നിലവറയിലെ മെഴുകുതിരി

തുറയ അല്‍- ബക്‌സമി No image

മുതുകിന്‍ കൂട്ടിലൊളിക്കുന്ന ഒച്ചിനെപ്പോലെ അവള്‍ തന്റെ തോടിനുള്ളിലേക്ക് പിന്‍വലിഞ്ഞു. ഒറ്റ മെഴുകുതിരിയില്‍ നിന്നുള്ള പുകയുടെ പ്രവാഹമേറ്റ് ഭയങ്കരമായി ചുമച്ചു. അന്ധകാരത്തിലുള്ള അതിന്റെ സാന്നിധ്യം, ചുറ്റുമുള്ള എല്ലാ രൂപങ്ങളെയും വിഴുങ്ങിയ കൂരിരുട്ടിനെ നീക്കാനുള്ള ഒരു വൃഥാശ്രമമായിരുന്നു.
അവള്‍ ചുമ അടക്കിപ്പിടിച്ചു. ശ്വാസം മുട്ടുമെന്നായി. കുട്ടികളെ ഉണര്‍ത്താന്‍ തോന്നിയില്ല... തന്റെ കുട്ടികള്‍. അവര്‍ സമാധാനമായി ശ്വാസമയക്കുകയാണ്. സുഖസുഷുപ്തിയില്‍ സ്വപ്‌നങ്ങള്‍ കാണുകയായിരിക്കണം... കാട്ടാളന്മാരായ ആ പട്ടാളക്കാരുടെ വെറുക്കപ്പെട്ട രൂപങ്ങളോ, ഇക്കഴിഞ്ഞ ഏഴുമാസമായി തങ്ങളുടെ നെഞ്ചില്‍ കയറിയിരുന്ന ചോരയൊലിപ്പിക്കുന്ന രാക്ഷസന്‍മാരോ ആ സ്വപ്‌നങ്ങളില്‍ ഉള്‍പ്പെടുന്നില്ലെന്ന് എങ്ങനെ വിശ്വസിക്കും?
പിടിച്ചുലക്കുന്ന ചുമയില്‍ നിന്ന് ആശ്വാസം കിട്ടാനായി അവള്‍ വെള്ളം നിറച്ച ഗ്ലാസിനായി കൈ നീട്ടി. പിന്നെ പുക നിര്‍ത്താനായി അവള്‍ മെലിഞ്ഞു നീണ്ട മെഴുകുതിരിക്കാല്‍ ഊതിക്കെടുത്തി. അങ്ങനെ കണ്ണുകള്‍ തങ്ങളെ യാതൊരു മുന്നറിയിപ്പുമില്ലാതെ കാരാഗൃഹത്തിലാക്കിയ അസഹ്യമായ ഇരുട്ടിന് കീഴടങ്ങുകയായിരുന്നു.
യുദ്ധത്തിന്റെ നായാട്ട്‌നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച ജീവിതരീതിയില്‍ നിന്നുള്ള രക്ഷക്കായി ഒരഭയമായി തെരഞ്ഞെടുക്കപ്പെട്ട, അതിനനുസൃതമായ സ്ഥലമാണ് ഈ നിലവറ.
സഖ്യകക്ഷി സൈനികര്‍ ആകാശയുദ്ധം തുടങ്ങിയപ്പോള്‍, കുവൈത്ത് നഗരവാസികള്‍ നിലവറകളും തിരക്കി ഭ്രാന്തെടുത്ത് പാഞ്ഞുനടക്കുകയായിരുന്നു. നിലവറയെന്ന പദം പോലും അതിജീവനത്തിന്റെ, ബോംബുവര്‍ഷമേറ്റ് നിലംപരിശായേക്കാവുന്ന ഫ്‌ളാറ്റുകള്‍ക്കിടയില്‍ ജീവനോടെ കുഴിച്ചിടപ്പെടാതെ രക്ഷപ്പെടുന്നതിന്റെ, പര്യായമായിമാറി.
അവളുടെ വീടിന്റെ നിലവറ നിറയെ പഴയ വീട്ടുഫര്‍ണിച്ചറുകളുടെ കഷ്ണങ്ങളും സ്‌കൂള്‍ പുസ്തകക്കൂടുകളും, അത്തരം ഉപയോഗശൂന്യമായ വസ്തുക്കളുമായിരുന്നു. ആ നിലവറ അവളുടെ താല്‍ക്കാലികമായ ശവക്കല്ലറയായിരുന്നു. ചലിക്കാനും ഉറങ്ങാനും സ്ഥലം വളരെ പരിമിതം. അയല്‍വാസികളെപ്പോലും കൂടെ വന്ന് പാര്‍പ്പിക്കാന്‍ പറയാന്‍ വയ്യ.
അന്ധകാരം അവളെ കൊഞ്ഞനം കാട്ടി. പുറത്തെ ഭ്രാന്തമായ ഗര്‍ജനം നിലവറയുടെ മുകളറ്റത്തുള്ള കിളിവാതിലുകളെ, അവള്‍ ഒളിച്ചിരുന്ന ഭൂമിക്കടിയിലെ ഈ കുഴിയുടെ വിടവിനെ, പിടിച്ചുലക്കിയപ്പോള്‍ അവള്‍ക്ക് വിറയല്‍ അനുഭവപ്പെട്ടു. അവ നിര്‍ത്താതെ ഭയങ്കരമായി കുലുങ്ങിക്കൊണ്ടിരുന്നു. പൂട്ടുകളും താക്കോലുകളും ചുവരിനോട് ചേര്‍ത്തു ഘടിപ്പിച്ച ഇരുമ്പ് വിജാവിരികളും ഇളകി പറിഞ്ഞുപോകുമെന്ന് തോന്നി.
മകള്‍ സമാധാനമായി ശ്വാസമയക്കുകയാണ്. അവളുടെ ചുമയുടെ ശബ്ദം ബോംബിങ്ങിന്റെ ഒച്ചയോടൊപ്പം കൂടിക്കലര്‍ന്നു. ഈ ശബ്ദ കോലാഹലങ്ങളെല്ലാം ഉണ്ടായിട്ടും കുട്ടികള്‍ തങ്ങളുടെ സ്വപ്‌നസഞ്ചാരത്തിലാണ്. അങ്ങനെയായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു. ഉറക്കം അവരെ ഭീതിയില്‍ നിന്ന് കാത്ത് രക്ഷിക്കുന്നു. ഭയവും ആശങ്കയും ഉത്കണ്ഠയും തനിക്കുമാത്രമേയുള്ളല്ലോ എന്നതില്‍ അവള്‍ക്ക് സന്തോഷമുണ്ട്.
വാതിലിന്റെ സാക്ഷ കിടുകിടുത്തു. സ്‌ഫോടനത്തിന്റെ ശക്തി കാരണം കെട്ടിടത്തിന്റെ ഇഷ്ടികകള്‍ വെച്ച ആ ഭാഗം തകരുകയോ, കെട്ടിടത്തിന്റെ മുന്‍വശം ഇടുഞ്ഞു വീഴുന്നത് കേള്‍ക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, താന്‍ വെറുക്കുന്ന നിഷ്ഠൂരവും പരുഷവുമായ ഒച്ചയില്‍ ഒരാള്‍ അലറുന്നത് കേട്ടതാണ് അവളെ നടുക്കിയത്. ''നിന്റെ കാറ് വേണം... നിന്റെ കാറ്.'' ... ഈ ഭ്രാന്തമായ അലര്‍ച്ചക്കു ശേഷം ആരോ കെട്ടിടത്തിന്റെ പുറം വാതിലില്‍ ഉൗക്കാടെ ചവിട്ടുന്നു. തങ്ങള്‍ ഇവിടെയുള്ള വിവരം അവര്‍ അറിയാനിടയാകരുതെന്ന് ഉറച്ചുകൊണ്ട് അവള്‍ ഉപ്പുരസമുള്ള കണ്ണീര്‍ നിശബ്ദം സഹിച്ചു, തേങ്ങിക്കരച്ചില്‍ അടക്കിപ്പിടിച്ചു.
ഇളക്കം നില്‍ക്കാത്ത വാതിലിന്റെ മറ്റേഭാഗത്ത് എന്തൊക്കെയോ കുഴപ്പങ്ങള്‍ നടക്കുന്നുണ്ട്. കര്‍ക്കശക്കാരന്റെ ഒച്ച പോയി പകരം പട്ടാള വാഹനത്തിന്റെ ശബ്ദം. ഓരോ ശബ്ദത്തിന്റെയും സ്വത്വം ഉരിഞ്ഞു കാട്ടിയ കൂടിക്കുഴഞ്ഞ ശബ്ദകോലാഹലങ്ങള്‍. അവള്‍ ആകാവുന്നത്ര പൊക്കത്തിലേക്ക് ഏന്തിവലിച്ചു, അത് തന്റെ മേലേക്ക് ഇടിഞ്ഞുവീണേക്കുമെന്ന് പ്രതീക്ഷിച്ചു. തല മേല്‍തട്ടില്‍ തൊട്ടു. എന്നിട്ട് അത് പൊളിഞ്ഞു വീണേക്കുമെന്നും പകയുള്ള ആയുധധാരികളായ പട്ടാളക്കാര്‍ അതുകണ്ട് തന്റെയടുത്തേക്ക് ചുവടുവെച്ചുവരുമെന്നും മനസ്സില്‍ കണ്ടു. വാതിലിനു നേര്‍ക്കു നോക്കി. ഈ സങ്കല്‍പം അവളുടെ അടക്കിവെച്ചിരുന്ന കണ്ണുനീരിനെ പുറത്തു ചാടിച്ചു. അവളുടെ കരച്ചിലിന്റെ ശബ്ദം നിലവറയില്‍ പ്രതിധ്വനിച്ചു.
ഇതൊക്കെയായിട്ടും പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ ഗാഢമായി ഉറങ്ങുക തന്നെയാണ്. അവള്‍ ഒരു കുഞ്ഞിന്റെ നെഞ്ചില്‍ തല പറ്റിച്ചുവെച്ചു. അവന്റെ ഹൃദയം ഇപ്പോഴും മിടിക്കുന്നു, ഇപ്പോഴും ജീവിച്ചിരിക്കുന്നു, സ്വപ്‌നങ്ങള്‍ കാണുന്നു... തന്റെ ഹൃദയം ക്രമപ്രകാരം മിടിക്കാതായിരിക്കുന്നു. അവിടെ ഭയവും ഉത്കണ്ഠയും പ്രസരിക്കുകയാണ്. താനൊരിക്കലും സാഹസിക ആയിരുന്നിട്ടില്ല. ധീരമായ കാര്യങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി ഒരിക്കലും സ്വപ്‌നം കണ്ടിട്ടില്ല, ഭര്‍ത്താവിനെ അവര്‍ വീട്ടില്‍ നിന്നും വലിച്ചിഴച്ച് കാറിലേക്ക് എടുത്തിട്ട് അജ്ഞാതമായ വിധിക്കായ് കൊണ്ടു പോകുന്നതുവരെ അവരോട് യാചിച്ചില്ല, വറി തടഞ്ഞില്ല. കുഞ്ഞുങ്ങളെ അണച്ചു പിടിച്ചുകൊണ്ട് പട്ടാളയോഫീസറുടെ ചുമലുകളില്‍ തിളങ്ങുന്ന ആ നക്ഷത്രങ്ങളെ തുറിച്ച് നോക്കി നില്‍ക്കുക മാത്രം ചെയ്തു. ദുര്‍ബലയുടെ നേര്‍ക്കുള്ള ശക്തവാന്റെ അധികാരവും നിയമവുമായിരുന്നുവത്. അതവളെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ ശ്വസോച്ഛാസവും, കാര്‍ നിര്‍ബന്ധിച്ചാവശ്യപ്പെടുന്ന പട്ടാളക്കാരന്റെ വാക്കുകളും, വെടിയുണ്ടകളുടെ സീല്‍ക്കാരങ്ങളും പീരങ്കികളുടെ മുരള്‍ച്ചയും മറ്റ് വികൃതമായ പരിഭ്രാന്തിയുണ്ടാക്കുന്ന ശബ്ദങ്ങളും കേട്ടും, ഇങ്ങനെ മരണവും കാത്തുകഴിയുന്നത് ധീരതയല്ലെന്ന് ചിന്തിച്ചുഅസ്വസ്ഥതയാക്കി തനിയെ വൃത്തിഹീനമായ നിലവറയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഈ സംഗീതം അവസാനിപ്പിച്ചപ്പോള്‍ അവളുടെ മനസ്സില്‍ വിചിത്രമായ മറ്റെന്തോ മുളപൊട്ടിത്തുടങ്ങി. വ്യത്യസ്തമാ, പൂണമായും മനസ്സിലാക്കാത്ത എന്തോ ഒന്ന്.
പൊടുന്നനെയുണ്ടായ നിശബ്ദതയുടെ കാരണം അവള്‍ക്ക് മനസ്സിലായില്ല, ശബ്ദങ്ങളെല്ലാം നിലച്ചിരുന്നു. ചെന്ന് റേഡിയോ തുറന്നു നോക്കാനും പുതിയ വാര്‍ത്തകള്‍ കേള്‍ക്കാനും ആഗ്രഹം തോന്നിയില്ല. കാരണം, ലോകത്തിലെ ചാനലുകളെല്ലാം വഞ്ചനാത്മകമായ വാര്‍ത്തകളുടെ പ്രവാഹത്തില്‍ പൂണ്ടുകിടക്കുന്നതായിരുന്നു.
അവള്‍ സ്വയം ചിന്തിച്ചുനോക്കി, ''ഞാന്‍ വീണ്ടും ചുരുണ്ടുകൂടി ഉറങ്ങാന്‍ ശ്രമിക്കണമോ, അതോ മേല്‍ക്കൂര പൊളിഞ്ഞു വീഴുന്നതുവരെ കാത്തിരിക്കണമോ?''
അന്ധകാരം അതിന്റെ കെട്ടഴിച്ചു, പ്രഭാതത്തിന്റെ ആദ്യ കിരണങ്ങളാല്‍ നിലവറയിലെ മെഴുകുതിരികള്‍ കെടുത്താന്‍ വിളംബരം ചെയ്തു വിടവാങ്ങി.
അവള്‍ നിലവറയുടെ വാതിലില്‍ താക്കോലിട്ടു തിരിച്ചു. ഇത് ധീരതയുള്ള പ്രവര്‍ത്തിയല്ല. എന്തുകൊണ്ടാണ് യുദ്ധക്കോപ്പുകള്‍ അപസ്വരത്തിലുള്ള വാദ്യങ്ങള്‍ വായിച്ചുകൊണ്ട് നിശ്ചലമായതെന്ന് അറിയാനുള്ള അഭിവാഞ്ജ മനസ്സില്‍ കാത്തുസൂക്ഷിക്കുകയായിരുന്നു.
വീടിനു ചുറ്റും പട്ടാളക്കാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് സൂക്ഷിച്ചു സൂക്ഷിച്ചു പടികള്‍ കയറി. ആ വെറുക്കപ്പെട്ട വൃത്തികെട്ട നിശബ്ദത അവളെ ഭയപ്പെടുത്തി. പക്ഷേ, നിമിഷങ്ങള്‍ക്കകം താന്‍ റോഡിന്റെ മധ്യത്തില്‍ നില്‍ക്കുന്നതാണ് അവള്‍ കണ്ടത്. വാതിലുകള്‍ മലര്‍ക്കെ തുറന്നുവെച്ച ഒരു കാര്‍ നോക്കിക്കൊണ്ട്. ഈ കാഴ്ച ഭാവനക്കപ്പുറമാണ്. അവരീ കാര്‍ ശ്രദ്ധിച്ചില്ലേ, റോഡിന്റെ നടുക്കായിട്ടും? അവരുടെ പട്ടാളക്കാരനെന്തേ അത് മോഷ്ടിച്ചുകൊണ്ടുപോകുന്നതിനെ കുറിച്ചാലോചിച്ചില്ല?
അയല്‍പക്കത്തെ ഒരു കൊച്ചു കുട്ടി വീടിന്റെ പടിപ്പുരയില്‍ കൂടെ കൊച്ചു തല വെളിക്കിട്ടു നോക്കി. അവന്റെ ചെവിയില്‍ റേഡിയോ പറ്റിക്കിടന്നു. അവന്‍ അവളെകണ്ട് ആഹ്ലാദത്തോടെ ആര്‍ത്തുവിളിച്ചു. ''ഉമ്മു ഫാതിമാ അബ്ശാരീ, അവരെല്ലാം എലികളെപ്പോലെ ഓടിപ്പോയില്ലേ. ഇപ്പം കുവൈത്തി മണ്ണിലെങ്ങും ഒരൊറ്റ ഇറാഖി പട്ടാളക്കാരുമില്ല. സ്വതന്ത്ര്യം വിജയിക്കട്ടെ!'' അവള്‍ വിശ്വാസം വരാതെ കൈകള്‍ വായുവില്‍ വീശി പറഞ്ഞു: ''വിഡ്ഢിത്തം. നീപറഞ്ഞത് ഞാന്‍ വിശ്വസിക്കില്ല. ഈ റേഡിയോ സ്‌റ്റേഷനുകളെല്ലാം കള്ളമേ പറയൂ.'' കറുത്ത പര്‍ദയിട്ട എതാനും സ്ത്രീകള്‍ അടുത്ത വീട്ടിലെ നിലവറയില്‍ നിന്ന് പുറത്തേക്ക് തല നീട്ടാന്‍ തുടങ്ങി. സമീപത്തെ മറ്റ് നിലവറ വാതിലുകളും തുറക്കാന്‍ തുടങ്ങി. കറുത്ത പര്‍ദ്ദയണിഞ്ഞ പെണ്ണുങ്ങളുടെ എണ്ണം വര്‍ധിച്ചു. അതിലൊരു അയല്‍ക്കാരി അവളെ നോക്കി അനുകമ്പയോടെ പുഞ്ചിരിച്ചു. അവള്‍ക്ക് ഈ താല്‍പര്യത്തിനുള്ള കാരണം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ആ സ്ത്രീ പെട്ടെന്ന് അറിയാതെയെന്നോണം അതിലൊരുത്തിയെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചു, എന്നിട്ട് അവളുടെ ചെവിയില്‍ മന്ത്രിച്ചു. ഗദ്ഗദം വാക്കുകളെ തടഞ്ഞു, ''പടച്ചവന് സ്തുതി, അവര്‍ പോയി. നമ്മുടെ നഗരം സ്വതന്ത്രമായി; നമ്മുടെ പുരുഷന്മാര്‍ തിരിച്ചുവരുന്ന ദിവസം നമുക്ക് ആഹ്ലാദിക്കണം.''
പര്‍ദ്ദയണിഞ്ഞവരുടെ കൂട്ടങ്ങളെല്ലാം കരയാനും വിലപിക്കാനും തുടങ്ങി. ആ ബാഷ്പപ്രവാഹം നിലവറകളിലെ മെഴുകുതിരി ജ്വാലകളെ മുക്കിക്കളഞ്ഞു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top