അത്‌ലറ്റ്

ഡോ. എം. ഷാജഹാന്‍ No image

     മൂന്നു നാലു മാസം മുമ്പാണ് ഞാന്‍ ജ്യോത്സ്‌നയെ കണ്ടത്. പേര് സൂചിപ്പിക്കുന്നതു പോലെ തിളങ്ങുന്ന കണ്ണുകളുള്ള ഒê പതിനാറുകാരി സുന്ദരിയും ചുണക്കുട്ടിയുമൊന്നുമായിരുന്നില്ല അവളപ്പോള്‍. പണ്ടവളങ്ങനെയായിരുന്നെങ്കിലും ഇപ്പോള്‍ മെലിഞ്ഞൊട്ടിയ സ്വന്തം ശരീരത്തെ നരച്ച പര്‍ദ്ദക്കുള്ളിലൊളിപ്പിച്ച്, പാറുന്ന തലമുടിയും വേപഥു പൂണ്ട കണ്ണുകളും വിയര്‍പ്പുമിനുക്കമുള്ള മുഖവുമായി വരണ്ട ഭാവത്തില്‍ നില്‍ക്കുകയായിരുന്നു അവള്‍. ഒക്കത്ത് ഒരു ചെറിയ പെണ്‍കുട്ടി. ഇടതു കൈവിരലില്‍ തൂങ്ങി പര്‍ദ്ദയില്‍ ചവിട്ടിത്തിരിഞ്ഞും തള്ളവിരല്‍ വായിലിട്ട് നുണഞ്ഞും കൊണ്ട് ഒരാണ്‍കുട്ടിയും. എന്തെല്ലാമോ വേണ്ടതിലധികംæകുത്തിനിറച്ചിരിക്കയാല്‍ അരോചകമാം വിധം വീര്‍ത്ത, അറബ് അക്ഷരങ്ങളെഴുതിയ ഒരു ഷോപ്പിംഗ് ബാഗ് അവരുടെ സമീപത്തായി വച്ചിരുന്നു.
ജിമ്മിലേക്കുള്ള ചില വ്യായാമ ഉപകരണങ്ങളുമായി ടൗണില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. അല്‍പം സങ്കീര്‍ണ്ണമായതും സ്ഥലം മെനക്കെടുത്തുന്നതുമായ എന്റെ വസ്തുവകകള്‍ കണ്ടപ്പോഴേ ബസ്സിലെ കിളി കൈകൊണ്ട് വിലക്കിയിêì. എന്നാലും ചിരിച്ചു കൊണ്ട് ഞാന്‍ അടുത്തുചെന്നു.
''പറ്റില്ല നിങ്ങള്‍ കണ്ടില്ലേ ബസ്സിലെ തിരക്ക്? കെ.ആര്‍.എല്‍ കാലിയടിച്ച് ഇപ്പോള്‍ വരും.'' എന്നും പറഞ്ഞ് അവന്‍ രണ്ടടിച്ചതും ഞാന്‍ ചിരിച്ചുകൊണ്ടുതന്നെ പിന്തിരിഞ്ഞ് എന്റെ സാമഗ്രികള്‍ പഴയ സ്ഥാനത്തു തന്നെ കൊണ്ടുവന്നു വെച്ചു. എന്നിട്ട് ജാള്യത ലേശം പോലും ഭാവിക്കാതെ നേരെ തല ഉയര്‍ത്തി നോക്കിയപ്പോഴാണ് അവളെ കണ്ടത്.
ആദ്യം പ്രത്യേകിച്ചൊന്നും തോന്നിയില്ല. വീണ്ടും സംശയം തോന്നി നോക്കിയപ്പോള്‍ ഓര്‍മ വന്നു; ജ്യോത്സ്‌ന....
സെക്കണ്ടറി ക്ലാസ്സുകളിലെ എന്റെ ക്ലാസ്സ്‌മേറ്റ്.
തിളങ്ങുന്ന നക്ഷത്രക്കണ്ണുകളുള്ള, കായികമേളകളില്‍ സ്പ്രിന്റ് ട്രാക്കുകളെ രോമാഞ്ചമണിയിച്ചിരുന്ന, 'പറക്കും അത്‌ലറ്റ്' ജ്യോത്സ്‌ന....
ഞങ്ങളുടെ സ്‌കൂളിന്റെ അഭിമാനതാരം.
ജ്യോത്സ്‌നയുണ്ടെന്ന അഭിമാനത്തിലും ഒരുവേള അഹങ്കാരത്തിലും തന്നെ ആയിരുന്നു അന്നെല്ലാം ഞങ്ങളുടെ സ്‌കൂള്‍ ടീം ജില്ലാ സ്‌പോര്‍ട്‌സുകളില്‍ പങ്കെടുത്തിരുന്നത്. അവളുടെ കുതിപ്പുകള്‍ക്ക് പശ്ചാത്തലമായി രണ്ടായിരത്തോളം വരുന്ന കുട്ടികളുടെ ആരവവും കൈയടിയും ബഹളവും എന്നുമുണ്ടായിരുന്നു.
ആ ജ്യോത്സ്‌നയാണ് ഈ നില്‍ന്നത്.
നോക്കിനില്‍ക്കെ സ്‌കൂള്‍ കാലത്തെ വലിയൊരാരവം ഒരു ഹൂങ്കാരമായി എന്നെ മൂടുകയും പിന്നെ അത് ജ്യോത്സ്‌നയിലേക്ക് സംക്രമിച്ച് ഉച്ചവെയിലിന്റെ ചൂടുള്ള ഒê ചെറുകാറ്റായി അവളുടെ മുടിയിഴകളെ മെല്ലെ ചലിപ്പിക്കുകയും ചെയ്തു.
''ഷിഹാബെന്താ ഇവിടെ?''
ഔപചാരികതകളില്ലാത്ത, ജ്യോത്സ്‌നയുടെ പെട്ടെന്നുള്ള ചോദ്യത്തില്‍ പതിനേഴു വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു.
കണ്ണുകളിലെ വിരിവ് മാത്രം ബാക്കിയുണ്ട്. ആ വിശാലതയില്‍ പ്രസന്നതക്കു പകരം വിരസതയുടെ ഇളം മഞ്ഞ. നുണക്കുഴി പണ്ടത്തെ അതേപോലെത്തന്നെ. കണ്ണുകള്‍ക്കും നുണക്കുഴിക്കും ഇടയില്‍ പുഞ്ചിരി പൂത്തുവിരിയുന്ന ഇടം എന്നു ഞാന്‍ രഹസ്യമായി കണ്ടുപിടിച്ച മിനുപ്പില്‍ ഇന്നൊരു നീണ്ടമുറിക്കലയാണ്.
ഞാനും അപരിചിതത്വം ഭാവിച്ചില്ല.
''ഞാന്‍ നാട്ടിലൊരു ജിം നടത്തുന്നുണ്ട്. അവിടേക്കുള്ള ചില സാധനങ്ങള്‍ സംഘടിപ്പിക്കാന്‍ വന്നതാ. ബസ്സിലൊക്കെ വലിയ തിരക്ക്. ജ്യോത്സ്‌ന എങ്ങോട്ടാ?'
മറുപടിക്ക് പകരമായി അവള്‍ എന്നെ ആകെയൊന്നു നോക്കി.
''ഷിഹാബ് വല്ലാതെ തടിച്ചു.''
ഒരു ജിം ഇന്‍സ്ട്രക്റ്റര്‍ എന്ന നിലയില്‍ എന്റെ ശരീരം വെറുതെ ഒന്നു തടിച്ചതു മാത്രമല്ലെന്നെനിക്കറിയാം. ഒരു മൂന്നു നിമിഷം കൊണ്ട് ഈ ശരീരത്തെ ഇതിന്റെ പകുതി കൂടി ചേര്‍ത്ത് വിജൃംഭിപ്പിച്ചെടുക്കാനും എനിക്ക് കഴിയും. ഒട്ടിപ്പിടിച്ച ബനിയനും, ജീന്‍സും, സ്റ്റീല്‍കുമിളകളുള്ള തടിച്ച ബെല്‍റ്റും വിരിഞ്ഞുന്തിയ നെഞ്ചുമായി നില്‍ക്കുന്ന എന്നെ ജ്യോത്സ്‌ന 'വല്ലാതെ തടിച്ചു' എന്നു മാത്രം വിശേഷിപ്പിച്ചതില്‍ എനിക്കൊരതൃപ്തി പോലെ. ഒരു പ്രത്യേകഭാവത്തില്‍ വീണ്ടും ജ്യോത്സ്‌നയെ സൂക്ഷിച്ചു നോക്കിയപ്പോഴാകട്ടെ ആണ്‍കുട്ടിയുടെ മൂക്കുപിഴിഞ്ഞുകുടഞ്ഞ്, അവന്റെ വായിലെ വിരലും പുറത്തെടുത്ത് കൈ പര്‍ദ്ദയില്‍ തുടക്കുന്നതാണ് കണ്ടത്.
പിന്നെ അവള്‍ എന്റെ ചോദ്യത്തിനുത്തരം പറഞ്ഞു.
''എന്റെ വീട് ഇവിടെയാ'
'നിന്റെയോ....?' ഞാന്‍ അത്ഭുതം നടിച്ചു.
''എന്റെയല്ല.... എന്റെ ഭര്‍ത്താവിന്റെ''എന്നും പറഞ്ഞ് മറ്റുള്ളവരില്‍ വേദന ജനിപ്പിക്കാന്‍ പ്രാപ്തമായ ഒരു ദൈന്യതയോടെ അവളെന്നെ സൂക്ഷിച്ചുനോക്കി. എന്തുകൊണ്ടെന്നറിയില്ല, ദൃഢമെന്ന് പുറമെ ഭാവിക്കുന്ന എന്റെ മൃദുല ഹൃദയത്തില്‍ ഒരു ചെറിയ നീറ്റലായി എനിക്കതേല്‍ക്കുകയും ചെയ്തു.
അവള്‍ തുടര്‍ന്നു.
''ഇപ്പോള്‍ ഞാന്‍ എന്റെ വീട്ടിലേക്ക് പോവുകയാണ്. ഷിഹാബിന്റെ വീട് ഹൗസിംഗ് കോളനിയിലല്ലേ?''
''അതെ''
''അതിനടുത്താണ് എന്റെ വീട്. ആ പള്ളിപ്പറമ്പിനു പിന്നില്‍.''
ഇപ്പോള്‍ എനിക്കു മനസ്സിലായി ആ സ്ഥലം. പള്ളിപ്പറമ്പിനും ഖബര്‍സ്ഥാനിനും പിന്നിലെ ചെറിയ വീട്. ഞങ്ങള്‍ വെള്ളം കുടിക്കാന്‍ പോയിരുന്ന വീട്. സ്‌കൂളില്‍ ഉച്ചബെല്ലടിച്ചാല്‍ എല്ലാവരും മത്സരിച്ചോടുമായിരുന്നു, ജ്യോത്സ്‌നയുടെ വീട്ടിലേക്ക്. വലിയൊരു കലത്തില്‍ ഇളം ചൂടും നേരിയ ഉപ്പുമുള്ള നേര്‍ത്ത കഞ്ഞിവെള്ളവുമായി ജ്യോത്സ്‌നയുടെ ഉമ്മ ഞങ്ങളെ കാത്തിരിക്കുന്നുണ്ടാവും. ഈയിടെയായി ഞാന്‍ രാവിലത്തെ ഓട്ടത്തിനു പോകുന്നതും ആ വഴിക്കാണ്. ഇതുവരെ ശ്രദ്ധിച്ചില്ല എന്നു മാത്രം.
''ഉമ്മ ഇപ്പോഴും സുഖമായിരിക്കുന്നോ?''
''ഉപ്പ മരിച്ചു. ഉമ്മാക്ക് പ്രത്യേകിച്ച് അസുഖമൊന്നുമില്ല.'
പെട്ടെന്ന് കാലിയടിച്ച് കെ.ആര്‍.എല്‍ വന്നു. അവള്‍ കുട്ടികളെയുമെടുത്ത് ബസ്സിനടുത്തേക്കോടി. സാമാനങ്ങളുമെടുത്ത് ഞാനും. ബസ്സിറങ്ങിയപ്പോള്‍ പിന്നെ അവളെ കണ്ടതുമില്ല.
പിന്നെ കുറേ ദിവസത്തേക്ക് കണ്ടില്ല. ഞാനും അക്കാര്യം മറന്നു.
ഒരു ദിവസം രാവിലത്തെ ഓട്ടത്തില്‍ ജ്യോത്സ്‌നയുടെ ഉമ്മയെ കണ്ടു. ധാരാളം കവുങ്ങുകള്‍ക്കിടയില്‍ ആ കൊച്ചുവീട് ഇപ്പോഴും അങ്ങനെത്തന്നെ. മുന്‍ഭാഗത്ത് ഒരാട്ടിന്‍കൂടും ആടുകളും മാത്രം പുതുതായുണ്ട്. ഓട്ടത്തിന്റെ സ്പീഡും ടൈമറും ഓഫ് ചെയ്ത് തത്കാലം ടാര്‍ജറ്റ് നാളെയാവാമെന്ന് വെച്ച് ഞാനങ്ങോട്ടുകയറി. ഉമ്മ പെട്ടെന്നെന്നെ തിരിച്ചറിഞ്ഞു.
''ജ്യോത്സ്‌ന പോയോ?
പോയി മോനേ.. എന്തെങ്കിലും കാര്യമുണ്ടാവുമ്പോള്‍ അവള്‍ വരും. ടൗണിലാ അവളുടെ വീട്.''
ഉമ്മയില്‍നിന്നും ജ്യോത്സ്‌നയുടെ കഥ എനിക്കേതാണ്ട് മനസ്സിലായതിങ്ങനെയാണ്.
അവളുടെ ഉപ്പ വിവാഹച്ചെലവുകളുടെ കാര്യമോര്‍ത്ത് വിഷമിച്ചിരുന്ന കാലത്ത് സഹായവാഗ്ദാനങ്ങളുമായി അമ്മാവന്‍മാര്‍ സമീപിച്ചു. ദുരഭിമാനിയായിരുന്ന ഉപ്പ അതെല്ലാം നിരസിക്കുകയും രണ്ടാം കെട്ടുകാരനെങ്കിലും രണ്ടുപെണ്ണുങ്ങളെ പോറ്റാന്‍ പ്രാപ്തിയുള്ളവനെന്നുìതോന്നിയ ഒരു ഗള്‍ഫ്കാരന് ജ്യോത്സ്‌നയെ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു. ഭര്‍തൃവീട്ടില്‍ ഭര്‍ത്താവിന്റെ ആദ്യഭാര്യയുടെ സമ്പൂര്‍ണ്ണ ഭരണവും മേല്‍ക്കോയ്മയുമാണ് അവളെ കാത്തിരുന്നത്. എല്ലാം സഹിച്ചും പൊറുത്തും ഒരന്തേവാസിയായി അവളവിടെ കഴിഞ്ഞുകൂടി. ഭര്‍ത്താവിന്റെ കാര്യങ്ങളും പകലുകളും മാത്രമല്ല മനസ്സും രാത്രികളും കൂടി നഷ്ടപ്പെട്ടുതുടങ്ങിയപ്പോഴേക്കും ജ്യോത്സ്‌നയുടെ ഉപ്പ മരിച്ചു. മടിച്ചുമടിച്ചാണെങ്കിലും അവള്‍ ഉമ്മയോട് കാര്യങ്ങള്‍ സൂചിപ്പിച്ചു. സ്വന്തം ദൈന്യതകളെ മാറ്റിവച്ച് ആ ഉമ്മ മുന്നിട്ടിറങ്ങി. നാട്ടുകാരണവന്മാരുടെ ചര്‍ച്ചാവേദിയിലേക്ക് വരെ ആ മണിയറ രഹസ്യങ്ങളെ അവര്‍ കൊണ്ടെത്തിച്ചു. ഒടുക്കം ആദ്യഭാര്യക്ക് മനസ്സില്ലാമനസ്സോടെ പാതിരാത്രികളെയും ഭര്‍ത്താവിന് പാതിശരീരത്തെയും ജ്യോത്സ്‌നക്ക് വിട്ടുകൊടുക്കേണ്ടിവന്നു. അതിനെ ഒരു വിജയമായാണോ പരാജയമായാണോ പരിഗണിക്കേണ്ടതെന്നറിയാതെ ജ്യോത്സ്‌നയും ആ പോരാട്ടവിജയത്തോടെ മനസ്സും ശരീരവും ക്ഷീണിച്ച് അവളുടെ വൃദ്ധമാതാവും ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു.
''ഉമ്മ ഇവിടെ എന്തുചെയ്യും ഒറ്റക്ക്?''
''ഒറ്റക്കല്ല മോനെ ജ്യോത്സ്‌ക്ക് ഒരനുജത്തി കൂടിയുണ്ട്. അതിനും കല്യാണം നോക്കുന്നുണ്ട്. ഞാന്‍ മൂന്ന് വീടുകളില്‍ അടുക്കളപ്പണി ചെയ്യുന്നു. പിന്നെ ആടുകളും ഈ കവുങ്ങുകളും. ഉമ്മ കവുങ്ങിന്റെ മുകളിലേക്ക് നോക്കിയപ്പോള്‍ ഞാനും നോക്കി. ഓറഞ്ചു നിറത്തില്‍ പുഞ്ചിരിക്കുന്ന കുലകള്‍. കവുങ്ങിനൊരു പ്രത്യേകതയുള്ളത് നിലനില്‍ക്കാന്‍ കുറഞ്ഞ സ്ഥലം മതി എന്നതാണ്. എത്ര കുറഞ്ഞ പുരയിടക്കാര്‍ക്കും വലിയ സ്ഥലച്ചെലവില്ലാതെ പത്തും ഇരുപതും കവുങ്ങു വെക്കാം.
''എന്താ ഉമ്മാ കവുങ്ങുകളെന്ന് പ്രത്യേകം പറഞ്ഞത്?''
ഉമ്മ ഒരു നിമിഷം ശങ്കിച്ചു. പിന്നെ എന്റെ ട്രാക്ക് സ്യൂട്ടിലേക്കും കയ്യിലെ ടൈമറിലേക്കും നോക്കി.
''മനുഷ്യന് ജീവിക്കാന്‍ ഭക്ഷണവും വീടും മാത്രം പോരല്ലോ മോനെ. വസ്ത്രങ്ങളും മറ്റു സാധനങ്ങളും വേണ്ടേ. ഈ അടക്കകള്‍ എന്റെ ജ്യോത്സ്‌നക്ക് വേണ്ടിയാണ്. കൊല്ലത്തിലൊരിക്കല്‍ അവള്‍ വന്ന് അതെല്ലാം പെറുക്കി വില്‍ക്കും. തുണിത്തരങ്ങള്‍ വാങ്ങും.'
ഞാന്‍ ഒരിക്കല്‍ കൂടി ആ മരതകപ്പച്ചയിലേക്ക് തലയുയര്‍ത്തി.
ഏതോ മഹാരഹസ്യം വെളിപ്പെട്ട ജാള്യതയിലോ ഗൗരവമാര്‍ന്ന ഒരു ഉത്തരവാദിത്ത ബോധത്തിലോ എന്നറിയില്ല ആ മരങ്ങള്‍ ഒരു ആദ്ധ്യാത്മികനിശബ്ദതയില്‍ അങ്ങനെ നില്‍ക്കുന്നു.
''ഞാനീ വീട്ടുപണികള്‍ക്കൊക്കെ പോകുന്നത് ജ്യോത്സ്‌നയുടെ അനുജത്തിക്ക് വേണ്ടിയാ. അതെന്നെ അവളുടെ ഉപ്പ ഏല്‍പ്പിച്ചുപോയ കാര്യം. അതുകഴിഞ്ഞാല്‍ ഞാനിവിടം വിടും. ജ്യോത്സ്‌നയുടെ ഉമ്മ ആദ്യമായിട്ടൊരാളോട് ഹൃദയരഹസ്യം വെളിപ്പെടുത്തുന്ന പോലെ നിര്‍ന്നിമേഷയായി എന്നെ നോക്കി പറഞ്ഞു.
''എങ്ങോട്ടു പോകും?''
''പലയിടത്തും. പലയിടത്തായി കറങ്ങും. പുണ്യസ്ഥലങ്ങളില്‍.''
പിന്നെയൊരു ദിവസം സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ഞാന്‍ ജ്യോത്സ്‌നയെ കണ്ടു. വായുനിറച്ച മൂന്നു നാലുഫുട്‌ബോളുകളും വോളിബോളുകളും ഒരു വലിയ വലയിലാക്കി തൂക്കിപ്പിടിച്ച് നടക്കുമ്പോഴാണ് കനമുള്ള വലിയൊരു ചാക്കും തലയില്‍ വെച്ച് അവള്‍ നടന്നടുത്തത്
''ജ്യോത്സ്‌നയെന്താ ഈ വഴിക്ക്?''
''അവിടെ പാലം പണി നടക്കുകയല്ലേ. അതുകൊണ്ട് ചുറ്റിവളഞ്ഞു വന്നു.''അതും പറഞ്ഞ് അവള്‍ നടന്നു. നാലടി നടന്നശേഷം തിരിഞ്ഞുനിന്ന് അടുത്ത മാസം പതിനേഴിന് അവളുടെ അനിയത്തിയുടെ വിവാഹമാണെന്നും പറഞ്ഞു.
പൊരിവെയിലത്ത് തലച്ചുമടിന്റെ മാത്രം നിഴലില്‍ അവള്‍ നടക്കുകയാണ്. പാദരക്ഷകളില്ല.
ഒരു കാലത്ത് ടൈമറുകളെ നോക്കുകുത്തികളാക്കിയ, കുതിപ്പുകള്‍ കൊണ്ട് പുളകമണിയിച്ച, അതേ മണ്ണില്‍ വിണ്ടുകീറിയ മടമ്പുകളുമായി അവള്‍ നടന്നുനീങ്ങിയപ്പോള്‍ ഒരു ത്രികാല ജ്ഞാനിയെപ്പോലെ മണ്ണ് നിസ്സംഗത ഭാവിക്കുന്നതായി എനിക്കു തോന്നി. എന്റെ പന്തുകള്‍ താഴെവച്ച് കണ്ണില്‍ നിന്ന് മറയുന്നതുവരെ ആ ചുവടുകളെയും നോക്കി ഞാനങ്ങനെയിരുന്നു.
പിന്നെയും കുറേ ദിവസത്തേക്ക് എനിക്ക് അവളെയും അവളുടെ ജീവിതത്തെയും ശ്രദ്ധിക്കാന്‍ പറ്റിയില്ല. ആ കല്യാണത്തിലും ഞാന്‍ പങ്കെടുത്തില്ല. ഞാന്‍ തന്നെ പരിശീലിപ്പിച്ചെടുത്ത ഒരു വോളിബോള്‍ ടീമുമായി ടൂര്‍ണ്ണമെന്റാവശ്യത്തിന് ഞാന്‍ കട്ടക്കിലായിരുന്നു.
പുതിയൊരു ജോഡി ബൂട്‌സുമിട്ട് രാവിലെ ഓടുന്നതിനിടയില്‍ ഞാന്‍ വീണ്ടും അവളെ കണ്ടു. സ്വന്തം വീട്ടുമുറ്റത്ത് കവുങ്ങുമരങ്ങളുടെ തണലില്‍ അലക്കു കല്ലില്‍ ഇരിക്കുകയായിരുന്നു അവള്‍. ഞാന്‍ തൊട്ടടുത്തു ചെന്നപ്പോഴാണ് തല ഉയര്‍ത്തിയത്. കണ്ണുനീരില്ലാത്ത കലങ്ങിയ കണ്ണുകള്‍.
''കുട്ടികളൊക്കെ എവിടെ?''
''കൊണ്ടുവന്നില്ല. ടൗണിലെ വീട്ടിലുണ്ട്.''
'ഉമ്മ?''
'ഉമ്മയെ കാണുന്നില്ല.''
കുറച്ചുനേരത്തെ നിശബ്ദത.
''ഷിഹാബ് കല്യാണത്തിന് വന്നില്ല.'
'ഞാന്‍ വേറെയൊരു തിരക്കിലായിരുന്നു.''
'ശരി''
വീണ്ടും നിശബ്ദത. അടക്കാമരങ്ങള്‍ ഒരു ചിത്രം പോലെ നിശ്ചലം.
''ഉമ്മ എനിക്കൊരു ശക്തിയായിരുന്നു ഷിഹാബ്'' ഒരു ഗഹ്വരത്തില്‍ നിന്നെന്നപോലെ അവളുടെ സ്വരം.
ആരുമില്ലാത്ത സന്ദര്‍ഭത്തില്‍ അവിടെ അങ്ങനെ നില്‍ക്കുന്നത് ശരിയല്ലെന്ന് തോന്നിയപ്പോള്‍ ഞാന്‍ ഇറങ്ങി നടന്നു. സ്പീഡ് ടൈമര്‍ ഓഫ് ചെയ്യുകയും ചെയ്തു. കുറച്ചു ദൂരം ചെന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ അങ്ങു ദൂരെ അലക്കുകല്ലില്‍ മറ്റൊരു ശില പോലെ അപ്പോഴും ജ്യോത്സ്‌ന...

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top