പ്രമേഹം അറിയേണ്ടതെല്ലാം
ഡോ: ഷനീബ് (BUMS)
2015 മെയ്
മനുഷ്യന്‍ അഭിമുഖീകരിക്കുന്ന മഹാരോഗങ്ങളില്‍ ഒന്നാണ് പ്രമേഹം. ലോകത്തെമ്പാടുമായി 50.6 കോടിയിലധികം ആളുകള്‍ ഈ
മനുഷ്യന്‍ അഭിമുഖീകരിക്കുന്ന മഹാരോഗങ്ങളില്‍ ഒന്നാണ് പ്രമേഹം. ലോകത്തെമ്പാടുമായി 50.6 കോടിയിലധികം ആളുകള്‍ ഈ രോഗത്തിന്റെ പിടിയില്‍ അമര്‍ന്നുകഴിഞ്ഞു. അതിന്റെ വ്യാപ്തി നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്നു. മാരകമായ ആക്രമണത്തോടെ രോഗിയെ അപായപ്പെടുത്തുന്ന മഹാമാരിയല്ല പ്രമേഹം. മറിച്ച്, മധുരിമയോടെ അടുത്തുകൂടി നിശ്ശബ്ദമായി ആന്തരാവയവങ്ങളെ കീഴ്‌പ്പെടുത്തി ഇല്ലാതാക്കുന്ന സുമുഖനായ വില്ലനാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് മരണകാരിയായ രോഗങ്ങളുടെ കൂട്ടത്തിലാണ് പ്രമേഹവും ഉള്‍ക്കൊള്ളുന്നത്. നമ്മുടെ കൊച്ചു കേരളത്തിലാവട്ടെ ദിനംപ്രതി രോഗികളുടെ എണ്ണം അഭൂതപൂര്‍വ്വം കൂടിക്കൊണ്ടിരിക്കുന്നു. ആയാസരഹിതമായ ജീവിതത്തിന് സൗകര്യങ്ങള്‍ ഏറിയതോടെയാണ് പ്രമേഹം അതിവേഗം വ്യാപിച്ചു തുടങ്ങിയത്. പ്രമേഹബാധിതരായ സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം വളരെയേറെ വര്‍ധിച്ചുവരുന്നു.
എന്താണ് പ്രമേഹം
ശരീരത്തില്‍ പാന്‍ക്രിയാസ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ കുറവോ പ്രവര്‍ത്തനമാന്ദ്യമോ കാരണം രക്തത്തില്‍ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതിന്റെ ഫലമായി ഉടലെടുക്കുന്ന സങ്കീര്‍ണതകളെ പ്രമേഹമായി കണക്കാക്കാം. പ്രമേഹത്തെ പ്രൈമറി ഡയബറ്റിസ് എന്നും സെക്കന്ററി ഡയബറ്റിസ് എന്നും രണ്ടു തരത്തില്‍ പറയാറുണ്ട്.
പ്രൈമറി: പ്രത്യേക കാരണങ്ങളോ രോഗങ്ങളോ ഒന്നുമില്ലാതെ പ്രമേഹം വരുന്ന അവസ്ഥയാണ് പ്രൈമറി ഡയബറ്റിസ്.
സെക്കന്ററി: എന്തെങ്കിലും രോഗാവസ്ഥയുടെ തുടര്‍ച്ചയായോ അല്ലെങ്കില്‍ ചികിത്സാവേളയിലോ ഉണ്ടാകുന്നതാണ് സെക്കന്ററി ഡയബറ്റിസ്.
ഇക്കൂട്ടത്തില്‍ പൊതുവെ കണ്ടുവരുന്നത് പ്രൈമറി ഡയബറ്റിസ് അഥവാ പ്രാഥമിക പ്രമേഹമാണ്. ഇതുതന്നെ രണ്ടുതരത്തിലുണ്ട്; ചികിത്സക്ക് നിര്‍ബന്ധമായും ഇന്‍സുലിന്‍ വേണ്ടിവരുന്ന ടൈപ്പ് 1 പ്രമേഹവും ഇന്‍സുലിന്‍ കുത്തിവെപ്പില്ലാത്ത ടൈപ്പ് 2 പ്രമേഹവും.
ടൈപ്പ് 1 പ്രമേഹം
പൊതുവില്‍ കുട്ടികളിലും ചെറുപ്പക്കാരിലും ഇതു കാണപ്പെടുന്നുണ്ട്. ആകെയുള്ള പ്രമേഹരോഗികളില്‍ അഞ്ചു ശതമാനം ഈ വിഭാഗക്കാരാണ്. കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ ജുവനൈല്‍ ഡയബറ്റിസ് എന്നും പറയാറുണ്ട്.
പൊതുവില്‍ മെലിഞ്ഞ ശരീരവും അമിത ദാഹവും അമിതമായ മൂത്രവും പ്രകടമായ ലക്ഷണങ്ങളാണ്. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പാന്‍ക്രിയാസിലെ ഐലറ്റ്‌സ് ഓഫ് ലാംഗര്‍ ഹാന്‍സിലെ ബീറ്റാ കോശങ്ങള്‍ നശിച്ചുപോകുന്നതാണ് ഇതിന് കാരണം. എന്തുകൊണ്ടാണ് ഇതെന്നതിന്റെ കാരണങ്ങള്‍ വ്യക്തമല്ല. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ അബദ്ധത്തില്‍ ചില കോശങ്ങളെ നശിപ്പിച്ചുകളയുന്ന പ്രത്യേക രോഗാവസ്ഥയായ ഓട്ടോ ഇമ്യൂണ്‍ ഡിസീസ് ആണിതെന്ന് കരുതുന്നു.
ടൈപ്പ് 2 പ്രമേഹം
സര്‍വസാധാരണയായി കണ്ടുവരുന്ന പ്രമേഹം ഈ വിഭാഗത്തില്‍ പെടുന്നു. ഇത് ജീവിത ശൈലി രോഗമായി കണക്കാക്കപ്പെടുന്നു. പാരമ്പര്യമായി പകര്‍ന്നുകിട്ടുന്നതും ജീവിത ശൈലി, ഭക്ഷണ രീതി തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചു പ്രത്യക്ഷപ്പെടുന്നതുമാണിത്. 30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ പ്രമേഹം കാണാറുള്ളത്. ഇപ്പോള്‍ 18-20 വയസ്സില്‍ത്തന്നെ ടൈപ്പ് 2 പ്രമേഹം വരുന്നത് സാധാരണമായിട്ടുണ്ട്. സ്ത്രീകളില്‍ പ്രമേഹത്തിന്റെ തോത് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തിരിക്കുന്നു.
കാരണങ്ങള്‍
പാരമ്പര്യം: പാരമ്പര്യ ഘടകങ്ങളുടെ സ്വാധീനം ടൈപ്പ് 2 പ്രമേഹത്തിന്റെ കാര്യത്തില്‍ നിര്‍ണായകമാണ്. അച്ഛനും അമ്മക്കും പ്രമേഹമുണ്ടെങ്കില്‍ മക്കള്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത 90 മുതല്‍ 100 ശതമാനം വരെയാണ്.
പൊണ്ണത്തടി: പലതരത്തിലാണ് പൊണ്ണത്തടി പ്രമേഹത്തെ സ്വാധീനിക്കുന്നത്. ശരീരഭാരം കൂടുന്നതിനനുസരിച്ച് ജീവല്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിന് കൂടുതല്‍ ഇന്‍സുലിന്‍ ആവശ്യമായി വരും. എന്നാല്‍ ഭാരം കൂടുന്നതിനനുസരിച്ച് ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വര്‍ധിക്കുകയില്ല. തടി കൂടിയവരുടെ വലിയ കൊഴുപ്പ് കൂടിയ കോശങ്ങളില്‍ ഇന്‍സുലിന്‍ അപര്യാപ്തത ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെ പ്രമേഹ സാധ്യത വര്‍ധിക്കുന്നു.
ലക്ഷണങ്ങള്‍
അമിതമായ ക്ഷീണം, അമിതമായ വിശപ്പ്, രാപ്പനി, രാത്രിയില്‍ മൂന്നില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കുക, അധികമായ ദാഹം, അനിയന്ത്രിതമായ മൂത്രം.
രോഗനിര്‍ണയം
പ്രമേഹം പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. മറ്റെന്തെങ്കിലും രോഗത്തിനു ചികിത്സ തേടുമ്പോഴോ പ്രമേഹം സങ്കീര്‍ണമാകുമ്പോഴോ മാത്രമാണ് പലരിലും ഇത് കണ്ടെത്താന്‍ കഴിയുന്നത്. 30 വയസ്സാകുന്നതോടെ രക്തത്തിലെ ഗ്ലൂക്കോസ് നില ഭക്ഷണത്തിനു മുമ്പ് 110 mg/dl താഴെ അല്ലെങ്കില്‍ 140 മില്ലിയില്‍ താഴെ ആണെങ്കില്‍ നോര്‍മലാണ്. അതില്‍ കൂടുതലാണെങ്കില്‍ പ്രമേഹ സാധ്യതയേറുന്നു. പ്രധാനമായും മൂന്നു രീതിയില്‍ പ്രമേഹം നിര്‍ണയിക്കുന്നു.
1. ഫാസ്റ്റിംഗ്: രാവിലെ ഭക്ഷണത്തിനു മുമ്പ് പരിശോധിക്കുന്ന ഗ്ലൂക്കോസിന് ഫാസ്റ്റിംഗ് ബ്ലഡ്ഷുഗര്‍ (FBS) എന്നു പറയുന്നു. എട്ടുമണിക്കൂര്‍ ഒന്നും കഴിക്കാതെ പരിശോധിക്കുന്ന രീതിയാണിത്. ഗ്ലൂക്കോസ് ലെവല്‍ ഏറ്റവും താഴ്ന്നിരിക്കുന്ന സമയമാണിത്. 110-ല്‍ താഴെയായിരിക്കും നോര്‍മല്‍ ലെവല്‍. അതില്‍ കൂടുതലായാല്‍ പ്രമേഹാവസ്ഥയുണ്ടാകുന്നു.
2. ആഹാരത്തിനു ശേഷം: ആഹാരം കഴിച്ച് രണ്ടു മണിക്കൂറിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ നില 160 mg/dl താഴെയാണ്. അതിനു മുകളില്‍ പ്രമേഹത്തിന്റെ സാധ്യത കൂടുന്നു.
3. റാന്‍ഡം ബ്ലഡ്ഷുഗര്‍: രക്തത്തില്‍ ഷുഗര്‍ വല്ലാതെ കൂടിനില്‍ക്കുന്നവരില്‍ ഏതുസമയത്ത് പരിശോധിച്ചാലും അത് മനസ്സിലാക്കാനാകും. അതിനാണ് റാന്‍ഡം ബ്ലഡ്ഷുഗര്‍ (RBS) എന്ന് പറയുക.
നിയന്ത്രണവും പ്രതിരോധവും
പ്രമേഹത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രധാനം പ്രതിരോധവും നിയന്ത്രണവുമാണ്. രോഗസാധ്യതയുള്ളവര്‍ നേരത്തെ തന്നെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ജീവിതശൈലി ക്രമീകരണമാണ് ഏറ്റവും പ്രധാനം. ഭക്ഷണ ക്രമീകരണം, വ്യായാമം, മനസ്സിന് ശാന്തത നല്‍കുക എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ബേക്കറി ഇനങ്ങള്‍, കോള പോലുള്ള പാനീയങ്ങള്‍, കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, അതിമധുരമുള്ള പദാര്‍ഥങ്ങള്‍ എന്നിവ ഒഴിവാക്കുക. 25 വയസ്സാകുന്നതോടെ മൂന്ന് മാസത്തില്‍ ഒരിക്കല്‍ ബ്ലഡ്ഷുഗര്‍ പരിശോധിക്കുന്നതും നല്ലതാണ്.
രോഗം ബാധിച്ചാല്‍ ഫലപ്രദമായി നിയന്ത്രിക്കണം. രോഗനിയന്ത്രണത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രധാനമായ മൂന്ന് കാര്യങ്ങളാണുള്ളത്. കൃത്യമായ വ്യായാമം, നിയന്ത്രണത്തിലുള്ള ഭക്ഷണക്രമം, ഷുഗര്‍നില നിയന്ത്രിക്കാനാവശ്യമായ മരുന്നുകള്‍ എന്നിവയാണത്. രോഗമുണ്ടെന്നു തെളിഞ്ഞാല്‍ വിദഗ്ധ ചികിത്സ തേടണം. മരുന്നു കഴിച്ച് ഗ്ലൂക്കോസ് നിലയും കൃത്യമായ രീതിയില്‍ രക്തപരിശോധനയും ക്രമപ്പെടുത്തണം. ശരീരത്തില്‍ ഗ്ലൂക്കോസ് ലെവല്‍ അനിയന്ത്രിതമായി ഉയര്‍ന്നാല്‍ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിക്കാന്‍ സാധ്യതയുണ്ട്. പ്രമേഹം വര്‍ധിച്ച് യാതൊരു നിയന്ത്രണവും ഇല്ലാതെയിരുന്നാല്‍ കണ്ണിന്റെ ഞരമ്പുകളുടെ ശക്തി കുറയും. കൂടാതെ വൃക്കസംബന്ധമായും പ്രശ്‌നങ്ങളുണ്ടാകുന്നു.
വളരെ വ്യക്തമായ രീതിയില്‍ നിയന്ത്രിക്കാവുന്ന രോഗമാണ് പ്രമേഹം. ആഹാരം, ജീവിതം, വ്യായാമം തുടങ്ങിയ കാര്യങ്ങളില്‍ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ ഈ രോഗം കൂടുതല്‍ ആളുകളിലേക്ക് വരാതെ നിയന്ത്രിക്കാന്‍ കഴിയും.