ആരോഗ്യത്തിനും ആദായത്തിനും മഞ്ഞള്‍

ഷംന എൻ.കെ
2015 മെയ്‌
മഞ്ഞള്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും കയറ്റി അയക്കുന്നതും ഇന്ത്യയാണ്. പാചകത്തിനു പുറമെ ഔഷധങ്ങള്‍

      മഞ്ഞള്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും കയറ്റി അയക്കുന്നതും ഇന്ത്യയാണ്. പാചകത്തിനു പുറമെ ഔഷധങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. അന്നജം, സുഗന്ധ തൈലം, കുര്‍ക്കുമിന്‍ എന്നിവ മഞ്ഞളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്നു.
മഞ്ഞളിന് നിറം നല്‍കുന്നത് അതിലുള്ള കുര്‍ക്കുമിന്‍ എന്ന ഘടകമാണ്. കുര്‍ക്കുമിന്റെ അളവ് കൂടുതലുള്ള മഞ്ഞള്‍ അധികമായി ഉല്‍പാദിപ്പിക്കുന്നത് കേരളത്തിലാണ്.
നല്ല നീര്‍വാര്‍ച്ചയും പശിമരാശി മണ്ണിന്റെ സാന്നിധ്യവുമാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. കേരളത്തില്‍ എല്ലായിടത്തും മഞ്ഞള്‍ കൃഷിചെയ്യാം. ചെടിച്ചട്ടികളിലോ പ്ലാസ്റ്റിക് ചാക്കുകളിലോ നട്ട് വീട്ടാവശ്യത്തിനുള്ളത് ഉല്‍പാദിപ്പിക്കാം.
വേനല്‍മഴ കിട്ടിയാല്‍ നിലമൊരുക്കല്‍ തുടങ്ങാം. ഏപ്രില്‍-മെയ് മാസമാണ് നടീല്‍ കാലം. നട്ട് കഴിഞ്ഞാല്‍ നല്ല മഴ ലഭിക്കണം. അര മീറ്റര്‍ വീതിയിലും 15-20 സെന്റീമീറ്റര്‍ ഉയരത്തിലും ആവശ്യാനുസരണം നീളത്തില്‍ തടമെടുത്താണ് വിത്ത് നടേണ്ടത്. വരികള്‍ തമ്മില്‍ ഒരടി അകല്‍ച്ച വേണം. തടങ്ങള്‍ തയ്യാറാക്കുമ്പോള്‍ അടിവളമായി കുഴിയൊന്നിന് 100 ഗ്രാം ചാണകപ്പൊടി, ട്രൈക്കോ ഡെര്‍മ ചേര്‍ത്ത വളം എന്നിവ നല്‍കിയതിനു ശേഷം വിത്തിട്ട് മണ്ണും പുതയും ഇട്ട് മൂടുകയും വേണം. ഉണങ്ങിയ ഇല, തെങ്ങിന്റെ ഓല എന്നിവ ഇതിനായി ഉപയോഗിക്കാം. ഇതുമൂലം വിത്തിന്റെ മുകളിലെ മണ്ണ് ഒലിച്ചുപോകുന്നത് തടയാന്‍ കഴിയും. രണ്ട് മാസം കഴിഞ്ഞ് പച്ചില വളങ്ങള്‍ നല്‍കി അഴുകിയ ചാണകം ചേര്‍ത്ത് മണ്ണ് കയറ്റിക്കൊടുക്കണം. കളകള്‍ നീക്കംചെയ്യുകയും വേണം.
കീടരോഗബാധകള്‍ പൊതുവെ കുറവാണ് മഞ്ഞളിന്. എങ്കിലും രോഗ-കീട ബാധ ഇല്ലാത്ത അകക്കാമ്പ് ഉള്‍പ്പെടെ സമൃദ്ധമായതും 7-8 മാസം മൂപ്പെത്തിയതുമായ മുളപൊട്ടിയ വിത്താണ് നടേണ്ടത്. വിത്തുകള്‍ ഇരുപത് ഗ്രാം സ്യൂഡോമോണാസ് ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അതില്‍ മുക്കി 30 മിനുട്ടിനു ശേഷം തണലില്‍ ഉണക്കണം. തുടര്‍ന്ന് പ്രത്യേക രീതിയില്‍ തയ്യാര്‍ചെയ്ത കുഴികളില്‍ സൂക്ഷിക്കുക. തണലുള്ള സ്ഥലത്തു വേണം കുഴികള്‍ എടുക്കാന്‍. ഇതിനകത്ത് മണലോ അറക്കപ്പൊടിയോ പല അടുക്കുകളായി വിത്തും മണലും അറക്കപ്പൊടിയും ഇടകലര്‍ത്തിയോ കുഴി നിറക്കുക. ഇത് കീടനിയന്ത്രണത്തിന് ഫലപ്രദമാണ്. കുഴികളില്‍ വായുസഞ്ചാരം ലഭിക്കാന്‍ ദ്വാരങ്ങള്‍ ഉണ്ടാവണം. ഈ വിത്തുകള്‍ നടുന്നതിന് മുമ്പ് സ്യൂഡോമോണാസ് ലായനിയില്‍ 20 മിനുട്ട് മുക്കിവെച്ച് വെള്ളം ഉണങ്ങിയതിനു ശേഷം നടാം.
ഇന വ്യത്യാസമനുസരിച്ച് ഏഴ് മുതല്‍ പത്ത് മാസം വരെയുള്ള കാലയളവില്‍ വിളവെടുക്കാം. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് വിളവെടുപ്പുകാലം. ചെടി മഞ്ഞളിച്ച് ഉണങ്ങിത്തുടങ്ങുന്നതാണ് മൂപ്പെത്തിയതിന്റെ ലക്ഷണം. മണ്‍വെട്ടികൊണ്ട് കിളച്ച് വേരും മണ്ണും നീക്കി വേണം സംസ്‌കരിക്കാന്‍. ചെമ്പ് പാത്രമോ മണ്‍പാത്രമോ മഞ്ഞള്‍ പുഴുങ്ങുവാന്‍ ഉപയോഗിക്കാം. മഞ്ഞള്‍ മൂടുന്ന രീതിയില്‍ വെള്ളമൊഴിച്ച് വേവിക്കണം. വേവാന്‍ 45 മുതല്‍ 60 മിനുട്ട് വരെ സമയമെടുക്കും. കൂടുതല്‍ വേവുന്നതും വേണ്ടത്ര വേവാതിരിക്കുന്നതും മഞ്ഞളിന്റെ ഗുണം കുറക്കും. നന്നായി പത വന്നശേഷം പ്രത്യേക മണം വരുന്നതാണ് വേവുപാകം. വിരല്‍കൊണ്ട് അമര്‍ത്തിയാലും ഈര്‍ക്കിലുപയോഗിച്ച് കുത്തിനോക്കിയാലും വേവറിയും.
വെന്ത മഞ്ഞള്‍ വെയിലത്തു വെച്ചാണ് ഉണക്കേണ്ടത്. നടു ചീന്തിയിടുന്നത് പെട്ടെന്ന് ഉണങ്ങാന്‍ സഹായിക്കും. ടെറസിന്റെ മുകളിലോ വെയിലുള്ള മറ്റു സ്ഥലങ്ങളിലോ ഇട്ട് ഉണക്കാം. 10 മുതല്‍ 15 ദിവസം വരെ ഉണക്കേണ്ടിവരും.
ഉണങ്ങിയ മഞ്ഞളിന്റെ പ്രതലം പരുപരുത്തതായിരിക്കും. ഉണങ്ങിയ മഞ്ഞള്‍ ചണച്ചാക്കില്‍ നിറച്ച് തറയില്‍ അടിച്ചാല്‍ പുറംഭാഗത്തെ തൊലികള്‍ നീക്കപ്പെടും. ഇത് മഞ്ഞളിനെ കൂടുതല്‍ ആകര്‍ഷകമാക്കും. ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. സുവര്‍ണ്ണ, സുഗുണ, സുദര്‍ശന, പ്രഭ, പ്രതിഭ, ആലപ്പുഴ, ശോഭ എന്നിവയാണ് മെച്ചപ്പെട്ട വിത്തിനങ്ങള്‍.

ഇഞ്ചി
മഞ്ഞളിനെ പോലെ ഇഞ്ചിയും ഏപ്രില്‍- മെയ് മാസത്തിലാണ് നടേണ്ടത്. തടമൊരുക്കുന്നതും വിത്തുകള്‍ സൂക്ഷിക്കുന്നതും നടുന്നതും മഞ്ഞളിനെ പോലെയാണ്.
സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്ന പച്ച ഇഞ്ചി, ചുക്ക്, ക്രിസ്റ്റ്‌ലൈസ്ഡ് ജിഞ്ചര്‍ എന്നിവ പല രീതിയില്‍ സംസ്‌കരിച്ച് ഉപയോഗിക്കുന്നു. ആയുര്‍വേദം ഇഞ്ചിയെ മഹാ ഔഷധമായിട്ടാണ് കണക്കാക്കുന്നത്. ആസ്തമ, ചുമ, പനി, ജലദോഷം, വയറിളക്കം തുടങ്ങിയവക്ക് ഔഷധമായി ചുക്ക് ഉപയോഗിച്ചുവരുന്നു. ചുക്ക്, കുരുമുളക്, തുളസി എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ ചുക്ക് കഷായം ജലദോഷം, പനി എന്നിവക്കുള്ള ഔഷധമാണ്. ഇഞ്ചി ഉപയോഗിച്ച് ബിസ്‌കറ്റ്, ബ്രഡ്, പുഡിംഗ്, സൂപ്പ്, അച്ചാര്‍ എന്നിവയും ഉണ്ടാക്കാറുണ്ട്. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചെടുത്ത് അതില്‍ നാരങ്ങാ നീര് ചേര്‍ത്ത് ചമ്മന്തിയുണ്ടാക്കാം.
പച്ച ഇഞ്ചിയാണ് ഉപയോഗിക്കുന്നതെങ്കില്‍ നട്ട് ആറ് മാസം കഴിഞ്ഞ് ഇല മഞ്ഞളിച്ചു തുടങ്ങുമ്പോള്‍ വിളവെടുക്കാം. ചുക്ക് ഉണ്ടാക്കുവാന്‍ എട്ട് മാസം കഴിഞ്ഞ് മൂപ്പെത്തിയ ഇഞ്ചി ഇല കരിഞ്ഞുതുടങ്ങിയാല്‍ വിളവെടുക്കാം.
ഇഞ്ചിയുടെ ഗുണത്തെ ആശ്രയിച്ചിരിക്കുന്ന ഘടകമാണ് നാര്, ബാഷ്പീകൃത തൈലം, രുചി തുടങ്ങിയവ. മൂപ്പനുസരിച്ച് ഈ മൂന്ന് ഘടകങ്ങളുടെ അളവ് വ്യത്യാസപ്പെട്ടിരിക്കും. 5-7 മാസം പ്രായമായ ഇഞ്ചിയില്‍ നാരിന്റെയും മറ്റും അംശം കുറവായിരിക്കും. പ്രിസര്‍വ് ചെയ്ത ഇഞ്ചി ഉല്‍പാദിപ്പിക്കുന്നതിനുവേണ്ടി 5-7 മാസം പ്രായമായ ഇളം പ്രകന്ദങ്ങളാണ് വിളവെടുക്കുന്നത്. ഒമ്പത് മാസമാകുമ്പോഴേക്കും അവശ്യഘടകങ്ങളുടെ അളവ് കൂടുതലായിരിക്കും. 215 മുതല്‍ 260 ദിവസം വരെ പ്രായമായ ഇഞ്ചിയിലാണ് ബാഷ്പീകൃത തൈലത്തിന്റെ അളവ് കൂടുതല്‍ കാണപ്പെടുന്നത്. ചുക്ക് ഉണ്ടാക്കുന്നതിനു വേണ്ടി ഇഞ്ചി വെയിലത്ത് ഉണക്കേണ്ടതാണ്. 7-10 ദിവസം വരെ ഇതിനു സമയമെടുക്കാം. തൊലി നേരിയ തോതില്‍ കളഞ്ഞാല്‍ പെട്ടെന്ന് ഉണങ്ങിക്കിട്ടും. വെയിലില്‍ ഉണക്കിയ ചുക്ക് തവിട്ടുനിറത്തില്‍ ചുക്കിച്ചുളിഞ്ഞിരിക്കും.
വയനാട് ലോക്കല്‍, വരദ, രജത, മഹിമ, സുപ്രഭ, സുരുചി എന്നിവ ഉല്‍പാദനക്ഷമത കൂടിയ ഇനങ്ങളാണ്.
ഇഞ്ചിയുടെ പ്രധാന രോഗം മൂടുചീയലാണ്. വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുക. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ചുവട്ടിലൊഴിച്ചു കൊടുക്കുക. ട്രൈക്കോഡെര്‍മ ചേര്‍ത്ത വളംചേര്‍ക്കുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചുവട്ടിലൊഴിച്ചു കൊടുത്താല്‍ മൂടുചീയല്‍ തടയാന്‍ സഹായിക്കും.
സ്യൂഡോമോണാസ്
ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ജീവാണു മാത്രമല്ല, രോഗങ്ങളില്‍ നിന്നിവയെ സംരക്ഷിക്കുന്നതുമാണ് സ്യൂഡോമോണാസ്. കുമിള്‍രോഗങ്ങള്‍ക്കെതിരെ ഇത് ഫലപ്രദമാണ്. കുരുമുളകിന്റെ ദ്രുതവാട്ടം, ഇഞ്ചിയുടെ അഴുകല്‍, തെങ്ങിന്റെ ഓലചീയല്‍ തുടങ്ങിയവക്ക് ഫലപ്രദമാണ്.
വിത്തുമായി സ്യൂഡോമോണാസ് ചേര്‍ക്കല്‍
20 ഗ്രാം സ്യൂഡോമോണാസ് പൊടി ഒരു കിലോഗ്രാം വിത്തുമായി കലര്‍ത്തി വിത്തു മുളക്കുന്ന വെള്ളത്തില്‍ എട്ട് മണിക്കൂര്‍ വെക്കുക. തണ്ടും തൈയും വെള്ളത്തില്‍ കലക്കിയുണ്ടാക്കിയ ലായനിയില്‍ മുക്കിയെടുക്കാം. ഇലകളില്‍ തളിക്കാനും ചുവട്ടില്‍ വീഴ്ത്താനും ഇതുപയോഗിക്കാം.
ട്രൈക്കോഡെര്‍മ
മണ്ണില്‍ വസിക്കുന്ന ഒരു മിത്ര കുമിളയാണ് ട്രൈക്കോഡെര്‍മ. സസ്യരോഗ നിയന്ത്രണിന് ഇത് വ്യാപകമായി ഉപയോഗിക്കുന്നു. കുരുമുളകിന്റെ ദ്രുതവാട്ടം, ഇഞ്ചിയുടെ അഴുകല്‍, കുമിള്‍ രോഗങ്ങള്‍, പച്ചക്കറിയിലെ വേരുചീയല്‍ തുടങ്ങിയവയെ നിയന്ത്രണവിധേയമാക്കാന്‍ ട്രൈക്കോഡെര്‍മക്ക് കഴിവുണ്ട്.
ഉണങ്ങിയ ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ പൊടിച്ച് കൂട്ടിക്കലര്‍ത്തി വെള്ളം തളിക്കുക. അംഗീകൃത കേന്ദ്രങ്ങളില്‍നിന്നും വാങ്ങിയ ഒന്നോ രണ്ടോ കിലോ ട്രൈക്കോഡെര്‍മ മേല്‍പറഞ്ഞ മിശ്രിതത്തില്‍ വിതറി നല്ലവണ്ണം കലര്‍ത്തി കൂട്ടുക. നനഞ്ഞചാക്കുകൊണ്ട് ഈ മിശ്രിതം മൂടി തണലില്‍ സൂക്ഷിക്കുക. ഒരാഴ്ച കഴിയുമ്പോഴേക്കും ഈ മിശ്രിതത്തിനു മുകളില്‍ ട്രൈക്കോഡെര്‍മയുടെ പച്ചനിറത്തിലുള്ള വളര്‍ച്ച കാണാം. വീണ്ടും ഒന്നുകൂടി വെള്ളം തളിച്ചശേഷം ഇളക്കി കൂനകൂട്ടി ആവരണംചെയ്യുക. ഇപ്രകാരം തയ്യാറാക്കിയ മിശ്രിതമാണ് വിളകളുടെ വേരുപടലത്തിനു സമീപം ഉപയോഗിക്കേണ്ടത്.
നടീല്‍ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ പോട്ടിങ്ങ് മിശ്രിതത്തില്‍ സാധാരണ ചാണകപ്പൊടിക്ക് പകരം ട്രൈക്കോഡെര്‍മ ചേര്‍ന്ന ചാണക മിശ്രിതം ഉപയോഗിക്കുന്നതാണ് നല്ലത്. കുമിള്‍രോഗ നിയന്ത്രണത്തിന് ഇത് സഹായകമാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media