സഞ്ചാരിയുടെ തീര്‍ത്ഥയാത്ര

മുഹമ്മദ് ശമീം No image

തുറമുഖത്തു നിന്നുകൊണ്ട് കടലിലേക്കു ദൃഷ്ടി പായിച്ച്, അബൂ അബ്ദില്ലാ മുഹമ്മദ് ബ്‌നു അബ്ദില്ലാഹില്ലുവാതിത്തഞ്ജി ബ്‌നു ബത്തൂത്ത എന്ന ഇബ്‌നു ബത്തൂത്ത ഇപ്രകാരം ആത്മഗതം ചെയ്തു: 'മൊറോക്കോവില്‍ നിന്ന് കിഴക്കോട്ട് മൂവായിരത്തോളം മൈലുകള്‍ ദൂരത്തിലാണ് മക്ക സ്ഥിതി ചെയ്യുന്നത്. താണ്ടാന്‍ എളുപ്പമല്ലാത്തത്ര ദൂരമാണിതെന്ന് ധാരാളമാളുകള്‍ ഉപദേശിക്കുന്നു. എന്നാല്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. മുന്‍കാലങ്ങളിലൊരുപാടാളുകള്‍ നിര്‍വഹിച്ചു കഴിഞ്ഞിട്ടുള്ള, ഇനിയുമെത്രയോ യുഗങ്ങളില്‍ ഇനിയുമെത്രയോ ആളുകള്‍ നിര്‍വഹിക്കാന്‍ പോകുന്ന, പുണ്യവത്തായ ആ യാത്രക്ക് പുറപ്പെടാന്‍.
കൃത്യമായിപ്പറഞ്ഞാല്‍ ടാംഗീറില്‍ നിന്ന് (തഞ്ജ എന്ന് അറബിയിലും താങ്ഗര്‍ എന്ന് ഫ്രഞ്ചിലും ഉച്ചാരണമുള്ള, മൊറോക്കോയിലെ ടാംഗീര്‍ എന്ന തുറമുഖപട്ടണത്തിലാണ് ഇബ്‌നു ബത്തൂത്ത ജനിച്ചതും വളര്‍ന്നതും) മക്കയിലേക്ക് നാലായിരത്തി അറുന്നൂറ്റി തൊണ്ണൂറ് കിലോമീറ്റര്‍ (രണ്ടായിരത്തി തൊള്ളായിരത്തി പതിനാല് മൈല്‍) ദൂരമുണ്ട്. ചരിത്രത്തില്‍ സഞ്ചാരത്തിന്റെ വലിയൊരിതിഹാസമായിത്തീര്‍ന്ന ഇബ്‌നു ബത്തൂത്തയുടെ യാത്രകള്‍ ആരംഭിക്കുന്നത് 1325 ജൂണ്‍ മാസത്തില്‍ ആദ്യത്തെ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനു വേണ്ടിയുള്ള പുറപ്പെടലില്‍ നിന്നാണ്. ഇരുപത്തൊന്നു വയസ്സായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം. പതിനാറു മാസം നീണ്ടുനിന്ന യാത്രക്കൊടുവില്‍ 1326 ഒക്‌ടോബറിലാണ് അദ്ദേഹം ഹജ്ജ് നിര്‍വഹിച്ചത്. ചെങ്കടല്‍ കടന്ന് യാത്ര ചെയ്യാനുദ്ദേശിച്ച്, ടാംഗീറില്‍ നിന്നും പുറപ്പെട്ട് ബെജായിയ (അള്‍ജീരിയ), തൂനിസ്, സഫാക്‌സ് (തുനീഷ്യ) വഴി യാത്ര ചെയ്ത് അലക്‌സാന്‍ഡ്രിയയിലിറങ്ങുകയും അവിടെ നിന്ന് കെയ്‌റോവിലേക്ക് പോകുകയും ചെയ്തു. അയ്ദാബിലെ ചെങ്കടല്‍ തുറമുഖത്തെത്തിയെങ്കിലും ഒരു കലാപത്തെത്തുടര്‍ന്ന് ദമാസ്‌കസിലേക്കു തിരിച്ച് അവിടെ നിന്നും ഒരു യാത്രാസംഘത്തോടൊപ്പം മദീന വഴി മക്കയിലെത്തിച്ചേര്‍ന്നു.
ഇതിനിടയില്‍ സഫാക്‌സില്‍ നിന്ന് അദ്ദേഹം ആദ്യത്തെ വിവാഹവും കഴിച്ചു.
സംഭവബഹുലമായ ഈ യാത്രയുടെ കഥ പറയുകയാണ് പ്രശസ്ത ഹോളിവുഡ് ചലച്ചിത്രകാരന്‍ ബ്രൂസ് നെയ്‌ബോര്‍ അദ്ദേഹത്തിന്റെ 'മക്കയിലേക്കുള്ള യാത്ര' (Journey to mecca/ Bruce Neibaur/ documentary/ usa/ english, arabic/ 2009) എന്ന ഡോക്യുമെന്ററി സിനിമയിലൂടെ.
യാത്രാരീതികളും സൗകര്യങ്ങളുമൊക്കെ പതിനാലാം നൂറ്റാണ്ടില്‍ നിന്നും വളരെയേറെ മാറിക്കഴിഞ്ഞ ഈ കാലത്ത് നിന്നുകൊണ്ടുതന്നെയാണ് ചലച്ചിത്രകാരന്‍ ഇബ്‌നു ബത്തൂത്തയുടെ യാത്രയുടെ സ്മൃതിധ്യാനത്തില്‍ മുഴുകുന്നത്. സഞ്ചാരിയുടെ പഴയ മൊറോക്കോയില്‍ നിന്ന് കാമറ മുന്നോട്ടു പോകുമ്പോള്‍, മക്കയില്‍ തുറമുഖത്ത് ആധുനിക കപ്പലുകള്‍ വരുന്നതും എയര്‍പോര്‍ട്ടില്‍ വിമാനങ്ങളിറങ്ങുന്നതും നമ്മള്‍ കാണുന്നു. അതിന്റെ പശ്ചാത്തലത്തിലും ഇബ്‌നു ബത്തൂത്തയുടെ ശബ്ദം എത്രയോ കാലമായി തുടരുന്ന യാത്രയെപ്പറ്റിത്തന്നെ. ചിലര്‍ കടല്‍ താണ്ടിയും മറ്റു ചിലര്‍ മൃഗങ്ങളുടെ പുറത്തേറിയും വരുന്നു; ഇനിയുമൊരുപാടാളുകള്‍ കാല്‍നടയായിക്കൊണ്ടും.
ചരിത്രത്തിന്റെ, മഹത്തരവും അവാച്യവുമായ ഒരു തുടര്‍ച്ചയാണിത്. നാലു സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് മനുഷ്യസമൂഹത്തിന്റെ മഹാചാര്യ
നായി ഉയര്‍ത്തപ്പെട്ട ഇബ്‌റാഹീമിനോട് അല്ലാഹു അരുളി: 'വിളിക്കുവിന്‍, പുണ്യയാത്രക്കു വേണ്ടി ജനങ്ങളെ. അവര്‍ വരും, കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തേറിയും. വിദൂരങ്ങളില്‍ നിന്നു പോലും (സൂറഃ അല്‍ഹജ്ജ് :27)'. വീണ്ടും അല്ലാഹു കല്‍പിച്ചു: 'അവര്‍ തങ്ങളുടെ അഴുക്കുകളെയെല്ലാം നീക്കിക്കളയട്ടെ, നേര്‍ച്ചകള്‍ നേരട്ടെ. പുരാതനമായ ആ മന്ദിരത്തെ ചുറ്റട്ടെ' (അല്‍ ഹജ്ജ് :29).
ജീവിതത്തിലൊരിക്കല്‍ അത്യസാധാരണമായ ഈ സഞ്ചാരം നിര്‍വ്വഹിക്കാനായി മുസ്ലിംകള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു എന്ന വര്‍ത്തമാനത്തോടെയാണ് സിനിമ തുടങ്ങുന്നത്. (പ്രശസ്ത നടന്‍ ബെന്‍ കിങ്സ്ലിയുടെ ശബ്ദമാണ് ആഖ്യാനമായി നമ്മള്‍ കേള്‍ക്കുന്നത്). അതിങ്ങനെ തുടര്‍ന്നു. എല്ലാ വര്‍ഷവും അവര്‍ മക്കാ നഗരത്തിലൊരുമിച്ചുകൂടുന്നു; യൂദന്മാരും ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒരുപോലെ തങ്ങളുടെ പിതാവായി അംഗീകരിക്കുന്ന പ്രവാചകന്‍ അബ്രഹാം നിര്‍വഹിച്ചു കാണിച്ചു കൊടുത്ത ഒരു കൂട്ടം അനുഷ്ഠാനങ്ങളുടെ നിര്‍വഹണത്തിനായി. ഈ അനുഷ്ഠാനസഞ്ചയത്തെയാണ് ഹജ്ജ് എന്നു വിളിക്കുന്നത്. കഴിഞ്ഞ നാലായിരം കൊല്ലങ്ങളായി പുണ്യയാത്രികര്‍ മക്കയിലേക്കെത്തുക എന്ന തങ്ങളുടെ അഭിലാഷത്തിന്റെ പൂര്‍ത്തീകരണത്തിനായി സഹനവും ത്യാഗവും വരിക്കുന്നു. അക്കൂട്ടത്തിലൊരാള്‍, പതിനാലാം നൂറ്റാണ്ടില്‍ മൊറോക്കോയില്‍ ഒരു നിയമപഠിതാവായിരുന്ന ഇബ്‌നു ബത്തൂത്ത.

മക്കയുടെ വിളി
ഒരു വിളി പോലെ മക്ക ഇബ്‌നു ബത്തൂത്ത (ശംസുദ്ദീന്‍ സിനൗനെ ആണ് സഞ്ചാരിയുടെ വേഷമണിയുന്നത്)യുടെ സ്വപ്നത്തിലേക്കെത്തുകയായിരുന്നു. വീട്ടില്‍ കിടന്നുറങ്ങുന്ന അദ്ദേഹത്തില്‍ നിന്ന് കടലും ചക്രവാളവും കടന്ന് കാമറ മുന്നോട്ടേക്ക് ചലിക്കുന്നു. വിദൂരമായ കഅ്ബയിലെത്തിയാണ് അത് നില്‍ക്കുന്നത്.
ഇവിടെ വച്ചാണ് പ്രവാചകന്‍ ഇബ്‌റാഹീം പരീക്ഷിക്കപ്പെട്ടത്. അവിടുത്തെ കുടുംബം ജീവിച്ചതും മരിച്ചതും ഇവിടെത്തന്നെ. അവിടുന്ന് പണിതുയര്‍ത്തിയ, ദൈവത്തിന്റെ വിശുദ്ധഭവനമാണ് കഅ്ബ. 'ഞാനെന്റെ തീരം വിട്ട് സഞ്ചരിക്കാനൊരുങ്ങുകയാണ്' ഇബ്‌നു ബത്തൂത്ത ആത്മഗതം ചെയ്തു. 'സ്വപ്നത്തില്‍ ഞാന്‍ കണ്ട ദൃശ്യങ്ങളെ കണ്ണു കൊണ്ടനുഭവിക്കാന്‍.' ഇത്ര ചെറുപ്പത്തിലേ ഒറ്റക്ക് മക്കയിലേക്കു പോകാനൊരുങ്ങുന്ന അദ്ദേഹത്തെ പലരും തടയാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി ഉറച്ചതായിരുന്നു. അഥവാ ഞാന്‍ മരിക്കുകയാണെങ്കില്‍ അത് വിശുദ്ധ മക്കയിലേക്കുള്ള പാതയില്‍ത്തന്നെയാവട്ടെ.
അല്‍പം സ്വര്‍ണവും കരുത്തുറ്റ ഒരു കുതിരയെയും നല്‍കി പിതാവും ഹജ്ജിനുള്ള ഇഹ്‌റാം വസ്ത്രം നല്‍കിക്കൊണ്ട് മാതാവും അദ്ദേഹത്തെ യാത്രയാക്കി. കെയ്‌റോയിലെ ധനികനും പ്രമാണിയുമായ തന്റെ പരിചയക്കാരനില്‍ നിന്ന് യാത്രയില്‍ സഹായം ലഭ്യമാക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ ചങ്ങാതിയായ ഹംസ ഒരെഴുത്ത് അദ്ദേഹത്തിന്റെ പക്കല്‍ ഏല്‍പിച്ചിരുന്നു. സഞ്ചാരത്തിനു സമര്‍പ്പിച്ചു കൊണ്ടുള്ള, ഇബ്‌നു ബത്തൂത്തയുടെ ജീവിതം ഇവിടെ തുടങ്ങുന്നു.
'പകല്‍നേരങ്ങളില്‍ സൂര്യന്‍ എനിക്ക് വഴി കാട്ടുന്നു. രാത്രികളിലോ, നക്ഷത്രങ്ങള്‍ സഖാക്കളായി എന്നോടൊപ്പം നില്‍ക്കുകയും. മറഞ്ഞിരിക്കുന്ന അപകടങ്ങളെപ്പറ്റി യാത്രികര്‍ എനിക്കു തരുന്ന മുന്നറിയിപ്പുകള്‍ ഈ മഹത്തായ ഉദ്യമത്തില്‍ എനിക്കുള്ള ധൈര്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്' ഇബ്‌നു ബത്തൂത്ത എഴുതി.
വഴിയില്‍ ഒരു കവര്‍ച്ചക്കാരന്റെ (Highwayman) സംഘം ഇബ്‌നു ബത്തൂത്തയെ ആക്രമിച്ചു.
പുണ്യയാത്രികനെന്നു മനസ്സിലാക്കി അദ്ദേഹത്തെ വിട്ടയച്ചെങ്കിലും പണവും വെള്ളവും അവര്‍ കവര്‍ന്നെടുത്തു. പരിക്കേറ്റ സഞ്ചാരി ദാഹാര്‍ത്ത
നായി അലയുന്ന രംഗങ്ങള്‍ അത്യധികം അനുഭവവേദ്യമാക്കാന്‍ ചലച്ചിത്രകാരന് സാധിച്ചിട്ടുണ്ട്. അപ്പോഴും അദ്ദേഹം തുടക്കത്തില്‍ പറഞ്ഞ അതേ വാക്കുകള്‍ ആത്മഗതം ചെയ്തു. 'ഞാന്‍ മരിക്കുകയാണെങ്കില്‍ അത് വിശുദ്ധ മക്കയിലേക്കുള്ള പാതയില്‍ത്തന്നെയാവട്ടെ.' മുകളില്‍ കത്തുന്ന സൂര്യന്‍, മരീചികകള്‍. അവസാനം തളര്‍ന്നുവീണ സഞ്ചാരിയെ ഒരു യാത്രാസംഘത്തിന്റെ കൂടാരത്തിലെത്തിച്ചത് അതേ കവര്‍ച്ചക്കാരന്‍ തന്നെ. എന്തായാലും നിങ്ങള്‍ ടാംഗീറിലേക്കു തന്നെ തിരിച്ചു പോകുന്നതാണ് നല്ലതെന്ന് അയാള്‍ ഉപദേശിച്ചു. മക്കയിലേക്കെത്തുന്നതു വരെ തിരിച്ചുപോക്കില്ലെന്ന് സഞ്ചാരിയുടെ നിശ്ചയദാര്‍ഢ്യം. കെയ്‌റോയില്‍ താങ്കള്‍ക്ക് സമ്പന്നനായ സുഹൃത്തുണ്ടെന്നറിഞ്ഞതു കൊണ്ടാണ് പണം മോഷ്ടിച്ചതെന്നും (ഹംസയുടെ കത്ത് അയാള്‍ കണ്ടിരുന്നു) ആ പണം താന്‍ പാവങ്ങള്‍ക്കു കൊടുത്തുവെന്നും കവര്‍ച്ചക്കാരന്‍ പറഞ്ഞു. ദമസ്‌കസ് വഴി പോകുന്നതാണ് സുരക്ഷിതം എന്ന് കവര്‍ച്ചക്കാരന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അതംഗീകരിച്ചില്ല. എന്തെന്നാല്‍, ചെങ്കടല്‍ കടന്നു പോകുന്നതായാണ് താന്‍ സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ കെയ്‌റോയില്‍ ഹംസയുടെ സുഹൃത്ത് ഇബ്‌നു മുസഫറിനെ കണ്ടതിനു ശേഷം ചെങ്കടല്‍ത്തീരത്തെത്തിയപ്പോള്‍ ഇബ്‌നു ബത്തൂത്ത കണ്ടതാകട്ടെ, കലാപത്തിന്റെ ബാക്കിപത്രമായ തകര്‍ന്ന കപ്പലുകളും മറ്റും. അതോടെ അദ്ദേഹം ദമസ്‌കസിലേക്കു തന്നെ തിരിച്ചു. അവിടെ നിന്നും ഒരു ഖാഫിലയോടൊപ്പം ചേര്‍ന്നു.
ദമസ്‌കസില്‍ നിന്ന് ആ ഖാഫില, ചലിക്കുന്ന ഒരു നഗരം പോലെ, പരിശുദ്ധനഗരത്തിലെത്തിച്ചേരണമെന്ന ഒറ്റച്ചിന്തയോടെ മുന്നോട്ടു നീങ്ങി. പല തരം ആളുകള്‍. ശില്‍പികള്‍, ഭിഷഗ്വരന്മാര്‍ മുതല്‍ തേനീച്ച വളര്‍ത്തുകാര്‍ വരെ. ദിവസങ്ങളോളം യാത്ര ചെയ്ത് ആ സംഘം മദീനയിലെത്തിച്ചേര്‍ന്നു. മദീനയില്‍ നിന്ന് മക്കയിലേക്ക് പുറപ്പെടുമ്പോള്‍ സഞ്ചാരി ഉമ്മ നല്‍കിയ ഇഹ്‌റാം വസ്ത്രമെടുത്തു;
പിന്നെ ഹജ്ജിന്റെ കര്‍മങ്ങളും ഹറമിന്റെ അനുഭൂതികളും. ത്വവാഫ്, സഅ്‌യ്, സംസം, അറഫ, മുസ്ദലിഫ, മിന, ബലി, കല്ലേറ്. ഓരോന്നിനെയും കുറിച്ച കൃത്യമായ വിവരണങ്ങളും നാം കേള്‍ക്കുന്നു. അങ്ങനെ ഹജ്ജിനെക്കുറിച്ച പാഠപുസ്തകവും ഹജ്ജിന്റെ ചരിത്രവുമായി ഈ ഡോക്യുമെന്ററി സിനിമ മാറുന്നു. അതോടൊപ്പം തന്നെ എല്ലാം വിവരണാതീതമായ അനുഭൂതികളായി ഉള്ളില്‍ നിറയുന്ന വിധത്തിലാണ് ചിത്രത്തിന്റെ പരിചരണം. ഇബ്‌നു ബത്തൂത്ത കവര്‍ച്ചക്കാരനുമായും പിന്നീട് ഇബ്‌നു മുസഫറുമായും നടത്തുന്ന സംഭാഷണങ്ങളിലും ജീവിതത്തെയും ഇസ്ലാമിനെയും ഹജ്ജിനെയും കുറിച്ച പാഠങ്ങളും ഗഹനവും എന്നാല്‍ ലളിതവുമായ ചിന്താശകലങ്ങളുമുണ്ട്.
ഇബ്‌നു ബത്തൂത്തയുടെ സംരക്ഷണമേറ്റെടുത്ത് കെയ്‌റോ വരെ അദ്ദേഹത്തോടൊപ്പം പോകാന്‍ കവര്‍ച്ചക്കാരന്‍ തയ്യാറായി. ഈ പ്രായത്തിലെന്തിനൊരാള്‍ ഇത്രയും പ്രയാസങ്ങള്‍ താണ്ടി മക്കയിലേക്കു പോകണമെന്നയാള്‍ സംശയിച്ചു. പുതിയ പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗമാണ് ഹജ്ജ് എന്നായിരുന്നു സഞ്ചാരിയുടെ മറുപടി. മക്കയിലേക്കെത്തിച്ചേരുകയും വിശുദ്ധ കഅ്ബ കാണുകയും ചെയ്യുകയെന്നതാണ് സകല യാത്രകളിലും വെച്ച് ഏറ്റവും മഹത്തരമായത്. യാത്രയുടെ കാഠിന്യത്തെയും വൈഷമ്യങ്ങളെയും പറ്റി ചോദിച്ചപ്പോഴും അദ്ദേഹം പറഞ്ഞത്, അല്ലാഹു നിങ്ങളെ സഹായിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതു തടയാന്‍ മറ്റാര്‍ക്കും പറ്റില്ലെന്നല്ലേ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് എന്നായിരുന്നു.
കടുത്ത മണല്‍ക്കാറ്റിന്റെ ദൃശ്യങ്ങള്‍. തുടര്‍ന്ന് ഒരു കൊച്ചു പായ്ക്കപ്പലില്‍ നൈല്‍ നദിയിലൂടെയുള്ള യാത്ര. നൈല്‍ നദി അതിന്റെ അവസാനം വരെ നല്‍കുന്ന അനുഭൂതിയാലും തേനൂറുന്ന അതിന്റെ മാധുര്യത്താലും സവിശേഷമായിരിക്കുന്നുവെന്ന് ഇബ്‌നു ബത്തൂത്ത കുറിക്കുന്നുണ്ട്. നദി കടന്ന് സഞ്ചാരിയും കൂട്ടുകാരനും (കവര്‍ച്ചക്കാരന്‍) കെയ്‌റോയിലെത്തിച്ചേര്‍ന്നു. എല്ലാ നഗരങ്ങളുടെയും മാതാവാണ് കെയ്‌റോ എന്ന് സഞ്ചാരി എഴുതി. അദ്വിതീയമാണ് അതിന്റെ സൗന്ദര്യവും ഔദാര്യവും. വിവേകത്തിന്റെയും സഹാനുഭൂതിയുടെയും വിസ്മയശേഖരവുമാണത്.

സഞ്ചാരത്തിന്റെ ദര്‍ശനം

കെയ്‌റോയില്‍ ഇബ്‌നു മുസഫറിനോട് അദ്ദേഹം തന്റെ സ്വപ്നത്തെപ്പറ്റി പറഞ്ഞു. മക്കയില്‍ അവസാനിക്കുന്ന ഒന്നല്ല അത്, മറിച്ച് മക്കയിലൂടെ തുടരുന്ന ഒന്നാണ്. ഇബ്‌നു മുസഫര്‍ സഞ്ചാരിയെ ഉപദേശിച്ചു: ''പോവുക. ചുറ്റിലുമുള്ളവരുടെ ജ്ഞാനത്തെയും ചിന്തകളെയുംപരിഗണിക്കാനും സമാഹരിക്കാനും തയ്യാറാവുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യത്തിലെത്തിച്ചേരുക തന്നെ ചെയ്യും. ചൈനയിലോളം എത്തിച്ചേരേണ്ടതുണ്ടെങ്കില്‍പ്പോലും ജ്ഞാനാന്വേഷണത്തിനായി നിങ്ങള്‍ പുറപ്പെട്ടുപോവണം എന്നല്ലേ പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത്.''
തന്റെ കാലത്തെ ഹജ്ജ് യാത്രയില്‍ ഇസ്‌ലാമിന്റെ മാനസികവും സാമൂഹികവുമായ ദര്‍ശനത്തിന്റെ സാക്ഷാത്കാരം ദര്‍ശിക്കുന്നുണ്ട് ഇബ്‌നു ബത്തൂത്ത. ദമസ്‌കസില്‍ നിന്നുള്ള യാത്രാസംഘത്തോടൊപ്പമാണ് ഇപ്പോള്‍ അദ്ദേഹമുള്ളത്. അന്നു വരെ അപരിചിതരായിരുന്ന പലരുമായും സഹവസിച്ചും പല സഹായങ്ങളും സ്വീകരിച്ചും സഹായങ്ങള്‍ നല്‍കിയും അനുഭവങ്ങളും അനുഭൂതികളും പങ്കിട്ടുകൊണ്ടുള്ള ഒന്നായിരുന്നു ആ യാത്ര. യാത്രയുടെ ചിത്രീകരണവും ചേതോഹരമായി അനുഭവപ്പെടുന്നു. ഒരു കുതിരക്കാരന്‍ മദീന കണ്ടതായി വിളിച്ചു പറഞ്ഞു.
'പ്രോജ്വലമായ മദീന' ഇബ്‌നു ബത്തൂത്ത ആത്മഗതം ചെയ്തു. ഇതിന്റെ ചുവരുകള്‍ക്കകത്താണ് പുണ്യപ്രവാചകന്റെ പള്ളിയുള്ളത്; അവിടുത്തെ അന്ത്യവിശ്രമസ്ഥാനവും. മദീനയുടെ ആകാശം ആസ്വദിച്ചു കൊണ്ട് അദ്ദേഹം കണ്ണു തുറന്നു കിടക്കുകയാണ് രാത്രി. മക്കയിലേക്ക് സംഘം പ്രവേശിച്ചതിനു ശേഷം പിന്നെ നാം ഹജ്ജിന്റെ ദൃശ്യങ്ങളാണ് കാണുന്നത്.
കഅ്ബയുടെ നിര്‍മിതിക്കു മുമ്പ് വരണ്ട ഒരു മരുഭൂമി മാത്രമായിരുന്നു മക്ക, വിശുദ്ധമന്ദിരത്തിനു ചുറ്റുമുള്ള ത്വവാഫിനിടയില്‍ സഞ്ചാരി ആ ചരിത്രം ഓര്‍ത്തെടുത്തു. വിശുദ്ധ ഖുര്‍ആനില്‍ ഇബ്‌റാഹീമിന്റെ, മക്കയിലുള്ള ചരിത്രം വിവരിക്കുന്നുണ്ട്. പത്‌നി ഹാജറയെയും മകന്‍ ഇസ്മാഈലിനെയും ആ താഴ്‌വരയില്‍, മനുഷ്യവാസമോ കൃഷിയോ ഇല്ലാതിരുന്ന അവസ്ഥയില്‍ അല്ലാഹുവിന്റെ കല്‍പന പ്രകാരം, അവനില്‍ മാത്രം ഭരമേല്‍
പിച്ചു കൊണ്ട് പാര്‍പ്പിക്കുകയാണ് ഇബ്‌റാഹീം. കഅ്ബയുടെ സാന്നിധ്യവും ഇസ്മാഈല്‍ സന്തതികളുടെ പ്രയത്‌നവുമാണ് ആ മരുപ്പറമ്പിനെ ഇന്നു കാണുന്ന മക്കയാക്കി മാറ്റിയത്. കഅ്ബയിലെ കറുത്ത കല്ല് പ്രവാചകന്‍ ഇബ്‌റാഹീമിന്റെ ഗന്ധം പേറുന്ന വസ്തുവാണ്. ആകയാല്‍ ആ കറുത്ത കല്ലില്‍ നിങ്ങള്‍ക്ക് ഇബ്രാഹീമിനെ അനുഭവിക്കാന്‍ സാധിച്ചേക്കും. ആ കല്ലാണ് കഅ്ബയുടെ മൂലശിലയെന്ന് ഇബ്‌നു ബത്തൂത്ത എഴുതുന്നു.
ത്വവാഫ് കഴിഞ്ഞ് സഅ്‌യ്. സ്വഫ, മര്‍വ എന്നീ കുന്നുകള്‍ക്കിടയിലൂടെ ജനസമുദ്രം ഒഴുകി. അക്കൂട്ടത്തിലൊരു ജലകണമായി സഞ്ചാരിയും. അപ്പോഴദ്ദേഹം ഹാജറയെക്കുറിച്ചോര്‍ത്തു. ലോകോദ്ധാരണത്തിനായുള്ള ഇബ്രാഹീമിന്റെ യത്‌നങ്ങളെ പിന്തുണച്ചുകൊണ്ട് ത്യാഗങ്ങള്‍ നോറ്റ ഹാജറയില്‍ നിന്നാണ് അറേബ്യയില്‍ ഒരു വലിയ ജനസമൂഹം പിറവി കൊള്ളുന്നത്. സ്ത്രീപുരുഷന്മാര്‍ പരസ്പരപൂരകമായി വര്‍ത്തിച്ചു കൊണ്ടുവേണം ദൈവത്തിന്റെ പ്രതിനിധി എന്ന നിലയില്‍ മനുഷ്യന്‍ തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ എന്നാണ് വിശുദ്ധ വേദഗ്രന്ഥം പഠിപ്പിക്കുന്നത്. അന്നിലക്ക് സമൂഹത്തിന്റെ പാതിയായ സ്ത്രീയുടെ ഉത്തരവാദിത്തങ്ങളെ നിര്‍ണയിക്കുകയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട് അത്. സ്വഫ, മര്‍വ എന്നീ മലകള്‍ക്കിടയിലൂടെയുള്ള നടത്തം ഹജ്ജിലെ ഒരു നിര്‍ബ്ബന്ധാനുഷ്ഠാനമാകുന്നു. അതേസമയം കൊല്ലം തോറും ഈ പുണ്യയാത്ര നിര്‍വഹിക്കുന്ന ആണും പെണ്ണുമെല്ലാം തന്നെ ഈ നടത്തത്തില്‍ (സഅ്‌യ്) ഹാജര്‍ എന്ന പെണ്ണിന്റെ കാല്‍പ്പാടുകളെയാണ് പിന്തുടരുന്നത്.
ഇബ്‌റാഹീമിന്റെയും, തന്റെ ജന്മസ്ഥലമായ ഉറില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പത്‌നി സാറയുടെയും യാത്രക്കിടയില്‍ മിസ്‌റില്‍ വച്ച് അവര്‍ക്കൊപ്പം ചേര്‍ന്ന ഹാജര്‍ അടിമപ്പെണ്ണായി ഫറോവയുടെ കൊട്ടാരത്തില്‍ ജീവിച്ചിരുന്നവരായിരുന്നുവെന്ന് ബൈബിള്‍ വിവരിക്കുന്നുണ്ട്. ആ വിവരണത്തെ മുഖവിലക്കെടുത്താല്‍ അടിമയായ ഹാജറയുടെ കാല്‍പ്പാടുകളെ അനുധാവനം ചെയ്യാന്‍ കല്‍പിച്ചതിലൂടെ അടിമയുടമസമ്പ്രദായം ഉള്‍പ്പെടെയുള്ള മേല്‍ കീഴ് വ്യവസ്ഥിതികളെയും ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ക്ക് നല്‍കിയ ഈ അംഗീകാരത്തിലൂടെ പുരുഷകേന്ദ്രിതമായ മാനസിക സാമൂഹികാവസ്ഥകളെയും പരിഹസിക്കുകയും നിരാകരിക്കുകയുമാണ് ഖുര്‍ആന്‍ ചെയ്യുന്നതെന്ന് ചിന്തിക്കാം.

സംസം
ഹാജറയുടെ ത്യാഗത്തിന്റെ തുടര്‍ച്ചയിലാണ് നാം സംസം അനുഭവിക്കുന്നത്. അവരില്‍ നിന്നൊഴുകിയ വിയര്‍പ്പിന്റെ തീക്ഷ്ണതയില്‍ കുഞ്ഞ് ഇസ്മാഈലിന്റെ പാദങ്ങളില്‍ നിന്ന് പൊട്ടിയൊലിച്ചതാണ് സംസം. ത്യാഗത്തിന്റെ തീര്‍ത്ഥം നുകരുന്ന ഇബ്‌നു ബത്തൂത്തയ്ക്കു ശേഷം ബ്രൂസ് നെയ്‌ബോര്‍ നമുക്ക് കാണിച്ചു തരുന്നത് അറഫയാണ്. പുതിയ കാലത്തെ അറഫയുടെ ദൃശ്യങ്ങള്‍ക്കൊപ്പം ഇബ്‌നു ബത്തൂത്തയുടെ ശബ്ദം. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നവര്‍, വ്യത്യസ്ത ഗണത്തിലും ഗോത്രത്തിലും പെട്ടവരെങ്കിലും യാതൊരു വിഭജനവുമില്ലാതെ, വ്യത്യസ്ത തലങ്ങളിലുള്ളവര്‍ എല്ലാവരും ഇവിടെ ഈ അറഫയില്‍ തോളോടു തോളുരുമ്മിക്കൊണ്ട്.
അറഫയിലെ മഹാസംഗമത്തോടൊപ്പം ജബലു റഹ്മയിലേക്ക് കാമറ ചലിക്കുന്നു. അവിടെയാണ് നബിതിരുമേനി തന്റെ ഖുതുബതുല്‍ വിദാഅ് (വിടവാങ്ങല്‍ പ്രഭാഷണം) നടത്തിയത്. ഇബ്‌റാഹീം പ്രസരിപ്പിച്ച മൂല്യങ്ങളെ അനുസ്മരിക്കുന്നതിലേക്കായിരുന്നു അവിടുന്ന് നമ്മളെ വിളിച്ചത്, ഇബ്‌നു ബത്തൂത്ത പറയുന്നു. ഇത് കേള്‍ക്കുന്ന സമയത്ത് അറഫയിലെ മഹാസംഗമത്തിന്റെ ആകാശദൃശ്യം.
അസ്തമനത്തോടെ പുണ്യയാത്രികര്‍ മുസ്ദലിഫയിലേക്കൊഴുകി. അവിടെ വെച്ചാണ് ജംറയിലേക്കെറിയാനുള്ള കല്ലുകള്‍ പെറുക്കുന്നത്. ജംറ എന്താണെന്ന് ഇബ്‌നു ബത്തൂത്ത വിവരിക്കുന്നുണ്ട്. ദൈവകല്‍പനയെ ധിക്കരിക്കാന്‍ വേണ്ടി സാത്താന്‍ ഇബ്‌റാഹീല്‍ പ്രേരണ ചെലുത്തിയ സ്ഥലമത്രേ അത്. എന്നാല്‍ ഇബ്‌റാഹീം സാത്താനെ കല്ലെറിഞ്ഞോടിച്ചു. സാത്താന്റെ പ്രലോഭനത്തെ അതിജയിച്ചുവെന്നര്‍ത്ഥം. ഇപ്രകാരം മൂന്നു തവണ ആവര്‍ത്തിച്ചതിനാല്‍ മൂന്ന് ജംറകളാണുള്ളത്.
ജംറകളിലെ കല്ലേറ് തങ്ങളുടെ ഉള്ളില്‍ത്തന്നെയുള്ള പൈശാചികപ്രലോഭനങ്ങള്‍ക്കെതിരായ ജാഗ്രതയെയും സമരത്തെയുമാണ് പ്രതീകവല്‍ക്കരിക്കുന്നതെന്നാണ് ചിന്തകന്മാരുടെ വിശദീകരണം. ഓരോരുത്തരുടെയും സാത്താന്‍ അവരവരുടെ ഉള്ളില്‍ത്തന്നെയാണുള്ളതെന്നു വിശദീകരിക്കുന്ന നബിവചനങ്ങളുണ്ട്. സ്വാഭാവികമായും നമ്മുടെ ഉള്ളില്‍ത്തന്നെയുള്ള തെറ്റായ പ്രവണതകള്‍ക്കു നേരെയുള്ള സമരമാണ് ജംറകളിലേക്കുള്ള ഏറ്. തന്റെ തന്നെ പ്രലോഭനങ്ങളോടുള്ള പോരാട്ടമാണ് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് എന്നാണ് നബിതിരുമേനി പഠിപ്പിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ, പൈശാചികമായ സാമൂഹികവ്യവസ്ഥിതിയോട്, വ്യവസ്ഥിതിയിലുള്ള തിന്മകളോട് പൊരുതുക എന്നതും ദൈവമാര്‍ഗത്തിലുള്ള സമരമാണ്. ജംറകളിലേക്കുള്ള കല്ലേറ് ഇപ്രകാരം ഈ രണ്ട് രീതിയിലുള്ള സമരത്തിന്റെയും പ്രതീകമാകുന്നു. ആത്മീയതയെയും കലാപത്തെയും ഒരു പോലെ പ്രതിനിധീകരിക്കുന്ന ഹജ്ജ് അതിന്റെ മൂര്‍ച്ചയിലാണ് ബലിയര്‍പ്പിക്കാനുള്ള ആഹ്വാനം മുഴക്കുന്നത്. ത്യാഗത്തെയാണല്ലോ ബലി പ്രതിനിധാനം ചെയ്യുന്നത്. ഒപ്പം അത് പ്രതിബദ്ധതയുമാണ്. ഒരര്‍ത്ഥത്തില്‍ ബലി മറ്റ്
മനുഷ്യനോടുള്ള ബാധ്യതയെയാണ് പ്രതിനിധാനം ചെയ്യുന്നത്. നിങ്ങള്‍ ഭക്ഷ്യമൃഗത്തെ അറുത്ത് മാംസം വിതരണം ചെയ്യുക എന്നാണ് ഖുര്‍ആന്റെ കല്‍പന. ഇസ്‌ലാമിന്റെ എല്ലാ അനുഷ്ഠാനങ്ങളിലും ചുറ്റുപാടിനോടും അതിലുള്ള സഹജീവികളോടുമുള്ള ബാധ്യതകളുടെ അനുസ്മരണം കാണാം. അല്ലാഹുവുമായി നേരിട്ടു തന്നെയുള്ള ആശയവിനിമയമായാണ് നമസ്‌കാരം വിശേഷിപ്പിച്ചിട്ടുള്ളത്. ആ ആശയവിനിമയം, പക്ഷേ അവസാനിപ്പിക്കുന്നത് തന്റെ ഇരുവശത്തുമുള്ള മനുഷ്യര്‍ക്കും തിര്യക്കുകള്‍ക്കും സലാം, ദൈവരക്ഷയും സമാധാനവും ആശംസിച്ചു കൊണ്ടാണ്.
ഒരു മാസത്തെ റമദാന്‍ വ്രതത്തിനൊടുവില്‍ ഫിത്വ്ര്‍ സകാത്ത് എന്ന ദാനം. നോമ്പിനെക്കുറിച്ച ഖുര്‍ആന്റെ കല്‍പനകള്‍ അവസാനിപ്പിക്കുന്നത് 'ധര്‍മാനുഗാതാക്കളേ, നിങ്ങള്‍ നിങ്ങളുടെ മുതലുകളെ അന്യായമായി കവര്‍ന്നു ഭുജിക്കരുത്' എന്നു പ്രസ്താവിച്ചു കൊണ്ടാണ്. ഹജ്ജിന്റെ പ്രധാനഭാഗമായ ബലിയിലും ഇതേ തത്വമാണുള്ളതെന്നു കാണാം. അതോടൊപ്പം തന്നെ ഇത് അല്ലാഹുവിനുള്ള സമ്പൂര്‍ണമായ സമര്‍പ്പണവുമാണ്.
ഇബ്‌റാഹീമിന്റെ ജീവിതത്തെയും ത്യാഗത്തെയും സ്മരിക്കലുമാണത്. ഇബ്‌നു ബത്തൂത്ത പറയുന്നത്, നന്ദിപൂര്‍വ്വം അല്ലാഹുവിന് തന്നെത്തന്നെ സമര്‍പ്പിക്കാനൊരുങ്ങിയ ഇബ്‌റാഹീമിന് അല്ലാഹു നല്‍കിയ സമ്മാനമാണ് ആദ്യത്തെ ബലിമൃഗം, ആ ആട്ടിന്‍കുട്ടി എന്നാണ്. ഇതു പറയുമ്പോള്‍ കൂട്ടമായി സഞ്ചരിക്കുന്ന ആടുകളുടെ ദൃശ്യം.
    തല മുണ്ഡനം ചെയ്തു കൊണ്ട് ഹാജി ഇഹ്‌റാമില്‍ നിന്ന് വിരമിച്ചു. ''എന്റെ ഹജ്ജ് പൂര്‍ണമായിരിക്കുന്നു'' ഇബ്‌നു ബത്തൂത്തയുടെ സ്വരം. ''എന്റെ ഹൃദയം നിറയുകയും ചെയ്തു. എന്റെ സഞ്ചാരപരീക്ഷകള്‍ എന്നെ വിനയാന്വിതനാക്കുകയും എന്റെ കണ്ണുകള്‍ തുറപ്പിക്കുകയും ചെയ്തതായി ഞാനറിയുന്നു. ഖാഫിലകള്‍ മക്ക വിടുകയാണ്. പടിഞ്ഞാറേക്കുള്ള യാത്രാസംഘങ്ങള്‍ ഒരു പക്ഷേ എന്നെ വീട്ടിലേക്കെത്തിച്ചേക്കാം. എന്നാല്‍ എന്റെ ഉള്ളില്‍ ഒരു വചനം നിറയുകയാണ്. 'പോവുക, ചൈനയിലോളം എത്തിച്ചേരേണ്ടതുണ്ടെങ്കില്‍പ്പോലും ജ്ഞാനാന്വേഷണത്തിനായി നിങ്ങള്‍ പുറപ്പെട്ടു പോവുക തന്നെ വേണം.''
അതുകൊണ്ടാണ് ഇബ്‌നു ബത്തൂത്ത തന്റെ സഞ്ചാരം തുടര്‍ന്നത്. മുപ്പതു വര്‍ഷം കഴിഞ്ഞാണ് പിന്നീടദ്ദേഹം ടാംഗീറിലെ തന്റെ വീട്ടില്‍ തിരിച്ചെത്തിയത്. അതിനിടയില്‍ നാല്‍പ്പതോളം രാജ്യങ്ങള്‍. ഒരുപാടനുഭവങ്ങള്‍. ഈ മഹാസഞ്ചാരിയുടെ കുറിപ്പുകള്‍ ഏതൊരു ചരിത്രപഠിതാവിന്റെയും ഏറ്റവുമനിവാര്യമായ ഉപകരണമായിത്തീരുകയും ചെയ്തു.

മഹത്തായ യാത്ര, തലമുറകളുടെ സംവാദം  
ഹജ്ജ് എന്ന അനുഷ്ഠാനം, അതിന്റെ രാഷ്ട്രീയം, ആത്മീയത, സാമൂഹികത തുടങ്ങിയവ പ്രമേയമാക്കിക്കൊണ്ട് ഒട്ടേറെ നോവലുകളും
സിനിമകളും മറ്റും ഉണ്ടായിട്ടുണ്ട്. അലെക്‌സ് ഹാലിയുടെ മാല്‍കം എക്‌സിന്റെ ആത്മകഥയെ അവലംബിച്ചു കൊണ്ട് സ്‌പൈക് ലീ നിര്‍മിച്ച മാല്‍കം എക്‌സ് എന്ന സിനിമ ഹജ്ജിന്റെ മാനവികതയെ അനുഭവിപ്പിക്കുന്ന ഒരു ചലച്ചിത്രമാണ്. 2004ല്‍ ഇസ്മാഇല്‍ ഫറൂഖി നിര്‍മിച്ച ഫ്രഞ്ച് മൊറോക്കന്‍ ചിത്രമായ Le Grand Voyege (The Big Journey, അല്‍ രിഹ്‌ലതുല്‍ കുബ്‌റാ) ഹജ്ജിനെ മുഖ്യപ്രമേയമാക്കി നിര്‍മിച്ച ഫീച്ചര്‍ ഫിലിമുകളില്‍ ഏറ്റവും ശ്രദ്ധേയമാണ്. ഹജ്ജിന് പുറപ്പെട്ട പിതാവിനൊപ്പം യാത്ര ചെയ്യാന്‍ നിര്‍ബ്ബന്ധിതനായ റെദ എന്ന ചെറുപ്പക്കാരന്റെ അനുഭവങ്ങളിലൂടെയാണ് മഹായാത്ര വികസിക്കുന്നത്. റോഡ് വഴി തന്നെ പോകണമെന്നതാണ് പിതാവിന്റെ പ്രശ്‌നം. സാരമായ അളവില്‍ aerophobia (flight fear) ഉണ്ടെന്നുള്ളത് പക്ഷേ, റോഡ് യാത്രയ്ക്കുള്ള അദ്ദേഹത്തിന്റെ കാരണങ്ങളില്‍ ഒന്നു മാത്രമാണ്.
എന്തായാലും വണ്ടി ഡ്രൈവ് ചെയ്യുക എന്നതാണ് റെദയുടെ ഉത്തരവാദിത്തം.
വലിയൊരനുഭവം തന്നെയായിരുന്നു ആ യാത്ര. അതിന്റെ ചിത്രീകരണമാകട്ടെ, മഹത്തായ ഒരു യാത്രയില്‍ പങ്കുചേര്‍ന്ന അനുഭൂതി തന്നെ അനുവാചകനിലുമുണ്ടാക്കുന്നു. ഇബ്‌നു ബത്തൂത്തയുടെ യാത്ര ആരംഭിക്കുന്നത് മൊറോക്കോയില്‍ നിന്നാണെങ്കില്‍ റെദയുടെ കുടുംബം തെക്കന്‍ ഫ്രാന്‍സില്‍ താമസിക്കുന്ന മൊറോക്കന്‍ വംശജരാണ്. ഇബ്‌നു ബത്തൂത്തയുടെ വഴികളും ഉപാധികളുമെല്ലാം പതിനാലാം
നൂറ്റാണ്ടിലേതാണെങ്കില്‍ ഇത് ഇരുപതാം നൂറ്റാണ്ടിലേതാണെന്ന അന്തരമുണ്ട്. വഴിയും വ്യത്യസ്തം. ഫ്രാന്‍സില്‍ നിന്നും ഇറ്റലി, സ്ലോവേനിയ, ക്രോഷ്യ, സെര്‍ബിയ, ബള്‍ഗേറിയ, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍ വഴി സൗദി അറേബ്യയിലേക്കാണ് റെദ യാത്ര ചെയ്തത്. ഈ സ്ഥലങ്ങളിലെ പ്രകൃതിയും ചരിത്രവും ആസ്വദിച്ചും അറിഞ്ഞും നമ്മളും റെദയോടൊപ്പം യാത്ര ചെയ്യുകയാണ്. ആയിരം പള്ളികളുടെ നാട് എന്നത്രേ തുര്‍ക്കിയിലെ ഇസ്തംബൂള്‍ അറിയപ്പെടുന്നത്. ജോര്‍ജിയന്‍ ശൈലിയില്‍ പണിത ബ്ലൂ മോസ്‌ക് അത്യധികം ചേതോഹരമാണ്. മറ്റൊരു ജോര്‍ജിയന്‍ കെട്ടിടം ആണ് അയാ സോഫിയ. ഹഗിയ സോഫിയ എന്നു കൂടി പേരുള്ള ഇത് സി.ഇ 537 മുതല്‍ 1453 വരെ ഗ്രീക് ഓര്‍തഡോക്‌സ്
പാട്രിയാര്‍കല്‍ ബസിലിക്ക ആയിരുന്നുവത്രേ. എന്നാല്‍ ഇതിനിടയില്‍ത്തന്നെ ലത്തീന്‍ സാമ്രാജ്യത്തിനു കീഴില്‍ 1204 മുതല്‍ 1261 വരെ ഇതൊരു റോമന്‍ കത്തോലിക്കന്‍ കത്തീഡ്രലാക്കി മാറ്റപ്പെട്ടു. ഉസ്മാനിയ ആധിപത്യത്തിനു കീഴില്‍ 1453 മുതല്‍ ഇത് മസ്ജിദ് ആയി മാറി. 1931 വരെ അതു തുടര്‍ന്നു. 1931 മുതല്‍ ഒരു മ്യൂസിയമാണ് അയാ സോഫിയ. Holly Wisdom എന്നാണ് അയാ സോഫിയ എന്നതിന്റെ അര്‍ത്ഥം. ഇതു പോലെ പല ചരിത്രകേന്ദ്രങ്ങളും അറിഞ്ഞു കൊണ്ടുള്ളതാണ് ഇവിടെ നമ്മുടെ യാത്ര. അതുപോലെ മിലാന്‍, ബെല്‍ഗ്രേഡ് മുതല്‍ ദമസ്‌കസ്, അമ്മാന്‍ വരെയുള്ള നഗരങ്ങളും.
മതത്തിലോ അതിന്റെ തത്വശാസ്ത്രത്തിലോ സാമൂഹിക കാഴ്ചപ്പാടിലോ ഒന്നും യാതൊരു താല്‍പര്യവുമില്ലാത്തയാളായിരുന്നു റെദ. സ്വഭാവത്തിലും സംസ്‌കാരത്തിലും അവനും പിതാവും തമ്മിലുള്ള അന്തരം നാം യാത്രയിലുടനീളം കാണുന്നുണ്ട്. എന്നാല്‍ തന്റേതായ വിശ്വാസമോ രീതികളോ മകനില്‍ അടിച്ചേല്‍പിക്കാന്‍ പിതാവ് മുതിരുന്നില്ല. പലപ്പോഴും പിതാവ് നമസ്‌കാരത്തിലും പ്രാര്‍ത്ഥനകളിലുമേര്‍പ്പെടുമ്പോള്‍ റെദ കാറില്‍ തന്റെ ഗേള്‍ ഫ്രന്റ് ലിസയുടെ ഫോട്ടോയില്‍ നോക്കിയും മനോരാജ്യങ്ങളില്‍ മുഴുകിയും ഇരിക്കുകയായിരിക്കും. അച്ഛന്‍ പള്ളിയിലായിരിക്കുമ്പോള്‍ മകന്‍ ബീര്‍ പാര്‍ലറിലോ നൈറ്റ് ക്ലബ്ബിലോ ആയിരിക്കും. ഇടയ്ക്ക് അച്ഛന്‍ ചെയ്യുന്ന ദാനധര്‍മങ്ങളോട് മകന്‍ വളരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതു കാണാം. ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അദ്ദേഹം മകനോട് ദേഷ്യപ്പെടുന്നത്. ഒരിക്കലതൊരു പൊട്ടിത്തെറിയുടെ അവസ്ഥ വരെ എത്തി.
മഞ്ഞു പുതഞ്ഞ ഒരു മലയടിവാരത്തില്‍ അച്ഛന്‍ റെദയോട് തന്റെ യാത്ര റോഡ് വഴിയാക്കാന്‍ കാരണമെന്താണെന്ന് പറയുന്നുണ്ട്. കടലിലെ വെള്ളം തിളച്ച് ബാഷ്പീകരിച്ചിട്ടാണ് അത് മുകളിലേക്കുയരുന്നത്. അതാകട്ടെ, അതിന്റെ കയ്‌പെല്ലാം വെടിഞ്ഞ് ശുദ്ധീകരിക്കുവാന്‍ അതിനെ സഹായിക്കുകയും ചെയ്യുന്നു. ഇപ്രകാരം ശുദ്ധീകരിക്കപ്പെടുന്നതിനു വേണ്ടിയാണല്ലോ ഹജ്ജ് നിര്‍വ്വഹിക്കുന്നത്. അതിനാല്‍ത്തന്നെ പുണ്യയാത്രക്ക് പുറപ്പെടുന്നവര്‍ നടന്നു പോകുന്നതാണ് കുതിരപ്പുറമേറിപ്പോകുന്നതിനേക്കാള്‍ നല്ലത്. ഒരു കാറില്‍ സഞ്ചരിക്കുന്നതിനെക്കാളും നല്ലത്, പക്ഷേ കുതിരപ്പുറത്ത് പോകുന്നതാണ്. അതോടൊപ്പം തന്നെ കാര്‍ ഒരു ജലയാനത്തെക്കാളും ജലയാനം വിമാനത്തെക്കാളും ഉത്തമമാകുന്നു.
തുടര്‍ന്ന് ബാല്യകാലത്തെക്കുറിച്ച സ്മരണകളില്‍ മുഴുകുകയാണ് അയാള്‍.
എന്തായാലും ഈ യാത്രയിലാണ് അച്ഛനും മകനും തമ്മില്‍ കൂടുതലറിയുന്നത്. രണ്ട് തലമുറകള്‍ തമ്മിലുള്ള സംവാദങ്ങള്‍, കൊടുക്കല്‍ വാങ്ങലുകള്‍, സംഘര്‍ഷങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലൂടെയും കൂടിയാണ് ലെ ഗ്രാന്റ് വോയേജ് വികസിക്കുന്നത്. അമ്മാനില്‍ ഒരു ഹോട്ടലില്‍ പിതാവ് വിശ്രമിക്കുന്ന സമയത്ത് റെദ നൈറ്റ് ക്ലബ്ബില്‍ നര്‍ത്തകിയോടൊപ്പം ആടി രസിക്കുന്നുണ്ട്. രാത്രിയില്‍ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന അച്ഛന്‍ കാണുന്നത് കൈയില്‍ വൈന്‍ കുപ്പിയുമായി നര്‍ത്തകിയോടൊപ്പം നില്‍ക്കുന്ന മകനെ. കോപത്തോടെ വാതില്‍ വലിച്ചടച്ച അയാള്‍ പിറ്റേന്ന് തനിച്ച് നടന്നു നീങ്ങുമ്പോള്‍ കാറുമായി പിന്നാലെ ചെന്ന് റെദ ക്ഷമാപണം നടത്തി. ഗൗനിക്കാതെ മുന്നോട്ടു തന്നെ നടന്ന അയാളോട് അവസാനം റെദ ചോദിച്ചു, ''നിങ്ങളുടെ മതത്തില്‍ മാപ്പു നല്‍കല്‍ എന്ന ഒന്നില്ലേ?'' അതോടെ അയാള്‍ നിന്നു. ഇങ്ങനെ കുറേ അനുഭവങ്ങള്‍ പിതൃപുത്രബന്ധത്തിന്റെ സവിശേഷമായ ചില തലങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു.
ലക്ഷ്യത്തോടേതാണ്ട് അടുക്കാറായപ്പോള്‍ റെദ അന്വേഷിച്ചു, ''എന്താണ് മക്കയുടെ പ്രത്യേകത? എന്തിനാണ് ഇത്രയേറെ ക്ലേശങ്ങള്‍ സഹിച്ചുകൊണ്ട് ഇവിടെ വരെ വരുന്നത്?'' ഉടനെപിതാവ് ''ഇപ്പോഴാണോ നിനക്കിതെല്ലാം അറിയണമെന്നു തോന്നിയത്?'' എന്നൊരു മറുചോദ്യം ചോദിച്ചതിനു ശേഷം മകന്റെ തൊട്ടടുത്ത് ചേര്‍ന്നിരുന്നു കൊണ്ട് വിശദീകരിച്ചു തുടങ്ങി. മുസ്‌ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാകേന്ദ്രമാണ് മക്ക. പ്രവാചകനായ ഇബ്‌റാഹീമിന്റെ മാതൃക പിന്‍പറ്റിക്കൊണ്ട് ലോകത്തെമ്പാടും നിന്ന് ആളുകള്‍ മക്കയിലേക്ക് വരുന്നു.
ഹജ്ജ് വളരെ പ്രധാനമാണ്. ഇസ്ലാമിന്റെ പഞ്ചമസ്തംഭമാണത്. അദ്ദേഹം തുടര്‍ന്നു, ''യാത്രയ്ക്ക് കഴിവുള്ള എല്ലാ മുസ്‌ലിംകളും ജീവിതത്തില്‍ ഒരു തവണയെങ്കിലും ഇവിടെ വന്ന് ഈ ആരാധന കര്‍മ്മം നിര്‍വഹിക്കേണ്ടതുണ്ട്. ആത്മാവിനെ ശുദ്ധീകരിക്കാന്‍ വേണ്ടിയാണ് ഈ കര്‍മം നിര്‍വഹിക്കുന്നത്.''
''നാമെല്ലാം ഒരു നാള്‍ മരിക്കും' വീണ്ടും  അച്ഛന്‍ പറഞ്ഞു. 'ഈ ഭൂമിയില്‍ നാം കേവലം അതിഥികളെപ്പോലെയാണ്. എന്റെ ഉത്തരവാദിത്തം പൂര്‍ത്തിയാകും മുമ്പ് മരിച്ചു പോകുമോ എന്നു മാത്രമാണ് ഇപ്പോഴെന്റെ ഭീതി. പ്രിയപ്പെട്ട മോനേ, നിന്നെക്കൂടാതെ എനിക്കിത് നിര്‍വഹിക്കാന്‍ പറ്റുമായിരുന്നില്ല. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. ഈ യാത്ര എന്നെ ഒരു പാട് കാര്യങ്ങള്‍ പഠിപ്പിച്ചു.' ഇത്രയും പറഞ്ഞ ശേഷം പിതാവ് നിസ്‌കരിക്കാനൊരുങ്ങുമ്പോഴും റെദ അതു നോക്കി നില്‍ക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോളവന്റെ മുഖത്ത് നേരിയ ഒരു പുഞ്ചിരിയുണ്ട്. മൊത്തം ഹാവഭാവങ്ങളിലൊക്കെയും സൂക്ഷ്മമെങ്കിലും മാറ്റം പ്രകടമാണ്.
തുടര്‍ന്ന് ഇഹ്‌റാം കെട്ടി തല്‍ബിയത്ത് ചൊല്ലിക്കൊണ്ട് ഹാജിമാര്‍ക്കൊപ്പം മുന്നോട്ടു നടക്കുന്ന പിതാവ്. രാത്രിയില്‍ തെരക്കിനിടയില്‍ ഉപ്പയെ തെരഞ്ഞ റെദ നയിക്കപ്പെടുന്നതാകട്ടെ, മൃതദേഹങ്ങള്‍ സൂക്ഷിച്ച മുറിയിലും. മരിച്ചു കിടന്ന ഉപ്പയെ കെട്ടിപ്പിടിച്ചു കൊണ്ട് അവന്‍ ആര്‍ത്തലച്ചു കരഞ്ഞു കിടന്നു.
കാര്‍ വിറ്റതിനു ശേഷമാണ് അവന്‍ തിരിച്ചുപോകുന്നത്. ജീവിതവുമായി ബന്ധപ്പെട്ട അവന്റെ കാഴ്ചപ്പാടില്‍ വന്ന മാറ്റം ചലച്ചിത്രകാരന്‍ സൂക്ഷ്മമായി ആവിഷ്‌കരിക്കുന്നുണ്ട്. ടാക്‌സിയില്‍ കയറുന്നതിനു മുമ്പ് അവന്‍ നിര്‍വഹിക്കുന്ന സ്വദഖ. അത്രമാത്രം. ഇതുള്‍പ്പെടെ അവതരണത്തിന്റെ കാര്യത്തിലെല്ലാം ഈ സിനിമ വെച്ചുപുലര്‍ത്തുന്ന മിതത്വം, ഇസ്മാഈല്‍ ഫറൂഖി കാണിക്കുന്ന കൈയടക്കം പ്രശംസനീയമാകുന്നു. സാവോപോളോയിലെയും വെനീസിലെയും അന്തര്‍ദ്ദേശീയ ഫെസ്റ്റിവലുകളിലുള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങളും പുരസ്‌കാരങ്ങളും അല്‍ രിഹ്‌ലതുല്‍ കുബ്‌റാ എന്ന ഈ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.
എന്തായാലും Journey to Mecca, Le Grand Voyage എന്നീ സിനിമകള്‍ ഒരു മഹായാത്രയുടെ അനുഭവം തന്നെയുണ്ടാക്കുന്നു. ചരിത്രത്തിലൂടെ തീര്‍ത്ഥയാത്ര നടത്തിയ ഒരനുഭൂതി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top