എന്റെ പ്രിയപ്പെട്ട മോള്‍ക്ക്,
തോല്പിച്ച് കളഞ്ഞല്ലേ മോളേ നീ ഞങ്ങളെ. വേദനകളും പ്രയാസങ്ങളും ഇല്ലാത്ത, നിലക്കാത്ത സൗഭാഗ്യങ്ങളും സന്തോഷങ്ങളും നിറഞ്ഞ ആനന്ദവും ആഹ്ലാദവും ഇടമുറിയാത്ത ലോകത്തേക്ക് നമ്മുടെ വീട്ടില്‍ നിന്നും രണ്ടാമതായി നീ എത്തി... കണ്ടുവോ നീ നിന്റെ കുഞ്ഞു സഹോദരനെ.. അവനോടൊത്ത് നീ ഞങ്ങളെ നോക്കി ചിരിക്കുകയാണോ.. അതോ സ്വര്‍ഗത്തിലെ മാലാഖമാര്‍ക്കൊപ്പം സ്വര്‍ഗീയ സൗഭാഗ്യങ്ങള്‍ കണ്ട് പരിലസിക്കുന്ന തിരക്കിലാണോ.. ഏതാനും ദിവസങ്ങളില്‍ നീ അനുഭവിച്ച വിശപ്പും ദാഹവും അവിടുത്തെ പാനീയങ്ങളുടെ ഒറ്റ കവിള് കൊണ്ട് തന്നെ തീര്ന്നിരിക്കുമല്ലേ.. ഇവിടെ നിനക്ക് പങ്ക് വെക്കാന്‍ കഴിയാതെ പോയ നിന്റെ വികാരങ്ങളും വിചാരങ്ങളും പങ്കുവെക്കാനും അറിയാനും ഇന്ന് നിനക്ക് നിന്റെ നാഥനും മാലാഖമാരും. ഒരു കാര്യം ഉറപ്പ് നീ നാഥനുമായി നിന്റെ ഉമ്മാക്കും വാപ്പാക്കും വേണ്ടി സംവദിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ പ്രതിഫലനം ഞങ്ങള്‍ ഇവിടെ കാണുന്നു. അല്ലാതെ ആരു നല്‍കും ഈ ധൈര്യം ഞങ്ങള്‍ക്ക്. ഞങ്ങളും മോഹിക്കുന്നു, എത്രയും പെട്ടെന്ന് അവിടെ എത്തണമെന്ന്. പക്ഷെ നിങ്ങളെ പോലെ എളുപ്പമല്ലല്ലോ ഞങ്ങള്‍ക്ക്. എന്തെല്ലാം കടമ്പകള്‍ കടക്കണം ... ഏതെല്ലാം പരീക്ഷണങ്ങള്‍ വിജയിക്കണം... നിന്റെ ഈ യാത്ര തന്നെ ഞങ്ങള്‍ക്കുള്ള പരീക്ഷണമാണല്ലോ..
നീയെത്ര ഭാഗ്യവതിയാണ്. ഒരു കടമ്പയും കടക്കാനില്ലാതെ എത്തിയില്ലേ നീ നിന്റെ റബ്ബിന്റെ സവിധം.. ചേരണം നാളെ ഞങ്ങളില്‍ ഓരോരുത്തര്‍ക്കും നിങ്ങളോടൊപ്പം.. വരില്ലേ നിങ്ങള്‍ ഞങ്ങളെ സ്വീകരിക്കാന്‍... അര്ഥിക്കില്ലേ ഞങ്ങളുടെ ലഘുവിചാരണക്കായ്.. നുകരണം ഞങ്ങള്‍ക്കും നീ നുകരുന്ന മാധുര്യം. അനുഭവിക്കണം ഞങ്ങള്‍ക്കും നീ അനുഭവിക്കുന്ന സ്വച്ഛന്ദം. അതുകൊണ്ട് മാത്രം തുടക്കട്ടെ ഞങ്ങള്‍ നിലക്കാത്ത ഈ കണ്ണീര്‍ച്ചാലുകള്‍.. ക്ഷമിക്കട്ടെ ഞങ്ങള്‍ നിന്റെയീ വേര്‍പാട്.. പരിശ്രമിക്കട്ടെ ഞങ്ങള്‍ വിശ്രമമില്ലാതെ...