സൗഹൃദങ്ങളുടെ താഴ്‌വരയില്‍

ഷീല ടോമി /നാട്ടുണര്‍വ് No image

ദോഹ: ഡിസംബറിന്റെ തണുപ്പിറ്റുന്ന വൈകുന്നേരം ദോഹയിലെ സ്ത്രീസമൂഹം വ്യത്യസ്തമായ ഒരു ആഘോഷത്തിന്റെ നിറവിലായിരുന്നു അവിടെ എത്തിച്ചേര്‍ന്നവരെ കാത്തിരുന്നത് ഉണര്‍വിന്റെ ഉല്‍സവത്തിമിര്‍പ്പാണ്. എന്നോ കളഞ്ഞുപോയ കലാലയ ആഘോഷങ്ങളുടെ ആവേശത്തെ പുനരവതരിപ്പിക്കുകയായിരുന്നു ഉല്‍സവ ലഹരിയോടെ എഫ്.സി.സി വനിതാ കലാ കായിക മേള!
ഫ്രണ്ട്‌സ് കള്‍ചറല്‍ സെന്റര്‍, ഈ മരുഭൂമിയില്‍ ആരും ഒറ്റക്കല്ലെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് ദോഹയുടെ സാംസ്‌കാരിക മണ്ഡലത്തില്‍ എഫ്.സി.സി സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കുന്നു. ജാതിമത കക്ഷി രാഷ്ട്രീയഭേദമന്യേ ഓരോരുത്തരെയും സൗഹൃദത്തിന്റെ ഈന്തപ്പനച്ചോട്ടിലേക്ക് സ്വാഗതം ചെയ്യുകയാണ് എഫ്.സി.സി. കാലിക പ്രസക്തമായ ചര്‍ച്ചകളുടേയും സാമൂഹ്യ ഇടപെടലുകളുടേയും കാമ്പയിനുകളുടേയും ധൈഷണിക മാനവും, കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെ ഭാവനാത്മകതയും കാരുണ്യ വര്‍ഷത്തിന്റെ ആത്മീയഭാവവും മാത്രമല്ല ഉള്ളത്. എഫ്.സി.സിക്ക് അതോടൊപ്പം തിളങ്ങിനില്‍ക്കുന്നു എഫ്.സി.സി ഒരുക്കുന്ന കൂട്ടാമയ്മയുടെ സൗന്ദര്യം.
എഫ്.സി.സിയില്‍ ഒത്തുകൂടിയവര്‍ പാടിയും കവിത രചിച്ചും ചിത്രം വരച്ചും വിസ്മയം തീര്‍ത്തു. മാപ്പിളപ്പാട്ട്, ലളിത ഗാനം, നാടന്‍പാട്ട്, പെന്‍സില്‍ ഡ്രോയിംഗ്, കവിതാ രചന മല്‍സരങ്ങളില്‍ വലിയ പങ്കാളിത്തമുണ്ടായിരുന്നു. സ്‌പോര്‍ട്‌സ് ഫെസ്റ്റിവലില്‍ ഓട്ടമല്‍സരം, സാക്ക് റേസ്, ലമണ്‍ സ്പൂണ്‍ റേസ്, ഷോട്ട്പുട്ട് തുടങ്ങിയ വിവിധ ഇനങ്ങളിലെ വാശിയേറിയ മല്‍സരങ്ങള്‍ കൊണ്ട് സമ്പന്നമായി. പ്രസംഗം, കവിതാ പാരായണം, മൈം, പാചകം, ആഭരണ നിര്‍മ്മാണം, ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളും ഉണ്ടായിരുന്നു.
പൊതുവെ ഗള്‍ഫ് തരുണീമണികളെ സംബന്ധിച്ച് ഒരു ധാരണ നിലവിലുണ്ട്; ദിവസത്തിന്റെ ഭൂരിഭാഗവും ഉറങ്ങിത്തീര്‍ക്കുന്നവരെന്ന്. ക്രിയാത്മകതയുടെ വാതില്‍ കൊട്ടിയടച്ച് ശുഷ്‌കദിനങ്ങളുടെ വിരസതയകറ്റാന്‍ ഗോസിപ്പുകളിലും സീരിയലുകളിലും അഭയം തേടുന്നവര്‍. ഉദ്യോഗസ്ഥകളാണെങ്കിലോ, ഫാസ്റ്റ് ഫുഡിലും ടെന്‍ഷനുകളിലും കുടുംബത്തെ തളച്ചിടുന്നവര്‍ ഈ ധാരണകളെല്ലാം തെറ്റാണെന്ന് തെളിയിക്കുകയായിരുന്നു എഫ്.സി.സിയുടെ തണലില്‍ ഒത്തുകൂടിയ നൂറുകണക്കിന് സ്ത്രീരത്‌നങ്ങള്‍. അവരില്‍ വീട്ടമ്മമാരുണ്ട്. ഉദ്യോഗസ്ഥകളുണ്ട്. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുണ്ട്. അവര്‍ അമ്മമാരാണ്, ഭാര്യമാരാണ്. കാണാതെ പോകുന്ന മറ്റൊരു സത്യമുണ്ട്. അവര്‍ ഉറങ്ങിക്കിടന്ന കലാകാരികളാണ്, സമര്‍ത്ഥരായ സംഘാടകരാണ്. നിദ്രയില്‍നിന്നും വിളിച്ചുണര്‍ത്തുകയായിരുന്നു അവരെ എഫ്.സി.സി. ഉറങ്ങിത്തീര്‍ക്കാന്‍ സമയമില്ല ഞങ്ങള്‍ക്കെന്ന് അവര്‍ തെളിയിക്കുകയായിരുന്നു.
പാട്ടിന്റെ ഈണങ്ങളില്‍, കവിതയുടെ ശീലുകളില്‍, പ്രസംഗത്തിന്റെ വാഗ്‌ധോരണിയില്‍, ചിന്തകളുടെ ശബ്ദഘോഷങ്ങളില്‍, കായിക മല്‍സരങ്ങളുടെ വാശിയില്‍ അവര്‍ നിറഞ്ഞുനിന്നു. ദോഹയില്‍ ആദ്യമായാണ് ഇത്രയേറെ വനിതകളുടെ പങ്കാളിത്തത്തോടെ ഒരു വനിതാ മേള സംഘടിപ്പിക്കപ്പെടുന്നത്. വേദിയില്‍ മാപ്പിളപ്പാട്ടിന്റെ വടക്കന്‍ താളം, ലളിതഗാനങ്ങളുടെ ആര്‍ദ്രഭാവം, നാടന്‍പാട്ടിന്റെ ഗൃഹാതുര സ്പര്‍ശം, പ്രസംഗകരുടെ അഗ്നിസ്ഫുലിംഗങ്ങള്‍, ഭാവാഭിനയത്തിന്റെ മാസ്മരികത, കവിതകളില്‍ വിരിഞ്ഞത് പൂക്കാലം, മകളും ഭ്രാന്തിയും കര്‍ഷകനും കണ്ണടയും പകയും എല്ലാമെല്ലാം പെയ്തിറങ്ങി. പാചകക്കാരികളുടെ കൈപുണ്യം, മുത്തും മുത്തും ചേര്‍ന്ന് മണിമുത്തുമാലയുടെ ഭംഗി തീര്‍ത്ത് ജ്വല്ലറി മേക്കിംഗ്, ഉപയോഗിച്ചുപേക്ഷിക്കുന്ന വസ്തുക്കളില്‍നിന്ന് ശില്‍പഭംഗി തീര്‍ത്ത് മറ്റൊരു കൂട്ടം കലാകാരികള്‍. കായികമൈതാനത്ത് അവര്‍ കുട്ടികളായി, ബാല്യം തിരികെയെത്തിയ പോലെ! സാക്ക് റേസും ലമണ്‍ സ്പൂണ്‍ റേസും ഓട്ടമല്‍സരവും ഷോട്ട്പുട്ടും വടംവലിയും... ഒന്നിലും തങ്ങള്‍ പിന്നിലല്ലെന്ന് തെളിയിക്കുകയായിരുന്നു അവര്‍. ഇനിയും തങ്ങളെ ഉറക്കംതൂങ്ങികള്‍ എന്ന് വിളിക്കല്ലെ എന്ന് വിളിച്ചുപറയുകയായിരുന്നു അവര്‍!
ക്രിയാത്മകമായി ചിന്തിക്കാനും ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ ദാനമാണെന്ന തിരിച്ചറിവില്‍ തനിക്കും കുടുംബത്തിനും സമൂഹത്തിനും നന്മക്കു മാത്രമായി മാറ്റുവാനും എഫ്.സി.സി വേദിയൊരുക്കുകയാണ്.
നമ്മുടെ ആശയങ്ങളാണ് നാളെ ലോകം ഭരിക്കേണ്ടത്. നമ്മുടെ മക്കളാണ് നാളെയുടെ കാര്യദര്‍ശികള്‍, ഉണര്‍വുള്ള അമ്മക്കേ ഉണര്‍വുള്ള സമൂഹം തീര്‍ക്കാനാവൂ. മഞ്ഞും വെയിലും മരുഭൂമിയില്‍ ഇനിയും വരും, പോകും. കാലത്തിന് മായ്ക്കാനാവാത്ത നന്മയുടെ സന്ദേശങ്ങള്‍ എഴുതിച്ചേര്‍ത്ത് സൗഹൃദത്തിന്റെ താഴ്‌വരയില്‍ നമുക്ക് ഒരുമിക്കാം. മുറ്റത്തെ കിണറില്‍നിന്നും കോരിയെടുത്ത വെള്ളത്തിന്റെ നൈര്‍മല്യം വാക്കുകളില്‍ സൂക്ഷിക്കാം. അമ്മിയില്‍ അരച്ച ചമ്മന്തിയുടെ എരിവ് ചിന്തകളില്‍ എടുത്തുവെക്കാം. കറയില്ലാത്ത വ്യക്തിത്വത്താല്‍ വീടുകള്‍ അലങ്കരിക്കാം. എഫ്.സി.സി കാത്തിരിക്കുകയാണ്.....

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top