ഹാജറ
അബ്ദുല്ലാ നദ്വി കുറ്റൂർ
2014 ഒക്ടോബര്‍
പ്രാചീന ഇറാഖിലെ ബാബിലോണിയയിലെ ഊര്‍ പട്ടണത്തില്‍ നാലായിരം സംവത്സരങ്ങള്‍ക്ക് മുമ്പ് ജീവിച്ച വിപ്ലവകാരിയായ ഇബ്രാഹീം പ്രവാചകന്റെ ഭാര്യാപഥം
പ്രാചീന ഇറാഖിലെ ബാബിലോണിയയിലെ ഊര്‍ പട്ടണത്തില്‍ നാലായിരം സംവത്സരങ്ങള്‍ക്ക് മുമ്പ് ജീവിച്ച വിപ്ലവകാരിയായ ഇബ്രാഹീം പ്രവാചകന്റെ ഭാര്യാപഥം അലങ്കരിക്കാന്‍ ഭാഗ്യം സിദ്ധിച്ച മഹിളാരത്‌നമാണ് ഹസ്രത്ത് ഹാജറ. ഇബ്രാഹീം നബി ആദ്യം ഉന്നത കുലജാതയും സുന്ദരിയുമായ സാറയെ വിവാഹം കഴിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് അതില്‍ സന്താന സൗഭാഗ്യം ഉണ്ടായിരുന്നില്ല. തന്റെ കാലശേഷം തനിക്കൊരു പിന്‍ഗാമി ഇല്ലാത്തതില്‍ ദുഃഖിച്ച് കഴിഞ്ഞിരുന്ന ഇബ്രാഹീമിന് സാറ ഹാജറയെ ഭാര്യയായി ദാനം നല്‍കി. ഈജിപ്തുകാരിയായ കറുത്ത ഹാജറ, സാറയുടെ അടിമയായിരുന്നു. അതേ സമയം ഭക്തയും സുശീലയുമായിരുന്നു അവള്‍. ആ ദാമ്പത്യത്തില്‍ ഹാജറക്ക് ഇസ്മാഈല്‍ എന്ന കുഞ്ഞ് ജനിച്ചു. ഇസ്മാഈല്‍ ജനിക്കുമ്പോള്‍ ഇബ്രാഹീമിന് 86 വയസ്സായിരുന്നു പ്രായം. അതിനുശേഷമാണ് സാറക്ക് ഇസ്ഹാഖ് എന്ന കുഞ്ഞ് ജനിക്കുന്നത്. ബൈബിളിന്റെ പ്രസ്താവനപ്രകാരം അന്ന് ഇബ്രാഹീമിന് നൂറ് വയസ്സായിരുന്നു.
അടിമയായ ഹാജറയുമായി തന്റെ പ്രിയതമന്‍ കിടപ്പറ പങ്കിടുന്നതില്‍ സാറക്ക് മനഃപ്രയാസമില്ലാത്ത വിധം സല്‍ഗുണ സമ്പന്നയും വിനീതയും സുശീലയും പതിവ്രതയുമായിരുന്നു ഹാജറ. കുഞ്ഞുണ്ടായ ശേഷം ഹാജറയുടെ മട്ടുമാറുകയും സാറയോട് ധിക്കാരത്തോടെ പെരുമാറാന്‍ തുടങ്ങി എന്നും അതില്‍ ഈര്‍ഷ്യ തോന്നിയ സാറ ഹാജറയെ മരുക്കാട്ടില്‍ ഉപേക്ഷിക്കാന്‍ പറഞ്ഞുവെന്നുമുള്ള ബൈബിള്‍ പ്രസ്താവന തീര്‍ത്തും അസംബന്ധമാണ്. മുസ്‌ലിം പണ്ഡിതന്മാരില്‍ പലരും ഈ കഥ അപ്പടി പകര്‍ത്തിയെന്നത് ഖേദകരം തന്നെയാണ്. ഇത് സംബന്ധമായി ഇബ്‌നു ജരീര്‍ ത്വബരി, മുജാഹിദ് തുടങ്ങിയവര്‍ ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടാണ് കൂടുതല്‍ യുക്തിസഹമായി തോന്നിയത്. മക്കയെ ജനവാസ യോഗ്യമാക്കുക, കഅ്ബയുടെ
നിര്‍മാണത്തിന് കളമൊരുക്കുക എന്നീ ലക്ഷ്യമായിരുന്നു അതിനു പിന്നിലെന്നാണ് ആ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.
'ഹാജറയെയും കുഞ്ഞിനെയും കൊണ്ട് ഇബ്രാഹീം നടന്നു നീങ്ങി. സ്ഥലം കാണിച്ചുകൊടുക്കാന്‍ കൂടെ ജിബ്‌രീലുമുണ്ടായിരുന്നു. ഓരോ സ്ഥലം കാണുമ്പോഴും ഇബ്രാഹീം ചോദിക്കുമായിരുന്നു, ഇവിടെയാണോ ഭവനമുണ്ടാക്കേണ്ടതെന്ന്. അപ്പോള്‍ ജിബ്‌രീല്‍ പറയും. അല്ല, നടക്കുക. അവസാനം അവര്‍ മക്കയിലെത്തി. ഒരു ചെറിയ മൊട്ടക്കുന്നിനടുത്തെത്തിയപ്പോള്‍ ഇബ്രാഹീം ചോദിച്ചു ഇവിടെയാണോ എന്ന്. ജിബ്‌രീല്‍ 'അതെ' എന്ന് മറുപടി പറഞ്ഞു.
ഈ സംഭവം അബ്ദുല്ല ഇബ്‌നു അബ്ബാസ് നിവേദനം ചെയ്ത ഒരു ഹദീസില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അതിന്റെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്.
മുലകുടി പ്രായത്തിലുള്ള ഇസ്മാഈലിനെയും പത്‌നി ഹാജറയെയും ഇബ്രാഹീം നബി (അ) കഅ്ബാലയത്തിന്റെ സമീപത്ത് താമസിപ്പിച്ചു. സംസമിന്റെ പരിസരത്തുള്ള ഒരു വൃക്ഷത്തിന്റെ സമീപത്തായിരുന്നു അത്. അന്ന് മക്കയില്‍ ജനവാസമോ ജലമോ ഉണ്ടായിരുന്നില്ല. അവര്‍ക്ക് സമീപം ഒരു സഞ്ചി കാരക്കയും ഒരു തോല്‍പാത്രം വെള്ളവും വെച്ചുകൊടുത്തിരുന്നു. ശേഷം ഇബ്രാഹീം തിരിച്ചുവരാന്‍ ഒരുങ്ങിയപ്പോള്‍ ഹാജറ അദ്ദേഹത്തെ പിന്തുടര്‍ന്നുകൊണ്ട് ചോദിച്ചു: ''ആള്‍പാര്‍പ്പില്ലാത്ത ഈ താഴ്‌വരയില്‍ ഞങ്ങളെ ഉപേക്ഷിച്ചുകൊണ്ട് താങ്കളെങ്ങോട്ടാണ് പോകുന്നത്?''
ഇതേ ചോദ്യം പലതവണ ആവര്‍ത്തിച്ചുവെങ്കിലും ഇബ്രാഹീം അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. തുടര്‍ന്ന് 'ഇത് അല്ലാഹുവിന്റെ കല്‍പനയാണോ' എന്ന് ഹാജറ ചോദിച്ചപ്പോള്‍ 'അതെ' എന്ന് ഇബ്രാഹീം പ്രത്യുത്തരം നല്‍കി. അപ്പോള്‍ ഹാജറ പറഞ്ഞു: ''എങ്കില്‍ അവന്‍ ഞങ്ങളെ കൈവെടിയുകയില്ല.''
ഹാജറ തിരിച്ചുപോയി. ഇബ്രാഹീം സനിയയിലെത്തി. തന്നെ ആരും കാണുന്നില്ലെന്നുറപ്പായപ്പോള്‍ കഅ്ബാലയത്തിലേക്ക് തിരിഞ്ഞുനിന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: ''ഞങ്ങളുടെ നാഥാ, എന്റെ സന്താനങ്ങളില്‍ ചിലരെ കൃഷിയില്ലാത്ത ഒരു താഴ്‌വരയില്‍ ഞാനിതാ പാര്‍പ്പിച്ചിരിക്കുന്നു. അവര്‍ നന്ദിയുള്ളവരായേക്കാം.''
ഹാജറ കുഞ്ഞിന് മുലയൂട്ടിയും കൈയില്‍ കരുതിയ വെള്ളം കുടിച്ചും കുറെനാള്‍ ജീവിച്ചു. അവസാനം വെള്ളം തീര്‍ന്നപ്പോള്‍ ദാഹിച്ചു
പരവശനായി കരയുന്ന കുഞ്ഞിനെ നോക്കി
നിന്നു. ആ ദയനീയ രംഗം കണ്ടുനില്‍ക്കാനാവാതെ ഹാജറ സമീപമുള്ള സ്വഫാമലയെ ലക്ഷ്യമാക്കി നീങ്ങി. അതിനു മുകളില്‍ കയറിനിന്ന് താഴ്‌വാരം നിരീക്ഷിച്ചു. ആരെയെങ്കിലും കാണുന്നുണ്ടോ? ഇല്ല. ഉടനെ സ്വഫയില്‍ നിന്നിറങ്ങി മര്‍വാ മലയില്‍ കയറിനിന്ന് ആരെയെങ്കിലും കാണുന്നുണ്ടോ എന്ന് നിരീക്ഷിച്ചു. അവിടെയും ആരെയും കണ്ടില്ല. ഇങ്ങനെ ഏഴുപ്രാവശ്യം സ്വഫയിലും മര്‍വയിലും കയറിയിറങ്ങി. ഏഴാം തവണ മര്‍വക്ക് മുകളില്‍ കയറിയപ്പോള്‍ ഹാജറ ഒരു അശരീരി കേട്ടു. ശ്രദ്ധിച്ചു നിന്നപ്പോള്‍ വീണ്ടും അതേ ശബ്ദം. അപ്പോള്‍ ഹാജറ സംസമിന്റെ സ്ഥാനത്ത് ഒരു മലക്കിനെ കണ്ടു. മലക്ക് തന്റെ മടമ്പുകൊണ്ടോ ചിറകുകൊണ്ടോ അവിടെ കുഴിച്ചപ്പോള്‍ വെള്ളം പ്രവഹിച്ചു. അന്നേരം ഹാജറ തന്റെ കൈകൊണ്ട് തടം നിര്‍മിക്കാനും വെള്ളം കോരിയെടുത്ത് തന്റെ തോല്‍പാത്രം നിറക്കാനും തുടങ്ങി. വെള്ളം കോരിയെടുത്ത ശേഷവും അത് പ്രവഹിച്ചുകൊണ്ടിരുന്നു. ഹാജറ സംസമിന് തടം കെട്ടിയിരുന്നില്ലെങ്കില്‍ സംസം സമുന്നതമായ ഒരു നദിയായി ഒഴുകുമായിരുന്നു. അവര്‍ അതില്‍നിന്നും വെള്ളം കുടിച്ചും കുഞ്ഞിന് മുലയൂട്ടിയും കഴിഞ്ഞു. മലക്ക് ഹാജറയോട് പറഞ്ഞു: ''ഇത് നഷ്ടപ്പെടുമെന്ന് നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഈ കുട്ടിയും അവന്റെ പിതാവും ചേര്‍ന്ന് ഇവിടെ അല്ലാഹുവിന് ഒരു ഭവനം പണിയുന്നതാണ്.'' അന്ന് കഅ്ബാലയം ഭൂമിയില്‍ നിന്ന് കുന്ന്‌പോലെ ഉയര്‍ന്ന് നില്‍ക്കുകയായിരുന്നു. ഹാജറ അപ്രകാരം ജീവിച്ചുകൊണ്ടിരിക്കെ ജുര്‍ഹൂം ഗോത്രത്തിലെ ഒരു യാത്രാസംഘം അതുവഴി കടന്നുവന്നു. മക്കയുടെ അടിവാരത്ത് ഇറങ്ങിയപ്പോള്‍ ഒരു പക്ഷി വട്ടമിട്ടു പറക്കുന്നത് നിരീക്ഷിച്ച് അവര്‍ പറഞ്ഞു: ''ജലത്തിന് മേല്‍ വട്ടമിട്ട് പറക്കുന്ന പക്ഷിയാണത്. വെള്ളമില്ലാത്ത താഴ്‌വാരമാണെന്നാണല്ലോ ഇതിനെക്കുറിച്ച് മുമ്പ് നാം മനസ്സിലാക്കിയിട്ടുള്ളത്.'' വെള്ളമുണ്ടോ എന്ന് അന്വേഷിക്കാനായി ഒന്നോ രണ്ടോ പേരെ അവര്‍ നിയോഗിച്ചു. അവര്‍ വെള്ളം കാണുകയും തിരിച്ച് ചെന്ന് യാത്രാസംഘത്തെ വിവരം ധരിപ്പിക്കുകയും ചെയ്തു. അങ്ങനെ യാത്രാസംഘം അവിടെ എത്തിയപ്പോള്‍ ഹാജറ വെള്ളത്തിനടുത്ത് നില്‍പ്പുണ്ടായിരുന്നു. ''ഞങ്ങള്‍ ഇവിടെ താമസിച്ചുകൊള്ളട്ടെ,'' അവര്‍ ഹാജറയോട് സമ്മതം ചോദിച്ചു. ഹാജറ പറഞ്ഞു: ''താമസിച്ചുകൊള്ളുക. എന്നാല്‍ ഈ വെള്ളത്തിന്റെ അധികാരം എനിക്കുള്ളതാണ്.'' അവര്‍ സമ്മതിച്ചു. ഹാജറ അതൊരു മഹാഭാഗ്യമായാണ് ദര്‍ശിച്ചത്. അവര്‍ ജനസമ്പര്‍ക്ക താല്‍പര്യമുള്ള കൂട്ടത്തിലായിരുന്നു. അങ്ങനെ അവര്‍ അവിടെ താമസിച്ചു. ക്രമേണ അവിടെ കുറെ കുടുംബങ്ങള്‍ കുടിയേറിപ്പാര്‍ത്തു. കുട്ടി യൗവ്വനം പ്രാപിച്ച് അവരില്‍ നിന്ന് അറബി ഭാഷ പഠിക്കുകയും അവര്‍ക്ക് പ്രിയപ്പെട്ടവനും വേണ്ടപ്പെട്ടവനുമായി തീരുകയും ചെയ്തു. പ്രായപൂര്‍ത്തിയായപ്പോള്‍ അവരില്‍ നിന്നൊരു പെണ്‍കുട്ടിയെ അവന് വിവാഹം കഴിപ്പിച്ച് കൊടുത്തു. അതിനിടെ ഹാജറ ഇഹലോകവാസം വെടിയുകയും ചെയ്തു.
ഇബ്രാഹീം കൂടെക്കൂടെ തന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്താറുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ അവിടെ വന്നപ്പോള്‍ ഹാജറ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല.
പുത്രപത്‌നിയോട് അദ്ദേഹം എല്ലാ വിവരങ്ങളും അന്വേഷിച്ചു മനസ്സിലാക്കി. അവളുടെ സ്വഭാവദൂഷ്യവും ജീവിതനൈരാശ്യവും കണ്ടറിഞ്ഞ് അവളെ ത്വലാഖ് ചൊല്ലി മറ്റൊരുവളെ വിവാഹം കഴിക്കാന്‍ ഇബ്രാഹീം ഇസ്മാഈലിന് നിര്‍ദേശം നല്‍കി യാത്രയായി. ഇസ്മാഈല്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.
കാലങ്ങള്‍ക്ക് ശേഷം ഇബ്രാഹീം ആഗതനായപ്പോള്‍ ഇസ്മാഈല്‍ സംസമിന് സമീപമുള്ള ഒരു വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് അമ്പ് ശരിപ്പെടുത്തുകയായിരുന്നു. ഇത്തവണ ഇബ്രാഹീം എത്തിയത് കഅ്ബ നിര്‍മാണത്തിനായുള്ള അല്ലാഹുവിന്റെ കല്‍പനയുമായായിരുന്നു. പശ്ചാത്തലത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു കുന്നിലേക്ക് വിരല്‍ചൂണ്ടി അവിടെയാണ് കഅ്ബാലയത്തിന്റെ അടിത്തറ കെട്ടിയുയര്‍ത്തേണ്ടതെന്ന് ഇബ്രാഹീം പറഞ്ഞു. ഇസ്മാഈല്‍ കല്ലുകള്‍ കൊണ്ടുകൊടുക്കുകയും ഇബ്രാഹീം പടുക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ കയ്യെത്താത്ത വിധം കെട്ടിടം ഉയര്‍ന്നപ്പോള്‍ ഇസ്മാഈല്‍ ഒരു കല്ല് (മഖാം ഇബ്രാഹീം) കൊണ്ടുവന്ന് വെച്ചുകൊടുക്കുകയും
ഇബ്രാഹീം അതിന്മേല്‍ കയറിനിന്ന് പണി മുഴുമിക്കുകയും ചെയ്തു.
ഉപര്യുക്ത ഹദീസില്‍ 'ജലം ലഭ്യമല്ലാത്ത ഈ വിജനമായ മരുഭൂമിയില്‍ ഞങ്ങളെ ഉപേക്ഷിച്ച് താങ്കള്‍ പോകുന്നത് അല്ലാഹുവിന്റെ കല്‍പനപ്രകാരമാണോ' എന്ന ഹാജറയുടെ ചോദ്യം പ്രത്യേകം ശ്രദ്ധേയമാണ്. സാറയുടെ കല്‍പനപ്രകാരമാണ് ഹാജറയെ മരുക്കാട്ടില്‍ ഉപേക്ഷിച്ചതെന്ന ബൈബിള്‍ പ്രസ്താവനയെ ഇത് ഖണ്ഡിക്കുകയാണ്. ബഹുദൈവാരാധകരോട് സന്ധിയില്ലാ സമരം നടത്തുകയും അതിന്റെ പേരില്‍ നംറൂദിന്റെ അഗ്നികുണ്ഠം സ്വീകരിക്കാന്‍ പോലും ആര്‍ജ്ജവം കാണിക്കുകയും ചെയ്ത നേരിന്റെയും ദൃഢചിത്തതയുടെയും പ്രതീകമായ ഇബ്രാഹീം നബിയുടെ വ്യക്തിത്വ പ്രഭാവത്തിന് കളങ്കം ചാര്‍ത്തുന്നതാണ് ബൈബിള്‍ പ്രസ്താവം. ഭക്തി, സന്മാര്‍ഗനിഷ്ഠ, ഏകദൈവ വിശ്വാസം, നന്ദി എന്നിവയുടെ പ്രതീകമായാണ് ഖുര്‍ആന്‍ ഇബ്രാഹീമിനെ പരിചയപ്പെടുത്തുന്നത്.
ഊഷരമായ മരുഭൂമിയിലെ അക്ഷയ പ്രവാഹമായ ആ നീരുറവ തീര്‍ത്തും ദൈവിക പ്രസാദം തന്നെയാണ്. ഹിബ്രുഭാഷയില്‍ ഹാജറ മൊഴിഞ്ഞ സംസം എന്ന പദത്തിനര്‍ഥം നില്‍ക്കുക, നിലക്കുക എന്നാണ്. ഹാജറക്ക് വരപ്രസാദമായി ലഭിച്ച സംസം വെള്ളത്തിന്റെ രുചി നുകരാനാവാത്തവരായി ആരുമുണ്ടാവില്ല. പുണ്യഭൂമി സന്ദര്‍ശിക്കുന്ന ലക്ഷോപലക്ഷം ഭക്തജനങ്ങള്‍ ഹാജറക്ക് വരദാനമായി ലഭിച്ച സംസം കുടിച്ച് ആത്മനിര്‍വൃതി കൊള്ളുന്നു. ഹാജറയുടെ കുതിപ്പിന്റെയും കിതപ്പിന്റെയും കഥ പറയുകയും മാതൃത്വത്തിന്റെ ഏഴ് സാഗരങ്ങളും ആവാഹിച്ചെടുക്കുകയും ചെയ്യുന്ന സംസം വെള്ളത്തില്‍ ഹാജറയുടെ കണ്ണീരും വിയര്‍പ്പും വിലയിച്ചിട്ടുണ്ട്. ഹാജറയെ ഓര്‍ത്തുകൊണ്ടല്ലാതെ ഒരാള്‍ക്കും സംസം വെള്ളം കുടിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അറേബ്യന്‍ മണലാരണ്യത്തില്‍ ആദ്യമായി നാഗരികതക്ക് ബീജാവാപം നല്‍കിയത് ഹാജറയാണ്.
ഇസ്മാഈല്‍ രണ്ടാമത് വിവാഹം കഴിച്ചത് ജുര്‍ഹൂം ഗോത്രത്തിലെ പ്രഗത്ഭ വ്യക്തിയായ മുളാള് ഇബ്‌നു അംറിന്റെ പുത്രിയെയാണ്. ആ ദാമ്പത്യത്തില്‍ ഇസ്മാഈലിന് പന്ത്രണ്ട് മക്കളുണ്ടായി. ഇവരുടെ പേരുകള്‍ സംബന്ധിച്ച വിവരണം ബൈബിളില്‍ (ഉല്‍പത്തി:12-18) കാണാം. ഇസ്മാഈലിന്റെ മരണശേഷം അദ്ദേഹത്തിന്റെ മൂത്ത മകന്‍ സാബിത് കഅ്ബയുടെ രക്ഷാധികാരിയായി. ഇസ്മാഈലിന്റെ ഈ പന്ത്രണ്ട് പുത്രന്മാരാണ് അറബി വംശത്തിന്റെ ആധാരശില. അപ്പോള്‍ മൊത്തം അറേബ്യന്‍ ജനതയുടെ മാതാവെന്ന് ഹാജറയെ വിശേഷിപ്പിക്കാം.
ഇറാനിയന്‍ ചിന്തകനായ അലീ ശരീഅത്തിയുടെ വാക്കുകളില്‍, ''തന്റെ അസംഖ്യം സൃഷ്ടികളില്‍ നിന്ന് അവന്‍ ഒരു മനുഷ്യനെ തെരഞ്ഞെടുത്തു. മനുഷ്യരില്‍ വെച്ച് ഒരു സ്ത്രീയെ, മനുഷ്യരില്‍ ഏറ്റവും ദുര്‍ബലയും നിന്ദിതയുമായ ഒരുവള്‍ക്ക് അവന്‍ തന്റെ അടുത്ത് സാന്ത്വനവും തന്റെ വീട്ടില്‍ ഇടവും നല്‍കി ആദരിച്ചു. അവന്‍ അവളുടെ വീട്ടിലേക്ക് വന്ന് അവളുടെ അയല്‍ക്കാരനും പങ്കുകാരനുമായി. ഹജ്ജിന്റെ ചടങ്ങുകള്‍ ഹാജറയെ അനുസ്മരിപ്പിക്കുന്നു. ഹിജ്‌റ എന്ന പദം വന്നത് ഹാജറയില്‍ നിന്നാണ്. പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്: ''മാതൃകാപരമായി ഹിജ്‌റ ചെയ്യുന്നവന്‍ ഹാജറയെപ്പോലെ പെരുമാറുന്നവനാണ്.'' ഹാജറ കാടത്തത്തില്‍ നിന്ന് നാഗരികതയിലേക്ക് ഹിജ്‌റ ചെയ്തു.
ഇബ്രാഹീം നബിയില്‍ നിന്ന് പകര്‍ന്നുകിട്ടിയ ഇസ്‌ലാമിക സംസ്‌കാരം മകന്‍ ഇസ്മാഈലിന് പകുത്ത് നല്‍കി. ലോകത്തിന് തന്നെയും മാതൃകയാക്കും വിധമാണ് മകനെ ഹാജറ വളര്‍ത്തിയത്. അതുകൊണ്ടു തന്നെയാണ് ദൈവത്തിന്റെ കല്‍പനക്ക് വിധേയമായി ബലിക്കായി കഴുത്ത് നീട്ടിക്കൊടുക്കാന്‍ ഇസ്മാഈലിന് സാധിച്ചത്.
ഹാജറയുടെ വീടും പരിസരവുമെല്ലാം ഇന്ന് കഅ്ബാലയത്തിന്റെ ഭാഗമാണ്. വിശ്വാസി സമൂഹം അതിനെയും പരിക്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഹാജറയെയും മകന്‍ ഇസ്മാഈലിനെയും മക്കയില്‍ തന്നെ സംസ്‌കരിച്ചുവെന്നതാണ് അറബ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.