ഉപ്പ എന്റെ ഓര്‍മയില്‍
മുനീറ കൽലായിൽ
2014 ഒക്ടോബര്‍
ഞങ്ങളുടെ ഉപ്പയുടെ സ്‌നേഹവും വാത്സല്യവും വേണ്ടുവോളം അനുഭവിച്ച ഞങ്ങള്‍ക്ക് ആ വേര്‍പാട് താങ്ങാവുന്നതിലപ്പുറമായിരുന്നു. ഉപ്പയെ പോലെ സൗമ്യനായി പുഞ്ചിരിയോടെ
കഴിഞ്ഞ മാസം 22 ന് ഈ ലോകത്തോട് വിടപറഞ്ഞ അബ്ദുല്‍ അഹദ് തങ്ങളെ അദ്ദേഹത്തിന്റെ മകള്‍ ഓര്‍മിക്കുന്നു.
ഞങ്ങളുടെ ഉപ്പയുടെ സ്‌നേഹവും വാത്സല്യവും വേണ്ടുവോളം അനുഭവിച്ച ഞങ്ങള്‍ക്ക് ആ വേര്‍പാട് താങ്ങാവുന്നതിലപ്പുറമായിരുന്നു. ഉപ്പയെ പോലെ സൗമ്യനായി പുഞ്ചിരിയോടെ വീട്ടുകാരോടും നാട്ടുകാരോടും പെരുമാറുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. മനുഷ്യര്‍ക്ക് ദേഷ്യമുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ പോലും ഉപ്പ സമചിത്തതയോടെയും ക്ഷമയോടെയും കൈകാര്യം ചെയ്തിരുന്നു. ഉപ്പയുടെ ജീവിതത്തില്‍ ഒരു വിശ്രമവും ഇല്ലായിരുന്നു. ജീവിത കാലം മുഴുവന്‍ നബിചര്യയും ദിനചര്യയും മുറുകെ പിടിക്കുന്നതില്‍ ഉപ്പ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
ഉപ്പ കോഴിക്കോട് നിന്ന് വരുന്ന ദിവസം കുട്ടികളായ ഞങ്ങളും അയല്‍പക്കത്തെ കുട്ടികളും കാത്തുനില്‍ക്കുമായിരുന്നു. ഉപ്പ കൊണ്ടുവരുന്ന മിഠായിക്കുവേണ്ടി. മിഠായികളും മധുര പലഹാരങ്ങളും ഞങ്ങള്‍ക്കും അയല്‍പക്കത്തെ കുട്ടികള്‍ക്കും ഒരുപോലെ തരും. അയല്‍വാസികളും ഞങ്ങളും സ്വന്തം വീട്ടിലെ അംഗങ്ങളെപോലെയാണ് കഴിഞ്ഞിരുന്നത്. ഉപ്പ എല്ലാവരോടും സമന്മാരായി പെരുമാറി. ആരുടെയും ഒരു വിദ്വേഷവും ഏറ്റുവാങ്ങിയിട്ടില്ല. ഉപ്പയുടെ സാന്നിധ്യം കരുത്തുപകരുന്നതായി പ്രസ്ഥാന പ്രവര്‍ത്തകരായ സ്ത്രീകള്‍ എന്നോടു പറഞ്ഞിരുന്നു.
ഉപ്പ മക്കളെയും പേരമക്കളെയും ആത്മാര്‍ഥമായി സ്‌നേഹിച്ചു. ജീവിതത്തിലൊരിക്കലും ഞങ്ങളെ ശകാരിക്കുകയോ അടിക്കുകയോ ചെയ്തിട്ടില്ല.
പെണ്‍കുട്ടികള്‍ പെരുന്നാള്‍ ദിവസങ്ങളില്‍ അരച്ച മൈലാഞ്ചി ഇടുന്നതും വളച്ചെട്ടികളുടെ പക്കല്‍ നിന്നും വളകള്‍ വാങ്ങി അണിയുന്നതും ഉപ്പാക്ക് ഇഷ്ടമായിരുന്നു.
എന്റെ സഹോദരി സഫിയ കിഡ്‌നി അസുഖമായി മദ്രാസിലായിരിക്കുമ്പോള്‍ നിരവധി തവണ ടെസ്റ്റിനും ചികിത്സക്കുമായി അവിടെക്ക് ഉപ്പ യാത്ര ചെയ്തിരുന്നു. കിഡ്‌നി മാറ്റി വെക്കുന്നത് നിര്‍ബ്ബന്ധമാണെന്ന് ഡോക്ടര്‍നിര്‍ദ്ദേശിച്ചപ്പോള്‍ ഉപ്പ സ്വന്തം കിഡ്‌നി കൊടുക്കാന്‍ തയ്യാറായി. അതിനായി 60-ാം വയസ്സിലും നിരവധി ടെസ്റ്റുകള്‍ക്ക് വിധേയനായി. അതിനു ശേഷമാണ് ഉപ്പയുടെ കിഡ്‌നി ഉചിതമല്ല എന്ന് കണ്ടെത്തിയത്. അവസാനം എന്റെ കിഡ്‌നി കൊടുക്കാനാണ് തീരുമാനിച്ചത്. അന്ന് ഞങ്ങള്‍ രണ്ട് മക്കളെ തിയേറ്ററിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉപ്പായുടെ ക്ഷമയും ധീരതയും തവക്കലും അതോടൊപ്പമുള്ള വിഷമവും നിറഞ്ഞ മുഖം ഇപ്പോഴും ഞാനോര്‍ക്കുന്നു. നാട്ടുകാരുടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലും തകരുമായിരുന്ന കുടുംബ ജീവിതങ്ങളെ സന്തുഷ്ടമാക്കുന്നതിലും ഉപ്പ പ്രകടിപ്പിച്ചിരുന്ന കഴിവ് നാട്ടുക്കാര്‍ക്ക് വലിയ മതിപ്പുളവാക്കി. രണ്ട് അമുസ്‌ലിം സ്ത്രീകള്‍ പട്ടിണി കിടന്നപ്പോള്‍ ഉപ്പയെ സമീപിക്കുകയും അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം നല്‍കിയ ശേഷം ജീവിക്കാനാവശ്യമായ കാശും കൊടുത്തതായി അവര്‍ എന്നോട് പറഞ്ഞു. ഞങ്ങളുടെ അയല്‍പക്കത്തെ ഒരു അമുസ്‌ലിം സ്ത്രീക്ക് അവരുടെ വീട്ടിലെ അംഗത്തിന് പണം ആവശ്യമായി വന്നപ്പോള്‍ ആധാരം ഈടായി സ്വീകരിച്ച് ഉപ്പയോട് കുറച്ച് പണം ആവശ്യപ്പെട്ടപ്പോള്‍ 'ആധാരമൊന്നും ആവശ്യമില്ല നിങ്ങള്‍ കാശ് കൊണ്ടു പൊയ്‌ക്കോളു' എന്ന് ഉപ്പ പറഞ്ഞതും ആ സ്ത്രീ എന്നോട് പറഞ്ഞപ്പോഴാണ് ഞങ്ങളറിഞ്ഞത്. മറക്കാന്‍ പറ്റാത്ത നന്‍മയാണ് ഉപ്പ ചെയ്തതെന്നും ഇതേ പോലത്തെ മനുഷ്യര്‍ അധികമൊന്നും ഉണ്ടാവില്ല എന്നും പറഞ്ഞു കരയുകയായിരുന്നു.
പറമ്പില്‍ പണിയെടുക്കാന്‍ വരുന്നവരോട് നമസ്‌കാര സമയമാകുമ്പോള്‍ പള്ളിയില്‍ പോയി വന്നിട്ട് പണി എടുത്താല്‍ മതി എന്ന് പറയുമായിരുന്നു. നമസ്‌കാരം കൃത്യമായി ചെയ്യാതിരുന്ന ഒരാള്‍ ഇന്നും ബാങ്ക് കേള്‍ക്കുമ്പോള്‍ പള്ളിയില്‍ പോകും. ഉപ്പ ഒരിക്കല്‍ നല്‍കിയ ഉപദേശമാണ് ഇപ്പോഴും പാലിക്കുന്നതെന്ന് അയാള്‍ പറയും. ഉപ്പയുടെ മറ്റൊരു ഗുണം ഉപ്പാന്റെ സംസാര രീതിയാണ്. കുട്ടികളെ പോലും 'നിങ്ങള്‍' എന്ന് മാത്രമേ വിളിച്ചിരുന്നുള്ളു. പ്രസ്ഥാന പ്രവര്‍ത്തകരോട് അതിരറ്റ സ്‌നേഹമായിരുന്നു. പ്രത്യേകിച്ച് 'ഹിറ' സെന്ററില്‍ നിന്ന് ആരെങ്കിലും വന്നാല്‍ ഏറെ സന്തോഷമായിരുന്നു. പ്രസ്ഥാനം വളരണമെന്നും സ്ഥാപനങ്ങള്‍ പുരോഗമിക്കണമെന്നും വലിയ ആഗ്രഹമായിരുന്നു. ഉപ്പയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ 'ഇസ്ലാമിക് റസിഡന്‍ഷ്യല്‍ സ്‌കൂള്‍' (എടയൂര്‍) നശിക്കാതെ നോക്കണമെന്ന് എന്റെ സഹോദരന്‍മാരോട് ഉപ്പ ഓര്‍മിപ്പിച്ചിരുന്നു.
ഒരു വര്‍ഷം മുമ്പ് മരണം പ്രതീക്ഷിച്ച് ശഹാദത്ത് കലിമ ഉരുവിട്ട് കൊണ്ടിരുന്നപ്പോള്‍ ഞങ്ങളൊക്കെ കരച്ചിലായി. ഉപ്പ ഞങ്ങളെ സമാധാനിപ്പിച്ചു കൊണ്ട് അന്ന് പറഞ്ഞത് 'പരലോകസുഖത്തിനായി പ്രാര്‍ഥിക്കാനായിരുന്നു'. ജന്‍മ ദേശമായ തളിപ്പറമ്പില്‍ നിന്ന് ജമാഅത്ത് പ്രസ്ഥാനത്തിനായി എടയൂരില്‍ കുടിയേറ്റം നടത്തിയപ്പോള്‍ തളിപ്പറമ്പിലെ സ്വത്തവകാശം വേണ്ടെന്ന് വെച്ച് ഹാജി സാഹിബിനോടൊപ്പം പ്രവര്‍ത്തിച്ചു. വലിയ സുഖസൗകര്യങ്ങളില്‍ ജീവിക്കാമായിരുന്നിട്ടും ഉപ്പ യഥാര്‍ത്ഥ ഇസ്ലാം ജനങ്ങളില്‍ പ്രചരിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയത്. രേഖകള്‍ സൂക്ഷിക്കുന്നതില്‍ ഉപ്പ പ്രകടിപ്പിച്ചിരുന്ന സൂക്ഷ്മതയും നൈപുണ്യവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. തിരക്കു പിടിച്ച ജീവിതത്തിനിടയിലും എല്ലാ കാര്യങ്ങളും ഉപ്പ രേഖപ്പെടുത്തി വെച്ചിരുന്നു. മരണ ശേഷമാണ് ഞങ്ങളതെല്ലാം കാണുന്നത്. അക്കൂട്ടത്തില്‍ ഹാജി സാഹിബ് നടത്തിക്കൊടുത്ത ഉപ്പാന്റെ കല്യാണക്കത്തും ഉണ്ടായിരുന്നു.
ഏകദേശം മൂന്ന് വര്‍ഷത്തോളമായി ഉപ്പാക്ക് അഞ്ചു നേരവും പള്ളിയില്‍ പോകാന്‍ കഴിയാതായിട്ട്. വെള്ളിയാഴ്ച ജുമുഅക്ക് മാത്രം വാഹനത്തില്‍ പോയി തിരിച്ചു വരും. മരണത്തിന്റെ രണ്ടാഴ്ച മുമ്പ് ഓപറേഷനു ശേഷം വീട്ടിലെത്തി. വെള്ളിയാഴ്ച രാവിലെ പറഞ്ഞു, ഇന്ന് കുളിക്കണം. ജുമുഅക്ക് പോകണം എന്ന്. ഞങ്ങള്‍ ഉപ്പയോട് പറഞ്ഞു. 'നിങ്ങള്‍ക്ക് സുഖമായിട്ടില്ലല്ലോ.' അപ്പോള്‍ തന്നെ മറുപടി പറഞ്ഞു. ഇന്‍ശാ അല്ലാഹ് അടുത്തയാഴ്ച പോകാമല്ലോ എന്ന്. അടുത്തയാഴ്ച ഉപ്പ വീണ്ടും പറഞ്ഞു. എനിക്കൊന്ന് നന്നായി കുളിക്കണം. അപ്പോഴും ഉപ്പയോട് പറഞ്ഞു; നമുക്ക് നാളെ കുളിക്കാം. കസേരയില്‍ ഇരുന്ന് കുളിക്കാന്‍ പറ്റിയെങ്കില്‍ അങ്ങനെ, അല്ലെങ്കില്‍ കട്ടിലില്‍ കിടത്തി തന്നെ നല്ല പോലെ കുളിപ്പിച്ചു തരാമെന്ന്. ഉപ്പ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു പക്ഷേ.. ആ നാളെ, ഓഗസ്റ്റ് 23 ശനിയാഴ്ചയായിരുന്നു. ഉപ്പ ആഗ്രഹിച്ചത് പോലെ നന്നായി കുളിപ്പിച്ചു. എന്നാലും ഞങ്ങളൊന്നും വിചാരിച്ചിരുന്നില്ല, അത് മയ്യത്ത് കുളിപ്പിക്കലായിരിക്കും എന്ന.്