പിരിയഴിയുന്ന ബന്ധങ്ങള്‍

അഷ്‌റഫ് കാവില്‍ No image

         എല്ലാ ജീവികള്‍ക്കും കുടുംബമുണ്ടെങ്കിലും കുടുംബമുണ്ടാകാന്‍ വിവാഹം കഴിക്കുന്ന ഏക ജീവി മനുഷ്യനാണ്. ഇതുതന്നെയാണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകം. വിവാഹത്തെ പരിശുദ്ധവും പരിപാവനവുമായ കര്‍മ്മമായാണ് ഏതൊരു സമൂഹവും കാണുന്നത്. കുടുംബമെന്ന പ്രാഥമിക സാമൂഹിക സ്ഥാപനത്തിലേക്കുള്ള വാതിലായാണ് വിവാഹത്തെ സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ കാണുന്നത്. കൂടുമ്പോള്‍ ഇമ്പമുണ്ടാകേണ്ട ദാമ്പത്യ ബന്ധങ്ങളുടെ തകര്‍ച്ചമൂലം മിക്ക കുടുംബങ്ങളും ഇന്ന് ശിഥിലമായിക്കൊണ്ടിരിക്കുകയാണ്.

2012ലെ യൂണിസെഫ്, ഹ്യൂമണ്‍ റൈറ്റ്‌സ് കൗണ്‍സില്‍, എ.ബി.സി ന്യൂസ് എന്നിവയുടെ റിപ്പോര്‍ട്ട് പ്രകാരം വിവാഹമോചനത്തിന്റെ ലോക ശരാശരി ആറ് ആണ്. ലോകത്ത് നടക്കുന്ന ആയിരം വിവാഹങ്ങളില്‍ ആറെണ്ണവും വിവാഹമോചനത്തില്‍ കലാശിക്കുന്നു. സ്വീഡനില്‍ 54.9% വും അമേരിക്കയില്‍ 54.8% വും ഡെന്മാര്‍ക്കില്‍ 44.5%വും കല്യാണങ്ങള്‍ വിവാഹമോചനത്തില്‍ അവസാനിക്കുന്നു എന്നാണ് കണക്ക്. ഇങ്ങനെ നോക്കുമ്പോള്‍ താരതമ്യേന കുറച്ചു ദമ്പതിമാര്‍ വിവാഹമോചനം നേടുന്ന രാജ്യമാണ് ഇന്ത്യ. 1990 ലെ കണക്കു പ്രകാരം ഇന്ത്യയില്‍ ആയിരം വിവാഹങ്ങളില്‍ 7.4 എണ്ണം വിവാഹമോചനത്തില്‍ എത്തി. എന്നാല്‍ 2010 ല്‍ ഇത് 11 ആയി വര്‍ധിച്ചു. 1991 മുതല്‍ 2001 വരെയുളള 10 വര്‍ഷക്കാലയളവില്‍ 31.9% വര്‍ധനവാണ് വിവാഹമോചനത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയത്.
ഇന്ത്യയില്‍ വിവാഹമോചനനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥനം കേരളമാണ്. കേരള നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട കണക്കുപ്രകാരം 2011 ജനുവരി മുതല്‍ 2012 ജനുവരി വരെ 44236 വിവാഹമോചനക്കേസുകളാണ് കേരളത്തിലെ കുടുംബകോടതികളില്‍ എത്തിയത്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ കേരള ഹൈക്കോടതി പുറത്തുവിട്ട കണക്കുപ്രകാരം 2014-ല്‍ കേരളത്തിലെ 28 കുടുംബകോടതികളില്‍ തര്‍ക്കപരിഹാരത്തിന്നായി കെട്ടിക്കിടക്കുന്നത് അരലക്ഷത്തിലധികം കേസുകളാണ്. ഇതില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിക്കിട്ടുന്നതിനായി മാത്രം കേസ് നല്‍കിയത് 18,500 ദമ്പതിമാരാണ്. കേരളത്തിലെ കുടുംബശൈഥില്യത്തിന്റെ ഭീകരത വ്യക്തമാക്കുന്ന കണക്കാണിത്. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് കേരളത്തിലെ വിവാഹമോചനക്കേസുകളില്‍ 350 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഓരോ വര്‍ഷവും ശരാശരി 20 ശതമാനം കേസുകളാണ് വര്‍ധിക്കുന്നത്. അതുകൊണ്ടുതന്നെ ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ഇന്ത്യയുടെ ഡൈവേഴ്‌സ് തലസ്ഥാനമായി മാറിക്കഴിഞ്ഞു.
വിവാഹമോചനത്തിന് കോടതിയില്‍ കേസുകള്‍ നല്‍കിയിരിക്കുന്നവരുടെ എണ്ണം
തിരുവനന്തപുരം 2744
എറണാകുളം 2215
കൊല്ലം 2055
തൃശൂര്‍ 1894
ആലപ്പുഴ 1748
കോട്ടയം 1300
കോഴിക്കോട് 1230
പത്തനംതിട്ട 1192
കണ്ണൂര്‍ 1161
പാലക്കാട് 1096
മലപ്പുറം 671
ഇടുക്കി 546
കാസര്‍കോഡ് 408
വയനാട് 240
അവലംബം: വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ഹൈക്കോടതി പുറത്തുവിട്ട കണക്ക്.
ഇന്ത്യയില്‍ ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് വിവാഹമോചനം വര്‍ധിക്കുന്നത്. ഡല്‍ഹിയില്‍ 9000, മുംബെയില്‍ 7500, ചെന്നൈയില്‍ 3000 എന്ന നിരക്കില്‍ ഓരോ വര്‍ഷവും വിവാഹമോചനക്കേസുകള്‍ ഫയല്‍ ചെയ്യപ്പെടുന്നുണ്ട് എന്നാണ് കണക്ക്. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ഡല്‍ഹിയിലെ വിവാഹമോചനം ഇരട്ടിയായി വര്‍ധിച്ചപ്പോള്‍ ബംഗളൂരുവില്‍ നാലുകൊല്ലം കൊണ്ട് ഇത് മൂന്നിരട്ടി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുപ്രകാരം കേരളത്തില്‍ വിവാഹമോചനം കാത്തുകഴിയുന്ന ദമ്പതിമാര്‍ ഏറ്റവും കൂടുതലുള്ളത് എറണാകുളം നഗരത്തിലാണ്. 2014ലെ കണക്കുപ്രകാരം 1739 പേരാണ് ഈ വ്യവസായ നഗരത്തില്‍ ദാമ്പത്യബന്ധം വേര്‍പ്പെടുത്തിക്കിട്ടുന്നതിനായി കേസ് ഫയല്‍ ചെയ്ത് കാത്തിരിക്കുന്നത്. നഗരവല്‍ക്കരണവും വ്യവസായവല്‍ക്കരണവും വിവാഹമോചനത്തിന്റെ തോത് വര്‍ധിപ്പിക്കുകയാണെന്ന് ഈ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ വിവാഹമോചനം കൂടുന്നതായി ബംഗളൂരുവില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇന്ത്യയിലെ പ്രമുഖ ഐ.ടി നഗരമായ ഇവിടെ ഓരോ 1000 വിവാഹങ്ങളില്‍ 300-ഉം വേര്‍പിരിഞ്ഞതാണ്. ഓരോ ദിവസവും ശരാശരി ഇത്തരം 40 കേസുകള്‍ ഫാമിലി കോടതികളില്‍ ഫയല്‍ ചെയ്യപ്പെടുന്നു. ഐ.ടി മേഖലയില്‍നിന്ന് മാത്രമുള്ള വിവാഹമോചനക്കേസുകള്‍ 2003-ല്‍ 283 ആയിരുന്നെങ്കില്‍ മൂന്നു കൊല്ലംകൊണ്ട് അത് 1246 ആയാണ് വര്‍ധിച്ചത്. വിവാഹമോചനം തേടുന്നവരില്‍ 70 ശതമാനവും ഐ.ടി മേഖലയിലോ സ്വകാര്യ കമ്പനികളിലോ ജോലി ചെയ്യുന്നവരാണെന്ന് പഠനം വ്യക്തമാക്കുന്നു. 2003-ല്‍ ബംഗളൂരു നഗരത്തിലെ ആകെ വിവാഹമോചനക്കേസുകള്‍ 1280 ആയിരുന്നെങ്കില്‍ 2006-ല്‍ അത് 2493 ആയാണ് വര്‍ധിച്ചത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ 'ഉദ്യോഗനഗര'മായ ബംഗളൂരുവിന് ഇന്ന് ദക്ഷിണേന്ത്യയുടെ ഡൈവേഴ്‌സ് തലസ്ഥാന നഗരമെന്ന ദുഷ്‌പ്പേര് വീണുകഴിഞ്ഞു.
ഐ.ടി പ്രൊഫഷണലുകള്‍ക്കിടയില്‍ വിവാഹമോചനം കൂടുന്നതിന്റെ പ്രധാനകാരണം ജോലി സമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവുമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജോലിക്കാരായ ഭാര്യക്കും ഭര്‍ത്താവിനും ഒരുപോലെ സാമ്പത്തിക സുരക്ഷിതത്വം ഉള്ളതിനാല്‍ പരസ്പരം ആശ്രയിക്കേണ്ടി വരുന്നില്ല. പകലും രാത്രിയും മാറി മാറി ഷിഫ്റ്റ് സമ്പ്രദായത്തില്‍ ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ കുടുംബത്തില്‍ ഒന്നിച്ചിരുന്ന് സമയം ചിലവിടാന്‍ കഴിയാത്ത അവസ്ഥയുണ്ട്. കമ്പ്യൂട്ടറുകള്‍ക്കു മുന്നില്‍ ദീര്‍ഘനേരം കുത്തിയിരുന്ന് ജോലിചെയ്യുന്ന ചിലരില്‍ വന്ധ്യതക്കുള്ള സാധ്യതയും കൂടുതലാണ്. ഇത്തരം ഘടകങ്ങള്‍ ദമ്പതികളെ വിവാഹമോചനത്തിലേക്ക് നയിക്കുന്നതായാണ് പഠനങ്ങളില്‍ കണ്ടത്തിയത്.
കേരളത്തില്‍ ദാമ്പത്യബന്ധങ്ങളെ പൊട്ടിത്തെറിയുടെ വക്കിലെത്തിക്കുന്ന ഗാര്‍ഹിക പീഡനങ്ങള്‍ക്കും കുടുംബകലഹങ്ങള്‍ക്കും പ്രധാനകാരണം മദ്യമാണ്. സംസ്ഥാനത്തെ പുരുഷന്മാരില്‍ 48 ശതമാനവും മദ്യപാനികളാണെന്നും 85 ശതമാനം കുടുംബകലഹങ്ങള്‍ക്കും കാരണം മദ്യപാനശീലമാണെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ 80 ശതമാനം വിവാഹമോചനത്തിനും കാരണം ഭര്‍ത്താക്കന്മാരുടെ മദ്യപാനശീലമാണെന്ന് ഇന്ത്യന്‍ ആല്‍ക്കഹോള്‍ പോളിസി അലയന്‍സ് റിപ്പോര്‍ട്ട് പറയുന്നു. ഗൃഹനാഥന്റെ മദ്യപാനാസക്തി മൂലമുള്ള രോഗങ്ങളും കുടുംബത്തിന്റെ കടക്കെണിയും ദാരിദ്യവും സ്ത്രീകളെ വിവാഹമോചനത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
വനിതാ കമ്മീഷനിലെത്തുന്ന ഭൂരിഭാഗം സ്ത്രീപീഡനക്കേസുകള്‍ക്കും കാരണം മദ്യപാനമാണെന്ന് ജസ്റ്റിസ് ഡി. ശ്രീദേവി വ്യക്തമാക്കിയിട്ടുണ്ട്. ഗാര്‍ഹിക പീഡനങ്ങള്‍ക്ക് 94.57 ശതമാനവും കാരണം ഭര്‍ത്താവിന്റെ മദ്യപാനശീലമാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. മദ്യപാനികളുടെ ഭാര്യമാരില്‍ 62 ശതമാനവും ശാരീരികവും മാനസികവുമായ പലവിധ പീഡനങ്ങള്‍ സഹിച്ച് കഴിയുന്നവരാണ്. അമിത മദ്യപാനംമൂലം ഭാര്യയുടെ ചാരിത്ര്യശുദ്ധിയെ സംശയിക്കുന്ന 'ആല്‍ക്കഹോളിക് ജലസ് ഹസ്ബന്റ് സിന്‍ഡ്രോം' എന്ന മാനസികരോഗം ബാധിക്കുന്ന പുരുഷന്മാരുടെ എണ്ണം കേരളത്തില്‍ കൂടുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മദ്യം സൃഷ്ടിക്കുന്ന ഇത്തരം കുടുംബപ്രശ്‌നങ്ങള്‍ നമ്മുടെ നാട്ടില്‍ ദാമ്പത്യബന്ധം ശിഥിലമാക്കുകയാണ്.
കേരളത്തില്‍ ഗാര്‍ഹിക പീഡനം കൂടുന്നതിനും അതുവഴി കുടുംബബന്ധങ്ങള്‍ തകര്‍ന്ന് വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്നതിനുമുള്ള മറ്റൊരു പ്രധാന കാരണം സ്ത്രീധന സമ്പ്രദായമാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം സ്ത്രീധനത്തിന്റെ പേരില്‍ ഓരോ മണിക്കൂറിലും ഒരു സ്ത്രീ മരിക്കുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീധനത്തിനും മറ്റുമായി ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സ്ത്രീകളെ പീഡിപ്പിച്ച കേസുകള്‍ 2012-ല്‍ 1,06,527 ആയിരുന്നെങ്കില്‍ 2013-ല്‍ അത് 1,18,866 ആയി ഉയര്‍ന്നു. നമ്മുടെ സംസ്ഥാനത്ത് 2013-ല്‍ സ്ത്രീകള്‍ക്കെതിരെ ആകെ നടന്ന 13,738 കുറ്റകൃത്യങ്ങളില്‍ 4820 എണ്ണവും ഭര്‍ത്താവും ബന്ധുക്കളും സ്ത്രീകളെ ഉപദ്രവിച്ച കേസുകളാണ്. സ്ത്രീകളെ വിവാഹമോചനത്തിലേക്ക് നയിക്കുന്ന ഇത്തരം ഗാര്‍ഹിക അതിക്രമങ്ങള്‍ക്കുള്ള പ്രധാന കാരണം സ്ത്രീധനമാണ്.
ഇന്റര്‍നെറ്റിലെ അശ്ലീല സൈറ്റുകളില്‍ ആകൃഷ്ടരാകുന്ന ഭര്‍ത്താക്കന്മാരുടെ രതിവൈകൃതങ്ങളും പ്രകൃതിവിരുദ്ധ പീഡനങ്ങളും സ്ത്രീകളെ വിവാഹമോചനത്തിലേക്ക് നയിക്കുന്നുണ്ട്. സദാസമയവും മൊബൈല്‍ഫോണ്‍ സംസാരത്തിലും ഇന്റര്‍നെറ്റ് ചാറ്റിംഗിലും മുഴുകി പങ്കാളിയെ മറക്കുന്നവര്‍ സ്വന്തം കുടുംബത്തിന്റെ അടിവേരാണ് അറുക്കുന്നത്.
ഇരുവര്‍ക്കും സാമ്പത്തിക വരുമാനമുള്ളതും എന്നാല്‍ മക്കളില്ലാത്തതുമായ ദമ്പതിമാര്‍ക്കിടയില്‍ വിവാഹമോചനം കൂടുന്നതായി കണ്ടിട്ടുണ്ട്. 'DINK' (ഡബിള്‍ ഇന്‍കം നോ കിഡ്‌സ്) കുടുംബം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇത്തരം ദമ്പതിമാരുടെ സാമ്പത്തിക സ്വാശ്രയത്വവും കുടുംബ ജീവിതത്തില്‍ കടപ്പാടുകള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും വലിയ പ്രാധാന്യം കല്‍പ്പിക്കാത്ത സ്വഭാവവുമാണ് ഇതിന് കാരണം. ജീവിതത്തെ ഗൗരവമായി സമീപിക്കാന്‍ കഴിയുന്ന വിധം പക്വതയെത്താത്ത ചെറിയ പ്രായത്തില്‍ വിവാഹിതരാകുന്നതാണ് ഇളം തലമുറയില്‍ വിവാഹമോചനഭ്രമം വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം. അയഥാര്‍ഥമായ ആഗ്രഹങ്ങളും സ്വപ്‌നസമാനമായ പ്രതീക്ഷകളുമായി ശാരീരികമായ ആകര്‍ഷണത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ വിവാഹത്തിലേക്ക് പ്രവേശിക്കുന്നതാണ് ഇവരില്‍ ചിലരെ വിവാഹമോചനത്തിലേക്ക് നയിക്കുന്നത്. വിവാഹ സങ്കല്‍പങ്ങളും യാഥാര്‍ഥ്യവും തമ്മിലുള്ള വിടവ് സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ അതിജീവിക്കാന്‍ കഴിയാതെ ഇവര്‍ വിവാഹമോചനത്തില്‍ അഭയം തേടുകയാണ്. ഇരുപതിനും മുപ്പതിനുമിടയില്‍ പ്രായമുള്ള ദമ്പതിമാര്‍ക്കിടയിലാണ് വിവാഹമോചനം കൂടുന്നതെന്നും പഠന റിപ്പോര്‍ട്ടുകളുണ്ട്. വിവാഹ ജീവിതവുമായി പൊരുത്തപ്പെട്ട് പോകാനുള്ള കഴിവും പക്വതയുമാണ് യുവതീ യുവാക്കള്‍ ആര്‍ജിക്കേണ്ടതെന്ന പാഠമാണ് ഇത്തരം പഠനഫലങ്ങള്‍ നല്‍കുന്നത്.
ദമ്പതിമാര്‍ക്കിടയിലുള്ള വിട്ടുവീഴ്ചയില്ലായ്മ, തെറ്റിദ്ധാരണ, തൊഴില്‍പരമായ അസൂയ, അഹംഭാവം, സംശയരോഗം, ലൈംഗിക ജീവിത പരാജയം തുടങ്ങിയവയും വിവാഹമോചനങ്ങള്‍ക്കുള്ള കാരണങ്ങളാണ്. ഭര്‍ത്താവും ഭാര്യയും ജോലിയും സാമ്പത്തിക വരുമാനവും ഉള്ളവരാകുമ്പോള്‍ പരസ്പരം ആശ്രയിക്കാതെ സ്വന്തം കാലില്‍നിന്ന് ജീവിക്കാന്‍ കഴിയുമെന്ന ധാരണ ഇരുവരിലും വളരുന്നു. കൂട്ടുകുടുംബങ്ങള്‍ തകര്‍ന്ന് അണുകുടുംബങ്ങള്‍ വ്യപകമായതോടെ മറ്റുള്ളവരുടെ ഉപദേശമോ നിര്‍ദ്ദേശമോ സ്വീകരിക്കാന്‍ തയ്യാറാവാത്ത, സ്വന്തം തീരുമാനങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന യുവതലമുറ വളര്‍ന്നുവരികയാണ്. അമിത സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ അവര്‍ക്ക് ദാമ്പത്യം എന്ന നിയന്ത്രണരേഖയില്‍ ഒതുങ്ങാന്‍ കഴിയാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഉപഭോക്തൃ സംസ്‌കാരം പിടിമുറുക്കുന്ന സമൂഹത്തില്‍ ജോലിക്കും പണത്തിനും മാത്രം വിലകല്‍പ്പിക്കുന്നവര്‍ക്കിടയില്‍ സാംസ്‌കാരിക മൂല്യങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ക്കും സ്ഥാനമില്ലാതെ വരുന്നതും വിവാഹമോചനം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
സിനിമ, സീരിയല്‍, സ്‌പോര്‍ട്‌സ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള 'സെലിബ്രറ്റി' വിവാഹമോചന വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വെച്ച് വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുക വഴി വിവാഹമോചനം അത്ര വലിയ അപരാധമൊന്നുമല്ലെന്നുള്ള തെറ്റായ സന്ദേശം ചില മാധ്യമങ്ങള്‍ സമൂഹത്തിനു നല്‍കുന്നുണ്ട്. അതുവഴി സാധാരണക്കാര്‍ക്കിടയില്‍ പോലും വിവാഹമോചനത്തിന് സ്വീകാര്യത വര്‍ധിച്ചു വരുന്നുണ്ട് എന്ന അപകടം നാം കാണാതെ പോകരുത്. ഒരിക്കലും അടുക്കാന്‍ കഴിയാത്ത വിധം പരസ്പരം അകന്നുകഴിഞ്ഞ, യഥാര്‍ഥകാരണങ്ങള്‍ ഉള്ള ദമ്പതിമാരെ സംബന്ധിച്ച് വിവാഹമോചനം ഒരു പരിഹാരമാര്‍ഗമായേക്കാം. എന്നാല്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം വിവാഹമോചനമാണെന്ന മനോഭാവം സമൂഹത്തില്‍ വളരുന്നത് തടയേണ്ടതുണ്ട്.
രണ്ട് വ്യക്തികള്‍ പിരിഞ്ഞുപോകുക എന്ന യാന്ത്രികമായ പ്രവര്‍ത്തനം മാത്രമല്ല വിവാഹമോചനത്തില്‍ നടക്കുന്നത്. മറിച്ച്, കുടുംബബന്ധങ്ങളെയും കുട്ടികളെയും വ്യക്തിബന്ധങ്ങളെയും പ്രതികൂലമായ ബാധിക്കുന്ന വൈകാരിക ശൈഥില്യവും പ്രത്യാഘാതങ്ങളുമാണ് വിവാഹമോചനം സമൂഹത്തില്‍ സൃഷ്ടിക്കുന്നത്. വിവാഹമോചനങ്ങളുടെ ഫലമായി കുടുംബം പോറ്റേണ്ടിവരുന്ന സ്ത്രീകളുടെ എണ്ണം ഇന്ത്യയില്‍ കൂടുകയാണ്. വിവാഹമോചിതരായോ ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെട്ടോ കഴിയുന്ന 23.43 ലക്ഷം സ്ത്രീകള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഇതില്‍ 1.96 ലക്ഷം സ്ത്രീകളും കേരളത്തിലാണുള്ളത്. കേരളത്തില്‍ കുടുംബഭാരം സ്വന്തം ചുമലില്‍ താങ്ങുന്നവര്‍ 22 ശതമാനം വരുമെന്നാണ് കണക്ക്. ദേശീയ ശരാശരി 10.5 ശതമാനം മാത്രമാണെന്നോര്‍ക്കണം.
വിവാഹമോചനത്തിന്റെ ഫലമായി മിക്കപ്പോഴും കുട്ടികള്‍ അമ്മമാരോടൊപ്പം കഴിയേണ്ടിവരുന്നു. അതുവഴി വിവാഹമോചിതയാകുന്ന സ്ത്രീക്ക് പുനര്‍വിവാഹം നടക്കാനുള്ള സാധ്യത പുരുഷനെ അപേക്ഷിച്ച് കുറയുകയാണ്. വിവാഹമോചനത്തിനു ശേഷം ഇരുവരും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ വേറെയാണ്. വിവാഹമോചനം ഏറെ സമയവും സമ്പത്തും നഷ്ടപ്പെടുത്തുന്ന പ്രക്രിയയാണ്. വര്‍ഷങ്ങളോളം അനിശ്ചിതമായി നീളുന്ന കേസുകളില്‍ അനുകൂലമായ വിധി കിട്ടാനായി കോടതി വരാന്തകള്‍ കയറിയിറങ്ങുന്നവര്‍ വാശിക്കും വൈരാഗ്യത്തിനുമായി ജീവിതത്തിന്റെ വിലയേറിയ സമയവും സമ്പത്തുമാണ് സ്വയം നഷ്ടപ്പെടുത്തുന്നതെന്ന് ഓര്‍ക്കുന്നില്ല.
തകരുന്ന ദാമ്പത്യ ബന്ധങ്ങളുടെ പ്രധാന ഇരകള്‍ സ്ത്രീകള്‍ മാത്രമല്ല, കുട്ടികള്‍ കൂടിയാണ്. വിവാഹമോചനം നേടി മാതാപിതാക്കള്‍ പരസ്പരം വഴിപിരിയുമ്പോള്‍ വേണ്ടത്ര സ്‌നേഹവും സംരക്ഷണവും ലഭിക്കാതെ വീട് വിട്ടിറങ്ങുന്ന കുട്ടികളാണ് അനാഥശാലകളിലും ചില്‍ഡ്രന്‍സ് ഹോമുകളിലുമൊക്കെ അന്തിയുറങ്ങേണ്ടി വരുന്നത്. ചേരികളിലും തെരുവുകളിലും ക്രിമിനല്‍ സംഘങ്ങളുടെ കൈകളിലും എത്തിപ്പെട്ട് പിന്നീട് വന്‍ കുറ്റവാളികളായി മാറുന്നതും ഇത്തരം കുട്ടികളാണ്. വിവാഹമോചിതരായ ദമ്പതികളുടെ കുട്ടികളില്‍ മാനസികാരോഗ്യം കുറയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പഠനകാര്യങ്ങളില്‍ ശ്രദ്ധ കുറയല്‍, ജീവിതത്തോട് വിരക്തി, ആത്മവിശ്വാസക്കുറവ്, ആകാംക്ഷ, വിഷാദ രോഗം, ആക്രമണോത്സുകത തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഇത്തരം കുട്ടികളുടെ ജീവിത്തെ പ്രതികൂലമായി ബാധിക്കും. കുട്ടികളെ കുറ്റകൃത്യങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നതിന് ഈ ഘടകങ്ങള്‍ കാരണമാകും. ഈ കുട്ടികള്‍ മുതിരുമ്പോള്‍ ഇവരുടെ വിവാഹജീവിതവും കലഹങ്ങള്‍ നിറഞ്ഞതാകാനും അതുവഴി വിവാഹമോചനത്തില്‍ എത്താനും സാധ്യതയുണ്ടെന്ന് ചില പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. 'വീടുകള്‍ നിര്‍മിക്കുന്നത് ഇഷ്ടികകള്‍ കൊണ്ടാണ്. എന്നാല്‍ കുടുംബം പണിയേണ്ടത് ഹൃദയങ്ങള്‍ കൊണ്ടാവണം' എന്ന് പറയാറുണ്ട്. കുടുംബബന്ധം ഊട്ടിയുറപ്പിക്കേണ്ടത് സ്‌നേഹമെന്ന വികാരം കൊണ്ടാവണം. 'പരസ്പരം സ്‌നേഹം പങ്കുവെക്കാനുള്ള കൂട്ടുകെട്ടാണ് വിവാഹം' എന്ന് ഇംഗ്ലീഷ് കവി റോബര്‍ട്ട് ബ്രൗണിംഗ് അഭിപ്രായപ്പെട്ടതിന്റെ അര്‍ഥവും മറ്റൊന്നല്ല. സത്യസന്ധമായ ആശയവിനിമയം ആരോഗ്യകരമായ ദാമ്പത്യബന്ധം വളര്‍ത്തുന്നതിന് അനിവാര്യമാണ്. ജീവിതത്തിന്റെ തിരക്കിലും ഒന്നിച്ചിരുന്ന് സന്തോഷത്തോടെ സമയം ചെലവിടാനും പരസ്പരം അംഗീകരിക്കാനും അഭിനന്ദിക്കാനും ദമ്പതിമാര്‍ക്ക് കഴിയണം.
സമൂഹത്തിന്റെ കെട്ടുറപ്പിന് കുടുംബ ഭദ്രത അത്യന്താപേക്ഷിതമാണ്. ദാമ്പത്യബന്ധങ്ങള്‍ പാതിവഴിയില്‍ മുറിഞ്ഞുപോകുമ്പോള്‍ അത് വ്യക്തികളെ മാത്രമല്ല, കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെയും ദുര്‍ബലമാക്കും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top