ജോലിയെ വിവാഹം കഴിക്കുന്നവര്‍

നാസിറുദ്ദീന്‍ ആലുങ്ങല്‍ No image

       അവര്‍ ഇണതുണകള്‍ രണ്ടുപേരും സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകരാണ്. ടീച്ചര്‍ എന്നും മാഷ് എന്നുമാണ് നാട്ടുകാര്‍ അവരെ വിളിച്ചത്. ടീച്ചര്‍ നാട്ടില്‍ ത്തന്നെയുള്ള സ്‌കൂളിലാണ് ജോലി ചെയ്യുന്നത്; മാഷ് തൊട്ടടുത്ത പട്ടണത്തിലും. ഒരു മണിക്കൂര്‍ യാത്ര ചെയ്തുവേണം അദ്ദേഹത്തിന് സ്‌കൂളിലെത്താന്‍. മറ്റൊരു മണിക്കൂര്‍ യാത്ര ചെയ്തുവേണം അദ്ദേഹത്തിന് തിരിച്ചു നാട്ടിലെത്താന്‍. അഞ്ച് അഞ്ചരയാവുമ്പോള്‍ അദ്ദേഹം നാട്ടിലെത്തും. പക്ഷെ, വീട്ടിലെത്താന്‍ രാത്രി പത്തു മണിയെങ്കിലുമാകും. മൂന്ന് കുട്ടികളുണ്ട് ഈ അധ്യാപക ദമ്പതികള്‍ക്ക്. മൂത്തവന് വയസ്സ് 14. ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. പഠിക്കാന്‍ മിടുക്കനാണ്. എന്നാല്‍, പറഞ്ഞതനുസരിക്കുന്നക്കു കാര്യത്തില്‍ അവനും പിറകിലാണെന്നാണ് അവന്റെ അമ്മക്ക് പരാതി. രണ്ടാമത്തെ കുട്ടി പെണ്ണാണ്. ആറാം ക്ലാസില്‍ പഠിക്കുന്നക്കുഅവള്‍ക്ക് പതിനൊന്നു വയസ്സായി. പ്രായം തികയാറായി എന്നാണ് അമ്മക്ക് അവളെക്കുറിച്ച് പറയാനുള്ളത്. മൂന്നാമത്തേത് ആണ്‍കുട്ടിയാണ്; ഏഴു വയസ്സ്. രണ്ടാം ക്ലാസില്‍ പഠനം. അവന്‍ വികൃതിക്കുട്ടിയാണ്.
കുറച്ചുകൂടി നേരത്തെ വീട്ടിലെത്തണമെന്ന് എന്നും ടീച്ചര്‍ അദ്ദേഹത്തോട് പറയും. എന്നാല്‍, മാഷ് എന്നും പത്തു മണിയോടെ മാത്രമേ വീട്ടിലെത്തുകയുള്ളൂ. അദ്ദേഹം നാട്ടിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. സാമൂഹ്യ പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ്. എത്ര ശ്രമിച്ചാലും അദ്ദേഹത്തിന്ന് നേരത്തെ വീട്ടിലെത്താന്‍ കഴിയില്ല. വീട്ടിലെത്തിയാല്‍ത്തന്നെ പൊതുപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകളിലോ ഫോണുകളിലോ ആയി പിന്നെയും അദ്ദേഹത്തിന് തിരക്കാണ്. എന്നാലും വലിയ പ്രശ്‌നമൊന്നുമില്ലാതെ ആ ദാമ്പത്യം മുന്നോട്ടു പോവുകയായി.
പെട്ടെന്നാണ് ടീച്ചറിലൊരു മാറ്റം പ്രത്യക്ഷപ്പെട്ടത്; ഒരു മൗനം. ഇതുവരെയില്ലാത്ത ദേഷ്യപ്പെടല്‍. എന്നാല്‍ എപ്പോഴും അങ്ങനെയല്ല. ഭൂരിഭാഗവും പഴയ ടീച്ചര്‍ തന്നെയാണ്. എന്നാലും ചിലപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഭാവമാറ്റം മാഷില്‍ കുറച്ചൊന്നുമല്ല അസ്വസ്ഥത ഉണ്ടാക്കിയത്. അദ്ദേഹം ഈ ഭാവമാറ്റത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ പല ശ്രമങ്ങളും നടത്തി. ഒന്നും പിടികിട്ടിയില്ല. ടീച്ചറോടുതന്നെ തിരക്കിനോക്കി. ഇതുവരെ കാണാത്ത ഒരു നോട്ടവും ഭാവമാറ്റവുമാണ് ടീച്ചറില്‍നിന്ന് കിട്ടിയത്.
ടീച്ചറിലുണ്ടായ ഈ മാറ്റം മക്കളെയും മാഷെയുമെല്ലാം ബാധിക്കാന്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹം കൗണ്‍സലിംഗ് സെന്ററില്‍ പരിഹാരം തേടിയെത്തിയത്. ആദ്യം ഒറ്റക്കാണ് വന്നത്. അദ്ദേഹത്തില്‍നിന്ന് കാര്യങ്ങള്‍ കേട്ടതിനു ശേഷം ടീച്ചറെയും കൂട്ടി ഒന്നിച്ചുവരാന്‍ നിര്‍ദ്ദേശിച്ച് പറഞ്ഞയച്ചു.
ടീച്ചറെയും കൂട്ടി അദ്ദേഹം വന്നു. കൂട്ടിക്കൊണ്ടുവന്നത് അവര്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല എന്ന് അവരുടെ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. അല്‍പസമയം ടീച്ചറുമായി നാട്ടുവര്‍ത്തമാനം പറഞ്ഞിരുന്നു. സ്‌കൂളിനെ സംബന്ധിച്ചു ചോദിച്ചു. ടീച്ചറുടെ ജോലിയെപ്പറ്റിയും പഠിതാക്കളെക്കുകുറിച്ചും അന്വേഷിച്ചറിഞ്ഞു. ആ സംസാരം ടീച്ചര്‍ക്ക് ആത്മവിശ്വാസം നല്‍കി. അപ്പോഴവരോട് കുടുംബത്തെക്കുറിച്ചും മാഷെക്കുറിച്ചും കുകുട്ടികളെക്കുറിച്ചും അന്വേഷിച്ചു.
ടീച്ചര്‍ വികാരാധീനയായി. ആദ്യ പ്രതികരണം കരച്ചിലായിരുന്നു. പിന്നീടവര്‍ സംസാരിക്കാന്‍ തുടങ്ങി. വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷം കഴിഞ്ഞു. ടീച്ചര്‍ക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞപ്പോഴായിരുന്നു വിവാഹം. ഇപ്പോള്‍ മുപ്പത്തിമൂന്ന് വയസ്സു കഴിഞ്ഞു. ടീച്ചര്‍ ആഗ്രഹിച്ചകുടുംബത്തെയും ഭര്‍ത്താവിനെയും തന്നെയാണ് അവര്‍ക്ക് ലഭിച്ചതെന്ന് അവര്‍ നന്ദിപൂര്‍വ്വം ഓര്‍മ്മിച്ചു.
മാഷ് നല്ല സ്‌നേഹമുള്ളവനായിരുന്നു. എപ്പോഴും കൂടെയുണ്ടാകും. എവിടെ പോകുമ്പോഴും കൂടെ കൂട്ടും. വലിയ ഭാഗ്യവതിയാണ് താനെന്ന് ടീച്ചര്‍ പലപ്പോഴും സ്വയം അഭിമാനിച്ചു. അതു സത്യവുമായിരുന്നു. സ്‌കൂള്‍ വിട്ടാല്‍ മാഷ് അഞ്ചരക്കു മുമ്പ് വീട്ടിലെത്തും. ടീച്ചര്‍ മുറ്റത്തുതന്നെ കാത്തുനില്‍ക്കുന്നുണ്ടാവും. മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷം കാണുമ്പോഴുള്ള ദമ്പതികളുടെ കൂടിക്കാഴ്ച പോലെയുള്ള കൂടിക്കാഴ്ചയാണ് ഓരോ വൈകുന്നേരവും അവര്‍ക്കിടയില്‍ സംഭവിക്കുന്നത്. വൈകുന്നേരത്തെ ലഘു ഭക്ഷണം അവര്‍ ഒന്നിച്ചിരുന്ന് കഴിക്കും. പിന്നെ കൈപിടിച്ച് തൊടിയിലൊക്കെ വെറുതെ നടക്കും. മുറ്റത്തെ ചെടികള്‍ക്കൊക്കെ വളംചേര്‍ത്തും വെള്ളംനനച്ചും ഒന്നിച്ച് മുട്ടിയുരുമ്മിയുള്ള നടത്തം. ഒഴിവു ദിവസങ്ങളില്‍ മാഷ് ടീച്ചറുടെ സമീപത്ത് അടുക്കളയില്‍ ചുറ്റിക്കറങ്ങും. ജോലിയില്‍ സഹായിക്കും. വീട്ടുപണികളെല്ലാം പെട്ടെന്നു ചെയ്തുതീര്‍ക്കാന്‍ സഹായിച്ച് കൈപിടിച്ച് പകല്‍പോലും കിടപ്പുമുറിയിലേക്കുനടക്കും. അവരുടെ ഏതു കാര്യവും കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മിടുക്ക് കാണിച്ചു. മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന ദാമ്പത്യ ജീവിതത്തില്‍ ടീച്ചര്‍ സ്വയം നല്ല ഇണയുമായി. മക്കള്‍ വളര്‍ന്നതും ആ കുളിര്‍മയുടെ തെളിച്ചത്തിലായി. മക്കളുടെ പഠനം അവരുടെ ഒന്നിച്ചുള്ള മേല്‍നോട്ടത്തിലായി. അച്ഛന്റെ പരിലാളനയില്‍ വളരുന്ന തന്റെ കുട്ടികളുടെ ഭാഗ്യത്തില്‍ ടീച്ചര്‍ അഭിമാനംകൊണ്ടു.
എന്നാല്‍, പിന്നെപ്പിന്നെ മാഷ് ആ പതിവു തെറ്റിക്കാന്‍ തുടങ്ങി. സ്‌കൂള്‍വിട്ടു വീട്ടിലെത്താന്‍ വൈകിത്തുടങ്ങി. അവര്‍ക്കിടയില്‍ എന്തെങ്കിലും പിണക്കമോ തെറ്റോ ഉണ്ടായതുകൊണ്ടല്ല മാഷ് അങ്ങനെയായത്. നാട്ടിലെ സാമൂഹ്യപ്രവര്‍ത്തനത്തില്‍ മാഷ് പണ്ടേ കുറച്ചൊക്കെ പങ്കെടുക്കുമായിരുന്നു. അതില്‍ മാഷ് കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. മാത്രമല്ല, അധ്യാപക സംഘടനയിലെ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ താല്‍പര്യവും ഉണ്ടായിട്ടുണ്ട്. നാട്ടുകാര്‍ക്കൊക്കെ വലിയ മതിപ്പാണ് മാഷിനെക്കുറിച്ച്. ആരുടെ എന്താവശ്യത്തിനുംകൂടെ ഉണ്ടാകുന്ന മാഷിനെ എല്ലാവര്‍ക്കും നല്ല ഇഷ്ടമാണ്. അതുകൊണ്ടുതന്നെ മാഷിനെ മിസ് ചെയ്യുന്നതില്‍ ടീച്ചര്‍ വലിയ പരിഭവക്കാരിയായിരുന്നില്ല. മാത്രവുമല്ല, അന്നൊക്കെ മാഷ് എത്ര വൈകിയാലും എട്ടു മണിക്കു മുമ്പ് വീട്ടിലെത്തുമായിരുന്നു. കുളി കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം ടീച്ചറുടെയും മക്കളുടെയും ഒപ്പം തന്നെയായിരിക്കും. പുതുമ നഷ്ടപ്പെടാത്ത മധുവിധുവില്‍ ലയിച്ച ജീവിതം അവര്‍ക്കിരുവര്‍ക്കും വലിയ സന്തോഷം നല്‍കുന്നതായിരുന്നു. ടീച്ചര്‍ ഏറെ ശാന്തമായാണ് ഇതൊക്കെ സംസാരിച്ചുകൊണ്ടിരുന്നത്. പിന്നെ ടീച്ചര്‍ മൗനം പാലിച്ചു; നീണ്ട മൗനം.
പിന്നെയാ മൗനം കണ്ണുനീരും തേങ്ങലുമായി മാറി. കണ്ണീരോടും തേങ്ങലോടും കൂടി ടീച്ചര്‍ പിന്നെയും തുടര്‍ന്നു. ഇപ്പോള്‍ മാഷ് ഒരു കാര്യത്തിലും ശ്രദ്ധിക്കുന്നില്ല. അവരെ ഒട്ടും പരിഗണിക്കുന്നില്ല. രാവിലെ ഏഴു മണിക്ക് വീട്ടില്‍ നിന്നുമിറങ്ങും. രാത്രി പത്തുമണി കഴിഞ്ഞേ തിരിച്ചു വീട്ടില്‍ കയറുകയുള്ളൂ. വന്നാല്‍ ഉടനെ കുളിക്കും. അതില്‍ മാത്രം മാറ്റമൊന്നുമില്ല. പിന്നെ ഭക്ഷണം കഴിക്കും. ടീച്ചറോട് ഭക്ഷണം കഴിച്ചുവോ എന്നു പോലും ചോദിക്കില്ല. ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകള്‍ തുടങ്ങും. നോട്ടീസ് രചന, കണക്കെഴുത്ത്, ഫോണ്‍ വിളികള്‍. ഫോണ്‍ വിളിച്ചുകൊണ്ടുള്ള ഉറക്കെയുറക്കെയുള്ള ചിരി. കുട്ടികളുടെ കാര്യത്തെപ്പറ്റിയുള്ള ചെറിയ അന്വേഷണം പോലുമില്ല. മൂത്തവന്റെ അനുസരണക്കേടിനെ കുറിച്ചു പറഞ്ഞപ്പോള്‍ കേട്ട ഭാവംപോലും ഉണ്ടായില്ല. ശാരീരിക ബന്ധത്തെ കുറിച്ചു ചോദിച്ചതിന് ടീച്ചര്‍ പറഞ്ഞ മറുപടി, 'അദ്ദേഹം ജോലിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്' എന്നാണ്. ടീച്ചര്‍ക്ക് അദ്ദേഹത്തിന്റെ ഈ സ്വഭാവമെല്ലാം അസഹ്യമായി തോന്നിത്തുടങ്ങി. ദേഷ്യവും സങ്കടവും സഹിക്കാന്‍ വയ്യാതെ ടീച്ചര്‍ വല്ലാത്ത ഒരവസ്ഥയിലായിരുന്നു.
അവരുടെ തേങ്ങല്‍ അല്‍പം ഉച്ചത്തിലായി. അവരെ ആശ്വസിപ്പിക്കാനും അവര്‍ക്ക് മനോധൈര്യം നല്‍കാനും മറ്റൊരു കുടുംബത്തിന്റെ ഇതുപോലുള്ള സംഭവവും അവര്‍ അത് പരിഹരിച്ച കാര്യവും അവരെ കേള്‍പ്പിച്ചു. ആ കുടുംബത്തിന്റെ ലീഡര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ യു.ഡി ക്ലര്‍ക്കായിരുന്നു. ഓഫീസ് ഫയലുകളുമായി വീട്ടിലേക്ക് വരുന്നതും വീട് ഓഫീസിനു ശേഷമുള്ള ഓഫീസാക്കി മാറ്റുന്നതും അദ്ദേഹം പതിവാക്കി. മക്കളുടെയോ ഭാര്യയുടെയോ ഒരു കാര്യവും അദ്ദേഹം അന്വേഷിക്കില്ല. ജോലി ചെയ്യുന്നതിനിടക്ക് അദ്ദേഹത്തിന് നിരന്തരം കട്ടന്‍ ചായ വേണം. അതുണ്ടാക്കിക്കൊടുക്കുന്ന ഒരു വേലക്കാരിയുടെയോ യന്ത്രത്തിന്റെയോ പണിയിലേക്ക് ഭാര്യയുടെ സ്ഥാനം ചുരുങ്ങി. ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവയായതു പോലെ ആ യുവതിക്ക് തോന്നി; മക്കള്‍ക്ക് അച്ഛനില്ലാതെയായതു പോലെയും. ചിലപ്പോളവള്‍ക്ക് തോന്നിയത് അവളൊരു സര്‍ക്കാര്‍ ഓഫീസിലാണ് താമസിക്കുന്നത് എന്നാണ്.
ആ യുവതി മാനസികമായി തളര്‍ന്നു. അവളുടെ സ്വപ്നങ്ങളും ദാമ്പത്യ ജീവിതവും തകര്‍ന്നതായി അവള്‍ക്കു തോന്നി. അവള്‍ ഭര്‍ത്താവിനോടു പരാതി പറഞ്ഞു. കുറച്ചു സമയം അവളോടും മക്കളോടുമൊപ്പം ചെലവഴിക്കാന്‍ തയ്യാറാവണമെന്ന് അവള്‍ ഭര്‍ത്താവിനോട് അപേക്ഷിച്ചു. എന്നാല്‍, നിരന്തരമായ അവളുടെ പരാതിയും അപേക്ഷയും അയാളില്‍ കോപമുണ്ടാക്കി. അയാള്‍ അവളോട് ദേഷ്യപ്പെടാന്‍ തുടങ്ങി. അതവളെ കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലാക്കി. അവള്‍ അവളുടെ ഭര്‍ത്താവിനെ വളരെയേറെ സ്‌നേഹിക്കുന്നുണ്ടായിരുന്നു. അയാള്‍ അവളോട് കോപിക്കുന്നത് അവള്‍ക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഭര്‍ത്താവിന്റെ അവഗണനയും അവള്‍ക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഈ സമ്മര്‍ദ്ദത്തിലകപ്പെട്ട അവളുടെ മനസ്സ് അതിനൊരു ഉപായം കണ്ടുപിടിച്ചു. മനസ്സിന്റെ ഒരു നിഗൂഢ പ്രവര്‍ത്തനം. ഭര്‍ത്താവിന്റെ സാമിപ്യവും സ്‌നേഹവും ആസ്വദിക്കാന്‍ ഒരു മാര്‍ഗ്ഗം. ആ ഓഫീസിലെ പണിക്കാരിയാണ് താനെന്ന് അവള്‍ സ്വയം വിചാരിച്ചു. മേലുദ്യോഗസ്ഥനായി ഭര്‍ത്താവിനെ കണ്ടു.
അയാള്‍ക്ക് ഫയലുകളെടുത്തു കൊടുത്തും കട്ടന്‍ ചായ ഉണ്ടാക്കിക്കൊടുത്തും അവള്‍ അയളോടൊപ്പം നിന്നു. അങ്ങനെ അയാളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. അതിലൊതുങ്ങാനും അവളാഗ്രഹിച്ചു. സംസാരം പോലും അങ്ങനെയായി. ഭാര്യയിലുള്ള മാറ്റം അയാളുടെ ശ്രദ്ധയില്‍ വന്നു. അപ്പോഴാണ് അയാള്‍ കൗണ്‍സലിംഗ് സെന്ററില്‍ എത്തുന്നത്. കൗണ്‍സലിംഗ് സെഷനുകള്‍ പലതു കഴിഞ്ഞു. അയാള്‍ ഓഫീസ് ഫയലുകളും പേപ്പറുകളും വീട്ടിലേക്ക് കൊണ്ടുവരുന്നത് അവസാനിപ്പിച്ചു. ഓഫീസ് ജോലി വീട്ടിലിരുന്ന് ചെയ്യുന്ന പതിവും അദ്ദേഹം അവസാനിപ്പിച്ചു. ഓഫീസ് സമയം കഴിഞ്ഞാല്‍ അദ്ദേഹം എത്രയും പെട്ടെന്ന് വീട്ടിലെത്താന്‍ തുടങ്ങി. ബാക്കിയുള്ള സമയം ഭാര്യയെയും മക്കളെയും കൂട്ടി അദ്ദേഹം അടുക്കളത്തോട്ടം പരിചരിച്ചു. ബന്ധുവീടുകളും മറ്റും സന്ദര്‍ശിച്ചു. വെറുതെ നടക്കാന്‍ പോയി. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. പ്രാര്‍ത്ഥനയും വേദപാരായണവും ഒക്കെ ഒന്നിച്ചാക്കി. ഇതയാള്‍ പതിവാക്കിയപ്പോള്‍ അയാളുടെ ഭാര്യ പതിയെ പതിയെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവന്നു. അവരുടെ ദാമ്പത്യവും കുടുംബ ജീവിതവും സാധാരണ അവസ്ഥ വീണ്ടെടുത്തു.
ആ സംഭവം കേട്ടുകഴിഞ്ഞപ്പോള്‍ ടീച്ചര്‍ അല്‍പം ആശ്വാസം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലായി. അതുപയോഗപ്പെടുത്തി അവരില്‍ പ്രതീക്ഷയും മനോധൈര്യവും വളര്‍ത്തി. കാര്യങ്ങള്‍ ശരിയാക്കാമെന്ന ആശ്വാസത്തിലവരെത്തിയപ്പോള്‍ അവരുടെ സാന്നിധ്യത്തിലല്ലാതെ മാഷോട് സംസാരിക്കാന്‍ തീരുമാനിച്ചു.
അദ്ദേഹം മറ്റുചില പ്രയാസങ്ങള്‍ പങ്കുവെച്ചു. രണ്ടാമത്തെ കുട്ടിയുണ്ടായതിനു ശേഷം ടീച്ചര്‍ ആളാകെ മാറിയിരിക്കുന്നു. പണ്ടൊക്കെ മാഷ് സ്‌കൂളില്‍നിന്നും അഞ്ച് അഞ്ചര മണിയാവുമ്പോഴേക്കും വീട്ടിലെത്തുമായിരുന്നു. അന്ന് ടീച്ചര്‍ മുറ്റത്ത് അദ്ദേഹത്തെ കാത്തുനില്‍ക്കുമായിരുന്നു. പിന്നെയുള്ള അവരുടെ ജീവിതം നേരത്തെ വിശദീകരിച്ചിട്ടുണ്ട്. പക്ഷെ, രണ്ടാമത്തെ പ്രസവത്തിനു ശേഷം ടീച്ചര്‍ പതിവൊക്കെ മാറ്റി. അവള്‍ കുട്ടികളുടെ ലോകത്തേക്ക് ചുരുങ്ങിയതു പോലെ തോന്നി. മാത്രവുമല്ല, പണ്ടൊന്നും ടീച്ചര്‍ സ്‌കൂള്‍ ജോലികള്‍ വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നില്ല. പഠിപ്പിക്കുന്ന കുട്ടികളുടെ ക്ലാസ് പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പോലും വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നില്ല.
ഇപ്പോഴിങ്ങനെയല്ല. ഉത്തരക്കടലാസുകളുള്‍പ്പെടെ എന്തൊക്കെ പേപ്പറുകളാണ് അവരിന്ന് വീട്ടിലേക്ക് കൊണ്ടുവരുന്നത്! മാഷ് വന്നാല്‍ അടുത്തു ചെല്ലാന്‍ ഇന്ന് ടീച്ചര്‍ ശ്രദ്ധിക്കാറേയില്ല. സംസാരിക്കാനോ കളിതമാശകള്‍ പറയാനോ വല്ലപ്പോഴെങ്കിലും സ്വകാര്യതകളിലേക്ക് ഒറ്റക്കാവാനോ അവരെ കിട്ടാതെ മാഷ് വിഷമിച്ചു. നാം അത്ഭുതപ്പെടുന്ന സന്ദര്‍ഭങ്ങള്‍.
ഒന്നിച്ചൊന്നായി ജീവിച്ചിരുന്നവര്‍ എന്തെല്ലാമോ തെറ്റിദ്ധാരണകളുടെ പേരില്‍ സമാധാനമില്ലാത്ത ജീവിതാവസ്ഥയിലേക്ക് വീണുപോവുക! വീട്ടിലേക്ക് വൈകിയെത്തിയും ആവശ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാതെയും ഓഫീസ് ജോലികളോ കച്ചവട കാര്യങ്ങളോ ഒക്കെ വീട്ടിലേക്ക് കൊണ്ടുവന്നും സാമൂഹ്യ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങളിലെ സന്തുലിതമില്ലായ്മ കൊണ്ടുമൊക്കെ ഈ വീഴ്ച സംഭവിക്കാവുന്നതാണ്. ഇത്തരമൊരു വീഴ്ചയാണ് മാഷിനും ടീച്ചറിനും സംഭവിച്ചത്.
നേരത്തെ വിവരിച്ച ആ സംഭവം -യു.ഡി ക്ലര്‍ക്കിന്റെ കുടുംബത്തിന്റെ സംഭവം- മാഷോടും വിശദീകരിച്ചു. ടീച്ചറുടെ മാനസികാവസ്ഥയും അവരുടെ ആഗ്രഹവും മാഷ് ഉള്‍ക്കൊള്ളാന്‍ തയ്യാറായി. കാര്യങ്ങള്‍ ടീച്ചറുടെക്കൂടി സാന്നിധ്യത്തില്‍ ഒന്നിച്ചിരുന്ന് സംസാരിക്കാന്‍ തീരുമാനിച്ചു. മാഷിന്റെ മാനസികാവസ്ഥയും അദ്ദേഹത്തിന്റെ ആഗ്രഹവും മനസ്സിലാക്കുന്നതില്‍ ടീച്ചറും വിജയിച്ചു.
പിന്നെയവര്‍ യു.ഡി ക്ലര്‍ക്ക് അദ്ദേഹത്തിന്റെ കുടുംബത്തില്‍ നടപ്പാക്കിയതുപോലെ ചില പരിഷ്‌കരണങ്ങള്‍ നടപ്പാക്കുവാനും തീരുമാനിച്ചു. അതിന്റെയടിസ്ഥാനത്തില്‍ അവര്‍ രണ്ടു പേരും ഓഫീസ് ഫയലുകളും പേപ്പറുകളും വീട്ടിലേക്ക് കൊണ്ടുവരുന്നത് അവസാനിപ്പിച്ചു. ഓഫീസ് ജോലി വീട്ടിലിരുന്ന് ചെയ്യുന്ന പതിവും അവര്‍ അവസാനിപ്പിച്ചു. ഓഫീസ് സമയം കഴിഞ്ഞാല്‍ മാഷ് എത്രയും പെട്ടെന്ന് വീട്ടിലെത്താന്‍ തുടങ്ങി. വീട്ടില്‍ പോയതിനുശേഷം അദ്ദേഹം രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങള്‍ക്കായി ആവശ്യമെങ്കില്‍ പുറത്തുപോകും. അപ്പോഴും എട്ടര അല്ലെങ്കില്‍ ഒമ്പതു മണിക്കുമുമ്പ് അദ്ദേഹം വീട്ടിലെത്താന്‍ ശ്രദ്ധിച്ചു. ഒഴിവു ദിവസങ്ങളില്‍ അദ്ദേഹം ഭാര്യയെയും മക്കളെയും കൂട്ടി അടുക്കളത്തോട്ടം പരിചരിച്ചു. ബന്ധുവീടുകളും മറ്റും സന്ദര്‍ശിച്ചു. വെറുതെ നടക്കാന്‍ പോയി. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. പ്രാര്‍ത്ഥനയിലും വേദ പാരായണത്തിലും പഠനത്തിലും കുടുംബം ഒന്നിച്ചു പങ്കെടുത്തു. അവരുടെ ദാമ്പത്യവും കുടുംബജീവിതവും വീണ്ടും സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവന്നു.
കുടുംബത്തിന്റെ ലീഡര്‍ പുരുഷനാണ്. അതൊരു സ്ഥാനാലങ്കാരമല്ല. അതൊരു ഉത്തരവാദിത്തമാണ്. അധ്വാനിക്കാനും പണം കണ്ടെത്താനും കുടുംബം പുലര്‍ത്താനും ബാധ്യതയും ചുമതലയുമുള്ളവന്‍ അവന്‍ മാത്രമാണ്. അതിനര്‍ത്ഥം അദ്ദേഹത്തിന് ജോലി ചെയ്യലും പണം സമ്പാദിക്കലും മാത്രമാണ് പണിയെന്നല്ല. അദ്ദേഹം കുടുംബം പുലര്‍ത്തുക കൂടി വേണം; സമാധാനമുള്ള കുടുംബം. കുടുംബാംഗങ്ങളുടെ മാനസികോല്ലാസവും തൃപ്തിയും കൂടി ഈ കുടുംബ നേതാവ് പരിഗണിക്കണം.
അതുപോലെ പ്രാധാന്യമുള്ള കാര്യം തന്നെയാണ് ദൈവിക ദര്‍ശനത്തിന്റെ വ്യാപനത്തിനായുള്ള ശ്രമങ്ങളും നാടിന്റെ നന്മക്കുവേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും സാമൂഹ്യ പ്രവര്‍ത്തനവും. അതിനെല്ലാമുള്ള സമയം കണ്ടെത്താന്‍ കൂടി സ്ത്രീകളും കുട്ടികളും അദ്ദേഹത്തെ സഹായിക്കുകയും അദ്ദേഹത്തോടു സഹകരിക്കുകയും വേണം. എല്ലാ ഉത്തരവാദിത്തങ്ങളും മനസ്സിലാക്കുകയും അവയുടെ നിര്‍വഹണം സന്തുലിതമായ രീതിയില്‍ ക്രമീകരിക്കുകയും ചെയ്താല്‍ കുടുംബ ജീവിതം സമാധാനപൂര്‍ണ്ണമായിത്തീരും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top