കള്ളിമുള്‍ക്കാട്ടിലെ ശലഭച്ചിറകുകള്‍ -7

നൂറുദ്ദീന്‍ ചേന്നര No image

രാത്രി. പകലിന്റെ പരിഭവങ്ങള്‍ക്ക് പുല്ലിന്റെ വില പോലും കൊടുക്കാതെ ധിക്കാരപൂര്‍വം കടന്നെത്തുന്ന ഇരുട്ട്. ജയിലിലെ എല്ലാ രാത്രികളേക്കാളും വേദനിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായിരുന്നു ഹമീദാ ഖുതുബിന് ആ രാത്രി. നാളെ നേരം പുലര്‍ന്നാല്‍ തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠനെ അവര്‍ തൂക്കിക്കൊല്ലും. സങ്കടക്കണ്ണുകളുമായി ഇന്ന് എത്രയോ ഇഖ്‌വാന്‍ പ്രവര്‍ത്തകര്‍ ഉറക്കമൊഴിച്ചിരിക്കും.
ജയില്‍ സൂപ്രണ്ട് ഹംസത്തുല്‍ ബസ്‌യൂനി വിളിക്കുന്നുവെന്ന് ഒരു പോലീസുദ്യോഗസ്ഥന്‍ വന്ന് അറിയിച്ചപ്പോള്‍ ഹമീദാ ഖുതുബ് ഒരിക്കലും കരുതിയിരുന്നില്ല, ഇത് തന്റെ സഹോദരനോട് യാത്ര ചോദിക്കാനുള്ള അവസരമാണെന്ന്. പോലീസുദ്യോഗസ്ഥന് പിന്നാലെ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് വേച്ചുവേച്ചു നടന്നുപോകുമ്പോള്‍ എന്തെന്നില്ലാത്ത ഉദ്വേഗമായിരുന്നു.
അവിടെ ചെന്നപ്പോഴാണറിയുന്നത്, തന്റെ പ്രിയ ജ്യേഷ്ഠന്റെ മനസ്സു മാറ്റാനുള്ള  കളിയിലെ കരുവാക്കാനാണ് വിളിപ്പിച്ചതെന്ന്.
ജ്യേഷ്ഠന്റെ അടുത്തേക്ക് ചെല്ലണം. അവര്‍ പറയുന്ന തരത്തിലുള്ള ഗൂഢാലോചനകളില്‍ അദ്ദേഹം പങ്കുവഹിച്ചിരുന്നുവെന്ന് അധികാരികളോട് അദ്ദേഹം സമ്മതിക്കണം. ഒരു പ്രത്യേക അറബ്‌രാജ്യവുമായി ഇഖ്‌വാന് ഉറച്ചബന്ധമുണ്ടായിരുന്നുവെന്നും സമ്മതിക്കണം. ഇങ്ങനെയൊക്കെ ചെയ്താല്‍ വധശിക്ഷയില്‍നിന്ന് രക്ഷപ്പെടാം. - ഇതായിരുന്നു ഹംസത്തുല്‍ ബസ്‌യൂന പറഞ്ഞത്.
''കുട്ടീ, നിനക്കു മാത്രമേ ഇനി അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയൂ. അദ്ദേഹത്തിന്റെ മരണം നാമാരും ആഗ്രഹിക്കുന്നില്ല. സമൂഹത്തിനും രാജ്യത്തിനും അതൊരു വലിയ നഷ്ടമായിരിക്കും. പണ്ഡിതനും പ്രതിഭാശാലിയുമായ അദ്ദേഹത്തെ രക്ഷിക്കേണ്ടത് നമ്മുടെയെല്ലാം ആവശ്യമാണ്.''
ഇടക്ക് ഒന്നു നിറുത്തി, ഹമീദാ ഖുതുബിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കിയതിനുശേഷം അയാള്‍ തുടര്‍ന്നു.''കോടതിയില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുമായി എന്തെങ്കിലും വിധത്തിലുള്ള ബന്ധം ഇഖ്‌വാന്‍ പ്രസ്ഥാനത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞാല്‍ മതി. ഒന്നോ രണ്ടോ വാക്കുകളിലുള്ള ഒരു സമ്മതം. അത്രയേ വേണ്ടൂ. ഒന്നോരണ്ടോ വാക്കുകള്‍. അതുമൂലം അദ്ദേഹത്തിന് ജീവന്‍തന്നെ രക്ഷിക്കാന്‍ കഴിയും.''
''അദ്ദേഹത്തിനോ ഇഖ്‌വാന്‍ പ്രസ്ഥാനത്തിനോ ഇതിലൊന്നും പങ്കില്ലെന്ന് നിങ്ങള്‍ക്കുതന്നെ നന്നായറിയാമല്ലോ. ഞങ്ങള്‍ സത്യസന്ധത കൈമുതലാക്കി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിക്കാന്‍ തീരുമാനിച്ചവരാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലോ വാക്കുകളിലോ മറ്റൊരാള്‍ക്കും സ്വാധീനം ചെലുത്താനോ തീരുമാനങ്ങളെടുപ്പിക്കാനോ സാധിക്കുകയില്ല. താങ്കള്‍ ഇഖ്‌വാന്റെ നയനിലപാടുകളെയും പ്രവര്‍ത്തനങ്ങളെയും അറിയാത്തപോലെ എന്നോടു സംസാരിക്കുകയാണോ?''
'' തീര്‍ച്ചയായും അല്ല. നിങ്ങള്‍ നല്ലവരാണെന്നെനിക്കറിയാം. ഇസ്‌ലാമിന്റെ ആദര്‍ശത്തില്‍ ജീവിക്കുന്ന നല്ല മനുഷ്യരുടെ ഒരു സംഘമാണ് നിങ്ങളുടേത്. അതുകൊണ്ടാണ് സയ്യിദ് ഖുതുബിന്റെ ജീവന്റെ കാര്യത്തില്‍ എനിക്കിത്ര താല്പര്യം. അദ്ദേഹത്തിന്റെ ജീവന്‍ നമുക്കെങ്ങനെയെങ്കിലും രക്ഷിക്കണം.'' ഹംസത്തുല്‍ ബസ്‌യൂനി പറഞ്ഞു.
''അദ്ദേഹത്തോട് ഞാനിതെല്ലാം പറയാം. എന്നാല്‍, അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിക്കാന്‍...''
''വേണ്ട. പറഞ്ഞാല്‍ മതി. അത്രയേ വേണ്ടൂ. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും താല്‍പര്യമുണ്ടാവും. നിങ്ങളത് ഭംഗിയായി ചെയ്യുമെന്ന് ഞാന്‍ കരുതുന്നു.'' ഹംസത്തുല്‍ ബസ്‌യൂനി ധൃതിയില്‍ ഇത്രയും പറഞ്ഞുകൊണ്ട് സ്വഫ്‌വത്തിനെ നോക്കി പറഞ്ഞു.
''സ്വഫ്‌വത്ത് ഇവളെ ഇവളുടെ ജ്യേഷ്ഠന്റെ അടുത്തെത്തിക്കൂ. ബാക്കികാര്യങ്ങള്‍ അവള്‍ക്കറിയാം.''
സ്വഫ്‌വത്തിനുപിറകെ നീണ്ട ഇടനാഴിയിലൂടെ അവള്‍ നടന്നു. പേടിച്ചരണ്ട ഒരു മാന്‍പേടയുടെ ഹൃദയം അപ്പോഴും അവളോടൊപ്പമുണ്ടായിരുന്നു.
ഹമീദാ ഖുതുബ് സെല്ലില്‍നിന്നും പോയതുമുതല്‍ അവളെ കുറിച്ചുള്ള ഓര്‍മകളിലായിരുന്നു സൈനബുല്‍ ഗസ്സാലി. പ്രസ്ഥാനപാതയില്‍ ഹമീദയെ പരിചയപ്പെട്ട കാര്യം അവരോര്‍ത്തു. ജയിലില്‍ തടവിലായ ഇഖ്‌വാനികളുടെ കുടുംബത്തിലേക്ക് സഹായങ്ങളും ആശ്വാസവചനങ്ങളുമായി പോകാന്‍ തന്റെ കൂടെ ഓടിച്ചാടി വരുമായിരുന്ന ആ ചുറുചുറുക്കുള്ള പെണ്‍കുട്ടി. ഇതിനുമുമ്പ് സയ്യിദ് തടവിലായിരുന്നപ്പോള്‍ അദ്ദേഹത്തില്‍നിന്ന് പ്രസ്ഥാനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനായി ഹമീദാ ഖുതുബിനെ സന്ദര്‍ശിച്ചതും ഓര്‍മയിലെത്തി. അവിടെവെച്ചാണ് ഹമീദ തനിക്ക് വായിക്കാന്‍ 'വഴിയടയാളങ്ങ'ളുടെ കൈയെഴുത്തു പ്രതിയുടെ ഒരു ഭാഗം തന്നത്.
''ഇത് സയ്യിദ് ജയിലില്‍ വെച്ച് എഴുതിയതാണ്.  ഇതുടനെ പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്. ഈ ഭാഗങ്ങള്‍ വായിച്ചു കഴിഞ്ഞ് താങ്കളുടെയും ഹസനുല്‍ ഹുദൈബിയുടെയും വിലപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കണം. ഇതിന്റെ ബാക്കി ഭാഗങ്ങള്‍ ഉടനെ ഞാന്‍ നിങ്ങള്‍ക്കെത്തിക്കാം.'' ഹമീദാ ഖുതുബ് ഇപ്രകാരം പറഞ്ഞ് എന്നെ ഏല്‍പിച്ച ആ ഏടുകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഇസ്‌ലാമികചിന്തയെ മാറ്റിമറിക്കുന്നതില്‍ ഇത്ര വലിയ പങ്കുവഹിക്കുമെന്ന് അന്ന് കരുതിയിരുന്നോ? ഇന്നിതാ സയ്യിദ് ഖുതുബിനെ തുക്കിലേറ്റാനൊരുങ്ങിനില്‍ക്കുന്നവര്‍ അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കുന്ന ഗുരുതരമായ ആരോപണങ്ങളിലൊന്ന് 'വഴിയടയാളങ്ങള്‍' എന്ന ഗ്രന്ഥം എഴുതിയെന്നതാണ്!
ദിവസങ്ങള്‍ക്കുമുമ്പ് സയ്യിദ് ഖുതുബ് ഈ സെല്ലിലേക്ക് കടന്നുവന്നത് അവരോര്‍ത്തു. കൃത്യമായി പറഞ്ഞാല്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതിന് ശേഷം നാലു ദിനം കഴിഞ്ഞപ്പോള്‍. ജയില്‍ വാര്‍ഡനായ സ്വഫ്‌വത്തുര്‍റൂബിയോടൊപ്പം. തടവറയുടെ വാതില്‍ മുട്ടുന്നതുകേട്ട് സൈനബ് തുറന്നുനോക്കിയതണ്. അപ്പോഴാണ് അവരെ കണ്ടത്. എന്റെ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് അദ്ദേഹം എന്റെയടുത്തുവന്നു. തന്റെ വധശിക്ഷയോര്‍ത്തു ദുഃഖിക്കരുതെന്നും അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത് ചെയ്യുന്നതില്‍ എന്നോടൊപ്പം നിങ്ങളും സന്തോഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ ഖദ്‌റില്‍ വിശ്വസിക്കുക. അവനില്‍ എല്ലാം ഭരമേല്‍പിക്കുക. സയ്യിദ് ഖുതുബ് സൈനബുല്‍ ഗസ്സാലിയോടും ഹമീദാ ഖുതുബിനോടുമായി പറഞ്ഞു. സൈനബുല്‍ ഗസ്സാലിയുടെ ചുമലില്‍ തല ചായ്ച്ച് വിതുമ്പിക്കരയുകയായിരുന്നു അപ്പോഴൊക്കെ ഹമീദ. അവളെ വേണ്ടുംവണ്ണം ആശ്വസിപ്പിക്കാന്‍ സയ്യിദ് ഖുതുബിന് കഴിഞ്ഞില്ല. അതിനുമുമ്പേ സ്വഫ്‌വത്ത് അദ്ദേഹത്തെ തിരിച്ചുകൊണ്ടുപോയി.
ഒറ്റനിലയുള്ള ഒരു കെട്ടിടത്തിനുമുമ്പില്‍ സ്വഫ്‌വത്ത് നിന്നു. ''നില്‍ക്ക്, നിന്റെ ജ്യേഷ്ഠന്‍ ഇതിനകത്താണ്. നീ വേണ്ടപോലെ സംസാരിച്ച് അയാളുടെ ജീവന്‍ രക്ഷിക്കാന്‍ നോക്ക്''  അയാള്‍ വെറുപ്പോടെ അവളോട് പറഞ്ഞു.
ഇതാ അവസാനത്തെ കൂടിക്കാഴ്ച! പ്രിയപ്പെട്ട ജ്യേഷ്ഠനെ യാത്രയയക്കാനുള്ള അവസാന അവസരം. അങ്ങനെയാണ് ഹമീദാ ഖുതുബിന് മനസ്സില്‍ തോന്നിയത്. വര്‍ധിച്ച ഹൃദയമിടിപ്പോടെ അവള്‍ വാതിലിനടുത്തെത്തി. വാതില്‍ തുറക്കുമ്പോള്‍ ഹൃദയം തേങ്ങി. എങ്കിലും അദ്ദേഹത്തെ കണ്ട് സലാം പറയുമ്പോള്‍ പുഞ്ചിരിയാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. ഭരണകൂടത്തിന്റെ വിലപേശലുകളുടെ വിഴുപ്പുഭാണ്ഡം അവള്‍ അദ്ദേഹത്തിനുമുമ്പില്‍ കെട്ടഴിച്ചു. അദ്ദേഹം പുഞ്ചിരിക്കുകയാണ് ചെയ്തത്.
അദ്ദേഹം പറഞ്ഞു:''നീ പറഞ്ഞതെല്ലാം സത്യമായിരുന്നെങ്കില്‍ അത് പറയുന്നതില്‍നിന്നും എന്നെ തടയാന്‍ ഭൂമിയില്‍ ഒരാള്‍ക്കും കഴിയുമായിരുന്നില്ല. ഇതൊന്നും സത്യമല്ലാത്തതിനാല്‍ എന്നെക്കൊണ്ട് അപ്രകാരം പറയിപ്പിക്കാനും ലോകത്തൊരു ശക്തിക്കും കഴിയില്ല.''
ഇതുകേട്ട് സ്വഫ്‌വത്ത് ഇടക്കുകയറിപ്പറഞ്ഞു: ''മിസ്റ്റര്‍, പക്ഷേ, ഒന്നുണ്ട്. നിങ്ങളുടെ നിലപാടിന് കനത്ത വിലയൊടുക്കേണ്ടി വരും.
നിന്റെ വിലപ്പെട്ട ജീവന്‍! അതോര്‍ത്തോ.''
സയ്യിദ് ഖുതുബിന് അതു കേട്ട് പുച്ഛമാണ് തോന്നിയത്. അദ്ദേഹം പറഞ്ഞു.''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജീവന് ഏറ്റവും കുറഞ്ഞ വിലയേ കാണുന്നുള്ളൂ. അല്ലാഹുവിന് എപ്പോഴും തിരിച്ചുവാങ്ങാന്‍ അധികാരമുള്ള ഒട്ടും വില കല്പിക്കേണ്ടതില്ലാത്ത വസ്തു. അതു കാണിച്ച് ഇഖ്‌വാനികളെ പേടിപ്പിക്കേണ്ടതില്ല.''
കുപിതനായ സ്വഫ്‌വത്ത് ഹമീദയോട് പറഞ്ഞു. ''പെണ്ണേ, ഇയാളുടെ സിദ്ധാന്തങ്ങള്‍ കേള്‍ക്കാനല്ല ഞാന്‍ നിന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്. ഞാന്‍ കുറച്ചുകഴിഞ്ഞ് തിരിച്ചുവരും. അപ്പോഴേക്ക് നിങ്ങള്‍ സംസാരിച്ച് തീരുമാനത്തിലെത്ത്.''
ഹമീദയും സയ്യിദ് ഖുതുബും തനിച്ചായി.
നിശ്ശബ്ദത. സഹോദരസ്‌നേഹം ഒഴുകിപ്പരന്ന കനത്ത നിശ്ശബ്ദത. സയ്യിദ് ഖുതുബിന്റെ നീട്ടിയ കൈകളിലേക്ക് ഹമീദ വഴുതിവീണു. അദ്ദേഹത്തിന്റെ നെഞ്ചില്‍ മുഖമമര്‍ത്തി തേങ്ങിത്തേങ്ങിക്കരഞ്ഞൂ. ഒരേസമയം സന്തോഷവും ദുഃഖവും ആ പെണ്‍കുട്ടിയുടെ ഹൃദയത്തില്‍നിന്ന് കരകവിഞ്ഞൊഴുകി.
സയ്യിദ് ഖുതുബിന്റെ സ്‌നേഹവാത്സല്യത്തോടെയുള്ള വാക്കുകള്‍ ഹമീദയുടെ കാതുകളിലേക്കെത്തി.''മോളേ, പിരിഞ്ഞതില്‍പിന്നെ നിന്നോട് പറയാനായി ഒത്തിരി കാര്യങ്ങള്‍ കരുതിവെച്ചിരിക്കുകയാണ് ഞാനെന്റെ ഖല്‍ബില്‍. അതൊന്നും പറയാനുള്ള സമയമില്ലല്ലോ ഇപ്പോള്‍.''
''എനിക്കുമുണ്ട് ഒരു പാട് പറയാന്‍. ഇപ്പോ അതൊന്നും പറയാന്‍ തോന്നുന്നില്ല.'' തേങ്ങിക്കരഞ്ഞുകൊണ്ട് ഹമീദ പറഞ്ഞു.
''നിനക്കുവേണ്ടി ഞാനൊരുപാട് പ്രാര്‍ഥിച്ചിട്ടുണ്ട്. എനിക്കിപ്പോള്‍ തോന്നുന്നു അതെല്ലാം സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്ന്. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് നീ ഇനിയും ഒരു പാടുകാലം ജീവിക്കുമെന്ന് എന്റെ മനസ്സു പറയുന്നു.'' സയ്യിദ് നിറകണ്ണുകളോടെ കുഞ്ഞുപെങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
'അല്ലാഹുവിന്റെ വിധി മറ്റൊരു വിധത്തിലുമാകാമല്ലേ.'' ഹമീദ പറഞ്ഞു.
''ഏതു വിധത്തിലായാലും നാമത് സ്വീകരിച്ചേ മതിയാവൂ. അല്ലാഹുവിന്റെ ഏത് വിധിയിലും നമുക്ക്  നന്മയേ ഉണ്ടാകൂ.'' സയ്യിദ് ഖുതുബ് ഹമീദയുടെ കവിള്‍ച്ചെരിവിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീര്‍കണങ്ങള്‍ തുടച്ചുകൊണ്ട് പറഞ്ഞു.
''അല്ലാഹുവിന്റെ വിധിയെ തൃപ്തിയോടെത്തന്നെയാണ് ഞാനെന്നും സ്വീകരിച്ചിട്ടുള്ളത്. എങ്കിലും താങ്കള്‍ കൂടെയില്ലാത്ത ജീവിതം എന്തുകൊണ്ടോ അസഹ്യമായിത്തോന്നുന്നു. ഞാനധികം പറയാതെത്തന്നെ അങ്ങേക്ക് ഊഹിക്കാവുന്നതേയുള്ളു എന്റെ സ്ഥിതി'' ഹമീദ പറഞ്ഞു.
അതിനു മറുപടിയായി സയ്യിദ് ഖുതുബ് സഹോദരിയുടെ നെറ്റിയില്‍ ചുംബിക്കുകയാണ് ചെയ്തത്. അദ്ദേഹം ഒന്നും ഉരിയാടിയില്ല. ഹൃദയം തേങ്ങുന്നതിനാല്‍ വാക്കുകള്‍ ഇടറിപ്പോവുമെന്ന് അദ്ദേഹം ഭയന്നു. ഒന്നും സംസാരിക്കാതിരിക്കുകയാണിപ്പോള്‍ ഭേദമെന്ന് അദ്ദേഹത്തിന് തോന്നി. നിറഞ്ഞ കണ്ണുകള്‍ അവള്‍ കാണാതെ അദ്ദേഹം തുടച്ചു.
ഹമീദ അദ്ദേഹത്തിന്റെ രണ്ടു കൈകളും പിടിച്ചു കുലുക്കിക്കൊണ്ടു ഒരു ഭ്രാന്തിയെപ്പോലെ ചോദിച്ചു.'' ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ ഭാവിയെക്കക്കുറിച്ച്, ലോക ഇസ്‌ലാമിന്റെ ഭാവിയെക്കുറിച്ച് ദീര്‍ഘദര്‍ശനങ്ങള്‍ നടത്താറുള്ള ആളല്ലേ? പറയൂ, എന്താണ് നാളെ നിങ്ങളുടെ അവസ്ഥ? പറയൂ എന്നോട്.''
''ഞാനിതുവരെ അനുഭവിച്ചിട്ടില്ലാത്ത ശാന്തിയുടെയും സന്തോഷത്തിന്റെയും പരമാവസ്ഥയിലാണ് മോളേ ഞാനിപ്പോഴുള്ളത്. അതുമാത്രമേ എനിക്കിപ്പോള്‍ എന്നെപ്പറ്റി പറയാനുള്ളു.'' സയ്യിദ് ഖുതുബ് തടവറയുടെ കിളിവാതിലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടാണ് അതു പറഞ്ഞത്.
''ഞാനിപ്പോള്‍ ഇവിടെ വന്നത് നിങ്ങള്‍ക്ക് ഈ ദുഷ്ടരുടെ കൈയില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു നിമിത്തമായിട്ടായിരിക്കാം. താങ്കളെ പിടികൂടാന്‍ അല്ലാഹു അവരെ അനുവദിക്കാതിരിക്കാനായിരിക്കാം. സത്യവിശ്വാസികള്‍ക്കുമേല്‍ സത്യനിഷേധികള്‍ക്ക് ഒരു വഴിയും അല്ലാഹു ഉണ്ടാക്കിക്കൊടുക്കുകയില്ലെന്നല്ലേ ഖുര്‍ആന്‍ പറയുന്നത്?'' ഹമീദ പറഞ്ഞു.
''ആ സൂക്തം കൊണ്ട് അങ്ങനെയൊന്നും അര്‍ഥം കൊടുക്കല്ലേ മോളേ. സത്യവിശ്വാസികളുടെ മനസ്സിനും ആത്മാവിനും പ്രയാസമേല്‍പ്പിക്കാന്‍ അല്ലാഹു അവിശ്വാസികള്‍ക്ക് അവസരമൊരുക്കിക്കൊടുക്കില്ലെന്നാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. നോക്കൂ, എന്തെല്ലാം തന്ത്രങ്ങള്‍ അവര്‍ പ്രയോഗിച്ചിട്ടും നമ്മെ ആദര്‍ശത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലല്ലോ. ഇതുതന്നെയാണ് ശരിയായ വിജയം.''
ഹമീദ അതുമുഴുവന്‍ കേട്ടുവോ? അവളുടെ മനസ്സ് അപ്പോഴേക്കും കുട്ടിക്കാലത്തേക്ക് പറന്നു കഴിഞ്ഞിരുന്നു. ഉപ്പയില്ലാതെ വളരുന്ന പെണ്‍കുട്ടി. ഉപ്പയുടെ സ്ഥാനത്തുനിന്ന് വാത്സല്യം തരുന്ന മൂത്ത ജ്യേഷ്ഠന്‍. പ്രസ്ഥാനത്തിന്റെ വഴിയില്‍ ജ്യേഷ്ഠന്റെ കൈപിടിച്ച് വളരുന്ന ഇസ്‌ലാമികപ്രവര്‍ത്തക.  ആ രണ്ടു മനുഷ്യാത്മാക്കളെ കൂട്ടിയിണക്കുന്ന പലപല ചങ്ങലക്കണ്ണികളെക്കുറിച്ചുള്ള ഓര്‍മകളിലൂടെ അവള്‍ സഞ്ചരിക്കുകയായിരുന്നു. അതിനിടയില്‍ സയ്യിദ് ഖുതുബിന്റെ സംസാരത്തിലേക്ക് അവള്‍ തിരിച്ചുവന്നപ്പോള്‍ അദ്ദേഹം പ്രവര്‍ത്തനമാര്‍ഗത്തില്‍ അനുഭവിക്കേണ്ടി വന്ന നാനാവിധ വെല്ലുവിളികള്‍ എങ്ങനെയാണ് തരണം ചെയ്തതെന്ന് വിശദീകരിക്കുകയായിരുന്നു. ജീവിതത്തിലേക്ക് പ്രകാശം പരത്തുന്ന വാക്കുകള്‍. അവളത് കാതു കൂര്‍പ്പിച്ചു കേട്ടു.
ഇരുപതാം നൂറ്റാണ്ടിലെ ജ്വലിക്കുന്ന ഇതിഹാസത്തിലെ ഒരു അധ്യായത്തിന് തിരശ്ശീല വീഴാന്‍ പോവുകയാണല്ലോ. ആ നടുക്കുന്ന ഓര്‍മയില്‍ അവള്‍ അദ്ദേഹത്തിന്റെ ഓരോ വാക്കിനും കാതോര്‍ത്തുനിന്നു.
സൈനികന്റെ കാലൊച്ച കേള്‍ക്കുന്നതുവരെ ആ നില്‍പ്പ് അവള്‍ തുടര്‍ന്നു, മനസ്സിലെ ക്ലേശം അദ്ദേഹത്തെ അറിയിക്കാതെ.
(അടുത്ത ലക്കത്തില്‍ അവസാനിക്കുന്നു.)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top