മരുന്ന് ഭക്ഷണമാക്കുന്ന മലയാളി
ഡോ: പി.ഡി സുമേഷ്(ബി.എച്ച്.എം.എസ്)
2014 ഒക്ടോബര്‍
പക്ഷിമൃഗാദികളും വൃക്ഷലതാദികളുമെല്ലാം ആര്‍ത്തുല്ലസിക്കുന്ന മണ്‍സൂണ്‍ കാലത്തും മലയാളിക്ക് സന്തോഷിക്കാന്‍ വകയില്ല. കാരണം, വരാനിരിക്കുന്ന സീസണില്‍
പക്ഷിമൃഗാദികളും വൃക്ഷലതാദികളുമെല്ലാം ആര്‍ത്തുല്ലസിക്കുന്ന മണ്‍സൂണ്‍ കാലത്തും മലയാളിക്ക് സന്തോഷിക്കാന്‍ വകയില്ല. കാരണം, വരാനിരിക്കുന്ന സീസണില്‍ എന്തെല്ലാം അസുഖങ്ങളാണ് നേരിടേണ്ടിവരുന്നത് എന്ന ആശങ്കയിലാണ് മലയാളികള്‍. എത്രപേര്‍ മരണത്തിന് വഴങ്ങിക്കൊടുക്കേണ്ടിവരും എന്നെല്ലാമാണ് അവരുടെ ചിന്ത. ഇതെല്ലാം മലയാളിക്ക് മാത്രം പറഞ്ഞിരിക്കുന്നതാണ്. തൊട്ടടുത്ത തമിഴ്‌നാട്ടിലും ആന്ധ്രയിലും കര്‍ണ്ണാടകത്തിലുമൊന്നും ഇത്തരം അവസ്ഥയില്ല. ഇതിനെല്ലാം കാരണം മലയാളിയുടെ അമിത ആരോഗ്യ ബോധം തന്നെയാണ്. അറിവ് അവന് വിനയായി എന്ന അവസ്ഥ. അമിതമായാല്‍ അമൃതും വിഷം തന്നെ. അഭ്യസ്ഥരെന്നഭിമാനിക്കുകയും സമ്പാദിച്ചുകൂട്ടുന്ന പണം കൊണ്ട് ആര്‍ക്കും വിലക്കുവാങ്ങാവുന്ന ഒന്നാണ് ഇമ്മ്യൂണിറ്റി അഥവാ പ്രതിരോധശേഷി എന്ന് വിശ്വസിക്കുകയും ചെയ്യുന്ന മലയാളിക്ക് ഇന്ന് ആരോഗ്യരംഗത്ത് എല്ലാ ആധുനിക സംവിധാനങ്ങളും ലഭ്യമായിക്കഴിഞ്ഞു. ഇനി നമുക്ക് ശരിയായ രീതിയിലുള്ള ഒരു ആരോഗ്യബോധവല്‍ക്കരണമാണ് ആവശ്യം.
ഇന്നുവരെ കണ്ടെത്തിയിട്ടുള്ള ഏതൊരു മരുന്നിനേക്കാളും വലുതാണ് മനുഷ്യന്റെ സ്വാഭാവികമായ പ്രതിരോധശേഷി. അത് നശിപ്പിക്കുന്ന രീതിയിലുള്ള യാതൊരു മരുന്നുകളും കഴിക്കാന്‍ പാടില്ല എന്നു മനസ്സിലാക്കണം. ആന്റിബയോട്ടിക്കുകളും സ്റ്റിറോയിഡുകളുമെല്ലാം അത്തരത്തിലുള്ളവയാണ്. പെട്ടെന്നുണ്ടാകുന്ന കാലവസ്ഥാവ്യതിയാനം ചിലരുടെ ശരീരത്തിന്റെ പ്രതിരോധശേഷിക്ക് ഗണ്യമായ കുറവ് വരുത്തുകയും, രോഗാണുക്കള്‍ക്ക് രോഗം വരുത്തുന്നതിനുള്ള ശക്തിയാര്‍ജിക്കുയും ചെയ്യുന്നു. ഇതാണ് എല്ലാ മണ്‍സൂണ്‍ കാലത്തും ഇന്‍ഫ്‌ളുവന്‍സയും, ചികുന്‍ഗുനിയയും ഡെങ്കിപ്പനിയും പോലുള്ള വൈറല്‍ പനികള്‍ ഉണ്ടാകാന്‍ കാരണം. അതിന് ഹോമിയോപതിയില്‍ ഉപയോഗിക്കുന്നത് സീസണ്‍ മെഡിസിനാണ്. അസുഖം ബാധിച്ചവരുടെ രോഗലക്ഷണങ്ങളും അടയാളങ്ങളും മനസ്സിലാക്കി അതിനനുയോജ്യമായ ഹോമിയോപതി മരുന്ന് അടുപ്പിച്ചുകൊടുത്താല്‍ രോഗശമനം കിട്ടുകയും, അതേ മരുന്ന് തന്നെ രോഗം വരാത്തവര്‍ക്ക് കുറഞ്ഞ ഡോസില്‍ കൊടുത്താല്‍ രോഗപ്രതിരോധശേഷിയാര്‍ജ്ജിക്കുകയും ചെയ്യും.
അടുത്ത കുറെ വര്‍ഷമായി കാണപ്പെടുന്ന എലിപ്പനിയെപ്പറ്റി മനസ്സിലാക്കുന്നത് നല്ലതാണ്. നമ്മളെല്ലാം മനസ്സിലാക്കിയതുപോലെയാണ് എലിപ്പനി വരുന്നതെങ്കില്‍ പണ്ടൊക്കെയാണ് ഈ രോഗം കൂടുതലായി കാണേണ്ടിയിരുന്നത്. മുള കൊണ്ടുണ്ടാക്കി ഓലയും പുല്ലുമൊക്കെ മേഞ്ഞ വീടുകളില്‍ കക്കൂസും കുളിമുറിയുമൊന്നുമില്ലാതെ വളരെ വൃത്തിഹീനമായി താമസിച്ചവര്‍ക്കൊന്നും എലിപ്പനി വന്നതായി കേട്ടിട്ടില്ല. അതുപോലെ ചുമട്ടുതൊഴിലാളികള്‍, ഓടയുടെ മുകളിലും കടത്തിണ്ണയിലും കിടന്നുറങ്ങുന്ന നാടോടികള്‍, കേരളത്തിലങ്ങോളമിങ്ങോളമുള്ള എഫ്.സി.ഐ ഗോഡൗണുകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍, ജയിലുകളിലെ അന്തേവാസികള്‍ എന്നിവര്‍ക്കൊന്നും എലിപ്പനി വന്നതായി വലിയതോതില്‍ വാര്‍ത്ത ഉണ്ടായിട്ടില്ല.
എലിപ്പനിയുടെ യഥാര്‍ഥ സത്യം ഇതൊന്നുമല്ല എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. വൈറല്‍ പനി ബാധിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി ഗണ്യമായി കുറഞ്ഞിരിക്കുന്ന രോഗികള്‍ക്ക് മരുന്ന് കമ്പനികളുടെ പ്രലോഭനം കാരണം ശക്തിയേറിയ ആന്റി ബയോട്ടിക്കുകളും സ്റ്റിറോയിഡുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകളും നല്‍കുമ്പോള്‍ അവ കരള്‍, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ച് മരണം സംഭവിക്കുന്നു. ഇത് എലിപ്പനി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്.
ഒരാളുപോലും മരിക്കാനിടയില്ലാത്ത ചികുന്‍ഗുനിയ വന്നപ്പോഴും കേരളത്തില്‍ ധാരാളം ആളുകള്‍ മരിച്ചതിന്റെ കാരണവും ഇതുതന്നെ. ചേര്‍ത്തലയില്‍ ചികുന്‍ഗുനിയ ബാധിച്ച് 165 ഓളം പേര്‍ മരിച്ചപ്പോള്‍ അവിടെ പഠനം നടത്തിയ അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രി അന്‍പുമണി രാംദാസ് പറഞ്ഞത് ഇപ്രകാരമാണ്. ചികുന്‍ഗുനിയ കൊണ്ട് ആരും മരിക്കില്ല. ഇവിടെ ഇത്രയധികം മരണം നടന്നത് തെറ്റായ രോഗനിര്‍ണ്ണയവും വഴിതെറ്റിയ ചികിത്സയും കൊണ്ടുമാത്രമാണ്.
ഇവിടെയാണ് ശരിയായ ആരോഗ്യ ബോധവല്‍ക്കരണത്തിന്റെ പ്രസക്തി. മനുഷ്യശരീരത്തിലെ ഏറ്റവും ഉദാത്തമായ പ്രതിരോധസംവിധാനമാണ് പനി അല്ലെങ്കില്‍ ശരീരോഷ്മാവ് കൂടുക എന്നത്. ശരീരത്തിന് ദോഷകരമായ ബാക്ടീരിയയോ വൈറസോ ഉള്ളില്‍ കടക്കുമ്പോള്‍ ശരീരം സ്വയം ചൂടുകൂട്ടി ആ അണുക്കള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ ഒരു തടസ്സം തീര്‍ക്കുകയാണ് ചെയ്യുന്നത്. പനിയോടൊപ്പം രോഗിയില്‍ കാണുന്ന എല്ലാ ലക്ഷണങ്ങളും അടയാളങ്ങളും രോഗാണുക്കളെ നശിപ്പിക്കുന്നതിന് ശരിയായ മരുന്ന് കിട്ടുന്നതിനുവേണ്ടിയുള്ള ശരീര ഭാഷയാണ്. ഹോമിയോപതിയുടെ അടിസ്ഥാനതത്വപ്രകാരം രോഗിയില്‍ കാണുന്ന എല്ലാ രോഗലക്ഷണങ്ങളും അടയാളങ്ങളുമാണ് രോഗനിവാരണത്തിന് വേണ്ടിയുള്ള ഔഷധം തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം.
പനിമരണം വ്യാപകമാകുന്ന അവസരത്തില്‍ എത്തുന്ന കേന്ദ്ര ആരോഗ്യ സംഘം പറയാറുള്ളത്- ഇവിടെ കാണപ്പെടുന്ന പനിക്ക് രോഗനിര്‍ണയം നടത്തി പ്രത്യേക ചികിത്സ ആവശ്യമല്ല, ലക്ഷണം നോക്കിയുള്ള ചികിത്സ (symptomatic treatment) മതി എന്നാണ്. ഇത് ഹോമിയോപതി ചികിത്സക്കുള്ള അംഗീകാരമാണ്.
പനിയുടെ ഒരു കോംപ്ലിക്കേഷന്‍ കുട്ടികളിലുണ്ടാകുന്ന ഫിറ്റ്‌സ് ആണ്. രണ്ട് വയസ്സിനു താഴെ, പനിക്കുമ്പോള്‍ ഫിറ്റ്‌സ് ഉണ്ടായിട്ടുള്ള കുട്ടികള്‍ക്ക് പനി കൂടുമ്പോള്‍ നെറ്റിയില്‍ തുണി നനച്ചിട്ടുകൊടുക്കണം. പനി കുറയുന്നതുവരെ അത് തുടരാം. ലക്ഷണ സമാനമായ ഹോമിയോപതി മരുന്നുകൊടുക്കുന്നതോടൊപ്പം ലഘുവായ ആഹാരവും വിശ്രമവും വേണം. അതുപോലെ തന്നെ പരിചരണം എന്ന സ്‌നേഹാംശത്തിന് പകരം നില്‍ക്കാന്‍ ഒരു മരുന്നിനും കഴിയില്ല എന്നും മലയാളി മനസ്സിലാക്കണം.