ഫലസ്തീനികൾക്ക് മേൽ കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ സയണിസ്റ്റ് കൊടും ഭീകരതകള്‍ കണ്ട് മനസ്സ് വിറങ്ങലിച്ചാണ് ദിനരാത്രങ്ങളോരോന്നും കഴിഞ്ഞുപോകുന്നത്. നാടിന്റെയും ജനതയുടെയും പ്രതീക്ഷകളായ കുഞ്ഞുമക്കളെയും നിസ്സഹായരായ സ്ത്രീകളെയുമാണ് സയണിസം എക്കാലവും നോട്ടമിട്ടത്. ആത്മാഭിമാനവും വിശ്വാസദാര്‍ഢ്യവുമുള്ള ഒരു ജനതയെ നശിപ്പിക്കാന്‍ ഏതൊരായുധത്തിനും കഴിയില്ലെന്നറിഞ്ഞിട്ടും ഇന്‍ക്യുബേറ്ററിലെ പിഞ്ചു പൈതങ്ങളെപ്പോലും കൊന്നൊടുക്കിയും ആശുപത്രികള്‍ ശ്മശാനങ്ങളാക്കിയും നരാധമന്മാരുടെ ഭീകരത തുടരുകയാണ്. ലോകത്തെ ഏറ്റവും ദയാശൂന്യമായ ഭീകര രാജ്യമാണ് ഇസ്രായേല്‍ എന്നറിഞ്ഞിട്ടും, അവരെ സഹായിക്കുന്നവരും താങ്ങി നിര്‍ത്തുന്നവരും ജനാധിപത്യത്തെയും മനുഷ്യാവകാശത്തെയും കുറിച്ചു പറയുന്നു എന്നതാണ് വിരോധാഭാസം.
ജനാധിപത്യമെന്ന വാക്കിന് വലിയ അര്‍ഥങ്ങളുണ്ട്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികള്‍. മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ഭരണഘടന. ജനാഭിലാഷങ്ങളെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളൽ. ഈ നിലക്കാണ് നിലവിലെ ഭരണ വ്യവസ്ഥയില്‍ ജനാധിപത്യം ഏറ്റവും മെച്ചപ്പെട്ട ഭരണമെന്ന് പറയുന്നത്. പക്ഷേ, ജനാധിപത്യസംവിധാനമുണ്ടെന്നു പറയപ്പെടുന്ന നാട്ടിലെ ഭരണാധികാരികള്‍ പോലും അന്നാട്ടിലെ ജനങ്ങളില്‍ നിന്ന് എത്രയോ അകലെയാണ്. ഫലസ്തീന് മക്കള്‍ക്കായി ഓരോ നാട്ടിലെയും ജനത തെരുവിലിറങ്ങുമ്പോള്‍ വാചകമടിയില്‍ സായൂജ്യം കണ്ടെത്തുന്ന, ആയുധം കൊടുത്തു ഇസ്രായേലിനെ സഹായിക്കുന്ന ഭരണകര്‍ത്താക്കളെയും നാം കാണുന്നു. ലോകത്ത് തങ്ങള്‍ വിചാരിച്ചതേ നടക്കേണ്ടതുള്ളൂ എന്നു വാശി പിടിക്കുന്ന സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരുപറഞ്ഞാണ് പല നാട്ടിലും കേറിമേഞ്ഞത്.
സയണിസത്തിനും സാമ്രാജ്യത്വ താല്പര്യങ്ങൾക്കുമിടയില് പെട്ട് ഞെരിഞ്ഞമരുന്നവരുടെ വേദനയേറിയ കുറിപ്പുകള്‍ നമ്മുടെ മുന്നിലെത്തുകയാണ്. ഓരോ മിനുട്ടും എങ്ങനെയവര്‍ കഴിച്ചുകൂട്ടുന്നു എന്ന, ജീവിതം പറയുന്ന കുറിപ്പുകള്‍. വിവാഹവും പഠനവും ജോലിയും സ്വപ്നമായിത്തീരുന്നവരുടെ അനുഭവ വിവരണങ്ങള്‍. സ്വാതന്ത്ര്യമോഹമുള്ളവരുടെ അഭിമാനവും വേദനയുമായി ഫലസ്തീന് ജനത മാറുമ്പോള്‍, വിശ്വാസത്തിന്റെ കരുത്തുള്ള ആ ജനതയെ, രക്തസാക്ഷികളെ അറിയാനുള്ള രചനകളാണ് ഈ ലക്കം ആരാമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.