മക്കള്‍ കുളിരും മഴയുമാവാന്‍

നൂറ ടി.സി (അല്‍ജാമിഅ ശാന്തപുരം) /കുടുംബം No image

      അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കണ്‍ തന്റെ മകന്റെ ടീച്ചര്‍ക്കെഴുതിയത് 'A nice citzen' എന്ന കവിതയില്‍ നമുക്കിങ്ങനെ വായിക്കാം.
'എല്ലാ മനുഷ്യരും സത്യസന്ധരല്ലെന്നവന്‍ പഠിക്കേണ്ടി വരുമെന്ന് എനിക്കറിയാം. എന്നാല്‍ തെമ്മാടിക്കു പകരം നെറിയുള്ളവനുണ്ടെന്നും സ്വാര്‍ഥ രാഷ്ട്രീയക്കാരനു ബദലായി അര്‍പ്പണബോധമുള്ള നേതാവുണ്ടെന്നും അവനെ പഠിപ്പിക്കുക. ഓരോ ശത്രുവിനും പകരം സുഹൃത്തിനെ ലഭിക്കണമെന്നും അവനറിയട്ടെ. ഏറെ സമയമെടുത്താലും നേരായി നേടിയ ഒരു ഡോളറിന് നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത അഞ്ച് പൗണ്ടിനേക്കാള്‍ മൂല്യമുണ്ടെന്നവനെ പഠിപ്പിക്കുക. വില്ലന്മാരെ തോല്‍പ്പിക്കാന്‍ എളുപ്പമാണെന്നവന്‍ ആദ്യമേ അറിയട്ടെ. നഷ്ടങ്ങള്‍ സഹിക്കാനും വിജയത്തില്‍ ആഹ്ലാദിക്കാനും അവന് മാര്‍ഗദര്‍ശനം നല്‍കുക. നിശബ്ദമായ ചിരിയുടെ രഹസ്യം അവനെ പഠിപ്പിക്കുക. പോക്കിരികള്‍ എളുപ്പത്തില്‍ തോല്‍പിക്കപ്പെടുമെന്നവന് തിരിച്ചറിവ് നല്‍കുക.
ഗ്രന്ഥങ്ങള്‍ കാഴ്ച വെക്കുന്ന ആകാശ വിസ്മയങ്ങളെ കുറിച്ചവന്‍ അറിയട്ടെ. ആകാശത്തിലെ പറവകളുടെയും പാറിക്കളിക്കുന്ന പൂമ്പാറ്റകളുടെയും ഹരിതാഭമായ താഴ്‌വരയില്‍ പൂത്തുനില്‍ക്കുന്ന പൂക്കളുടെ നിഗൂഢത അവന് ചിന്താ വിഷയമാകട്ടെ.
തോല്‍ക്കുന്നതാണ് മറ്റുള്ളവരെ ചതിക്കുന്നതിനേക്കാള്‍ മാന്യമെന്നറിയണം. തന്റെ പോക്ക് ശരിയല്ലെന്ന് ആരൊക്കെ പറഞ്ഞാലും ശരിയെന്ന് ഉത്തമ ബോധ്യമുള്ള ആശയാദര്‍ശങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടു പോകാന്‍ അവന്‍ സന്നദ്ധനാകട്ടെ.
സൗമ്യനോടും അല്ലാത്തവരോടും സൗമ്യമായി പെരുമാറാന്‍ അവനു കഴിയട്ടെ. എല്ലാവരും ഓടിക്കൂടുമ്പോഴും ആള്‍ക്കൂട്ടത്തെ അനുകരിക്കുന്നവനാവാതിരിക്കാന്‍ കരുത്തു നല്‍കുക. എല്ലാവരും പറയുന്നത് കേള്‍ക്കാനും കേട്ടതില്‍നിന്ന് സത്യം മാത്രം ഉള്‍ക്കൊള്ളാനും അവനെ പഠിപ്പിക്കുക.
ദുഃഖത്തിലും ചിരിക്കാന്‍ അവന്‍ പഠിക്കട്ടെ. കരയുന്നതില്‍ നാണക്കേടില്ലെന്നും അവനറിയട്ടെ. ദുഷ്ടമനുഷ്യരെ അവഗണിക്കുന്നവരോടൊപ്പം മധുരഭാഷികളെ സൂക്ഷിക്കാനും അവനെ പഠിപ്പിക്കുക. അവന്റെ ശക്തിയും ബുദ്ധിയും കിട്ടാവുന്ന വിലക്ക് കൊടുക്കാമെന്നും ഹൃദയവും അഭിമാനവും വില്‍പ്പനച്ചരക്കാക്കരുതെന്നും അവനെ പഠിപ്പിക്കുക. കൂക്കി വിളിക്കുന്ന ആള്‍ക്കൂട്ടത്തിനു നേരെ കാതടക്കാനും സത്യത്തിനുവേണ്ടി പോരാടാനും അവന്‍ ശീലിക്കട്ടെ.
അവനോട് സൗമ്യത കാട്ടുക. പക്ഷെ ലാളിച്ച് നിര്‍ഗുണനാക്കരുത്. അഗ്‌നിയിലിട്ട് പാകപ്പെടുത്തിയാണല്ലോ ഏറ്റവും നല്ല ഉരുക്കുണ്ടാക്കുന്നത്. ആവശ്യമുള്ളിടത്ത് ക്ഷുഭിതനാവാനുള്ള തന്റേടവും ധീരനാവാനുള്ള സഹനശീലവും അവനില്‍ വളരട്ടെ. സ്വന്തത്തില്‍ വിശ്വസിക്കാന്‍ അവനെ ശീലിപ്പിക്കുക, എങ്കിലേ മനുഷ്യ സമൂഹത്തെപ്പറ്റി ഉദാത്തമായ വിശ്വാസവും ആദരവും കാത്തുസൂക്ഷിക്കാന്‍ കഴിയൂ. ഇതെല്ലാം ക്ഷണനേരം കൊണ്ടു ചെയ്യാവതല്ലെന്നെനിക്കറിയാം. എങ്കിലും ആവുമോ എന്നുനോക്കുക. എന്റെ മകന്‍ അവനൊരു... കൊച്ചുകുഞ്ഞല്ലേ...''
മക്കളില്‍ കരുത്തുള്ള ജീവിത വീക്ഷണം വികസിപ്പിച്ചെടുക്കാന്‍ ഉതകുന്ന നിര്‍ദ്ദേശങ്ങളാണിവ. വിശാലമായ സമൂഹ വീക്ഷണവും വ്യക്തിത്വ ബോധവും മക്കളില്‍ വളര്‍ത്തിയെടുക്കാനുള്ള ഒരു പിതാവിന്റെ സുന്ദരസ്വപ്‌നങ്ങള്‍ റെക്കോഡ് ബട്ടണ്‍ ഓണാക്കിവെച്ച റെക്കോര്‍ഡര്‍ പോലെയാണ് കുട്ടികള്‍. കേള്‍ക്കുന്നതും കാണുന്നതുമെല്ലാം അതില്‍ പതിയുന്നു. അവര്‍ക്ക് നല്ലത് ചീത്ത എന്ന ഒന്നില്ല. നല്ലതേ പതിയാവൂ എന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടെങ്കില്‍ നല്ല ശബ്ദങ്ങള്‍ മാത്രം ചുറ്റുപാടില്‍ നിന്ന് പകരുക എന്നേ നിര്‍വാഹമുള്ളൂ.
'നട്ടതേ കൊയ്യൂ'' എന്ന് പറയാറുണ്ടല്ലോ. മക്കളുടെ കാര്യത്തില്‍ ഇത് അക്ഷരംപ്രതി ശരിയാണ്. വളര്‍ത്തിയ ശൈലിയും രീതിയുമാണ് കുട്ടികളുടെ മനസ്സിനെയും ജീവിത വീക്ഷണങ്ങളെയും സ്വാധീനിക്കുന്നത്. സ്വയമാര്‍ജിക്കുന്ന സ്വഭാവ രീതികളെക്കാള്‍ സ്വന്തത്തിലലിഞ്ഞ സംസ്‌കാരത്തിലാണ് ഏതൊരു വ്യക്തിയും വാര്‍ത്തെടുക്കപ്പെടുന്നത്. ഇത്തരമൊരു സംസ്‌കാര രൂപീകരണത്തില്‍ സുപ്രധാന പങ്ക് നിര്‍വഹിക്കുന്നവരാണ് മാതാപിതാക്കള്‍. അവരുടെ സ്‌നേഹവും സ്പര്‍ശവും സാന്ത്വനവുമാണ് മക്കളില്‍ അവര്‍ വിചാരിക്കുന്നതിനെക്കാള്‍ അഴകായി വിരിയുന്നത്. മതാപിതാക്കളില്‍ നിന്ന് അകന്നു കഴിയുന്ന മക്കളില്‍ സല്‍ഗുണങ്ങള്‍ കുറവാണെന്ന് സര്‍വ്വേകള്‍ പറയുന്നു.
നബി (സ) പറഞ്ഞു: 'നിങ്ങള്‍ മക്കളുമായി നിരന്തരം ബന്ധം പുലര്‍ത്തുക. അവരെ സല്‍പെരുമാറ്റം ശീലിപ്പിക്കുകയും ചെയ്യുക.'' ഇബ്‌നുമാജ ഉദ്ദരിച്ച ഒരു ഹദീസില്‍: 'അവര്‍ നിന്റെ സ്വര്‍ഗവും നരകവുമാണ്. അഥവാ രണ്ടു മാര്‍ഗങ്ങളിലേക്കും മാര്‍ഗദര്‍ശകരാവാന്‍ അവര്‍ക്ക് സാധിക്കും.''
എന്റെ കുട്ടിയുടെ അവകാശങ്ങളെന്തൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ നബി (സ) പറഞ്ഞത് ഇങ്ങനെ: അവന്റെ പേരും പെരുമാറ്റവും നന്നാക്കുക, നല്ല ചുറ്റുപാടില്‍ വളര്‍ത്തുക.''
മക്കള്‍ക്ക് റോള്‍മോഡലാവേണ്ടവരാണ് മാതാപിതാക്കള്‍. ഉപദേശങ്ങളല്ല സ്വന്തം ജീവിത രീതിയാണ് അവരുമായി സംവേദന മാര്‍ഗമാക്കേണ്ടത്. മക്കള്‍ കാണുന്ന വിധത്തില്‍ മാതാപിതാക്കള്‍ പരസ്പരം വായിലേക്ക് ഭക്ഷണം കൈമാറണമെന്ന് റസൂല്‍ (സ) നിര്‍ദ്ദേശിച്ചു. സ്‌നേഹം മക്കള്‍ കാണേണ്ടത് ഇങ്ങനെയായിരിക്കണം.
ശൈശവത്തില്‍ കൊതിക്കുന്ന ചുംബനങ്ങള്‍ കൗമാരമെത്തുമ്പോഴേക്ക് അഭിനന്ദനവും സ്‌നേഹവാക്കുകളുമായിട്ടാണവര്‍ ആഗ്രഹിക്കുക. 'നീ മിടുക്കനാണെങ്കിലേ നിന്നെ സ്‌നേഹിക്കൂ'' തുടങ്ങിയ ഉപാധികള്‍ വെച്ചുള്ള സംസാരം ഗുരുതരമായ അപകടങ്ങളിലേക്കാണ് നയിക്കുക. ഉപാധികളേതുമില്ലാതെയാണ് ഉമ്മയുടെയും ഉപ്പയുടെയും സ്‌നേഹം എന്ന് തിരിച്ചറിയാന്‍ മക്കള്‍ക്ക് സാധിക്കണം.
അവസാനമായി ഖുര്‍റം ജാ മുറാദിന്റെ 'അഖ്രീ വസിയ്യാത്തി' ല്‍ നിന്നും: 'നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ വീട്ടുകാരെയും നരഗാഗ്നിയില്‍ നിന്നും രക്ഷിക്കുക'' എന്നത് വീടിന്റെ മുഖ്യ തത്വമാവണം. പരസ്പരമുള്ള ബന്ധത്തിലും മക്കളോടുമുള്ള പെരുമാറ്റത്തിലും അവരുടെ ശിക്ഷണത്തിലുമെല്ലാം ഈ നിര്‍ദ്ദേശത്തിനു പ്രാമുഖ്യം നല്‍ഗണം. കുട്ടികളുടെ ആത്മാഭിമാനം വകവെച്ചു നല്‍കണം. എന്നാല്‍ മതപരമായ ശിക്ഷണത്തില്‍ ഒരു കുറവും വരുത്തുന്നത്. കുട്ടികളെക്കാള്‍ വൈരുദ്ധ്യം തിരിച്ചറിയുന്ന ആരുമില്ല. വാക്കും പ്രവൃത്തിയും തമ്മില്‍ വൈരുദ്ധ്യം പാടില്ല. വീടിന്റെ അന്തരീക്ഷം പരമാവധി ഇസ്‌ലാമികമാക്കണം. പ്രവാചകന്മരുടെയും ശുഹദാക്കളുടെയും ധീര ചരിത്രങ്ങള്‍ പഠിപ്പിക്കണം. ദീനിനുവേണ്ടി ജീവിക്കാനും ശഹാദത്താകാനുമുള്ള വിശ്വാസത്തിന്റെ കരുത്തവരെ ശീലിപ്പിക്കണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top