ദാമ്പത്യബന്ധം തകരാതിരിക്കാന്‍

അബൂഅയ്മന്‍ No image

         ആരിഫയും അബ്ദുല്ലയും വിവാഹിതരായിട്ട് ആറു വര്‍ഷമായി. രണ്ടു കുട്ടികളുണ്ട്. ഇപ്പോള്‍ ഇരുവരും പിണങ്ങിയിരിക്കുന്നു. പ്രദേശത്തെ പൊതുപ്രവര്‍ത്തകരാണ് അവരെ ഞാനുമായി ബന്ധിപ്പിച്ചത്. ആദ്യം സംസാരിച്ചത് ആരിഫയുമായാണ്. അവര്‍ക്ക് പറയാനുണ്ടായിരുന്നത് മുഴുവന്‍ അബ്ദുല്ലയുടെ കുറ്റവും കുറവുകളുമാണ്. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ അവ എഴുതിത്തരാന്‍ പറഞ്ഞു. എഴുതിത്തീര്‍ന്നപ്പോള്‍ ചോദിച്ചു: 'അദ്ദേഹത്തില്‍ ഒരു നന്മയുമില്ലേ?' ഉടനെ അബ്ദുല്ലയുടെ സദ്ഗുണങ്ങളും തന്നോട് കാണിക്കുന്ന സ്‌നേഹവും തനിക്കുവേണ്ടി ചെയ്ത സേവനങ്ങളും വിശദീകരിച്ചു. പറഞ്ഞു തീര്‍ന്നപ്പോള്‍ അവയും എഴുതിത്തരാന്‍ ആവശ്യപ്പെട്ടു. പിന്നീട് സ്വന്തം ന്യൂനതകളും പോരായ്മകളും പരിശോധിക്കുവാനാവശ്യപ്പെട്ടു. അവയും രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ജീവിത പങ്കാളിയില്‍ ഉള്ള തെറ്റുകുറ്റങ്ങള്‍ തിരുത്താന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിശദീകരിക്കാനാവശ്യപ്പെട്ടു. അവയും രേഖപ്പെടുത്തി. അവസാനമായി ജീവിത പങ്കാളിയില്‍ ഉണ്ടാവേണ്ട മാറ്റങ്ങള്‍ പറയാനാവശ്യപ്പെട്ടു. അവയും എഴുതിത്തരാന്‍ പറഞ്ഞു.
ആരിഫയെ മാറ്റിനിര്‍ത്തിയ ശേഷം അബ്ദുല്ലയുമായി സംസാരിച്ചു. അദ്ദേഹത്തിനും പറയാനുണ്ടായിരുന്നത് ആരിഫയുടെ അപരാധങ്ങളെയും നന്ദികേടിനെയും ദുസ്വഭാവത്തെയും സംബന്ധിച്ചാണ്. എല്ലാം കേട്ടശേഷം ആരിഫയുടെ കാര്യത്തില്‍ ചെയ്തതൊക്കെയും അബ്ദുല്ലയിലും ആവര്‍ത്തിച്ചു.
എല്ലാം പൂര്‍ത്തിയായപ്പോള്‍ അബ്ദുല്ലയോട് അഞ്ചുമിനുട്ട് വിശ്രമിക്കാന്‍ പറഞ്ഞു. പിന്നീട് 'ആരിഫക്ക് നിങ്ങളെക്കുറിച്ച് പറയാനുള്ളത് കേള്‍ക്കണമോ' എന്ന് ചോദിച്ചു.
'തീര്‍ച്ചയായും' അയാള്‍ പറഞ്ഞു. അപ്പോള്‍ ആരിഫ അദ്ദേഹത്തെക്കുറിച്ച് എഴുതിത്തന്ന എല്ലാ നന്മകളും ഗുണങ്ങളും ഓരോന്നായി വായിച്ചു കേള്‍പ്പിച്ചു. എല്ലാം കേട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു: 'ഇതൊക്കെയും അവള്‍ തന്നെ എഴുതിയതാണോ?'
അയാള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അതുകൊണ്ടു തന്നെ ചോദിച്ചു: 'പിന്നെ എന്തിനാണ് അവളെന്നോട് ഇത്രമാത്രം മോശമായി പെരുമാറുന്നത്? എന്നെ ശല്യം ചെയ്യുന്നത്?'
'അതിനും ചില കാരണങ്ങളുണ്ടായേക്കാം' എന്നു പറഞ്ഞ് അവള്‍ എഴുതിയ ഒന്നാമത്തെ കുറ്റം വായിച്ചു കേള്‍പ്പിച്ചു. ഇത്തിരി നേരത്തെ മൗനത്തിന് ശേഷം ചോദിച്ചു: 'ഇതു ശരിയാണോ?'
ഒട്ടും മടിയില്ലാതെ പറഞ്ഞു: 'ശരിയാണ്.''
തുടര്‍ന്ന് ബാക്കിയുള്ളവയും ഓരോന്നോരോന്നായി വായിച്ചു. അതൊക്കെയും തന്റെ ഭാഗത്തുനിന്ന് സംഭവിച്ചവയാണെന്ന് സമ്മതിച്ചു. തുടര്‍ന്ന് ആരിഫയെ വിളിച്ച് അബ്ദുല്ല അവളില്‍ കണ്ട നന്മയെക്കുറിച്ച് എഴുതിയവ ഓരോന്നായി വായിച്ചു കേള്‍പ്പിച്ചു. തന്റെ ജീവിത പങ്കാളി ഇത്രയൊക്കെയും തന്നെപ്പറ്റി വിചാരിക്കുന്നുണ്ടോ എന്നായിരുന്നു അവളുടെ സംശയം. അതുകൊണ്ടു തന്നെ അതൊക്കെയും അദ്ദേഹം തന്നെ എഴുതിയതാണെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു.
അല്‍പ സമയത്തിനു ശേഷം അവളിലുണ്ടായ തെറ്റുകളെക്കുറിച്ച് അബ്ദുല്ല എഴുതിയ ആദ്യത്തേത് വായിച്ചു. ശരിയാണോ എന്ന് അന്വേഷിച്ചപ്പോള്‍ തലകുലുക്കി സമ്മതിച്ചു. തുടര്‍ന്ന് അബ്ദുല്ല എഴുതിയതൊക്കെയും തന്നില്‍ സംഭവിച്ചതു തന്നെയെന്ന് അംഗീകരിച്ചു. തുടര്‍ന്ന് സ്വയം കണ്ടെത്തിയ വീഴ്ചകളും ജീവിത പങ്കാളി ചൂണ്ടിക്കാണിച്ച തെറ്റുകുറ്റങ്ങളും തിരുത്താന്‍ തയ്യാറാണോ എന്ന് ഇരുവരോടും വെവ്വേറെ അന്വേഷിച്ചു. തയ്യാറാണെന്നല്ലാതെ മറിച്ചുപറയാന്‍ ഇരുവര്‍ക്കും സാധിക്കുമായിരുന്നില്ല. അപ്പോള്‍ രണ്ടുപേരും ജീവിത പങ്കാളിയിലെ തെറ്റുകുറ്റങ്ങള്‍ തിരുത്താന്‍ സ്വീകരിച്ച സമീപനത്തിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചു.
ആരിഫയിലുണ്ടാവേണ്ട മാറ്റങ്ങളെ സംബന്ധിച്ച അബ്ദുല്ലയുടെ ആഗ്രഹങ്ങള്‍ അവളെ അറിയിച്ചു. അവ അംഗീകരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ഒരുക്കമാണോയെന്ന് അന്വേഷിച്ചു. അതെയെന്നു തന്നെയായിരുന്നു മറുപടി. ഇതേകാര്യം അബ്ദുല്ലയിലും ആവര്‍ത്തിച്ചു. അദ്ദേഹവും തന്റെ തെറ്റുകള്‍ തിരുത്തുവാനും സഹധര്‍മ്മിണി അഭിലഷിക്കുന്ന മാറ്റങ്ങള്‍ വരുത്താനും തയ്യാറായിരുന്നു.
ഇരുവരെയും ഒരുമിച്ചിരുത്തി ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന ദാമ്പത്യ മര്യാദകള്‍ വിശദീകരിച്ചു. സ്‌നേഹപൂര്‍ണ്ണവും ഭദ്രവും സംതൃപ്തവുമായ ദാമ്പത്യം നയിക്കുമെന്ന ദൃഢപ്രതിജ്ഞയെടുത്ത ശേഷമാണ് ഇരുവരും സ്ഥലംവിട്ടത്.
ഇവിടെ സംഭവിച്ചത് എന്തൊക്കെയെന്ന് പരിശോധിച്ചാല്‍ പലര്‍ക്കും പ്രയോജനപ്പെട്ടേക്കാം.
1. ഇരുവരും തങ്ങളുടെ ജീവിത പങ്കാളിയുടെ സ്‌നേഹവും സൗമനസ്യവും സേവനവും ത്യാഗവും നന്മയും മേന്മയും ഗുണവും മഹത്വവും കാണാനും ഓര്‍മിക്കാനും ശ്രമിച്ചില്ല, ശ്രദ്ധിച്ചില്ല. ഇത് പ്രവാചക കല്‍പനയുടെ ലംഘനമാണ്. താനുമായി ബന്ധപ്പെടുന്നവരുടെ നന്മ കാണാനും അതിന് നന്ദി പ്രകടിപ്പിക്കാനുമാണല്ലോ പ്രവാചകന്‍ ആവശ്യപ്പെടുന്നത്.
2. ചിലര്‍ ശ്വസിക്കുന്നതു തന്നെ അന്തരീക്ഷത്തില്‍ ദുര്‍ഗന്ധമുണ്ടോ എന്നറിയാനാണെന്ന് സച്ചിദാനന്റെ ഒരു കവിതയിലുണ്ട്. നാം ഒന്നിനെക്കുറിച്ചു തന്നെ ചിന്തിച്ചുകൊണ്ടിരുന്നാല്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം അതാണെന്നു തോന്നും. ജീവിത പങ്കാളിയുടെ തിന്മയെയും വീഴ്ചയെയും പോരായ്മയെയും പറ്റിത്തന്നെ ആലോചിച്ചുകൊണ്ടിരുന്നാല്‍ അവ മാത്രമേ കാണുകയുള്ളൂ. തെറ്റുകളും കുറ്റങ്ങളും കണ്ടെത്താനായി പരതിനടക്കുന്നതും അവ ചുഴിഞ്ഞ് അന്വേഷിക്കുന്നതും നബിതിരുമേനി ശക്തമായി വിലക്കിയിരിക്കുന്നു. ന്യൂനതകളും പോരായ്മകളും പരമാവധി മറച്ചുവെക്കാനാണ് ശ്രമിക്കേണ്ടത്. മാപ്പും വിട്ടുവീഴ്ചയുമാണ് വിജയികളുടെ വഴിയെന്ന് വിശുദ്ധ ഖുര്‍ആനും പഠിപ്പിക്കുന്നു. സത്യവിശ്വാസികള്‍ പരസ്പരം സദ്‌വിചാരങ്ങള്‍ വെച്ചുപുലര്‍ത്താന്‍ ബാധ്യസ്ഥരാണ്.
3. ഒരിക്കല്‍ പോലും അബ്ദുല്ല ആരിഫയുടെ നന്മയും മേന്മയും എടുത്തു പറയുകയോ അവയുടെ പേരില്‍ അഭിനന്ദിക്കുകയോ പ്രശംസിക്കുകയോ ചെയ്തിട്ടില്ല. മറിച്ച്, പോരായ്മകളുടെയും വീഴ്ചകളുടെയും പേരില്‍ എന്നുമെന്നോണം കുറ്റം പറയുകയും ആക്ഷേപിക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യാറുണ്ട്. ഇതേ സമീപനം തന്നെയാണ് അബ്ദുല്ലയുടെ കാര്യത്തില്‍ ആരിഫയും സ്വീകരിച്ചത്. പൂമ്പാറ്റ പരതുക പുമ്പൊടിയാണ്; വണ്ട് മാലിന്യങ്ങളും. ആരും ഇഷ്ടപ്പെടുന്ന പൂമ്പാറ്റകളാവുക. ഏവരാലും വെറുക്കപ്പെടുന്ന വണ്ടുകളാവാതിരിക്കുക. തേന്‍ പരതുക, അത് ശേഖരിക്കുക. മാലിന്യം തേടാതിരിക്കുക, അത് ഒരുക്കൂട്ടാതിരിക്കുക.
4. ആരിഫക്ക് അബ്ദുല്ലയെ സംബന്ധിച്ചുള്ള നല്ല അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ അത് അദ്ദേഹത്തെ ഏറെ ആഹ്ലാദിപ്പിക്കുകയും അയാളിലെ രചനാത്മക ശക്തിയെ (positive energy) പ്രചോദിപ്പിക്കുകയും ചെയ്യുമായിരുന്നു. തന്റെ ജീവിത പങ്കാളിയോടുള്ള സ്‌നേഹവും അടുപ്പവും പതിന്മടങ്ങ് വര്‍ധിപ്പിക്കുമായിരുന്നു. ഇതു തന്നെ അബ്ദുല്ലയും ചെയ്തിരുന്നുവെങ്കില്‍ ആരിഫ ഇന്നുള്ളതിനേക്കാള്‍ എത്രയോ സംതൃപ്തയും സുശക്തയും കര്‍മോത്സുകയും സ്‌നേഹസമ്പന്നയുമാകുമായിരുന്നു.
5. നന്മകളും മേന്മകളും എടുത്തുപറഞ്ഞ ശേഷമാണ് പോരായ്മയും വീഴ്ചയും സൂചിപ്പിക്കുന്നതെങ്കില്‍ അത് ജീവിത പങ്കാളിയെ പ്രകോപിപ്പിക്കുകയില്ല. തെറ്റുകള്‍ ശ്രദ്ധിക്കാനും തിരുത്താനും തയ്യാറാവുകയും ചെയ്യും.
6. ആരിഫയില്‍ തനിക്കിഷ്ടമില്ലാത്തത് കാണുമ്പോഴൊക്കെ അബ്ദുല്ല ചെയ്തിരുന്നത് രൂക്ഷമായി ആക്ഷേപിക്കുകയും കോപിക്കുകയും ശകാരിക്കുകയുമൊക്കെയായിരുന്നു. ഇതൊന്നും ഇന്ന് ആരേയും സ്വാധീനിക്കുകയില്ല. ആരിലും മാറ്റം വരുത്തുകയുമില്ല. കൊച്ചുകുട്ടികളെപ്പോലും ആക്ഷേപിച്ചും കുറ്റപ്പെടുത്തിയും ശകാരിച്ചും ശരിപ്പെടുത്താന്‍ കഴിയുന്ന കാലമല്ല ഇതെന്നോര്‍ക്കുക.
7. ആരിഫ തന്റെ ജീവിത പങ്കാളിയില്‍ കണ്ട ഏറ്റവും വലിയ കുറ്റം കോപം വന്നാല്‍ പിന്നെ ഒരു നിയന്ത്രണവുമില്ലെന്നതാണ്. തന്നെ മാത്രമല്ല, തന്റെ കുടുംബത്തെയും ചീത്ത പറയും. വായില്‍ വരുന്നതൊക്കെ വിളിച്ചുപറയും. ഇതൊക്കെയും എത്ര ഗുരുതരമായ തെറ്റാണെന്നോര്‍ക്കുക. തമ്മില്‍ തെറ്റിയാല്‍ പുലഭ്യം പറയുക എന്നത് കപടവിശ്വാസിയുടെ ലക്ഷണമാണ്. കോപം വരുമ്പോള്‍ അടക്കിനിര്‍ത്തുന്നവനാണ് കരുത്തനെന്നും മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ലെന്നും നബി തിരുമേനി പഠിപ്പിച്ചിരിക്കുന്നു. കോപം നിയന്ത്രിക്കാനുള്ള മാര്‍ഗം വുദു എടുക്കലാണെന്നും അവിടുന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോപപ്രകൃതമുള്ള ഒരാള്‍ക്ക് പ്രവാചകന്‍ നല്‍കിയ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ഉപദേശം കോപിക്കരുതെന്നാണെന്ന കാര്യം മറക്കാതിരിക്കുക. സ്വന്തം ജീവിത പങ്കാളിയുടെ അഭിമാനം ക്ഷതപ്പെടുത്തുന്നതും വികാരം വ്രണപ്പെടുത്തുന്നതും അവളെ മാനസികമായും ശാരീരികമായും തളര്‍ത്തുകയാണ് ചെയ്യുക. ഒരു ഗുണവും ചെയ്യുകയില്ലെന്ന് മാത്രമല്ല, അത് ഇഹലോക ജീവിതത്തില്‍ തന്നെ ഒട്ടേറെ ദോഷം വരുത്തിവെക്കും. അതിനാലാണ് മാന്യന്മാര്‍ സ്വന്തം ഇണയെ മാനിക്കണമെന്നും നിന്ദ്യന്മാരാണ് അവരെ നിന്ദിക്കുകയെന്നും നബിതിരുമേനി പറഞ്ഞത്. ആരിഫയോടുള്ള വെറുപ്പിന്റെ പേരില്‍ നിരപരാധരായ അവളുടെ കുടുംബത്തെ കുറ്റം പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് അക്ഷന്തവ്യമായ അപരാധമാണ്. പരലോകത്ത് എല്ലാ സദ്കര്‍മങ്ങളും നിഷ്ഫലമാക്കുന്ന ഗുരുതരമായ കുറ്റം.
8. അബ്ദുല്ലയില്‍ താനിഷ്ടപ്പെടാത്തത് കാണുകയോ തന്നോട് ദേഷ്യപെടുകയോ ചെയ്താലുടന്‍ ആരിഫ മുഖം കറുപ്പിക്കും. മിണ്ടാതിരിക്കും. എന്തുചോദിച്ചാലും മറുപടിയില്ല. അഥവാ വല്ലതും പറയുന്നുവെങ്കില്‍ അത് കരള്‍ പിളര്‍ക്കും വാക്കുകളായിരിക്കും. ഏറെ പുരുഷന്മാരെയും ഏറ്റവും കൂടുതല്‍ പ്രകോപിപ്പിക്കുകയും കോപാകുലരാക്കുകയും ചെയ്യുക ജീവിത പങ്കാളിയുടെ കറുത്തമുഖവും വെറുപ്പുളവാക്കുന്ന മൗനവുമായിരിക്കും. കുത്തുവാക്കുകളും ആക്ഷേപശകാരങ്ങളും ക്ഷമാശീലരെപ്പോലും അസ്വസ്ഥരാക്കും.
വാക്കുകള്‍ വായില്‍നിന്നും പുറത്തുവരുന്നതുവരെ നാം അതിന്റെ ഉടമകളായിരിക്കും; പുറത്തുവന്നാല്‍ അതിന്റെ അടിമകളും. ഈ വസ്തുത ആരും മറക്കാതിരിക്കട്ടെ.
9. ദമ്പതികളില്‍ ഒരാള്‍ കോപിച്ചാല്‍ മറ്റെയാളും കോപിക്കും. ഈ സമീപനമാണ് എപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുള്ളത്. തീയിനെ തീകൊണ്ട് കെടുത്താനാവില്ല. കോപത്തെ കോപം കൊണ്ട് കീഴ്‌പെടുത്താനുമാകില്ല. അതിനാലാണ് നന്മയും തിന്മയും തുല്യമാവുകയില്ലെന്നും തിന്മയെ ഏറ്റവും നല്ല നന്മകൊണ്ടാണ് തടയേണ്ടതെന്നും അങ്ങനെ ചെയ്താല്‍ കൊടിയ ശത്രുക്കള്‍ പോലും മിത്രത്തെപ്പോലെയാകുമെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്.
10. തെറ്റും കുറ്റവും സംഭവിക്കാത്ത ആരുമുണ്ടാവില്ല. എന്തെങ്കിലും വീഴ്ചകളും പോരായ്മകളും ഏവരിലും ഉണ്ടായിരിക്കും. പക്ഷേ, സ്വന്തം പോരായ്മകളെയും തെറ്റുകളെയും സംബന്ധിച്ച് ഏറെ പേരും ചിന്തിക്കാറില്ല. അവ അന്വേഷിക്കാനും കണ്ടെത്താനും ശ്രമിക്കാറുമില്ല. അബ്ദുല്ലയും ആരിഫയും ഒരിക്കലും തങ്ങളിലേക്ക് തിരിഞ്ഞു നോക്കിയില്ല. അതുകൊണ്ടു തന്നെ സ്വന്തം തെറ്റുകള്‍ കണ്ടെത്തുകയോ അവ തിരുത്താന്‍ ശ്രമിക്കുകയോ ഉണ്ടായില്ല. ദാമ്പത്യബന്ധത്തെ ദുര്‍ബലമാക്കിയതില്‍ ഇതിനും അനല്‍പമായ പങ്കുണ്ട്. അതിനാലാണ് നബി തിരുമേനി ഓരോ മനുഷ്യനോടും അവന്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ ചെയ്യാനും ആത്മപരിശോധന നടത്താനും ആവശ്യപ്പെട്ടത്.
11. വീഴ്ചകളില്ലാത്ത മനുഷ്യരുണ്ടാവില്ലെന്നിരിക്കെ തന്റെ പങ്കാളി മാത്രം തെറ്റുകാരനും മറ്റുള്ളവരൊക്കെ നല്ലവരുമാണെന്ന ധാരണ തിരുത്തുക തന്നെ വേണം. ഇണകളിരുവരും സ്വപ്‌നലോകത്തുനിന്നും യാഥാര്‍ഥ്യലോകത്തേക്കും സങ്കല്‍പ സാമ്രാജ്യത്തില്‍നിന്നും പച്ചയായ ജീവിതാനുഭവങ്ങളിലേക്കും ഇറങ്ങിവരണം. പേജുകളിലും സ്‌ക്രീനുകളിലും അരങ്ങുകളിലും കാണുന്നതല്ല യഥാര്‍ഥ ജീവിതമെന്ന യാഥാര്‍ഥ്യം ദമ്പതികള്‍ മറക്കാതിരിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top