ഷാജഹാന്‍ ബീഗത്തിനു ശേഷം പുത്രി സുല്‍ത്താന്‍ ജഹാന്‍ ബീഗം 1901-ല്‍ അധികാരത്തിലേറി. ഭോപ്പാലിലെ നൂറ്റാണ്ടു നീണ്ട
ഭോപ്പാലിലെ ബീഗങ്ങള്‍-4
ഷാജഹാന്‍ ബീഗത്തിനു ശേഷം പുത്രി സുല്‍ത്താന്‍ ജഹാന്‍ ബീഗം 1901-ല്‍ അധികാരത്തിലേറി. ഭോപ്പാലിലെ നൂറ്റാണ്ടു നീണ്ട പെണ്‍ഭരണത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു അവര്‍. തന്റെ മുന്‍ഗാമികളായ മാതാവ് ഷാജഹാന്‍ ബീഗവും മുത്തശ്ശി സിക്കന്തര്‍ ബീഗവും മുതുമുത്തശ്ശി ഖുദ്‌സിയ്യ ബീഗവും അവരുടെ ബാല്യത്തിലോ കൗമാരത്തിലോ ഭരണഭാരം മുതുകിലേറ്റാന്‍ വിധിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ അവരില്‍നിന്നും വ്യത്യസ്തമായി തന്റെ 43-ാം വയസ്സിലാണ് ജഹാന്‍ ബീഗം അധികാരത്തിലേറിയത്. ഏതാണ്ടൊരു കാല്‍ നൂറ്റാണ്ടുകാലം അവര്‍ ഭരണം നടത്തുകയുണ്ടായി. തന്റെ പരിഷ്‌കരണോന്മുഖമായ പ്രവര്‍ത്തനങ്ങളിലൂടെ ഭോപ്പാലിലെ ബീഗങ്ങളില്‍ ഏറ്റവും പ്രഗത്ഭയെന്ന ഖ്യാതി സ്വന്തമാക്കാന്‍ അവര്‍ക്ക് സാധിച്ചു. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും സ്ത്രീ മുന്നേറ്റത്തിനും അര്‍പ്പിച്ച സേവനങ്ങള്‍ ചരിത്രത്തില്‍ അവിസ്മരണീയമായൊരു ഇടം അവര്‍ക്കു നേടിക്കൊടുത്തു.
സുല്‍ത്താന്‍ ഷാജഹാന്‍ ബീഗത്തിന്റെയും നവാബ് ബാഖീ മുഹമ്മദ് ഖാന്റെയും പുത്രിയായി 1855-ലാണ് ജഹാന്‍ ബീഗം ജനിച്ചത്. ഇന്ത്യയുടെ അധികാരം ഈസ്റ്റിന്ത്യാ കമ്പനിയില്‍നിന്ന് ബ്രിട്ടീഷ് രാജവംശം ഏറ്റുവാങ്ങുകയും വിക്‌ടോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവര്‍ത്തിനിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത ദിവസമായിരുന്നു അതെന്ന് ജഹാന്‍ ബീഗം അനുസ്മരിക്കുന്നുണ്ട്. ഷാജഹാന്‍ ബീഗം പ്രമുഖ പണ്ഡിതനായ സിദ്ദീഖ് ഹസ്സന്‍ ഖാനുമായി വിവാഹസംബന്ധത്തിലേര്‍പ്പെട്ടതിനാല്‍ മുത്തശ്ശിമാരായ സിക്കന്തര്‍ ബീഗത്തിന്റെയും ഖുദ്‌സിയ്യാ ബീഗത്തിന്റെയും സംരക്ഷണത്തിലാണ് ജഹാന്‍ ബീഗം വളര്‍ന്നത്. 'ഗൗറെ ഇഖ്‌വാല്‍' എന്ന ആത്മകഥാ പുസ്തകത്തില്‍ തന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് വിശദമായ വിവരണം അവര്‍ നല്‍കുന്നുണ്ട്. ആചാരപരമായി 'ബിസ്മില്ല' ഓതിക്കൊണ്ടായിരുന്നു അവരുടെ വിദ്യാരംഭം. വായന, ഖുര്‍ആന്‍ പരിഭാഷ, കൈയെഴുത്ത്, ഗണിതം, പേര്‍ഷ്യന്‍ പുസ്തു, ഇംഗ്ലീഷ് ഭാഷകള്‍, കുതിര സവാരി, ഫെന്‍സിംഗ് തുടങ്ങിയവയെല്ലാം ചെറുപ്പത്തില്‍ തന്നെ അഭ്യസിച്ചു. മുന്‍ഷി ഹുസൈന്‍ഖാന്‍, മൗലവി ജമാലുദ്ദീന്‍ ഖാന്‍ പണ്ഡിറ്റ് ഗണപത് റായ് തുടങ്ങിയ പ്രഗത്ഭരായ അധ്യാപകരെക്കൊണ്ട് അവര്‍ക്ക് സ്വകാര്യ ട്യൂഷന്‍ നല്‍കുന്നതിന് സിക്കന്തര്‍ ബീഗം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ജഹാന്‍ ബീഗം അധികാരത്തിലേറുന്നതിന്റെ മുമ്പുതന്നെ, അവരുടെ ജീവിതത്തിന്റെ നെടുംതൂണുകളായിരുന്ന ഖുദ്‌സിയ്യാ ബീഗവും സിക്കന്തര്‍ ബീഗവും ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞിരുന്നു. അധികാരാരോഹണത്തിന്റെ തൊട്ടടുത്ത വര്‍ഷം ഭര്‍ത്താവും മരണപ്പെട്ടു. അതിനാല്‍ വലിയൊരളവോളം ഒറ്റക്കാണ് അവര്‍ തന്റെ ഭരണത്തിന് തുടക്കം കുറിച്ചത്. മാതാവ് ഷാജഹാന്‍ ബീഗത്തിന്റെ ആഡംബരപൂര്‍ണവും വിനോദ വിലസിതവുമായ ജീവിതത്തെക്കാള്‍ മുത്തശ്ശിമാരായ ഖുദ്‌സിയ്യാ ബീഗത്തിന്റെയും സിക്കന്തര്‍ ബീഗത്തിന്റെയും ഭക്തിപൂര്‍ണ്ണവും അനാസക്തവുമായ ലളിത ജീവിത ശൈലിയെയാണ് ജഹാന്‍ ബീഗം മാതൃകയാക്കിയത്. എന്നാല്‍ പര്‍ദ്ദയുടെ കാര്യത്തില്‍ അവര്‍ രണ്ടുപേരില്‍നിന്നും ഭിന്നമായ സമീപനം സ്വീകരിച്ചു. കര്‍ക്കശമായ പര്‍ദ്ദാ സമ്പ്രദായം സ്വീകരിച്ച അവര്‍ 'ഹിജാബ്' എന്ന പേരില്‍ ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. മുഖവും മുന്‍കൈയും അടക്കം ശരീരഭാഗം മുഴുവന്‍ മറക്കണമെന്ന വീക്ഷണമാണ് അവര്‍ക്കുണ്ടായിരുന്നത്. വിദ്യാഭ്യാസം, യാത്ര, ജീവകാരുണ്യം, സാമൂഹ്യസേവനം, ഭരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പര്‍ദ്ദ തടസ്സമല്ലെന്ന് അവര്‍ സിദ്ധാന്തിക്കുകയും സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ അത് തെളിയിക്കുകയും ചെയ്തു. പര്‍ദ്ദ വലിച്ചെറിഞ്ഞതുമൂലം യൂറോപ്പും അമേരിക്കയും അനുഭവിക്കുന്ന സാമൂഹിക ദുരന്തങ്ങളെക്കുറിച്ച് തന്റെ പുസ്തകത്തില്‍ അവര്‍ വിവരിക്കുന്നുണ്ട്.
'Why pardha is necessary' എന്ന ശീര്‍ഷകത്തില്‍ 1920-ല്‍ ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
അധികാരത്തിലേറിയ ശേഷം ഭോപ്പാലിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സുദീര്‍ഘമായി സഞ്ചരിച്ച് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ ശ്രമിക്കുകയുണ്ടായി. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും മേഖലകളിലാണ് സ്ത്രീകള്‍ ഏറ്റവും വലിയ പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നതെന്ന് പ്രസ്തുത യാത്രകള്‍ അവരെ ബോധ്യപ്പെടുത്തി. ആരോഗ്യ പരിപാലനം ലക്ഷ്യംവെച്ച് ഭോപ്പാലില്‍ രണ്ട് ആശുപത്രികള്‍ അവര്‍ സ്ഥാപിച്ചു. പ്രിന്‍സ് ഓഫ് വെയില്‍സ് ഹോസ്പിറ്റല്‍ അതിലൊന്നാണ്. ഇത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ആശുപത്രിയായിരുന്നു. സ്ത്രീകള്‍ക്ക് മാത്രമുള്ള 'ലേഡി ലാന്റ്‌സ്' ടൗണ്‍ ആശുപത്രിയായിരുന്നു രണ്ടാമത്തേത്. ഇത് പിന്നീട് 'സുല്‍ത്താനിയാ സനാനാ ഹോസ്പിറ്റല്‍' എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. അനാഥകളും അഗതികളുമായ ധാരാളം പെണ്‍കുട്ടികള്‍ക്ക് ഇവിടെ നഴ്‌സിംഗിലും മിഡ്‌വൈഫറിയിലും പരിശീലനം നല്‍കിയിരുന്നു. മാത്രമല്ല, ഒരു ഇന്‍ഫാന്റ് ഹോം (ശിശു മന്ദിരം) സ്ഥാപിച്ച് അനാഥകളും അഗതികളുമായ കുട്ടികളുടെ സംരക്ഷണത്തിനുള്ള ഏര്‍പ്പാടുകളും ചെയ്തു. നഴ്‌സിംഗിന്റെ പ്രാധാന്യത്തെപ്പറ്റി അവര്‍ പറയുകയുണ്ടായി. 'രോഗാവസ്ഥയില്‍ നല്ല ഡോക്ടര്‍മാരും നല്ല മരുന്നുകളും മാത്രം മതിയാവുകയില്ല. നല്ല നഴ്‌സുമാരും അത്യാവശ്യമാണ്. നഴ്‌സിംഗിലുള്ള അജ്ഞത നിമിത്തം എത്ര രോഗികളാണ് പ്രയാസമനുഭവിക്കുന്നതെന്ന് എന്റെ സ്വന്തം അനുഭവത്തില്‍ നിന്നുതന്നെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. യൂറോപ്പില്‍ ധാരാളം സ്ത്രീകള്‍ക്ക് ഈ കലയില്‍ വിദഗ്ധ പരിശീലനം കിട്ടുന്നുണ്ട്. അവരത് ഒരു പ്രൊഫഷനായി പ്രക്ടീസ് നടത്തുകയും ചെയ്യുന്നു. ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും മാത്രമല്ല, വീടുകളിലും സേവനമനുഷ്ഠിക്കാന്‍ അവര്‍ സന്നദ്ധരാണ്. നഴ്‌സിംഗില്‍ അല്‍പമെങ്കിലും പരിജ്ഞാനമില്ലാത്ത സ്ത്രീകള്‍ യൂറോപ്പില്‍ വിരളമാണ്. എന്നാല്‍, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്ത്യയില്‍ മറിച്ചാണ് അവസ്ഥ. അതിനാല്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് നഴ്‌സിംഗില്‍ പരിശീലനം നല്‍കി സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പെട്ട ആളുകള്‍ക്ക് അത്യാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കേണ്ടിയിരിക്കുന്നു. ഇക്കാര്യം മനസ്സില്‍ വെച്ചുകൊണ്ടാണ് ഞാന്‍ ഭോപ്പാലില്‍ ഒരു നഴ്‌സിംഗ് സ്‌കൂള്‍ ആരംഭിച്ചത്.'
1909-ലാണ് ലേഡി ലിന്‍ഡോ നഴ്‌സിംഗ് സ്‌കൂള്‍ എന്ന പേരില്‍ നഴ്‌സിംഗ് പരിശീലന കേന്ദ്രം സ്ഥാപിക്കപ്പെട്ടത്. മദ്രസാ ആസിഫിയ്യ എന്ന പേരില്‍ തന്റെ നാട്ടുരാജ്യത്തിലെ ആദ്യത്തെ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനും അവര്‍ തുടക്കംകുറിച്ചു. അതിനു പുറമെ നാടിന്റെ വിവിധ ഭാഗങ്ങളിലായി 30-ല്‍ പരം ഡിസ്‌പെന്‍സറികളും സ്ഥാപിച്ചു. സ്ത്രീകളായ ആരോഗ്യ പ്രവര്‍ത്തകരാണ് ഡിസ്‌പെന്‍സറികള്‍ നടത്തിയിരുന്നത്. അവര്‍ക്ക് നഴ്‌സിംഗിനു പുറമെ മിഡ്‌വൈഫുകളുടെ പരിശീലനത്തിനും ജഹാന്‍ ബീഗം മുന്‍കൈയെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ എഴുതിക്കൊടുക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തവര്‍ മിഡ്‌വൈഫുകളായി പ്രാക്ടീസ് ചെയ്യുന്നത് വിലക്കുകയും ചെയ്തു.
1920-ല്‍ ഡല്‍ഹിയില്‍ നടത്തിയ പ്രഭാഷണത്തില്‍ പാശ്ചാത്യ വൈദ്യശാസ്ത്രവും യൂനാനി സമ്പ്രദായവും സംയോജിപ്പിച്ചുകൊണ്ടുള്ള പരിശീലനത്തിന്റെ പ്രാധാന്യത്തെ അവര്‍ എടുത്തുപറയുന്നുണ്ട്. കുട്ടികളെ ആരോഗ്യമുള്ളവരാക്കി വളര്‍ത്തിയെടുക്കാന്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നതിനുവേണ്ടി 1919-ല്‍ അവര്‍ 'സ്‌കൂള്‍ ഓഫ് മദേഴ്‌സ്' സ്ഥാപിക്കുകയും ചെയ്തു.
ആരോഗ്യ പരിപാലനത്തെക്കുറിച്ച് തന്തുരുസ്തി (ആരോഗ്യം), ഹിഫ്‌സോ സിഹത്ത് (ആരോഗ്യ പരിരക്ഷണം) എന്നീ രണ്ട് പുസ്തകങ്ങള്‍ അവര്‍ എഴുതിയിട്ടുണ്ട്.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ സ്ത്രീ വിമോചനം സാധ്യമാവുകയുള്ളൂവെന്നും വിദ്യാഭ്യാസമാണ് സ്ത്രീകളുടെ ഏറ്റവും മികച്ച ആഭരണമെന്നും ജഹാന്‍ ബീഗം വിശ്വസിച്ചു. 'സ്ത്രീകള്‍ സമൂഹത്തിന്റെ പാതിയാണെന്ന സത്യം ഇന്ന് വിസ്മരിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ ഈ സുപ്രധാന ഭാഗത്തെ അവഗണിച്ചുകൊണ്ട് യഥാര്‍ഥ പുരോഗതി സാധ്യമാവുകയില്ല. എന്റെ വീക്ഷണത്തില്‍ അപൂര്‍ണമായ വിദ്യാഭ്യാസം തീരെ വിദ്യാഭ്യാസമില്ലാതിരിക്കുന്നതിനേക്കാള്‍ ഗര്‍ഹണീയമാണ്. വിദ്യയാകുന്ന ഉറവിടത്തിലെ മാധുര്യമൂറുന്ന ജലം ഒന്നുകില്‍ ആഴത്തില്‍ പാനം ചെയ്യണം. അല്ലെങ്കില്‍ തീരേ കുടിക്കരുത്. പെണ്‍കുട്ടികളെ എഴുതാനും വായിക്കാനും പഠിപ്പിച്ച ശേഷം അവരുടെ വിധിക്ക് വിട്ടുകൊടുക്കുന്നത് വിഡ്ഢിത്തമായിട്ടാണ് എനിക്ക് തോന്നുന്നത്.''
പെണ്‍കുട്ടികള്‍ക്കുവേണ്ടി സുല്‍ത്താനിയ ഗേള്‍സ് സ്‌കൂള്‍, വിക്ടോറിയ ഗേള്‍സ് സ്‌കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. അവയില്‍ വിവിധ തൊഴിലുകളും കരകൗശലങ്ങളും പരിശീലിപ്പിക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ഈ രണ്ട് സ്‌കൂളുകള്‍ ഇന്നും പ്രവര്‍ത്തിച്ചുവരുന്നു എന്നത് ശ്രദ്ധേയമാണ്. വിധവകളും അശരണരുമായ സ്ത്രീകള്‍ക്കു വേണ്ടി വിഡോസ് ഇന്‍ഡസ്ട്രിയല്‍ സ്‌കൂള്‍ എന്ന മറ്റൊരു തൊഴില്‍ പരിശീലന കേന്ദ്രത്തിന് 1905-ല്‍ അവര്‍ തുടക്കം കുറിച്ചു. ഇതാണ് പിന്നീട് ആസിഫിയ ടെക്‌നിക്കല്‍ സ്‌കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്. ഹിന്ദു പെണ്‍കുട്ടികള്‍ക്ക് മാത്രമായി ബിര്‍ജിസിയ കന്യാപാഠശാല എന്ന പേരില്‍ ഒരു പ്രത്യേക സ്‌കൂളും അവര്‍ സ്ഥാപിച്ചിരുന്നു. അവക്കുപുറമെ ആണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും അവര്‍ സ്വീകരിച്ചു. 1903-ല്‍ സ്ഥാപിച്ച അലക്‌സാണ്ട്രിയ നോബ്ള്‍സ് സ്‌കൂള്‍, 1907-ല്‍ തുടക്കം കുറിച്ച ജഹാംഗീര്‍ സ്‌കൂള്‍, 1916-ല്‍ സ്ഥാപിച്ച ഹബീബിയ്യ ടെക്‌നിക്കല്‍ സ്‌കൂള്‍ എന്നിവ അക്കൂട്ടത്തില്‍ പെടുന്നു.
കൊച്ചുകുട്ടികള്‍ക്കു വേണ്ടി 1911-ല്‍ ഒരു കിന്റര്‍ ഗാര്‍ട്ടന്‍ സ്‌കൂളും ഭോപാലില്‍ അവര്‍ ആരംഭിച്ചു. ഇവക്ക് പുറമെ ഭോപ്പാലിനു പുറത്തുളള നിരവധി സ്‌കൂളുകള്‍ക്ക് ബീഗം നിര്‍ലോഭമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയുണ്ടായി. അലീഗറിലെ അലീഗര്‍ സനാന മദ്രസ, ലക്‌നോവിലെ മുസ്‌ലിം ഗേള്‍സ് സ്‌കൂള്‍, പാനിപ്പത്തിലെ മദ്രസാ സുല്‍ത്താനിയ എന്നിവ അക്കൂട്ടത്തില്‍ പെടുന്നു. അതുപോലെ മെഡിസിന്‍, എഞ്ചിനിയറിംഗ്, കൃഷി, ശാസ്ത്രം, നിയമം തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും യൂറോപ്പില്‍ ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്കും ധാരാളം സ്‌കോളര്‍ഷിപ്പുകളും സുല്‍ത്താന്‍ ജഹാന്‍ ബീഗത്തിന്റെ സര്‍ക്കാര്‍ നല്‍കിയിരുന്നു. 1900-ല്‍ അവര്‍ സ്ഥാപിച്ച ഹമീദിയ ലൈബ്രറി രാജ്യത്തെ പണ്ഡിതന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനവും പ്രചോദനവും നല്‍കുകയുണ്ടായി.
ഇവക്കുപുറമെ സിറ്റി സാന്‍സ്‌ക്രിറ്റ് പാഠശാല, ജയിന്‍ ദിഗംബര്‍ പാഠശാല, ജയിന്‍ ശ്വേതാംബര്‍ പാഠശാല, കന്യാ വിദ്യാലയ്, സോഹു കന്യാ പാഠശാല എന്നീ ആറ് വിദ്യാലയങ്ങള്‍ സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെയും പ്രവര്‍ത്തിച്ചിരുന്നു.
ഭരണരംഗത്തും സ്വന്തമായ വ്യക്തിമുദ്രകള്‍ പതിപ്പിക്കാന്‍ ബീഗത്തിന് കഴിഞ്ഞു. നിയമങ്ങളുടെ ക്രോഡീകരണം, ഹൈകോടതിയുടെയും മറ്റും കോടതികളുടെയും സംസ്ഥാപനവും ജുഡീഷ്യല്‍ കൗണ്‍സില്‍, ലജിസ്ലേറ്റീവ് കൗണ്‍സില്‍, ഭരണകാര്യങ്ങളില്‍ തനിക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായുള്ള സ്റ്റേററ് കൗണ്‍സില്‍ എന്നിവയുടെ രൂപീകരണവും ഈ രംഗത്തുള്ള അവരുടെ പരിഷ്‌കരണോന്മുഖ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.
നല്ലൊരു പ്രഭാഷകയും എഴുത്തുകാരിയുമായിരുന്ന സുല്‍ത്താന്‍ ജഹാന്‍ ബീഗം വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ അന്‍പതില്‍ പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സബീലുല്‍ ഈമാന്‍ (വിശ്വാസത്തിന്റെ വഴി), ഇസ്‌ലാം മേം ഔരത്ത് കാ മര്‍ത്തബ (സ്ത്രീയുടെ പദവി ഇസ്‌ലാമില്‍), ഫറാഇസുന്നിസ (സ്ത്രീയുടെ ബാധ്യതകള്‍), ഹിദായത്തു സ്സൗജയന്‍ (ദമ്പതികള്‍ക്കൊരു വഴികാട്ടി) എന്നിവ സ്ത്രീകളുടെ അവകാശങ്ങളും ബാധ്യതകളും അവരുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങളും വിവരിക്കുന്ന കൃതികളാണ്.
ഗൗഹറെ ഇഖ്ബാല്‍ എന്ന മൂന്നു വാള്യങ്ങളുള്ള ആത്മകഥക്ക് പുറമെ തന്റെ മുത്തശ്ശി ഖുദ്‌സിയ്യാ ബീഗത്തിന്റെയും (ഹയാത്തേ ഖുദ്‌സി) മാതാവ് ഷാജഹാന്‍ ബീഗത്തിന്റെയും (ഹയാത്തെ ഷാജഹാനി) പിതാവ് ബാഖി മുഹമ്മദ് ഖാന്റെയും (തദ്കിറ ബാഖി) ജീവചരിത്ര കൃതികളും അവര്‍ രചിച്ചിട്ടുണ്ട്. പ്രവാചകന്‍ തിരുമേനിയുടെ ജീവചരിത്രമായ സീറത്തു മുഹന്നദ് ഇസ്‌ലാമിക ചരിത്രത്തില്‍ അവര്‍ക്കുണ്ടായിരുന്ന പരിജ്ഞാനത്തിന്റെയും താല്‍പര്യത്തിന്റെയും നിദര്‍ശനമാണ്. വിദ്യാഭ്യാസം സംബന്ധിച്ച അവരുടെ പ്രഭാഷണങ്ങളാണ് 'സില്‍ക്കേ ഷഹ്‌സാന്‍' എന്ന കൃതിയുടെ ഉള്ളടക്കം. 'മത്ത്ബഖേ കിംഗ് ജോര്‍ജ്' എന്ന കൃതി പാചകത്തെയും അടുക്കള പരിഷ്‌ക്കരണത്തെയും കുറിച്ചുള്ളതാണ്. 'ബാഗേ അജീബ്' (അത്ഭുത പൂന്തോട്ടം) എന്ന കൃതിയില്‍ കുട്ടികള്‍ക്ക് വേണ്ടി ചെടികള്‍, പച്ചക്കറികള്‍ മുതലായവയെ സംബന്ധിച്ച രസകരമായ കഥകള്‍ സമാഹരിച്ചിരിക്കുന്നു. ജഹാന്‍ ബീഗത്തിന്റെ എഴുത്തുകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പരിഷ്‌കരണോന്മുഖമായ മുസ്‌ലിം സമുദായത്തിന്റെ, വിശേഷിച്ചും സ്ത്രീ സമൂഹത്തിന്റെ, പുരോഗതിയും വിമോചനവുമായിരുന്നു മുഖ്യലക്ഷ്യം. അലീഗര്‍ സ്ഥാപനത്തിന്റെ സ്ഥാപകനും ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ പരിഷ്‌കര്‍ത്താവുമായിരുന്ന സര്‍സയ്യിദ് അഹ്മദ് ഖാന്‍ പോലും സ്ത്രീവിദ്യാഭ്യാസത്തോട് വിമുഖത കാണിച്ചപ്പോള്‍ സ്വന്തം നാട്ടുരാജ്യങ്ങളില്‍ മാത്രമല്ല, ലക്‌നോയിലും പാനിപ്പത്തിലും അലീഗറിലും വരെ പെണ്‍പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ലോഭമായ സാമ്പത്തിക പിന്തുണ നല്‍കിക്കൊണ്ട് സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ സുല്‍ത്താന്‍ ജഹാന്‍ ബീഗം കാണിച്ച ധൈര്യവും ഇഛാശക്തിയും അവിസ്മരണീയമാണ്.
അലfഗര്‍ സര്‍വകലാശാലയുടെ ഒരേയൊരു വനിതാ ചാന്‍സലറാകുവാന്‍ അവരെ അര്‍ഹരാക്കിയതും സമുദായ പരിഷ്‌കരണത്തിനു വേണ്ടിയുള്ള അവരുടെ ഇത്തരം ആത്മാര്‍ഥ യത്‌നങ്ങളാണ്. അക്കാലത്ത് ദേശീയതലത്തില്‍ നടന്ന നിരവധി വനിതാ സമ്മേളനങ്ങള്‍ക്ക് അവര്‍ അധ്യക്ഷത വഹിക്കുകയുണ്ടായി. 1912-ല്‍ നടന്ന മുഹമ്മദന്‍ എജുക്കേഷന്‍ കോണ്‍ഗ്രസിലും 1914-ല്‍ നടന്ന ആള്‍ ഇന്ത്യ ലേഡീസ് കോണ്‍ഗ്രസിലും അവര്‍ പങ്കെടുക്കുകയുണ്ടായി.
1928-ലെ ആള്‍ ഇന്ത്യ വിമണ്‍സ് കോണ്‍ഗ്രസിന്റെയും അധ്യക്ഷയായിരുന്ന ബ്രിട്ടന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും മധ്യപൗരസ്ത്യ രാജ്യങ്ങളിലും വിപുലമായി സഞ്ചരിച്ച അവര്‍ ഒരന്താരാഷ്ട്ര വ്യക്തിത്വം എന്ന നിലയിലും ശ്രദ്ധ നേടുകയുണ്ടായി. ഈ യാത്രകളെല്ലാം തന്നെ വിട്ടുവീഴ്ചയില്ലാത്ത പര്‍ദാ സമ്പ്രദായം പാലിച്ചുകൊണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. കാല്‍ നൂറ്റാണ്ടോളം കാലം ഭരണം നടത്തിയ സുല്‍ത്താന്‍ ജഹാന്‍ ബീഗം 1926-ല്‍ സ്വന്തം മകനു വേണ്ടി അധികാരം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു.