കായം
ഡോ: മുഹമ്മദ് ബിൻ അഹമ്മദ്
2015 മാര്‍ച്ച്
മിക്ക കറികള്‍ക്കും വിശേഷിച്ച്, രസം ഉണ്ടാക്കുന്നതിനും ആയുര്‍വേദ മരുന്നുല്‍പ്പാദനത്തിനും കായം വ്യാപകമായി
മിക്ക കറികള്‍ക്കും വിശേഷിച്ച്, രസം ഉണ്ടാക്കുന്നതിനും ആയുര്‍വേദ മരുന്നുല്‍പ്പാദനത്തിനും കായം വ്യാപകമായി ഉപയോഗിച്ചുവരുന്നു. സര്‍വ്വോപരി വീട്ടില്‍ പ്രഥമ ശുശ്രൂഷക്കായി ഇതിനെ പണ്ടും ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്. കായം ഇല്ലാത്ത വീടുകളുണ്ടാവില്ല. വാസനകൊണ്ടുതന്നെ വേഗത്തില്‍ ഇതിനെ തിരിച്ചറിയാന്‍ സാധിക്കും.
ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കാനായി കായം വറുത്തുപൊടിച്ച് കലക്കിയ വെള്ളം വീടിനു ചുറ്റും ഒഴിക്കുന്ന സമ്പ്രദായം പണ്ടേ ഉണ്ടായിരുന്നു.
ഈ സസ്യം ഫ്രാന്‍സ്, പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ നാടുകളിലാണ് കൂടുതലായി വളരുന്നത്. ഇന്ത്യയിലും കണ്ടുവരുന്നു. കേരളത്തിലും ദുര്‍ലഭമായി കാണാം. ഇതിന്റെ ചെടി കറുത്ത ചെടി, വെളുത്ത ചെടി എന്നിങ്ങനെ രണ്ടുവിധത്തിലുണ്ട്. വൈരക്കായം സുഗന്ധമുള്ളതും കറുത്ത വൃക്ഷത്തില്‍ നിന്നെടുക്കുന്ന കായം ദുര്‍ഗന്ധമുള്ളതുമാണ്. ഇതാണ് നമുക്ക് സാധാരണയായി ലഭിക്കുന്ന കായം. അറബിക്കായം, പാല്‍ക്കായം, പെരുങ്കായം, സോമനാദികായം എന്നീ പേരുകളില്‍ കായം ലഭിക്കുന്നുണ്ട്. പല വൃക്ഷങ്ങളില്‍ നിന്നെടുക്കുന്നതുകൊണ്ടും വ്യത്യസ്ത രീതിയില്‍ സംസ്‌കരിക്കുന്നതുകൊണ്ടും വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നെടുക്കുന്നതുകൊണ്ടുമാണ് ഇങ്ങനെ വ്യത്യസ്ത പേരുകള്‍ വന്നത്. ചെടിയുടെ കാണ്ഡഭാഗത്തില്‍ വേരിനോടു ചേര്‍ന്ന ഭാഗത്ത് ഉണ്ടാക്കുന്ന മുറിവുകളില്‍ നിന്നൂറിവരുന്ന കറ അഥവാ നീരാണ് കായം.
നാല് വര്‍ഷമെങ്കിലും പ്രായമാകാത്ത ചെടിയില്‍നിന്നും കായമെടുത്താല്‍ ഉല്‍പാദനം വളരെ കുറവായിരിക്കും. കറ (പാല്‍) ഉണക്കിയെടുത്താണ് കായം രൂപപ്പെടുത്തുന്നത്. പക്ഷെ തൂക്കം വര്‍ധിപ്പിക്കാനായി ചിലര്‍ മണല്‍, തവിട് എന്നിവ ചേര്‍ത്ത് ഉണക്കുന്നു. ഇത് ദോഷംചെയ്യും. നല്ല കായം കത്തിച്ചാല്‍ വേഗം കത്തും; കൂട്ടുള്ളത് കത്തുന്നത് സാവധാനത്തിലും. ചിലപ്പോള്‍ കത്തിയില്ലെന്നും വരും. മാത്രമല്ല, ഇത് വെള്ളത്തില്‍ കലക്കിയാല്‍ പാത്രത്തിനടിയില്‍ ഇവയുടെ ഊറലുണ്ടാവുകയും ചെയ്യും. അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെ ബാഷ്പീകരണ ശീലമുള്ള അമ്ലവും ഇതിലുണ്ട്.
കായം അധികമായി അകത്തേക്ക് ചെന്നാല്‍ ആമാശയത്തില്‍ വ്രണങ്ങളുണ്ടാക്കുകയും അന്നനാളത്തിലും, ആമാശയത്തിലും ചുട്ടുനീറ്റല്‍ ഉണ്ടാക്കുകയും ചെയ്യും. ആമാശയത്തിലെ ആന്തരകലകള്‍ക്കേല്‍പ്പിക്കുന്ന വീക്കമാണിതിനു കാരണം. കുറേശ്ശെ പശുവിന്‍ നെയ്യ് കഴിക്കുന്നതും, പശുവിന്‍ നെയ്യും തേനും ചേര്‍ത്ത് കഴിക്കുന്നതും, പാല്‍ കുടിക്കുന്നതും ഇതിനുള്ള പ്രതിവിധിയാണ്. ശുദ്ധി ചെയ്യാത്ത കായം ഉപയോഗിച്ചാല്‍ അതിസാരവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
എന്നാല്‍ കായത്തിന് അനേകം ഗുണങ്ങളുമുണ്ട്. എക്കിള്‍, വയറുസ്തംഭനം, ശൂല പോലുള്ളവ മാറ്റുന്നതാണ്. കായം പൊടിച്ചത് ചെറുചൂടുവെള്ളത്തില്‍ കലക്കി അരിച്ച് അനിമ (വസ്തി) ചെയ്താല്‍ കൃമികള്‍ നശിച്ചുപോവുകയും വയറിന്റെ സ്തംഭനം മാറുന്നതുമാണ്. വറുത്ത കായവും വെള്ളുള്ളിയും ശര്‍ക്കരയും ചേര്‍ത്ത് പ്രസവിക്കുന്നതിന് പത്ത് ദിവസം മുമ്പ് കഴിച്ചുപോരുന്ന ഒരു സമ്പ്രദായം ആദിവാസികള്‍ക്കുണ്ട്. പ്രസവവേദന അകറ്റാനാണത്രെ! ഗര്‍ഭം ഉറപ്പിക്കാനും ഇടക്കുണ്ടാകുന്ന അലസിപ്പോക്ക് തടയാനും ദിവസേന കായംചേര്‍ത്ത ആഹാരം കഴിക്കുന്നത് നല്ലതാണ്.
കുട്ടികള്‍ക്കുണ്ടാകുന്ന വയറുവേദന, അപസ്മാരം, പേടിച്ചു വിറക്കല്‍, ഞെട്ടല്‍, ബാലചേഷ്ടകള്‍ എന്നിവക്കും നേരിയ തോതിലുള്ള കായം സേവിക്കുന്നത് ഗുണം കണ്ടിട്ടുണ്ട്. കായം വറുത്തുപൊടിച്ച് സമം അയമോദകപ്പൊടിയും ഇരട്ടി തിപ്പലിയും കൊത്തമല്ലിയുടെ പൊടിയും ചേര്‍ത്ത് വയറുവേദന, വയറെരിച്ചില്‍, ഗ്യാസ്ട്രബിള്‍, ദഹനക്കുറവ് എന്നിവക്ക് വീട്ടില്‍ സൂക്ഷിച്ചുവെച്ച് കുറെശ്ശെ എടുത്ത് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.