കഴിഞ്ഞ ലക്കം 'കോടതി കയറിയ പ്രസംഗം' വളരെയധികം പാഠം നല്‍കുന്നതായിരുന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോടുള്ള ലേഖകന്റെ ആത്മബന്ധത്തെയും എന്നാല്‍
കഴിഞ്ഞ ലക്കം 'കോടതി കയറിയ പ്രസംഗം' വളരെയധികം പാഠം നല്‍കുന്നതായിരുന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോടുള്ള ലേഖകന്റെ ആത്മബന്ധത്തെയും എന്നാല്‍ അദ്ദേഹത്തിന്റെ കാലശേഷം മുസ്‌ലിം ലീഗിനുണ്ടായ പോരായ്മകളെയും കുറിച്ച് സൂചിപ്പിച്ചു. അതുപോലെ തന്നെ ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബിന്റെ പിരിഞ്ഞുപോക്കിന്റെ കാരണങ്ങളും ശ്രദ്ധേയമായി. മുസ്‌ലിം ലീഗിന് ഒരു തിരിഞ്ഞുനോട്ടം ആവശ്യമാണ് എന്ന പാഠമാണ് ഇതില്‍ നിന്നെല്ലാം നമുക്ക് ലഭിക്കുന്നത്.
നമുക്കീ ഗതി വന്നാല്‍
സെപ്റ്റംബര്‍ സക്കത്തില്‍ 'ചുമരുകളില്‍ ഒരുക്കി വെച്ച വിതുമ്പലുകള്‍' എന്ന ശീര്‍ഷകത്തില്‍ ജയ്ഷ എ നിലമ്പൂര്‍ എഴുതിയ പംക്തി എന്നെ വളരെ നൊമ്പരപ്പെടുത്തി. സ്വന്തം കുടുംബത്തിന്റെ ആശ്രയം മാത്രം കൊതിച്ചിരുന്ന വൃദ്ധ മനസ്സുകളില്‍ ന്യായമായ കാരണങ്ങളില്ലാതെ തീകനലുകള്‍ വാരിയെറിഞ്ഞിട്ട് മനുഷ്യര്‍ക്ക് എന്താണൊരു നേട്ടം? ഉപയോഗിക്കൂ വലിച്ചെറിയൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ത്തമാന ലോകത്തില്‍ വെറുമൊരു പ്ലാസ്റ്റിക്ക് കുപ്പിയുടെ സ്ഥാനം മാത്രമാണല്ലോ മാതാപിതാക്കള്‍ക്കുള്ളത്. ഇങ്ങനെ പോയാല്‍ ഒരു പക്ഷേ, നാളെ ഇതുപോലൊരു സാഹചര്യം നമുക്ക് അഭിമുഖീകരിക്കേണ്ടി വരും തീര്‍ച്ച.
നിഷ്‌വ തിരൂര്‍ക്കാട്
താന്‍ പിടിച്ച
മുയലിന് രണ്ട് കൊമ്പ്
കഴിഞ്ഞ ലക്കം ഹാഫിസ് മുഹമ്മദ് എഴുതിയ പറയാനുള്ള പറയേണ്ട വിധം എന്ന ഹാഫിസ് മുഹമ്മദിന്റെ ലേഖനം വായിച്ചു. നിത്യജീവിതത്തില്‍ കുടുംബത്തിലായാലും ജോലി സ്ഥലത്തായാലും പൊതു ഇടങ്ങളിലായാലും പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നത് ഏതെങ്കിലും ഒരാളുടെ സംസാരത്തിലെ ഏകാധിപത്യചിന്തയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഞാന്‍ പിടിച്ച മുയലിന് രണ്ട് കൊമ്പ് എന്ന തരത്തിലുള്ള ചിലരുടെ പിടിവാശി രംഗം വഷളാക്കാനേ ഉപകരിക്കൂ. പലപ്പോഴും പുരുഷന്മാര്‍ ഭാര്യമാരായ സ്ത്രീകളോട് തങ്ങള്‍ പറയുന്നതിനപ്പുറം മറ്റൊന്നും ആലോചിക്കാന്‍ കൂടി പാടില്ലെന്ന് വാശിപിടിക്കുന്നവരാണ്. മക്കളോട് കണിശത പുലര്‍ത്തുന്ന രക്ഷിതാക്കളുമുണ്ട്. സാമൂഹിക വിഷയങ്ങളെ ചടുലതയോടെ അവതരിപ്പിക്കുന്ന ഹാഫിസ് മുഹമ്മദില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു.
നസീബ തൊട്ടില്‍പ്പാലം
നനവൂറുന്ന അനുഭവങ്ങള്‍
എ.യു. റഹീമ എഴുതിയ 'സുഭദ്രയുടെ ഫിത്വര്‍ സകാത്ത്' നല്ലൊരു വായനാനുഭവമായി. നല്ല മനസ്സോടെ മറ്റുള്ളവരുടെ പ്രയാസങ്ങളെ കാണാനും അത് ദുരീകരിച്ച് കൊടുക്കാനും നമുക്ക് സാധിക്കുമെങ്കില്‍ ഇനിയും എത്രയോ അനുഭവങ്ങള്‍ ഇതുപോല നമ്മുടെ ജീവിതത്തില്‍ സംഭവിക്കാം. അതുപോല കാമ്പസ് എന്ന പംക്തിയും. വാര്‍ധക്യത്തിലെത്തിയവരെ നിഷ്‌കരുണമായി കൊണ്ടു തള്ളുന്ന വൃദ്ധസദനങ്ങളുടെ ഓരോ ചുമരുകള്‍ക്കും ഇതുപോലുള്ള അനുഭവങ്ങള്‍ ഒട്ടേറെ പറയാനുണ്ടാകും. വെറുതയൊരു വായനയാകാതെ ഒട്ടേറെ ചിന്തകള്‍ തരുന്ന ആരാമം ഏറെ മെച്ചപ്പെട്ടുവരുന്നതില്‍ സന്തോഷമുണ്ട്.
റുക്‌സാന മീഞ്ചന്ത
സത്രീകളെ കുറിച്ച ഇസ്ലാമിക വായന ഉള്‍പ്പെടുത്തണം
ഒരുപാട് വിഭവങ്ങളാല്‍ സമ്പന്നമാണ് ആരാമത്തിന്റെ താളുകള്‍. കുടുംബത്തിന് അറിയേണ്ടുന്ന പലതരത്തിലുള്ള കുറിപ്പുകളും ആരോഗ്യപംക്തിയും വളരെ നന്നാവുന്നുണ്ട്. അതുപോലെ തന്നെ ഇസ്‌ലാമിലെ സ്ത്രീകളുടെ അവകാശങ്ങളെയും അവളുടെ സ്ഥാനത്തെയും കുറിച്ചുള്ള കാലികമായ ലേഖനങ്ങള്‍
വനിതാ മാസിക എന്ന നിലയില്‍ പ്രതീക്ഷിക്കുന്നു.
സാബിറ എടത്തനാട്ടുകര
ഭരണകൂട ഭീകരതയെ പേടിക്കുന്നു
സെപ്തംബര്‍ ലക്കം കവര്‍സ്റ്റോറി 'നിങ്ങളെന്റെ മകനെ എന്തുവിളിക്കും' എന്ന ലേഖനം വായിച്ച് വളരെയധികം പ്രയാസം തോന്നി. ഞാനും ഒരുമ്മയാണ്. ഞങ്ങളുടെ മക്കള്‍ക്ക് നാളെ ഈ ഗതി വന്നാല്‍ ഞങ്ങള്‍ക്ക് താങ്ങാനാവില്ല. ആണ്‍മക്കളെ പ്രതീക്ഷയോടെ പഠിപ്പിച്ച് നല്ല ജോലിയും അവര്‍ക്കൊരു നല്ല കുടുംബജീവിതവുമൊക്കെ സ്വപ്നം കാണുന്ന ഞങ്ങള്‍ക്ക് ഇത്തരം നിരപരാധികളെ വേട്ടയാടുന്ന ഭരണകൂട ഭീകരത കാണുമ്പോള്‍ പേടി തോന്നുന്നു. ആരെ വിശ്വസിച്ചാണ് മക്കളെ വളര്‍ത്തേണ്ടത്. നിരപരാധികളെ പീഡിപ്പിക്കുന്ന ഈ വ്യവസ്ഥിതി മാറാന്‍ പ്രാര്‍ഥിക്കാനേ ആവുന്നുള്ളൂ.
ഹാജറ പി.എം ചേളന്നൂര്‍