കൊച്ചുകൊച്ചു പരീക്ഷണങ്ങള്‍
ശൈഖ് മുഹമ്മദ് കാരകുന്ന്
2014 ഒക്ടോബര്‍
എടവണ്ണ ഇസ്‌ലാഹിയ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കെയാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ചുമതല ഏറ്റെടുക്കാന്‍ ജമാഅത്തെ ഇസ്‌ലാമി
എടവണ്ണ ഇസ്‌ലാഹിയ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കെയാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ചുമതല ഏറ്റെടുക്കാന്‍ ജമാഅത്തെ ഇസ്‌ലാമി നേതൃത്വം ആവശ്യപ്പെട്ടത്. നാടിന്റെ വളരെയടുത്തുള്ള സര്‍ക്കാര്‍ സ്ഥാപനത്തിലെ ജോലിയില്‍ നിന്ന് സംഘടനാതലത്തിലേക്ക് മാറുന്നതില്‍ പ്രദേശത്തെ സുഹൃത്തുക്കളില്‍ ചിലരൊക്കെ എതിര്‍പ്പ് പ്രകടിപ്പിച്ചു. പ്രസ്ഥാനം ആവശ്യപ്പെടുന്ന എന്തും ഏറ്റെടുക്കുന്നതില്‍ എന്നും പൂര്‍ണമായി സഹകരിച്ച പ്രിയതമ അന്നും സന്തോഷപൂര്‍വം എന്നോടൊപ്പം നിന്നു. മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും പ്രാദേശിക നേതാവും ഞങ്ങളുടെ പഞ്ചായത്ത് മെമ്പറുമായ ടി.പി മുഹമ്മദ് ഹാജിയാണ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചത്. ഒന്നിനും വഴങ്ങാതിരുന്നപ്പോള്‍ അദ്ദേഹം മുന്നറിയിപ്പെന്നവണ്ണം പറഞ്ഞു: ''പിന്നീട് മക്കള്‍ നിങ്ങള്‍ക്കെതിരാകും.''
അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വമുള്ള വാക്കുകള്‍ ഞാനൊരു വെല്ലുവിളിയായി സ്വീകരിച്ചു. അനന്തരമായി ലഭിച്ച സ്വത്ത് വില്‍ക്കാതെ തന്നെ മക്കള്‍ക്ക് സാധ്യമാകുന്നത്ര നല്ല വിദ്യാഭ്യാസം നല്‍കുമെന്ന് ദൃഢനിശ്ചയം ചെയ്തു. പല വിധേന ഏഴായിരം രൂപ സ്വരൂപിച്ച് ഒന്നേകാല്‍ ഏക്കര്‍ ഭൂമി വാങ്ങി അതില്‍ തെങ്ങിന്‍ തൈകള്‍ നടുകയും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തു. അടുത്തവര്‍ഷമത് നാലിരട്ടിക്കു വിറ്റു. ആ സംഖ്യ ഉപയോഗിച്ച് നാല് ഏക്കര്‍ ഭൂമി വാങ്ങി. അതില്‍ ഒരേക്കര്‍ ജ്യേഷ്ഠ സഹോദരന് നല്‍കുകയും റബ്ബര്‍ വെച്ചുപിടിപ്പിക്കുകയും ചെയ്തു. കാര്‍ഷിക വൃത്തികള്‍ക്കെല്ലാം ജ്യേഷ്ഠ സഹോദരന്‍ നേതൃത്വം നല്‍കി. റബ്ബര്‍ വെട്ടാറായപ്പോഴേക്കും കടബാധ്യത വന്നു. അതിനാല്‍ റബ്ബര്‍ വില്‍ക്കാന്‍ നിര്‍ബന്ധിതനായി. അതിന്റെ വിലയില്‍ കടം കഴിച്ചുള്ളത് ഉപയോഗിച്ച് രണ്ട് സ്ഥലം വാങ്ങി. ഒന്ന് പിന്നീട് മക്കളുടെ വിദ്യാഭ്യാസാവശ്യാര്‍ഥം വിറ്റു. രണ്ടാമത്തേത് ബാക്കിയായുണ്ട്.
ഞാന്‍ റബ്ബര്‍തോട്ടം വിറ്റത് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്ടെ ഒരാള്‍ക്കാണ്. അദ്ദേഹമത് പെരിമ്പലത്തെ ഒരു പണക്കാരനു വിറ്റു. കച്ചവടവും രജിസ്റ്ററുമൊക്കെ കഴിഞ്ഞ് അദ്ദേഹമത് മറ്റൊരാള്‍ക്ക് വിറ്റപ്പോള്‍ പെരിമ്പലത്തുകാരന്‍ പറഞ്ഞു: ''ആധാരത്തിലുള്ളതിനേക്കാള്‍ അര ഏക്കര്‍ ഭൂമി അളവില്‍ കുറവുണ്ട്. ജമാഅത്തെ ഇസ്‌ലാമിക്കാരനായ നിങ്ങള്‍ വിറ്റ സ്ഥലത്തില്‍ കുറവ് വരില്ലെന്ന് കരുതിയാണ് ഞാന്‍ പാണ്ടിക്കാട്ടുകാരനില്‍ നിന്ന് സ്ഥലം വാങ്ങിയത്. ജമാഅത്തുകാര്‍ വിശ്വാസവഞ്ചന കാണിക്കില്ലെന്നാണ് ഞാന്‍ ധരിച്ചത്. അതിനാല്‍ അര ഏക്കര്‍ റബ്ബര്‍ തോട്ടത്തിന്റെ വില നിങ്ങള്‍ തരണം.''
യഥാര്‍ഥത്തില്‍ ഞാന്‍ സ്ഥലം അതുള്ള പ്രദേശത്തുകാരനില്‍ നിന്ന് വാങ്ങിയതാണ്. അതില്‍നിന്നും ഒരിഞ്ചുപോലും കുറവുവരുത്തിയിട്ടില്ല. സ്ഥലം പണം ആവശ്യപ്പെട്ടുവന്നയാള്‍ക്ക് വിറ്റിട്ടുമില്ല. അതിനാല്‍ ഇസ്‌ലാമികമായും നാട്ടുനടപ്പനുസരിച്ചും ഒരു പൈസ പോലും കൊടുക്കേണ്ടതില്ല. നാട്ടുകാരും കൂട്ടുകാരും അതുതന്നെ തറപ്പിച്ചു പറഞ്ഞു. അപ്പോള്‍ ഞാന്‍ ജ്യേഷ്ഠ സഹോദരനുമായി കൂടിയാലോചിച്ചു. പണം കൊടുത്തില്ലെങ്കില്‍ ഞാന്‍ വഞ്ചിച്ചുവെന്ന് അയാള്‍ പറഞ്ഞു പരത്തുമെന്നും പ്രസ്ഥാനത്തിന്റെ പ്രതിയോഗികള്‍ അതിന് വമ്പിച്ച പ്രചാരം നല്‍കുമെന്നും അങ്ങനെയത് ജമാഅത്തെ ഇസ്‌ലാമിക്ക് ചീത്തപ്പേരുണ്ടാക്കുമെന്നുമുള്ള നിഗമനത്തിലാണ് ഞങ്ങളെത്തിയത്. ഇസ്‌ലാമിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും പ്രതിഛായ മോശമാകാതിരിക്കാനും ചീത്തപ്പേരുണ്ടാകാതിരിക്കാനുമായി സമ്പത്ത് നഷ്ടപ്പെടുത്തിയാല്‍ അത് അനേകമിരട്ടിയായി പരലോകത്ത് തിരിച്ച് കിട്ടുമെന്ന ദൃഢബോധ്യവും ഞങ്ങളുടെ തീരുമാനത്തിന് കാരണമായി. അങ്ങനെ പാണ്ടിക്കാട്ടുകാരനില്‍ നിന്ന് അയാള്‍ വാങ്ങിയ വിലപ്രകാരമുള്ള തുക ഞാന്‍ അയാള്‍ക്ക് കൊടുത്തു. അത് ഞാന്‍ വിറ്റ വിലയെക്കാളും കൂടുതലായിരുന്നു. ഫലത്തില്‍ പ്രസ്ഥാനത്തിന്റെ പേരും എന്റെ മേല്‍വിലാസവും ഉപയോഗിച്ച് അയാളെന്നെ ബന്ധിയാക്കുകയായിരുന്നു. എന്നാലും അത് ഒട്ടും നഷ്ടമുള്ള ഒന്നായി കരുതുന്നില്ലെന്ന് മാത്രമല്ല, വളരെ ലാഭകരമാണെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു.
സാമ്പത്തിക രംഗത്ത് ഇങ്ങനെ ഒരു കൊച്ചു പരീക്ഷണത്തെയാണ് അഭിമുഖീകരിച്ചതെങ്കില്‍ കൊച്ചുമകന്റെ കാര്യത്തില്‍ കൂറെ കൂടി പരീക്ഷണം നേരിടേണ്ടി വന്നു. ഏററം ഇളയമകന്‍ അയ്മന്‍ മുഹമ്മദ് പഠനത്തിലെന്ന പോലെ സര്‍ഗപ്രവര്‍ത്തനങ്ങളിലും അതീവ സമര്‍ഥനായിരുന്നു. എട്ടാംക്ലാസിലെത്തിയപ്പോഴേക്കും നന്നായി പ്രസംഗിക്കുമായിരുന്നു. കഥയും കവിതയും എഴുതുമായിരുന്നു. മോണോആക്ടിലും മിമിക്രിയിലുമൊക്കെ മികവ് തെളിയിച്ചിരുന്നു. കോട്ടക്കല്‍ പറപ്പൂര്‍ ഇസ്‌ലാമിയാ കോളജിലാണ് അവന്‍ പഠിച്ചിരുന്നത്. പെട്ടെന്നൊരു ദിവസം അവന് ബോധം നഷ്ടപ്പെട്ട് നിലത്തുവീണു. സംസാരശേഷി നഷ്ടപ്പെട്ടു. വലതുകൈക്കും കാലിനും തളര്‍ച്ച ബാധിച്ചു. ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. വെള്ളിമാട്കുന്നിലെ ഐ.പി.എച്ച് ഡയറക്ടറേറ്റിലായിരുന്നു. ഹിറാ സമ്മേളനത്തിന്റെ പ്രചാരണ ചുമതല ഉണ്ടായിരുന്നതിനാല്‍ അതിന്റെ ജോലിത്തിരക്കുകളിലായിരുന്നു. കുടുംബിനി ഉടനെ മഞ്ചേരി ആശുപത്രിയിലെത്തി. അപ്പോഴേക്കും മാധ്യമം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന വി.എം ഇബ്രാഹീമിനോടൊന്നിച്ച് ഞാനും ആശുപത്രിയിലെത്തി. ഡോക്ടറുടെ നിര്‍ദേശപ്രകാരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നു. ഡോക്ടര്‍ അബ്ദുസ്സലാം വിശദമായി പരിശോധിച്ചു. ഇടതുവശത്ത് സ്‌ട്രോക്ക് വന്നതാണെന്ന് കണ്ടെത്തി. ഇത്ര ചെറുപ്രായത്തില്‍ സ്‌ട്രോക്ക് വരാന്‍ കാരണമെന്താണെന്നു കണ്ടെത്താനായി നിരവധി ടെസ്റ്റുകള്‍ നടത്തി.അവസാനം ഡോക്ടര്‍ പറഞ്ഞു: ''വൈദ്യശാസ്ത്രപരമായി ഒരു കാരണവും കാണുന്നില്ല.'' അപ്പോഴെനിക്ക് ഉറപ്പായും ബോധ്യമായി, അല്ലാഹു എന്നെ പരീക്ഷിക്കുകയാണ്. ബോധം വൈകാതെ തെളിഞ്ഞു. മൂന്നാം ദിവസം സംസാര ശേഷി ഭാഗികമായി തിരിച്ചുകിട്ടി. അന്ന് അവന്റെ ഉമ്മയെ വിളിച്ചപ്പോഴുണ്ടായ നിര്‍വൃതി ഇന്നും മനസ്സിലെ മധുരമുള്ള ഓര്‍മയായി നിലനില്‍ക്കുന്നു. കൈകാലുകളുടെ വൈകല്യം ഇന്നും പൂര്‍ണമായും മാറിയിട്ടില്ല. ഇടതുകൈകൊണ്ട് എഴുതി ശീലിക്കേണ്ടി വന്നു. നടക്കാന്‍ ചെറിയ പ്രയാസം അനുഭവപ്പെടുന്നു. ഇതിനെക്കാളെല്ലാം വലിയ നഷ്ടം സര്‍ഗശേഷി തിരിച്ചു കിട്ടിയില്ലെന്നതാണ്. എഴുതാനും പാടാനും പ്രസംഗിക്കാനും അഭിനയിക്കാനുമുള്ള അല്ലാഹു നല്‍കിയ കഴിവ് അവന്‍ തന്നെ തിരിച്ചെടുത്തു. നഷ്ടപ്പെട്ടതൊക്കെയും പരലോകത്ത് തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കാം. ഈ പരീക്ഷണത്തിലും പതറാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. അല്ലാഹു അത് സ്വീകരിക്കുമാറാകട്ടെ.
കൈകാലുകളുടെ വൈകല്യം മാനസികമായി ഒട്ടും ബാധിക്കാതിരിക്കാനായി പത്താംക്ലാസിന് ശേഷം അവനെക്കാള്‍ പ്രയാസപ്പെടുന്ന കുട്ടികള്‍ പഠിക്കുന്ന കോഴിക്കോട്ടെ റഹ്മാനിയ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചേര്‍ത്തു. ഇപ്പോള്‍ തികഞ്ഞ സംതൃപ്തിയോടെ ജീവിതം നയിക്കുന്നു. കുടുംബിനിയും കുട്ടിയുമുണ്ട്.
യഥാര്‍ഥത്തില്‍ ജീവിതം തന്നെ ഒരു പരീക്ഷണമാണ്. അവസാന വിശകലനത്തില്‍ നടക്കുക നാം കൊതിക്കുന്നതല്ല; അല്ലാഹു വിധിക്കുന്നതാണ്. നാം അവന്റെ കൈകളിലെ ഉപകരണങ്ങള്‍ മാത്രം. നമ്മുടെ വശമുള്ളതൊക്കെയും അവന്‍ തന്നതാണ്. അവന്റേതാണ്. ഇത് നിരന്തരം ഓര്‍മിക്കാന്‍ അവന്‍ നമ്മെ പലവിധ പരീക്ഷണങ്ങള്‍ക്കും വിധേയമാക്കുന്നു. ക്ഷമകേടുകാണിക്കുന്നവര്‍ക്ക് ഭൂമിയില്‍ അസ്വസ്ഥത, മരണാനന്തര ജീവിതത്തില്‍ വന്‍നഷ്ടം. ക്ഷമിക്കുന്നവര്‍ക്ക് ഭൂമിയില്‍ സമാധാനം. മറുലോകത്ത് മഹത്തായ വിജയവും.