കലയുടെ ഇസ്‌ലാമികത

സഫാ അബ്ദുറഹ്മാൻ (അൽജാമിഅ അൽഇസ്ലാമിയ, ശാൻതപുരം)
2015 മാര്‍ച്ച്‌
കലാസാഹിത്യം വിദ്യാഭ്യാസം ശാസ്ത്ര സാങ്കേതികരംഗത്ത് മുസ്‌ലിംകളെ പാശ്ചാത്യ - പൗരസ്ത്യ സമൂഹങ്ങള്‍ മാധ്യമങ്ങളിലൂടെ

      കലാസാഹിത്യം വിദ്യാഭ്യാസം ശാസ്ത്ര സാങ്കേതികരംഗത്ത് മുസ്‌ലിംകളെ പാശ്ചാത്യ - പൗരസ്ത്യ സമൂഹങ്ങള്‍ മാധ്യമങ്ങളിലൂടെ വികലമായി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. കലാസാഹിത്യത്തിന്റെ ശത്രുക്കളും വൈരികളുമായാണ് പൊതുവെ മതസമൂഹങ്ങളെ മനസ്സിലാക്കപ്പെടുന്നത്. എന്നാല്‍ ഇസ്‌ലാമിന്റെ കാര്യത്തിലെ ഏറ്റവും വലിയ അത്ഭുതം അത് മാനവ നാഗരികത്ക്ക് നല്‍കിയ പ്രശോഭിതമായ നാഗരിക-സാംസ്‌കാരിക- ശാസ്ത്രീയ സംഭാവനകളാണ്. എഴുത്തും വായനയും പരിചയിക്കാത്ത ഒരു സമൂഹം മികവാര്‍ന്ന സാംസ്‌കാരിക അഭിവൃദ്ധികൊണ്ട് അത്ഭുതം സൃഷ്ടിച്ചു എന്നതാണ് ചരിത്രം.
യഥാര്‍ഥമായ കലയിലും സാഹിത്യത്തിലും ആത്മീയ മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. മതത്തെയും വിശ്വാസത്തെയും കല ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. കാരണം, ശാസ്ത്രം ഭൗതികതയിലൂടെയും കല ആത്മീയതയിലൂടെയുമാണ് ഗവേഷണം നടത്തുന്നത്. എന്നാല്‍, ഒരു സമൂഹത്തെ മുഴുവന്‍ നിഷേധത്തിന്റെ നിറം ചാര്‍ത്താനും നാശത്തിലേക്ക് ആഴ്ത്തിക്കളയാനും കല ഉപാധിയാവുന്നു. ഈ ലോകസാഹചര്യത്തില്‍ അധാര്‍മിക വ്യാപനം ദൃശ്യമാധ്യമങ്ങളിലൂടെ വളരെ വേഗത്തില്‍ സാധ്യമാണ്. അതുകൊണ്ടായിരിക്കാം ഇന്ന് കലയെ തിന്മയായി ചിത്രീകരിക്കുന്നത്.
ഏതൊരു മാധ്യമത്തെയും നന്മയുടെയും തിന്മയുടെയും പ്രചാരണത്തിനുപയോഗിക്കുക സാധ്യമാണ്. ഒരു മാധ്യമം വ്യാപകമായി തിന്മയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെങ്കില്‍ ആ മാധ്യമത്തെ കൈയൊഴിയുകയല്ല, അതിനെ നമ്മുടെ പ്രചാരണത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കുകയാണ് വേണ്ടത്. ഈ പാഠം ഭംഗിയായിത്തന്നെ ചരിത്രം അവതരിപ്പിക്കുന്നുണ്ട്; മുള്ളിനെ മുള്ളുകൊണ്ടെടുക്കാനുള്ള പാഠം.
ഈജിപ്തുകാരുടെ ദൈവം ചമഞ്ഞ ഫിര്‍ഔനെതിരെ മൂസ (അ) ഒരു വിപ്ലവകാരിയായി ഉദയംകൊണ്ടു. കണ്‍കെട്ടുവിദ്യകള്‍ ശീലിച്ച സമൂഹം. ഈ സാഹചര്യത്തില്‍ മൂസാ (അ)ക്ക് മാര്‍ഗദര്‍ശനമായി നല്‍കിയതും കണ്‍കെട്ടുവിദ്യകള്‍. ഒടുവില്‍ ആ വിദ്യകളില്‍ നിപുണരായവര്‍ പോലും സത്യത്തിനു മുമ്പില്‍ തോറ്റുപോയി. ധര്‍മം സ്ഥിരപ്പെടുകയും അധര്‍മം തകരുകയും ചെയ്തു.
അസാധാരണമായ സാഹിത്യബോധമുള്ള കവിതകള്‍ നിറഞ്ഞുനിന്നിരുന്ന അറേബ്യ. അവിടെ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും ജനങ്ങളെ മുക്തരാക്കിയ വിമോചകന്‍ നബി (സ)ക്ക് മാര്‍ഗദര്‍ശനമായി നല്‍കിയത് ലോക സാഹിത്യങ്ങളെ വെല്ലുവിളിക്കുന്ന ദൈവിക ഗ്രന്ഥം (ഖുര്‍ആന്‍). അവിടെയും ഒടുവില്‍ സത്യം തന്നെ വിജയിച്ചു.
ഒരു ജനതയെ മാറ്റത്തിന് വിധേയമാക്കാന്‍ പര്യാപ്തമാണ് കല. അത് സാംസ്‌കാരിക വിമലീകരണത്തിന് സാധ്യമാണ്. വിവേകം തുളുമ്പുന്ന കാവ്യങ്ങളുണ്ട്, മാസ്മരികത സൃഷ്ടിക്കുന്ന പ്രഭാഷകരുണ്ട്. ഖുര്‍ആന്‍ നിരുത്സാഹപ്പെടുത്തിയത് അധാര്‍മിക കലാസൃഷ്ടികളെയാണ്. കല ഒരിക്കലും ഉപദ്രവകാരിയാവുന്നില്ല. മറിച്ച്, അതിന്റെ ഉപയോഗമനുസരിച്ചാണ് ഉപദ്രവവും നിരുപദ്രവവുമാകുന്നത്. മൃദുല വികാരങ്ങളെ ത്രസിപ്പിക്കുന്ന ലൈംഗിക അരാചകത്വങ്ങളും കുറ്റകൃത്യങ്ങളും കലാ സാഹിത്യത്തില്‍ വലിയൊരു സ്ഥാനം തന്നെ നേടിയെടുത്തിരിക്കുന്നു. സാഹിത്യകലകളുടെ ധര്‍മ്മം സൃഷ്ടിയാണ,് സംഹാരമല്ല. മനുഷ്യനിലെ മൃഗീയതയെ മാറ്റിനിര്‍ത്തുന്നതിനും മാനുഷിക മൂല്യങ്ങളെ വളര്‍ത്തുന്നതിനും ഉത്തമസാഹിത്യം ഉത്തേജനം നല്‍കാതിരിക്കില്ല. ഇസ്‌ലാം കലയെ നിരുത്സാഹപ്പെടുത്തുന്നില്ല. അതിനെ ജീവിതമൂല്യങ്ങളിലൊന്നായി പരിഗണിക്കുന്നു.
സംഗീതത്തെയും സംഗീത ഉപകരണങ്ങളെയും നിശിതമായി വിമര്‍ശിക്കുന്ന വലിയൊരു വിഭാഗം ഉണ്ടെന്നത് ശരിയാണ്. ചരിത്രപരമായ കാരണങ്ങളാണതിനാധാരം. അന്തപുരങ്ങളിലെ ആഭാസ നൃത്തങ്ങളുമായി ബന്ധപ്പെട്ടാണ് മധ്യകാലഘട്ടത്തിലും അതിന് മുമ്പും സംഗീതം നിലനിന്ന് പോന്നതും വളര്‍ച്ച പ്രാപിച്ചതും. അതുകൊണ്ടാണ് മുന്‍കാല പണ്ഡിതന്മാര്‍ ഏകകണ്‌ഠേന സംഗീതത്തെ വിമര്‍ശിച്ചത്. എന്നാല്‍ ഇന്ന് സംഗീതം സ്വതന്ത്രമായ അസ്തിത്വമുള്ള ഒന്നാണ്.
ഇസ്‌ലാം കലയെ പ്രോത്സാഹിപ്പിക്കുന്നതായും അതിന്റെ വളര്‍ച്ചക്ക് മുന്‍കൈയെടുക്കുന്നതായും നമുക്ക് കാണാം. ദൈവിക ഗ്രന്ഥത്തിന്റെ പാരായണം സംഗീതത്തിന്റെ പുതിയൊരു ശാഖക്ക് രൂപം നല്‍കി. സംഗീതോപകരണങ്ങളുടെ അകമ്പടികളില്ലാതെ ആ ഗദ്യത്തിന് നല്‍കുന്ന സ്വരമാധുര്യത്തെ മറികടക്കാന്‍ ഇതര ഭാഷകളിലെ താളാത്മകമായ കവിതക്ക് സാധിക്കാതെ വരുന്നു. ഖുര്‍ആനികാക്ഷരങ്ങള്‍കൊണ്ട് അതിമനോഹരമായ ചിത്രങ്ങള്‍ നിര്‍മിച്ച് ലോക ചരിത്രകാരന്മാരുടെ ശ്രദ്ധയാകര്‍ഷിച്ച കലിഗ്രഫി കലയും വിശുദ്ധിയും ലയിക്കുന്ന ഇസ്‌ലാമിക സ്വത്വമുള്ള ചിത്രകലയാണ്. ഇസ്‌ലാമിന് സാര്‍വത്രിക സ്വഭാവമുള്ളതുകൊണ്ട് അറബികളല്ലാത്തവര്‍ക്കും ഖുര്‍ആന്‍ പഠിക്കേണ്ടി വരും. അതുകൊണ്ടാണ് ഖുര്‍ആന്‍ പരിഭാഷകളുടെ ഒരു ശാഖ തന്നെ ഉണ്ടായത്. പ്രവാചക കാലം മുതല്‍ക്കേ ഇത് തുടങ്ങി. പ്രവാചക ശിഷ്യനായ സല്‍മാനുല്‍ ഫാരിസി ഖര്‍ആന്റെ ഒരു ഭാഗം പാരിസിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. ആ പ്രക്രിയ ഇന്നും തുടരുന്നു.
പള്ളികളുടെ നിര്‍മ്മാണമാകട്ടെ വാസ്തു ശില്‍പത്തിന്റെയും അലങ്കാരങ്ങളുടെയും വളര്‍ച്ചക്കും കാരണമായി.
ഇതിന്റെയൊന്നും പരിധിയില്‍ വരാത്ത നിരവധി മേഖലകളുണ്ട്. കളിപ്പാവ നിര്‍മ്മാണം, ചിത്രവേലകള്‍ ഇവ രണ്ടും പ്രവാചകന്‍ വ്യക്തമായിത്തന്നെ അനുവദിച്ചിട്ടുള്ളതാണ്. ആള്‍രൂപത്തിന്റെ ചിത്രണത്തിലും മറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണം മുസ്‌ലിംകള്‍ക്കിടയില്‍ പൊതുവില്‍ കലയെ ഒരിക്കലും തളര്‍ത്തിയിരുന്നില്ലെന്നതിന് ചരിത്രം സാക്ഷിയാണ്. ഈ നിയന്ത്രണത്തിന്റെ സാമൂഹിക വശം വ്യക്തിയോടോ മറ്റു ജന്തുജാലങ്ങളോടോ ഉള്ള അന്ധമായ സ്‌നേഹം അതിനെ പൂജിക്കലായി തരംതാഴുന്ന അവസ്ഥയിലേക്ക് മാറാതിരിക്കുക എന്നതാണ്. കലാകാരന്മാരെയും സഹൃദയരെയും സംസ്‌കരിക്കുകയും നന്മയിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യുന്ന കലകളെ ഇസ്‌ലാം അനുവദിക്കുകയും മറ്റുള്ളവ നിരോധിക്കുകയും ചെയ്യുന്നു.
ലക്ഷ്യബോധമില്ലാത്ത എഴുത്തുകാരന്‍ മൂല്യബോധമില്ലാത്ത രചന നടത്തുമെങ്കിലും അനീതിക്കെതിരെയുള്ള എല്ലാ കലാസൃഷ്ടിയും ഗുണം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 'രക്തസാക്ഷിയുടെ രക്തത്തേക്കാള്‍ പരിശുദ്ധമാണ് പണ്ഡിതന്റെ തൂലികത്തുമ്പിലെ മഷി' എന്ന പ്രവാചക വചനം കലയുടെ പ്രാധാന്യത്തെ ധ്വനിപ്പിക്കുന്നുണ്ട്. കലാകാരന്റെ മനസ്സിനെ തൗഹീദിന്റെ മണ്ണില്‍ വൃക്ഷമായി രൂപപ്പെടുത്തി സമൂഹത്തിലത് ലതയായി പടര്‍ത്തേണ്ടതുണ്ട്. അവിടെയാണ് ഒരു വലിയ ജിഹാദ് കുടികൊള്ളുന്നത്. അതുകൊണ്ടു തന്നെ കലാസൃഷ്ടിയെന്നത് ഗൗരവബുദ്ധിയോടെ നിര്‍വഹിക്കേണ്ട ഒരു മഹാബാധ്യതയാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media