ആരാമത്തിലേക്ക് വഴികാട്ടുക
2015 മെയ് ഒന്ന് മുതല്‍ ഇരുപത് വരെ ആരാമം മാസികയുടെ പ്രചാരണ കാമ്പയിന്‍ സംഘടിപ്പിക്കുകയാണ്. പ്രസിദ്ധീകരണമാരംഭിച്ച
2015 മെയ് ഒന്ന് മുതല്‍ ഇരുപത് വരെ ആരാമം മാസികയുടെ പ്രചാരണ കാമ്പയിന്‍ സംഘടിപ്പിക്കുകയാണ്. പ്രസിദ്ധീകരണമാരംഭിച്ച 1986 തൊട്ട്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആരാമം നിര്‍വഹിച്ച ദൗത്യം ചരിത്രപ്രധാനവും നിസ്തുലവുമാണ്. വനിതകള്‍ക്ക് മാത്രമായി ഒരു പ്രസിദ്ധീകരണം എന്ന ആശയം തന്നെ മലയാളീ സമൂഹത്തെ, വിശേഷിച്ചും മുസ്‌ലിം സമുദായത്തെ, പഠിപ്പിച്ചത് ആരാമമായിരുന്നു. ഇന്നും, സ്ത്രീകള്‍ക്കുവേണ്ടി പൂര്‍ണമായും സ്ത്രീകളാല്‍ സംഘാടനം നിര്‍വഹിക്കപ്പെടുന്ന പ്രസിദ്ധീകരണമെന്നത് ആരാമത്തിന് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്.
അത്യത്ഭുതകരമെന്നു പറയാവുന്ന മാറ്റങ്ങള്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ സ്ത്രീ സമൂഹത്തില്‍ സംഭവിച്ചിട്ടുണ്ട്. കേവലം അടുക്കളക്കാരിയും പ്രസവിക്കുന്ന യന്ത്രവുമെന്ന നിലയില്‍നിന്ന് ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെട്ടുകൊണ്ടിരിക്കുന്ന സാന്നിധ്യമായി മലയാളിപ്പെണ്ണ് മാറിയിരിക്കുന്നു. സ്ത്രീകള്‍ സ്വയം ആര്‍ജിച്ചെടുത്ത തന്റേടവും ആത്മവിശ്വാസവുമാണ് ഇതിനുള്ള മുഖ്യ ചാലകശക്തിയായി വര്‍ത്തിച്ചത്. ഒരു വനിതാ പ്രസിദ്ധീകരണമെന്ന നിലക്ക് ഈ ഉണര്‍വിനെ ത്വരിതപ്പെടുത്താനും മുന്നോട്ട് നയിക്കാനും ആരാമം വഹിച്ച പങ്കിന് അതിന്റെ കഴിഞ്ഞകാല അക്ഷരക്കൂട്ടുകള്‍ സാക്ഷിയാണ്.
ദൈവനിരാസത്തിലധിഷ്ഠിതമായ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ നട്ടുച്ചയാഘോഷിച്ചപ്പോഴാണ് ആരാമം തളിര്‍ത്തുവന്നത്. സ്ത്രീകളെ നീതിനിഷേധത്തിന്റെ ചങ്ങലകളില്‍ ബന്ധിച്ച് മതയാഥാസ്തികത്വം അട്ടഹസിച്ചുകൊണ്ടിരിക്കെത്തന്നെയാണ് ആരാമം നാമ്പെടുത്തുണര്‍ന്നത്. പാശ്ചാത്യന്‍ മതേതരത്വം മുന്നോട്ടുവെച്ച പരിഷ്‌കാരത്തിന്റെ വഴിയില്‍ സ്ത്രീത്വം കരിഞ്ഞുണങ്ങുമ്പോഴാണ് ആരാമം പച്ചപ്പ് നല്‍കിയത്.
എല്ലാറ്റിനോടും ചോദ്യമുന്നയിക്കാന്‍ ആരാമം സ്ത്രീയെ പഠിപ്പിച്ചു. ഇടപെടാനും പ്രതികരിക്കാനും ആവിഷ്‌കരിക്കാനും സ്ത്രീക്കാവുമെന്ന് ആരാമം ബോധ്യപ്പെടുത്തി. സ്ത്രീകള്‍ക്കു മാത്രമായി സമൂഹം കനിഞ്ഞുനല്‍കിയ ഇടങ്ങള്‍ക്കപ്പുറത്തേക്ക് ആരാമത്തിലെ മലയാളി വനിത കണ്ണയച്ചു. കല, സാഹിത്യം, സ്ത്രീ, പുരുഷന്‍, കുടുംബം, മതം, വേദം, സമൂഹം, രാഷ്ട്രീയം, പോരാട്ടം എല്ലാം ആരാമത്തിന്റെ പേജുകളിലൂടെ സ്ത്രീകളുടെ അകതാരിലെത്തി. ലോകത്തെമ്പാടുമുള്ള നീതിനിഷേധങ്ങളോട് അതിന്റെ പേജുകള്‍ കയര്‍ത്തു. പോരാട്ടങ്ങളോടും സമരങ്ങളോടും വസന്തങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ മലയാളിസ്ത്രീക്ക് ആരാമം വേദിയായി.
ആരാമത്തെ നിരാകരിച്ചവര്‍ ഇന്ന് ഒന്നിലധികം വനിതാ പ്രസിദ്ധീകരണങ്ങളുമായി രംഗത്തെത്തി പര്യായങ്ങളാവാന്‍ ശ്രമിക്കുന്നു. മതത്തെ നിരാകരിച്ചവര്‍ മതത്തിലെ സ്ത്രീയെ അറിയാന്‍ ഇന്നവലംബിക്കുന്നത് ആരാമത്തെയാണ്.
ആരാമം സ്വന്തം വഴി വെട്ടുകയായിരുന്നില്ല, പ്രപഞ്ചസ്രഷ്ടാവായ ദൈവം പഠിപ്പിച്ചുതന്ന വഴിയിലേക്ക് വെളിച്ചം വീശുകയായിരുന്നു. സ്ത്രീയെയും പുരുഷനെയും കുടുംബത്തെയും സമൂഹത്തെയും സംബന്ധിച്ചുള്ള ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് സമകാലിക ഇസ്‌ലാമിനെ ആവിഷ്‌കരിക്കാനാണ് ആരാമം ശ്രമിക്കുന്നത്. അതിനാല്‍ത്തന്നെ മതത്തെ യാഥാസ്തിഥികതയില്‍ തളച്ചിട്ട പൗരോഹിത്യത്തിന് ആരാമത്തിന്റെ താഡനമേറ്റിട്ടുണ്ട്. സ്ത്രീയെ കൂച്ചുവിലങ്ങിടുന്ന നവയാഥാസ്ഥിതികതയേയും അത് നിരൂപണം ചെയ്തിട്ടുണ്ട്. ഇസ്‌ലാമിനെ വക്രീകരിക്കാന്‍ ശ്രമിക്കുന്ന മാധ്യമലോകത്തോടുള്ള സ്ത്രീയുടെ പക്ഷത്തു നിന്നുള്ള കലഹം കൂടിയാണ് ആരാമം.
സന്തുലിതമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാനാണ് ആരാമം ശ്രമിച്ചത്. ധാര്‍മിക മൂല്യങ്ങളുടെ അടിത്തറകളിലാണ് സമൂഹം നിര്‍മിക്കപ്പെടേണ്ടത്. പുരുഷനെയെന്ന പോലെ സ്ത്രീയെയും സര്‍വസ്വതന്ത്രയാക്കാന്‍ ആരാമം ആവശ്യപ്പെട്ടിട്ടില്ല. കൂച്ചുവിലങ്ങിടാനും ശ്രമിച്ചിട്ടില്ല. കേരളത്തില്‍ ആഴ്ചകള്‍ക്കു മുമ്പ് പര്‍ദ വിവാദമായപ്പോള്‍ ആരാമം മുന്നോട്ടുവെച്ച കാഴ്ചപ്പാട് ആര്‍ക്കാണ് നിരാകരിക്കാനാവുക?
വിമര്‍ശനങ്ങളെ ആരാമം സ്വാഗതം ചെയ്യുന്നു. വിയോജിപ്പുകളെ ഹൃദയപൂര്‍വം ഏറ്റുവാങ്ങുന്നു. അവയെ വിലയിരുത്തുകയും ചെയ്യുന്നു. അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മുന്നില്‍വെച്ച് കാഴ്ചപാടുകളെ നവീകരിക്കാനും ആരാമം തയാറാണ്.
മുസ്‌ലിം സമുദായത്തിനകത്തു തന്നെ ആരാമം ചെന്നെത്തിയിട്ടില്ലാത്ത എത്രയോ കുടുംബങ്ങളുണ്ട്. സമുദായത്തിനു പുറത്തേക്കും അത് കടന്നുചെല്ലേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ ഭൂരിപക്ഷമുള്ള കാമ്പസുകളാണ് കേരളത്തില്‍. അവരുടെ കൈകളിലും ആരാമമെത്തണം. ആരാമത്തിന്റെ സന്ദേശം അവരുടെ മനസ്സുകളിലും സുഗന്ധം പരത്തണം. വ്യക്തിയും കുടുംബവും അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് സാന്ത്വനമാവാന്‍ നമുക്കായിട്ടുണ്ടല്ലോ.
പുതിയ കൈകളിലേക്ക്, വീടുകളിലേക്ക് ആരാമം കടന്നുചെല്ലട്ടെ, അറിയാത്തവര്‍ അതിനെക്കുറിച്ചറിയട്ടെ. നമുക്കെന്നപോല അവര്‍ക്കും അതു വഴികാട്ടിയും കൂട്ടുകാരിയുമാവട്ടെ. ഈ പ്രചരണ കാലയളവില്‍ എല്ലാവരും അതിന് മുന്നിട്ടിറങ്ങുക. എല്ലാ വൈവിധ്യങ്ങളോടുമൊപ്പം, ദൈവിക സന്ദേശത്തിന്റെ ബലത്തില്‍ രൂപപ്പെടുന്ന വ്യക്തിയും കുടുംബവും സമൂഹവും രാഷ്ട്രവും ആരാമത്തിന്റെ സ്വപ്നവും പ്രതീക്ഷയുമാണല്ലോ. നാം അതിന്റെ പ്രചാരകരാവുക.