ആഘോഷിക്കുന്ന ആഭാസങ്ങള്‍
പെണ്ണായാല്‍ പൊന്നുവേണം
പൊന്നിന്‍ കുടമായീടേണം....
ഇതൊരു ജ്വല്ലറിയുടെ സ്വര്‍ണപ്പരസ്യം. പെണ്ണ് സ്വര്‍ണമില്ലാതെ കതിര്‍മണ്ഡപത്തില്‍ കാലുകുത്താനാകില്ലെന്ന്
പെണ്ണായാല്‍ പൊന്നുവേണം
പൊന്നിന്‍ കുടമായീടേണം....
ഇതൊരു ജ്വല്ലറിയുടെ സ്വര്‍ണപ്പരസ്യം. പെണ്ണ് സ്വര്‍ണമില്ലാതെ കതിര്‍മണ്ഡപത്തില്‍ കാലുകുത്താനാകില്ലെന്ന് കച്ചവടക്കാര്‍ മാത്രമല്ല നാട്ടുകാരും പറഞ്ഞ് പഠിപ്പിച്ചിരുന്നു; കുറച്ചുകാലം മുമ്പുവരെ. പക്ഷേ ഇപ്പോള്‍ പെണ്ണിനെ സ്വര്‍ണം കൊണ്ടലങ്കരിച്ചാല്‍ മാത്രം പോരാ. വിവാഹം ഗംഭീരമാകണമെങ്കില്‍ ആണ്‍ വീട്ടുകാര്‍ക്കും പെണ്‍ വീട്ടുകാര്‍ക്കും പലതും വേണം. ആനയും അംമ്പാരിയും വെടിക്കെട്ടും പോലീസും ലാത്തിച്ചാര്‍ജ്ജുമൊക്കെ. ഭക്ഷണം തരാതരം. അതു തന്നെ നടന്നും പാഞ്ഞും അടികൂടിയും കിട്ടിയാല്‍ കിട്ടി അല്ലെങ്കിലില്ല എന്ന സ്ഥിതി. സമൂഹത്തിലെ ഉന്നതരടക്കം ചോറ്റു പാത്രവുമായി വിവാഹ ഹാളുകളില്‍ ക്യൂ നില്‍ക്കുന്നു. റോഡുകള്‍ ബ്ലോക്കാവുന്ന അവസ്ഥ. പൂരപ്പറമ്പുകളാകുന്ന വിവാഹ ഹാളുകള്‍. ധൂര്‍ത്തില്‍ ആരുടെയും പിന്നിലല്ല മധ്യമസമുദായം എന്നവകാശപ്പെടുന്നവര്‍. ഉണ്ടാക്കിയ കാശ് നാലാളെ കാണിക്കാന്‍ മാത്രമല്ല, അതത്രയും പൊട്ടിച്ചു കളയുന്നത് ഈ ഒരൊറ്റ ദിവസം കൊണ്ടാണ്. സാമ്പത്തികശേഷിയെ എല്ലാ അര്‍ഥത്തിലും താറുമാറാക്കാന്‍ വീട്ടിലൊരു കല്ല്യാണം മാത്രം മതി. എന്നിട്ടും കെട്ടിഘോഷിച്ചാഘോഷിച്ച പല വിവാഹങ്ങള്‍ക്കും ഒന്നാം വാര്‍ഷികം പോലും ആഘോഷിക്കാനുള്ള ആയുസ്സില്ലാതെ പോകുന്ന അവസ്ഥ വര്‍ധിച്ചു വരികയും ചെയ്യുന്നു. ധൂര്‍ത്തുകള്‍ ആറാടിയ വിവാഹസല്‍ക്കാരങ്ങള്‍ കണ്ട് മടുത്ത വിവേകമതികളില്‍ പലരും ഒറ്റയും തെറ്റയുമായി ഇതിനെതിരെ പ്രതികരിച്ചെങ്കിലും അതൊന്നും ചെവികൊടുക്കാന്‍ ആരും തയ്യാറായുമില്ല. ഇത്തരം ആഭാസങ്ങള്‍ക്ക് സാക്ഷിയായി നിന്നുകൊണ്ടാണ് സമുദായ-സംഘടനാ നേതാക്കന്മാരും മതമേധാവികളും നിക്കാഹ് കര്‍മത്തിന് കാര്‍മികത്വം വഹിച്ചുകൊണ്ടേയിരിക്കുന്നത്.
വിവാഹനാളില്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അയല്‍വാസികളെയും സഹപ്രവര്‍ത്തകരെയും വീട്ടിലേക്ക് ക്ഷണിച്ച് സന്തോഷം പങ്കിട്ട് അവര്‍ക്കൊരു ഭക്ഷണം കൊടുക്കുന്നത് വീട്ടുകാര്‍ക്കും ക്ഷണിക്കപ്പെട്ടവര്‍ക്കും സന്തോഷകരമായ കാര്യം തന്നെയാണ്. പ്രത്യേകിച്ചും അണുകുടുംബമായി താമസിക്കുന്നവര്‍ക്കും ഒരുപാട് കാലം തമ്മില്‍ കാണാത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ തമ്മില്‍ കാണാനും ബന്ധങ്ങള്‍ പുതുക്കാനും നല്ലൊരവസരമാണ്. ഇടക്കിടെ കാണുകയും കുശലാനലേഷണങ്ങള്‍ നടത്തുകയും ചെയ്യേണ്ട കുടുംബ സൗഹൃദങ്ങളൊക്കെ പല കാരണങ്ങളാല്‍ നഷ്ടപ്പെടുമ്പോള്‍ പ്രത്യകിച്ചും. ദൂരെ ദിക്കിലൊക്കെ കുടുംബമായി മാറിത്താമസിക്കേണ്ടി വരുമ്പോള്‍ പലരും നാട്ടിലേക്കും കുടുംബത്തിലേക്കും ഒന്ന് കയറിച്ചെല്ലുക ഇത്തരം അവസരങ്ങളിലായിരിക്കും. അതുകൊണ്ട് വേണ്ടപ്പെട്ടവരെ വിളിച്ചൊരു സന്തോഷം പങ്കിടുന്നത് അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല.
എന്നാല്‍ ഇന്ന് വിവാഹ വേളകളില്‍ നടക്കുന്നത് ഇത്തരമൊരു കുടുംബ സൗഹൃദ പങ്കുവെക്കലുകളല്ല. ആര്‍ഭാടത്തിന്റെയും പൊങ്ങച്ചത്തിന്റെയും ഔന്നിത്യമാണ്. പണക്കാര്‍ തങ്ങളുണ്ടാക്കിയ പണം നാലാളെ കാണിക്കാനും പാവപ്പെട്ടവന്‍ എല്ലാവരും ഇങ്ങനെയാവുമ്പോള്‍ ഞാന്‍ മാത്രം മോശക്കാരനാവരുതല്ലോ എന്ന മിഥ്യാഭിമാനവും. ഇത് രണ്ടും കൂടിയാണ് വിവാഹവീടുകളിലും ഹാളുകളിലും വേവുന്നത്. ഇതിനെതിരെ സമുദായത്തിലെ പ്രബല രാഷ്ട്രീയ പ്രസ്ഥാനം എടുത്ത തീരുമാനം ഏറെ ശ്ലാഘനീയമാണ്. സംഘടനാ വേര്‍തിരിവുകള്‍ക്കപ്പുറം സമുദായം ഒന്നായി ഈ ദുശിച്ച പ്രവണതക്കെതിരെ കൈകോര്‍ക്കാന്‍ മുന്നിട്ടുവരണം. ഇത് കര്‍മപഥത്തില്‍ എത്തിക്കേണ്ടവര്‍ ആണും പെണ്ണുമായ യുവജനങ്ങളാണ്. എല്ലാ സംഘടനയിലും പെട്ട യുവജനപ്രസ്ഥാനങ്ങളാണ്. മറഞ്ഞുപോയ അനാചാരവും അത്യാചാരങ്ങളും വേഷം മാറി തിരിച്ചുവരുമ്പോള്‍ അതിനെതിരെ മറ്റൊരു പ്രസ്ഥാനമായി ഈ കൂട്ടായ്മ രൂപപ്പെട്ടുവരണം. അങ്ങനെയുള്ള യുവത്വത്തിലാണ് സമൂഹത്തിന് പ്രതീക്ഷ.