പണ്ഡിത സഭയെ അരിശം കൊള്ളിച്ച എട്ടുവയസ്സുകാരി

ഓർമ്മ
2015 മാര്‍ച്ച്‌
ജമീല നമ്മെ വിട്ടുപിരിഞ്ഞു. ഈ ജമീല ആരെന്ന ചോദ്യത്തിന് വലിയൊരു ഉത്തരമുണ്ട്. നാല്‍പതുകളിലെ കേരള പണ്ഡിതസഭയെ

      ജമീല നമ്മെ വിട്ടുപിരിഞ്ഞു. ഈ ജമീല ആരെന്ന ചോദ്യത്തിന് വലിയൊരു ഉത്തരമുണ്ട്. നാല്‍പതുകളിലെ കേരള പണ്ഡിതസഭയെ അരിശം കൊളളിച്ച എട്ടുവയസ്സുകാരി പെണ്‍കുട്ടി. പെണ്ണിന് എഴുത്തും വായനയും പൊതുവേദിയും പൊതുഇടവും വിലക്കിയ കാലത്ത് അത്തരം വാശിയുള്ള പ്രഗല്‍ഭ പണ്ഡിതന്മാര്‍ അണിനിരന്ന സദസ്സിലാണ് ജമീല മലയാളത്തില്‍ പ്രബന്ധമവതരിപ്പിച്ചത്. നാട്ടുനടപ്പിനെ ഭേദിക്കാന്‍ ഉശിര് കാണിച്ച ആ പ്രവൃത്തി ഒട്ടും ഇഷ്ടപ്പെടാത്ത പണ്ഡിതന്മാര്‍ പ്രൗഢമായ ആ വേദിവിട്ട് ഇറങ്ങിപ്പോയി. കേരളത്തിലെ ഖിലാഫത്ത് പ്രസ്ഥാനത്തിലും കോണ്‍ഗ്രസിന്റെ വേദികളിലും വളപട്ടണം സാലി എന്നറിയപ്പെടുന്ന സാലിഹ് മൗലവിയുടെയും തോട്ടിലകത്ത് പുതിയപുരയില്‍ റാബിയത്തുല്‍ അദബിയ്യ എന്ന അദബിയ്യയുടെയും മകളാണ് കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് ടി.പി. ജമീല.
മലഞ്ചരക്ക് വ്യാപാരത്തിന് പേരുകേട്ട വളപട്ടണത്ത് സാമൂഹിക പരിഷ്‌കര്‍ത്താക്കളായ അബ്ദുറഹിമാന്‍ സാഹിബ്, ഹാജി സാഹിബ്, ഇസ്സുദ്ദീന്‍ മൗലവി എന്നിവരുടെ സമ്പര്‍ക്കം മൂലം 1949-ല്‍ രൂപംകൊണ്ട സുബുലുസ്സലാം മദ്‌റസയില്‍ നടന്ന വാര്‍ഷിക പരിപാടിയില്‍ ആയിരുന്നു ജമീല പ്രസംഗിച്ചത്. ഈ പ്രസംഗത്തിലൂടെ ജമീല നടന്നുകയറിയത് ചരിത്രത്തിലേക്കായിരുന്നു. കെ.മൊയ്തു മൗലവിയുടെ ഓര്‍മക്കുറിപ്പിലും വിഞ്ജാന കോശത്തിലും അവര്‍ ഇക്കാരണം കൊണ്ട് പരാമര്‍ശ വിധേയമായി. സ്റ്റേജില്‍ കയറിയ പെണ്ണിനെ കണ്ട് പൗരോഹിത്യം വേദി വിട്ടെങ്കിലും മതത്തെ നല്ലോണം അറിഞ്ഞൊരു ചെറുപ്പക്കാരന്‍ അവളുടെ ആ പ്രബന്ധാവതരണം കേട്ട് അവിടെയുണ്ടായിരുന്നു. സി.വി എന്ന പേരില്‍ അറിയപ്പെടുന്ന സി.വി അബൂബക്കര്‍. ആ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയും 1954-ല്‍ അവരുടെ വിവാഹം നടക്കുകയും ചെയ്തു. തനിക്ക് യോജിച്ച ഇണയെ തന്നെ കിട്ടിയതോടെ അവരുടെ ജീവിതം പിന്നെ ഇസ്‌ലാമിക പ്രസ്ഥാനത്തിനുവേണ്ടി മാത്രമായിരുന്നു.
വായനയായിരുന്നു അവരുടെ ഇഷ്ടവിനോദം. വായിച്ചതൊക്കെയും ജീവിതത്തില്‍ പകര്‍ത്താനും ശ്രമിച്ചു. ആഴ്ചതോറും വരുന്ന പ്രബോധനം കൈയില്‍ കിട്ടിയ ഉടനെ വായിച്ചുതീര്‍ക്കണം. ഗ്രന്ഥങ്ങളുടെ തോഴനായ ഭര്‍ത്താവിന്റെ അലമാരയിലെ പുസ്തകങ്ങളൊക്കെയും അവര്‍ വായിച്ചു തീര്‍ത്തു. അവരുടെ ഓര്‍മശക്തിയും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്ന് മക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. കണക്കുകള്‍ കൂട്ടുന്നതും ആരെയും അതിശയിപ്പിക്കും വിധം തന്നെ. 2004 ജൂലായ് 8-നായിരുന്നു ഭര്‍ത്താവിന്റെ മരണം. പ്രസ്ഥാനപരിപാടികളില്‍ മരണം വരെയും അവര്‍ മുടക്കം വരുത്തിയില്ല. മക്കളുടെ വീടുകളില്‍ താമസത്തിന് പോകുന്നതുപോലും ഹല്‍ഖാ യോഗങ്ങള്‍ മുടങ്ങാത്ത വിധത്തിലായിരുന്നു. മക്കളുടെ കൂടെ മസ്‌ക്കറ്റില്‍ താമസിച്ച ഏഴുമാസവും അവിടത്തെ ഹല്‍ഖായോഗങ്ങളില്‍ മുടങ്ങാതെ സംബന്ധിച്ചു. തര്‍ബിയത്ത് യൂനിറ്റ് യോഗങ്ങള്‍ മക്കളെ ഓര്‍മപ്പെടുത്തുന്നതും അവര്‍ തന്നെ. ഓരോ പരിപാടി കഴിയുമ്പോഴും അടുത്തത് എവിടെ എങ്ങനെയെന്ന് ചോദിച്ച് പിന്നെയവര്‍ അതിനുവേണ്ടിയുള്ള ഒരുക്കങ്ങളിലാവും.
ദഅ്‌വത്ത് നഗര്‍, ഹിറാ നഗര്‍, സഫാ നഗര്‍ എന്നീ സമ്മേളനങ്ങളിലെല്ലാം ആവേശപൂര്‍വമാണ് പങ്കെടുത്തത്. അടുത്തിടെ കണ്ണൂരില്‍ നടന്ന ജി.ഐ.ഒ സ്റ്റേറ്റ് പരിപാടിയുടെ ദിവസം കണ്ണുരോഗമായിരുന്നു. നാട്ടില്‍ നടക്കുന്ന പരിപാടിക്ക് ഞാനെങ്ങനെ പങ്കെടുക്കാതിരിക്കും എന്ന് പറഞ്ഞ് കണ്ണടവെച്ചായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.
മുട്ടിലിഴഞ്ഞായാലും പ്രസ്ഥാനത്തിന്റെ എല്ലാ പരിപാടിയിലും മരണം വരെ പങ്കെടുക്കും എന്നായിരുന്നു പറഞ്ഞിരുന്നത്, പ്രസ്ഥാന തിരക്കിനിടയിലും അവര്‍ കുടുംബബന്ധം നിലനിര്‍ത്താന്‍ മറന്നില്ല. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ മക്കളെ നിര്‍ബന്ധിച്ച് ഇടക്കിടെ ബന്ധുവീടുകളിലേക്ക് പറഞ്ഞയക്കും. അവരുടെ അഞ്ച് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളും പ്രസ്ഥാനവഴിയില്‍ അവരോടൊപ്പമുണ്ട്. ഇസ്‌ലാമിനെ മുറുകെ പിടിച്ചുകൊണ്ടുതന്നെ മതത്തിന്റെ പേരിലുള്ള തെറ്റിദ്ധാരണകള്‍ അകറ്റാന്‍ അന്യമതസ്ഥരായ ആളുകളോട് വിപുലമായ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ചിറക്കലില്‍ വീട് വാങ്ങി താമസമാക്കിയതും അതിനുവേണ്ടി തന്നെയായിരുന്നു. മുസ്‌ലിം സ്ത്രീകളെ കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ള അയല്‍വാസികള്‍ ആദ്യം അടുക്കാന്‍ വിസമ്മതിച്ചെങ്കിലും അവരുടെയും ഭര്‍ത്താവിന്റെയും പെരുമാറ്റത്തിലൂടെ കൂടുതല്‍ അവരുമായി അടുത്തു. അയല്‍ക്കാരുടെ സങ്കടങ്ങള്‍ക്ക് അവരൊരു അത്താണിയായിരുന്നു. അതുകൊണ്ട് തന്നെയാണ് മരണവിവരമറിഞ്ഞ് വന്ന അവരൊക്കെ വിതുമ്പിയതും.
കടപ്പാട് : ജബിത ടി.പി


ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media