ഒന്നിക്കാം പിരിയാതിരിക്കാം

No image


സോഷ്യലാകാം..പക്ഷേ കുടുംബത്തെ മറന്നിട്ട് വേണോ...

      കാമുകന്റെ കൂടെ ജീവിക്കാന്‍ വേണ്ടി കാമുകനെ കൂട്ടുപിടിച്ച് സ്വന്തം മകളെ കൊന്ന് ആരുമറിയാതെ കുഴിച്ചുമൂടിയ യുവതി... മുന്‍കാമുകിയോടൊപ്പം ജീവിക്കാന്‍ തടസ്സംനിന്ന ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭര്‍ത്താവ്... വാര്‍ത്തകള്‍ നിത്യവും കടന്നുപോകുന്നു. അതിലേറെ വാര്‍ത്തകളാകപ്പെടാത്തതും നിരവധി...
എല്ലാ മതങ്ങളും സമുദായങ്ങളും വിവാഹത്തെ വളരെ പവിത്രമായാണ് കാണുന്നത്. പക്ഷേ, ആ പവിത്രത ഇന്നെത്രമാത്രം ഉണ്ട് എന്നത് വലിയ ചോദ്യമാണ്.
എന്തുകൊണ്ടാണിങ്ങനെയൊക്കെ. ആരുടെ ഭാഗത്താണ് തെറ്റ്. ആരുടെ ഭാഗത്താണ് ശരി.
വിവാഹജീവിതം എന്നത് ഒരു അഡ്ജസ്റ്റ്‌മെന്റാണെന്ന് പണ്ടുമുതലേ പറഞ്ഞുകേള്‍ക്കുന്ന ഒന്നാണ്. മുമ്പൊരിക്കലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത രണ്ടുപേര്‍ വിവാഹം കഴിക്കുമ്പോള്‍ പൊരുത്തക്കേടുകള്‍ ധാരാളമുണ്ടാകും. പിന്നെ എല്ലാം സഹിച്ചും ക്ഷമിച്ചും ചിലത് കണ്ടില്ല, കേട്ടില്ല എന്നുവെച്ച് ജീവിച്ചുതീര്‍ക്കുക.
'ചട്ടീം കലവുമാകുമ്പോള്‍ തട്ടീം മുട്ടിയുമിരിക്കും' എന്ന നാടന്‍ചൊല്ല് ഭാര്യാഭര്‍ത്താക്കന്മാരെക്കുറിച്ചും നാം പറയാറുണ്ട്. പക്ഷേ, കാലം മാറി. ജീവിതസാഹചര്യങ്ങള്‍ മാറി. പൊരുത്തപ്പെടാനും സഹിക്കാനും ഇന്നും ആരും തയ്യാറല്ല. അതുകൊണ്ടുതന്നെയാണ് മുമ്പ് ഒരിക്കലുമില്ലാത്ത രീതിയില്‍ വിവാഹമോചനങ്ങള്‍ വര്‍ധിച്ചത്. പണ്ടെല്ലാം രണ്ടുപേര്‍ വിവാഹമോചനം നടത്തി എന്നു പറയുന്നത് തന്നെ വലിയൊരു കാര്യമായിരുന്നു. എന്നാല്‍ ഇന്നത് സാധാരണ സംഗതിയായി മാറിക്കഴിഞ്ഞു. പ്രണയവിവാഹമായാലും അറേഞ്ച്ഡ് വിവാഹമായാലും ശരി, കുടുംബകോടതിയിലെത്തുന്ന വിവാഹമോചനങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്.
ഇന്നു നടക്കുന്ന നല്ലൊരു ശതമാനം വിവാഹമോചനങ്ങള്‍ക്കും ഒരു പ്രധാനഘടകമായി സോഷ്യല്‍മീഡിയയും മാറിക്കഴിഞ്ഞു എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത.
പണ്ടൊക്കെ ദാമ്പത്യത്തിലെ സ്വരച്ചേര്‍ച്ചകള്‍ രണ്ടുപേരില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു. അല്ലെങ്കില്‍ രണ്ടു കുടുംബങ്ങളില്‍ അത് പറഞ്ഞുതീര്‍ക്കാന്‍ സാധിക്കുമായിരുന്നു.
പക്ഷേ, ഇന്നതല്ല അവസ്ഥ. തന്റെ ചിന്തകളും വികാരങ്ങളും വിചാരങ്ങളും പങ്കുവെക്കാനും പൊട്ടിത്തെറിക്കാനും അഭിപ്രായം പറയാനും സോഷ്യല്‍മീഡിയയില്‍ ഇടമുണ്ട്. മനസ്സില്‍ അടിച്ചമര്‍ത്തിവെക്കുന്ന വികാരങ്ങള്‍ പങ്കുവെക്കാന്‍ ചുറ്റിലും ആരൊക്കെയോ ഉണ്ട്.
മനസ്സില്‍ സങ്കടം വരുമ്പോള്‍ ഫേസ്ബുക്കിലെ സ്റ്റാറ്റസ് 'ഫീലിങ്ങ് സാഡ്'... ദേഷ്യം വരുമ്പോള്‍ 'ഫീലിങ്ങ് ആന്‍ഗ്രി'... അങ്ങനെ വികാരങ്ങളും വിചാരങ്ങളും മറ്റുള്ളവര്‍ക്കു മുന്നില്‍ പരസ്യമാക്കപ്പെടുന്നു. അതിനെ ലൈക്ക് ചെയ്യാനും കമന്റിടാനും നൂറുപേരുണ്ടാകും. ഒരുതരത്തില്‍ ഇതൊരു വലിയ ആശ്വാസം തന്നെയാണ്. പക്ഷേ, പരിധികടന്നുള്ള പല ബന്ധങ്ങളിലേക്കും സോഷ്യല്‍ മീഡിയ വാതില്‍ തുറക്കുന്നുണ്ട്. സൗഹൃദങ്ങളെക്കാള്‍ കൂടുതല്‍ 'എക്‌സ്ട്രാ സൗഹൃദങ്ങളാണ്' ഇവയിലധികവും.
അതുപോലെത്തന്നെ, ഒരിക്കല്‍ നഷ്ടപ്പെട്ടുപോയ ബന്ധങ്ങളിലേക്കും ആളുകളെ സോഷ്യല്‍ മീഡിയ നയിക്കുന്നുണ്ട്.
പ്രണയത്തിന് ജാതിയും മതവും പണവും കുടുംബമഹിമയും ഇല്ലാത്തതുകൊണ്ടും നമ്മുടെ ജീവിതം നമ്മളേക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ തീരുമാനിക്കുന്നതുകൊണ്ടും മിക്ക പ്രണയങ്ങളും വീട്ടുകാരുടെ ഭീഷണിക്കു മുന്നില്‍ തോറ്റുപോകാറുണ്ട്. പിന്നെ അവര്‍ ചൂണ്ടിക്കാണിച്ചു തരുന്ന ആളിനെ വിവാഹം കഴിക്കുകയല്ലാതെ നിവൃത്തിയില്ല. കിട്ടിയ ആളെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടുമ്പോഴും അയാളായിരുന്നെങ്കില്‍, അല്ലെങ്കില്‍ അവളായിരുന്നെങ്കില്‍ എന്ന് പലവട്ടം മനസ്സില്‍ തോന്നിയിട്ടുണ്ടാകും.
ആ ചിന്തകള്‍ വേട്ടയാടുന്നതിനിടക്ക് അവരെ കണ്ടുമുട്ടാനൊരു അവസരംകൂടി ലഭിച്ചാലോ. പണ്ടൊക്കെ അതിനുള്ള സാഹചര്യങ്ങള്‍ വളരെ കുറവായിരുന്നു. ഇന്ന് അതല്ല അവസ്ഥ. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും നിമിഷനേരംകൊണ്ട് സംസാരിക്കാനും ആശയവിനിമയം നടത്താനും നമ്മുടെ സാങ്കേതികവിദ്യ വളര്‍ന്നുകഴിഞ്ഞു. മൊബൈലും ഇന്റര്‍നെറ്റും വാട്‌സ് ആപ്പും ഫേസ്ബുക്കുമെല്ലാം ഏതൊരു കൊച്ചുകുട്ടിക്കുപോലുമുണ്ട്. ഇതൊന്നുമില്ലാത്ത മൊബൈലുകള്‍ തന്നെ ഇന്ന് വിപണിയില്‍ അധികമില്ല. ജനിച്ചുവീഴുന്ന കുട്ടിക്കു പോലും ഫേസ്ബുക്ക് ഐഡിയും പാസ്‌വേഡും ഉള്ള കാലത്താണ് നമ്മള്‍.
അത്യാവശ്യം മോശമല്ലാത്ത സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായിരുന്നു സിതാര. പഠനത്തിലും മിടുക്കി. കോളേജില്‍ പഠിക്കുന്ന കാലത്ത് അസ്ഥിക്കുപിടിച്ച പ്രണയം. വീട്ടുകാരറിഞ്ഞു, നാട്ടുകാരറിഞ്ഞു. എട്ടുമാസം വീട്ടുതടങ്കലില്‍. ഒടുവില്‍ ഗള്‍ഫുകാരനായ അരുണിനെകൊണ്ട് വിവാഹവും കഴിപ്പിച്ചയച്ചു.
വിവാഹം കഴിഞ്ഞ് സിതാരയെയും ഗള്‍ഫിലേക്ക് കൊണ്ടുപോയി. ഒമ്പതുവര്‍ഷം... പഴയതെല്ലാം മറന്ന് പുതിയ ജീവിതം തുടങ്ങുകയായിരുന്നു അവര്‍. മകളുണ്ടായി. മകളെ സ്‌കൂളില്‍ ചേര്‍ത്തു. വീട്ടിലെ ബോറടി മാറ്റാനായിരുന്നു ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും സജീവമായത്.
അതിനിടയിലാണ് കൂടെ പഠിച്ചവരെല്ലാം ചേര്‍ന്ന് വാട്‌സ് ആപ്പില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചത്. പഴയ കൂട്ടുകാര്‍ക്കിടയില്‍ രതീഷിനെയും കണ്ടു. ഒരിക്കല്‍ ഒരുമിച്ച് ജീവിതം സ്വപ്‌നം കണ്ടവര്‍... ആദ്യം പരിചയം പുതുക്കല്‍, സുഖാന്വേഷണം. സ്വപ്‌നം കണ്ട ജീവിതം കിട്ടാത്തതിലുള്ള നിരാശയും സങ്കടവുമെല്ലാം പങ്കുവെച്ചു.
ഒരു ദിവസം നാട്ടിലേക്കെന്നു പറഞ്ഞ് സിതാര വിമാനം കയറിയതാണ്. പിന്നെ അരുണിനു കിട്ടുന്നത് ഡൈവേഴ്‌സ് നോട്ടീസാണ്. പഴയ കാമുകന്റെ കൂടെ ജീവിക്കാനാണ് ഇഷ്ടമെന്ന് സിതാര അറിയിച്ചു.
ഇതൊരു സിനിമാ കഥയോ സീരിയല്‍ കഥയോ അല്ല. യഥാര്‍ഥ സംഭവമാണ്. പേരുകള്‍ വ്യാജമാണെന്നു മാത്രം. ഇത്തരത്തിലുള്ള സമാനമായ നിരവധി കേസുകള്‍ ഇന്ന് കുടുംബകോടതിയിലും വനിതാകമ്മീഷനു മുന്നിലും എത്തുന്നുണ്ട്. സ്ത്രീയും പുരുഷനും ഒരു പോലെ ഇതില്‍ കുറ്റക്കാരാണ്. പത്തും പതിനഞ്ചും വര്‍ഷം വിവാഹജീവിതം നയിച്ചവരും പഴയബന്ധങ്ങള്‍ പൊടിതട്ടിയെടുത്ത് വിവാഹമോചനം നടത്തുന്നവരിലുണ്ട്. പഴയ സൗഹൃദങ്ങളില്‍ വീണ്ടും ചെന്നുപെട്ട് ചതിക്കുഴിയില്‍ വീണുപോയവരുമുണ്ട്. ബന്ധം വഷളാകുമ്പോള്‍ അയച്ച മെസ്സേജുകളും ചിത്രങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങളും നിരവധി. അഭിമാനം രക്ഷിക്കാന്‍ വേണ്ടി, ഭര്‍ത്താവും വീട്ടുകാരും അറിയാതിരിക്കാന്‍ വേണ്ടി ഭീഷണിക്കു വഴങ്ങാതെ നിവൃത്തിയുണ്ടാകില്ല. വിദ്യാസമ്പന്നരായ സ്ത്രീകളും പുരുഷന്മാരുമാണ് ഇത്തരം ചതികളില്‍ കൂടുതലും വീണുപോകുന്നത് എന്നത് മറ്റൊരു വസ്തുതയാണ്.
2001-ല്‍ കമല്‍ സംവിധാനം ചെയ്ത മേഘമല്‍ഹാറിലെ നന്ദിത മേനോനെയും രാജീവനെയും മലയാളി മറന്നിട്ടുണ്ടാകില്ല. വിവാഹം കഴിച്ച് സ്വസ്ഥം കുടുംബജീവിതവുമായി മുന്നോട്ടുപോകുമ്പോഴാണ് ബാല്യകാലസുഹൃത്തുക്കളായിരുന്ന ഇവര്‍ കണ്ടുമുട്ടുന്നത്. പഴയ ഓര്‍മകളുടെ വര്‍ണപ്പൊട്ടുകള്‍ തേടിനടന്ന ഇവര്‍ പക്ഷേ, കുടുംബങ്ങളെയോര്‍ത്ത് അപരിചിതരെ പോലെ പിരിയുകയാണ്. കുടുംബത്തിനും ബന്ധങ്ങള്‍ക്കും മലയാളി കല്‍പ്പിച്ചിരുന്ന വലിയ വിലയും ഒപ്പം ജീവിതത്തിന്റെ അപ്രതീക്ഷിതമായ വഴിത്തിരിവുകളും മനോഹരമായി ആവിഷ്‌കരിച്ച ഒരു സിനിമയായിരുന്നു അത്. പക്ഷേ, ഇന്ന് മലയാളി ആകെ മാറി. ബന്ധങ്ങള്‍ക്ക് പുല്ലുവിലയാണ് പലരും കല്‍പ്പിക്കുന്നത്.
വിവാഹമോചനത്തിന് വഴങ്ങില്ലെന്നു കണ്ട് ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളായി മുറിച്ച് പലയിടത്ത് ഉപേക്ഷിച്ച സംഭവവും നമ്മുടെ കേരളത്തില്‍ നടന്നിട്ടുണ്ട്. പഴയ ബന്ധങ്ങളെ പോലെ പുതുതായി പൊട്ടിമുളക്കുന്ന ബന്ധങ്ങളും നിരവധിയുണ്ട്.
സ്വകാര്യകമ്പനിയിലെ സെയില്‍സ് മാനേജരാണ് ഭര്‍ത്താവ്. ഭാര്യ അധ്യാപികയും. ഓഫീസിലെ ഒരു ജീവനക്കാരിയെ സ്ഥിരമായി കാറില്‍ കയറ്റിപ്പോകുന്നത് ഭാര്യ കണ്ടു. വീട്ടിലെത്തിയാല്‍ മുഴുവന്‍ സമയവും ഫോണില്‍. വീട്ടുകാര്യങ്ങളില്‍ ശ്രദ്ധയില്ല. ഭര്‍ത്താവിന്റെ മാറ്റങ്ങളില്‍ സംശയം തോന്നിയ ഭാര്യ മൊബൈല്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി. വിവാഹിതയായ ഒരു സ്ത്രീയുമായാണ് ഭര്‍ത്താവിന്റെ ഈ പുതുബന്ധം എന്നത് അവളെ തളര്‍ത്തിക്കളഞ്ഞു.
ഭര്‍ത്താവിന്റെ അവിഹിതം ചോദ്യംചെയ്ത ഭാര്യ സംശയരോഗിയായും ഭ്രാന്തിയായും ചിത്രീകരിക്കപ്പെട്ടു. ഇപ്പോള്‍ വിവാഹമോചനത്തിനു വേണ്ടി കേസ് കൊടുത്തിരിക്കുകയാണ് ഭര്‍ത്താവ്. മറ്റേ സ്ത്രീയാകട്ടെ, അവളുടെ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടുകയും ചെയ്തു.
ഒരേ കിടപ്പുമുറിയില്‍ തിരിഞ്ഞുകിടന്ന് മറ്റാരോടൊക്കെയോ ചാറ്റുചെയ്യുന്ന ഭാര്യയും ഭര്‍ത്താവും. അവിഹിത ബന്ധങ്ങള്‍ കൂടൂതല്‍ ശക്തമാകാന്‍ സോഷ്യല്‍ മീഡിയ പ്രധാന കാരണമാകുന്നുണ്ടെന്ന് സാമൂഹികപ്രവര്‍ത്തകയായ അഡ്വ. സുജാത വര്‍മ്മ പറയുന്നു. കുടുംബകോടതിയിലെത്തുന്ന വിവാഹമോചനങ്ങളില്‍ 30 ശതമാനത്തിലും സോഷ്യല്‍ മീഡിയ കാരണങ്ങള്‍ക്ക് ആക്കംകൂട്ടുന്ന ഘടകമായി വര്‍ത്തിക്കുന്നു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പറഞ്ഞു പരിഹരിക്കാന്‍ ഇന്ന് ആര്‍ക്കും സമയമില്ല. പിണങ്ങി ഒന്നോ രണ്ടോ ദിവസം മാറിനിന്നാലും ആ സമയത്തിനുള്ളില്‍ പുതിയ സൗഹൃദങ്ങളുടെ ലിങ്കുകള്‍ തേടി പോകുകയാണ്. അവിടെ കുട്ടികളും കുടുംബവുമില്ല. സ്വന്തം കാര്യം നോക്കിയിട്ടേ കുട്ടികളുടെ കാര്യം പോലും ശ്രദ്ധിക്കാന്‍ സമയമുണ്ടാവൂ. സോഷ്യല്‍ മീഡിയ മാത്രമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. കാരണങ്ങളെ ബലപ്പെടുത്തുന്ന ശക്തമായ ഘടകമാണത്' അഡ്വ. സുജാത വര്‍മ്മ പറയുന്നു. ഉള്ളുതുറന്ന് സംസാരിക്കാനും പങ്കുവെക്കാനും മനസ്സിലാക്കാനും ഭാര്യഭര്‍ത്താക്കന്മാര്‍ക്ക് ഇന്ന് സമയമില്ല. അതു തന്നെയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.
സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗിക്കാം എന്നതാണ് നാം പഠിക്കേണ്ടതും മറ്റുള്ളവരെ പഠിപ്പിക്കേണ്ടതും. അല്ലാതെ അതെങ്ങനെ തെറ്റായ രീതിയില്‍ ഉപയോഗിക്കാം എന്നതല്ല. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഒരു ദിവസം ചെലവിടുന്നതിന്റെ പകുതി സമയം ഭാര്യയോടും ഭര്‍ത്താവിനോടും മക്കളോടുമൊപ്പം പങ്കിടുകയാണെങ്കില്‍ വിവാഹമോചനങ്ങളും അതുവഴിയുണ്ടാകുന്ന പ്രശ്‌നങ്ങളും ഒരു പരിധിവരെ ഇല്ലാതാക്കാനാവും.

ലിസ്സി. പി (മാധ്യമ പ്രവര്‍ത്തക)

 

പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ്

      വ്യത്യസ്തമായ ചുറ്റുപാടുകളില്‍നിന്ന് രണ്ട് വ്യക്തികള്‍ ജീവിതം പങ്കുവെക്കാനൊരുങ്ങുമ്പോള്‍ ആശങ്കകളും വേവലാതികളും ഉണ്ടാവുക സ്വാഭാവികമാണ്. പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് വിവാഹം ഒരു പറിച്ചുനടല്‍ അനുഭവം തന്നെയാണ്. സ്വന്തം വീട്ടില്‍നിന്ന് വെള്ളവും വളവും പ്രകാശവും ആവോളം ആസ്വദിച്ച് വേരുറച്ച് വളരാന്‍ തുടങ്ങുമ്പോഴേക്കും വേരോടെ പിഴുതെടുത്ത് തീരെ പരിചിതമല്ലാത്ത മറ്റൊരു ഭൂമിയിലേക്ക് പറിച്ചു നടുന്നതുപോലെയാണ് വിവാഹം. ഏറെ സമയവും പ്രയത്‌നവും പരിചരണവും വേണ്ടിവരികതന്നെ ചെയ്യും അതവിടെ വേരൂന്നാന്‍. ഈ പക്രിയ എളുപ്പമാക്കലാണ് പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ് ചെയ്യുന്നത്.
ശാസ്ത്രീയമായ പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ് രണ്ടു പേര്‍ക്ക് തുറന്നുകൊടുക്കുന്ന ഒരു വാതിലുണ്ട്. ആശങ്കകളുടെയും വിഹ്വലതകളുടെയും കെട്ടഴിക്കലും വികലവും അല്‍പജ്ഞാനവുമുള്ള ലൈംഗിക പഠനങ്ങളുടെ തിരുത്തലുകളും സംശയനിവാരണവും ഇവിടെ സംഭവിക്കുന്നു.
ഒരുപാട് പ്രീ-മാരിറ്റല്‍ ആശങ്കകള്‍ക്കും ആകുലതകള്‍ക്കും ഇടയിലൂടെയാണ് കൗമാരക്കാരായ പെണ്‍കുട്ടികള്‍ കടന്നുപോകുന്നത്. ശരീരവും മനസ്സും മറ്റൊരു ഘടനയിലേക്കും നിലയിലേക്കും പരുവപ്പെടേണ്ടതിന്റെ നിരന്തരമായ ആവശ്യപ്പെടലുകളുടെയും കല്‍പനകളുടെയും കാലമാണ് കൗമാരവും യൗവ്വനവും; പ്രത്യേകിച്ചും മുതിര്‍ന്ന തലമുറകള്‍ വീട്ടിലുണ്ടെങ്കില്‍. ഉറക്കെ സംസാരിച്ചാല്‍, അസമയത്തുറങ്ങിയാല്‍, കൊറിച്ചുകൊണ്ടു നടന്നാല്‍, കാല്‍ ഒന്നുയര്‍ത്തിവെച്ചാല്‍, വല്ല ഇഷ്ടങ്ങള്‍ക്കും വേണ്ടിയൊന്നുറക്കെ സംസാരിച്ചാല്‍... ചെറുതാണെങ്കിലും ഇത് സൃഷ്ടിക്കുന്ന ഒരന്തരീക്ഷമുണ്ട് പെണ്‍കുട്ടികളുടെ മനസ്സില്‍. 'ആരാന്റെ വീട്ടില്‍ കയറിച്ചെല്ലാനുള്ളതാണ്' കൗമാരക്കാരികള്‍ നിരന്തരം കേള്‍ക്കേണ്ടിവരുന്ന താക്കീത്. ഈ താക്കീതില്‍ ഒരു രാഷ്ട്രീയമുണ്ട്. തന്റേതല്ലാത്ത വീട്ടില്‍ താനല്ലാതെ ജീവിക്കേണ്ടി വരുന്നതിന് പാകപ്പെട്ടോ എന്നും നീ നിന്നെ മാറ്റിവെച്ച് മറ്റൊരു കുടുംബത്തിന്റെ രീതിയില്‍ ജീവിക്കണമെന്നുമുള്ള ഓര്‍മപ്പെടുത്തലുകള്‍... ഇതെല്ലാംകൂടി വിവാഹം തന്റെ ലോകം അവസാനിക്കുന്ന ഒരിടമായി മാറ്റുന്നതില്‍ ചുറ്റുപാടിന് വലിയ പങ്കുണ്ട്.
വ്യത്യസ്തമായ ചുറ്റുപാടുകളില്‍നിന്ന് രണ്ട് വ്യക്തികള്‍ പരസ്പരവിശ്വാസം ബലപ്പെടുത്തുന്നതിനും ജീവിതം ആനന്ദകരമാക്കാനും പരസ്പരം പങ്കുവെക്കാനുമൊരുങ്ങുമ്പോള്‍ ആശങ്കയും വേവലാതിയും ഉണ്ടാവുക സ്വാഭാവികമാണ്. പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് വിവാഹം ഒരു പറിച്ചുനടല്‍ അനുഭവം തന്നെയാണ്. വിവാഹം രണ്ട് വ്യക്തികള്‍ ഒന്നായി രണ്ട് കുടുംബങ്ങളിലേക്ക് പകരുന്ന മനോഹര പ്രതിഭാസമാണ്. അവിടെ ഇഷ്ടാനിഷ്ടങ്ങളുടെ മനോഹരമായ പങ്കുവെക്കലുകള്‍ നടക്കേണ്ടതുണ്ട്; പങ്കാളികള്‍ തമ്മില്‍ മാത്രമല്ല, കുടുംബങ്ങള്‍ തമ്മിലും. എത്രയൊക്കെ സമാനതകളും പൊരുത്തങ്ങളും നോക്കിയാലും ഓരോ കുടുംബവും ഒരു വ്യക്തികണക്കെ വ്യതിരിക്തമാണ്. അതിന് അതിന്റേതായ ശരികളും തെറ്റുകളും ശീലങ്ങളും എല്ലാം ഉണ്ടാകും. ഒരു പുതിയ അംഗം പ്രവേശിക്കുന്നതോടുകൂടി മാറിമറിയാന്‍ പ്രയാസമുള്ളത്. പക്ഷേ, അത് ഒരിക്കലും ഒരംഗത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം കുടുസ്സാവരുത്. ഈ ശീലങ്ങളിലേക്കും ചിട്ടകളിലേക്കും ഭംഗിയോടും സ്‌നേഹത്തോടും വിശ്വാസത്തോടും കൂടിയുള്ള പരസ്പരമുള്ള പാകപ്പെടല്‍ നടത്തുന്നതിന് പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ് സഹായിക്കുമെന്നുള്ളത് ഉറപ്പ് തന്നെയാണ്.
പല സമുദായങ്ങളും വിവാഹത്തിനു മുന്നോടിയായി ഇത് ശാസ്ത്രീയമായി ഉപയോഗിക്കുന്നതും ഇതിനുവേണ്ടി തന്നെയാണ്. Roman catholics അവരുടെ സംഘടനാ സ്വഭാവം ഉപയോഗിച്ച് പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ് ഭംഗിയായി നടത്തുന്നത് ഇതിന് ഉദാഹരണമാണ്.
പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ് ഒരു സാധ്യത തന്നെയാണ്. ഒരു സുസ്ഥിര സുന്ദര ബന്ധത്തിന് അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങള്‍ - ചിന്തിക്കാനും, പുനര്‍ചിന്തിക്കാനും കൂട്ടായി വിലയിരുത്താനും, ആശയവിനിമയം സുഗമമാക്കാനും- ഇത്തരം കൗണ്‍സലിംഗ് സംവിധാനം ദമ്പതിമാരെ പ്രാപ്തരാക്കുന്നു. ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ നിലനില്‍ക്കുന്ന ഒരു ചുറ്റുപാടില്‍ സമൂഹത്തിനും കുടുംബത്തിനും ഒരു പരിധി കവിഞ്ഞ് ഇടപെടാനാവാത്ത വിധം കുടുംബവും വിവാഹവുമൊക്കെ മാറിയ സാമൂഹികാവസ്ഥയില്‍ പ്രത്യേകിച്ചും. ഇവിടെയാണ് പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗിന്റെ ഇടം. പലപ്പോഴും നമ്മുടെ ചുറ്റുപാട് ഇതിന്റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചര്‍ച്ചചെയ്യുകയോ ചെയ്യുന്നില്ല എന്നുള്ളത് ഖേദകരമാണ്.
കൃത്യവും നിയതവുമായ രീതിയിലുള്ള പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ് സാധ്യമല്ല എന്നുള്ളത് സത്യം. അത് ഒരു കൗണ്‍സിലറുടെ യുക്തിക്കും ആവശ്യക്കാരന്റെ സാമൂഹിക വിദ്യാഭ്യാസ, സാമ്പത്തിക നിലവാരത്തിനുമനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. എങ്കിലും പൊതുവായും പ്രധാനമായും ചില കാര്യങ്ങള്‍ പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ് സംവിധാനം ചര്‍ച്ച ചെയ്യും.
പ്രതിശ്രുത വരനും/വധുവും തൊഴിലും, വിശ്വാസവും ധാര്‍മികതയും, വിവാഹത്തിന് ശേഷമുള്ള കര്‍ത്തവ്യ നിര്‍വഹണത്തിലെ പരിവര്‍ത്തനങ്ങള്‍, ആശയവിനിമയം, സ്‌നേഹവും ലൈംഗികതയും, കുട്ടികളും പാരന്റിംഗും, കുടുംബബന്ധങ്ങള്‍, പിണക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയാണത്.
ഒരു മകന്‍/മകള്‍ മാത്രമായിരുന്ന ഒരു വ്യക്തി വിവാഹത്തിലൂടെ തികച്ചും വ്യത്യസ്തമായ മറ്റൊരു ക്യാന്‍വാസിലേക്ക് മാറ്റപ്പെടുന്നു. മരുമകന്‍/മരുമകള്‍ അഛന്‍/അമ്മ എന്നീ ഉത്തരവാദിത്തത്തിലേക്ക് കാലെടുത്തുവെക്കാന്‍ ഒരുങ്ങുന്നു. ഈ role transition ഒരുക്കങ്ങളെക്കുറിച്ചുള്ള ദമ്പതികളുടെ കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുകയും ആവശ്യമുള്ള തിരുത്തലുകള്‍ നടത്തുകയുമാണ് പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗില്‍ പ്രധാനമായും സംഭവിക്കുന്നത.് ഇതുവഴി ദമ്പതികള്‍ക്ക് അവരുടെ ആശയവിനിമയ വൈകല്യങ്ങള്‍ മറികടക്കാനും സ്വപ്‌നം മാത്രമായിരുന്ന ജീവിതത്തിന്റെ ഒരു ഘട്ടത്തെ ചിട്ടപ്പെടുത്താനും ചര്‍ച്ച ചെയ്യാനും അവസരം ലഭിക്കുന്നു. ഇവിടെ വെച്ച് താന്‍ പടച്ചുവെച്ചതും ചിന്തിച്ചതുമെല്ലാം സ്വപ്‌നം മാത്രമാണെന്ന് തിരിച്ചറിയാന്‍ വിവാഹത്തിന് മുമ്പ് തന്നെ പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗിന് അവസരം കൊടുക്കുന്നു. അത് ജീവിതത്തെക്കുറിച്ച് യഥാര്‍ഥ്യത്തിലധിഷ്ഠിതമായ തീരുമാനങ്ങളെടുക്കാന്‍ ദമ്പതികളെ സഹായിക്കുന്നു.
വിവാഹിതരാകുന്നതോടെ നാം ഒരു ശരീരത്തോട് മാത്രമല്ല കടപ്പെട്ടിരിക്കുന്നത്. മറിച്ച് അതിന്റെ ചിന്തകള്‍, ചരിത്രം, ബന്ധങ്ങള്‍, മൂല്യങ്ങള്‍ അങ്ങനെ എല്ലാറ്റിനോടുമാണ്. അത് ഒരുപക്ഷേ ഒരിക്കലും മുഴുവനായി മറ്റൊരാളുടേതുമായി സമാനപ്പെടുത്തുക, തുല്യമാവുക എന്നുള്ളത് അസംഭവ്യമാണ്. എന്നാല്‍ ഈ വ്യതിരിക്തതകള്‍ക്കിടയിലും എങ്ങനെ മനോഹരമായി നമ്മുടെ സാമൂഹികവും സാമ്പത്തികവും വൈകാരികവും ലൈംഗികവുമായ ആവശ്യങ്ങള്‍ പങ്കുവെച്ച് യാഥാര്‍ഥ്യത്തിലധിഷ്ഠിതമായ ഒരു കുടുംബം കെട്ടിപ്പടുക്കാം എന്നുള്ളതാണ് പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നത്.
പലപ്പോഴും ഈ അര്‍ഥത്തിലും പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ് മനസ്സിലാക്കപ്പെടുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. വിവാഹത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പിതാവോ/മാതാവോ 'ഇവളെ ഒന്ന് പറഞ്ഞ് മനസ്സിലാക്കണം' എന്നും പറഞ്ഞ് കൗണ്‍സിലറുടെ കാബിനില്‍ ഇരുത്തി പറഞ്ഞു മനസ്സിലാക്കി കഴിയേണ്ട ഒരു ചടങ്ങു മാത്രമാവുകയാണ് പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ്. എന്നാല്‍ വിവാഹത്തോടെ അത് അവസാനിക്കുന്നില്ലെന്നും മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുകയാണെന്നും മനസ്സിലാക്കേണ്ട സമയവും അതിക്രമിച്ചു. ഒരുപക്ഷേ, വിവാഹത്തിനു ശേഷമുള്ള കൗണ്‍സലിംഗിലൂടെയാണ് മറ്റു കുടുംബാംഗങ്ങളും കൂടി ഉള്‍ക്കൊണ്ട് കൂടുതല്‍ ശക്തിയും ഭംഗിയും കൈവരുന്നത്.
ഓര്‍ക്കുക, കണക്കുകള്‍ പ്രകാരം വിവാഹബന്ധം ഏറ്റവും ദോഷകരമായ രീതിയില്‍ മുന്നോട്ടു പോകുന്നതും വിവാഹമോചനം നടക്കുന്നതും അതിന്റെ ആദ്യവര്‍ഷങ്ങളിലാണ്. അവിടെയാണ് അതിരൂക്ഷമായി സ്വപ്‌നവും യാഥാര്‍ഥ്യവും തമ്മിലുള്ള സംഘട്ടനം നടക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ് കുടുംബത്തിന്റെ ഉത്തരവാദിത്വമാകുന്നതും.
പരസ്പരമുള്ള വിശ്വാസം ബലപ്പെടുത്താനും പൂര്‍ണ്ണമാക്കാനും കഴിവുകളും ആഗ്രഹങ്ങളും ഫലപ്രദമായി ഉപയോഗിക്കാനും ദൈവത്തിന്റെ മാര്‍ഗത്തില്‍ ഒന്നിച്ചാവാന്‍ തീരുമാനിച്ച രണ്ട് വ്യക്തികള്‍, അവരുടെ ബന്ധം ഊഷ്മളമാക്കാന്‍ ഒരുമിച്ച് ഒരു സാധ്യത അന്വേഷിക്കുന്നത് ദൈവികമായ കാര്യംതന്നെയാണ്.

സുമയ്യ നാലകത്ത് (ഫാമിലി കൗണ്‍സിലര്‍ സാന്ത്വന പാലിയേറ്റീവ് കെയര്‍ നിലമ്പൂര്‍) 

 

അതിരുകള്‍ വരക്കേണ്ടിടത്ത് വരക്കണം


     ദൈവം തമ്പുരാന്‍ ഇണയും തുണയുമായി സൃഷ്ടിച്ച സ്ത്രീ-പുരുഷ ബന്ധം പവിത്രമാണ്. എന്നാല്‍ ഇന്ന് ആ പവിത്രതയും ദൃഢതയും വൈവാഹിക ബന്ധത്തില്‍ ഏറെ ഏറ്റക്കുറച്ചിലുകള്‍ വന്ന ഒന്നാണ്. പങ്കാളികള്‍ ഇരുവരും തങ്ങളുടെതായ ഒരു ഇടം നിര്‍മിച്ച് അന്യോന്യം യോജിച്ചുപോകുന്ന ഒന്നായി കുടുംബജീവിതം മാറി. സഹിക്കാനും സഹകരിക്കാനും ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും സമയമില്ല, താല്‍പര്യമില്ല. വൈവാഹിക ബന്ധത്തില്‍ ഊഷ്മളമായ വിട്ടുവീഴ്ച എന്നൊന്നില്ല എന്ന് അനുഭവ വെളിച്ചത്തില്‍ സംശയമന്യേ പറയാം.
വിവാഹം എന്നത് ഒരു മനുഷ്യന്റെ മാനസിക- സാമൂഹിക ആരോഗ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഇതൊരിക്കലും വെറും ലൈംഗിക ഇച്ഛയുടെ പൂര്‍ത്തീകരണമോ പുതുതലമുറയെ വാര്‍ത്തെടുക്കലോ മാത്രം ചെയ്യുന്ന ഒരു സംവിധാനമല്ല. മറിച്ച്, മനുഷ്യന്റെ വ്യക്തിത്വത്തിന്റെ പരിപക്വതക്ക് സഹായിക്കുന്ന ഒന്നാണ് വിവാഹവും കുടുംബജീവിതവും.
ഒന്നിച്ച് കഴിയുന്നത് ഗുണത്തിലേറെ ദോഷം എന്ന് തിരിച്ചറിഞ്ഞ് വിവാഹമോചനത്തിന് വരുന്ന യുവതലമുറ ഈ കാലഘട്ടത്തിന്റെ സൃഷ്ടിയാണ്. വിവാഹമോചനം ഏറ്റവും വലിയ പാപമായി കണ്ടിരുന്ന സമൂഹത്തിന്റെ സമീപനം ഇപ്പോള്‍ ആകെ മാറിയിരിക്കുന്നു (2014 ആഗസ്റ്റ് 1 മുതല്‍ 23 വരെ എനിക്ക് മാത്രം വന്ന വിവാഹമോചന കേസുകള്‍ 320 എണ്ണമാണ്). ഇത്തരം കേസുകളിലേറെയും 25-നും 40-നും ഇടയിലുള്ള സ്ത്രീ-പുരുഷന്മാരാണ്. ഞായറാഴ്ച പത്രങ്ങളിലെ വൈവാഹിക പംക്തി മാത്രം മതി ഇതിന് തെളിവായി എടുത്തുപറയാന്‍. തന്റേതല്ലാത്ത കാരണത്താല്‍ വിവാഹമോചിതനായ/യായ പരസ്യം നമുക്കും സുപരിചിതം. എങ്ങനെയാണ് ഇത്തരമൊരു അവസ്ഥയിലേക്ക് അഭ്യസ്തവിദ്യരായ കേരളീയ സമൂഹം മാറിയത്?
ജിഷ, വിവാഹിതയായ മുപ്പതുകാരി. എട്ടുവര്‍ഷത്തെ ദാമ്പത്യത്തില്‍ രണ്ട് കുട്ടികള്‍. ഭര്‍ത്താവിന്റെ അമിതമായ (യുവതിയുടെ ഭാഷയില്‍) ടെലിഫോണുപയോഗത്തെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടാണ് എനിക്ക് മുന്നിലെത്തിയത്. കാര്യത്തിന്റെ ഉള്ളിലേക്ക് ചെന്നപ്പോള്‍ അസ്വസ്ഥതയുടെ നിജസ്ഥിതി ബോധ്യപ്പെട്ടു. തന്റെ ഭര്‍ത്താവ് വഴിതെറ്റിപ്പോകാതിരിക്കാന്‍ മുപ്പത് മിനുട്ടിനുള്ളില്‍ രണ്ടു തവണ ഓഫീസിലേക്ക് വിളിക്കും. അദ്ദേഹം തിരിച്ചെത്തിയാല്‍ ബേഗ്, ചോറുപാത്രം, വസ്ത്രം ഇവയൊക്കെ സൂക്ഷ്മമായി പരിശോധിക്കും. മൊബൈല്‍ഫോണില്‍നിന്ന് ഒരുപാട് പെണ്‍ സുഹൃത്തുക്കളുടെ നമ്പര്‍ കിട്ടിയതുമുതലാണ് ഈ പരിശോധന തുടങ്ങിയത്.
അഞ്ചുവര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതപരിചയവുമായിട്ടാണ് സൈറയും അനീഷും എന്റെ അരികിലേക്ക് വന്നത്. അനീഷ് തീര്‍ത്തു പറഞ്ഞു: 'മാഡം, എനിക്കിനി പറ്റില്ല. എങ്ങനെയെങ്കിലും എന്നെ ഒന്ന് രക്ഷിക്കണം.'' കാരണം സൈറയുടെ അമിതമായ ഫോണുപയോഗം തന്നെ. സോഷ്യല്‍ മീഡിയക്കും ഫോണിനുമുള്ള സ്വാധീനം ബന്ധങ്ങള്‍ക്കുമേല്‍ വലിയ വിള്ളലുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. പരസ്പരം കലഹിച്ചുകഴിയുന്ന ദമ്പതിമാര്‍ ആശ്വാസം കണ്ടെത്താനായി ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ മിക്കവാറും കെണിയില്‍ ചെന്നുചാടിക്കുന്ന ഒന്നായിരിക്കുന്നു.
ഉള്ളുതുറന്ന് മനസ്സ് പങ്കുവെക്കേണ്ടിടത്താണ് ഇതൊക്കെ നടക്കുന്നത്. സൗന്ദര്യപ്പിണക്കത്തിന്റെ തുടക്കത്തില്‍ തന്നെ ആശയവിനിമയം ഇല്ലാത്തതാണ് ദമ്പതിമാര്‍ ഇന്ന് അനുഭവിക്കുന്ന മറ്റൊരു പ്രശ്‌നം. ഭാര്യ പറയുന്നത് ഭര്‍ത്താവിനോ അദ്ദേഹം പറയുന്നത് ഭാര്യക്കോ മനസ്സിലാകാത്ത അവസ്ഥ. ഒന്നോര്‍ക്കണം, ഇതൊരു ദുര്‍വിധിയാണ്! പരസ്പരം ഇണയും തുണയും താങ്ങും തണലുമാവുന്നവര്‍...
സുമതിയും സുരേഷും തമ്മില്‍ വിവാഹത്തിന്റെ പിറ്റേന്ന് തുടങ്ങിയ കശപിശയാണ്. ഉന്തിയും തള്ളിയും രണ്ടുവര്‍ഷം പിന്നിട്ടു. സുമതി തന്നെക്കാള്‍ ഉയര്‍ന്ന കുടുംബത്തിലേതാണ്. തൊട്ടതിനും പിടിച്ചതിനും പിണങ്ങുന്ന പ്രകൃതം. ഇന്നിപ്പോള്‍ വീട്ടുകാരുടെ ഇടപെടലില്‍ രണ്ടാളും രണ്ട് ദിക്കിലാണ്. ഇനിയൊരു തീരുമാനമായിട്ടു മതി പൊറുതി എന്നതിനാല്‍ വെവ്വേറെയാണ് കൗണ്‍സലിംഗിന് വന്നത്. അവരിരുവരോടുമുള്ള വ്യക്തിസംഭാഷണത്തിനൊടുക്കം ഒന്നിച്ചിരുത്തി ഞാന്‍ ചോദിച്ചു: 'പറയൂ, എന്താണ് യഥാര്‍ഥ കാരണം?' ഇരുവരും നിര്‍ന്നിമേഷരായി നിന്ന് വിങ്ങിക്കൊണ്ട് പറഞ്ഞു: 'ഞങ്ങളുടെ കൈയില്‍നിന്ന് വിട്ടുപോയി. ഇപ്പോള്‍ അവര്‍ (വീട്ടുകാര്‍) പറയുന്നത് കേള്‍ക്കാനേ കഴിയുന്നുള്ളൂ. മറുത്തൊന്ന് പറയാനോ ഞങ്ങളുടെ മനസ്സ് കാണാനോ അവര്‍ക്ക് പറ്റുന്നില്ല.' ഇതാണോ കൂടുമ്പോള്‍ ഇമ്പമേറുന്ന കുടുംബത്തിന്റെ ബാധ്യത?
വിവാഹത്തിലൂടെ രണ്ടു വ്യക്തികളുടെ ഒന്നിക്കലിലുപരി രണ്ട് സംസ്‌കാരവും ഒരുപാട് വ്യക്തികളും തമ്മിലാണ് ബന്ധം വരുന്നത്. പരസ്പരം ഏറെ ബഹുമാനിക്കേണ്ടുന്ന, കരുതല്‍ വേണ്ടുന്ന രണ്ടു കുടുംബങ്ങള്‍ തമ്മില്‍ പിന്നീടൊന്നിക്കാന്‍ പറ്റാത്ത രൂപത്തില്‍ അകല്‍ച്ചയുണ്ടാവുന്നു. ഇരു കോര്‍ട്ടിലേക്കും ഗോളടിക്കുന്ന പന്തായി ഇന്നത്തെ തലമുറ മാറിക്കൂടാ. അവര്‍ ജീവിക്കട്ടെ, കാലിടറുമ്പോള്‍ കൈത്താങ്ങ് കൊടുക്കാന്‍ മാത്രം ശ്രമിച്ചാല്‍ മതി.
ഒട്ടുമിക്ക ദാമ്പത്യ പ്രശ്‌നങ്ങളിലും അതിര്‍വരമ്പ് സൃഷ്ടിച്ചിട്ടില്ലാത്ത സൗഹൃദവും വിനയായി വരാറുണ്ട്. വിവാഹത്തിലൂടെ ഓരോ വ്യക്തിക്കുമുള്ള ഇടം നഷ്ടപ്പെട്ടുകൂടാ എന്നതിനപ്പുറം തന്റെ ജീവിതത്തിലേക്ക് പുതുതായി വന്ന വ്യക്തിക്ക് ഒരുപടി മുന്നില്‍ സ്ഥാനം നല്‍കുകയും വേണം. ജീവിതം എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിര് വരക്കേണ്ടിടത്ത് അത് വരക്കുക തന്നെ വേണം. സ്വകാര്യത എന്നത് ഭാര്യാഭര്‍തൃ ബന്ധത്തിന്റെ നെടും തൂണാണ്. നമ്മുടെ സ്വകാര്യത മറ്റുള്ളവര്‍ക്ക് ആസ്വാദനത്തിനുള്ള ഒന്നല്ല.
സീനത്തും റഫീഖും വിവാഹിതരായിട്ട് ആറുമാസം ആയിരിക്കുന്നു. പക്വതയില്ലാത്ത പ്രകൃതം എന്നായിരുന്നു വീട്ടുകാരുടെ പരാതി. അവരുടെ സ്വകാര്യത ചുഴിഞ്ഞന്വേഷിക്കുന്ന ബന്ധുക്കളും. ഇതുവരെ വിശേഷമൊന്നും ആയില്ലെന്നു സീനത്തിന്റെ വീട്ടുകാര്‍. അതിനാല്‍ത്തന്നെ പയ്യന്റെ ശേഷിക്കുറവ് പരിഹരിക്കണമെന്ന ആവശ്യം. ഞാന്‍ ചോദിച്ചു: 'ഒരാളുടെ സ്വകാര്യത ചുഴിഞ്ഞന്വേഷിക്കുന്ന നിങ്ങള്‍ക്കാണോ അതോ നിഷ്‌കളങ്കരായ ആ പാവങ്ങള്‍ക്കാണോ പക്വതക്കുറവ്?' ഒരിക്കലും നാം ആരെയും വിലകുറച്ച് കണ്ടുകൂടാ. അവന് അവന്റെതായ ഒരു വ്യക്തിത്വമുണ്ട്. അതിന്റെ പരിപക്വതക്ക് നിങ്ങള്‍ ഒരവസരം കൊടുക്കൂ. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വ്യക്തിപരമായ രഹസ്യങ്ങള്‍ ഭൂഷണമല്ല. എന്നിരുന്നാലും അവരിരുവരുടെയും ജീവിതം പരസ്യപ്പെടുത്തരുത്. ജീവിതം എന്താണെന്നും എങ്ങനെയാണെന്നും നിര്‍വചിക്കുന്നതിന് യുവതലമുറ പഠിച്ചേ തീരൂ. ബന്ധങ്ങള്‍ക്ക് അര്‍ഹിക്കുന്ന മാനം കൊടുക്കണം. ഇതിന് നമ്മുടെ സമീപനങ്ങളില്‍ മാറ്റം വരുത്തണം. സൗഹൃദ കൂട്ടായ്മകള്‍ക്ക് ഇതില്‍ ഒരുപാട് ചെയ്യാനുണ്ട്.

ഹബീബ ഹുസൈന്‍ ടി.കെ (ക്ലിനിക്കല്‍ സൈകോളജിസ്റ്റ് ഹോപ്‌സ് കാപ്‌സ് ആലുവ)

 

നമ്മുടെ മക്കള്‍ തെറ്റിലേക്ക് കൂപ്പുകുത്തും മുമ്പ്

നവമാധ്യമങ്ങള്‍ മനുഷ്യന്റ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തെയും ധാര്‍മിക ബോധത്തെയും കുടുംബബന്ധങ്ങളിലെ കെട്ടുറപ്പിനെയും തകര്‍ക്കുന്നുണ്ട്. വിവാഹേതര ബന്ധങ്ങള്‍ അറിഞ്ഞും അറിയാതെയും വളര്‍ന്നുവരുന്നതിനും അത് കാരണമാകുന്നു. മിസ്ഡ് കോളുകളും ചാറ്റിംഗും പലപ്പോഴും പ്രണയത്തിലേക്ക് വഴിമാറുകയും ഇത് വിവാഹിതരായ യുവതീ യുവാക്കളുടെ പോലും വിവാഹബന്ധങ്ങള്‍ തകരുന്നതിലേക്ക് ചെന്നെത്തിക്കുന്നു. പുരുഷന്‍ സ്ത്രീയിലും സ്ത്രീ പുരുഷനിലും പൂര്‍ണ്ണത തേടുന്നത് മനുഷ്യസഹജമാണ്. ധാര്‍മികബോധവും കുടുംബബന്ധങ്ങളോട് പുലര്‍ത്തുന്ന വിശ്വാസവുമാണ് പരബന്ധങ്ങളിലകപ്പെടാതെ മനുഷ്യരെ തടഞ്ഞുനിര്‍ത്തുന്നത്. അന്യ സ്ത്രീ-പുരുഷന്മാര്‍ തനിച്ചിരിക്കുന്നതും തനിച്ച് യാത്രചെയ്യുന്നതു പോലും വിലക്കിയ ഇസ്‌ലാം മനശ്ശാസ്ത്രപരമായ ഈ സത്യം ഉള്‍ക്കൊണ്ടാണ് ഇത്തരം സാഹചര്യങ്ങളില്‍നിന്നും മാറിനില്‍ക്കാന്‍ മനുഷ്യരോടാജ്ഞാപിക്കുന്നത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണും കമ്പ്യൂട്ടറും കുട്ടികള്‍ക്ക് വാങ്ങിനല്‍കുന്ന മാതാപിതാക്കള്‍ അധാര്‍മികതയുടെ ഒരു ലോകം തന്നെയാണവരുടെ വിരല്‍ത്തുമ്പിലെത്തിച്ചുകൊടുക്കുന്നത്. നന്മ, മൂല്യബോധം എന്നിവയിലധിഷ്ഠിതമായി ജീവിതത്തെയും മികവുറ്റതാക്കണമെങ്കില്‍ തെറ്റുകളിലകപ്പെടാനുള്ള ചുറ്റുപാടുകളില്‍നിന്നും മാറിനില്‍ക്കുകയാണാദ്യം വേണ്ടത്.
കമ്പ്യൂട്ടറിന് മുമ്പില്‍ ഏറെ സമയം ചെലവഴിക്കുന്നവരും കമ്പ്യൂട്ടര്‍ മേഖലകളില്‍ ജോലിചെയ്യുന്നവരുമെല്ലാം ശാരീരികമായോ മാനസികമായോ ആയ ഏതെങ്കിലും തരത്തിലുള്ള അസ്വാസ്ഥ്യം അനുഭവിക്കുന്നുണ്ടെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൗഹൃദങ്ങളൊന്നും തന്നെ മാനുഷികതയെ വികസിപ്പിക്കുന്നതിനോ ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിനോ വേണ്ടത്ര പ്രയോജനപ്രദമല്ല. ചാറ്റിംഗിനു മാത്രമായി സമയം ചെലവഴിക്കുന്നവര്‍ അന്തരീക്ഷത്തെക്കൂടി മലിനമാക്കുകയാണ് ചെയ്യുന്നത്.
അധാര്‍മിക ബന്ധങ്ങളിലകപ്പെട്ടോ കുട്ടിക്കുറ്റവാളികളായോ കൗണ്‍സലിംഗ് സെന്ററില്‍ വരുന്ന അധിക കേസുകളിലും മൊബൈല്‍, ഇന്റര്‍നെറ്റ് എന്നിവയുടെ സ്വാധീനം കാണാറുണ്ട്. പത്ത് വയസ്സുള്ള ഒരാണ്‍കുട്ടി അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയില്‍ സെക്‌സ് പരീക്ഷണം നടത്തിയ സംഭവം വാര്‍ത്തകളില്‍ നാമൊക്കെ ശ്രദ്ധിച്ചിട്ടുള്ളതാണ്. തന്റെ കുട്ടി ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുകയില്ലെന്നും അധാര്‍മിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയില്ലെന്നുമുള്ള രക്ഷിതാവിന്റെ വിശ്വാസം അസ്ഥാനത്താകാറാണ് പതിവ്. കിടപ്പറകളില്‍ അന്യന്റെ ലൈംഗിക ചേഷ്ടകള്‍ ഒരുമിച്ചിരുന്നു കാണുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് തന്റെ കുട്ടിയുടെ ധാര്‍മിക ജീവിതത്തെ കുറിച്ചു പറയാന്‍ അവകാശമില്ല. രക്ഷിതാക്കളുടെ ഇത്തരം വേലകള്‍ ഒളിഞ്ഞുകണ്ട് സ്വയം പരീക്ഷണങ്ങളിലേര്‍പ്പെടുന്ന നിരവധി കേസുകളും നമുക്കിടയിലുണ്ട്. പതിനൊന്നുകാരന്‍ അയല്‍വീട്ടിലെ എട്ടു വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയതിന് പിടിക്കപ്പെട്ടു. അവനതിനു പ്രേരണയായത് അച്ഛനും അമ്മയും കാണുന്ന ബ്ലൂഫിലിം ഒളിഞ്ഞു കണ്ടതായിരുന്നു. അടുത്ത വീട്ടിലെ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിനിടയില്‍ കുട്ടി മരണമടയുകയും മൃതദേഹം മരപ്പൊത്തിലൊളിപ്പിക്കുകയും ചെയ്ത സംഭവവും ഈയടുത്താണ് നടന്നത്.
വഴികേടിലകപ്പെടാനുള്ള സാഹചര്യങ്ങളെയാണ് നമുക്കും നമ്മുടെ കുട്ടികള്‍ക്കുമിടയില്‍ തടയിടേണ്ടത്.

അഡ്വ: ലൈല അഷ്‌റഫ് (ലൈഫ് കൗണ്‍സിലിംഗ് സെന്റര്‍ കോഴിക്കോട്) 

 

വിവാഹമോചനമെന്നെ ആര്‍ക്കും വേണ്ടാത്തവളാക്കി

വിവാഹമോചനം പെരുകിക്കൊണ്ടിരിക്കുന്നുവെന്നത് വസ്തുതയാണ്. കാരണങ്ങള്‍ എന്തുതന്നെയായാലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്ത വിപത്താണത്. 'അനുവദിക്കപ്പെട്ടതില്‍ വെച്ച് ദൈവത്തിന് ഏറ്റവും കോപമുള്ളതെ'ന്നാണ് വിവാഹമോചനത്തെപ്പറ്റി പ്രവാചകന്‍ വിശേഷിപ്പിച്ചത്. ഇഷ്ടമില്ലാത്തവര്‍ ഒന്നിച്ചു താമസിച്ച് ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും എത്താതിരിക്കാനാണത്. സംശയരോഗമുള്ള ഒരാള്‍ മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ അക്രമിച്ചേക്കും. ആത്മഹത്യ ചെയ്താല്‍ മക്കള്‍ അനാഥരാകും. ആത്മഹത്യ പാപമായി ഇസ്‌ലാം പറയുന്നു. ഈയൊരു സാഹചര്യത്തിലാണ് മുസ്‌ലിം സ്ത്രീകള്‍ പലരും ത്വലാഖ് ആവശ്യപ്പെടുന്നത്. പുരുഷന്റെ രോഗം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കോടതികള്‍ വിവാഹമോചനം അനുവദിക്കാറില്ല. അനുവദിച്ചാല്‍ തന്നെ ഭാര്യ ആവശ്യപ്പെട്ടതിനാല്‍ മതിയായ ചെലവോ നഷ്ടപരിഹാരമോ വിവാഹമൂല്യമോ നല്‍കാറില്ല. സംശയരോഗികള്‍ക്ക് ഭാര്യയെ ഒഴിവാക്കാന്‍ ഇഷ്ടമുണ്ടാവില്ല. വീട്ടില്‍ പറഞ്ഞയച്ചാലും വേഗം വിളിച്ചുകൊണ്ടുവരും. ഇല്ലെങ്കില്‍ തുടരെത്തുടരെ മധ്യസ്ഥന്മാരെ അയക്കുകയും മധ്യസ്ഥന്മാരോട് ഭാര്യയുടെ കുറേ കുറ്റങ്ങള്‍ വിളമ്പിയാല്‍ പിന്നെ ഭര്‍ത്താവ് സംതൃപ്തനായി.
ഇനി പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല എന്ന ഉറപ്പില്‍ പോകുന്ന പല ഭാര്യമാരും ആത്മഹത്യ ചെയ്തതാണ് പിന്നീട് പത്രത്തില്‍ വായിക്കുന്നത്! വിവാഹമോചനത്തിന്റെ ദുരിതം അനുഭവിച്ച ഒരാളാണ് ഞാന്‍. വിധവകള്‍ക്ക് പെന്‍ഷന്‍, സഹതാപം, ബന്ധുക്കളുടെ കൈത്താങ്ങ്, ഭര്‍ത്താവിന്റെ സ്വത്ത്, കുട്ടികള്‍ക്ക് ഭര്‍തൃബന്ധുക്കളുടെ സാന്ത്വനം ഒക്കെ ലഭിക്കുമ്പോള്‍ വിവാഹമോചിതര്‍ക്ക് ചോദ്യശരങ്ങളും പരിഹാസവും ഉപദേശവും ഒക്കെയാണ് ലഭിക്കുക. വിവാഹമോചിത ധൈര്യവും ദൈവവിശ്വാസവും കൈവിടരുത്. കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ആഹാരവും വിദ്യാഭ്യാസവും കണ്ടെത്താനുള്ള ശ്രമം നടത്തണം.
എഴുത്തുകാരി എന്ന ലേബല്‍ വന്നുപോയശേഷം വിവാഹം കഴിഞ്ഞതിനാല്‍ ദാമ്പത്യജീവിതത്തില്‍ പ്രയാസങ്ങള്‍ മാത്രം അനുഭവിക്കേണ്ടി വന്നിട്ടും വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കുന്നതുപോലും എനിക്ക് പേടിയായിരുന്നു. വിവാഹമോചനത്തിന്റെ കുറ്റം എഴുത്തിനാവും എന്ന് പേടിച്ച് വായന പോലും ഉപേക്ഷിച്ചു. മകളെ തൊട്ടിലാട്ടുമ്പോള്‍ പത്രം വായിക്കുന്നതു കാണുമ്പോള്‍ മകനോട് പിതാവ് പറയും: 'ഇനിയാ പത്രം കൂടി ഒന്ന് നിര്‍ത്തണം. എന്നാലേ ശരിയാവൂ.'' വിവാഹമോചിതയെ സമൂഹം എപ്പോഴും കാണുന്നത് അവളുടെ കുറ്റം കൊണ്ടുമാത്രമാണ് അങ്ങനെ സംഭവിക്കുന്നതെന്നാണ്. മറുവശം ആരും കാണുന്നില്ല.
'വിവാഹമോചനം കൊണ്ട് നിനക്കിപ്പോള്‍ എഴുതാനും വായിക്കാനും ഒക്കെ സ്വാതന്ത്ര്യമുണ്ടല്ലോ''- എന്നാണ് ദമ്പത്യജീവിതത്തിലെ എന്റെ എല്ലാ പ്രയാസങ്ങളും അറിഞ്ഞ് അന്നൊക്കെ പാവം എന്നു പറഞ്ഞ എന്റെ അടുത്ത ബന്ധു ഒരിക്കലെന്നോട് പരിഹാസരൂപേണ ചോദിച്ചത്. വിവാഹ മോചനത്തിനു ശേഷം എഴുത്തിലും വായനയിലും ചെലവഴിച്ചതിലും ഏറെ സമയവും ആരോഗ്യവും ഞാന്‍ ചെലവഴിച്ചത് മക്കളെ പോറ്റി വളര്‍ത്താനും അവര്‍ക്കുവേണ്ടി വീടുപണിയിക്കാനും പാചകത്തിനും പറമ്പുപണിക്കുമാണ് എന്ന് ആ ബന്ധു അറിയുന്നില്ല. ഭര്‍ത്താവായിരുന്നവന്റെ അടുത്ത ബന്ധുവിനെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ ആദ്യം ചോദിച്ചത്- 'സ്വസ്ഥമായില്ലേ, സമാധാനമായില്ലേ?' എന്നാണ്. 'ആയി' എന്ന് ഞാനെങ്ങനെ പറയും? ഇപ്പോഴും അതേ രക്തത്തില്‍ പിറന്ന, ഗര്‍ഭത്തില്‍ ഇരിക്കുമ്പോഴും ശൈശവത്തിലും ദുരിതം പേറിയ മക്കളെയല്ലേ ഞാന്‍ പോറ്റുന്നത്. മൗനം പാലിച്ചു. കുട്ടികള്‍ ഉമ്മയുടെ ദുരന്തവും ത്യാഗവും അറിയുന്നുണ്ടോ എന്നെനിക്കറിയില്ല. അവര്‍ ഓര്‍ക്കുന്നത് അവരുടെ നഷ്ടബാല്യവും ദുരിതങ്ങളുമാണല്ലോ. അവരുടെ എല്ലാ അസ്വാസ്ഥ്യങ്ങളും സങ്കടങ്ങളും പേറിപ്പേറി എന്റെ പ്രകൃതംതന്നെ മാറിപ്പോയി. തമാശ പറയാനും എഴുതാനും കഴിയാതെ മാതാവും പിതാവുമായി ഇപ്പോഴും ഓടുകയാണ്. കറന്റ് ചാര്‍ജ്, വീട്ടുനികുതി, റിപ്പയറുകള്‍, മക്കളുടെ പഠനം, ഗ്യാസ് ബുക്കിംഗ്... അവരുടെ ദുരന്തവും എല്ലാം അറിഞ്ഞും അനുഭവിച്ചും ഉരുകുന്നുണ്ട് ഈ ഉമ്മ. അതറിയാന്‍ അവര്‍ക്കും പാരന്റിംഗ് നില ആവണം. അന്ന് ഉമ്മയുണ്ടാവുമോ എന്നറിയില്ല.
വിവാഹമോചിതരുടെ കുട്ടികള്‍ പഠിച്ച് മുന്നേറുമ്പോള്‍, പുനര്‍വിവാഹം കുട്ടികള്‍ക്ക് ദുരിതമാവും. കുട്ടിക്കാലത്തെ പരന്ന വായനയും സൂക്ഷ്മമായ ജീവിത നിരീക്ഷണവും, എഴുതാനുള്ള കഴിവും മാത്രമല്ല എനിക്കു തന്നത്. പ്രസംഗിക്കാനും ക്ലാസെടുക്കാനും സാമൂഹിക പ്രവര്‍ത്തനത്തിനും- എന്തിന് ബില്‍ഡിംഗ് കണ്‍സ്ട്രഷനും പ്രൂഫ് റീഡിംഗും എഡിറ്റിംഗും എനിക്ക് കഴിയുമായിരുന്നു. പടച്ചതമ്പുരാന്‍ ഉപ്പയുടെ ബുദ്ധിയും ചുറുചുറുക്കും തന്നതിനാല്‍ ബിസിനസ് പോലും വശമുള്ള എന്നെ പ്രായം, ചെറിയ കുട്ടികള്‍, വേഷം എന്നീ കാരണത്താലാവാം ആര്‍ക്കും വിശ്വാസമില്ലായിരുന്നു. ജോലി തന്നില്ല. വിവാഹമോചനമെന്ന ദുരന്തം ആര്‍ക്കും വേണ്ടാത്തവളാക്കിയത് അനുഭവിച്ചറിഞ്ഞു. നല്ല ഭര്‍ത്താവും ധാരാളം പൊന്നും ഫാഷനും ഉള്ളവര്‍ക്ക് അറിവില്ലെങ്കിലും മൂല്യം കൂടിയത് കണ്ടറിഞ്ഞു! മുസ്‌ലിം പ്രസിദ്ധീകരണങ്ങളും തങ്ങളുടെ പ്രസിദ്ധീകരണത്തിനു 'പൊതുസ്വഭാവം വരാനും' മതേരത്വം പ്രകടിപ്പിക്കാനും ഞങ്ങളെ പോലുള്ള എഴുത്തുകാരികളെ തഴഞ്ഞു, ഇത് എഴുത്ത് ജീവിതമാക്കരുതെന്ന് കുട്ടികളോട് പറയാന്‍ എന്നെ പ്രേരിപ്പിച്ചു. രണ്ടാണ്‍മക്കളും മോശമല്ലാത്ത മാര്‍ക്കോടെ എസ്.എസ്.എല്‍.സിയും പ്ലസ്ടുവും പാസായി; ട്യൂഷന്‍പോലും കൂടാതെത്തന്നെ. ഉപ്പയുടെ അഭാവത്തില്‍ വളരുന്ന മക്കളില്‍ കാണുന്ന സ്വഭാവദൂഷ്യങ്ങളൊന്നും അവരില്‍ കാണാത്തതില്‍ എനിക്കിന്ന് അഭിമാനമുണ്ട്. മകളും നല്ല മാര്‍ക്കോടെ എസ്.എസ്.എല്‍.സി പാസായി. തുടര്‍ന്നു പഠിച്ചുകൊണ്ടിരിക്കുന്നു. കഠിനാധ്വാനം, കൃഷി, കൈകോട്ടുപണി, എഴുത്ത് ഇതെല്ലാം കഴുത്തുവേദനക്കാരിയാക്കി. മുട്ടുകാലും പണിമുടക്കി. ആണ്‍കുട്ടികളായതിനാല്‍ സര്‍ക്കാറിന്റെ പുസ്തകം, യൂണിഫോം ഇതൊന്നും കിട്ടിയില്ല. അദ്ദേഹം മൂന്നാമതും പെണ്ണുകെട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ മൂത്തമകനെ എഞ്ചിനിയറിംഗിന് പഠിപ്പിക്കാന്‍ ഞാന്‍ നട്ടം തിരിയുകയായിരുന്നു. അതു പൂര്‍ത്തിയാക്കാന്‍ അവന് ദിവസക്കൂലിക്കു പണിയെടുക്കേണ്ടി വന്നു.
ആണ്‍മക്കളെയും പെണ്‍മക്കളെയും അമ്മമാര്‍ പഴയപോലെ ശ്രദ്ധിക്കാത്തത്, രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാവാത്തത് ഇതൊക്കെ പുതുതലമുറയെ വഴിതെറ്റിക്കുന്നുണ്ട്. വഴിതെറ്റിയ വ്യക്തികള്‍ വിവാഹിതരായാലും ഇനിയുള്ള കാലത്ത് വിവാഹമോചനങ്ങള്‍ പെരുകുക തന്നെ ചെയ്യും. പിതാവിന്റെ വഴിവിട്ട ബന്ധങ്ങളും മദ്യപാനവും ആണ്‍കുട്ടികളെയും വഴിപിഴപ്പിക്കുന്നു. ശ്രദ്ധിക്കാതെ വളര്‍ത്തുന്ന കുട്ടികള്‍ ആദ്യം അയല്‍ക്കാര്‍ക്കും പിന്നെ അവരുടെ ഇണക്കും സമൂഹത്തിനും ദ്രോഹം ചെയ്യും.
വിവാഹമോചിതരുടെ കുട്ടികള്‍ ലോകത്തിലെ ഭാഗ്യംകെട്ട കുഞ്ഞുങ്ങളാണ്. മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്ന അനാഥക്കുഞ്ഞുങ്ങള്‍. മുന്‍കോപം, മദ്യപാനം ഇതൊക്കെ കൗണ്‍സലിംഗിലൂടെ മാറ്റിയെടുക്കാം. സംശയരോഗവും പുരുഷമേധാവിത്വവും അപകര്‍ഷതയും കൂടിയുള്ള ഇണയാണെങ്കില്‍ ഒരിക്കലും നേരെയാകുമെന്ന് തോന്നുന്നില്ലെങ്കില്‍ വിവാഹമോചനം തന്നെയാണ് നല്ലത്. എന്തെങ്കിലും തൊഴില്‍ ചെയ്ത് ജീവിതത്തില്‍ പൊരുതി മുന്നേറാന്‍ ഇത്തരം സ്ത്രീകള്‍ തയ്യാറാവണം. ഈ ലോകത്ത് നഷ്ടപ്പെട്ടുപോയതിന്റെയും സഹിച്ചതിന്റെയും ഫലം പരലോകത്ത് ലഭിക്കുക തന്നെ ചെയ്യും. അവിടെ തനിക്കുചേര്‍ന്ന, തനിക്കുവേണ്ടി മാത്രം കാത്തുനില്‍ക്കുന്ന ആളെ അവള്‍ സ്വീകരിക്കുക തന്നെ ചെയ്യും. പരലോകത്ത് പീഡിതര്‍ക്ക് നീതി ലഭിക്കും. ആരെങ്കിലും സമ്മാനിച്ച പിസ്തയും ഈത്തപ്പഴവും കഴിക്കാതെ ഞാന്‍ മക്കള്‍ക്കായി ബേഗില്‍ കരുതിവെച്ചത് അതിനായിരുന്നു. എഴുതിക്കിട്ടിയ കാശ് മരുന്നിനോ വസ്ത്രത്തിനോ ചെലവാക്കാതെ മക്കള്‍ക്കുവേണ്ടി ചെലവഴിച്ചതും അതിനുവേണ്ടിയായിരുന്നല്ലോ. ഒരീത്തപ്പഴം മക്കള്‍ക്ക് ഓഹരിവെച്ച വനിത ഒരു ചീന്ത് വായിലേക്കിടുമ്പോള്‍ ഇളയ കുഞ്ഞ് കൈ വീണ്ടും നീട്ടി. ഉമ്മ അത് കുഞ്ഞിന്റെ വായിലേക്കിട്ടുകൊടുത്തു. ആ ഉമ്മ സ്വര്‍ഗത്തിലായി എന്ന് റസൂല്‍ (സ) പറഞ്ഞിട്ടുണ്ടല്ലോ. ആരാന്റെ ആഹാരം കഴിപ്പിക്കാന്‍ പാടില്ലാത്തതിനാല്‍ മക്കളെ ഹലാല്‍ മാത്രം തീറ്റിയതും പുണ്യമല്ലേ? എനിക്ക് സ്വര്‍ഗത്തില്‍ ഒരു മണ്‍കട്ടില്‍ മാത്രം മതി. മാളിക വേണ്ട. സ്വര്‍ണ്ണപാത്രം വേണ്ട വാഴയില മതി. ഒരരുവിയും. ഹൗളില്‍ കൗസറിലെ ജലം പാനം ചെയ്യാനൊരു മണ്‍പാത്രവും... എവിടെ ചെന്നാലും ആരെ കണ്ടാലും ഭര്‍ത്താവ് എന്തു ചെയ്യുന്നു എന്ന വൃത്തികെട്ട ചോദ്യം വിവാഹമോചിതക്ക് അരോചകം തന്നെയാവും, എന്നിട്ടും പോരാഞ്ഞിട്ട് എന്നോ വലിച്ചെറിഞ്ഞയാളുടെ പേരറിയണം, ഊരറിയണം. മറ്റുള്ളവരുടെ കാര്യം ചൂഴ്ന്നന്വേഷിക്കാന്‍ പാടില്ല എന്ന സാമാന്യ മര്യാദ പഠിപ്പിച്ച റസൂലിനെ പലപ്പോഴും ഇവിടെ നാം മറക്കുന്നു.

എ.എം ഖദീജ (എഴുത്തുകാരി) 

 

ദാമ്പത്യ ഭദ്രതക്ക് ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍
ശൈഖ് മുഹമ്മദ് കാരകുന്ന്

1) പരസ്പരം പരമാവധി സ്‌നേഹിക്കുക. സ്‌നേഹം പ്രകടിപ്പിക്കുക, സ്‌നേഹിക്കുന്നുവെന്ന് തുറന്ന് പറയുക.
2) പരസ്പരം നന്നായി മനസ്സിലാക്കുക, വ്യക്തിത്വത്തെ പരസ്പരം അംഗീകരിക്കുക. ആദരിക്കുക. വൈജാത്യങ്ങള്‍ ഉള്‍ക്കൊണ്ട് പരസ്പരം അഡ്ജസ്റ്റ് ചെയ്യുക.
3) പരസ്പരം സഹായിക്കുക, സഹകരിക്കുക. ഇണക്കുവേണ്ടി സേവനം ചെയ്യുക, ത്യാഗം സഹിക്കുക.
4) സ്വന്തം താല്‍പര്യത്തെക്കാള്‍ ഇണയുടെ താല്പര്യത്തിന് പ്രാമുഖ്യം കല്‍പിക്കുക.
5) കുറ്റവും കുറവും പിഴവുകളും പോരായ്മകളും പറയാതിരിക്കുക. വീഴ്ചകള്‍ കണ്ടാല്‍ വിട്ടുവീഴ്ച കാണിക്കുക. ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുക. കുറ്റപ്പെടുത്തുകയോ ആക്ഷേപിക്കുകയോ ചെയ്യാതിരിക്കുക.
6) നന്മകളും മേന്മകളും കാണാന്‍ ശ്രമിക്കുക. നല്ലത് ചെയ്യുമ്പോള്‍ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യുക. നന്ദി രേഖപ്പെടുത്തുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുക.
7) ജീവിത പങ്കാളിയുടെ തെറ്റുകാണുന്നതിന് പകരം സ്വന്തം തെറ്റുകളും വീഴ്ചകളും ദൗര്‍ബല്യങ്ങളും കണ്ടെത്തി തിരുത്തുക. ആത്മപരിശോധനയിലൂടെ സ്വയം നന്നാവുക.
8) ഇണയുടെ കുടുംബത്തെ സ്വന്തം കുടുംബമായി കാണുക. അവരെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ആദരിക്കുകയും ചെയ്യുക.
9) കോപം വന്നാല്‍ നിയന്ത്രിക്കുക. ജീവിത പങ്കാളി ദേഷ്യപ്പെട്ടാലും പകരം അതേ സമീപനം സ്വീകരിക്കാതെ സംയമനം പാലിക്കുക. തീയെ തീ കൊണ്ട് കെടുത്താനാവില്ലെന്ന് ഓര്‍ക്കുക.
10) ഇണയുടെ വാക്കുകള്‍ കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്യുക.
11) എല്ലാ കാര്യങ്ങളിലും പരസ്പരം കൂടിയാലോചിക്കുക. കുടുംബത്തിലെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷം ആലോചിച്ചു മാത്രം തീരുമാനമെടുക്കുക.
12)എന്തു പ്രയാസങ്ങളും വിഷമങ്ങളുമുണ്ടെങ്കിലും തുറന്നു പറയുക. ഉള്ളിലൊതുക്കി മൗനം പാലിക്കാതിരിക്കുക.
13) പരസ്പര വിശ്വാസം പുലര്‍ത്തുക. സംശയം വെച്ചുപുലര്‍ത്താതിരുക്കുക. സംശയമുണ്ടാവുന്ന സാഹചര്യം ഒഴിവാക്കുക.
14) ജീവിത പങ്കാളിയുടെ ലൈംഗിക സംതൃപ്തി ഉറപ്പു വരുത്തുക. ശാരീരികാവസ്ഥകള്‍ പരസ്പരം പരിഗണിക്കുക. ലൈംഗിക ബന്ധം ഏകപക്ഷീയമാവാതിരിക്കാന്‍ ശ്രമിക്കുക. ഇണക്ക് താല്‍പര്യമില്ലാത്തപ്പോള്‍ നിര്‍ബന്ധിക്കാതിരിക്കുക. പ്രേരണ ആകാവുന്നതാണ്. ലൈംഗിക ബന്ധം പരമാവധി ആസ്വാദ്യകരമാക്കുക. ഇസ്‌ലാം അനുവദിച്ച സ്വാതന്ത്ര്യം പൂര്‍ണമായും ഉപയോഗപ്പടുത്തുക.
15) സുഖദുഃഖങ്ങളിലും സന്തോഷ സന്താപങ്ങളിലും പരസ്പരം പങ്കാളികളാവുക. രണ്ടുപേരും ചേര്‍ന്ന് ഒരു ജീവിതം നയിക്കുക.
16) ഭക്ഷണം പരമാവധി ഒരുമിച്ച് കഴിക്കാന്‍ ശ്രമിക്കുക. സമയനിഷ്ഠയും മിതത്വവും പാലിക്കുക. ഇസ്‌ലാമിക പരിധികളും മര്യാദകളും പുലര്‍ത്തുക.
17) സാമ്പത്തിക അച്ചടക്കം പുലര്‍ത്തുക. ധൂര്‍ത്തും ദൂര്‍വ്യയവും അനാവശ്യവും ആര്‍ഭാടവും ഒഴിവാക്കുക.
18) ഒരുമിച്ചിരുന്ന് വര്‍ത്തമാനം പറയാനും സല്ലപിക്കാനും സമയം കണ്ടെത്തുക. കളിതമാശകളിലേര്‍പ്പെടുക. സദാ ഗൗരവം പുലര്‍ത്തുന്നവരാകാതിരിക്കുക.
19) വീട് ഇസ്‌ലാമികമാണെന്നും തങ്ങളുടെ ജീവിതം പൂര്‍ണമായും ഇസ്‌ലാമിക സ്വഭാവത്തിലാണെന്നും ഉറപ്പ് വരുത്തുക. വീഴ്ചകള്‍ കണ്ടാല്‍ പരസ്പരം ഉണര്‍ത്തുക. ശ്രദ്ധയില്‍ പെടുത്തുക.
20) രാവിലെയോ രാത്രിയിലോ ഒരുമിച്ചിരുന്ന് ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും നടത്തുക.
21) വീട്ടില്‍ ഗ്രന്ഥശേഖരമുണ്ടായിരിക്കുക. കഴിവതും ഒരുമിച്ചിരുന്ന് പുസ്തക വായന നടത്തുക.
22) ലഘു വിനോദങ്ങളില്‍ ഏര്‍പ്പെടുക. വ്യായാമം ശീലിക്കുക.
23) പരമാവധി അടുക്കും ചിട്ടയും പുലര്‍ത്തുക. ശീലിക്കുക.
24) മരുന്നുകള്‍ പരമാവധി കുറക്കുക. അനാവശ്യമായി ഡോക്ടര്‍മാരെ കാണാതിരിക്കുക.
25) ജീവിത പങ്കാളി തനിക്കായി ചെയ്യുന്ന കാര്യങ്ങളും സഹിക്കുന്ന പ്രയാസങ്ങളും അനുഭവിക്കുന്ന ത്യാഗങ്ങളും ഓര്‍ത്തുകൊണ്ടിരിക്കുകയും സ്വയം പറയുകയും ചെയ്യുക.
26) സംസാരത്തില്‍ അല്‍പസമയം ഇസ്‌ലാമിക കാര്യങ്ങള്‍ക്കും സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും നീക്കിവെക്കുക.
27) ഇരുവരും വൃത്തിയും ഭംഗിയും അലങ്കാരവും കാത്തുസൂക്ഷിക്കുക.
28) ജീവിത പങ്കാളിയുടെ പ്രത്യേക താല്‍പര്യങ്ങള്‍ പരിഗണിക്കുകയും അത് സാധ്യമാക്കാന്‍ സഹകരിക്കുകയും ചെയ്യുക.
29) തെറ്റുപറ്റിയാല്‍ ക്ഷമായാചനം നടത്തുക. അങ്ങനെ ചെയ്യുമ്പോള്‍ മറുകക്ഷി ഉദാരമായ പെരുമാറുക.
30) പുഞ്ചിരിയും പ്രസന്നതയും പ്രസാദാത്മകതയും മുഖത്തുനിന്ന് മായാതിരിക്കാന്‍ ശ്രദ്ധിക്കുക.
31) ഇണകളുടെ ബന്ധുക്കളെയെന്നപോലെ കൂട്ടുകാരെയും കൂട്ടുകാരികളെയും മാനിക്കുക. അതിഥികളെ സല്‍ക്കരിക്കുന്നതില്‍ പരസ്പരം സഹകരിക്കുക.
32) ജീവിത പങ്കാളിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് നിസ്സാരരാക്കാതിരിക്കുക.
33) രോഗാവസ്ഥയില്‍ പ്രത്യേക പരിഗണന നല്‍കുക. ശുശ്രൂഷയില്‍ ജാഗ്രത പുലര്‍ത്തുക. സാധ്യമാകുന്നിടത്തോളം അടുത്തുണ്ടാവാന്‍ ശ്രദ്ധിക്കുക.
34) കൂട്ടായിരുന്ന് കുടുംബ ബജറ്റ് തയ്യാറാക്കുക. അതു തെറ്റാതിരിക്കാന്‍ ഇരുവരും ശ്രദ്ധിക്കുക.
35) അടുക്കളത്തോട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുക.
36) സദാചാര വിശുദ്ധിയും ധര്‍മ്മനിഷ്ഠയും പൂര്‍ണമായും പാലിക്കുക.
37) സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇടപെടുന്നവര്‍ ഇസ്‌ലാമിക പരിധികള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
38) തന്റെ ഇണയില്‍നിന്ന് മറച്ചുവെക്കേണ്ട രഹസ്യങ്ങള്‍ ഉണ്ടാവാതിരിക്കുക. അതോടൊപ്പം പങ്കാളിയുടെ രഹസ്യം സൂക്ഷിക്കുന്നതില്‍ തികഞ്ഞ സൂക്ഷ്മത പുലര്‍ത്തുക.
39) മക്കളെ വളര്‍ത്തുന്നതും സംരക്ഷിക്കുന്നതും പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുക.
40) മക്കള്‍ക്ക് മാതാവിനോടുള്ള സ്‌നേഹവും മതിപ്പും ആദരവും വളര്‍ത്താന്‍ പിതാവും പിതാവിനോട് അവയുണ്ടാവാന്‍ മാതാവും സദാ ശ്രദ്ധിക്കുക.
41) ദമ്പതികളിലാരുടെയെങ്കിലും കുടുംബവുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പരസ്പരം കൂടിയാലോചിച്ച് പരിഹാരം കണ്ടെത്തുക.
42) കൂട്ടായ പ്രാര്‍ത്ഥനയോടൊപ്പം തനിച്ചുള്ള പ്രാര്‍ത്ഥനകളില്‍ ജീവിത പങ്കാളിയെയും കുടുംബത്തെയും ഉള്‍പ്പെടുത്തുക.
പുരുഷന്‍മാര്‍ പാലിക്കേണ്ട മര്യാദകള്‍
43) ജീവിത പങ്കാളിയോട് പരമാവധി നന്നായി വര്‍ത്തിക്കുക.
44) ഇണയെ മാനിക്കുക. അപമാനിക്കാതിരിക്കുക. വികാരം വ്രണപ്പെടുത്താതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തുക.
45) താന്‍ ഭര്‍ത്താവല്ലെന്നും ജീവിതപങ്കാളി ഭാര്യയല്ലെന്നും മറിച്ച്, പരസ്പരം ഇണകളാണെന്നും ഓര്‍ക്കുക.
46) ഇണയുടെ അവകാശങ്ങളെല്ലാം അംഗീകരിക്കുകയും പൂര്‍ത്തീകരിച്ചു കൊടുക്കുകയും ചെയ്യുക.
47) കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ സ്വാതന്ത്ര്യം നല്‍കുക. ചുമതലകള്‍ ഏല്‍പിച്ചു കൊടുക്കുക.
48) വീട്ടില്‍നിന്ന് പോകുമ്പോള്‍ എവിടേക്കാണ് പോകുന്നതെന്നും എപ്പോള്‍ തിരിച്ചുവരുമെന്നും അറിയിക്കുക. സലാം ചൊല്ലിയും ഹസ്തദാനം ചെയ്തും യാത്രപറയുക.
49) ഭക്ഷണത്തെ ഒരു സാഹചര്യത്തിലും കുറ്റപ്പെടുത്താതിരിക്കുക. നല്ല ആഹാരമൊരുക്കിത്തന്നാല്‍ പ്രശംസിക്കുകയും നന്ദിരേഖപ്പെടുത്തുകയും ചെയ്യുക.
50) ദൂരെദിക്കിലെങ്കില്‍ ഫോണിലൂടെ ബന്ധം സ്ഥാപിക്കുക.
51) ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവാനന്തരം എന്നീ ഘട്ടങ്ങളിലെ ശാരീരികവും മാനസികവുമായ അവസ്ഥകള്‍ പരിഗണിച്ച് സ്‌നേഹത്തോടെയും കാരുണ്യത്തോടെയും വര്‍ത്തിക്കുക. സാധ്യമായ സേവനങ്ങള്‍ ചെയ്തുകൊടുക്കുക.
52) സമീപനവും പെരുമാറ്റവും സൗമ്യമായിരിക്കാനും സംസാരം ഹൃദ്യമാകാനും പരമാവധി ശ്രദ്ധിക്കുക.
53) വീട്ടില്‍ വരുമ്പോള്‍ എന്തെങ്കിലും സമ്മാനപ്പൊതികള്‍ കൊണ്ടുവന്ന് കൊടുക്കുക.
സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടവ
54) ജീവിത പങ്കാളിയെ കുടുംബനാഥനായി അംഗീകരിക്കുക. അതിനനുസൃതമായ പരിഗണന നല്‍കുക.
55) വിനയവും ലജ്ജയും കൈവിടാതിരിക്കുക.
56) വീടിന്റെ ഭരണം ഭംഗിയായി നിര്‍വഹിക്കുക. വീടിന്റെ ഭരണാധികാരിയാണെന്ന വസ്തുത മറക്കാതിരിക്കുക.
57) വീട് ശാന്തികേന്ദ്രം - മസ്‌കന്‍ - ആക്കുക.
58) പുറത്തു പോകുമ്പോള്‍ കൂടെച്ചെന്ന് യാത്രയയക്കുക.
59) വീട്ടിലേക്കു വരുമ്പോള്‍ സ്‌നേഹപൂര്‍വ്വം സലാം ചൊല്ലിയും ഹസ്തദാനം ചെയ്തും സ്വീകരിക്കുക.
60) തനിക്കേറ്റം ബാധ്യത ഇണയോടാണെന്ന കാര്യം മറക്കാതിരിക്കുക.
61) അസാധ്യമായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കാതിരിക്കുക.
62) ചെലവുകള്‍ പരമാവധി ചുരുക്കി ജീവിതപങ്കാളിയെ സഹായിക്കുക.
63) ജീവിത പങ്കാളിയുടെ വീട്ടുകാരുമായി ഉറ്റബന്ധം നിലനിര്‍ത്തുക.
64) ഭക്ഷണം പരമാവധി രുചികരമാക്കാന്‍ ശ്രമിക്കുക.
65) ദുശ്ശാഠ്യം പൂര്‍ണമായും ഒഴിവാക്കുക. ഇണയുടെ ഇഷ്ടാനിഷ്ടങ്ങള്‍ നന്നായി മനസ്സിലാക്കി പ്രീതിനേടുന്ന രീതികളവലംബിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top