വളരെ പ്രിയങ്കരമായത്. ബീന്‍സ് വള്ളിയില്‍ പിടിച്ച് ആകാശക്കൊട്ടാരത്തിലേക്ക് ചെന്നെത്തിയ കുഞ്ഞു ജാക്ക് - അവനെപ്പോലെ ആകാശത്തേക്ക് യാത്രയാകാന്‍ ദൈവം ഇറക്കിത്തന്ന വെള്ളിനൂലുകളാണ് മഴ എന്ന വിചിത്ര സങ്കല്‍പം യാഥാര്‍ഥ്യങ്ങള്‍ക്ക് എപ്പോഴോ
വഴിമാറി. പൊന്നാനി എം.ഇ.എസ് കോളേജിലെ അധ്യാപികയായ ശേഷമാണ് മഴക്കെടുതികള്‍ കാണാനിടയായത്. മഴക്കാലത്ത് കടലിന്റെ വന്യമായ സൗന്ദര്യം ആസ്വദിക്കാന്‍ പോയ വൈകുന്നേരമാണ് കടല്‍തീരത്തെ കുഞ്ഞു കുടിലുകള്‍ കാണുന്ന മഴക്കാഴ്ച വ്യത്യസ്തമാണെന്ന് എനിക്കോതിത്തന്നത്. കടലില്‍നിന്നും അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ലേഡീസ് ഹോസ്റ്റലിലെ മുറിയില്‍ ഉറങ്ങിക്കിടന്നു കേട്ട മഴയിരമ്പവും പത്തൊമ്പതാം നൂറ്റാണ്ടിലെ ആംഗലേയ കവി മാത്യു ആര്‍നോള്‍ഡ് കേട്ട കടലിരമ്പവും ഒരുപോലെ ചൊല്ലുന്നത് മനുഷ്യകുലത്തിന്റെ വിലാപകാവ്യം. ആദ്യമഴ പെയ്യുമ്പോള്‍ കുടയുമെടുത്ത് മുറ്റത്ത് രണ്ട് ചാല്‍ നടക്കുന്നതിനപ്പുറം ഇക്കൊല്ലം വെള്ളം ചീറ്റുന്ന കുടയാണോ കണ്ണ് തുറക്കുന്ന കുടയാണോ കൊമ്പുള്ള കുടയാണോ വളയുന്ന കുടയാണോ എനിക്കെന്റെ ഉമ്മ വാങ്ങിത്തരുന്നത് എന്നത് ചിന്തിക്കുന്നതിനപ്പുറം മഴയെ അവള്‍ അടുത്തറിയുന്നുണ്ടോ? മഴയെ തൊട്ടറിഞ്ഞ് പറമ്പിലൂടെ അവളുടെ കൈപിടിച്ച് നടക്കുമ്പോഴുള്ള സമയനഷ്ടം ഓര്‍ത്ത് ടി.വിയിലെ ഛോട്ടാ ഭീമിനെയും കാലിയയെയും ഒക്കെ അവള്‍ക്ക് കൂട്ടായി കൊടുത്ത് എന്റെ തുരുത്തിലേക്ക് ഒതുങ്ങുന്ന ഉദ്യോഗസ്ഥയമ്മയാണ് ഞാനും എന്ന് കുമ്പസരിക്കാതെ വയ്യ. രാവിലെ വീട്ടില്‍നിന്നിറങ്ങി ഇഷ്ടംപോലെ കളിച്ചുമടുത്ത് വൈകുന്നേരം വീടണയുന്ന എന്റെ കുട്ടിക്കാലം. തോര്‍ത്തുവെച്ച് മീന്‍പിടിക്കുന്ന, വഴിയില്‍ കാണുന്ന പുല്ലിനോടും പ്രാണിയോടും തുമ്പിയോടും തവളയോടുംവരെ കിന്നാരം പറയുന്ന ഒരു കുട്ടിക്കാലം അവള്‍ക്ക് നേടിയെടുക്കാനുള്ള എന്റെ മോഹങ്ങളുടെ കൂമ്പൊടിക്കുന്നത് ഓരോ ദിവസവും പത്രത്തില്‍നിന്ന് ഞാന്‍ കാണാതെ കാണുന്ന കുഞ്ഞു മുഖങ്ങളിലെ കണ്ണുനീര്‍ചാലുകളാണ്. ആരാലൊക്കെയോ അപഹരിക്കപ്പെട്ട നിഷ്‌കളങ്കതയാണ് ഇന്നിന്റെ ബാല്യം എന്ന് പറയാതെ വയ്യ.
ഏപ്രില്‍ മാസത്തിന്റെ വരണ്ട ഭൂമികയിലേക്ക് മഴത്തുള്ളികള്‍ കിനിഞ്ഞിറങ്ങുമ്പോള്‍ എന്റെ ഉള്ളിലെത്തുന്ന ഒരു മുഖത്തെക്കുറിച്ച് പറയാതെ എന്റെ മഴയോര്‍മകളുടെ കൊട്ടാരം പടുത്തുയര്‍ത്താനാകില്ല. പ്രകൃതി ഉര്‍വരമാകും കാലം ഓരോരുത്തര്‍ക്കും പറയാനുണ്ടാകുക ഒരു കടലോളം സ്വപ്‌നങ്ങളും അനുഭവങ്ങളുമാണ്. ഒരു തലമുറ കണ്ട സ്വപ്‌നം വരും തലമുറക്കു വേണ്ടി പകര്‍ത്തിവെക്കാനായി മഴയോര്‍മകള്‍ക്കായി ഒരു ഇടം- മഴ പുസ്തകം- എന്ന ആശയം പങ്കുവെച്ചപ്പോഴേ ഒരുപാട് ആവേശത്തോടെ ഏറ്റെടുത്ത പ്രിയ വിദ്യാര്‍ഥിനി ഷഹ്്‌ന. കടലാസില്‍ വര്‍ണമഴത്തുള്ളികള്‍ ചിതറിത്തെറിപ്പിച്ച് അവള്‍ പകര്‍ത്തിവെച്ച അവളുടെയും കൂട്ടുകാരുടെയും മഴച്ചിന്തകള്‍ ഇപ്പോഴും കോളേജ് ലൈബ്രറിയുടെ ഒരു മൂലയില്‍ ഇരിപ്പുണ്ട്. ഒരു ബൈക്കപകടം ഞങ്ങളില്‍നിന്ന് പറിച്ചെടുത്ത അവളുടെ സാന്നിദ്ധ്യം- അതിനെക്കുറിച്ചോര്‍ക്കാതെ ഇനി ഒരിക്കലും ഒരു മഴക്കാലം കടന്നുപോകില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top