മലേഷ്യയിലൊരു ബലി പെരുന്നാള്‍
മുനീർ മുഹമ്മദ് റഫീഖ്
2014 ഒക്ടോബര്‍
ലോക മുസ്‌ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങുകയാണ്. ഇബ്രാഹിം കുടുംബത്തിന്റെ ദൈവിക സമര്‍പ്പണം എന്ന സന്ദേശം തന്നെയാണ് പെരുന്നാള്‍
ലോക മുസ്‌ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങുകയാണ്. ഇബ്രാഹിം കുടുംബത്തിന്റെ ദൈവിക സമര്‍പ്പണം എന്ന സന്ദേശം തന്നെയാണ് പെരുന്നാള്‍ നല്‍കുന്ന ഏറ്റവും വലിയ പാഠം. അതിനപ്പുറം ഓരോ കാലഘട്ടത്തിലും ഓരോ പ്രദേശത്തിനും ഈ ആഘോഷങ്ങള്‍ക്ക് പുതിയ രീതികളും പുതുമകളും വൈവിധ്യങ്ങളും കൈവന്നിട്ടുെണ്ടങ്കില്‍ അത് കാലത്തിന്റെയും പ്രദേശത്തിന്റെയും വ്യത്യാസങ്ങള്‍ ചെലുത്തിയ സ്വാധീനങ്ങള്‍ മാത്രമായിരിക്കും.
കേരളത്തില്‍ മാത്രം പെരുന്നാള്‍ കൂടി പരിചയിച്ചവര്‍ക്ക് മലേഷ്യയിലെ പെരുന്നാളനുഭവം പുതിയ അനുഭവങ്ങളായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഭാഷയില്‍ നിന്നു തന്നെ തുടങ്ങാം. ഈദിന് നമ്മള്‍ മലയാളത്തില്‍ പെരുന്നാള്‍ എന്നാണ് പറുന്നത്. ഈദ് എന്നാല്‍ ആഘോഷം എന്നാണ് യഥാര്‍ത്ഥ അര്‍ത്ഥം. സന്തോഷം, ആഹ്ലാദം എന്നിങ്ങനെയുമുണ്ട് അതിന് അര്‍ത്ഥങ്ങള്‍. പെരിയ നാള്‍ അഥവാ വലിയ നാള്‍ എന്നര്‍ത്ഥമുള്ള പെരുംനാളില്‍ നിന്നാകാം പെരുന്നാള്‍ എന്ന പദം ഉണ്ടായത്; പിറന്ന നാള്‍ പിറന്നാള്‍ ആയതു പോലെ. ഈദിന് മലയ് ഭാഷയില്‍ ഹാരി റായ എന്നാണ് പറയുക. Day of Celebration, ഹാരി എന്നാല്‍ ദിനം എന്നും റായ എന്നാല്‍ ആഘോഷമെന്നുമാണ് അര്‍ത്ഥം.
മലേഷ്യന്‍ കുടുംബങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പേ ഈദിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. പെരുന്നാളിന് മുമ്പ് വീടും പരിസരവും കഴുകി വൃത്തിയാക്കല്‍ നമ്മുടെ നാട്ടിലേതു പോലെ ഇവിടെയുമുണ്ട്. പെരുന്നാളിന് ദിവസങ്ങള്‍ക്കു മുമ്പേ തന്നെ മധുര പലഹാരങ്ങള്‍ ഉണ്ടാക്കല്‍ മലേഷ്യന്‍ സ്ത്രീകളുടെ പതിവാണ്. പെരുന്നാള്‍ ദിവസമോ പെരുന്നാള്‍ രാത്രിയിലോ കുടുംബക്കാരെ സന്ദര്‍ശിക്കലും പരസ്പരം പെരുന്നാള്‍ ആശംസകള്‍ കൈമാറലും ഇവിടെയുമുണ്ട്. രാത്രി മഗ്‌രിബ് നമസ്‌കാരത്തോടെ പള്ളികളില്‍ നിന്ന് തക്ബീറുകള്‍ മുഴങ്ങിക്കേള്‍ക്കും. ബലി പെരുന്നാളിന് എപ്പോള്‍ മുതല്‍ തക്ബീര്‍ ചൊല്ലണം എന്ന കാര്യത്തില്‍ മലേഷ്യക്കാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. തലേ ദിവസം അസര്‍ നമസ്‌കാര ശേഷം ചൊല്ലുന്നവരുമുണ്ട്, മഗ്‌രിബ് നമസ്‌കാര ശേഷം ചൊല്ലുന്നവരും ഇശാഇന് ശേഷം മാത്രം തക്ബീര്‍ ചൊല്ലുന്നവരുമുണ്ടത്രേ ഇവിടെ. ഞങ്ങളുടെ ഒരു മലയ് സുഹൃത്ത് പറഞ്ഞതാണിക്കാര്യം. ഇവിടെ ഞങ്ങള്‍ മലയാളികളെ ഇഷ്ടപ്പെടുകയും വീട്ടില്‍ വിളിച്ചു പ്രാര്‍ത്ഥന നടത്തുകയുമൊക്കെ ചെയ്യുന്ന ഇന്നാട്ടുകാരനായ ഒരു നല്ല മനുഷ്യനാണ് അദ്ദേഹം. കുടുംബക്കാര്‍ പരസ്പരം കൂടുമ്പോള്‍ ഒരുമിച്ചു പ്രാര്‍ത്ഥന നടത്തുക, എല്ലാ നല്ല കാര്യങ്ങളും ഫാതിഹ കൊണ്ട് ആരംഭിക്കുക ഇതെല്ലാം ഇവിടത്തെ പതിവാണ്. പെരുന്നാളിന്റെ തലേ ദിവസം അദ്ദേഹത്തിന്റെ മാതാവിന്റെയും സഹോദരിമാരുടെയും വീടുകളില്‍ പോയി തക്ബീര്‍ ചൊല്ലുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു ഞങ്ങള്‍. നമ്മുടെ നാട്ടിലെ മുസ്‌ലിം കുടുംബങ്ങളില്‍ പണ്ഡിതന്മാരെയെല്ലാം വിളിച്ച് പ്രാര്‍ത്ഥന നടത്തുന്നതു പോലെ ഒന്നാണിത്. ആ കുടുംബത്തില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കലും എല്ലാം ഇതിനോടൊപ്പം നടക്കും.
അതിഥികളെ സല്‍ക്കരിക്കുന്നതിന് മലേഷ്യക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക രീതിയുണ്ട്. വരുന്ന അതിഥികള്‍ക്ക് ഹസ്തദാനം ചെയ്ത ശേഷം അവരുടെ കൈയുടെ പുറത്തു ചുംബിക്കുന്ന രീതിയാണിത്. കുട്ടികളാണ് ഇതധികവും ചെയ്യുന്നത്. അഥവാ പ്രായം കുറഞ്ഞവര്‍ അവരേക്കാള്‍ മുതിര്‍ന്നവരെ ആദരിക്കുന്ന ഒരു രീതിയാണിതെന്നു തോന്നുന്നു. ഞങ്ങളുടെ ആതിഥ്യന്‍ ദാത്തോ (മലേഷ്യന്‍ സര്‍ക്കാരിന്റെ ഒരു ഉന്നത പദവിയാണിത്. നമ്മുടെ നാട്ടില്‍ പത്മശ്രീയൊക്കെ പോലെ, അദ്ദേഹത്തിന്റെ ബിസിനസ് വിജയങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അംഗീകാരമാണ് ഈ പദവി) അദ്ദേഹം കണ്ടുമുട്ടിയ അവരുടെ കുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗത്തെ ഇതു പോലെ ചുംബിക്കുന്നതു ഞങ്ങള്‍ കണ്ടു. ചെന്ന വീടുകളിലെ കുട്ടികളെല്ലാം ഞങ്ങളുടെ കൈകളിലും വരിവരിയായി വന്നു ഉമ്മ വച്ചു മടങ്ങുന്നുണ്ടായിരുന്നു. ഉപചാരപൂര്‍വമാണെങ്കിലും ഇവിടെ ഇങ്ങനെ നമ്മെ സ്വീകരിക്കാനും ഉമ്മ വെക്കാനുമൊക്കെ ഈ നാട്ടുകാര്‍ കാണിക്കുന്ന സന്നദ്ധത നമ്മുടെ അന്യതാബോധം നീക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. പള്ളിയില്‍ ജമാഅത്ത് നമസ്‌കാരം കഴിഞ്ഞാല്‍ അടുത്തിരിക്കുന്ന സഹോദരന് ഹസ്ത ദാനം ചെയ്യലും പുഞ്ചിരിക്കലും കുശലമന്വേഷിക്കലും ഇവരുടെ പതിവാണ്. തന്റെ അടുത്തിരിക്കുന്ന ആള്‍ മലേഷ്യക്കാരന്‍ തന്നെയോ നാട്ടുകാരന്‍ തന്നെയോ എന്ന വിവേചനമൊന്നും അവര്‍ക്കില്ല. തമിഴനും ആഫ്രിക്കക്കാരനും, യൂറോപ്യനുമെല്ലാം അവര്‍ ഒരുപോലെ ഹസ്തദാനം ചെയ്യുന്നു. നമ്മെ പോലെയുള്ള വിദേശികള്‍ക്ക് ഇതു നല്‍കുന്ന ഒരു ധാര്‍മിക പിന്തുണ വളരെ വലുതാണെന്നാണ് എന്റെ അഭിപ്രായം. 'നിങ്ങള്‍ അന്യ നാട്ടുകാരനായിരിക്കാം. വേറെ ഭാഷക്കാരനായിരിക്കാം. എന്നാല്‍ നിങ്ങള്‍ എന്റെ സഹോദരനാണ്. ഇസ്‌ലാം നമ്മെ ഏകോദര സഹോദരന്മാരാക്കിയിരിക്കുന്നു. നിങ്ങള്‍ ഈ നാട്ടില്‍ തനിച്ചല്ല, നിങ്ങള്‍ക്കൊപ്പം ഞങ്ങളുമുണ്ട് എന്ന ഒരു സന്ദേശമാണ് അത് നമുക്ക് നല്‍കുന്നത് എന്ന് എനിക്ക് തോന്നപ്പോയിട്ടുണ്ട്. ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റിയില്‍ വന്ന തുടക്ക കാലത്തില്‍ ഒറ്റപ്പെട്ട ഒരു ഹോസ്റ്റലില്‍ ചെന്ന് താമസിക്കേണ്ടിവന്ന കുറച്ചു നാളുകളില്‍, നമ്മെ തിരക്കാനും നമ്മുടെ വിശേഷങ്ങള്‍ അന്വഷിക്കാനും ആരുമില്ലാതിരുന്ന ഒരു കാലത്ത്, ഒരു ജമാഅത്ത് നമസ്‌കാരത്തിന്റെ സലാം വീട്ടി പ്രാര്‍ത്ഥനക്കായി കൈകള്‍ ഉയര്‍ത്താന്‍ തുടങ്ങുമ്പോഴേക്കും പുഞ്ചിരിയോടെ എന്റെ കൈകള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ച് സലാം പറയുകയും കുശലം ചോദിക്കുകയും ചെയ്ത ഒരു മലേഷ്യക്കാരനുണ്ട്. പേരറിയാത്ത ആ മലേഷ്യക്കാരന്‍ അന്നെന്റെ മനസ്സില്‍ ചൊരിഞ്ഞ സമാശ്വാസത്തിന്റെ പുഞ്ചിരിക്ക,് മേല്‍പറഞ്ഞ എല്ലാ അര്‍ത്ഥ തലങ്ങളുമുണ്ട്. പെരുന്നാള്‍ നമസ്‌കാരത്തിന് ഈദ്ഗാഹുകളില്‍ സംബന്ധിക്കുന്ന വിശ്വാസികള്‍ പ്രാര്‍ഥനക്കുശേഷം പരസ്പരം കെട്ടിപ്പിടിക്കണമെന്നതും ആലിംഗനം ചെയ്യണമെന്നതും പ്രവാചകന്റെ സുന്നത്തില്‍പ്പെട്ടതാണ്. വിശ്വാസികളുടെ ഹൃദയങ്ങളും ഹൃദയങ്ങളും കവിളും കവിളും ശരീരവും ശരീരവും ചേര്‍ന്നുനില്‍ക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഈ മതത്തിന്റെ പ്രകൃത്യായുള്ള സ്വഭാവമാണ് സാഹോദര്യം കാത്തുസൂക്ഷിക്കുക എന്നത്.
മലേഷ്യയില്‍ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ അധികവും പള്ളികളില്‍ തന്നെയാണ്. അശുദ്ധിയുള്ള സ്ത്രീകള്‍ക്കും പളളിയോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളില്‍ വന്നിരിക്കാനും ഇസ്‌ലാമിന്റെ ആഘോഷങ്ങളില്‍ പങ്കാളികളാകാനും സൗകര്യമുണ്ട.് മലേഷ്യയിലെ പുരുഷന്‍മാരും സ്തീകളും യഥാക്രമം ബജു മലായും ബജു കുറൂം എന്നു പേരുകളുള്ള പാരമ്പര്യ വസ്ത്രങ്ങളാണ് പെരുന്നാള്‍ സുദിനത്തില്‍ പൊതുവെ ധരിക്കുക. വിശേഷ ദിവസങ്ങളിലും വെള്ളിയാഴ്ചകളിലും അവര്‍ ഇതുപോലെ ധരിക്കാറുണ്ട്. കറുത്തു നീണ്ട തൊപ്പിയും മലയ് മുസ്‌ലിംകളുടെ പാരമ്പര്യ വസ്ത്രധാരണ രീതിയില്‍ പെടും. കേരളത്തിലേതു പോലെ ശാഫി മദ്ഹബ് പിന്തുടരുന്ന മലേഷ്യന്‍ മുസ്‌ലിം സമൂഹം പൊതുവെ സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം പള്ളിയിലും ദൃശ്യമാണ്. സ്തീകള്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യമില്ലാത്ത ഒരു ചെറിയ പള്ളിപോലും ഇവിടെയില്ലെന്നു പറയാം. കേരളത്തിലെ ചില പള്ളികളില്‍ കാണുന്നതു പോലെ ജുമുഅ- പെരുന്നാള്‍ നമസ്‌കാരത്തിനു മാത്രമല്ല, ഇവിടെ സ്ത്രീകള്‍ വരിക. അഞ്ചു നേരത്തെ നമസ്‌കാരങ്ങളിലും സ്ത്രീ സാന്നിധ്യമുണ്ടിവിടെ. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ വിശാലമായ പള്ളിയിലാണ് എന്റെ കേരളത്തിന് പുറത്തുള്ള, ഇന്ത്യക്കു പുറത്തുള്ള ആദ്യ പെരുന്നാള്‍ നമസ്‌കാരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ നിറക്കാരും രാജ്യക്കാരും വംശക്കാരുമായ അനേകംപേര്‍ വിദ്യാര്‍ത്ഥികളായും അധ്യാപകരായും ഈ യൂണിവേഴ്‌സിറ്റിയിലുണ്ട്. മക്കയില്‍ ഹജ്ജിന് വരുന്ന വിവിധ വര്‍ഗ്ഗക്കാരെയും രാജ്യക്കാരെയും അനുസ്മരിപ്പിക്കുന്നതാണ് ഇവിടത്തെ വൈവിധ്യം. യൂണിവേഴ്‌സിറ്റിയില്‍ 110 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുണ്ടത്രേ. എല്ലാ രാജ്യക്കാരും അവരവരുടെ പാരമ്പര്യ വേഷങ്ങള്‍ അണിഞ്ഞുകൊണ്ടാണ് പള്ളിയില്‍ ഒത്തുകൂടുന്നത്. രാവിലെ പള്ളിയില്‍ വന്ന് തക്ബീറുകള്‍ ചൊല്ലുന്നു. നാട്ടില്‍ നമ്മുടെ കാരണവന്മാര്‍ ചൊല്ലിക്കേട്ടിട്ടുള്ള ആ നാടന്‍ തക്ബീറുകള്‍ മനസ്സില്‍ തീര്‍ക്കുന്ന പെരുന്നാള്‍ ആവേശം ഇവിടത്തെ ആധുനിക ശൈലിയിലുള്ള തക്ബീറുകള്‍ ഉണ്ടാക്കുന്നില്ല. എട്ടരയോടെ നമസ്‌കാരം ആരംഭിച്ചു. അറബിയിലുള്ള ഖുത്ബ, പക്ഷേ നാട്ടില്‍ കേള്‍ക്കുന്ന പെരുന്നാള്‍ ഖുതുബയുടെ ആവേശം നല്‍കിയില്ല. നമസ്‌കാര ശേഷം ഞങ്ങള്‍ മലയാളികള്‍ ഒരുമിച്ചുകൂടി. പരസ്പരം ആശ്ലേഷിച്ചു, സന്തോഷം പങ്കുവച്ചു. ആഫ്രിക്കക്കാരും മറ്റുമൊക്കെയായി മറ്റു പല രാജ്യക്കാരോടു കുശലം പറയലും ആശ്ലേഷവുമായി അല്‍പ സമയം. എല്ലാവരുടെയും മുഖത്ത് പെരുന്നാള്‍ ആഹ്ലാദത്തിന്റെ പ്രസന്നത കാണാം. എല്ലാവര്‍ക്കുമൊപ്പമുള്ള ഈ പെരുന്നാള്‍ സന്തോഷംതന്നെ. എന്നാല്‍ മാതാപിതാക്കള്‍, ഭാര്യ, പൊന്നോമനമക്കള്‍, സഹോദരി, സഹോദരന്‍മാര്‍, അവരുടെ കുട്ടികള്‍, സ്വന്തക്കാര്‍, കൂട്ടുകാര്‍ ഇവരോടൊപ്പമുള്ള പെരുന്നാള്‍ നല്‍കുന്ന സന്തോഷത്തോളം വരില്ലല്ലോ ഈ അന്യനാട്ടിലെ പെരുന്നാള്‍.